മെസ്സേഞ്ചറിൽ വന്ന മെസ്സേജ് കണ്ടപ്പോൾ ഞാനാ പ്രൊഫൈലിലൂടെ കണ്ണോടിച്ചു..
ആഹ്ലാദത്തിന്റെ തിരയിളക്കം അടക്കാനാവാതെ ഓഫീസിലാണ് എന്ന ഓർമ്മയില്ലാതെ എന്റെയുള്ളിൽ നിന്ന് "ഹോ"എന്നൊരു ശബ്ദം പുറത്തേക്ക് കുതിച്ചുചാടി.ഓർമ്മകളുടെ പ്രവാഹത്തിൽ എന്റെ കണ്ണുകൾ
നിറഞ്ഞു.."എന്നെ ഓർമ്മയുണ്ടോ" എന്ന സന്ദേശം കണ്ണീരിന്റെ മൂടലിൽ അവ്യക്തമായി.
ഓർമ്മകളുടെ കുത്തൊഴുക്കിൽ ഞാൻ എന്റെ സ്കൂൾകാലത്തിലേക്കെത്തി.അവിടെ തോളിൽ
തൂക്കിയിട്ട ബാഗുമായി ഞാൻ ക്ലാസ് റൂമിലേക്ക് കയറുമ്പോൾ അവളിറങ്ങി വരുന്നുണ്ടായിരുന്നു.
മുടിയിൽ കൊരുത്തിട്ടിരുന്ന വെള്ളചെമ്പകപ്പൂവിന്റെ സുഗന്ധം അവൾക്ക് ചുറ്റുമുണ്ടായിരുന്നു.അടുത്തെത്തിയതും എന്റെ മുഖത്തേക്ക് നോക്കി രണ്ട് കണ്ണുകളും അടച്ചുകാണിച്ചുകൊണ്ട് അവൾ മനോഹരമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. അതായിരുന്നു ആദ്യസമാഗമം.
"മൃദുല ശശിധരൻ"എന്ന് ടീച്ചർ അവളുടെ പേര് വിളിക്കുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു.
പിന്നീട് കാണുമ്പോഴെല്ലാം ആ കറുത്ത് തിളക്കമുള്ള കണ്ണുകൾ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങി.നിർമ്മലമായ ആ മുഖം
കാണാനുള്ള കൊതി സ്കൂളിൽ പോകാൻ ഇടക്ക് തോന്നാറുള്ള മടിയെല്ലാം മാറ്റി.കുളിച്ചു പൗഡറിട്ട് മുടി ചീകി അമ്മ നെറ്റിയിൽ തൊട്ടു തരുന്ന ചന്ദനവുമായി എന്റെ ചുവന്ന BSA SLR
സൈക്കിളിൽ സ്കൂളിലേക്ക് പോകുമ്പോൾ മനസ്സിൽ രാവിലെ റേഡിയോയിൽ കേട്ട
പാട്ട് മുഴങ്ങികൊണ്ടിരുന്നു..
"നീലകൂവളപൂവുകളോ വാലിട്ടെഴുതിയ കണ്ണുകളോ"
ഉച്ചഭക്ഷണം വേഗം കഴിച്ചുവെന്ന് വരുത്തി കൂട്ടുകാർക്കിടയിൽ നിന്ന് രക്ഷപ്പെട്ട് വരാന്തയിലെ തൂണിനോട് ചേർന്ന് ഞാൻ അവളെയും നോക്കി നിൽക്കും.ഒപ്പമിരിക്കുന്ന കൂട്ടുകാരികൾ കാണാതെ അവളുടെ മിഴികൾ എനിക്ക് നേരെ തിരിയുമ്പോൾ സലിക്കയുടെ
കടയിൽ നിന്ന് കിട്ടുന്ന തേൻനിലാവിന്റെ മധുരം
എന്റെ മനസ്സിൽ നിറയും.അവളുടെ ഒരു നോട്ടത്തിന് ഒരു പുഞ്ചിരിക്ക്
വേണ്ടിയുള്ള ആ കാത്തുനില്പ് പതുക്കെ എല്ലാവരും അറിഞ്ഞു.എന്നെ കാണുമ്പോൾ അവൾ നൽകിയിരുന്ന പുഞ്ചിരി ആദ്യമൊക്കെ ഒരു സൗഹൃദത്തിന്റെ പേരിലാണെന്ന് കൂട്ടുകാരെ ധരിപ്പിച്ചെങ്കിലും അവളെ കാണുമ്പോൾ എന്റെ മുഖത്തു വിരിയുന്ന മഴവില്ല് അവന്മാർ കണ്ടുപിടിച്ചു.
എപ്പോഴെങ്കിലുമൊരിക്കൽ മനസ്സിലുള്ള ഇഷ്ടം
അവളോട് തുറന്ന്പറയണമെന്ന എന്റെ ആഗ്രഹം ഉള്ളിൽ കിടന്ന് നീറിയെങ്കിലും അവളെ അടുത്തു കാണുമ്പോൾ എന്റെ ഹൃദയമിടിപ്പുകളുടെ പെരുമ്പറ അവൾ കേൾക്കുമോ എന്ന ഭയത്താൽ ഇഷ്ടം അവളോട് തുറന്ന് പറയാൻ കഴിയാതെ ഞാൻ പരവശനായി.നോട്ടങ്ങളിലും മനം നിറക്കുന്ന പുഞ്ചിരിയിലും എനിക്ക് നിന്നെ ജീവനാണെന്ന് അവൾ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ പത്താംക്‌ളാസ്സ് കഴിയുന്ന ദിവസവും വന്നെത്തി.എന്റെ മനസ്സ് വിഷാദമൂകമായിരുന്നു. എന്നെ നോക്കുന്ന അവളുടെ മിഴികളും സജലങ്ങളായിരുന്നു..വൈകുന്നേരം കൂട്ടുകാരോട് യാത്ര പറഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോൾ അവളുടെ കൂട്ടുകാരി
വന്ന് പറഞ്ഞു " മൃദു ലാങ്കിമരത്തിനടുത്തു നിൽക്കുന്നുണ്ട്.നിന്നെ ഒന്ന് കാണണംന്ന്"
സ്കൂളിന് പുറക് വശത്തെ ലാങ്കിമരത്തിനടുത്തേക്ക് ഞാൻ ഓടുകയായിരുന്നു.കൈയ്യിൽ പുസ്തകവും ഓട്ടോഗ്രാഫുമായി അവൾ നിൽക്കുന്നത് ഞാൻ കണ്ടു..അടുത്തേക്ക് ചെന്നപ്പോൾ ഇടറിയ
ശബ്ദത്തിൽ അവളെന്നോട് ചോദിച്ചു.
"ഇനിയെന്നാ കാണാ"
ഞാൻ : "അറിയില്ല..എവിടെ വച്ചേലും കാണാം.."
എനിക്കവളോട് ഒരുപാട് പറയണമെന്നുണ്ട്.
നിന്നെയെനിക്ക് ഒരുപാടിഷ്ടമാണ് എന്ന് പറയണമെന്നുണ്ട്..പക്ഷേ വാക്കുകൾ നഷ്ടപ്പെട്ട് അവൾക്ക് മുന്നിൽ ഞാൻ നിന്നു.മുഖം തെല്ല് കുനിച്ചു ഓട്ടോഗ്രാഫ് എടുക്കുന്നതിനിടയിൽ പൊടുന്നനെ അവളുടെ കൈയ്യിലിരുന്ന പുസ്തകം താഴെ വീണു.
പുസ്തക താളുകൾക്കിടയിൽ വച്ചിരുന്ന മയിൽപ്പീലിതുണ്ടുകൾ താഴെ ചിതറി. അതിനിടയിൽ വീണുകിടക്കുന്ന എന്റെ ക്‌ളാസ്സ്ഫോട്ടോയും ഞാൻ കണ്ടു..എല്ലാം എടുത്ത് പുസ്തകത്തിനുള്ളിലേക്ക് വച്ച്
എന്നെ നോക്കി നിറഞ്ഞ കണ്ണുകളോടെ
പുഞ്ചിരിച്ചു കൊണ്ട് ഓട്ടോഗ്രാഫ് അവളെനിക്ക് നേരെ നീട്ടി..എന്തെഴുതണമെന്നറിയാതെ വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചു..
എന്റെ മൃദുലക്ക്..
എന്നും ഒരുപാടിഷ്ടത്തോടെ..
എന്ന് മാത്രം എഴുതി ഞാൻ ഓട്ടോഗ്രാഫ് തിരിച്ചവൾക്ക് നീട്ടികൊണ്ട് പറഞ്ഞു.
"എനിക്ക് വേറൊന്നും എഴുതാനില്ല..എന്നും എന്റെ മനസ്സിലുണ്ടാവും.."
അവളത് വാങ്ങി നോക്കി.. ഹൃദയത്തിന് മേൽ ഒരു വലിയ പാറക്കല്ല് കയറ്റി വച്ചത്പോലെ എനിക്ക് തോന്നി..മുഖമുയർത്തി എന്റെ ക്‌ളാസ്സ് ഫോട്ടോ എടുത്തു വിതുമ്പുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു..
"ഇതെന്നും എന്റെ കൈയ്യിലുണ്ടാവും..പോട്ടെ"
ഇടക്കിടെ തിരിഞ്ഞുനോക്കി കൊണ്ട് അവൾ നടന്ന് പോകുന്നത് ഞാൻ നോക്കി നിന്നു..
തളർന്ന മനസ്സോടെ പോകാനായി തിരിയുമ്പോൾ കൊഴിഞ്ഞു വീണുകിടക്കുന്ന ലാങ്കിപൂക്കൾക്കിടയിൽ ഒരു വെള്ളചെമ്പകപൂവ് ഞാൻ കണ്ടു.
കാണണമെന്നു ഒരുപാട് ആഗ്രഹിച്ചിട്ടും പിന്നീടൊരിക്കലും അവളെ കണ്ടില്ല.വർഷങ്ങൾ കടന്നുപോയി..മാലിനി ജീവിതത്തിലേക്ക് കടന്നുവന്നു..സ്വച്ഛന്ദമായ പുഴ പോലെ ജീവിതം ഒഴുകിക്കൊണ്ടിരുന്നു. എങ്കിലും ഓർമ്മകളുടെ കിളിവാതിൽ വല്ലപ്പോഴും തുറക്കുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യരൂപം അവളുടേതായിരുന്നു..എഴുത്തിന്റെ ലോകത്തക്ക് കടന്ന് വന്ന് ആദ്യം പ്രസിദ്ധീകരിച്ച കഥ അവളെക്കുറിച്ചായിരുന്നു.. ചെമ്പകപ്പൂവിന്റെ സുഗന്ധവുമായി എന്റെ കവിതകളിലുമെല്ലാം അവൾ നിറഞ്ഞു..
ഇരുപത് വർഷങ്ങൾക്ക് ശേഷം ഇതാ അവൾ വീണ്ടും.."എന്നെ ഓർമ്മയുണ്ടോ" എന്ന് ചോദിച്ചുകൊണ്ട്.."മറക്കില്ല ഒരിക്കലും"
എന്ന് അവൾക്ക് മറുപടി അയക്കുമ്പോൾ എന്റെ ഹൃദയം തുടികൊട്ടുകയായിരുന്നു.പെട്ടെന്ന് ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. പരിചയമില്ലാത്ത നമ്പറാണ്.വെറുതെ ആഗ്രഹിച്ചു അവളായിരുന്നെങ്കിലെന്നു..ആ ശബ്ദമൊന്ന് കേൾക്കാൻ..എടുത്തു ചെവിയോട്
ചേർത്തപ്പോൾ മറുവശത്തു നിന്നും മധുരമായ
ശബ്ദത്തിൽ ഒരു നേർത്ത "ഹലോ" ഒഴുകി വന്നു..വർഷങ്ങൾക്ക് ശേഷം ഞാനാ ശബ്ദം വീണ്ടും കൊതിയോടെ കേട്ടു.
അവളുടെ വിശേഷങ്ങളെല്ലാം അവൾ പറഞ്ഞുകൊണ്ടിരുന്നു..കുടുംബമായി കാനഡയിലാണെന്നുമൊക്കെ..മകളുടെ ഫോട്ടോ കണ്ടപ്പോൾ തോന്നി പഴയ മൃദുല തന്നെ.. വിശേഷങ്ങൾ എല്ലാം ചോദിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
"നീ എഴുതിയ കഥ എനിക്ക് അയച്ചുതന്നത് സ്മിതയാണ്..സ്കൂളിലെ കൂട്ടുകാരിൽ അവളുമായിട്ട് മാത്രമേ കോൺടാക്ട് ഉള്ളു.നിന്റെ വിശേഷങ്ങൾ എല്ലാം അവൾ പറയാറുണ്ട്.. നിന്നെ കോൺടാക്ട് ചെയ്താലോ എന്ന് പലപ്പോഴും വിചാരിക്കും.പിന്നെ എന്തോ വേണ്ടെന്ന് തോന്നും..നമുക്കിപ്പോൾ പതിനഞ്ചു വയസ്സല്ലല്ലോ പ്രായം..പക്ഷേ നിന്റെ കഥ വായിച്ചപ്പോൾ തോന്നി നിന്നോടൊന്ന് സംസാരിക്കണമെന്ന്..ഇപ്പോൾ എനിക്ക്.. എനിക്കൊരുപാട് സന്തോഷമായി..
മാലിനിക്കും മക്കൾക്കും സുഖം തന്നെയല്ലേ.. ശരിട്ടാ..വേറെ ഒന്നുമില്ലടാ.."
പിന്നേ..ഒരുകാര്യം ഞാൻ പറയാൻ മറന്നു..
അന്ന് ആ ചെമ്പകപ്പൂവ് താഴെ വീണുപോയതല്ലാട്ടോ..നിനക്ക് വേണ്ടി
ഞാനത് അവിടെ ഉപേക്ഷിച്ചതാണ്..നീയത് എടുക്കുമെന്നറിഞ്ഞുകൊണ്ട് തന്നെ..
എല്ലാ സ്നേഹത്തോടെയും ഞാനതിൽ ഒരുമ്മ വച്ചിരുന്നു.."
ഫോൺ ഡിസ്കണക്റ്റായി.
എന്റെ കണ്ണുകൾ നിറഞ്ഞു..
ആ ലാങ്കിമരചുവട്ടിൽ അവളുടെ മുടിയിൽ നിന്നൂർന്നുവീണ ആ ചെമ്പകപ്പൂവ് കുനിഞ്ഞെടുത്തു ഉള്ളം കൈയ്യിൽ വച്ചുകൊണ്ട് എന്റെ കണ്ണീർ വീണ് നനഞ്ഞ ഇതളുകളിൽ ഞാൻ ചുണ്ടമർത്തിയത് എനിക്കോർമ്മ വന്നു..എന്തോ ഒരുൾപ്രേരണയാൽ ഞാനെന്റെ ഉള്ളംകൈ മുഖത്തോട് ചേർത്തു.. ചെമ്പകപ്പൂവിന്റെ സുഗന്ധം ഓർമ്മകളിൽ നിന്നും നിറഞ്ഞു..
ByRajeev Peringat Kalarikkal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക