നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജനനം


അയാൾ മരണം തെരഞ്ഞെടുത്തു. ജനിച്ചു നാല്പത്തിനാലു വയസ്സിലാണ് തീരുമാനം എടുത്തത്..
പിണങ്ങി നിൽക്കുന്ന ഭാര്യയെ ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ അവരിൽ പരിഹാസം.
സന്തോഷം..! ഇനി വേറെ കല്യാണം കഴിക്കാമല്ലോ..
കുറ്റം പറയാൻ പറ്റില്ല.. അത്രക്കു അയാളെക്കൊണ്ട് അനുഭവിച്ചു. കുടിച്ചു ബോധം കെട്ട് ജീവനൂടെ അയാളെടുക്കുമെന്നു തോന്നിയപ്പോൾ മകനെ എടുത്ത് അവരോടി..
അവരു ഫോൺ കട്ടു ചെയ്തപ്പോൾ എന്റെ മരണം അവളെ എങ്ങനെ കാണിക്കണം... അതായിരുന്നു അയാളുടെ ചിന്ത.
അപ്പോഴാ ഓർത്തത് ഫെയ്സ്ബുക്കിൽ ലൈവ് പോകാം എന്ന ചിന്ത .
ഒരിക്കൽ അയാൾ ഇതുപോലെ ലൈവ് പോയതാ ...
അക്കൗണ്ട് എടുത്തതിന്റെ പിറ്റേ ദിവസം.
റോഡിൽ ടാറു പണിയാണ്. പണി കുറഞ്ഞപ്പോൾ കള്ളുകുടിക്കാൻ കാശില്ലാതെ വന്നു. കുട്ടുകാരനായ പത്രോസാണ് പറഞ്ഞത്.
നമ്മുക്ക് മോഷ്ടിക്കാം...
കള്ളകത്തു ചെല്ലാത്തതിന്റെ പരവശതയിൽ അയാൾ സമ്മതിച്ചു.
നാട്ടിലെ കരപ്രമാണിയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറി. കൂട്ടുനിന്നത് പ്രമാണിയുടെ വീട്ടിലെ കൈക്കാരൻ മോഹനേട്ടൻ എന്ന അമ്പതുകാരനും . ഷെയറ് തുല്യം..
ആ ദിവസം മോഹനേട്ടൻ അവധി എടുത്തു സ്വന്തം വീട്ടിലേക്കു പോയി.
സംശയിക്കരുതല്ലോ..!
അയാളും പത്രോസും വീട്ടിനുള്ളിൽ കയറി. റബ്ബർ വിറ്റ കാശിരിക്കുന്ന മുറി ഏതെന്നുസംശയം രണ്ടു പേരിലും..
ഇരുട്ടിൽ അയാൾ മോഹനേട്ടനു ഫോൺ ചെയ്തു സംശയം തീർക്കാൻ നോക്കി.
എന്നിട്ടും സംശയം തീരുന്നില്ല.. എങ്ങനെ തീരും...! പന്ത്രണ്ടു മുറിയുള്ള വീട് .. മുറികളെല്ലാം ഒരുപോലെ ... പത്രോസ് ഉപായം പറഞ്ഞു കൊടുത്തു.
നമ്മുക്കു ഫേയ്സ്ബുക്ക് ലൈവ് പോകാം..
അയാൾക്കു മനസ്സിലായില്ല..
പത്രോസ് തന്നെ ഫോൺ എടുത്തു മോഹനനെ വിളിച്ചു.
നിങ്ങൾ ഫേയ്സ്ബുക്ക് ഓണാക്ക് ഞങ്ങൾ അതിൽ വരാ..
വിവരമുള്ള മോഹനൻ ഞെട്ടി..
എന്തെങ്കിലും പറയും മുന്നേ അൽപ്പ ജ്ഞാനിയായ പത്രോസ് ഫോൺ കട്ടു ചെയ്തു.
വെറെ ആരെങ്കിലും കാണില്ലേ..
ആരും കാണില്ല.. നമ്മൾ മോഹനനെ മാത്രം ക്ഷണിച്ചാൽ മതി.
പറഞ്ഞു തീരും മുന്നേ പത്രോസ് ലൈവ് പോയി.
പരവേശത്തോടെ മോഹനൻ ഫേയ്സ്ബുക്ക്‌ ഓണാക്കിയപ്പോൾ ആ കാഴ്ച്ച കണ്ടു അയാൾ തളർന്നു കസേരയിൽ ഇരുന്നു പോയി..
തന്റെ പേരു വിളിച്ചു മുറി എവിടെ എന്നു ചോദിക്കുന്നു..മോഹനൻ കണ്ടു ഇതു ലൈവിൽ കാണുന്നവരുടെ ലിസ്റ്റ് .
ആദ്യത്തെ വിലങ്ങു വീണത് മോഹനന്റെ കൈയ്യിലാ..
മോഷണം നടത്താതെ തന്നെ മൂന്നു കള്ളൻമാർ നാട്ടിൽ ജനിച്ചു.
ലോക്കപ്പിൽ അഭിമാനം നഷ്ടപ്പെട്ട വേദനയിൽ മോഹനൻ തൂങ്ങി മരിച്ചു.
പ്രാരാബ്ധംകൊണ്ടു തെറ്റുചിന്തിച്ചു പോയ ഒരു പാവത്താൻ .
കാര്യം അറിഞ്ഞ് മോഹനന്റെ വീട്ടുകാരും അയാളുടെ അടുത്തേക്കു പോയി.
അന്നത്തെ പാഠമാണ്.. ഫേയ്സ്ബുക്കിൽ ലൈവ് പോയാൽ എല്ലാരും കാണുമെന്ന്..!
അയാൾ പത്രോസിനെ വിളിച്ചു. അയാൾ ഇപ്പോൾ സുവിശേഷ വേലയിലാണ്.
കർത്താവിനെപ്പറ്റി തൊണ്ടകീറി അരുളിപാടുചെയ്യുമ്പോഴാണ് അയാളുടെ ഫോൺ പത്രോസിനു വന്നത്.
എടാ..എനിക്കു ജീവിതം മടുത്തു. ഞാൻ തൂങ്ങാൻ പോകുകാ ..അതും ഫേയ്സ്ബുക്ക് ലൈവിൽ ...
സുവിശേഷം നിർത്തി പത്രോസ് ഫോണിൽ പൊട്ടിത്തെറിച്ചു.
നീ ചാവാനുളളതാ..സമയം കളയണ്ടാ..ഞാൻ കണ്ടോളം...
ഫോൺകട്ടുചെയ്തു പത്രോസ് വീണ്ടും വചനംപറഞ്ഞു തുടങ്ങി.. ഭാര്യയും കുട്ടുകാരനും തള്ളി പറഞ്ഞു. അതു അയാൾക്ക് താങ്ങാൻ പറ്റിയില്ല.അയാൾ പലരേയും വിളിച്ചു.
വേഗം ലൈവിട്...
എല്ലാവരും ഇതു തന്നെ..
താൻ ഇത്രക്ക് അവഗണിക്കപ്പെട്ടവനായിരുന്നോ ?
ഉച്ചക്ക് വാങ്ങി വെച്ച ഒരു ഫുൾ ബോട്ടിൽ മദ്യം അയാൾ അകത്താക്കി.
ഇപ്പോൾ ഒരുധൈര്യമൊക്കെയായി..
അയാൾ ഫോണിൽ ഫെയ്സ്ബുക്ക് ഓണാക്കി.
അയാൾ കയറെടുത്ത് സ്റ്റൂളിൽ കയറി ഫാനിൽ കയറിടാൻ നോക്കി.
പറ്റുന്നില്ല..
കാല് ആടുന്നു. കൈ ആടുന്നു.
ആളുകൾ ലൈവ് കണ്ടുതുടങ്ങി. അയാൾപഠിച്ചപണി പതിനെട്ടുംനോക്കുന്നു.കുരുക്കിടാൻ പറ്റുന്നില്ല. ആദ്യം പരിഭ്രമത്തോടെ ലൈവ് കണ്ടവർ പിന്നെ അതൊരു തമാശയായി കണ്ടു..
ചിലർ കമന്റ് ചെയ്തുപറഞ്ഞു..
എന്തൊരു നാച്ചുറൽ അഭിനയം .
സത്യം പറയാമല്ലോ മരണം കാണാനിരുന്ന പത്രോസുപോലും ചിരിച്ചു പോയി.
എന്നിട്ടും സത്യസന്ധമായി മരിക്കാൻ എല്ലാ പണിയും പയറ്റി നോക്കി.
ലൈവു കാണുന്നവർ ചിരിച്ചു ആസ്വദിച്ചു.
ഒടുക്കം അയാൾ ബോധം കെട്ടു വീണു. അതിനു പുറകെ ഫോണിന്റെ ചാർജ് പോയി.
പിറ്റേന്ന് അയാളുടെ പരാക്രമം സോഷ്യൽ മീഡിയായിൽ വൈറലായി..
അയാൾ വൈറലായി..
നോക്കണേ .. ഒരു മനുഷ്യന്റെ സമയം മാറിയത്...
അയാളുടെ സമ്മതത്തോടെ ഒരു ന്യൂ ജനറേഷൻ ചങ്ക് യൂട്യൂബിൽ അപ്പ്ലോഡ് ചെയ്തു. 'കെ'..യും കഴിഞ്ഞ് മില്യൺ എത്തിയപ്പോഴാണ് അയാളെ തേടി സിനിമാക്കാരെത്തിയത്.
നിങ്ങൾ നാച്ചറൽ ആർടിസ്റ്റാണ്..
സംവിധായകന്റ കണ്ടെത്തൽ.
അയാൾ ഏതോ സ്വപ്ന ലോകത്തായി.. വിശ്വസിക്കാൻ പ്രയാസം..
മദ്യം തലക്കു പിടിച്ചപ്പോൾ കാട്ടി കൂട്ടിയതായിരുന്നോ നാച്ചുറൽ .
അങ്ങനെ അയാൾ അഭിനയിച്ചു തുടങ്ങി.
മലയാളത്തിനു ഒരു നടനെ കിട്ടി.
..................................................
സ്നേഹപൂർവ്വം
..............................
ഉണ്ണി പൂരുരുട്ടാതി
................................
കുറിപ്പ് - നടൻ ആരാന്നു പറയില്ല. ഇനീം കേറി തൂങ്ങട്ടേ.. അപ്പോൾ വൈറലാകും. അതു കണ്ടു അറിഞ്ഞാൽ മതി.😀

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot