പുറത്ത് ചെറിയ മഴയും തണുപ്പും, കാറ്റും വീശുന്നുണ്ട്,......
ഉറങ്ങിയേക്കാം എന്നു കരുതി തലയിണ എടുത്ത് തട്ടി മുട്ടി വച്ചു,
പുതപ്പെടുത്ത് കുടഞ്ഞു,
ഈ സമയം, വാട്സാപ്പിൽ ഒരു ''ഹായ്''' വന്നു,പുതപ്പ് കട്ടിലിൽ ഇട്ടു,
മൊബേലെടുത്തു,നോക്കി,പരിചയമില്ലാത്ത നമ്പർ,പ്രൊഫൈൽ പിക്ചർ രണ്ട് മാൻ മിഴികൾ ഇതാരാണാവോ ?
സംശയം മൂലം , ഞാൻ മറുപടിയായി
''ഹായ് ''വിട്ടു ..
മനസിലായോ ? ചോദ്യം,
ഇല്ല, എന്റെ മറുപടി,
ഉം,
എന്തെടുക്കുവാ.....? ചോദ്യം,
കിടക്കാൻ തുടങ്ങുവാ,......
ഇപ്പോഴും കിടക്കണോ,..? ചിരിയുടെ ഇമോജിയും,
കിടന്നുറങ്ങാറാ ശീലം,...
ഇപ്പോഴും ഉറങ്ങണോ, ? ചിരി ഇമോജി,
ആരാ മനസിലായില്ല,
മനസിലാക്കാൻ മാത്രം മനസിലുണ്ടാകാൻ സാധ്യതയില്ല,...
മറുപടി ,
എനിക്ക് ദേഷ്യം വന്നു, ഞാൻ ബാക്ക് അടിച്ചു,
അപ്പോൾ വീണ്ടും,
''പോയോ,'' എന്നൊരു ചോദ്യം,
എന്താ പ്രശ്നം, നിങ്ങൾ ആരാണ്,?
ഞാൻ വോയ്സ് മെസേജയച്ചു ,
ഞാൻ വനിതയാണ്,...
''ങേ ....സ്ത്രീ ശബ്ദം, ...
ഞാൻ കട്ടിലിലേക്ക് മെല്ലെ
ചെരിഞ്ഞു,...പുതപ്പെടുത്ത് നെഞ്ചു വരെ മൂടി, ....ശരീരമാസകലം ഒരു കുളിര്,...
പുറത്ത് ....
ചാറ്റൽ മഴയോടൊപ്പം ഒരു ഇടി വെട്ടി ഒപ്പം, മിന്നലും,
അകത്ത്,
ചാറ്റിനോടൊപ്പം വലിയ ലഡു പൊട്ടി നെഞ്ചിനുളളിൽ മിന്നലും,
വനിതയുടെ പേരെന്താണ് ,.....ഞാൻ ചോദിച്ചു,....
എന്റെ പേരാണ് ''വനിത,....''
അതുശരി, ഓകെ എവിടാണ് താമസം, ?
നിങ്ങളുടെ വീടിനടുത്താണ് ,
ആണോ ..? ഓർക്കുന്നില്ല, ഒരു പക്ഷേ വീട്ടുപേര് പറഞ്ഞാൽ ....
''കുന്നിൻ ചെരുവിൽ, എന്നാ വീട്ടുപേര്,
''കുന്നിൻ ചെരുവിലോ '? ഞാൻ സംശയത്തിന്റെ ഇമോജി അയച്ചു,...
കുന്നിൻ ചെരുവിൽ പണ്ട് ഒരപ്പൂപ്പനും, അമ്മൂമയും താമസിച്ചിരുന്നു,...''
''അത് ബാലരമയിലെ കഥ,...ഇത് അതല്ല സേട്ടാ,....
''ഞാൻ ചിരിയുടെ ഇമോജി അയച്ചിട്ട് ചോദിച്ചു,...
''ഭർത്താവിന്റെ പേരെന്താണ് ..?
ഡിവോഴ്സാണ്,... ''
''അടിസക്കെ..... ഡിവോഴ്സാണ്....തോണി
മെല്ലെ അടുപ്പിക്കാം എന്ന ചിന്തയോടെ ഞാൻ കീഴ്ച്ചുണ്ട് കടിച്ച് ആശ്ചര്യ ചിഹ്നം അയച്ചു,...
എനിക്ക് നിങ്ങളെ അറിയാം,..ഞാൻ .കണ്ടിട്ടുണ്ട് ,..!!
''എനിക്കങ്ങട് മനസിലായില്ല ..ഒരു ഫോട്ടോ അയച്ചാൽ....
''ഫോട്ടോയൊക്കൊ തരാം,... പിന്നേയ് ഒരു കാര്യം പറയാനുണ്ട്,....
''എന്താ .... (എനിക്ക് ആകാംക്ഷ യായി,... എന്റെ ഉറക്കം സ്വാഹാ,...)
'പറയു എന്താ പറയാനുളളത്,.... ഞാൻ വിളിക്കട്ടെ ,...!
''ഇപ്പം വേണ്ട ..!
''ഈ നമ്പർ എങ്ങനെ കിട്ടി ..?
''അതൊക്കൊ കിട്ടി,....( ചിരി ഇമോജി )
എന്നാ ഉറങ്ങിക്കോ നാളെ കാണാം,...
''ഹേയ് ഉറക്കമൊന്നുമില്ല.... ,പോകല്ലേ നമുക്ക് സംസാരിക്കാം ,...
''ബുന്ധിമുട്ടാകില്ലേ,...
''ഇല്ലന്നേ .... എന്താ പറയാനുളളത്,?
'സത്യത്തിൽ പറയാനല്ല ....
''പിന്നെ, ?
''ചെയ്യാനാ !
ങേ .... നെഞ്ചിലൊരു മിന്നൽ,...
''ചെയ്യണം,...
''എന്ത് ?
''ഓ എന്താത് ഒന്നും അറിയാത്തതു പോലെ,...!
''എനിക്ക് എന്തോ പോലെയായി,....ഞാൻ മറുപടി കൊടുത്തില്ല,...... പുതപ്പിനടിയിൽ കിടന്ന് ഞാൻ വിയർത്തു,....
രണ്ട് സെക്കൻഡ് കഴിഞ്ഞു,...
പെട്ടന്ന് ഒരു ഫോട്ടോ വന്നു,
ഞെട്ടിപ്പോയി.....
നമ്മുടെ വാർഡിലെ സ്ഥാനാർത്ഥി വനിത
നമ്മുടെ ചിഹ്നം ഉലക്ക, ....
''ചെയ്യണം കേട്ടോ മറക്കരുത് ,
സാമൂഹിക അകലം കണക്കിലെടുത്ത്
ഓൺലൈൻ വഴിയാണ് വോട്ടു പിടുത്തം ,...!!
ചെയ്യാൻ മറക്കരുത് കേട്ടോ,
ചിഹ്നം ഉലക്കയാണ്,....
ദൈവമേ ,
''ഒരു ഉലക്ക കിട്ടിയിരുന്നെങ്കിൽ .....
======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക