കല്ല്യാണം, വീട്ടിൽ തന്നെ വേണമെന്ന മുത്തശ്ശിയുടെ നിർബന്ധത്താൽ, മുറ്റവും വീടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള തൊടിയിൽ ഭക്ഷണത്തിനു വേണ്ടിയും ഒരുക്കിയിരുന്നു. അവിടെ ഭക്ഷണത്തിന്റെ രുചി ആദ്യമായ് അറിയാനെന്നപ്പോലെ ആളുകളുടെ തിക്കും തിരക്കും. പാചകപുരയുടെ ഓരം ചേർന്നു നിന്നിരുന്ന നാണിയമ്മയുടെ മുഷിഞ്ഞ വേഷം ആൾക്കൂട്ടത്തിൽ നിന്നും പിന്തിയാൻ അവരെ പ്രേരിപ്പിച്ചതുകൊണ്ടോ എന്തോ? കൊണ്ടുവന്ന പാത്രം പാചക കാരനു നേരെ നീട്ടിയപ്പോൾ അയാൾ ഉച്ചത്തിലലറി, " തള്ളേ, ഇവിടെ വിളമ്പാൻ തികയുമോ?എന്നാദ്യം നോക്കട്ടെ ". നാണിയമ്മയെന്തോ പറയാൻ തുടങ്ങിയപ്പോൾ, ആദ്യ പന്തിയിൽ നിന്നും പുറത്ത് കൊണ്ടുവന്ന ഇച്ചിലിലകൾ തെങ്ങിൻ കുഴിയിൽ തട്ടാൻ തുടങ്ങിയിരുന്നു. ''മോനെ, അതവിടെ വെച്ചേയക് "
നാണിയമ്മയുടെ വിറങ്ങലിച്ച ശബ്ദം, വിളമ്പുക്കാരൻ പയ്യൻ സാകൂതം നോക്കി.ഏന്തി വലിഞ്ഞു നീങ്ങിയ ആ അമ്മ ഇച്ചിലിലകളിൽ നിന്നും പഴം, പപ്പടം, ശർക്കരയുപ്പേരി എന്നിവ തരം തിരിച്ചെടുക്കാൻ തുടങ്ങി.കാക്കകളും, നായകളും പൂച്ചകളും നാണിയമ്മയ്ക്ക് കൂട്ടായി കൂടെ നിൽക്കുന്ന സമയം, വിളമ്പുകാരൻ പയ്യൻ ഒരിലയിൽ കുറച്ചു ചോറും കറികളുമായി ഓടിവന്ന് നാണിയമ്മയെ ഏൽപ്പിച്ചു, തിളങ്ങിയ മിഴികളുമായി അവർ തന്റെ തോർത്തിന്റെ തലപ്പിൽ ഇലച്ചോർ കെട്ടിവെച്ച് നടന്നുതുടങ്ങി.
വീടെന്നു വിളിക്കാൻ വയ്യാത്ത ആ കൂരയിൽ വിറങ്ങലിച്ച ഓലകൾ നോക്കി അപ്പുക്കുട്ടൻ കിടന്നിരുന്നു, അമ്മയുടെ ശബ്ദം കേട്ടപ്പോൾ അയാളിലെ മകനുണർന്നു, അനങ്ങാനാകാതെ കട്ടിലിൽ കിടക്കുന്ന അയാൾക്ക്, അമ്മയെ കല്ല്യാണസദ്യയുടെ മണം തോന്നി. കൊണ്ടുവന്ന ഇലയിൽ നിന്നും വാരിയെടുത്ത ചോറും, പെറുക്കിയെടുത്ത ശർക്കര ഉപ്പേരിയും അപ്പുക്കുട്ടന്റെ വായയിൽ വെച്ചു കൊടുത്തപ്പോൾ ആ വൃദ്ധ നയനങ്ങൾ നനയുവാൻ പോലും കണ്ണീരിലാതെ വിറങ്ങലിച്ചിരുന്നു.........
രാജേഷ് ഒറ്റപ്പിലാവ്.
9446617100
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക