ദുബായിൽ ചെന്നിറങ്ങി ആദ്യത്തെ ആഴ്ച്ച.
വ്യാഴാഴ്ച്ച. രാത്രി... ദുബായിലെ അൽ സത്വ എന്ന കൊച്ചു ഗ്രാമം. രണ്ടു നിലക്കട്ടിലിന്റെ മുകളിലെ നിലയിൽ , താഴെ നടക്കുന്ന അതിവിചിത്രമായ ആ ചടങ്ങു നോക്കി അമ്പരന്ന് കമിഴ്‌ന്ന് കിടക്കുകയായിരുന്നു ആ സുന്ദര സുമുഖ യുവാവ്. ഞാൻ.
താഴെ...
മുറിയുടെ മദ്ധ്യഭാഗത്തായി, പാതിയൊഴിഞ്ഞ വയറുമായി നെപ്പോളിയൻ എന്ന പച്ചക്കുപ്പി വിരാജിക്കുന്നുണ്ടായിരുന്നു. അതിനു ചുറ്റും സഹമുറിയന്മാർ മൂന്നു പേർ. ഒപ്പം പാലസിലെ ഡ്രൈവർ എന്നറിയപ്പെട്ടിരുന്ന സുമേഷ് എന്നൊരു മഹാനും.
സുമേഷ് ഒരു ഭീകരനായിരുന്നു. ആറര അടി ഉയരവും അതിനൊത്ത വണ്ണവും ഘന ഗാംഭീര്യ ശബ്ദവും കൊമ്പൻ മീശയും കഴുത്തിൽ ഒരു ഈന്തപ്പഴകുല ടാറ്റൂവും ലാൻഡ് ക്രുയിസർ വണ്ടിയും ഒക്കെയായി ഒരു വല്ലാത്ത ഇതാണ് പഹയന്.
ഞാൻ ആ മാന്യ ദേഹത്തിന്റെ വെള്ളമടി കൺ കുളിർക്കെ കണ്ടാസ്വദിച്ചു കൊണ്ടിരുന്നു. വെള്ളമില്ല. ഐസ്ക്യൂബുകൾ മാത്രം. ഓരോ തവണയും ഗ്ലാസ്സ് അനക്കുമ്പോൾ കിണി കിണി എന്ന കർണ്ണാനന്ദകരമായ ശബ്ദം.
പരിപാടി തുടങ്ങും മുൻപ് റൂം ഓണർ എന്നോട് ചോദിച്ചതാണ് 'നീ വെള്ളടിക്ക്വോ ഗഡ്യേ' ന്ന്. കേട്ട മാത്രയിൽ ഞാൻ തലവെട്ടിച്ച് ഓക്കാനിക്കുന്ന പോലെ ആംഗ്യം കാട്ടി. പുതിയ താമസക്കാരൻ വെടക്കാണോന്ന് ടെസ്റ്റ് ചെയ്യുവാന്നല്ലേ ഞാൻ കരുതിയത്. കഷ്ടായിപ്പോയി. ഞാൻ തെറ്റിദ്ധരിച്ചതാ. എല്ലാ വ്യാഴാശ്ച്ച രാത്രികളിലും ഇങ്ങനെ ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ഇപ്പൊ ഞാനും ആ കൂടെ കൂടി നെപ്പോളിയനെ കീഴ്പ്പെടുത്താൻ സഹായിച്ചേനേ. ഹാ! കഷ്ടം!!
കുപ്പിയോട് ചേർന്ന് വള്ളം പോലൊരു പാത്രത്തിൽ അതി വിശിഷ്ടമായതും എന്നാൽ വായിൽ വെക്കാൻ കൊള്ളാത്തതുമായൊരു ചിക്കൻ-മട്ടൺ-വെജിറ്റബിൾ മിക്സ് ഉണ്ടായിരുന്നു. സുമേഷ് പാലസിൽ നിന്നും കൊണ്ടുവന്നതാണ്. കണ്ടാൽ എന്തൊരു ഭംഗിയുള്ള വിഭവം. പക്ഷേ ഒരു സ്പൂൺ വായിലേക്കു വെച്ചതും , ഞാൻ ഞെട്ടി മുഖമുയർത്തി സുമേഷേട്ടനെ നോക്കി.
"ചിക്കനും മട്ടനും വെവ്വേറെ വേവിച്ചിട്ട് അത് ഒന്നിച്ച് ഉരലിലിട്ട് ഇടിച്ച് ചതച്ച്, അതിലേക്ക് പഞ്ചസാരയും സുഗന്ധ വർഗ്ഗങ്ങളും വാരിവിതറി കുറച്ച് തിളപ്പിച്ച ഒട്ടകപ്പാലൊഴിച്ച് അതിലേക്ക് നേരത്തേ വേവിച്ചു വെച്ച-"
" മതി ചേട്ടാ!" ഞാൻ കയ്യുയർത്തി തടഞ്ഞു. "നന്നായിട്ടുണ്ട്. "
"ഈ വക സാനോക്കെ നാട്ടീ കിട്ട്വോ ഗഡീ ?"
ഞാൻ മറുപടിയൊന്നും പറയാതെ ബെഡിന്റെ പടവുകൾ കയറി മുകളിലെത്തി കമിഴ്‌ന്നു കിടന്നു.
കുറച്ചു മണിക്കൂറുകൾ കടന്നു പോയിരിക്കണം. ഞാൻ ഇടയ്ക്കൊന്ന് ഓഫായിപ്പോയെന്നു തോന്നുന്നു. എന്തോ ബഹളം കേട്ട് കണ്ണു തുറന്നു നോക്കിയപ്പോൾ ...
ഉഗ്രനടി!
റൂം മേറ്റ്സ് രണ്ടുപേർ തമ്മിലാണ്. ഒരുത്ത മറ്റവന്റെ കഴുത്ത് തന്റെ കക്ഷത്തിലേക്ക് വെച്ച് കത്രികപ്പൂട്ടിട്ട് വെച്ചിരിക്കുകയാണ്. വേറൊരുത്തൻ ഭിത്തിയിൽ ചാരി അനക്കമില്ലാതെ ഇരിക്കുന്നു. സുമേഷേട്ടന്റെ കയ്യിൽ ഒരു വടിവാൾ പോലെ എന്തോ ഒരായുധം!!
രണ്ടാം നിലയാണെനോർക്കാതെ ഞാൻ ചാടിയെണീറ്റു.
ഹോ!
ക്രിസ്മസ് എന്നു പറഞ്ഞാൽ ഇതാണ്. എന്താ രസം. ചുറ്റും ബഹുവർണ്ണത്തിൽ തിളങ്ങുന്ന നക്ഷത്രങ്ങൾ!! ആഹഹഹ!
ഇതിന്റെ ഒരു കണക്കെന്താന്നു വെച്ചാൽ, റൂമിന്റെ ഉയരം പത്തടി. രണ്ടു നില ബെഡ് ആറടി. ബാക്കി നാലടി. എന്റെ ഉയരം അഞ്ചരയടി. അതായത് ഇത്തരം ബെഡുകളിൽ ഒരിക്കലും എഴുന്നേറ്റു നിൽക്കരുത് എന്നത് ദുബായിൽ എല്ലാർക്കുമറിയാവുന്ന ഒരു നഗ്ന സത്യമായിരുന്നു. അന്നത്തോടെ ഞാനും അതറിഞ്ഞു. അത്രേയുള്ളൂ.
എന്തായാലും ഞാൻ റിക്കവറായപ്പോഴേക്കും താഴത്തെ അടി തീർന്നിരുന്നു. എന്താണവിടെ നടന്നതെന്ന് എനിക്കിന്നും അറിയില്ല. പക്ഷേ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കണ്ണു തുറന്നയുടൻ ഇങ്ങനെയൊരു കാഴ്ച്ച കണ്ടാൽ ആരായാലും മിനിമം ഒന്ന് ചാടിയെണീക്കും. ഞാനും അത്രെ ചെയ്തുള്ളൂ.
എനിക്ക് ബോധം വന്നപ്പോൾ സുമേഷേട്ടൻ എല്ലാം ശാന്തമാക്കി പോകാനൊരുങ്ങുകയാണ്. അദ്ദേഹം കാലിയായ കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം ഒരു പ്ലാസ്റ്റീക് കവറിലാക്കി എല്ലാവരേയും നോക്കി കൈ ചൂണ്ടി ഒന്നു മുരണ്ടു.
"മര്യാദക്ക് കെടന്നൊറങ്ങിക്കോണം എല്ലാവനും. ഇല്ലെങ്കി നാളെ ഞാൻ ഒരു വരവോടെ വരും! ഓർത്തോ!!"
എന്നിട്ട് പയ്യെ തിരിഞ്ഞ് മുറി തുറക്കാൻ നോക്കിയപ്പോഴാണ് അദ്ദേഹം സാമാന്യം നല്ല കണ്ടീഷനിലാണെന്ന് എനിക് മനസ്സിലായത്. ബോൾട്ട് തുറക്കാനാകാതെ വിജ്രംഭിച്ചു നിന്ന അദ്ദേഹത്തെ ഒടുവിൽ ഞാൻ ഇറങ്ങിച്ചെന്ന് സ്വതന്ത്രനാക്കി ഇറക്കി വിട്ടു. വളരെ വളരെ ഹൊറിസോണ്ടലായി നടന്ന് അയാൾ പതിയെ സ്റ്റെയർ ഇറങ്ങി താഴേക്കു പോകുന്നത് ഞാൻ ഒരൽപ്പം ആശങ്കയോടെയാണ് നോക്കി നിന്നത്. ഈ പരുവത്തിൽ ഇയാളെങ്ങനെ ആ വലിയ വണ്ടിയും തെളിച്ചുകൊണ്ട് പോകും എന്നായിരുന്നു എന്റെ ചിന്ത.
അദ്ദേഹം കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ ഓടി ബാൽക്കണിയിൽ ചെന്ന് താഴേക്കു നോക്കി. കക്ഷി സുരക്ഷിതനായി താഴെ എത്തിയിരിക്കുന്നു. ഭാഗ്യം.
ഫുട് പാത്തിലൂടെ അതീവ ജാഗ്രതയോടെ അടിവെച്ചു നീങ്ങുകയാണ് പാലസിലെ ഡ്രൈവർ.
കുറച്ചു മാറി അദ്ദേഹത്തിന്റെ വണ്ടി പാർക്ക് ചെയ്തു കിടക്കുന്നത് കാണാം. അതിനോടു ചേർന്നു തന്നെ മുനിസിപ്പാലിറ്റി വക ഒരു കൂറ്റൻ ഗാർബേജ് ബിന്നും ഉണ്ട്.
ദുബായിൽ പോയിട്ടില്ലാത്ത സില്ലി ഗയ്സ് നു വേണ്ടി ഗാർബേജ് ബിൻ എന്താണെന്ന് വ്യക്തമാക്കാം. ഇത് ഒരു വലിയ സ്റ്റീൽ പാത്രമാണ്. സാമാന്യം ഒരു കിണറിന്റെ ആഴം വരും. നമ്മൾ വേസ്റ്റ് ഇട്ട് നിറയ്ക്കണം. ഡെയ്‌ലി മുനിസിപ്പാലിറ്റി വണ്ടി വന്ന് ആ ബിൻ അപ്പാടെ പൊക്കിയെടുത്ത് വണ്ടിയിലേക്ക് മറിക്കും. എന്നിട്ട് തിരിച്ച് അതവിടെത്തന്നെ വെച്ചിട്ടു പോകും. ആദ്യമായി കാണുന്നവർക്ക് ഇതൊരു കൗതുക കാഴ്ച്ചയാണ്.
അതൊക്കെ പോട്ടെ.
സുമേഷേട്ടൻ വേസ്റ്റ് ബിന്നിനരികിലൂടെ പതിയെ പാസ്സ് ചെയ്ത് കയ്യിലിരുന്നത് അതിനുള്ളിലേക്കിട്ട് നേരേ കാറിനരികിലേക്ക് നടന്നു. ഞാൻ അങ്കലാപ്പോടെ ആ കാഴ്ച്ച കണ്ടു നിന്നു. ഇന്നിയാൾ ആരെയെങ്കിലും വണ്ടി കേറ്റി കൊല്ലും എന്നെന്റെ ഉള്ളിലിരുന്നാരോ മന്ത്രിച്ചു.
ഞാൻ തിരിച്ച് മുറിയിലേക്കു കയറാൻ തുടങ്ങിയതാണ്. പക്ഷേ.
എന്തോ ഒരു പ്രശ്നമുണ്ട്.
സുമേഷേട്ടൻ ആകെ സ്തബ്ധനായി നിൽക്കുകയാണ്. വണ്ടിയിൽ കയറുന്നില്ല. തന്റെ കയ്യിലേക്കു നോക്കുന്നു. വണ്ടിയിലേക്കു നോക്കുന്നു. ചുറ്റും നോക്കുന്നു. മേലേക്കു നോക്കുന്നു. എന്തോ ഒരു പ്രശ്നമുണ്ട്.
പെട്ടെന്നു തന്നെ എനിക്ക് മനസിലായി.
കക്ഷി ഒരു കയ്യിൽ വേസ്റ്റും മറ്റേ കയ്യിൽ വണ്ടിയുടെ ചാവിയുമായിട്ടായിരുന്നല്ലോ നടപ്പ്. വേസ്റ്റ് ബിൻ കണ്ടപ്പൊ ഇടതു കൈയ്യും വലതു കയ്യും തമ്മിൽ മാറിപ്പോയതാണ് സംഭവം. വേസ്റ്റ് കവറിനു പകരം കക്ഷി ബിന്നിലിട്ടത് ലാൻഡ് ക്രൂയിസറിന്റെ ചാവിയായിരുന്നു!
ഈ പ്ലാസ്റ്റിക്ക് കവർ കൊണ്ട് ഞാൻ എങ്ങനെ ഈ വണ്ടി ഓടിക്കും എന്നുള്ള കൺഫൈയൂഷനിൽ നിന്നുപോയതാണ് കക്ഷി.
പിന്നെ നടന്നത് രസകരമായിരുന്നു.
അദ്ദേഹം ആ ഗാർബേജ് ബിന്നിന്റെ വക്കിൽ പിടിച്ചു തൂങ്ങി അതിനകത്തേക്ക് കയറാനുള്ള ശ്രമം തുടങ്ങി. ബാൽക്കണിയിൽ നിന്നും അത്തരമൊരു കാഴ്ച്ച അതിമനോഹരമായിരുന്നു. ചിരിക്കണോ കരയണോ എന്നറിയാതെ ഞാനങ്ങനെ ആ ഭഗീരഥ പ്രയത്നം നോക്കി നിന്നു.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ "ഠോങ്ങ്!!" എന്നൊരു ശബ്ദം കേട്ടു. സുമേഷേട്ടൻ അപ്രത്യക്ഷനായിരിക്കുന്നു ! ഒരു ഞെരക്കം പോലെ എന്തോ കേട്ടു. എക്കോ ഒക്കെ ഉണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഗാർബേജ് ബിന്നിന്റെ ഉള്ളിൽ വെളിച്ചം തെളിഞ്ഞു.
മൊബൈൽ ടോർച്ചുമായി വണ്ടിയുടെ ചാവി തപ്പി കച്ചറ ഡബ്ബക്കുള്ളിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന പാലസ് ഡ്രൈവർ !
എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമല്ല. മുറിയിൽ നിന്നും കൊണ്ടുപോയ വേസ്റ്റ് കവർ അദ്ദേഹം വലതുകയ്യിൽ അപ്പോഴും സുരക്ഷിതമായി മുറുക്കെ പിടിച്ചിരുന്നു.
അധികം വൈകിയില്ല. താക്കോലുമായി നിവർന്ന പുള്ളിക്കാരൻ സന്തോഷം കൊണ്ടാണോ എന്നറിയില്ല ഉറക്കെയൊന്ന് കാറി. ഞാൻ വീണ്ടും നോക്കി. വേസ്റ്റ് കവർ അപ്പോഴും കയ്യിൽ തന്നെ.
ബാക്കി കഥ ആകെ സെഡ് ആണ്.
അങ്ങോട്ടു കയറിയ പോലെ ആയിരുന്നില്ല. തിരിച്ചിങ്ങോട്ടുള്ള കയറ്റം അതീവ ദുഷ്കരമായിരുന്നു. പല വട്ടം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ ബിൻ മറിച്ചിട്ട് ഇറങ്ങാൻ വരെ ട്രൈ ചെയ്തു പാവം. പക്ഷേ അതുണ്ടോ അനങ്ങുന്നു. എനിക്ക് ഇറങ്ങിച്ചെന്ന് സഹായിക്കാൻ കൈ തരിച്ചതാണ്. പക്ഷേ ആ ബിന്നിന്റെ സൈഡിൽ തന്നെ എഴുതിയിട്ടുണ്ട് അതിനകത്തു നിന്നും എന്തെങ്കിലും എടുക്കുന്നത് നിയമവിരുദ്ധമാണെന്ന്.
അധികം നേരം ആ കഷ്ടപ്പാട് കണ്ടുനിൽക്കേണ്ടി വന്നില്ല. റോഡിന്റെ അങ്ങേയറ്റത്തു നിന്നും "ചോപ്പ നീല ചോപ്പ നീല " ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി.
എന്തായാലും എന്റെ പ്രാർത്ഥന ഫലിച്ചു സൂർത്തുക്കളേ. സുമേഷേട്ടൻ അന്നു രാത്രി മദ്യപിച്ച് വാഹനമോടിച്ച് അപകടമൊന്നും വരുത്തിയില്ല. ദുബായ് പോലീസ് സമ്മതിച്ചിട്ടു വേണമല്ലോ.
അലക്സ് ജോൺ
ത്രിശ്ശൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക