നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലക്ഷ്യം


വീടിനോട് ചേർന്ന് കിടക്കുന്ന ചായ്‌പിൽ നിന്ന് പതിവില്ലാത്തൊരു ചുമ കേട്ടാണ് ഞാനങ്ങോട്ടു ചെന്നത്...
ഏകദേശം അഞ്ചു വയസോളം പ്രായമുള്ളൊരാങ്കുട്ടി.. നനഞ്ഞു കുതിർന്നതിനാലാവാം വിറയ്ക്കുന്നുണ്ടായിരുന്നവൻ....
ആരാണോ എന്താണോ എന്നതിനെക്കാൾ പഴയ പാത്രങ്ങളും പൊട്ടി പൊളിഞ്ഞ പഴയ കിടക്കയും ചാക്കിലടുക്കി വെച്ച ഉണക്കചകിരിയും കൊണ്ട് കാല് കുത്താനിടമില്ലാത്ത ചായ്‌പിൽ അവനെങ്ങനെ കയറിയെന്നതായിരുന്നു എന്നെ അതിശയിപ്പിച്ചത്....
ഞാനടുത്തു ചെല്ലുന്തോറും അവന്റെ വിറയലിന്റെ ശക്തി കൂടിക്കൊണ്ടിരുന്നു..
നനയാതിരിക്കാൻ തലയിൽ കെട്ടിയ തോര്തെടുത്തവന്റെ തല തുവർത്തുമ്പോഴും തണുത്തു വിറച്ചാ പല്ലുകൾ കൂട്ടിയിടിക്കുന്നതെനിക്ക് കേൾക്കാമായിരുന്നു...
ആരെന്നോ എന്തെന്നോ തിരക്കണമെന്ന് കരുതിയെങ്കിലും ചേർത്തു പിടിച്ചവനോടാദ്യം പറഞ്ഞത് "സാരല്യാട്ടോ ഈ ഉടുപ്പൊക്കെ മാറ്റുമ്പോ ഈ തണുപ്പൊക്കെ മാറിക്കോളുംന്നായിരുന്നു...
നിഷ്കളങ്കമായവനൊന്നു ചിരിച്ചു. മുൻവരിയിലെ നാല് പല്ലുകൾ കൊഴിഞ്ഞു പോയതിനാലാണോ എന്തോ വല്ലാത്തൊരു വശ്യത..... അതിനപ്പുറം വല്ലാത്തൊരാത്മ ബന്ധം തോന്നിയിരുന്നെനിക്ക്....
കുഞ്ഞൂസ് വാന്നു പറഞ്ഞവനെ റൂമിലേക്ക്‌ കൊണ്ട് പോകുമ്പോഴും ഒരപരിചിതത്വം ഞങ്ങളിൽ രണ്ടു പേരിലും ഉണ്ടായിരുന്നില്ല..
നനഞ്ഞു കുതിർന്നയുടുപ്പ് മാറ്റി പകരമെന്ത് കൊടുക്കുമെന്നാലോചിച്ചപ്പോഴാണ് അമ്മയുടെ നേര്യതിനെപ്പറ്റിയോർത്തത്... അത് മടക്കി മുണ്ട് പോലെയാക്കിയവനെ ഉടുപ്പിച്ചപ്പോൾ അവനൊന്നു ചിരിച്ചു. ഒരു പാല്പുഞ്ചിരി....
അമ്മയുടെ പെട്ടി തുറന്നിട്ടെത്ര നാളായി.. ഓർമ്മകൾ കൊത്തി വലിക്കുകയാണ്... ഒരുപക്ഷേ ഇന്നമ്മയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം കാരണം ഒരുപാട് നാളുകൂടി ഞാനിന്നൊരാളോട് സംസാരിച്ചല്ലോ.....
അല്ലെങ്കിലും മരണം വരെയും അമ്മ സന്തോഷിച്ചിരുന്നുവോ... അക്ഷരം തെറ്റാതെയച്ഛാന്ന്‌ വിളിക്കാൻ താൻ തുടങ്ങിയപ്പോഴേക്കും ഞങ്ങളെയുപേക്ഷിച്ചു മറ്റൊരുവളിൽ സുഖം കണ്ടെത്താൻ പോയ അച്ഛൻ....,,,,, പക്ഷെ തോറ്റു കൊടുക്കാൻ അമ്മയും തയ്യാറല്ലായിരുന്നു.... കയ്യിൽ കിട്ടിയതെടുത്ത് എന്നെയും കൊണ്ട് നാട് വിടുമ്പോൾ എന്റെ നല്ല ഭാവിയും ജീവിതവും അത് മാത്രമേ അമ്മ ആഗ്രഹിച്ചിരുന്നുള്ളു....
മേൽവിലാസമില്ലാത്തവളായി മാറേണ്ടിയിരുന്ന തന്നെ അസിസ്റ്റന്റ് മാനേജർ അനിഖ എസ് ശ്യാമളയാക്കി മാറ്റിയത് അമ്മയുടെ കഷ്ടപ്പാട് ഒന്ന് മാത്രമായിരുന്നു... എന്റെ പേര് അതിലും ഒരു പുതുമയുണ്ടല്ലേ അനിഖ എസ് ദാമോദർ എന്ന ഞാൻ സ്വയം അനിഖ എസ് ശ്യാമളയായത് അമ്മയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് മാത്രമല്ല അച്ഛനെന്ന വാലിനോടുള്ള അമർഷം കൊണ്ട് കൂടിയായിരുന്നു.... എന്റെ പേര് ഞാൻ മാറ്റിയെന്നറിഞ്ഞപ്പോ അമ്മ ഒരുപാട് സന്തോഷിച്ചിരുന്നു.. ഒരുപക്ഷേ അന്നാവും അമ്മയേറ്റവും സന്തോഷിച്ചത് അഭിമാനത്തോടെ പുഞ്ചിരിച്ചത്...
"ജോലിയായി അത്യാവശ്യം നല്ലൊരു വീടായി ഇനിയെന്റെ അനുമോള്ക്കൊരു കൂട്ട് വേണം അതൂടി കണ്ടിട്ട് വേണമമ്മയ്ക്ക് കണ്ണടയ്ക്കാൻ ".....
അന്നാ പറച്ചിലിൽ ഞാനമ്മയോടൊരുപാട് പരിഭവം കാട്ടി.... ഭയമായിരുന്നു അന്നൊക്കെ അമ്മയെയുപേക്ഷിച്ച് മറ്റൊരുവളോടൊപ്പം പോയ, എന്റെ ബാല്യത്തിലെ സുഖസൗകര്യങ്ങളും കിട്ടേണ്ടിയിരുന്ന സ്നേഹവും എനിക്ക് നിഷേധിച്ചയച്ഛൻ.....പുരുഷനെന്നാൽ അതായിരുന്നെന്റെ കാഴ്ചപ്പാടും......
എല്ലാ പുരുഷന്മാരും ഒരുപോലെയല്ല മോളെ എന്നെ വളർത്തിയതും വലുതാക്കിയതും ഒരു പുരുഷൻ തന്നെയാണെന്നമ്മ പറഞ്ഞപ്പോൾ,, എന്റെ നല്ല ഭാവിക്ക് വേണ്ടി മാത്രം ജീവിക്കുന്നയവരെ കണ്ടപ്പോൾ മറുവാക്ക് പറയാനായില്ലെനിക്കന്ന്‌....
എന്റെ കാഴ്ചപ്പാടിനെയoഗീകരിക്കുന്ന, അമ്മയുടെ പ്രതീക്ഷയേ അസ്തമിപ്പിച്ച ഒരു വരവേൽപ്പായിരുന്നാ വീട്ടിലും എന്നെ കാത്തിരുന്നത്....
നിന്റെ ജോലീം സൗന്ദര്യോo കണ്ടിട്ടാടി തന്തയില്ലാത്തവളെ നിന്നെയെന്റെ മോൻ കെട്ടിയെടുത്തതെന്നവിടുത്തെയമ്മ പ്രാകുമ്പോഴും ഞാനേറെ പവിത്രമായി കരുതിയിരുന്ന താലിയുടെയവകാശിയെന്നെ ചേർത്തു പിടിക്കുമെന്ന് കരുതിയിരുന്നു...
എന്നാൽ അമ്മയുടെ മുൻപിൽ മിണ്ടാതെ നിൽക്കുന്ന,, നീയതൊന്നും കാര്യമാക്കണ്ട അവരൊക്കെ പഴേ ആള്ക്കാരാ എന്ന് പറഞ്ഞു നിസ്സംഗതയോടെ നടന്നു നീങ്ങുന്ന പാതിയെ നോക്കി കണ്ണീർ പൊഴിക്കാനായിരുന്നെന്റെ വിധി.. അയാള്ക്കും ഞാൻ വെച്ചു വിളമ്പാനും വീട്ടിലെ ജോലികൾ ചെയ്യാനും അയാളുടെ കാമം തീർക്കാനുമുള്ള വെറുമൊരുപകരണം മാത്രമാണെന്ന് പോകെപ്പോകെ മനസിലായി....
. അമ്മയുടെ കണ്ണ് നനയിക്കരുതെന്ന് കരുതി പിടിച്ചു നിന്നു ഒരുപാട്,, പോകെപ്പോകെ വീർത്തു വരാത്ത എന്റെ വയറിനെപ്പറ്റി ചർച്ചചെയ്തൊടുവിൽ മച്ചിയെന്ന വിളിപ്പേര് ചാർത്തി തന്നപ്പോഴും മനസിനെ അമ്മയും ശരീരത്തെയയാളും നോവിച്ചു രസിച്ചപ്പോഴും പ്രതികരിച്ചില്ല എന്നാൽ പിഴച്ചവളെന്നും ദാരിദ്ര്യം പിടിച്ചവളെന്നും ചൊല്ലിയെന്റെയമ്മയെ അപമാനിച്ചപ്പോൾ ആദ്യമായി ഞാനും പ്രതികരിച്ചു...
"ഇനിയൊരക്ഷരം മിണ്ടരുത്,, ഇത്ര നാളും നിങ്ങളുടെ ആട്ടും തുപ്പും ഞാൻ സഹിച്ചു ഒരടിമയെപ്പോലെ ഞാനിവിടെ നിന്നു.. ഇട്ടെറിഞ്ഞു പോകാനെനിക്ക് കഴിയാഞ്ഞിട്ടല്ല അന്നൊക്കെ എന്റമ്മയെ മാത്രേ ഞാനോര്ത്തുള്ളു... ഇനി വയ്യ ""
താലി ഊരിയയാളുടെ മുന്നിൽ വെച്ചപ്പോൾ ചെറുതായി കൈ വിറച്ചിരുന്നു എങ്കിലും അന്നാ പടിയിറങ്ങുമ്പോൾ അമ്മയെ എങ്ങനെ സമാധാനിപ്പിക്കും എന്നതായിരുന്നെന്റെ സങ്കടം.....
തന്റെ ജീവിതം പോലെ തന്നെ മകളുടേതുമായല്ലോ എന്ന നിരാശയിൽ നീറി നീറിയമ്മ കൂടിയില്ലാതായപ്പോൾ ഞാനും തോൽക്കുകയായിരുന്നു എല്ലാത്തിനോടും.... ആഗ്രഹിച്ചു നേടിയ ജോലിയിൽ നിന്ന് നീണ്ട ലീവെടുത്താണാദ്യം തുടങ്ങിയത്... പതിയെ പതിയെ ആരോടും സംസാരിക്കാതെയായി.... തോന്നാറില്ല അതാണ് സത്യം....
ഇന്നീ കുഞ്ഞിനെ കണ്ടപ്പോ... എന്തോ അച്ഛനെ നഷ്ടപെട്ട എന്റെ ബാല്യമാണെനിക്കോർമവന്നത്.....
അച്ഛനേമമ്മേം തമ്പായി കൊണ്ടോയിയെന്നും ഞാൻ അമ്മാവന്റെ കൂടെയാണ് നിൽക്കുന്നതെന്നും ഉത്സവത്തിന്‌ കൊണ്ട് വന്നയെന്നെ കൂട്ടാതവര് പോയിയെന്നും പറഞ്ഞവൻ കരഞ്ഞപ്പോൾ എന്തിനെന്നറിയാതെയെന്റെ കണ്ണും നിറഞ്ഞിരുന്നു...
മോനിപ്പോ കഴിക്കെന്ന് പറഞ്ഞവന് ചോറ് വാരിക്കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു അമ്മാവനെ നമുക്ക് നാളെയന്വേഷിക്കാം കുഞ്ഞൂസ് പേടിക്കണ്ട നാളെത്തന്നെ വീട്ടിൽ പോകാമെന്നയെന്റെ മറുപടിയിലവൻ പറഞ്ഞു...
"മോനൂന് പോണ്ട ചേച്ചി മോനൂന് പേടിയാ അവരെ... എന്നെ ചവിട്ടും കെട്ടിയിട്ട് തല്ലും ചോറും വെള്ളോം തരാതെ മുറിയില് പൂട്ടിയിടും.... മോനൂന് പോണ്ട മോനു ചേച്ചീടെ കൂടെ നിന്നോളം എന്നെ പറഞ്ഞു വിടല്ലേ മോനു പാവാ..... "
നിറഞ്ഞു വന്നയെന്റെ കണ്ണുകൾ തുടച്ചവനോട് ചേച്ചീന്ന് വിളിക്കണ്ട മോനു എന്നെയമ്മേന്ന്‌ വിളിച്ചോളു എന്ന് പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞ സന്തോഷം പണ്ടെന്നോ അമ്മയെന്നെ ചേർത്തു പിടിക്കുമ്പോൾ ഞാനനുഭവിക്കുന്ന ഒരു സുരക്ഷിതത്വമുണ്ട്.... അതായിരുന്നു ഞാനവനിൽ കണ്ടത്....
എഴുതി കൊടുത്ത ലോങ്ങ്‌ ലീവ് ക്യാൻസൽ ചെയ്തതായി വിളിച്ചു പറയുമ്പോൾ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു.. അവകാശികളാരും തേടി വരാത്ത വിധം നിയമപരമായവനെയെന്റെ സ്വന്തമാക്കണം..... ഞാനറിഞ്ഞ പുരുഷനിൽ നിന്ന് വ്യത്യസ്തനായി സ്നേഹിക്കാനറിയുന്ന മനുഷ്യത്വമുള്ളോരു പുരുഷനായവനെ വളർത്തിയെടുക്കണം അതിനുമപ്പുറം അമ്മേയെന്നയവന്റെ വിളിയിൽ മാതൃത്വത്തിന്റെ പൂര്ണതയെനിക്കുമറിയണം.......
You, Lini Jose, Jayachandran NT and 446 others
73 Comments
8 Shares
Like
Comment
Share

 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot