Slider

ഈ മരങ്ങളല്ലേ റൂത്ത് വരയ്ക്കുന്നത്?

0

റെട്രോഗ്രേഡ് അംനീഷ്യ എന്ന, ശ്രീറാം വെങ്കിട്ടരാമന്‌ മാത്രമേ ഉള്ളൂ എന്ന് ഞാൻ വിചാരിച്ചിരുന്ന ഒരസുഖം ബാധിച്ച റൂത്ത് റൊണാൾഡ് എന്ന യുവതിയുടെ ഓർമയ്ക്കും മറവിയ്ക്കുമിടയിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്നപ്പോൾ ഞാൻ തിരിച്ചു പിടിച്ചു കൊണ്ടിരുന്നത് നഷ്ടപ്പെട്ടുകൊണ്ടിരുന്ന എന്റെ വായന ആയിരുന്നു എന്നതാണ് സത്യം.
സമീപകാലത്ത് പുസ്തകങ്ങൾ പബ്ലിഷ് ചെയ്ത ധാരാളം സുഹൃത്തുക്കളുടെ അതിമനോഹരങ്ങളായ പല പുസ്തകങ്ങളും എന്നെ അവഗണിച്ചു തുടങ്ങിയിരുന്നു. പുസ്തകങ്ങളും വായനയുമായി ബന്ധപ്പെട്ട പല വ്യക്തികളും ഗ്രൂപ്പുകളുമായും മാഗസിനുകളുമായും ബന്ധപ്പെട്ടിരുന്ന ഞാൻ പണ്ടെങ്ങോ വായിച്ചു മറന്ന പുസ്തകങ്ങളുടെ ഗരിമയിൽ പിടിച്ചു നിൽക്കുകയായിരുന്നു എന്ന് തോന്നിത്തുടങ്ങിയിരുന്നു. റൂത്ത് എന്ന യുവതിയിലൂടെ ലാജോ ജോസ് എന്ന, മാന്ത്രികനായ എഴുത്തുകാരൻ, പ്രിയ സ്‌നേഹിതൻ എന്റെ വായനയെ എനിക്ക് തിരിച്ചു തന്നിരിക്കുന്നു.
സൈക്കോ, സൈക്കലോജിക്കൽ, സൈക്കിളോടിക്കൽ എന്നീ വാക്കുകൾ സമീപകാലത്തെ മലയാളത്തിൽ വളരെ സാധാരണം ആയിക്കഴിഞ്ഞു. എല്ലാം ഒന്നു തന്നെ. അസാധാരണമായ സ്വഭാവ സവിശേഷതകൾ ഉള്ള വ്യക്തികളുടെ അത്യസാധാരണമായ പെരുമാറ്റങ്ങൾ. റൂത്ത് വായിച്ചു കഴിയുമ്പോൾ, സൈക്കോസിസിന്റെ വ്യത്യസ്തമായ ഒരു തലം നമുക്ക് മുന്നിൽ വെളിവാക്കപ്പെടും.
മനുഷ്യൻ എന്തു കൊണ്ടാണ് സൈക്കോ ആയിത്തീരുന്നത്? വ്യക്തമായ ഇഷ്ടങ്ങൾ, വ്യക്തമായ ആനന്ദങ്ങൾ, വ്യക്തമായ ആസക്തികൾ , വ്യക്തമായ സുഖങ്ങൾ, വ്യക്തമായ അസൂയകൾ, വ്യക്തമായ പക, വ്യക്തമായ അസ്വസ്ഥതകൾ എന്നിങ്ങനെ പല കാരണങ്ങളാകാം. അതിൽ എതായാലും അതിനായി അയാൾ കണ്ടെത്തുന്ന മാർഗങ്ങളിൽ മറ്റുള്ളവർക്കുണ്ടാകുന്ന വൈഷമ്യങ്ങൾ അയാൾ പരിഗണിക്കുന്നതു പോലുമില്ല. മാത്രമല്ല, തനിക്കായി, അല്ലെങ്കിൽ തന്റെ ആവശ്യങ്ങൾക്കായി അയാൾ അവരെ ഉപയോഗിക്കുക പോലുമാകാം...
ഇതിന്റെ ആമുഖത്തിൽ ലാജോ ജോസ് പറയുന്ന ഒരു കാര്യം കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയുള്ള കഥ പറച്ചിൽ ആയതു കൊണ്ട് അവയിൽ യാഥാർത്ഥ്യത്തിന്റെ നേരിയ സാന്നിദ്ധ്യം മാത്രമേ ഉണ്ടാകൂ എന്നാണ്. അല്ലെങ്കിലും ആരാണ് കഥാപാത്രങ്ങളുടെ യാഥാർത്ഥ്യം ചികയുന്നത്? വായനയുടെ അൽപ സമയം ഈ വൺ എയ്റ്റ് സൈസിലുള്ള ഇരുന്നൂറ്റിയിരുപത്തിയഞ്ചു പേജുകളിൽ വായനക്കാരനെ കെട്ടിയിടുക എന്ന ദൗത്യമാണ് റൂത്തിന്റെ ലോകത്തിനുള്ളത്.
ഒരു ത്രില്ലർ ആയതു കൊണ്ടു തന്നെ, കഥയുടെ മൂഡും സസ്‌പെൻസും, ഗതിയും ഒന്നും റിവീൽ ചെയ്യാൻ എനിക്ക് സാധിക്കില്ല. പക്ഷെ, രസതന്ത്രം സിനിമയിലെ ഇന്നസെന്റ് മല മുകളിൽ ചെന്ന് ഇവന്റെ കൂടെയുള്ളത് ശരിക്കും ആണല്ല, പെണ്ണാ പെണ്ണ്! എന്ന് ഉറക്കെ പറയുന്ന പോലെയുള്ള ഒരു റിലീഫ് ഞാനെന്ന വായനക്കാരന് ഈ നോവൽ വായിച്ചു കഴിയുമ്പോൾ ഉണ്ടാകുന്നുണ്ട്. ഈ പുസ്തകം വായന കഴിഞ്ഞ് താഴെ വച്ച് ഇരിപ്പിൽ നിന്ന് എഴുന്നേറ്റപ്പോൾ, തുറന്നിട്ട ജനൽപ്പാളിയിൽ തലയിടിച്ച പോലെ ഒരു തരിപ്പിൽ ഇരിക്കുന്ന വായനക്കാരനെയാണ് നമുക്കിവിടെ കാണാൻ സാധിക്കുക.
കഥയുടെ ഗതിയിൽ മുഴുവൻ ഇരട്ടക്കോണുകളിലൂടെയാണ് വായനക്കാരനെ കൊണ്ടു പോകുന്നത്. ഒന്നുകിൽ റൂത്തിന്റെ കോൺ. അല്ലെങ്കിൽ റോണാൾഡിന്റെ കോൺ. ഒരേ വിഷയം തന്നെ രണ്ടാളും സമീപിക്കുന്ന വിധം. ഇവരുടെ ഒരുമിച്ചുള്ള ആക്ടിവിറ്റികൾ തന്നെ രണ്ട് വീക്ഷണ കോണുകളിൽ വിവരിച്ചിട്ടുണ്ട്.
നാം ജീവിക്കുന്നത് ഒരോ നിമിഷവുമാണോ എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഓരോ ഫ്രെയിം ബൈ ഫ്രെയിമായിട്ടാണെന്നാണ് എന്റെ ചിന്ത. ഓരോ നിമിഷങ്ങളിലും നമ്മൾ ഓരോരുത്തരും കഥാപാത്രങ്ങളായ ഓരോ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വലുകൾ. ഇവിടെ റെട്രോഗ്രേഡ് അംനീഷ്യ ഉള്ള റൂത്ത് ഓരോ നിമിഷത്തിന്റെയും വിഷ്വലുകൾ വളരെ കഷ്ടപ്പെട്ടാണ് മനസ്സിലും ഡയറിക്കുറിപ്പുകളിലും തുണ്ടു കടലാസുകളിലും ചിത്രങ്ങളിലുമായി ഹോൾഡ് ചെയ്യുന്നത്. സ്വന്തം വീട്ടിൽ കൂടെയുള്ള മക്കളെ ഓമനിച്ചു, ഒരുക്കി, ഭക്ഷണം കൊടുത്തു, സ്‌കൂളിൽ വിട്ടു എന്നല്ലാതെ അവർക്കു വേണ്ടി അവൾ ഒന്നും ചെയ്യുന്നതായി അവൾക്ക് ഉറപ്പില്ല. അവർ പോലും യാഥാർത്ഥമല്ല എന്നവൾ തിരിച്ചറിയുന്നില്ല. മനസ്സിൽ ഏതൊക്കെയോ നിമിഷങ്ങളിലെ ചിത്രങ്ങൾ റീപ്ലേസ് ചെയ്യപ്പെട്ടിരിക്കുകയാണ്. ബോധപൂർവമായ ഒരു മാനിപ്പുലേഷൻ. എന്തൊരു അവസ്ഥയാണ്?
ഇതൊരു മോശം അവസ്ഥയാണ് എന്നിപ്പോൾ എന്നെപ്പോലെ ഒരു വായനക്കാരനെക്കൊണ്ട് പറയിപ്പിക്കുന്ന അത്രയും ഉയർന്ന തലത്തിലേക്ക് ഉയർന്ന ഒരു പുസ്തകമാണ് റൂത്തിന്റെ ലോകം...
ഒരു ത്രില്ലറിന്റെ റിവ്യൂ എഴുതുക ശ്രമകരമാണ്. നമ്മുടെ മനസ്സിനെ പൊളിച്ചടുക്കിയ ഒട്ടനേകം വിഷ്വലുകൾ പുറത്തു പറയാനാവില്ല. എങ്കിലും ഒരു അരിമുറുക്കിന്റെ ഏറ്റവും ഉള്ളിൽ നിന്ന് കഴിച്ചു തുടങ്ങാനാവാത്ത പോലെ ഏതോ റിലാക്‌സ് ആയ ഒരു പോയിന്റിൽ നിന്ന് ചുരുണ്ട് ചുരുണ്ട് ഏറ്റവും ഉള്ളിലേക്ക് വന്ന ശേഷം റൂത്തിനെ തന്നെ പൂർണമായും നമുക്ക് വിട്ടുതരുന്ന ഈ പുസ്തകം സമീപകാലത്തെ എന്റെ എറ്റവും ഫേവറിറ്റ് എന്ന് നിസ്സംശയം പറയാം.
റൂത്തിനെപ്പോലെ, എസ്‌തേറിനെപ്പോലെ ഇനിയും കഥാപാത്രങ്ങൾ വരട്ടെ.
കോഫി ഹൗസ് പോലെ, ഹൈഡ്രാഞ്ചിയ പോലെ, റൂത്തിന്റെ ലോകം പോലെ മനുഷ്യ മനസ്സിനെ പൊളിച്ചടുക്കുന്ന ത്രില്ലറുകൾ ഇനിയും വരട്ടെ.
ലാജോ ഇനിയും എഴുതട്ടെ.
അഭിവാദ്യങ്ങൾ.
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
റൂത്തിന്റെ ലോകം.
ഡി സി ബുക്‌സ്
ഒക്‌ടോബർ 2019
222 പേജുകൾ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo