നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബ്രാൽക്കണിയിലെ ബ്ലാ!

  


ദുബായിലെ ബാച്ചിലർ ജീവിത കഥകൾ തുടരുകയാണ്‌. തൊട്ടു മുന്നെ എഴുതിയ പാലസിലെ ഡ്രൈവറുടെ കഥ ഭീകര ഹിറ്റ്‌ ആക്കിത്തന്ന എല്ലാർക്കുമുള്ള നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തുന്നു. ഞാൻ ഇതുവരെ എഴുതിയതിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ഗ്രൂപ്പിൽ നിന്ന് വായിച്ച കഥയാണത്‌.

രണ്ടായിരാമാണ്ടിന്റെ തുടക്കക്കാലമാണ്‌. ഞാൻ അപ്പോഴും പുതുമ മാറാത്ത ഒരു പ്രവാസിപ്പയ്യൻ തന്നെ.
ജോലി കിട്ടിക്കഴിഞ്ഞപ്പോൾ താമസ സ്ഥലം മാറേണ്ട ഒരു അവസ്ഥയുണ്ടായി. ബെഡ്‌ സ്പേസുകൾ തപ്പി നടന്ന് ഒടുവിൽ ഒരു ഫാമിലിയുടെ കൂടെ അവരുടെ 2ബെഡ്‌ റൂം ഫ്ലാറ്റിലെ ഒരു മുറി ഷെയർ ചെയ്ത്‌ താമസിക്കുന്ന ഒരു അറേഞ്ച്മെന്റിലെത്തി നിൽക്കുന്ന കാലം. എന്റെ കൂടെ ഒരു സുഹൃത്ത്‌ കൂടെ ഉണ്ട്‌. ഞങ്ങൾ രണ്ടുപേരും ഷെയർ ചെയ്ത്‌ ആ പാർട്ടീഷൻ ബെഡ്‌ റൂമിൽ അഡ്ജസ്റ്റ്‌ ചെയ്ത്‌ ജീവിതം തുടങ്ങി. ഫസ്റ്റ്‌ ഫ്ലോറിലായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്‌. ബെഡ്‌ റൂമിൽ നിന്നും തുറന്നിറങ്ങാനാകുന്ന ബാൽക്കണിയാണ്‌ ആ കെട്ടിടത്തിന്റെ മെയിൻ അട്രാക്ഷൻ.
ഹൗസ്‌ ഓണർ ഒരു കോട്ടയം അച്ചായനായിരുന്നു. ഒരു തനി ശുദ്ധഗതിക്കാരനായ, പേടിത്തൊണ്ടനായ സാധു മനുഷ്യൻ. പിശുക്ക്‌ ദുബായിലാകെ പ്രസിദ്ധമായിരുന്നു. ഡേ റ്റു ഡേ - വൺ ദിർഹം ഷോപ്പിൽ പോയി ബാർഗ്ഗെയിൻ ചെയ്യുന്ന അപൂർവ്വം വ്യക്തികളിലൊരാൾ. ഭാര്യ കൂടെയുണ്ട്‌. മക്കൾ രണ്ടുപേരും നാട്ടിൽ. പിശുക്കു പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യാ ഭയവും പ്രസിദ്ധമായിരുന്നു. ആ സ്ത്രീ വെറും ഒരു നോട്ടം കൊണ്ട്‌ ആ വീട്ടിലെ മിക്ക ഉപകരണങ്ങളും നിയന്ത്രിക്കുന്നത്‌ കാണാം. വല്ലാത്തൊരു ജീവിയായിരുന്നു അത്‌. അവരുള്ളപ്പോൾ ഞങ്ങൾക്ക്‌ ടീവീ പോലും ഒന്നുറക്കെ വെക്കാൻ പേടിയായിരുന്നു.
അങ്ങനെ ഒരു ദിവസം ഞാൻ ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ നടന്നു വരുന്ന സമയം. സമയം ആറു മണി. മനോഹരമായ ഒരു ഡിസംബർ സായാഹ്നം.
'പ്ധൊക്കൊ!!' എന്നൊരു ശബ്ദമാണ്‌ എന്നെ ചിന്തയിൽ നിന്നുണർത്തിയത്‌. മുന്നിൽ കണ്ട ആ കാഴ്ച്ച എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു.
അച്ചായൻ എന്റെ മുന്നിൽ ഒരു നാലടി ദൂരത്ത്‌ ഫുട്പാത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! ഒരു ചാക്കുകെട്ട്‌ മറിഞ്ഞു വീണു കിടക്കുന്ന പോലെ.
"എന്റ്മ്മേ! ചത്തേ!! " തുടങ്ങിയ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്‌. ഞാൻ ഓടി അടുത്തെത്തി താങ്ങിപ്പിടിച്ച്‌ നിവർത്തി വെച്ചു. വേദന സഹിക്കാനാവാതെ പാവം കിടന്ന് അമറുന്നുണ്ടായിരുന്നു.
"അച്ചായനിപ്പൊ എവിടുന്നാ വന്നെ ?"
സത്യമായിട്ടും എനിക്കങ്ങനെ ചോദിക്കാനാണ്‌ വായിൽ വന്നത്‌. എന്തു ചെയ്യാനൊക്കും ?
മറുപടിയായി എന്നെ നോക്കി പല്ലിറുമ്മിക്കൊണ്ട്‌ അച്ചായനെന്തോ സെൻസർ ചെയ്തു.
ഞാൻ മുകളിലെ ബാൽക്കണിയിലേക്ക്‌ നോക്കി. വരവ്‌ അവിടെ നിന്നാണെന്നെനിക്ക്‌ മനസ്സിലായി. പക്ഷേ ഇത്ര ധൃതി പിടിച്ച്‌ വരണ്ട കാര്യം ??
ഞങ്ങളുടെ ഫ്ലോറിന്റെ മുകളിലെ നിലയിലും ഒരു ബാൽക്കണിയുണ്ട്‌. അവിടെ വായും പൊളിച്ച്‌ സ്തബ്ധയായി നോക്കി നിൽക്കുന്ന ഒരു ഫിലിപ്പീനി സുന്ദരി!
എനിക്കൊന്നും മനസ്സിലായില്ല.
ഞാൻ ഉടൻ തന്നെ ഫോണെടുത്ത്‌ ആംബുലൻസ്‌ വിളിച്ചതിനു ശേഷം അച്ചായനെ, അപ്പോഴേക്കും ഓടിക്കൂടിയ മനുഷ്യരെ ഏൽപ്പിച്ച്‌ ഫ്ലാറ്റിലേക്ക്‌ കുതിച്ചു. അച്ചായത്തിയെ വിവരമറിയിക്കണമല്ലോ.
ഫ്ലാറ്റ്‌ തുറന്ന് അകത്തു കയറിയ ഞാൻ ഞെട്ടി. അച്ചായത്തി ഫുൾ കലിപ്പിൽ! ബെഡ്‌ റൂമിന്റെ വാതിലിൽ ശക്തിയായി ഇടിക്കുന്നുണ്ട്‌. എന്തൊക്കെയോ പിച്ചും പേയും പറയുന്നു. എന്നെ കണ്ടപാടെ ഞെട്ടിത്തിരിഞു.
"എട ചെറക്കാ! നീ നിങ്ങടെ റൂമിനകത്തോടെ കേറി ബാൽക്കണീൽ ചെന്ന് ഈ മനുഷ്യൻ അകത്തെന്നതാ പരിപാടി എന്നൊന്നു നോക്കിക്കേ! കൊറേ നേരായി അകത്ത്‌ കേറി ലോക്ക്‌ ചെയ്തിട്ട്‌! ഒരു പെണ്ണിന്റെ ഒച്ച കേൾക്കുന്നുണ്ട്‌. ഇയാളടെ ഈ എടപാടെന്താന്ന് എനിക്കിന്നറിയണം. കുറേ കാലായി തൊടങ്ങീട്ട്‌!"
"അച്ചായൻ മുറിക്കകത്തില്ല ചേട്ടത്തി. " അക്രമാസക്തയായി ഗർജ്ജിക്കുന്ന ഒരു വന്യമൃഗത്തോട്‌മലയാളത്തിൽ സംസാരിക്കുന്നത് എത്ര വിചിത്രമായൊരു ഏർപ്പാടാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
"അച്ചായൻ ഇച്ചിരി മുന്നെ ബാൽക്കണീന്ന് താഴെപ്പോയി ചേട്ടത്തീ..."
"ങേ!! അതെന്തിന്‌ ?? " അവർ കണ്ണു മിഴിച്ചു.
"എന്തിനാന്ന് ചോദിച്ചാ... അതിപ്പൊ ... ങേ ?" ഞാൻ ഞെട്ടി. ഇവരെന്താ ഈ ചോദിക്കുന്നത്‌ ?
" ഇപ്പൊ പുള്ളി എവടൊണ്ട്‌ ?"
"താഴെ. ആംബുലൻസ്‌ വരും ഇപ്പൊ. "
സ്ത്രീ ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ പതുക്കെ അനങ്ങിത്തുടങ്ങി. ഇപ്പൊഴാണ്‌ അവർക്ക്‌ സംഭവം മനസ്സിലായത്‌ എന്ന് എനിക്ക്‌ മനസ്സിലായി. പക്ഷേ അവരുടെ അടുത്ത വാചകം എന്നെ വീണ്ടും ഞെട്ടിച്ചു കളഞ്ഞു.
"ഇനി ആ ബെഡ്‌ റൂമിന്റെ വാതിലു തൊറക്കാൻ എന്തു ചെയ്യും ?! അകത്തൂന്ന് പൂട്ടിയേക്കുവാ."
"അതേ. അതാണിപ്പോൾ നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി ! ഒന്നെറങ്ങെന്റെ പെണ്ണുമ്പിള്ളേ!!"
എന്റെ നിശബ്ദമായ അലർച്ച ഫലം കണ്ടു. അവർ വേഗം റെഡിയായി.
ഹോസ്പിറ്റൽ സീൻ.
ഏറ്റവുമടുത്തുണ്ടായിരുന്ന ഒരു ഇറാനിയൻ ഹോസ്പിറ്റലിലേക്കാണ്‌ ആംബുലൻസ്‌, അച്ചായനെ കൊണ്ടുപോയത്‌. ഞാനും ചേട്ടത്തിയാരും ഒരു ടാക്സിയിൽ പുറകേ എത്തി.
ടെസ്റ്റുകളെല്ലാം കഴിഞ്ഞ്‌ ഒരു റൂമിലേക്ക്‌ മാറ്റുന്നതു വരെ നിലത്തു നിൽക്കാൻ പറ്റിയില്ല. വിവിധ മരുന്നുകൾക്കായി ഒരു അഞ്ചു വട്ടമെങ്കിലും എന്നെ ഫാർമ്മസിയിലേക്ക്‌ ഓടിച്ചിരിക്കണം. വലിയ സെറ്റപ്പൊന്നുമില്ലാത്ത ഒരു ഹോസ്പിറ്റലായിരുന്നു അത്‌.
ഡ്യൂട്ടി ഡോക്ടർ കടന്നു വന്നു.
"ഫസ്റ്റ്‌ ഫ്ലോറിൽ നിന്ന് താഴെപ്പോയിട്ട്‌ ആകെ ഇത്രേ പറ്റിയൊള്ളോ ?" ഡോക്ടറുടെ വാക്കുകളിൽ കടുത്ത ഇച്ഛാഭംഗം.
"മാരകമായിട്ടൊന്നുമില്ലല്ലോ അല്ലേ സാർ ?" അച്ചായത്തിയുടെ ചോദ്യം.
"ഏയ്‌. നെഞ്ചും തല്ലി വീണതുകൊണ്ട്‌ കയ്യും കാലുമൊന്നും ഒടിയാതെ രക്ഷപ്പെട്ടു. വാരിയെല്ലുകളിൽ ചെറിയ ബ്രൂസിംഗ്‌ ഉണ്ട്‌. ചെലപ്പൊ ഒരു നീർക്കെട്ടുണ്ടായേക്കാം. വേദനയ്ക്കുള്ള മരുന്നുകൾ കൊടുത്തിട്ട്ണ്ട്‌. "
ഡോക്ടർ ഇറങ്ങിയതും ഭാര്യ ഭർത്താവിനെ തട്ടിവിളിച്ചു.
"എന്താ ഒണ്ടായേ? എന്തിനാ നിങ്ങൾ...എന്തുപ്രശനൊണ്ടെങ്കിലും മ്മക്ക്‌ ..."
ഭർത്താവ്‌ മുഖം തിരിച്ചുകളഞ്ഞു.
അച്ചായത്തിക്ക്‌ സഹിച്ചില്ല. മൂക്കു പിഴിഞ്ഞുകൊണ്ട്‌ അവർ പുറത്തേക്കു പോയി. വാതിലടഞ്ഞ ശബ്ദം കേട്ടതും അച്ചായൻ തിരിഞ്ഞ്‌ എന്നെ നോക്കി.
വേദനാ സംഹാരികൾ ധാരാളം കയറ്റിയതുകൊണ്ടാകണം ആകെ മൊത്തം അച്ചായനൊരു ചൈതന്യം വന്നിരുന്നു.
"സത്യം പറ മനുഷ്യാ... എന്താ ഉണ്ടായേ ?" ഞാൻ ബെഡിലേക്കിരുന്നു.
“ബ്രാൽക്കണിയിലെ ബ്ലാ..." അച്ചായന്റെ വരണ്ട ചുണ്ടുകൾ ചലിച്ചു.
"ങേ ?" എനിക്ക്‌ മനസ്സിലായില്ല.
തുടർന്ന് ഒരു ദീഘ നിശ്വാസത്തോടെ അച്ചായൻ ആ സംഭവം വിവരിച്ചു.
ഞങ്ങളുടെ ഫ്ലാറ്റിന്റെ മുകളിലെ നിലയിൽ താമസികുന്നത്‌ ഏതാനും ഫിലിപ്പീൻസ്‌ യുവതികളാണ്‌. ഏതോ ക്ലീനിങ്‌ കമ്പനി സ്റ്റാഫുകൾ. നല്ല രസമാണ്‌ അവറ്റകളെ കാണാൻ. റോസ്‌ കളർ യൂണിഫോമിൽ നിരനിരയായി സ്റ്റെയർ ഇറങ്ങിപ്പോകുന്നത്‌ കണ്ടാൽ ഫ്ലമിങ്കോ പക്ഷികളുടെ ഒരു കൂട്ടം പോകുന്ന പോലെ തോന്നും.
സംഭവിച്ചത്‌ ഇത്രേയുള്ളൂ.
ഫ്ലമിങ്കോ പക്ഷികളിലൊന്ന് അവളുടെ ബ്രാ കഴുകി അവരുടെ ബാൽക്കണിയിൽ ഉണക്കാനിടുകയായിരുന്നു. തൽസമയം നമ്മുടെ അച്ചായൻ, ഭാര്യ ഡ്യൂട്ടി കഴിഞ്ഞു വരുന്നതിനു മുൻപ്‌ ഒരു പുക എടുക്കാനായി ഞങ്ങളുടെ ബാൽക്കണിയിലേക്കിറങ്ങുന്നു.
അതിശക്തമായ ഒരു കാറ്റടിക്കുന്നു.
പെൺകുട്ടിയുടെ ബ്രാ പറന്ന് ഞങ്ങളുടെ ബാൽക്കണിയിൽ ലാൻഡ്‌ ചെയുന്നു.
"പരേ! ഒരു സാധനം അങ്ങ്‌ വീണട്ട്ണ്ട്‌. കിട്ടിയാർന്നോ പരേ?" എന്ന് ആ പെൺകുട്ടി വിളിച്ചു ചോദിക്കുന്നു.
"കിട്ടി പരേ! " എന്ന് അച്ചായൻ മറുപടിപറയുന്നു.
ഫിലിപ്പീൻസ്‌ ഭാഷയിൽ 'പരേ!' എന്നു വെച്ചാൽ ' ഫ്രണ്ടേ' എന്നു വിളിക്കുന്നതാണ്‌ കേട്ടോ. (ഇതിന്റെ ശരിക്കുള്ള ഉച്ചാരണം മലയാളത്തിൽ തെറിയാണെന്നു തോന്നുന്നു). കഥ തുടരട്ടെ.
"കിട്ടിയെങ്കിൽ അത്‌ കയ്യിൽ വെക്കൂ പരേ. ഞാനിപ്പൊ താഴത്തോട്ട്‌ വരാം. " ഫ്ലമിങ്കോ ചിലയ്ക്കുന്നു.
ആ നിമിഷം തന്നെ, ജോലി കഴിഞ്ഞ്‌ വന്ന അച്ചായത്തി ഫ്ലാറ്റിനുള്ളിലേക്ക്‌ പ്രവേശിക്കുന്നു. മെയിൻ ഡോർ തുറക്കുന്ന ശബ്ദം അച്ചായൻ കേൾക്കുന്നു.
അടുത്ത ഏതാനും മിനിറ്റുകൾക്കുള്ളിൽ നടന്നേക്കാവുന്ന അതി ഭയാനകമായ ഒരു കൂടിക്കാഴ്ച്ച അച്ചായന്റെ മനസ്സിൽ തെളിഞ്ഞു.
കോളിംഗ്‌ ബെല്ലടിക്കുന്നു. അച്ചായത്തി വാതിൽ തുറക്കുന്നു. പുറത്ത്‌ പുഞ്ചിരി തൂകി നിൽകുന്ന ഫിലിപീൻസ്‌ സുന്ദരി ലജ്ജാവിവശയായി മൊഴിയുന്നു.
"എന്റെ ബ്രാ ഇവിടുണ്ട്‌. അതെടുക്കാൻ വന്നതാ..."
ചിന്ത അത്രയുമായപ്പോഴേക്കും അച്ചായന്‌ അതി കഠിനമായ ശ്വാസതടസ്സം നേരിട്ടു തുടങ്ങി.
"പരേ!!" അച്ചായൻ ഉറക്കെ വിളിച്ചു. നിലവിളിച്ചു എന്നു പറയുന്നതായിരിക്കും ശരി. " നീ ലിങ്ങോട്ട്‌ വരണ്ട. ഞാൻ ലിവിടുന്ന് ലങ്ങോട്ട്‌ ഇട്ടു തരാം. "
"തേങ്ക്യൂ പരേ! ബട്ട്‌ ദാറ്റീസ്‌ ബെരി ബെരി ഡേഞ്ചറസ്‌" എന്നൊക്കെ ആ കുട്ടി പറഞ്ഞു നോക്കിയെങ്കിലും അച്ചായനുണ്ടോ സമ്മതിക്കുന്നു. 'നീ ഇങ്ങോട്ടു വരുന്നത്രയും ഡേഞ്ചറസ്‌ അല്ല ഒന്നും' എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്‌ അച്ചായൻ ആ ബ്രാ ചുരുട്ടി ഒരു ബോൾ പോലെയാക്കി ബാൽക്കണിയുടെ റെയിലിനു മുകളിലൂടെ പുറകോട്ട്‌ ഏങ്ങി വലിഞ്ഞു നിന്ന് മുകളിലേക്കെറിഞ്ഞു കൊടുത്തു. അതിസാഹസികമായി ആ കുട്ടി അത്‌ പിടിച്ചെടുക്കുകയും ചെയ്തു.
പക്ഷേ ആ പൊസിഷനിൽ നിന്നും പൂർവ്വസ്ഥിതിയിലേക്ക്‌ വരാൻ പാവം അച്ചായന്‌ അവസരം കിട്ടിയില്ല എന്നതാണ്‌ സത്യം. യാതൊരു ദയയുമില്ലാതെ സകല വസ്തുക്കളേയും തന്റെ കേന്ദ്രത്തിലേക്ക്‌ ആകർഷിക്കുന്ന ഭൂമി പാവം നമ്മുടെ അച്ചായനേയും വെറുതേ വിട്ടില്ല.
അലക്സ്‌ ജോൺ. ത്രിശ്ശൂർ.

2 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot