സീൻ-1
ഭാര്യയും ഭർത്താവും കൂടി ബന്ധുവീട്ടിൽ പോകാൻ ഇറങ്ങുന്നു.
സീൻ-2
സ്‌കൂട്ടറിൽ പെട്രോൾ അടിക്കാൻ കയറുന്നു.തത്സമയം ഭർത്താവിന്റെ ഫോൺ റിങ് ചെയ്യുന്നു.ഭർത്താവ് ഫോൺ ഭാര്യയെ ഏൽപ്പിക്കുന്നു.പമ്പിൽ നിന്നും സംസാരിക്കാൻ തുടങ്ങവേ ഭാര്യയോട് റോഡിലോട്ട് മാറി നിന്ന് സംസാരിക്കാൻ പറയുന്നു.ഭാര്യ ഗർവ്വിച്ചു ഫോണുമായി റോഡിലോട്ട് നടന്ന് നീങ്ങുന്നു.
സീൻ -3
പെട്രോൾ അടിച്ചു റോഡിലേക്കിറങ്ങിയ ഭർത്താവ് ഭാര്യയെ റോഡിൽ കാണാതെ വിഷമിക്കുന്നു.തന്നോട് ദേഷിച്ചു ഓട്ടോ വിളിച്ചു ബന്ധുവീട്ടിൽ പോയിക്കാണുമെന്നു കരുതി 100-120 സ്പീഡിൽ വണ്ടി നേരെ ബന്ധുവീട് ലക്ഷ്യമാക്കി പറപ്പിക്കുന്നു.
സീൻ -4
ഇതൊന്നുമറിയാതെ ഭാര്യ റോഡരികിൽ നിരത്തി വെച്ചിരുന്ന പൂച്ചട്ടികളുടെ ഭംഗി കണ്ട് കടയിലോട്ട് കയറി പൂച്ചട്ടിയും വാങ്ങി റോഡിലേക്കിറങ്ങി ഭർത്താവിനെ തിരക്കുന്നു.തന്നോട് ദേഷിച്ചു ബന്ധുവീട്ടിൽ പോകാതെ തിരിച്ചു വീട്ടിൽ പോയിക്കാണുമെന്നു കരുതി ഓട്ടോ വിളിച്ചു നേരെ വീട്ടിലേക്കു മടങ്ങുന്നു.
സീൻ -5
ബന്ധുവീട്ടിലെത്തിയ ഭർത്താവ് ഭാര്യ അവിടെ എത്തിയില്ലെന്നറിഞ്ഞു ബന്ധുവിന്റെ ഫോൺ വാങ്ങി വിളിക്കുന്നു.
തന്നോട് പറയാതെ കടയിൽ കയറിയാൽ എങ്ങനെ അറിയുമെന്ന് ഭർത്താവും, താൻ പൂച്ചട്ടി കടയിൽ കയറുന്ന കണ്ടിട്ടും മനഃപൂർവം വെയിറ്റ് ചെയ്യാതെ പോയതാണെന്ന് ഭാര്യയും..
തർക്കം മുറുകുന്നു കാൾ കട്ട് ആകുന്നു.
സീൻ -6
ബന്ധുവീട്ടിൽ നിന്നും വണ്ടി എടുത്ത് 20-30 സ്പീഡിൽ വീട്ടിലേക്ക് ഇഴഞ്ഞു നീങ്ങുന്നു.
സീൻ -7
വീട്ടിലെത്തിയാൽ പച്ചവെള്ളം പോലും കിട്ടില്ലെന്ന ഉത്തമബോദ്ധ്യത്തിൽ പോകുംവഴി ഭർത്താവ് ഹോട്ടലിൽ കയറി ഒരു ചിക്കൻ ബിരിയാണിയും കഴിച്ച് ഒരു കുപ്പി വെള്ളവും വാങ്ങുന്നു.
സീൻ -8
വീട്ടിലെത്തി വണ്ടി വെച്ച് ഹെൽമെറ്റ് ഊരാൻ നേരം പൂച്ചട്ടി വാങ്ങിയത് പുറത്തൊന്നും കാണുന്നില്ലെന്ന് മനസ്സിലാക്കുന്നു.ഹെൽമെറ്റ് വെച്ചിട്ട് കയറുന്നതാണ് ശരീരത്തിന് നല്ലതെന്ന തിരിച്ചറിവിൽ ഭർത്താവ് വീടിനകത്തേക്ക് കയറുന്നു...
ശുഭം(അല്ല)
വചനം - ഹെൽമെറ്റ് ധരിക്കൂ..സുരക്ഷ ഉറപ്പാക്കൂ..
Written by Alex John Jiffin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക