നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പറയാതെ


രാവിലെ ഡൈനിംഗ് ടേബിളിൽ പ്രാതലിൻ്റെ വിഭവങ്ങൾ നിരത്തുന്ന ജോലിയിലായിരുന്നു ഞാൻ. ബാലേട്ടനാകട്ടെ പാത്രങ്ങളുടെ അടപ്പു പൊക്കി നോക്കി വിഭവങ്ങൾഎന്തൊക്കെയാണെന്ന് കാണുന്ന തിരക്കിലും .കാസറോളിലെ ചൂടാറാത്ത മൊരിഞ്ഞ ദോശക്ക് കൂട്ട് സാമ്പാറും ചട്ട്ണിയുമുണ്ടെങ്കിലും പാചക നേരത്ത് പതിവില്ലാതെ എനിയ്ക്ക് തയ്യാക്കാൻ തോന്നിയ മസാല മൂടിവച്ച ചെറിയ പാത്രം തുറന്നതും കൊതിപ്പിയ്ക്കുന്ന ഗന്ധം പരന്നു, മുറിയിലാകെ . ബാലേട്ടൻ്റെ മുഖത്തിന് കൊച്ചു കുട്ടികളുടെ മുഖത്തു കാണുന്ന പോലെ കൊതിയുടെ തിരനോട്ടത്തിൻ്റെ കാന്തി.
മുപ്പതിനോടടുത്ത് പ്രായമുണ്ടെങ്കിലും ഇന്നും പുതുപ്പെണ്ണിൻ്റെ മോടിയാണെൻ്റെ വീടിന്. പരസ്യത്തിൽ പറയും പോലെ പായലും പൂപ്പലും അകറ്റി നിറുത്തുന്ന പെയ്ൻ്റിംഗിൻ്റെ ഗുണം കൊണ്ടോ, ഞാൻ കണ്ടറിഞ്ഞു ചെയ്യുന്ന സംരക്ഷണത്തിൻ്റെ ഗുണം കൊണ്ടോ? അതു കൊണ്ടു തന്നെ ബാക്കി അയൽക്കാർ പലരും പുതിയ വീട്ടിലേയ്ക്ക് ചേക്കേറാൻ തുടങ്ങിയിട്ടും ഞങ്ങളുടെ ചിന്തയിൽ അങ്ങനെയൊരു വിഷയം ഉദിച്ചിട്ടേയില്ല.
പതിവില്ലാതെ ഉമ്മറ വാതിൽ തുറന്നിട്ട് ഡൈനിംഗ് ടേബിളിനടുത്തേക്ക് നടക്കുമ്പോൾ ,എന്താ ഇങ്ങനെയെന്ന ചോദ്യമുയർത്തുന്നുണ്ടായിരുന്നു, ബാലേട്ടൻ്റെ ഉയർന്ന പുരികക്കൊടികൾ.
ഡൈനിംഗ് കം ലിവിംഗ് റൂമായതിനാൽ ഭക്ഷണം കഴിക്കുന്ന സമയത്ത് മുൻ വാതിൽ തുറന്നിടാറേയില്ല ഞങ്ങൾ.
കോവിഡല്ലെ, ആരു കടന്നു വരാൻ എന്ന മറുപടിയിൽ ഏട്ടനു തൃപ്തിയായിക്കാണണം.
'ഞാനിപ്പോൾ കടന്നു വന്നത് ബുദ്ധിമുട്ടായോ' എന്ന ചോദ്യവുമായി കൺമുന്നിൽ അനിരുദ്ധൻ.ഭക്ഷണം കഴിയ്ക്കുന്നതിൻ്റെ തിരക്കിൽ തുറന്നു കിടന്ന വാതിലിനകത്തു കൂടെ അനിരുദ്ധൻ കടന്നു വന്നത് ഞങ്ങൾ അറിഞ്ഞതേയില്ല.
കൈ കഴുകിയിട്ടിരിയ്ക്കൂ ,പ്രാതലാകാം എന്ന് ക്ഷണിക്കുമ്പോഴും കാഴ്ച്ചയിൽ വന്ന അവൻ്റെ മാറ്റം ശ്രദ്ധിയ്ക്കുകയായിരുന്നു ഞാൻ.
പതിവിനു വിപരീതമായി പ്ലെയിൻ ഷർട്ടിനു പകരം കറുപ്പിൽ നിറയെ ചെറിയനീല ക്കളങ്ങളുള്ള ഫുൾസ്ലീവ് ഷർട്ട്. കറുപ്പു കരയുള്ള ഡബിൾമുണ്ട്. നെറ്റിയിൽ ചെറിയ ചന്ദനക്കുറി.
കാര്യം തിരക്കിയപ്പോൾ,വിവാഹ വാർഷികം പ്രമാണിച്ച് അമ്പലത്തിൽ പോയി തിരിച്ചു വരുന്ന വഴിയാണത്രേ. വീടിന്നു മുന്നിൽ എത്തിയപ്പോൾ പെട്ടെന്ന് ഞങ്ങളെ കാണുവാൻ തോന്നിയെന്നും.
"വിവാഹ വാർഷികമായിട്ട് തനിച്ചോ? നന്ദിനിയെവിടെ?"
"ഒരുമിച്ചു വരണമെന്നു കരുതിയതാണ്. പക്ഷേ നന്ദിനിക്കിന്ന് അമ്പലത്തിൽ കയറാൻ പറ്റില്ല " എന്നു പറയുമ്പോൾ അനിരുദ്ധൻ്റെ മുഖത്ത് ലജ്ജ വിരിഞ്ഞു. പിന്നെ പറഞ്ഞു, ഈ വേഷം നന്ദിനിയുടെ സമ്മാനമാണെന്ന്.
"വീടിനേയും വീട്ടുകാരേയും ഉപേക്ഷിച്ചെത്തിയ സഹപാഠിയായ നജ്മയെ ജീവിത സഖിയായി കൂടെ കൂട്ടുമ്പോൾ രണ്ടു പേരും സ്വന്തം മതാചാരങ്ങൾ തന്നെ പിൻതുടരാം എന്നായിരുന്നു തീരുമാനം. പക്ഷേ നന്ദിനിയെന്ന പേര് സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത അവൾക്കിപ്പോൾ എൻ്റെ ശീലങ്ങളെ പിൻതുടരാനാണിഷ്ടം. ". അനിരുദ്ധൻ കൂട്ടിച്ചേർത്തു..."സന്ധ്യാ ദീപവും നാമജപവുമടക്കം."
മകളോട്, മകനോട് ഇനിയും ക്ഷമിക്കാനാകാത്ത മാതാപിതാക്കളാണിരുവരുടേയും ദുഃഖം .വിവാഹം കഴിഞ്ഞിട്ട് നാലു വർഷം കഴിഞ്ഞിട്ടും കൂട്ടിയിണക്കാൻ ഒരു പിഞ്ചു കുഞ്ഞിൻ്റെ ജനനം ഇല്ലാത്തതാകാം ഇരു കുടുംബവും അകന്നു നിൽക്കുന്നതിൻ്റെ പ്രധാന ഹേതുവും.
കാപ്പി കഴിയ്ക്കുന്നതിനിടയിൽ, യൂട്യൂബ് വീഡിയോ നോക്കി ഞാൻ നടത്തിയ ചോറു കൊണ്ടുള്ള മുറുക്ക് എന്ന പാചക പരീക്ഷണത്തിൻ്റെ ബാക്കിപത്രങ്ങൾ അവൻ താല്പര്യത്തോടെ പെറുക്കിപ്പെറുക്കി തിന്നുന്നത് കണ്ടപ്പോൾ ടിന്നിൽ ബാക്കിയുള്ളവ നന്ദിനിയ്ക്കായി കൊടുത്തു വിടാനുള്ള തീരുമാനത്തിലായിരുന്നു ഞാൻ.
നമ്മൾ കഴിക്കുന്ന ഓരോ ചോറിൻ്റെ വറ്റിലും നമ്മുടെ പേര് എഴുതിക്കാണും എന്ന് പറയാറില്ലെ.കഴിഞ്ഞ ദിവസം ബാലേട്ടനുമൊത്ത് വെറുതെ കാറിൽ മാത്രമിരുന്ന് ഒരു ഔട്ടിംഗാകാം എന്ന് കരുതിപ്പോയതാണ്.ജംഗ്ഷനിലെ തുണിക്കടയിൽ പ്രദർശിപ്പിച്ചിരുന്ന സാരി വാങ്ങിയത് വെറും കൗതുകത്തിന്. ഈ കൊറോണ കാലത്ത് വെറുതെ വാങ്ങിക്കൂട്ടണോ അലമാരി നിറക്കാൻ എന്ന് ബാലേട്ടൻ ചോദിച്ചതാണ്.ഒരു സമ്മാനം പോലെ, നന്ദിനിയ്ക്കായി അത് അനിരുദ്ധനെ ഏൽപ്പിയ്ക്കുമ്പോൾ മനസ്സിൽ ഓർത്തു, ഈ സാരിയിൽ എഴുതിയ പേര് നന്ദിനി എന്നുതന്നെ!
ഓഫീസിൽ പുതുതായി ജോയിൻ ചെയ്യാൻ വന്ന അനിരുദ്ധൻ എന്ന എൻജിനീയർ പയ്യൻ വയസ്സിൻ്റെ വ്യത്യാസമൊന്നും കണക്കിലെടുക്കാതെ ബാലേട്ടൻ്റെ സുഹൃത്തായി മാറുകയായിരുന്നു. ഏട്ടൻ്റെ റിട്ടയർമെൻറിനു ശേഷം അവൻ്റെ സന്ദർശനം വീട്ടിലേക്കു നീണ്ടു.കഴിഞ്ഞ നാലു വർഷമായി കൂട്ടിന് അവൻ്റെ നന്ദിനിയുമുണ്ട്.
തിരക്കിട്ട് യാത്ര പറഞ്ഞു പിരിയുമ്പോൾ തിരിച്ചെൻ്റെ അരികിലേക്ക് നടന്ന്,ബൈക്കിൽ തൂക്കിയിട്ട ബാഗിൽ നിന്നുമെടുത്ത ചെറിയ പ്ലാസ്റ്റിക് കവർ എൻ്റെ കയ്യിലേൽപ്പിച്ചു മടങ്ങുന്നതിനിടെ അതെന്താണെന്ന്ചോദിയ്ക്കാൻ ഞാൻ മറന്നു. പറയാൻ അവനും.
മറവിയിൽപ്പെട്ട് അതങ്ങനെ ഒരു മാസമായി ഞങ്ങളുടെ കിച്ചൻ കാബിനറ്റിലുണ്ട്.... കറുകപ്പട്ടയായിരിക്കും അത് എന്ന എൻ്റെ മുൻ വിധിയോടെ . യൂട്യൂബിലെ പുതിയവീഡിയോ പകർന്നു തന്ന അറിവു പരീക്ഷിക്കുന്നതോർത്തപ്പോഴാണ് ഞാൻ അനിരുദ്ധൻ എന്നെയേൽപ്പിച്ച പൊതിയെക്കുറിച്ച് ചിന്തിച്ചതു തന്നെ. ചെടികൾക്കു വേരുപിടിപ്പിക്കാൻ കറുകപ്പട്ടയുടെ പൊടി നല്ലതാണത്രേ. ചെറിയ ഉരലിൽ ഇട്ട് എത്ര പൊടിച്ചിട്ടും പൊടിയാതെ കിടന്ന കഷണങ്ങളെ നോക്കിയപ്പോൾ, ഞാൻ മനസ്സിലോർത്തു, ഇതെന്താ ഇങ്ങനെ പൊടിയാതെ? പോരാത്തതിന് ഒരു ഓറഞ്ചു നിറം പോലെ.
എന്തൊ,പെട്ടെന്ന്അനിരുദ്ധൻ എൻ്റെ മനസ്സിൽ കയറി വന്നു. സുജ ചേച്ചീ, എന്ന അവൻ്റെ വിളി കാതിൽ കേട്ട പോലെ.
എട്ടു മണി ആകുന്നേയുള്ളു.അവൻ ഓഫീസിൽ പോകാൻ ഒരുങ്ങിക്കാണില്ല. നീയെന്തു കറുകപ്പട്ട യാന്നെനിക്ക് തന്നിട്ട് പോയത് എന്ന് ചോദിച്ച് അവനെ കളിയാക്കണം എന്ന ചിന്തയിൽ മൊബൈൽ എടുത്തു. മുഴുവൻ റിംഗുചെയ്തിട്ടും അപ്പുറത്ത് നിശ്ശബ്ദത. വീണ്ടും, വീണ്ടും വിളിച്ചു നോക്കി, ആകാംക്ഷ ഉദ്വേഗത്തിനു വഴിമാറിയപ്പോൾ ...ഒടുവിൽ അങ്ങേ തലയ്ക്കൽ നന്ദിനി.
സ്നേഹ ബന്ധം നൽകിയ സ്വാതന്ത്ര്യം മുതലെടുത്തു കൊണ്ട് ഞാൻ തിരക്കി, ".എവിടെ അവൻ? എന്നെ പറ്റിച്ചു കടന്ന വീരൻ?"
നന്ദിനിയുടെ കണ്ഠത്തിൽ നിന്ന് അടക്കിപ്പിടിച്ച തേങ്ങലുയർന്നു.പിന്നെ നീണ്ട നിശ്ശബ്ദതയ്ക്കൊടുവിൽ കൂട്ടിച്ചേർത്തു, "ഞാനിവിടെ തനിച്ചാണ്,
അവനെവിടെപ്പോയി എന്നറിയാതെ കുഴങ്ങുമ്പോൾ, നന്ദിനിയുടെ കണ്ണീരിൽ കുതിർന്ന ശബ്ദം "ഏട്ടൻ പോയി ... ഒന്നും പറയാതെ.... രണ്ടു ദിവസം മുൻപ്‌. ആക്സിഡൻ്റായിരുന്നു. അറിയിയ്ക്കാൻ പറ്റിയില്ല !"
ആ വാക്കുകൾ എന്നെ ബോധ്യപ്പെടുത്തി,തിരിച്ചുവരാനാകാത്ത യാത്രയിലാണ് അവനെന്ന്.... അവനു വേണ്ടി എല്ലാമുപേക്ഷിച്ച് ഇറങ്ങിവന്ന നന്ദിനി ഇനി ജീവിതകാലമത്രയും തനിച്ചാണെന്നും.
"സുജേ, ഫോണിൽ കിട്ടിയില്ലേ അ നിരുദ്ധനെ ?. നീയവനെ കളിയാക്കിയോ? വേണ്ടായിരുന്നു, അവനെനിയ്ക്ക് കുഞ്ഞനിയനോ? അതോ മകനോ?
അന്ന് അവൻ നമുക്ക് തന്നത് കറുകപ്പട്ടയാവില്ല;കുടിയ്ക്കാനുള്ള വെള്ളം തിളപ്പിയ്ക്കാനുപയോഗിയ്ക്കുന്ന പതിമുഖമായിരിക്കും "... ബാലേട്ടൻ്റെ വാക്കുകൾ.
കണ്ഠത്തിൽ കുടുങ്ങിയ കരച്ചിൽ അടക്കിപ്പിടിച്ച് തിരിഞ്ഞു നോക്കുമ്പോൾ കഴുകാനായി വെള്ളമൊഴിച്ചു വച്ച, പൊടിയ്ക്കാൻ ഉപയോഗിച്ച ചെറിയ ഉരലിൽ നിന്ന് പരന്നൊഴുകുന്ന വെള്ളത്തിന് ഇളംചുവപ്പു രാശിയായിരുന്നു... അപകടാനന്തരം ജീവനറ്റ അവൻ്റെ ചതഞ്ഞരഞ്ഞ ശരീരത്തെ കുതിർത്തിക്കൊണ്ട് ചുറ്റും പരന്നൊഴുകിയ രക്തം തീർത്ത ചോരക്കളം പോലെ ! അതെന്നെ ഓർമ്മിപ്പിച്ചത് .... നന്ദിനിയെ നെഞ്ചോടടുക്കിപ്പിടിക്കാനാണ്....അനിരുദ്ധനു വേണ്ടി ഞങ്ങൾ അത്രയെങ്കിലും ചെയ്യണ്ടേ, അവൻ്റെ നന്ദിനിയെ മറ്റാർക്കും വിട്ടുകൊടുക്കാതെ !
ഡോ.വീനസ് .

4 comments:

 1. ഹൃദയസ്പർശിയായ പ്രമേയം പക്വതയോടെ അവതരിപ്പിച്ചു.

  ReplyDelete
 2. വളരെ നന്നായിട്ടുണ്ട് ... അനിരുദ്ധൻ ഒരു നോവായി മാറി ....

  ReplyDelete
 3. ഒരു പാടിഷ്ടം

  ReplyDelete
 4. ഇഷ്ടമായി , വേദനയുമായി

  ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot