Slider

അവൻ ഒരു പെങ്കോന്തൻ, കഷ്ടം!

0

നിമിഷയുടെ കഴുകിയ വസ്ത്രം ടബ്ബിൽനിന്നും എടുത്ത് ടെറസ്സിൽ വിരിക്കുകയായിരുന്നു അവൻ. അവന് ഓഫീസിൽ പോകാൻ സമയവുമായി. കൃത്യം അഞ്ചരക്ക് എണീക്കയാണ് അവന്റെ പതിവ്. ഇന്നു താമസ്സിച്ചുപോയി. എന്തൊ, മൊബൈൽ സമയത്തിന് ശബ്ദിച്ചില്ല. ഇന്നലെ കിടന്നതും താമസ്സിച്ചായിരുന്നു. അയ നിരക്കെ അവൻ തുണി വിരിച്ചു.
ചേട്ടാ! ഒന്നങ്ങോട്ടു നോക്കിയേ ആ ടെറസ്സിലേക്ക്. ആ രാകേഷ് ചെയ്യുന്നത് കണ്ടോ? ഛി ഛി, ഇങ്ങനെയും ഉണ്ടോ ആണുങ്ങൾ? പെൺകോന്തൻ, കഷ്ടം! ആ നിമിഷയുടെ തുണി കഴുകി തൂക്കുന്നു, അവൻ! ഛീ ഛീ അവളുടെ 'ചെറു വസ്ത്രങ്ങൾ' വരെ! അവളോ സെന്റും അടിച്ചു ആരെയും കൂസാതെ നടക്കുന്നു. അവള് വീർത്തു വീർത്തു വരികയാണ്. എപ്പോഴും തീറ്റി ആയിരിക്കും. പിന്നെ വീട്ടുജോലിക്ക് ഭർത്താവും ഉണ്ടല്ലോ. ഹാ അവളുടെ ഒരു ഭാഗ്യം!
വിട്ടേര് മീനൂ. നമ്മളെന്തിന് അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടുന്നു? അവരെന്തെങ്കിലും ചെയ്യട്ട്. നീ വാ, എനിക്ക് ഓഫീസിൽ പോകാറായി. വേഗം ബ്രേക്ഫാസ്റ് ശരിയാക്കൂ.
'അല്ല ചേട്ടാ എന്നാലും ഇങ്ങനെയും ഉണ്ടോ ആണുങ്ങൾ? അവളുടെ ആ ചെറിയ തുണികൾ വരെ...'
നീ ഒന്നു നിർത്തുന്നുണ്ടോ മീനൂ...എനിക്ക് പണ്ടേ പരദൂഷണം പറയാനോ കേൾക്കാനോ ഇഷ്ടമുള്ളകാര്യമല്ലന്നു നിനിക്കറിഞ്ഞൂടേ? എടീ ഈ ലോകത്ത് എല്ലാരും ഇങ്ങനെ തുടങ്ങിയാൽ, ബി പി ക്കും, ഷുഗറിനും മരുന്നുവാങ്ങി നടക്കാനേ നമുക്ക് സമയം ഉണ്ടാവൂ. മനുഷ്യ മനസ്സ് ശാന്തമായി ഇരിക്കാൻ നീയൊന്നും സമ്മതിക്കില്ല. നീ കേട്ടിട്ടുണ്ടോ...
SMALL MINDS DISCUSS PEOPLE;
AVERAGE MINDS DISCUSS EVENTS;
GREAT MINDS DISCUSS IDEAS.
നീ ഇതിലേതിലാ ചേരുന്നത്? ആദ്യത്തേതിൽ, അല്ലേ?
പോ മനുഷ്യ, ഞാൻ മൂന്നാമത്തേതിലാ ചേരുന്നേ. എനിക്ക് ഐഡിയകളോടാണിഷ്ടം.
എടീ, കുറച്ചു സമയമെടുത്താലും വേണ്ടില്ല, പടിപടിയായി നീ ആ മൂന്നാമത്തെ സ്റ്റെപ്പിൽ ഒന്ന് കയറിയാൽ മതിയാരുന്നു! അതെങ്ങനാ, സുഖം കിട്ടുന്നത് ആ താഴ്ന്ന പടിയിലല്ലേ? ആളുകളെ പറ്റി സംസാരിക്കുക! കഷ്ടം കഷ്ടം! എടീ, ഒരാളിനെപ്പറ്റി നമ്മൾ വെറുതെ സംസാരിക്കരുത്. അവരും നമ്മെപ്പോലെ ഓരോ വ്യക്തികളാണ്. അവരെ എപ്പോഴും നമ്മെപ്പോലെ കരുതുക.
പോ ചേട്ടാ...എനിക്കതങ്ങോട്ടൊക്കത്തില്ല.
*** *** *** ***
വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞിട്ട് രാകേഷ് ഓഫീസിൽ എത്തിയപ്പോഴേക്കും കുറച്ചു താമസിച്ചു പോയി. അറ്റെൻഡൻസ് രജിസ്റ്റർ സൈൻ ചെയ്ത് അവന്റെ സീറ്റിലേക്ക് പോയി. ഹെഡ് ക്ലാർക്കിന്റെ മുഖം ഓർക്കുമ്പോൾ അവൻ നടുങ്ങുന്നു. താമസിച്ചു ചെന്നതിന്റെ ദേഷ്യം ആ മുഖത്തുണ്ടായിരുന്നു. പിന്നെ ഓഫീസിൽ ഹെഡ് ക്ലാർക്ക് പറയുന്നതാണ് ശരിയും, തെറ്റും. മുകളിലിരിക്കുന്ന ഓഫീസർസ് അദ്ദേഹം വരച്ചു വയ്ക്കുന്നതിൽ കണ്ണുമടച്ചു ഒപ്പിടും. അദ്ദേഹത്തിന്റെ പെൻസിൽ അടയാളമില്ലാത്ത ഒരൊറ്റ സർക്കുലറും ഓഫീസ് ഫയലുകളിൽ ഉണ്ടാവൂല്ല.
ഹെഡ് ക്ലർക്കിൻറെ രൂപം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. കനംകുറഞ്ഞ ഉയർന്ന ശരീരം. അദ്ദേഹം സീറ്റിൽ നിവർന്നിരിക്കുന്നു. ചതുര മുഖം. പൊടി മീശ. ഇടതു വകുന്നു കറുപ്പും, നരച്ചതുതും ഇടകലർന്ന മുടി. പെൻസിൽ വരപോലെ അടുപ്പിച്ച അധരങ്ങൾ. കവിൾത്തടങ്ങളിൽ ചിക്കൻപോക്സ് വന്ന പോലത്തെ കലകൾ. കംപ്യൂട്ടറൈസേഷൻ വന്നതോടുകൂടി ആളൊന്ന് ഒതുങ്ങീട്ടുണ്ട്. എന്നാലും പൗറിനു ഒരു കുറവും വന്നിട്ടില്ല. അതാണ് ഹെഡ് ക്ലാർക്ക് അദ്ദേഹം.
സീറ്റിൽ ഇരുന്ന്, രാകേഷ്, കെട്ടിൽനിന്നും മടക്കിവച്ചിരുന്ന ലെറ്റർ എടുത്ത് അടുക്കെ വച്ചിട്ട്, ഫയൽ തുറന്നു. ഡ്രാഫ്റ്റ് മറുപടി എഴുതണം. താമസ്സിച്ചു ചെന്നതിന് ഹെഡ് ക്ലാർക്ക് വിളിക്കുമോന്നുള്ള ഭയം ഉള്ളിൽ.
കുമാറിന്റെ, വശത്തേക്ക് ചരിഞ്ഞ തല, ദൂരെന്നേ അവൻ കണ്ടു. ഓഹോ, പണി കിട്ടി! ഹെഡ് ക്ലാർക്കിന്റെ പീയൂൺ! പീയൂണിനേം പേടിയാണ് എല്ലാർക്കും. കുമാർ നേരെ അടുത്തെത്തിക്കഴിഞ്ഞു.
'വിളിക്കുന്നു!'
രാകേഷിന്റെ ഹൃദയം ശക്തമായി മിടിക്കാൻ തുടങ്ങി. ഡയറക്ടറെ കണ്ടാലും ഇങ്ങനെ പേടിക്കില്ല. ഡയറക്ടറുടെ ചേംബറിൽ കയറാനും ഇത്രേം പേടിയില്ല. ഹെഡ് ക്ലാർക്കിന്റെ അടുത്തേക്ക് ചെല്ലാൻ പേടിയാണ്. അവൻ വേഗത്തിൽ നടന്ന് അദ്ദേഹത്തിന്റെ ടേബിളിനടുക്കൽ ചെന്നു നിന്നു.
ഇരി!
അവൻ, അദ്ദേഹത്തെ നോക്കി പതിയെ ഇരുന്നു.
സ്ഥിരം താമസിച്ചു വരാനാണോ ഉദ്ദേശ്യം? ഇതൊരു ഗവണ്മെന്റ് ആപ്പീസാണ്. എനിക്ക് മേലധികാരികളെ വിവരം ധരിപ്പിച്ചേ മതിയാവൂ.
'എന്തുകൊണ്ട് ആക്ഷൻ എടുത്തൂടാ' മെമ്മോയുടെ ഡ്രാഫ്റ്റും, ഓഫീസ് നോട്ടും അദ്ദേഹം ശരിയാക്കി വച്ചിരിക്കുന്നു. അവൻ ഏറുകണ്ണിട്ടു അവ വായിച്ചു. മുഖം വാടി വിളർത്തു.
ഇപ്രാവശ്യംകൂടി സാറൊന്നു ക്ഷമിക്കണം. ഇനി ഇങ്ങനുണ്ടാവില്ല. അവൻ പറഞ്ഞു.
പഴയ രെജിസ്റ്ററിൽ നിന്നും, നിലവിലുള്ള രെജിസ്റ്ററിൽ നിന്നും ലേറ്റ് ആയി വന്ന ദിവസങ്ങൾ അത്രയും അദ്ദേഹം ഓഫീസ് നോട്ടിൽ കുറിച്ചിട്ടുണ്ട്. ഡയറക്ക്ടർക്കു വിട്ടാൽ മെമ്മോ ഉറപ്പ്. അവൻ അദ്ദേഹത്തിന്റെ വലിയ മഹാഗണി ടേബിളിൽ കണ്ണും നട്ട് കുനിഞ്ഞിരുന്നു.
ശരി, ഇന്നുകൂടി ഞാൻ ക്ഷമിക്കുന്നു. ഇനി മേൽ ഇങ്ങനുണ്ടാകരുത്. കേട്ടല്ലോ?
ഇല്ല സർ.
അവന്റെ സീറ്റിൽ എത്തിയപ്പോൾ എല്ലാവരും അവനെ ഏറുകണ്ണിട്ട് നോക്കുന്നുണ്ട്.ചിലർ അടക്കം പറയുന്നുണ്ട്. തേനീച്ചക്കൂട്ടിലെ ശബ്ദം.
'ഭാര്യയുടെ തുണി കഴുകലാ വീട്ടിൽ ജോലി!' ശശി, അയാളുടെ സീറ്റിൽ ഇരുന്നു വിളിച്ചുപറഞ്ഞു പൊട്ടിച്ചിരിച്ചു. പിന്നെ അവിടെങ്ങും കൂട്ടച്ചിരി.
പണ്ടൊരിക്കൽ ശശിക്ക് അവനോട് അനിഷ്ടം ഉണ്ടായിട്ടുണ്ട്. ശശി അത് ഇതിൽ പ്രയോഗിച്ചു.
'വീട്ടിലെ ജോലിയെല്ലാം ചെയ്യുന്നത് രാകേഷ്! ഭാര്യ ജോലിയും ഉപേക്ഷിച്ചു വീട്ടിൽ ഇരുപ്പായി. പിന്നെ സെന്റും അടിച്ചു നടക്കുന്നു.' ഓഫീസിലും അയൽക്കാരുടെ ഇടയിലും ഇക്കാര്യം പരക്കാൻ തുടങ്ങിയിട്ട് വർഷം ഏഴു കഴിഞ്ഞു. പക്ഷെ അവൻ ആരോടും എതിർക്കാൻ കൂട്ടാക്കിയില്ല. പറയുന്നവർ പറഞ്ഞോട്ടേ...
അവൻ ഒരു ദിവസം ഓഫീസിൽ ലീവിന് അപേക്ഷിച്ചു. വീടും പൂട്ടി എവിടേക്കോ പോയി. അവർ എവിടെപ്പോയെന്ന് ആർക്കും ഒന്നും അറിയില്ല. എന്നാലും തുടരെ തുടരെ വാക്കുകൾ കൊണ്ട് ഓഫീസിലും അയൽക്കാരുടെ ഇടയിലും അവരെ ആക്രമിച്ചിരുന്നു.
അവൻ പൊതുവെ അന്തർമുഖനാണ്. അവൻ ഈയിടെ ക്ഷീണിതനാണ്. കുട്ടികൾ ഇല്ല. ബന്ധുക്കളായി അടുത്തെങ്ങും ആരുമില്ല. ഏകവരുമാനം ഓഫീസിൽ നിന്നും കിട്ടുന്ന ശമ്പളമാണ്. ആ ശമ്പളംകൊണ്ട് അവർ ജീവിച്ചുപോകയായിരുന്നു.
*** *** *** ***
ആംബുലൻസിന്റെ സൈറൺ കേട്ട് അയൽക്കാർ ഓടിക്കൂടി. രാകേഷിന്റെ വീട്ടിൽ ആളനക്കം. മൊബൈൽ മോർച്ചറിയിൽ നിമിഷയുടെ മൃത ദേഹം. മരണം അവളുടെ കഷ്ടപ്പാടുകൾക്ക് വിരാമമിട്ടു.
അവിടെ കൂടിനിന്നവർക്കിടയിൽ അവരെ അടുത്തറിയാവുന്ന ചിലർ പറയുന്നുണ്ടായിരുന്നു... ‘കുറെ കാലം കൊണ്ടേ heart failure ന് നിമിഷ ചികിത്സയിലായിരുന്നു!’
‘പുറമെ കാണുന്നതൊന്നും സത്യമാവണമെന്നില്ല. കഷ്ടതകൾ സഹിച്ചു, ചിരിച്ചു കാണിച്ചു നടക്കുന്നവർ നമ്മുടെ ഇടയിൽ ധാരാളം ഉണ്ട്. അവർ എല്ലാ പ്രശ്നങ്ങളും ഉള്ളിൽ ഒതുക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നു.’ കൂടി നിന്നവരിൽ ഒരാൾ പറയുകയായി...

By
R Muraleedharan Pillai
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo