നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെരുപ്പിടാത്ത അച്ചൻ


ഡോക്ടറെ കാണണം.
ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ ടെസ്റ്റ് ചെയ്യണം.രാവിലെ തന്നെ ടൗണിലെ പേരു കേട്ട സ്വകാര്യ ആശുപത്രിയിൽ പോയ് വരിയിൽ നിന്ന് ടോക്കണെടുത്തു.
ഡോക്ടറെ കണ്ടു. ലാബിലേക്ക് ചീട്ടെഴുതി. പ്രഷർ നോർമൽ .രക്തം കൊടുത്തു. ഇനി ഫുഡ് കഴിച്ച് ഒന്നര മണിക്കൂർ കഴിഞ്ഞ് വീണ്ടും രക്തം കൊടുക്കണം. കാന്റീനിൽ പോയ് ദോശയും സാമ്പാറും. പിന്നെ ചായയും. നേരമായിട്ടില്ല ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങി.
കണ്ടാൽ ഒരു പാവം പിടിച്ച വല്യമ്മ.ചട്ടയും മുണ്ടും വേഷം. കഴുത്തിലൊരു കൊന്ത.കയ്യിലൊരു കുടയും ചുരുട്ടി പിടിച്ച കടലാസ് തുണ്ടുകളും അന്തോണിസ് പുണ്യാളന്റെ ഫോട്ടോയും.മോനെ ഒരു ചായ വാങ്ങി തരോ. നിരാശയോടെയുള്ള യാചന.
വാ വല്യമ്മേ ന്ന് ഞാൻ. ചുളിവ് വീണ വാടി തളർന്ന മുഖത്തൊരു തിളക്കം.എന്റെ പിന്നാലെ വേച്ചു വേച്ച് വല്യമ്മ. കാന്റീനിലേക്ക് -
ചായ മാത്രം മതിയോ വല്യമ്മേ..വിശക്കണ് ണ്ടാ വല്ലതും കഴിക്കണോ. വല്യമ്മയുടെ വെറുതെയുള്ള ഒരു നോട്ടം .ആ നോട്ടത്തിൽ വിശപ്പിന്റെ വിളി അളന്നെടുക്കാം. ഒരു മസാലദോശക്കുള്ള ഓർഡർ.
മോനേതാ .എവിടെയുള്ളതാ. കഴിക്കുന്നതിനിടയിൽ വല്യമ്മ. ഞാൻ ഇവിടെ അടുത്തുള്ളതാ ആളൂര്.
മോനെ കർത്താവ് അനുഗ്രഹിക്കും. ചെയ്ത നന്മക്ക് വല്യമ്മയുടെ ആശ്വാസമൊഴി.
വല്യമ്മ ഡോക്ടറെ കാണാൻ വന്നതാണോ .എന്താ വയ്യായ്മ. മറുപടി ഇല്ല. മസാല ദോശ പാതിയോളം കഴിച്ച് വല്യമ്മ എഴുന്നേറ്റു.കൈയും മുഖവും കഴുകി വന്നു.
കാശ് കൊടുത്തു ഞാൻ പുറത്തിറങ്ങി. പടികളിറങ്ങി വല്യമ്മ.
മോനെന്താ പണി. വീണ്ടും വല്യമ്മ.
ഗൾഫിലായിരുന്നു .ഇപ്പോ പണിയൊന്നുമില്ല. എന്തെങ്കിലുമൊക്കെ നോക്കണം എന്ന് ഞാൻ.
വല്യമ്മയുടെ വീടെവിടാ.കൂടെ ആരും വന്നില്ലേ..
ആരു വരാനാ മോനെ .ആകെയുള്ളത് കിടപ്പിലാ. കണ്ണുകൾ നിറഞ്ഞ് വല്യമ്മ.
ആകാംക്ഷ. എന്താ കാര്യം വല്യമ്മേ..
വല്യമ്മയുടെ ദയനീയ കഥ.
ഭർത്താവില്ല .വർഷങ്ങൾക്ക് മുമ്പ് മരിച്ചു പ്പോയ്.ഏക മകൻ .തെങ്ങുക്കയറ്റം. ഭാര്യയും നല്ല പോലെ പഠിക്കുന്ന രണ്ടു മക്കളും.പുറമ്പോക്കിലാണ് വീട്. തെങ്ങിൽ നിന്നു വീണ് ആശുപത്രിയിൽ കിടപ്പിലായിട്ട് ഒരു മാസത്തോളമായ്. ഉദാരമതികളുടെ സഹായം കൊണ്ട് ചികിത്സ..
കഥ കേട്ട് എന്റെ മനസ്സ് വിഷമിക്കുന്നു.
പിന്നെ കാണാം വല്യമ്മേ.. ലാബിലേക്ക് ഞാൻ.
റിസൽട്ട് വാങ്ങി ഡോക്ടറെ കാണണം. പിന്നെയും കാത്തിരുപ്പ്. പരിചയമുള്ള നഴ്സ്.ഒരു മിനിറ്റ് നീണ്ടു നിന്ന സൗഹൃദ സംഭാഷണം.
ആളുകൾ തിങ്ങി നിറഞ്ഞ വരാന്ത. ആരെയോ തിരക്കി ആ വല്യമ്മ.
വീണ്ടും ഞാൻ
ആരെയാ നോക്കണേ വല്യമ്മേ..
ഡയറക്ടറച്ചനെ കാണാൻ വന്നതാ.
എന്തിനാ..
മരുന്നിന്റെ ബില്ലൊന്ന് കുറച്ച് തരാൻ പറയാനാ.
അങ്ങനെ കുറച്ച് തരോ.
കുടുംബ യൂണിറ്റ് പ്രസിഡന്റിന്റെയും വികാരിയച്ചന്റെയും കത്ത് വല്യമ്മ കാണിക്കുന്നു.
ന്നാ വല്യമ്മ കണ്ടിട്ട് വായോ.
റിസൾട്ട് കിട്ടി. ഷുഗർ ഉണ്ട്. ഡോക്ടറെ കണ്ടു. മരുന്നെഴുതി. ഉപദേശം.ദിവസവും നടക്കണം. ഭക്ഷണം നിയന്ത്രിക്കണം.
മെഡിസിന്റെ ബില്ലടച്ച് പേര് വിളിക്കുന്നത് കാത്ത് ഞാൻ.
വീണ്ടും വല്യമ്മ. നിരാശഭരിത.ദുഖം നിഴലിച്ച മുഖം.
അച്ചനെ കണ്ടോ വല്ലമ്മേ.. പൈസ കുറച്ച് തന്നോ..
എന്തു പറയാനാ മോനെ.. രണ്ടായിരം രൂപയില് നൂറ് രൂപ കുറച്ച് തന്നു..
പാവപ്പെട്ട രോഗികൾക്ക് ഒരാശ്വാസമായ് ഇടവകകളിൽ നിന്നും മറ്റും ഫണ്ട് സ്വരൂപിച്ച് പടുത്തുയർത്തിയ ദൈവത്തിന്റെ കാണപ്പെട്ട രൂപങ്ങൾ നടത്തുന്ന ആശുപത്രി.
എന്നിലുള്ള വിശ്വാസി ഒരു നിമിഷം അന്തം വിട്ടു നിന്നു.
വല്യമ്മേ അച്ചനോട് കഷ്ടപ്പാടെല്ലാം തുറന്നു പറഞ്ഞില്ലേ ..
പറഞ്ഞു മോനെ.. അപ്പോ അച്ചൻ പറയാ ഇത് ധർമ്മാശുപത്രിയല്ലാന്ന്.. എന്ത് ചെയ്യാനാ..
കഷ്ടം. എന്റെ ചിന്തകൾ കാട് കയറുന്നു.
ഏതാ ആ അച്ചൻ.. പേരെന്താ ..
പേര് ഓർമ്മ കിട്ടണില്ല. കാലിൽ ചെരുപ്പിടാത്ത അച്ചനാ..
വല്യമ്മ പോയ്.
മരുന്നും വാങ്ങി ചെരുപ്പിടാത്ത ആ അച്ചനെ നോക്കി ഞാൻ നടന്നു. കണ്ടില്ല.
ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എന്റെ മനസ്സിൽ കരുണാമയനായ യേശുവിന്റെ ക്രൂശിത രൂപം തെളിഞ്ഞു വന്നു. എന്നോടെന്തോ മന്ത്രിക്കുന്നതു പോലെ.
"ഈ എളിയവരിൽ ഒരാൾക്ക് നിങ്ങൾ എന്തു ചെയ്തു കൊടുക്കുന്നുവോ അത് നിങ്ങൾ എനിക്ക് തന്നെയാണ് ചെയ്തു തരുന്നത്..!!"
-പോളി പായമ്മൽ
You, Binitha Sain, Shoukath Maitheen and 130 others
41 Comments
2 Shares
Like
Comment
Share

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot