കമ്മ്യൂണിസ്റ്റ് പച്ച കണ്ടറിഞ്ഞു വളർന്ന നമുക്കെന്ത് ഒട്ടകപ്പച്ച. എന്നാലും കമ്യൂണിസ്റ്റ് പച്ചയുടെ കാര്യമോർത്തപ്പോഴാണ് നമ്മുടെ ബാല്യകാലത്ത് കളിക്കിടയിൽ പറ്റുന്ന മിക്ക മുറിവുകൾക്കുമുള്ള ഏറ്റവും അനുയോജ്യമായ ഒറ്റമൂലി ആയിരുന്നല്ലോ നമുക്കന്ന് കമ്മ്യൂണിസ്റ്റ് പച്ച, അന്ന് ഞാൻ ഇടക്ക് ഓർക്കുമായിരുന്നു എന്താണാവോ ഇതിന് കോൺഗ്രസ്സ് പച്ച എന്ന പേര് ആരും കൊടുക്കാതിരുന്നത് എന്ന്. അങ്ങിനെയൊന്നും കമ്യൂണിസ്റ്റ് പച്ചയെ നമുക്ക് ഒരിക്കലും മറക്കാനാവില്ലല്ലോ. ചെറിയ വീഴ്ചകളിലെ വലിയ, ചെറിയ മുറിവുകളിലേക്ക്, കമ്യൂണിസ്റ്റ് പച്ചയുടെ കുരുന്നിലകൾ വലതു കൈവിരലുകൾ കൊണ്ട് നുള്ളിയെടുത്ത് ഇടതു കൈ വെള്ളയിലിട്ട് വലതു കൈപ്പത്തി കൊണ്ട് കശക്കിയെടുത്ത് നീരെടുത്ത് ആ മുറിവിൽ ഇറ്റിക്കുമ്പോൾ ഉണ്ടാകുന്ന സുഖകരമായ നീറ്റൽ ഇന്നും ഓർമ്മയിൽ ഒരു കുളിരായ് നിറയുന്നു. പിന്നീട് മുറിവ് കരിഞ്ഞുണങ്ങി പാടുകൾ മാത്രമായി മാറുന്നു, ചില മുറിപ്പാടുകൾ നമ്മളെ ഇന്നും എന്തെല്ലാമോ ഓർമ്മിപ്പിക്കുന്നു. പറഞ്ഞു പറഞ്ഞു ആകെ കാടു കയറി. കാടിലെല്ലാം നല്ല പച്ചപ്പാണല്ലോ പക്ഷെ നമ്മൾ പറഞ്ഞ വിഷയവും പറയാൻ പോകുന്ന വിഷയവും തമ്മിലുള്ള ബന്ധം കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമേ ഉള്ളു എന്നത് മറ്റൊരു സത്യം.
അല്ലെങ്കിൽ പച്ചയും ഒട്ടകവും എന്നെല്ലാം കേൾക്കുമ്പോൾ ഒട്ടകം തിന്നുന്ന ഏതോ പച്ചിലയാണെന്ന് ചിന്തിച്ചു പോകുന്നത് തികച്ചും സ്വാഭാവികമല്ലേ . എന്നാൽ നമ്മുടെ കഥയിലെ ഒട്ടകവും പച്ചിലയും ആയി മോരും മുതിരയും പോലുള്ള ബന്ധമേ ഉള്ളു നമ്മുടെ ഒട്ടകപ്പച്ചക്ക്. പാക്കിസ്ഥാനികളെ പച്ചകളെന്നും, ബംഗാളികളെ കിളികളെന്നും, ഇന്ത്യക്കാരെ ഹിന്ദികളെന്നും വിളിക്കുന്നതാണല്ലോ ഇവിടത്തെ പൊതുവെ ഉള്ള രീതി. അങ്ങിനെ നമ്മൾ പറയാൻ പോകുന്നതും ഒരു പച്ചയുടെ കാര്യമാണ്, നല്ല രസികൻ പേരിനുടമ, അബ്ദുൾ റഹിമാൻ, പക്ഷെ പറഞ്ഞിട്ടെന്താ ആ പേരാണ് മാഞ്ഞു മറഞ്ഞ് മറൊരു പേരായി മാറിമാറിപ്പോയത്.
സാധാരണ പാക്കിസ്ഥാനികളെല്ലാവരും ആവശ്യത്തിന് നല്ല ഉയരം ഉള്ളവർ ആണ്. നമ്മുടെ കഥാനായകന് വിവരമിത്തിരി കുറവാണെങ്കിലും ഉയരം ആവശ്യത്തിലും ഇത്തിരി അധികമാണ്. പൊക്കം കൂടുതൽ ആയതിന്റേതായ ചെറിയ ഒരു കൂനും ഉണ്ടെന്ന് പറയാം. പുള്ളി ചെയ്യുന ജോലി എന്താണെന്നാൽ വണ്ടികളുടെ ടയറിന് പഞ്ചർ ഒട്ടിക്കുന്ന ജോലി ആണ്. ഞാൻ പുള്ളിക്കാരനെ കാണുന്ന നേരത്ത് പുള്ളിക്ക് ജോലിയോട് ബന്ധപ്പെട്ടതായ പഞ്ചറുപച്ച എന്നൊരു പേരാണ് ഇവിടത്തെ നാട്ടുകാരുടെ ഇടയിൽ ഉണ്ടായിരുന്നത്. ഞങ്ങളുടെ പാർട്ട്സ് കടയിൽ നിന്നാണ് പഞ്ചറൊട്ടിക്കാനുള്ള കിറ്റ് പുള്ളി സ്ഥിരമായി വാങ്ങാറുള്ളത്. പഞ്ചറൊട്ടിക്കാനുള്ള കിറ്റിന്റെ പേര് ക്യാമൽപാച്ച് എന്നത് കഥയുടെ വഴിത്തിരിവിന്റെ മറ്റൊരു വസ്തുതയായിരുന്നു.
അങ്ങിനെ ഇരിക്കെ നമ്മുടെ പഞ്ചറു പച്ചയുടെ കടയുടെ അടുത്ത് മറ്റൊരു മലയാളി വന്ന് പുതിയതായി ഓയിൽ ചേഞ്ച് വിത്ത് പഞ്ചറുകട തുറന്നത്. അടുത്തടുത്ത് ഒരേ പോലുള്ള രണ്ട് കടകൾ ആകുമ്പോൾ അവർ തമ്മിൽ പരസ്പരം ഒരൊക്കച്ചക്ക ഉണ്ടാകുന്നതും സ്വാഭാവികം ആണല്ലോ. അങ്ങിനെ അവർ തമ്മിൽ അത്ര രസകരമല്ലാതെ തന്നെ പരസ്പരം രണ്ടു കടയുമായി മുന്നോട്ടു പോകുന്ന സമയത്താണ് നമ്മൾ നേരത്തെ പറഞ്ഞ ഒട്ടകപ്പച്ച എന്ന പേര് പ്രാബല്യത്തിൽ വരുന്നത്. മലയാളി ക്യാമൽ പാച്ച് വാങ്ങാൻ വരുന്ന സമയത്ത് പഞ്ചർ കിറ്റിന്റെ പേര് മലയാളീകരിച്ച് ഒട്ടകപ്പാച്ച് എന്നാക്കി മാറ്റുകയും ചെയ്തു തുടങ്ങി. പിന്നീടതെപ്പോഴോ ഒട്ടകപ്പച്ചയായി മാറി. ദിവസങ്ങൾ കഴിഞ്ഞു പോയപ്പോൾ പഞ്ചറു പച്ചയുടെ നീണ്ട രൂപവും, ലേശം കൂനും ചേർത്ത് പഞ്ചറുപ്പച്ചയെ ഒട്ടകം എന്ന വട്ടപ്പേര് ആക്കി മാറ്റിയെടുക്കാൻ മലയാളിക്ക് അധികം കാലതാമസം വേണ്ടി വന്നില്ല. പുഴയുടെ അടിത്തട്ടിൽ വീഴുന്ന കൂർത്തു മൂർത്ത കരിങ്കൽ കഷ്ണം പുഴയുടെ ഒഴുക്കിൽപ്പെട്ട് ഉരുളൻ കല്ലായി രൂപാന്തരം പ്രാപിക്കുന്ന പോലെ അബ്ദുൾ റഹിമാൻ കറങ്ങിത്തിരിഞ്ഞ് പഞ്ചറു കട തുടങ്ങി പഞ്ചറായി പിന്നെ ഒട്ടകമായി , പാക്കിസ്ഥാനി എന്ന വാക്ക് മാറി പച്ചയായി രണ്ടു പേരുകളും ചേർന്ന് പിന്നീട് ഒട്ടകപ്പച്ചയായി മാറി. ഇത്രയുമെല്ലാമുള്ളു ഒരു പുതിയ പേര് പതിഞ്ഞു കിട്ടാൻ എന്ന ഒരു അടിക്കുറിപ്പോടെ ഈ ചെറു കുറിപ്പ് എഴുതി നിർത്തുന്നു.
By: PS Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക