"നേരം സന്ധ്യയായല്ലോ ഈശ്വരാ... എന്തൊരു മറവിയായിപ്പോയി എനിക്ക്..." അടുക്കളയിൽ നിന്ന് പിറുപിറുത്തു കൊണ്ട് സാവിത്രി ഉമ്മറത്തേക്ക് നോക്കി നീട്ടിവിളിച്ചു..
"ചിന്നൂ... കാണാരേട്ടന്റെ കടയിൽ പോയി വെളിച്ചെണ്ണ വാങ്ങി വാ... അച്ഛൻ ദാ ഇപ്പെത്തും... പണി കഴിഞ്ഞ് ക്ഷീണിച്ചു പാവം വിശന്നിട്ടാ വരാ..."
ചിന്നുവിന്റെ കയ്യിൽ പൈസയും കുപ്പിയും കൊടുക്കുമ്പോൾ പതിവ് പോലെ സാവിത്രി പറഞ്ഞു... "രണ്ടു രൂപക്ക് മോള് മിഠായി വാങ്ങിച്ചോ.."
സന്തോഷത്തോടെ അതും വാങ്ങി കടയിലേക്ക് ഓടുന്ന ചിന്നുവിനെ നോക്കി സാവിത്രി ഓർമ്മിപ്പിച്ചു... "മോളേ...ശ്രദ്ധിച്ച് പോണേ..."
ഊടുവഴികൾ കടന്ന് റോഡിലേക്ക് കയറിയാൽ അത്യാവശ്യം തിരക്കുള്ള ഒരു ജംഗ്ഷനിൽ ആണ് കണാരേട്ടന്റെ കട...
പകൽവെട്ടം മുഴുവൻ തന്റെ അധിനിവേശം കൊണ്ട് തുടച്ചുമാറ്റി രാത്രി, അതിന്റെ ഇരുട്ടിനെ പതുക്കെ പതുക്കെ കെട്ടഴിച്ചു വിട്ടുകൊണ്ടിരുന്ന നേരം..
ആ നാട്ടിൻപുറത്തെ ചില മനുഷ്യരും, സ്വബോധത്തെ മദ്യലഹരി കൊണ്ട് തുടച്ചു മാറ്റി ബോധമില്ലായ്മയെ കെട്ടഴിച്ചു വിട്ടുകൊണ്ടിരുന്ന നേരമായിരുന്നു അത്...
ലഹരിയില്ലായ്മയുടെ വെളിവിൽ നിന്നും ലഹരിയുടെ വെളിവില്ലായ്മയിലേക്ക് ആളുകൾ അധികവും ചേക്കേറിയിരുന്ന ഒരു സമയം...
പലയിടത്തു നിന്നും പണി കഴിഞ്ഞെത്തിയ നാട്ടുകാർ കണാരേട്ടന്റെ കടക്കു മുന്നിലെ തിണ്ണയിൽ സൊറ പറഞ്ഞിരിക്കുന്നത് ഒരു പതിവായിരുന്നു..
അമ്മ പറഞ്ഞതനുസരിച്ച് കത്തിതുടങ്ങിയ തെരുവ് വിളക്കുകൾക്ക് അടിയിലൂടെ ഓരം പറ്റി നടന്നു ചിന്നു കടയിലെത്തി...
അവൾ നേരെ കടയിലേക്ക് കയറി ചെന്നു,.. തന്റെ കയ്യിലുള്ള കുപ്പിയും പൈസയും കണാരേട്ടനെ ഏൽപ്പിച്ച് കടയിലേക്ക് ആകപ്പാടെയൊന്ന് കണ്ണോടിച്ചു...
ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിൽ ചില്ലു ഭരണിക്കുള്ളിലെ വർണ്ണപേപ്പറുകളിൽ പൊതിഞ്ഞ മിഠായികളിലേക്കും ചുമരിൽ തൂക്കിയിട്ട പുളിയച്ചാർ പേക്കറ്റുകളിലേക്കും മാറി മാറി നോക്കുമ്പോൾ അവളുടെ കുഞ്ഞിക്കണ്ണുകൾ തിളങ്ങിയിരുന്നു..
അമ്മ പറഞ്ഞ രണ്ട് രൂപക്ക് എന്ത് വാങ്ങണം എന്ന ചിന്തയിലായിരുന്നു അവൾ...
കടക്കു മുന്നിലെ തിണ്ണയിൽ വട്ടംകൂടി പൊട്ടിച്ചിരിച്ചു കൊണ്ടിരുന്ന രാജപ്പന്റെ ചുമന്ന കണ്ണുകൾ ചിന്നുമോളുടെ മുട്ടിനു മുകളിൽ നിൽക്കുന്ന കുഞ്ഞുടുപ്പിലേക്കും താഴെ കാലുകളിലേക്കും ഇഴഞ്ഞിഴഞ്ഞ് സഞ്ചരിക്കുന്നത് കണ്ടപ്പോഴാണ് കൂടെയുണ്ടായിരുന്ന തടിയൻ ശെൽവൻ വായിലിരുന്ന മുറുക്കാൻ തുപ്പികളഞ്ഞ് ചിന്നുമോൾക്ക് നേരെ ദൃഷ്ടിയൂന്നിയത്..
മീശപിരിച്ചു പ്രഹ്ലാദനും അവരോടൊപ്പം നോട്ടത്തിൽ പങ്കു ചേർന്നു...
ചിന്നുമോളുടെ കയ്യിൽ വെളിച്ചെണ്ണയെടുത്ത കുപ്പി കൊടുക്കാൻ തിരിഞ്ഞപ്പോഴാണ് ഇവർ മൂന്നു പേരും മുഖാമുഖം നോക്കി കണ്ണിറുക്കി കൊണ്ട് വല്ലാത്ത ഒരു ഭാവത്തോടെ ചിന്നുമോളെ തന്നെ നിരീക്ഷിക്കുന്നത് കണാരേട്ടൻ കണ്ടത്..
അയാളുടെ ഉള്ളിൽ പെട്ടന്ന് ഒരാന്തൽ ഉണ്ടായി..
പ്രതികരിക്കാനാവാതെ അയാൾ ദൈന്യതയോടെ ചിന്നുമോളുടെ ആ നിഷ്കളങ്കമുഖത്തേക്ക് ഒന്ന് നോക്കി...
ചിരിച്ചു കൊണ്ട് താൻ കൊടുത്ത മിഠായി കൈനീട്ടി വാങ്ങി തിരികെ നടക്കുന്ന ചിന്നുവിനെ കഴുകൻ കണ്ണുകൾ നോട്ടം വെച്ചിരിക്കുന്നു എന്നത് വേദനയോട് ആ വയസ്സൻ അറിഞ്ഞു....
കടയിൽ നിന്നും ഒരു മഞ്ച് വാങ്ങി ആദ്യം പുറത്തേക്ക് ഇറങ്ങിയത് ശെൽവൻ
ആയിരുന്നു..
അയാൾക്ക് പിന്നാലെ അപരിചിതരെ പോലെ മറ്റു രണ്ടു പേരും റോഡിനിരുവശത്തു കൂടെ നടക്കാൻ തുടങ്ങി..
ചിന്നുമോൾക്ക് അടുത്ത് എത്തിയ ശെൽവൻ കയ്യിലിരുന്ന മഞ്ച് നീട്ടികൊണ്ട് പറഞ്ഞു... "മോളെന്താ ഇത് എടുത്തു നോക്കീട്ട് വാങ്ങാതെ പോന്നത്? ദാ ചേട്ടൻ മോൾക്ക് വാങ്ങി കൊണ്ട് വന്നതാ.."
"എനിക്ക് വേണ്ട.. എന്റമ്മ പറഞ്ഞിട്ടുണ്ട് ആര് എന്ത് തന്നാലും വാങ്ങരുത് എന്ന്.."
"ആഹാ.. മോളുടെ അമ്മ അങ്ങനൊക്കെ പറഞ്ഞിട്ടുണ്ടോ.. പക്ഷേ മോളുടെ അച്ഛനും ഞാനും കൂട്ടുകാരാ... അപ്പോ മോൾക്ക് ഇത് വാങ്ങാലോ.." ഇതും പറഞ്ഞു ശെൽവൻ കുറച്ചു പിന്നിലായി നടന്നു വരുന്ന മറ്റു രണ്ട് പേരോടും തിരിഞ്ഞു നോക്കി കൈ ഉയർത്തി കാണിച്ചു...
ചിന്നുമോൾ അത് വാങ്ങണോ വേണ്ടയോ എന്ന ചിന്തയിലായി...
പെട്ടെന്ന് പിന്നിൽ നിന്നും കണാരേട്ടന്റെ 'ചിന്നുമോളേ... ' എന്ന ഉറക്കെയുള്ള വിളി കേട്ട് ചിന്നു തിരിഞ്ഞു നോക്കി... കയ്യിൽ ഒരു സഞ്ചിയുമായി ഓടി വരുന്നുണ്ട് കണാരേട്ടൻ...
"ദാ അവിടെ നിൽക്ക്... രാവിലെ ബാലൻ പണിക്ക് പോവുമ്പോ പറഞ്ഞുവെച്ച് പോയതാ.. ഈ അരി വീട്ടിൽ കൊടുക്കാൻ.. ഞാൻ അതങ്ങ് മറന്നു.. മോളിതും കൊണ്ടുപോയിക്കോ.."
പറഞ്ഞുകൊണ്ട് നടന്നും ഓടിയും കണാരേട്ടൻ ഒരുവിധം ചിന്നുവിന്റെ അടുത്ത് എത്തുമ്പോഴേക്കും മൂവർ സംഘം സ്ഥലം വിട്ടിരുന്നു...
ആശ്വാസത്തോടെ കയ്യിലുള്ള സഞ്ചിയും തൂക്കിപ്പിടിച്ച് കണാരേട്ടൻ ചിന്നുവിനൊപ്പം നടന്നു..
വാർക്കപണിക്കാരനായ ബാലൻ പണി കഴിഞ്ഞു വന്ന് കുളിച്ച് ഉമ്മറത്തിരിക്കുമ്പോൾ ഒരു കട്ടൻ ചായയുമായി വന്ന സാവിത്രിയാണ് ചിന്നുവിനൊപ്പം കണാരേട്ടനെയും കാണുന്നത്..
"കണാരേട്ടൻ എന്താണാവോ കടയിൽ തിരക്കുള്ള ഈ സമയത്ത് ഇങ്ങോട്ട്?...." സാവിത്രി ഒരു ആവലാതിയോടെ ബാലനെ നോക്കി പറഞ്ഞു...
കണാരേട്ടൻ പതുക്കെ അവരുടെ അടുത്തെത്തി ബാലനരികിലായി കാലുകൾ മണ്ണിലേക്കിട്ട് തറയിൽ ഇരുന്നു..
ബാലൻ കയ്യിലിരുന്ന കട്ടൻ ചായ അയാൾക്ക് നേരെ നീട്ടി... വേണ്ടെന്ന് കൈകൾ കൊണ്ട് ആംഗ്യം കാണിച്ച് അയാൾ പോവാൻ തിടുക്കം കൂട്ടി കൊണ്ട് പറഞ്ഞു...
"ചിന്നു മോൾ കടയിൽ നിന്നും ഈ അസമയത്ത് ഒറ്റക്കിറങ്ങി പോന്നപ്പോൾ എന്തോ എനിക്ക് ഒരു ഭയം.. അതോണ്ട് ഞാൻ വെറുതെ അല്പം അരി എടുത്തു ഈ സഞ്ചിയിലേക്കിട്ട് അവൾക്കൊപ്പം ഓടി പോന്നതാ... കടയിൽ ഞാൻ വേലപ്പേട്ടനെ നിർത്തിയിട്ടുണ്ട്... നാലാള് ഒരുമിച്ച് വന്നാൽ വേലപ്പെട്ടനെ കൊണ്ട് ഒറ്റക്ക് ആവൂല.. എന്നാലും ഞാൻ ചിലത് പറഞ്ഞിട്ടേ പോവൂ..."
"എന്താ കണാരേട്ടാ.. എന്താ ഉണ്ടായേ..മോള് സാധാരണ കടയിൽ വരാറുള്ളതാണല്ലോ..?" ബാലൻ ആധിയോടെ ചോദിച്ചു...
ഭാര്യയെയും മോളെയും ജീവനായി സ്നേഹിക്കുന്നവനാണ് ബാലൻ. പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുക്കുമ്പോഴും സാവിത്രിയുടേയും ചിന്നുമോൾടെയും സന്തോഷം മാത്രമേ ബാലൻ ചിന്തിക്കാറുള്ളു...
കണാരേട്ടൻ പറഞ്ഞു.. "ഒന്നും ഉണ്ടായില്ല ബാലാ.. മോൾക്ക് ഒന്നും പറ്റാതിരിക്കാനാണല്ലോ ഞാനും അവളോടൊപ്പം പോന്നത്...
ഈ കാലഘട്ടം വളരെ മോശമാണ്.. നമ്മുടെ മക്കൾ ആണ് നമ്മുടെ സമ്പാദ്യം.. നിധിയാണവർ.. ആ നിധി കാത്തു സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്.. അത് നമ്മുടെ കടമയാണ്.."
ഇത്രയും പറഞ്ഞ് കണാരേട്ടൻ സാവിത്രിയെ നോക്കി ചോദിച്ചു... "ഈ അസമയത്ത് ഒന്നും മോളെ തനിയെ വിടരുതെന്ന് അറിഞ്ഞൂടെ സാവിത്രീ... കൂടും കുടുംബവും ഇല്ലാതെ ഏതോ നാട്ടിൽ നിന്നും ഇവിടെ വന്ന് താമസിക്കുന്ന രാജപ്പനെയും ശെൽവനെയും പ്രഹ്ലാദനെയുമൊക്കെ ആർക്കാ നിയന്ത്രിക്കാനാവുക?..
എനിക്കാണെങ്കിൽ അവരോട് എതിർക്കാനുള്ള ആരോഗ്യമുണ്ടോ?
മാത്രമല്ല, കടയിൽ ഉണ്ടാവുന്ന വാക്കുതർക്കങ്ങൾ കച്ചോടത്തെ ബാധിക്കും.. എന്റെ ഭാരിച്ച കുടുംബം പോറ്റാനുള്ള ഏകമാർഗം ആണ് എനിക്കെന്റെ കട എന്ന് നിങ്ങൾക്ക് അറിയാല്ലോ... അതുകൊണ്ട് അവരോട് പ്രതികരിക്കാൻ എനിക്ക് ആയില്ല..."
"ഇല്ല കണാരേട്ടാ... അങ്ങനെയൊന്നും സംഭവിക്കില്ല. അങ്ങനെയുള്ളവരിൽ നിന്നും രക്ഷപ്പെടാനുള്ള വിദ്യകൾ മോളുടെ നഴ്സറിയിൽ ക്ലാസ്സെടുക്കാൻ വന്ന ഒരു ഡോക്ടർ ഞങ്ങൾക്ക് പറഞ്ഞു തന്നിരുന്നു.. ഞാനതൊക്കെ മോളെ പഠിപ്പിച്ചിട്ടുണ്ട്...
ആരെങ്കിലും അപരിചിതർ മോളെ തൊട്ടാൽ അലറിക്കരയാൻ ആണ് അന്നവർ പഠിപ്പിച്ച ഒരു കാര്യം.."
ഇതു കേട്ട കണാരേട്ടൻ ഒരു പരിഹാസചിരിയോടെ പറഞ്ഞു... "അലറിക്കരയൽ പോലും!!! മൂന്നു തടിയന്മാരാ ഇന്ന് മോൾക്കൊപ്പം ഒരു മഞ്ചും വാങ്ങി എന്റെ കടയിൽ നിന്നിറങ്ങിയത്... അവരിൽ ഒരാളുടെ ഒരു വിരൽ കൊണ്ട് പൊത്തിപിടിച്ചാൽ മതി മോളുടെ വായടക്കാൻ.. പിന്നെ അവളുടെ അലറിക്കരയൽ പുറത്തേക്ക് വരുമോ?? ആരെങ്കിലും കേൾക്കുമോ..?"
ഇതു കേട്ട സാവിത്രി "ഈശ്വരാ... എന്റെ മോളേ..." എന്ന് കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി മോളെ വാരിയെടുത്തു...
ഇതെല്ലാം കേട്ട് സ്തംഭിച്ചിരിക്കുന്ന ബാലനോട് കണാരേട്ടൻ പറഞ്ഞു തുടങ്ങി..
"എനിക്ക് വല്ല്യ വിവരം ഒന്നുമില്ല ബാലാ...
കടയിൽ രാത്രി പത്തു മണി വരെ ഓണായി കിടക്കുന്ന ടീവിയിൽ ഒരേ വാർത്തകളിങ്ങനെ ആവർത്തിച്ചു കേൾക്കുന്നത് കൊണ്ടുള്ള വിവരക്കേട് ആയിട്ട് കൂട്ടിയാൽ മതി.
പെൺകുഞ്ഞുങ്ങളെ വീടിനുള്ളിൽ അടച്ചിടാനല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം..
പക്ഷേ, പ്രതികരിക്കാൻ ശക്തിയില്ലാത്ത കുഞ്ഞു പ്രായത്തിൽ മക്കൾ സുരക്ഷിതരായിരിക്കാൻ അച്ഛനമ്മമാരുടെ തണലിൽ, അവരുടെ ചിറകിനടിയിലിട്ട് വളർത്തുകയല്ലാതെ വേറെ വഴിയില്ല..
നമ്മുടെ കണ്ണകലത്തിൽ നമ്മുടെ സുരക്ഷിതത്വത്തിൽ അവർ വളരട്ടെ...
പിന്നെയീ സ്ത്രീസ്വാതന്ത്ര്യം, സ്ത്രീസുരക്ഷ.. ഇതൊക്കെ പറയാൻ കൊള്ളാം...
നഴ്സറിയിൽ വരുന്ന കുഞ്ഞുമക്കൾക്കും അവരുടെ അമ്മമാർക്കും മാത്രമല്ല ബോധവൽക്കരണം നടത്തേണ്ടത്... പൊതുജനങ്ങൾക്ക് മൊത്തമായിട്ടാണ്..
സ്ത്രീക്കും പുരുഷനും ഇവിടെ പേടിക്കാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന ബോധവൽക്കരണം..
കുഞ്ഞുമക്കളെ ചീത്ത അർത്ഥത്തിൽ നോക്കിയാൽ പോലും ശിക്ഷിക്കപ്പെടും എന്ന ബോധവൽക്കരണം...
ഉള്ള നിയമങ്ങൾ ശക്തമാണെന്ന് പേടിപ്പെടുത്തി കൊണ്ടുള്ള ബോധവൽക്കരണം...
"ദാ ഇവനാ സാറേ.." എന്ന് ഒരു കുഞ്ഞ് ചൂണ്ടിക്കാണിച്ചാൽ മതി, ഞങ്ങൾക്ക് എടുത്തിട്ട് പെരുമാറാൻ കഴിയും എന്ന് ധൈര്യസമേതം പറഞ്ഞ് ഒരു നിയമപാലകന് നടത്താൻ കഴിയുന്ന ബോധവൽക്കരണം..
ഇതുപോലെയെന്തെങ്കിലും ഒക്കെയല്ലേ നമ്മുടെ നാട്ടിൽ വേണ്ടത്?
അല്ലാതെ കുഞ്ഞുമക്കളുടെ ജീവൻ നഷ്ടപ്പെട്ടിട്ട് പിന്നെ ടീവി വാർത്തകളിൽ ചർച്ച ചെയ്തിട്ട് എന്ത് കാര്യം??
ഏതൊരു ബാലപീഡകർക്കും രക്ഷ നൽകാൻ മത്സരിക്കുന്ന ഭരണകൂടങ്ങളും നേതാക്കളും ഉള്ള ഈ നാട്ടിൽ നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാവണമെങ്കിൽ അവരെ പറക്കമുറ്റുന്നത് വരെ ചിറകുകൾക്കുള്ളിൽ ഒതുക്കി തന്നെ വളർത്തണം..
സ്ത്രീ സ്വാതന്ത്ര്യം പറയുന്നവർ ഒരു കുഞ്ഞിനെങ്കിലും നീതി വാങ്ങി കൊടുക്കട്ടെ.. അല്ലെങ്കിൽ തന്നെ ജീവൻ പോയിട്ടെന്ത് നീതി...
ഞാൻ ഇറങ്ങട്ടെ ബാലാ..."
നിശബ്ദനായിരിക്കുന്ന ബാലന്റെ തോളിൽ പതുക്കെ തട്ടി കണാരേട്ടൻ ഒരു നെടുവീർപ്പോടെ എണീറ്റു നടന്നു പോവുന്നതും നോക്കി ഒന്ന് തലയാട്ടി യാത്ര പറയാൻ പോലും ആവാതെ ബാലൻ ആ കോലായിൽ ചേതനയറ്റ് ഒരേ ഇരുപ്പിരുന്നു.
~~~~~~~~~~~~~~~~~~~~~~
(കണാരേട്ടന്റ വാക്കുകളോട് പ്രിയപ്പെട്ട വായനക്കാർക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാവാം.. എങ്കിലും ആ വൃദ്ധന് പറയാനുള്ളത് പറയട്ടെ..)
സ്നേഹത്തോടെ
ഷാഫിയ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക