ജനിച്ച നാട്ടിൽ വില്ലേജ് ഓഫീസർ ആയി എത്തുമ്പോൾ അയാളുടെ ഓർമ്മകൾ ഒരുപാട് പിന്നിലോട്ടു പോയി...സ്കൂളിൽ പോയ കാലമൊക്കെ മനസ്സിൽ തെളിഞ്ഞു വന്നു ...പഠിത്തത്തിൽ ഒന്നാം നിരയിൽ തന്നെയായിരുന്നു ....പക്ഷെ...ഒരു ദിവസം കൊണ്ട് എല്ലാം കീഴ്മേൽ മറിഞ്ഞു...അല്ലെങ്കിലും പണക്കാരനും ,പാവപ്പെട്ടവനും രണ്ടു തട്ടിലാണല്ലോ..അന്നും ഇന്നും..
തമ്പ്രാന്റെ കുട്ടി പരീക്ഷയിൽ തോറ്റാൽ ഞാനും തോൽക്കണം...പണിക്കാരൻ കോരന്റെ മകൻ തമ്പ്രാന്റെ മകന്റെ കൂടെ പടിക്കുന്നത് തന്നെ തെറ്റ്... എന്നിട്ടാണ് അവനേക്കാൾ മാർക്ക് വാങ്ങുന്നത്....
അന്നത്തെ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി ജയിച്ച ഞാൻ വീട്ടിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച്ച അച്ഛന്റെ കരച്ചിലാണ്...തൊടിയിൽ നിന്നും നാളികേരം കാണാത്തതിനു അച്ഛന് കിട്ടിയ ശിക്ഷ...ഞാൻ ക്ലാസ്സിൽ ഒന്നാമതെത്തുമ്പോൾ ഇല്ലത്തു നിന്നും പലതും കാണാതെ പോകും... .എല്ലാം അച്ഛന്റെ പേരിൽ അവർ എഴുതി ചേർത്തു...നീ ഇനി പടിക്കണ്ട എന്നു അച്ഛൻ പറഞ്ഞില്ല...പക്ഷെ ഇല്ലത്തെ കുട്ടിയുടെ മാർക്കിനെക്കാൾ കൂടുതൽ മാർക്ക് എന്റെ മകൻ വാങ്ങരുതെന്നു അച്ഛൻ പറയാതെ പറഞ്ഞു..അച്ഛൻ ആകെ ക്ഷീണിതനായിരിക്കുന്നു .... ആ നാട്ടിലെ വയലും ,പറമ്പും എല്ലാം തമ്പ്രാന്റെ ആയിരുന്നു...അങ്ങനെ മനസിലുള്ള ഉത്തരങ്ങൾ പേപ്പറിൽ എഴുതിയിരുന്നില്ല...അല്ലെങ്കിലും പേപ്പറിൽ അല്ലല്ലോ എഴുതേണ്ടത്....മനസ്സിൽ തന്നെ സൂക്ഷിച്ചു...
"സർ നാളെ ഇവിടെ ഒരു അഗതി മന്ദിരത്തിൽ ഒരു ഒരിപാടി വെച്ചിട്ടുണ്ട്..സാറിനെ ക്ഷണിക്കാൻ കുറച്ചാളുകൾ വന്നിട്ടുണ്ട്"...പീയൂണ് വന്നു പറഞ്ഞു...
അവരോട് സംസാരിച്ചു നാളെ വരാമെന്നു പറഞ്ഞു...
പിറ്റേന്ന് അവിടെ ചെല്ലുമ്പോൾ ഒരു കൂട്ടം പ്രായമായ ആളുകൾ... അതിൽ മക്കൾ ഉപേക്ഷിച്ചവരായിരുന്നു കൂടുതൽ .... പരിപാടികൾ തുടങ്ങി... അച്ഛനെ കുറിച്ചു രണ്ടു വാക്കുകൾ പറഞ്ഞു.. എല്ലാം കഴിഞ്ഞു പുറത്തിറങ്ങാൻ നേരത്തു കണ്ടു എല്ലും തോലുമായ ഒരാൾ... നടക്കാൻ വയ്യാത്ത അയാളെ മറ്റു രണ്ടുപേർ എടുത്തുകൊണ്ടാണ് വന്നത്... ഒറ്റ നോട്ടത്തിൽ മനസിലാകില്ല... പക്ഷെ അയാളെ പെട്ടന്ന് മറക്കാൻ പറ്റില്ലല്ലോ...
പത്താം ക്ലാസ്സ് വരെ തമ്പ്രാന്റെ കുട്ടിയുടെ മാർക്കിനെക്കാൾ കുറവായിരുന്നു വാങ്ങിയിരുന്നത്... പത്താം ക്ലാസ്സിൽ കൂടുതൽ മാർക്ക് വാങ്ങിയാൽ സർക്കാർ കോളേജിൽ പഠിക്കാം എന്ന ടീച്ചറുടെ വാക്കുകൾക്ക് വില കൊടുത്തു... അങ്ങനെ സ്കൂളിൽ തന്നെ ഒന്നാമനായി മാർക്ക് വാങ്ങി ജയിച്ച ദിവസം വീട്ടിലേക്ക് വന്ന ഞാൻ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു... അവിടെ വീടിനു പകരം കത്തിക്കരിഞ്ഞ ഒരു മൺകൂന മാത്രം. ജീവനും കയ്യിൽ പിടിച്ചു അച്ഛൻ ഞങ്ങളെയും കൊണ്ടു ആ നാട്ടിൽ നിന്നും ഓടി...
"ഇതു ഇവിടത്തെ പഴയ കാല പ്രതാപിയായ മനുഷ്യനാണ്.. എന്തു ചെയ്യാം ആകെ ഒരു മകനുള്ളത് ജയിലിലാണ്... ഇപ്പോൾ എല്ലാം നശിച്ചു.. വർഷങ്ങളായി ഇവിടെ തന്നെയാ"... കൂട്ടത്തിലൊരാൾ പറഞ്ഞു...
ഒരു ചിരി സമ്മാനിച്ചു..
വേണമെങ്കിൽ പറയാമായിരുന്നു.. പഴയ പണിക്കാരന്റെ മകനാണെന്നു.. വേണ്ട..വാർധക്യം ബാധിച്ച അയാൾക്ക് അതൊരു വേദനയായി തോന്നാം.. അച്ഛന്റെ ഓർമ്മക്കായി ഒരു തുക അവിടെ ഏൽപ്പിച്ചു..എല്ലാമാസവും മുടങ്ങാതെ എത്തിക്കാമെന്നും പറഞ്ഞു...
"നല്ലതു പറയുക...നല്ലത് ചെയ്യുക... നല്ലത് മാത്രം സംഭവിക്കും."..അച്ഛൻ പറയുന്ന വാക്കുകൾ ...ശരിയാണ് അവസാനം നല്ലതു തന്നെ സംഭവിച്ചു..കോരന്റെ മകനും സർക്കാർ ജോലിക്കാരനായി...അയാൾ മനസ്സിൽ പറഞ്ഞു..
റഹീം പുത്തൻചിറ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക