ഫോൺ റിംഗ് ചെയ്തപ്പോഴേ അയാളോർത്തു അവളായിരിക്കുമെന്ന്. ഇന്ന് ഓഫീസിൽ നിന്ന് നേരത്തേ ഇറങ്ങണമെന്ന് രാവിലെ തന്നെ പറഞ്ഞിരുന്നു. ഫോൺ അറ്റൻഡ് ചെയ്യാതെ അയാൾ പുറത്തേക്കിറങ്ങി.
ഡ്രൈവിംഗിനിടയിലും അയാൾ അവളെ പറ്റിയാണ് ഓർത്തത്.കല്യാണം കഴിഞ്ഞിട്ട് എട്ട് മാസം ആകുന്നു. എല്ലാവരോടും നല്ല സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അവളിതുവരേയും പെരുമാറിയത്. ആർക്കും അവളെ പറ്റി ഒരു പരാതിയുമുണ്ടായിരുന്നില്ല.
ആദ്യ നാളുകളിൽ തനിക്കും ഒന്നും മനസ്സിലായിരുന്നില്ല, പിന്നീടാണറിഞ്ഞത് മനസികമായിട്ട് അവൾക്ക് എന്തൊക്കെയൊ പ്രശ്നങ്ങൾ ഉണ്ടെന്ന്. അപ്പോഴേക്കും താനവളെ ഒത്തിരി സ്നേഹിച്ചു പോയിരുന്നു, പിരിയുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റുമായിരുന്നില്ല.
തൻ്റെ വീട്ടുകാരോട് പോലും അയാൾ ഒന്നും പറയാതിരുന്നതിന് കാരണം അവളോടുള്ള ഇഷ്ട്ട കൂടുതലാണ്. ആരുടെ മുന്നിലും അവളെ കുറച്ച് കാണുന്നത് താനാഗ്രഹിച്ചിരുന്നില്ല.
സ്വന്തം വീട്ടിൽ നിന്ന് വാടക വീട്ടിലേക്ക് മാറാനുള്ള കാരണം ജോലി സൗകര്യത്തിനാണെന്നാണ് താനെല്ലാവരോടും കള്ളം പറഞ്ഞത്. അവൾക്കും വീട് വിട്ട് പോരാൻ താത്പര്യമില്ലായിരുന്നു. അത്രയ്ക്കിഷ്ട്ടമായിരുന്നു അവൾക്ക് എല്ലാവരോടും.
വീട് മാറാൻ നേരം അമ്മയും പറഞ്ഞതാണ് കൂടെ വരാന്ന്. പക്ഷേ തൻ്റെ എതിർപ്പ് ശക്തമായതിനാലാണ് അമ്മ പിന്മാറിയത്.ഇറങ്ങാൻ നേരം അമ്മ അവളുടെ നെറ്റിയിൽ ചുംബിച്ച് എൻ്റെ മോളേ നല്ലോണം നോക്കണേടാന്ന് പറഞ്ഞപ്പോൾ തൻ്റെ നെഞ്ച് വിങ്ങുകയായിരുന്നു. കുറഞ്ഞ കാലത്തിനുള്ളിൽ അത്രമേൽ പ്രീയമായിരുന്നു അവർ തമ്മിൽ.
വീട് മാറി കുറച്ച് നാൾ ജോലിയിൽ നിന്ന് ലീവെടുത്ത് അവളോടൊപ്പം നിന്നത് അവൾക്കൊരാശ്വാസം തന്നെയായിരുന്നു. ഒരു ഡോക്ടറെ കാണിക്കുവാനോ, ചിക്സയുടെ കാര്യമോ അവളോട് അവതരിപ്പിക്കുവാനുള്ള മനോ:ധൈര്യം തനിക്കില്ലായിരുന്നു. അതവളുടെ മനസ്സിന് മുറിവാകുമെന്ന് കരുതിയാണ് പറയാതിരുന്നത്.
അവൾക്കുള്ള അസുഖം താനറിഞ്ഞിട്ടില്ലെന്ന രീതിയിൽ എല്ലാം സാധാരണ രീതിയിലായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. അവിടെയും അവൾ തന്നെ കടത്തിവെട്ടി. സാരമില്ല ചേട്ടാ നമ്മുക്കേതെങ്കിലും നല്ല ഡോക്ടറെ കാണാം, തുടക്കമല്ലേ ഭേദമാവുമെന്ന് അവൾ പറയുമ്പോൾ പുറമെ കാണിച്ചില്ലെങ്കിലും ഉള്ളിൽ സന്തോഷമായിരുന്നു തനിക്ക്.
അവളുടെ വീട്ടിലോ മറ്റ് ബന്ധുക്കൾക്കോ പാരമ്പര്യമായോ ആർക്കും തന്നെ ഇങ്ങനെ ഒരസുഖം ഇല്ലായെന്ന തിരിച്ചറിവ് ശരിക്കും തന്നെ ഞെട്ടിച്ചിരുന്നു. കല്യാണത്തിനു ശേഷമാണ് ഇങ്ങനെയൊരു തോന്നലെന്ന് അവൾ തന്നെ പറഞ്ഞപ്പോൾ ചെറിയൊരാശ്വാസം തോന്നി.
പലപ്പോഴും ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും അവളുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി ഒന്നും ചോദിച്ചിരുന്നില്ല. ആ മുഖം ഒന്ന് വാടുന്നത് പോലും സഹിക്കില്ല അത്രമേൽ സ്നേഹിച്ചിരുന്നു താനവളെ.
പതിവിലും നേരത്തെ അയാൾ വീട്ടിലെത്തുമ്പോൾ അവൾ തയ്യാറായിട്ടുണ്ടായിരുന്നു. അവളുടെ കുഞ്ഞ് മുഖം രണ്ട് കൈക്കുള്ളിലാക്കി അവളോട് ചേർന്ന് നിന്ന് കൊണ്ട് അയാൾ പറഞ്ഞു ഇന്ന് നീ ഒത്തിരി സുന്ദരിയായിട്ടുണ്ടല്ലോ പെണ്ണേ.അത് പറയുമ്പോൾ അവളുടെ കണ്ണിൽ വിരിഞ്ഞ നാണം അവളെ കൂടുതൽ മനോഹരിയാക്കി.
അറിയാത്ത ഭാവത്തിൽ അയാൾ അവളോട് ചോദിച്ചു നേരത്തെ വരണമെന്ന് പറഞ്ഞപ്പോൾ എന്തിനാണെന്ന് ചോദിക്കാൻ വിട്ട് പോയി, എന്താ പുറത്ത് നിന്ന് വല്ലതും വാങ്ങണോ...?
ഈ ഏട്ടൻ്റെ ഒരു കാര്യം എന്താ ഒരു മറവി ഇന്നലെയും ഞാൻ പറഞ്ഞതല്ലേ മരുന്ന് ഇന്നത്തേക്ക് കൂടി ഉള്ളൂന്ന്, ഡോക്ടറെ കാണാനുള്ളതല്ലേ വേഗം റെഡിയായി വരൂ അത് പറഞ്ഞവൾ പരിഭവിച്ചു.
സൈക്ക്യാട്രിസ്റ്റിനെ കാണാൻ പോകുമ്പോഴും അയാളുടെ ശ്രദ്ധ ആരെങ്കിലും കാണുന്നുണ്ടോ. പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്നായിരുന്നു.
ഡോക്ടർ വളരെ ഫ്രണ്ട്ലിയായതിനാൽ അയാൾ എല്ലാ വിവരവും നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം ഇപ്പോൾ നല്ല ഭേദമുണ്ടെന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തുണ്ടായ സന്തോഷം അയാൾ ശ്രദ്ധിച്ചു.
ഇത്തവണ സൈക്യാട്രിസ്റ്റിൻ്റെ കൂടെ ഒരു പ്രായം കുറഞ്ഞ ഡോക്ടറും ഉണ്ടായിരുന്നു.അവർ തമ്മിൽ ഡിസ്കസ്സ് ചെയ്തതിനു ശേഷം ഡോക്ടർ അയാളോട് പറഞ്ഞു. ലുക്ക് മിസ്റ്റർ,ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം നിങ്ങൾ പുറത്തിറങ്ങുമ്പോൾ പരസ്പരം സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കണം.തനിച്ചുള്ളപ്പോൾ മാത്രം സംസാരിച്ചാൽ മതി. അതൊരു ഓർഡർ പോലെ അയാൾക്ക് തോന്നി.
അവർ പോയതിനു ശേഷം കൂടെ ഉണ്ടായിരുന്ന ജൂനിയർ ഡോക്ടർ, സൈക്യാർട്ടിസ്റ്റിനോട് ചോദിച്ചു ശരിക്കും അയാളുടെ ലൈഫിലെന്താണ് സംഭവിച്ചത് ഡോക്ടർ....?
ഇത് ഒരു സ്പെഷ്യൽ കേസ്സാണ്, ഒരാക്സിഡൻറിനു ശേഷം അയാളുടെ മാനസ്സിക നില ആകെ തെറ്റിയിരിക്കുകയാണ്.
അപ്പോൾ അയാളുടെ വൈഫ്...?
ആ ആക്സിഡൻ്റിൽ വൈഫ് മരിച്ച വിവരം അയാളുടെ ഉപബോധമനസ്സ് ഉൾക്കൊള്ളുന്നില്ല. ഭാര്യ കൂടെ ഉണ്ടെന്ന സങ്കല്പത്തിലാണ് അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത് തന്നെ.
ഒന്നും മനസ്സിലാവാതെ ജൂനിയർ ഡോക്ടർ അയാളെ ഒരിക്കൽ കൂടി കാണാനായ്
വെളിയിലേക്ക് ചെന്നു. ശൂന്യതയിൽ ശരിക്കും ആരോ ഉള്ളത് പോലെ അയാൾ വാചാലനായ് നടന്ന് പോകുന്ന ആ കാഴ്ച ഡോക്ടറെ തീർത്തും അത്ഭുതപ്പെടുത്തി.
തിരികെ വീട്ടിലേക്കുള്ള വഴിയിലുടനീളം ഒരു കൊച്ച് കുട്ടിയെ പോലെ അയാൾ അവളുടെ കൈയ്യിൽ പിടിച്ചിട്ട് മനസ്സിൽ ഉരുവിട്ടു കൊണ്ടിരുന്നു. ഈ ലോകം തന്നെ നിന്നെ ഒരു ഭ്രാന്തിയെന്ന് വിളിച്ചാലും ഞാൻ വിശ്വസിക്കില്ല....!!
Written by
Sherbin Antony
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക