ഈയിടെയായി ഫേസ്ബുക്കില് 40 പ്ലസ് ചാലഞ്ചില് നാല്പത്കളില് നില്ക്കുന്ന സ്ത്രീകളുടെ കുറെ ഏറെ പോസ്റ്റുകൾ വായിക്കാൻ ഇടയായി. എല്ലാം സത്യമായ കാര്യങ്ങൾ... ഇത്രയും സ്വാതന്ത്ര്യത്തോടെ മനസ്സ് തുറന്ന് എഴുതാന് പോലും അവര്ക്ക് ഈ പ്രായം വരെ കാത്തിരിക്കേണ്ടി വന്നു. കുടുംബത്തിന് വേണ്ടി തന്റെ വ്യക്തിത്വം മറന്ന് കൊണ്ടുള്ള ജീവിതം .. ഒടുവില് ഈ പ്രായത്തില് അവരുടെ മാനസികാവസ്ഥ.... എല്ലാം എത്ര സുന്ദരമായി അവർ എഴുതിയിരിക്കുന്നു....
പക്ഷേ... നാല്പതുകളിലായ ഒരു പുരുഷ നെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ .. സ്ത്രീയ്ക്ക് ആ പ്രായത്തില് എങ്കിലും കുറച്ച് വിശ്രമവും , സമയവും സ്വാതന്ത്ര്യ വും ഒക്കെ കിട്ടുന്നു എങ്കില് മിക്ക പുരുഷൻമാര്ക്കും അപ്പോഴും അതൊന്നും ലഭ്യമാവുന്നില്ല . പരാതിയും പരിഭവങ്ങളും പറയാതെ ശാരീരിക ബുദ്ധിമുട്ടുകൾ സഹിച്ച് അവർ അപ്പോഴും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നു..
സ്കൂൾ കോളേജ് സമയങ്ങളില് കലാ സാഹിത്യ മേഖലകളില് തിളങ്ങി നിന്ന ഒരുപാട് പുരുഷൻമാര്.... തീപ്പൊരി പ്രസംഗങ്ങള് നടത്തിയും നന്നായി പ്രവർത്തിച്ചു രാഷ്ട്രീയത്തില് ശ്രദ്ധ പിടിച്ചു പറ്റിയവര്..... സ്പോര്ട്സ് വിഭാഗങ്ങളില്, ക്വിസ് മത്സരങ്ങളില് ഒക്കെ സംസ്ഥാന തലത്തിൽ വരെ സമ്മാനങ്ങൾ വാരിക്കൂട്ടി യവര്... അങ്ങനെ എത്രയോ പേർ മനസ്സിന്റെ കോണില് തങ്ങളുടെ ആഗ്രഹങ്ങളെ മൂടി വച്ചുകൊണ്ട് ആരോടും തുറന്ന് പറയാന് കഴിയാത്ത ബുദ്ധിമുട്ട്കളുടെയും കടങ്ങളുടെയും നടുവില് കഴിയുന്നു...
ഏറ്റവും വിഷമകരമായ ഒരു കാര്യം .. പഠിക്കാൻ നല്ല മിടുക്കരായിരുന്നവര് പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ജോലി ചെയ്യുന്നതാണ്. നന്നായി പഠിച്ചെങ്കിലും പഠിച്ച ഫീല്ഡില് ജോലി ചെയ്യാൻ പറ്റാത്തവര് . ഇഷ്ടപ്പെട്ട ജോലി ചെയത് ജീവിക്കാൻ പോലും ഭാഗ്യം ഇല്ലാത്തവര്... കുറച്ചെങ്കിലും ഭേദം എന്തെങ്കിലും എഴുതുകയും ചിത്രം വയ്ക്കുകയും ഒക്കെ ചെയ്യുന്നവരുടെ കാര്യം ആണ്.. എഴുത്തില് ഇഷ്ടമുള്ളവര്ക്ക് തിരക്കുകള്ക്കിടയിലും എങ്ങനെയെങ്കിലും കുറച്ച് സമയം കണ്ടെത്തി എഴുതാം. അതിൽ നിന്ന് കുറച്ചൊക്കെ സന്തോഷവും സമാധാനവും കിട്ടും.
ഒരുമിച്ച് സ്കൂളിൽ പഠിച്ച എന്റെ ഒരു ബാല്യ കാല സുഹൃത്തുമായി ഈയടുത്ത് സംസാരിച്ച് കൊണ്ടിരുന്നപ്പോളാണ് പെട്ടെന്ന് ഞാൻ ഓര്ത്തത് അവന് വളരെ നല്ല ഒരു പാട്ടുകാരന് ആണല്ലോ എന്ന്. ഒരുപാട് നാളുകള്ക്ക് ശേഷം സംസാരിച്ചത് കൊണ്ട് ആ സന്തോഷത്തില് രണ്ടുവരി പാട്ട് പാടിത്തരാന് പറഞ്ഞപ്പോ അവന് പറഞ്ഞത് അവന് ഒരു മൂളിപ്പാട്ട് എങ്കിലും പാടിയിട്ട് ഇരുപത് വർഷങ്ങൾക്ക് മേലെ ആയി എന്ന്.. പാട്ടില് നിന്നും ഒഴിവാകാന് പറഞ്ഞതല്ല അവന്... കഴിഞ്ഞ ഇരുപത് വർഷങ്ങൾ പ്രവാസ ജീവിതത്തിലെ തിരക്കുകളിലും പ്രയാസങ്ങളിലും അവന്റെ ഈണങ്ങള് എല്ലാം ദ്രവിച്ചു പോയി... ഒരിക്കല് അവന് നന്നായി പാടിയിരുന്നു എന്ന് അവന് ഓര്ത്തത് തന്നെ ഞാൻ പാടാന് പറഞ്ഞപ്പോളാണെന്ന് എനിക്ക് തോന്നിപ്പോയി.
ചുരുക്കം ചിലര് എങ്ങനെയെങ്കിലുമൊ ക്കെ സമയം കണ്ടെത്തി ഇഷ്ടപ്പെട്ടതൊന്നും കൈവിടാതെ കൂടെക്കൂട്ടാന് ശ്രമിക്കുന്നുണ്ട്. എങ്കിലും....
കഷ്ടപ്പാടിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല് അവിടെ കാണാം നാല്പതുകളിലും ...... അവിടെ നിന്ന് അന്പതുകളിലും എത്തിയിട്ടും ഉമ്മറത്തിരുന്ന് ഇത്തിരി വിശ്രമിക്കണം എന്ന ആഗ്രഹം മനസ്സിൽ മൂടി വച്ചുകൊണ്ട്, തങ്ങൾക്ക് ഉണ്ടായിരുന്ന എല്ലാ കഴിവുകളും വിസ്മൃതിയിലാഴ്ത്തിക്കൊണ്ട്, ആരോടും പരാതി പറയാതെ ആര്ക്കൊക്കെയോ വേണ്ടി അലഞ്ഞ് തിരിഞ്ഞ്, ചോര നീരാക്കുന്ന പുരുഷൻമാരെ.....🤔😔
Sasikala
04/11/2020
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക