നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തുടക്കം




ഒരു തുണ്ട് വെളിച്ചം കിഴക്ക് കീറിയതും അമ്മിണി കിടക്കപ്പായിൽ എഴുന്നേറ്റ് ഇരുന്നു. ഇന്ന് വലിയ വീട്ടിലേക്ക് നേരത്തെ എത്തണം എന്ന് അവിടത്തെ അമ്മ പറഞ്ഞിട്ടുണ്ട്. എല്ലാവരും ജാനു എന്ന് വിളിക്കുന്ന ജാനകിക്കുട്ടി പ്രസവത്തിന് വരുന്ന ദിവസമാണ്.
ഏളി വരെ നീണ്ടു കിടക്കുന്ന മുടി വാരിക്കെട്ടി അമ്മിണി എഴുന്നേറ്റു. പുറകിലെ കോലായയിൽ തൂക്കിയിട്ട കുട്ടയിൽ നിന്ന് ഒരു നുള്ളു ഉമിക്കരിയും ഇറയത്ത് തിരുകി വെച്ച ഈർക്കിലും എടുത്തു കിണറ്റിൻ കരയിലേക്ക് നടന്നു. കഴിഞ്ഞ പത്തു വർഷമായി വലിയ വീട്ടിലേക്ക് ഉള്ള ഓട്ടം തുടങ്ങിയിട്ട്. പതിമൂന്നാം വയസ്സിൽ സഹായത്തിന് എന്ന് പറഞ്ഞു അമ്മ കൂടെ കൂട്ടിയതാണ്.
ആദ്യമൊക്കെ കുറച്ചു പണി തീർത്തു സ്കൂളിൽ പോകും. പഠിക്കാൻ വലിയ മിടുക്കി ഒന്നും ആയിരുന്നില്ല.എന്നാലും ഗവൺമെന്റ് സ്കൂളിൽ ഫീസ് ഒന്നും ഇല്ലാത്തത് കൊണ്ട് വേണ്ട എന്ന് ആരും പറഞ്ഞില്ല. പിന്നെ അവിടത്തെ ജാനു അമ്മിണിയുടെ ഒരു ക്ലാസ്സ് മുകളിൽ ആണ്. ജാനുവിന്റെ പഴയ പാവാടയും ബ്ലൗസിനുമൊപ്പം, പഴയ പുസ്തകങ്ങളും അമ്മിണിക്ക് കിട്ടിയിരുന്നു. അതിട്ടു ജാനുവിനോടൊപ്പം സ്കൂളിൽ പോകുന്നത് തന്റെ ചുമതലയായി അവൾ കരുതി.
അമ്മയ്ക്ക് ഒപ്പം കാലത്ത് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ പുസ്തകത്തിന്റെ സഞ്ചിയും എടുക്കും. വലിയ മുറ്റം മുഴുവൻ അടിച്ചു കഴിഞ്ഞാൽ അമ്മ എടുത്തു വെച്ച ചായ കുടിക്കാം. തേങ്ങ ചിരകൽ, കറിക്ക് അരയ്കൽ, പാത്രം കഴുകൽ എല്ലാം കഴിഞ്ഞാൽ തരുന്ന പലഹാരങ്ങൾ അടുക്കളയിൽ ഇരുന്ന് കഴിക്കും. അപ്പോഴേക്കും ജാനു പഠിക്കലും കുളിയും ഒക്കെ കഴിഞ്ഞു വന്നിരിക്കും. അവിടത്തെ അമ്മ നിർബന്ധിച്ച് പലഹാരങ്ങൾ കഴിപ്പിച്ചാലെ ജാനു എന്തെങ്കിലും കഴിക്കൂ. പിന്നെ സ്കൂളിലേക്ക് പോകുമ്പോൾ ജാനുവിന്റെ അനുജത്തി ആണെന്ന് അവൾ സ്വയം സങ്കൽപ്പിക്കും.
പരീക്ഷ പേപ്പറിൽ കിട്ടിയ മാർക്ക് അവളെ പോലെ തന്നെ ആർക്കും പ്രശ്നം ആയില്ല. ജാനകി കോളേജിലേക്ക് പോയ വർഷം അമ്മക്ക് വയ്യാതായി. അതോടെ സ്കൂളിൽ പോക്ക് അവസാനിച്ചു. അമ്മയുടെ ജോലിയും അവളുടെതായി.
ഉച്ചയ്ക്ക് പണിയൊതുങ്ങുമ്പോൾ അവൾ അമ്പലക്കുളത്തിൽ കുളിക്കാൻ പോകും. കെട്ടി ഇറക്കിയ കരിങ്കൽപ്പടവുകളിൽ നിറഞ്ഞു നിൽക്കുന്ന ലൈഫ് ബോയ് സോപ്പിന്റെ മണം ആസ്വദിച്ച് പച്ച നിറത്തിലുള്ള വെള്ളത്തിൽ നോക്കി അവളിരിക്കും. ദേഹത്തിന്റെ ക്ഷീണം മാറുവോളം വെള്ളത്തിൽ തുടിച്ചു കുളിക്കും.
ജാനുവിന്റെ അമ്മ തരുന്ന വാസന സോപ്പു തേച്ചു കുളിച്ച്, ചെട്ട്യാരുടെ കടയിൽ നിന്ന് വാങ്ങിയ കൺമഷിയും ചാന്ത് പൊട്ടും അണിഞ്ഞ് അവൾ ഒരുങ്ങും. വെള്ളിയാഴ്ചതോറും മാറുന്ന സിനിമകളിലെ നായകന്മാരെ കല്യാണം കഴിക്കുന്നത് സ്വപ്നം കാണും.
വർഷത്തിൽ ഒരിക്കൽ ജാനുവിന്റെ അമ്മ മേടിച്ച് തരുന്ന ഒരു ഡസൻ കുപ്പിവളകളിൽ നാലെണ്ണം രണ്ടു കൈയിലുമായി ഇടും. കൂടുതൽ വളയിട്ടു കിലുക്കാൻ അവളുടെ അമ്മ സമ്മതിക്കില്ല.
"ജോലിക്കാരി പെൺകുട്ട്യോൾ ആരുടെം കണ്ണിൽ പെടാതെ നിൽക്കാൻ പഠിക്കണം"
അല്ലെങ്കിലും വെറും നിഴൽ മാത്രമാണ് ജീവിതം എന്ന് കുട്ടിക്കാലത്ത് തന്നെ അവൾക്ക് അറിയാമായിരുന്നു.
ജാനുവിന്റെ പഠിപ്പു കഴിഞ്ഞു ജോലിക്കാരി ആയതും, പിന്നെ അവളുടെ കല്യാണവും അമ്മിണി അരികിൽ നിന്ന് കണ്ടു. അവളുടെ മനസ്സിൽ പൂത്ത മോഹങ്ങൾ, കുളക്കടവിലെ ഉച്ചകളിൽ, വിലകുറഞ്ഞ കണ്ണാടിയിൽ കൺമഷിയും ചാന്തും അണിഞ്ഞ് തീർന്നു.
ജാനു പ്രസവത്തിന് വരുന്ന കാര്യം അറിഞ്ഞപ്പോൾ അമ്മ പറഞ്ഞു
"ഇനി കുറച്ചു ദിവസം പണി കുടുതലാകും. നേരം രാത്രി ആയാൽ അവിടെ തന്നെ കിടന്നോ.. " അടുത്ത ദിവസം അത് തന്നെ ജാനുവിന്റെ അമ്മയും പറഞ്ഞു.
ജാനു വലിയ വയറും താങ്ങി വന്നു കയറിയപ്പോൾ അമ്മിണി പലഹാരങ്ങൾ ഇറക്കി വെക്കാൻ അടുത്ത് ചെന്നു.
"അമ്മിണി, നിനക്ക് ഒരു മാറ്റവുമില്ല" ജാനുവിന്റെ വാക്കുകൾ കേട്ട് അവൾ ചിരിച്ചു… ചക്കിലെ കാളയെ പോലെ ഒരേ ഇടത്ത് കിടന്നു കറങ്ങുന്ന ജീവിതത്തിൽ എന്ത് മാറ്റം വരാനാണ്?
അമ്മ പറഞ്ഞത് പോലെ, അമ്മിണിയുടെ ദിവസങ്ങൾ തിരക്കുള്ളതായി. ആ തിരക്കിൽ അവളുടെ ഉച്ചകൾ അവൾക്ക് നഷ്ടമായി.
ഓഫീസിലെ തീരാത്ത ജോലിയും അമ്മായിയമ്മയുടെ കുത്തുവാക്കുകളിലെ മുള്ളുകളും ജാനുവിന്റെ കഥകളിൽ നിറഞ്ഞു.
"കുട്ടിയെയും കൊണ്ട് ഒറ്റയ്ക്ക് എനിക്ക് വയ്യ. ഏട്ടന്റെ അമ്മ കുട്ട്യേ നോക്കാനൊന്നും പോണില്യ" ജാനു കരഞ്ഞപ്പോൾ ജാനുവിന്റെ അമ്മയുടെ കണ്ണുകൾ അവൾക്ക് നേരെ നീണ്ടു.
"എന്നാൽ പിന്നെ നീ പോകുമ്പോൾ അമ്മിണിയെ കൂട്ടിക്കോ..അവൾടെ അമ്മ വേണ്ടാന്ന് പറയില്ല, ഇവിടെ വളർന്ന കുട്ടിയല്ലേ ഇവളും"
പിന്നെയുള്ള ആറു മാസത്തിനുള്ളിൽ അമ്മിണിക്ക് പാസ്പോർട്ടും വിസയും വന്നു. ജാനുവിന്റെ ഒപ്പം ഗൾഫിലേക്ക് പോകുന്ന അവളുടെ ഭാഗ്യത്തെ കുറിച്ച് പുകഴ്ത്തിയവർക്ക് ഇടയിലൂടെ ഉടുത്ത തുണിയുടെയും ഉണ്ട ചോറിന്റെയും ഭാരം താങ്ങാനാവാതെ അവൾ ഇഴഞ്ഞു നീങ്ങി.
ജാനുവിന് കുഞ്ഞുങ്ങൾ മൂന്നായി. വലിയ വീടും നിറയെ കൂട്ടുകാരും പാർട്ടികളും ആയി. അവൾ ജാനുവിന്റെ മക്കളെ തന്റെ യാണ് എന്ന് സങ്കൽപ്പിച്ച് സ്നേഹിച്ചു. കുട്ടികൾ സ്കൂളിൽ പോയി, പണിയൊഴിഞ്ഞ പകലുകളിൽ ആ വീടും അവളുടെയാണ് എന്ന് കരുതി സന്തോഷിച്ചു.
രാത്രിയിൽ ജനലുകൾ ഇല്ലാത്ത മുറിയിൽ, അവൾ വീണ്ടും ജോലിക്കാരി മാത്രമായി. ഒരു കഷണം ലൈഫ് ബോയ് സോപ്പിൽ മുഖം ചേർത്ത് വെച്ച് നാടിനെ ഓർത്തു അവൾ തേങ്ങി. കുളക്കടവിൽ മറന്നു വെച്ച അവളുടെ സ്വപ്നങ്ങൾ കണ്ണീർ ചാലുകൾ ആയി ഊർന്നിറങ്ങി തലയിണ നനച്ചു.
രണ്ടോ മൂന്നോ വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ വരുമ്പോൾ അവളുടെ വീടും നാടും അവൾക്ക് അപരിചിതമായി തുടങ്ങി. കുളക്കടവിലെ ഉച്ചകളിൽ കുളത്തിലെ ഓളങ്ങളിൽ കണ്ണും മനസ്സും ചേർത്ത് അവളിരുന്നു. തിരിച്ചു പോകുമ്പോൾ പെട്ടിയിൽ ലൈഫ് ബോയ് സോപ്പുകൾ തിരുകി കയറ്റി.
അവളുടെ മുടിയിഴകളിൽ വെള്ളി പൂത്തത് പറയാൻ അവിടെ ഒരുപാട് കണ്ണാടികൾ ഉണ്ടായിരുന്നു. അവളുടെ കൈയിൽ വളർന്ന ജാനുവിന്റെ മക്കൾ അവരുടെ ജീവിതത്തിലേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും അവൾ തളർന്നു. തുടച്ച് തീരാത്ത തറയും കഴുകി തീരാത്ത പാത്രങ്ങളും ആ തളർച്ചയുടെ കഥ വിളിച്ചു പറഞ്ഞു.
കുറെ ഫോൺകോളുകൾക്ക് ഒടുവിൽ, അവൾക്ക് പകരക്കാരിയായി മറ്റൊരു പെൺകുട്ടി അവളുടെ ജനാലകൾ ഇല്ലാത്ത മുറിയിൽ വന്നു. അമ്മിണി ജാനുവിന്റെ അമ്മയെ നോക്കാൻ നാട്ടിലേക്ക് മടങ്ങുമ്പോൾ അവൾക്കായി ഒരു കണ്ണും നിറഞ്ഞില്ല.
വലിയ വീടിന്റെ കോലായിൽ ചാരുപടി ചാരി അവളിരുന്നു. പതിമൂന്ന്കാരിയുടെ മുന്നിൽ നീണ്ടു കിടന്ന വലിയ മുറ്റം അവളുടെ കണ്ണുകളിൽ ചെറുതായി.
വീടിന്റെ അകത്തളങ്ങളിൽ ജാനുവിന്റെ അമ്മ കാലുറയ്കാതെ തത്തി നടന്നു. അവർക്ക് കൂട്ടിരിക്കാനുള്ള ശക്തി അവളിൽ അപ്പോഴും ശേഷിച്ചു.
"നിന്റെ വീട്ടിൽ ആരൂല്യലോ.. ഇവിടെത്തന്നെ കൂട്ടിക്കോ അമ്മിണി".
ജാനുവിന്റെ അമ്മ അത് പറയുമ്പോൾ മറുത്ത് പറയാൻ ആകാതെ അവൾ വീണ്ടും തല കുലുക്കി. അമ്മയില്ലാത്ത സ്വന്തം വീട് അവൾക്ക് അന്യമായി കഴിഞ്ഞിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം ജാനുവിന്റെ അമ്മ, ചായയും ആയി ചെന്ന അവളുടെ വിളി കേട്ടില്ല. വലിയ വീട്ടിൽ പുതിയ വാടകക്കാർ വന്നപ്പോൾ അമ്മിണി ആ പടിയിറങ്ങി. ഇത്തവണ മറ്റൊരു തിരിച്ചു വരവ് ഇല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ.
പിറ്റേന്ന് കാലത്ത് കിഴക്ക് വെള്ള കീറിയപ്പോൾ അവളുണർന്നു. വെളുത്ത മുടി വാരിക്കെട്ടി, പുറത്ത് കോലായയിൽ ഇരുന്നു സൂര്യൻ ഉദിക്കുന്നത് കണ്ടു. ചൂടുള്ള ചായയിൽ നിന്ന് ഉയരുന്ന മണം ആസ്വദിച്ചു. അമ്പലക്കുളത്തിലെ പച്ച നിറത്തിലുള്ള വെള്ളത്തിൽ വീണ് കിടക്കുന്ന വെയിലിനൊപ്പം നീന്തി തുടിച്ചു. കരിങ്കൽ പടവുകളിൽ പാദം ചേർത്ത് വെച്ച് ഇരുന്നു.
എല്ലാ തിരക്കുകളിൽ നിന്നും ദൂരെ, ജീവിതത്തിൽ ആദ്യമായി അവൾക്ക് മാത്രം സ്വന്തമായി ഒരു ദിവസം… അതൊരു തുടക്കമായിരുന്നു... അമ്മിണിയുടെ ജീവിതത്തിന്റെ തുടക്കം.
ലേഖ മാധവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot