Showing posts with label Jasmin Sajeer. Show all posts
Showing posts with label Jasmin Sajeer. Show all posts

ചതി (കഥ)

ചതി (കഥ)
************
''നാജീ.. ഇയ്യ് വരുമ്പോ അരിയും സാധനങ്ങളും സുബെെറിന്റെ പീടീന്ന് വാങ്ങീട്ട് വരണം.. കൂട്ടാൻ വെക്കാൻ കുറച്ചും മീനും വാങ്ങിക്കോ..''
''ശരി ഉമ്മാ.. ഞാൻ പോയിട്ട് വരാം''
ഉമ്മാനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉള്ളിലൊരു നീറ്റൽ അനുഭവപ്പെട്ടു.
ഉന്നും അറിയിക്കാതെ എത്ര കാലമാണ് ഉമ്മാന്റെ മുമ്പിൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുക. പാവം ഒന്നുമറിയാതെ ഉപ്പാന്റെ ഒരു വിളിക്കായ് കാത്തിരിക്കാണ് ഉമ്മ..
സുബെെറിക്ക പറ്റ് പെെസ കുറച്ചെങ്കിലും കൊടുക്കാതെ ഇനി സാധനങ്ങൾ തരില്ല എന്നാണ് പറഞ്ഞിരിക്കുന്നത്... അതൊന്നും ഉമ്മാക്കറിയില്ല, ഉമ്മാനെ ഒന്നും അറിയിച്ചില്ല ഞാൻ. ഉപ്പ ഗൾഫിൽ നിന്ന് മാസാമാസം ബാങ്കിലേക്ക് പെെസ അയക്കുന്നുണ്ട് എന്നാണ് ഉമ്മാ കരുതിയിരുന്നത്.. അല്ലെന്ന് മാറ്റിപ്പറയാനും ഞാൻ നിന്നിട്ടില്ല. ഞാനിപ്പോ ബാങ്കിലേക്ക് പോവുന്നതും ഉപ്പാടെ പെെസ ബാങ്കിൽ വന്നോ എന്ന് നോക്കാനാണ് എന്നാണ് ഉമ്മാനോട് പറഞ്ഞിരിക്കുന്നത്.. ശരിക്കും ഞാനിപ്പൊ ബാങ്കിലേക്ക് പോവുന്നത് രണ്ടു ദിവസം മുന്നേ വന്ന ജപ്തി നോട്ടീസിന് എന്തെങ്കിലും ഇളവ് അനുവദിച്ചു കിട്ടുമോ എന്നറിയാനാണ്.. ഞങ്ങളുടെ അവസ്ഥ പറഞ്ഞാൽ അവർക്ക് മനസ്സിലാവും എന്നുള്ള വിശ്വാസത്തോടെയാണ്.
നല്ല സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്.. ഉപ്പയും ഉമ്മയും ഇത്താത്തയും ഞാനും അടങ്ങുന്ന ഒരു കൊച്ചു സ്വർഗ്ഗ വീട്.. ഉപ്പ കൂലിപ്പണിക്ക് പോയിട്ടായിരുന്നു ഞങ്ങളുടെ ജീവിതം കഴിഞ്ഞിരുന്നത്.. അന്നാന്ന് കിട്ടുന്ന സമ്പാദ്യം കൊണ്ട് ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും.. ഇത്താത്താടെ കല്യാണം നടത്താൻ വേറെ ഒരു വഴിയും കാണാത്തതു കൊണ്ടാണ് ഉപ്പ വീടും പറമ്പും പണയം വെച്ച് ബാങ്കിൽ നിന്ന് വലിയൊരു തുക ലോണെടുത്തത്.. മുതലിലേക്ക് ഒന്നും അടക്കാൻ പറ്റിയില്ലെങ്കിലും പലിശ മുടങ്ങാതെ അടച്ചിരുന്നതു കൊണ്ടാണ് മൂന്ന് വർഷങ്ങൾക്കിപ്പുറവും വീടും പറമ്പും നഷ്ടപ്പെടാതിരുന്നത്.. പക്ഷേ ഇപ്പൊ എല്ലാം കെെവിട്ടു തുടങ്ങിയിരിക്കുന്നു..
''കുട്ടീ.. നീ പോരുന്നുണ്ടോ..?'' എന്ന ചോദ്യം കേട്ടപ്പോഴാണ് ഓർമ്മകളിൽ നിന്നുണർന്നത്... ഓരോന്നാലോചിച്ച് ബസ്സ് വന്നത് ഞാൻ അറിഞ്ഞില്ല..
ഓടിച്ചെന്ന് ബസ്സിൽ കേറാൻ തുടങ്ങുമ്പോഴാണ് ക്ലീനറുടെ മുനവെച്ചുള്ളൊരു ചോദ്യം
'' എന്താണ് ഇത്ര ആലോചിക്കാൻ... ഉം..ഉം.. നടക്കട്ടേ.... തൊട്ടാൽ പൊട്ടുന്ന പ്രായല്ലേ...''
അയാളുടെ ആ വാക്കുകൾ എനിക്ക് അത്രക്കങ്‌ട് പിടിച്ചില്ല... അയാളെ വല്ലാത്തൊരു നോട്ടം നോക്കി സെെഡ് സീറ്റിൽ പോയി ഇരുന്നു..
*************************************
കൂലിപ്പണിചെയ്തിട്ടൊന്നും ബാങ്കിലെ ലോണടക്കാനും വീട്ടിലെ ചിലവ് നടത്താനും ഉപ്പാക്ക് കഴിയില്ലെന്ന് തോന്നിയത് കൊണ്ടാവും ഗൾഫ് ജീവിതം തിരഞ്ഞെടുത്തത്.. അത്രയും കാലം ഞങ്ങളെ വിട്ടു നിൽക്കാത്ത ഉപ്പ ഞങ്ങളില്ലാത്തൊരു ജീവിതത്തിലേക്ക് പോവുന്നത് ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല.. ഉപ്പ ഞങ്ങളെ വിട്ട് പോവണ്ടാ എന്ന് പറയുമ്പോഴും പുറമേ ചിരിച്ച് എന്നെ സമാധാനിപ്പിക്കാൻ ഒരു കാര്യം പറയുമായിരുന്നു..
''നാജീ... അന്റെ ഇത്താത്താനെ കെട്ടിക്കാൻ ഇന്റെ കയ്യിൽ നമ്മുടെ പുരേടേം പറമ്പിന്റേം ആധാരം ഉണ്ടായിരുന്നു.. അന്നെ കെട്ടിക്കാറായില്ലേ. ഇനി എന്തെടുത്തിട്ടാ അന്റെ കല്യാണം ഞാൻ നടത്താ... അതോണ്ട് ന്റെ കുട്ടി ഉപ്പാനെ ഇങ്ങനെ വെശമിപ്പിക്കരുത്..''
ഉപ്പാടെ ഒരു സുഹൃത്തായിരുന്നു ഉപ്പാക്കുള്ള വിസയും കാര്യങ്ങളൊക്കെ ശരിയാക്കിയിരുന്നത്.. അയാളുടെ അനിയന്റെ സൂപ്പർ മാർക്കറ്റിലേക്കായിരുന്നു വിസ എന്നാണ് പറഞ്ഞിരുന്നത്.. വിസക്ക് പെെസയൊന്നും വേണ്ട ടിക്കറ്റിന് പെെസയുണ്ടാക്കിയാൽ മതീന്ന് അയാൾ പറഞ്ഞപ്പോൾ അറിഞ്ഞില്ലായിരുന്നു അതൊരു ചതിയായിരിക്കുമെന്ന്...
ഉപ്പ പോകുന്ന ദിവസമാണ് അയാൾ വീട്ടിൽ വന്നത്... ഒരു കവറിൽ പൊതിഞ്ഞ രൂപത്തിൽ ഒരു സാധനം ഉപ്പാടെ അടുത്ത് കൊടുത്തത്.. അത് അയാളുടെ അനിയന് കൊടുക്കാനുള്ളതാണെന്നും അനിയനുള്ള കുറച്ചു ഡ്രെസ്സാണെന്നും പറഞ്ഞത്.. ഉപ്പാക്കറിയില്ലാർന്നു ആ പൊതി ഉപ്പാടെ ജീവിതം തകർക്കാനുള്ളതായിരുന്നെന്ന്..
എല്ലാവരോടും യാത്ര പറഞ്ഞ് നിറകണ്ണുകളോടെ വീടിന്റെ പടിയിറങ്ങുമ്പോൾ തന്റെ എല്ലാ സ്വപ്നങ്ങളും അസ്തമിക്കാനുള്ള പോക്കാണെന്ന് അറിയില്ലാർന്നു ആ പാവത്തിന്. ആദ്യമായി ഗൾഫിലേക്ക് പോവുന്നതിന്റെ പരിചയക്കുറവ് ഉണ്ടായിരുന്നതെല്ലാം ധെെര്യം പകർന്ന് കൊടുത്ത് പരിഹരിച്ചതും അയാൾ തന്നെ.. ഉപ്പാനെ ചതിച്ച ആ സുഹൃത്ത്..
******************************************
ദമാം എയർപോട്ടിലിറങ്ങി ചെക്കിങ്ങിന് നിൽക്കുന്ന സമയത്താണ് കറുത്തഡ്രെസ്സിട്ട് തോക്കുധാരികളായ ഒരു പറ്റം ആൾക്കാർ ഉപ്പാനെ വളഞ്ഞത്.... അവിടെ നടക്കുന്നതെന്താണെന്നൊന്നും അറിയാതെ ഉപ്പ ആകെ പരിഭ്രമിച്ചിരുന്നു.
ചോദ്യമോ പറച്ചിലോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല.. തോക്കു ചൂണ്ടി അവരോടൊപ്പം നടക്കാൻ പറഞ്ഞപ്പോഴും ഉപ്പാക്കറിയില്ലാർന്നു എന്താണ് സംഭവമെന്ന്...
അവര് പോലീസുകാരാണെന്ന് പോലും ഉപ്പാക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല..
അവരുടെ ഒളിത്താവളത്തിലേക്ക് എത്തിച്ച് അറബിയിൽ ഒരോന്ന് ചോദിക്കാനും ഉപദ്രവിക്കാനും തുടങ്ങി..
ഒന്നും മനസ്സിലാവാതെ വല്ലാത്തൊരു നിസ്സഹായവസ്ഥയിൽ ആയിരുന്നു.. അപ്പോഴാണ് തോക്കു ചൂണ്ടി നിൽക്കുന്ന ഒരൊൾ ആ പൊതി ഉപ്പാക്ക് നേരെ നീട്ടിയത്... അതെ സുഹൃത്ത് അനിയനു കൊടുത്തു വിട്ട ആഡ്രെസ്സിന്റെ പൊതി...
അതു തുറന്നിരിക്കുന്നു.. എന്നിട്ട് ഷർട്ടിൽ പൊതിഞ്ഞ രൂപത്തിൽ വേറെ ഒരു പൊതിയും ഉണ്ട്.. അപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് ഉപ്പാക്ക് ബോധ്യമായത്.... ചോദ്യം ചെയ്യലും വിചാരണയും വിധി പറച്ചിലും ശിക്ഷയുമൊക്കെ കഴിഞ്ഞ് ആറുമാസ മായി ഉപ്പ സൗദി ജയിലിൽ കഴിയാൻ തുടങ്ങിയിട്ട്... കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാൻ ആ പാവത്തിനെ കൊണ്ട് കഴിഞ്ഞില്ല.. ആരും സഹായിക്കാനും ഉണ്ടിയില്ല ആ അന്യനാട്ടിൽ..
ഉപ്പ പോയിട്ട് ഒരു വിവരവും കിട്ടാതെ ഒരു മാസക്കാലം ഞങ്ങൾ നീറി ജീവിച്ചു.. ഒരു മാസത്തിന് ശേഷമാണ് ഇത്താത്തയുടെ ഭർത്താവുമായി സൗദി പോലീസ് ബന്ധപ്പെട്ടത്.. ഉപ്പ മയക്കുമരുന്ന് കടത്തിയ കേസ്സിൽ സൗദി ജയിലിലാണെന്ന് പറഞ്ഞത്.. എന്നെയും ഉമ്മാനേയും അവർ ഒന്നും അറിയിച്ചിരുന്നില്ല... ഉപ്പ വിളിച്ചിരുന്നു ജോലി ശരിയായിട്ട് എല്ലാവരേയും വിളിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നു. ഞാനും ഉമ്മയും അറിയാതെ തന്നെ അളിയൻ എല്ലാവഴിയും നോക്കിയിരുന്നു.. അവസാനമായി മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കാൻ വേണ്ടിയാണ് എന്നോട് എല്ലാം അറിയിച്ചത്.. ആറു മാസമായി ഉപ്പ സൗദി ജയിലിൽ കഴിയാൻ തുടങ്ങിയിട്ട്, ഉമ്മാനെ ഇതുവരെ അറിയിച്ചിട്ടില്ല.. ഒന്നും... ഉപ്പ വിളിക്കാറുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കാണ് ആ പാവത്തെ...
എടുത്താൽ പൊങ്ങാത്ത ബാധ്യതകളും പേറി എല്ലാം ഒന്നു കരക്കടുപ്പിക്കാൻ വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ച് ഗൾഫിലേക്ക് പോയത്.. അത് വിശ്വസിച്ചവർ ഒരുക്കിയ ചതിക്കുഴിയിൽ അവസാനിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.. ഇന്ന് സൗദി ജയിലിൽ നേരിടേണ്ടി വരുന്ന ശിക്ഷയെക്കാളും ഉപ്പാനെ വേദനിപ്പിക്കുന്നത് ഞങ്ങളെക്കുറിച്ചുള്ള ഓർമ്മകളായിരിക്കും..ചെയ്യാത്ത തെറ്റിന് ശിക്ഷയനുഭവിക്കേണ്ടി വന്ന എന്റെ ഉപ്പാടെ സ്ഥിതി ഇനിയൊരാൾക്കും ആവർത്തിക്കാതിരിക്കട്ടേ..!!!
ജാസ്മിൻ സജീർ
(ഇതൊരു കഥ മാത്രമായി അവസാനിക്കട്ടേ... സ്വന്ത ബന്ധങ്ങളെ വിട്ട് അന്യ നാട്ടിലേക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി പോവുന്ന എല്ലാ സുഹൃത്തുക്കളേയും ഇത്തരം ചതിക്കുഴികളിൽ പെടുത്താതെ
കാത്തു രക്ഷിക്കണേ നാഥാ..)

രാവിനു നീളമേറെ....(കഥ)

രാവിനു നീളമേറെ....(കഥ)
****************************
ഈ രാവ് പുലരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു ഞാൻ... ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾ എന്നിലൂടെ മിന്നിമായുന്നു... ഒരു രാവ് കൊണ്ട് തീരാനുള്ളതായിരുന്നോ ഒരു ജന്മം മുഴുവൻ കാത്തിരുന്നത്..? കുട്ടിക്കാലം മുതൽക്കേ നീ എനിക്കെന്നും ഞാൻ നിനക്കെന്നും പറഞ്ഞത് എവിടെ വെച്ചാണ് നീ മറന്നു തുടങ്ങിയത്...? എല്ലാം ഉള്ളിലൊതുക്കി എന്തിനാണ് എന്നെ വീണ്ടും വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചതും ജീവിത സഖിയാക്കി കൂടെ കൂട്ടിയതും...??
നാളെ നമ്മുടെ ആദ്യ വിവാഹ വാർഷികത്തിന് നീ എനിക്കു നൽകിയ സമ്മാനമാണോ ഈ ഒറ്റപ്പെടുത്തൽ...?
ജീവിതാവസാനം വരെ നമ്മുടെ ഈ സ്നേഹം നിലനിൽക്കണം എന്ന് നൂറാവർത്തി പറഞ്ഞതു നീയല്ലേ...??
എന്നിട്ടിപ്പോൾ ഇന്നലെ വന്ന ഒരു പെണ്ണിനു വേണ്ടി ഞാൻ നിനക്ക് അന്യമായല്ലേ..? ദെെവമേ എന്തിനാണിങ്ങനൊരു പരീക്ഷണം..!!
ഈ മുറിയിൽ തനിച്ച് കിടക്കുമ്പോൾ കാരാഗ്രഹത്തിൽ കിടക്കുന്നതു പോലെയാണ് എനിക്കു അനുഭവപ്പെടുന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നാലും ചങ്കിലൊരു കത്തികൊണ്ട് കുത്തുന്ന വേദനയനുഭവപ്പെടുന്നു... എവിടെയാണ് എന്റെ ഉണ്ണ്യേട്ടന് തെറ്റു പറ്റിയത്..?
കുട്ടിക്കാലം മുതൽക്കേ ഒരുമിച്ച് കളിച്ചും പഠിച്ചും വളർന്നതല്ലേ നമ്മൾ.. ഒടുവിൽ എല്ലാവരുടേയും അറിവോടെയല്ലേ നമ്മൾ പ്രണയിച്ചതും.. ഓർമ്മവെച്ച നാളുമുതൽക്കെ ഒരു ദിവസം പോലും ഞങ്ങൾ കാണാതിരുന്നിട്ടില്ല... അതിർ വരമ്പുകളില്ലാതെയാണ് ഞങ്ങളുടെ കുട്ടിക്കാലവും കൗമാരവും കടന്നു പോയിരുന്നത്.. എന്റെ മുറച്ചെറുക്കനാണ് ഉണ്ണ്യേട്ടൻ... ലച്ചു ഉണ്ണിക്കുള്ളതാണെന്നും ഉണ്ണി ലച്ചൂനുള്ളതാണെന്നും കുട്ടിക്കാലം മുതൽക്കേ കേട്ടു വളർന്നതാണ് ഞങ്ങൾ....
ഒടുവിൽ കല്യാണ പ്രായമായപ്പോൾ ഉണ്ണിക്കൊരു ജോലി കിട്ടീട്ട് മതി കല്യാണം എന്ന് വീട്ടുകാരു പറഞ്ഞത് വകവെക്കാതെ വാശിപിടിച്ച് പെട്ടെന്നു തന്നെ കല്യാണം നടത്തിയതും ഉണ്ണ്യേട്ടന്റെ ഇഷ്ടത്തിന് തന്നെയായിരുന്നു. പിന്നീട് വീട്ടുകാരിൽ നിന്നുള്ള പ്രഷർ സഹിക്കവെയ്യാതെ എന്നേയും കൂട്ടി ബാംഗ്ലൂരിലേക്ക് ജോലി അന്വേഷിച്ചു വന്നതാണ്.. അന്ന് വീട്ടുകാര് പറഞ്ഞതാണ് ജോലി ശരിയായിട്ട് കൊണ്ടുപോയാൽ പേരെ ലച്ചൂനെ എന്ന്... എന്റെ ലച്ചു ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല പിന്നെയല്ലെ ദിവസങ്ങളോളം എന്ന് അവരോട് മറുപടി പറഞ്ഞത് മറന്നു പോയതാണോ എന്റെ ഉണ്ണ്യേട്ടൻ...
കല്യാണം കഴിഞ്ഞ് രണ്ടുമാസംവരെ ഞങ്ങൾ നാട്ടിൽ നിന്നിട്ടുള്ളു.. പിന്നെ ബാംഗ്ലൂരിൽ വന്ന് ഒരു കൂട്ടുകാരൻ വഴി നല്ലൊരു ജോലിയും ശരിയായി.. ഒരു കൊച്ചു വീടും വാടകക്കെടുത്തു താമസവും തുടങ്ങി. ഇവിടെ വന്നിട്ടിപ്പോൾ പത്ത് മാസമായി.
നാളെ ഞങ്ങളുടെ ആദ്യ വിവാഹവാർഷികമാണ്. ഈ ഒരു വർഷത്തിനിടക്ക് എപ്പോഴാണ് ഉണ്ണ്‌യേട്ടന് മാറ്റം സംഭവിച്ചത്...? രണ്ടു മാസം മുമ്പു വരെ സ്വർഗ്ഗ തുല്യമായിരുന്നു ഞങ്ങളുടെ ജീവിതം.. കുട്ടിക്കാലം മുതൽക്കേ കണ്ടും അറിഞ്ഞും പ്രണയിച്ചും ജീവിച്ചതു കൊണ്ടാവാം വിവാഹജീവിതത്തിലേക്ക് കടന്നപ്പോഴും സന്തോഷവും സ്നേഹവും ഇരട്ടിയായതും...
രണ്ടു മാസത്തോളമായി ഉണ്ണ്യേട്ടനിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ട്... രാത്രി
ഒരുപാടു വെെകി വീട്ടിലേക്കു വരുന്നു.. ചിലദിവങ്ങളിൽ മദ്യപിച്ചു വരുന്നു.. ചില രാത്രികളിൽ വീട്ടിലേക്ക് വരാറേ ഇല്ല..
വന്നാൽ തന്നെ അധികം മിണ്ടാറില്ല...
എന്താണെന്ന് ചോദിച്ചാൽ ഒന്നൂല്ല ലച്ചൂ...
ജോലിയുടെ പ്രഷറാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറും... സാധാരണ വീട്ടിൽ വരുന്ന സമയത്തും കാണാതായാൽ ഫോണിൽ വിളിച്ചു നോക്കും.. ഒന്നുകിൽ ബിസി ആയിരിക്കും ഇല്ലെങ്കിൽ സ്വിച്ച് ഓഫും... മനസ്സിൽ ഓരോരോ ആധികൾ കയറിത്തുടങ്ങിയിട്ട് നാളുകൾ കുറേ ആയി.. എന്റെ ഉണ്ണ്യേട്ടന്റെ പ്രശ്നങ്ങളൊക്കെ പെട്ടെന്നു തീർത്തു കൊടുക്കണേ എന്ന് ദെെവത്തിനോട് ഉള്ളുരുകി പ്രാർത്ഥിക്കാത്ത നേരമില്ല.
എന്റെ പ്രാർത്ഥന ദെെവം കേൾക്കുന്നില്ലെന്നാണ് തോന്നുന്നത്... ഒരു ദിവസം രാത്രി ഉണ്ണ്യേട്ടൻ ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നതു കേട്ടാണ് ഞാൻ ഉണർന്നത്..
ഐ ലൗ യൂ റിയാ... ഐ ലൗ യൂ സോമച്ച്... ഇതായിരുന്നു ഉണ്ണ്യേട്ടൻ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിരുന്നത്... ലെെറ്റിട്ട് ഉണ്ണ്യേട്ടനെ തട്ടി വിളിച്ചുണർത്തി ആരാണ് റിയ എന്നു ചോദിച്ചപ്പോൾ ഏത് റിയ...നിനക്കു തോന്നിയതാവും ലച്ചൂ... ലെെറ്റ്,ഓഫ് ചെയ്ത് കിടന്നേ പെണ്ണേ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി... ആ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്കുറങ്ങാൻ പറ്റിയില്ല.. ഉണ്ണ്യേട്ടന് എന്നോടുള്ള അകൽച്ചകൾക്കുള്ള കാരണം എന്തായിരിക്കും എന്നായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ എന്നെ വല്ലാതെ അലട്ടിയിരുന്നത്...
ദിവസം കൂടുന്നിടത്തോളം ഞങ്ങൾക്കിടയിലുള്ള അകൽച്ചയും കൂടിക്കൂടി വന്നു... അകൽച്ചക്കുള്ള കാരണങ്ങൾ ചോദിച്ചപ്പോഴൊക്കെ ഒാഫീസിലെ തിരക്ക് പറഞ്ഞ് എന്നെ മാറ്റി നിറുത്തി.... രണ്ടു ദിവസം മുമ്പാണ് രാവിലെ ഉണ്ണ്യേട്ടൻ ഓഫീസിലേക്ക് പോവാനിറങ്ങിയപ്പോൾ എന്നോട് പറഞ്ഞത് ''ലച്ചൂ.. നിനക്ക് നാട്ടിലേക്ക് പോവണേൽ ഞാൻ ബസ്സ് കയറ്റിത്തരാം.. ഞാൻ രണ്ടുദിവസം കഴിഞ്ഞേ വരൂ'' എന്ന് പറഞ്ഞത്...
വേണ്ടെന്ന് ഞാൻ പറയുമ്പോഴും എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു എന്റെ ഉണ്ണ്യേട്ടനെ പഴയതു പോലെ എനിക്ക് തിരിച്ചു കിട്ടുമെന്ന്... ആരണ്ടു ദിവസവും ഉണ്ണ്യേട്ടനില്ലാതെ ഒറ്റക്ക് കഴിഞ്ഞപ്പോഴും ഇല്ലാത്ത ഒറ്റപ്പെടലാണ് ഉണ്ണ്യേട്ടൻ തിരിച്ചു വന്നപ്പോൾ എനിക്ക് സമ്മാനിച്ചത്... തിരിച്ചു വന്നത് ഒരു പെണ്ണിനേയും കൊണ്ടായിരുന്നു.. പേര് റിയ, കൂടെ വർക്ക് ചെയ്യുന്നതാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി.... എന്റെ കൺ മുന്നിൽ വെച്ചു അവരുടെ പെരുമാറ്റം ഒരു സാധാരണ നാട്ടും പുറത്തുകാരി പെണ്ണെന്ന നിലക്ക് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല... കുറേ ക്ഷമയോടെ നിന്നെങ്കിലും അവരുടെ തൊട്ടുരുമ്മിയുള്ള ഇരുത്തവും സംസാരവും ഒക്കെ കണ്ടപ്പോൾ എന്റെ സകല നിയന്ത്രണവും പോയി.. ഒരു നിമിഷത്തേക്ക് എന്നെത്തന്നെ മറന്നു ഞാൻ പ്രതികരിച്ചു... അന്നുറക്കത്തിൽ നിങ്ങൾ പറഞ്ഞ റിയ ഇതല്ലേ എന്നും ഇവൾക്കു വേണ്ടിയല്ലേ എന്നെ നിങ്ങൾ ഒഴിവാക്കുന്നേ എന്നും മുഖത്തടിച്ചപോലെ എനിക്കു ചോദിക്കേണ്ടി വന്നു.... അവളുടെ മുന്നിൽ വെച്ച് അങ്ങനെ ചോദിച്ചതു കൊണ്ടാവും എന്റെ മുഖത്തേക്ക് ഉണ്ണ്യേട്ടൻ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞത്... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നും ഞങ്ങൾക്കിടയിലെ തടസ്സം നീയാണെന്നും നിന്നെ ഒഴിവാക്കാൻ വേണ്ടിയാണ് നിന്നോട് നാട്ടിലേക്കു പോവാൻ ഞാൻ പറഞ്ഞത് എന്നും ഒരു കൂസലും ഇല്ലാതെ ഉണ്ണ്യേട്ടൻ പറഞ്ഞത്..
ആ ഒരു നിമിഷം ലോകം അവസാനിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു... ദെെവമേ അവർക്കിടയിലെ തടസ്സം ഞാനാണെന്നറിഞ്ഞിരുന്നില്ലല്ലോ... ഒരിക്കൽ പോലും ജീവന്റെ പാതിയായ ഉണ്ണ്യേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ...
ഒന്നു പൊട്ടിക്കരയാൻ പോലും കഴിയാതെ ആകെ ഒരു മരവിപ്പായിരുന്നു.... ഈ രാത്രി ഉണ്ണ്യേട്ടൻ അവളുടെ കെെപിടിച്ചിറങ്ങിപോയപ്പോൾ അറിഞ്ഞില്ലായിരുന്നു ഇത്രയും കാലം സ്നേഹിച്ചതും കൊണ്ടു നടന്നതും വെറും ഒരു ചതി മാത്രമായിരുന്നെന്ന്...
നാളത്തെ വിവാഹ വാർഷികത്തിന്എനിക്ക് ഉണ്ണ്യേട്ടൻ നൽകിയ സമ്മാനമാണ് ശൂന്യത നിറഞ്ഞ ഈ ഒറ്റപ്പെടുത്തൽ...!!
ഈ രാവിനു നീളമേറെ....
അവസാനത്തെ തുള്ളി എണ്ണയും കത്തി തീർന്നിരിക്കുന്നു...!!
ജാസ്മിൻ സജീർ

നിനക്കായ്..

നിനക്കായ്..
===========
ജീവിത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന സമയത്താണ് അവളെ ആദ്യമായി കണ്ടുമുട്ടിയത്. ഓട്ടോ ഓടിച്ചാണ് ഉമ്മയും നാലു പെങ്ങന്മാരും അടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്... പതിവുപോലെ
ഓട്ടോസ്റ്റാന്റിൽ നിൽക്കുമ്പോഴാണ് ഒരുമ്മയും മോളും വന്ന് വണ്ടിയിൽ കേറിയത്.... പെൺകുട്ടികൾ വണ്ടിയിൽ കയറിയാൽ കണ്ണാടിയിലൂടെ നോക്കുന്ന ശീലം പണ്ടേ ഉള്ളതാണ്... പഠിച്ചതല്ലേ പാടൂ.. പതിവു തെറ്റിക്കാനും പോയില്ല.. കണ്ണാടി ഒന്നു റെഡിയാക്കി വെച്ചു നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു... തിരിഞ്ഞു നോക്കിയപ്പോൾ ഉമ്മയും മഫ്ത കൊണ്ട് കണ്ണുതുടക്കുന്നു... ആവശ്യമില്ലാത്ത കാര്യത്തിൽ നമ്മളെന്തിന് ഇടപെടണം എന്നോർത്ത് വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു... കരച്ചില് നിർത്തിയോന്നറിയാൻ വീണ്ടും നോക്കിയപ്പോഴും ആ കുട്ടിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നു. എന്തോ കാര്യായിട്ട് പ്രശ്നണ്ടല്ലോന്ന് തോന്നിയപ്പോ വണ്ടി സെെഡാക്കി ഞാൻ അവരോട് ചോദിച്ചു.
''ഞാൻ കുറേ നേരായി ശ്രദ്ധിക്കുന്നു.. ഇങ്ങളെന്തിനാ കരയുന്നത്..?''
അവളൊന്നും മിണ്ടിയില്ല..
ഉമ്മയാണ് എല്ലാം പറഞ്ഞത്..
'''മോളേ കോളേജിൽ ചേർക്കാൻ പോയതാണ് ഞങ്ങൾ, കുഞ്ഞുനാള് തൊട്ടേ ഓളുടെ ആഗ്രഹായിരുന്നു എഞ്ചിനീയറിങ്ങിന് പഠിക്കണമെന്നുള്ളത്. പഠിക്കാൻ മിടുക്കി ആയതോണ്ട് ഗവൺമെന്റ് കോളേജിൽ അഡ്മിഷനും കിട്ടി. പക്ഷേ... കോളേജ് ബസ്സുണ്ട്.. ടൗണുവരെ വരുന്നുള്ളൂ...
ഒരു കാലിനു സ്വാധീനക്കുറവുള്ളതു കൊണ്ട് ചതുക്കിയാ നടക്കുന്നത്...
ടൗൺ വരെ നടന്നുപോവാനും കഴിയില്ല.. ഒരാളുടെ സഹായമില്ലാതെ ബസ്സിൽ കേറാനും ഇറങ്ങാനും കഴിയൂല്ല മോൾക്ക്.. അപ്പോ ഞാൻ പറഞ്ഞു പഠിക്കാൻ പോവണ്ടാന്ന്... അതിന്റെ സങ്കടാ മോൾക്ക്...''
''വീട്ടില് വേറെ ആരൂല്ലേ..?''
''പതിനെട്ടു കൊല്ലായി മോളുടെ ഉപ്പ കിടപ്പിലായിട്ട്.. മരം മുറിക്കലായിരുന്നു പണി.. മരത്തിൽ നിന്നു വീണ് അരക്കുതാഴേ തളർന്നു കിടക്കാണ്.. മോൾക്കന്ന് ഒരു വയസ്സാണ് പ്രായം.. അന്നുതൊട്ട് ഞാൻ പണിക്കുപോയിട്ടാണ് ഞങ്ങള് ജീവിക്കുന്നത്.. ആ സമയത്താണ് ഒരു പനി വന്ന് മോളുടെ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടത്.. നാട്ടുകാരുടെ സഹായം കൊണ്ടാണ് അവളുടെ പഠിത്തം മുടങ്ങാതിരുന്നത്.. പക്ഷെ ഇപ്പൊ എല്ലാം അവസാനിക്കാൻ പോവുന്നു എന്നൊരു തോന്നൽ..''
കരച്ചിൽ അടക്കാൻ ആ ഉമ്മ പാടുപെട്ടു...
അവളുടെ മുഖത്തേക്ക് നോക്കിയപ്പോഴും കെെകൾ കൊണ്ട് മുഖം പൊത്തി കരയുന്നു.. പിന്നെ ഒന്നും ചോദിക്കാനും പറയാനും തോന്നിയില്ല..
ആ ഉമ്മ പറഞ്ഞ കഥകളോർത്താൽ ഞാനെത്ര ഭാഗ്യം ചെയ്തവനാണെന്ന് തോന്നിപ്പോയി... മെയിൻ റോഡിൽ നിന്ന് കുറച്ചുള്ളിലായി ഒരു ചെറിയ ഓടിട്ട വീടിനു മുന്നിൽ വണ്ടി നിറുത്തി.. ആ ഉമ്മ പെെസ എനിക്കു നേരെ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു.... ''വേണ്ടുമ്മാ... ഇതിന് കൂലി വേണ്ട എനിക്ക്, നാട്ടുകാർ ചെയ്തുതരുന്ന സഹായമായി ഇതും കൂട്ടിക്കോ...''
തിരിച്ചു പോരുമ്പോൾ വെറുതെയൊന്ന് തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ കണ്ടു നടക്കാൻ ബുദ്ധിമുട്ടുന്ന മോളുടെ കയ്യും പിടിച്ച് ആ ഉമ്മ വീട്ടിലേക്കു കേറുന്നത്.
മനസ്സിനുള്ളിൽ ഒരു നോവായി നിന്നു ആ ഉമ്മയും മോളും... പിന്നെ സ്റ്റാന്റിൽ പോയില്ല... നേരെ വീട്ടിലേക്കു പോയി... വീട്ടിലെത്തിയിട്ടും ആ ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിത്തുടങ്ങി.. എന്റെ അന്തം വിട്ടുള്ള ഇരിപ്പ് കണ്ടിട്ടാവും ഉമ്മയും പെങ്ങന്മാരും ഓരോന്ന് ചോദിച്ചോണ്ടിരുന്നു.. അവസാനം അവരോട് ആ സംഭവം പറഞ്ഞു...
അതു കേട്ടപ്പോൾ അവർക്കും എന്റെ അവസ്ഥയായി... രാത്രി ഉറങ്ങാൻ കിടന്നപ്പോഴും അതുതന്നെ ആയിരുന്നു മനസ്സിൽ... അപ്പോഴാണ് ഉമ്മ റൂമിൽ വന്നത്...'' മോനുറങ്ങിയോ..''
''ഇല്ലുമ്മാ...'''
''ഞാനൊരു കാര്യം പറഞ്ഞാൽ ന്റെ കുട്ടി അനുസരിക്കോ...?''
''ഉം.''
''നാലു പെങ്ങന്മാരെ ന്റെ കുട്ടി നോക്കുന്നില്ലേ.. അതിലേക്ക് ഒരാളു കൂടി അധികായിന്ന് കരുതിക്കൂടേ..?'' ഉമ്മ പറഞ്ഞത് എന്താന്ന് മനസ്സിലാവാത്ത രീതിയിൽ ഉമ്മാടെ മുഖത്തേക്കൊന്നു നോക്കി.
''എന്നും രാവിലെ ഓട്ടോ എടുത്ത് നീ പോവുന്നില്ലേ... ആ കുട്ടിയെ ന്റെ കുട്ടി കോളേജ് ബസ്സ് വരുന്നിടത്തേക്ക് കൊണ്ടു വിടണം... അതിനുള്ള കൂലി ന്റെ കുട്ടിക്ക് പടച്ചോൻ തരും... ആ കുട്ടി പഠിച്ച് നല്ല നിലയിലെത്തിയാൽ ആ കുടുംബത്തിന് ഒരാശ്വാസമാവൂല്ലേ...?''
ഉമ്മാന്റെ ആ വലിയ മനസ്സീനു മുന്നിൽ പറയാൻ വാക്കുകളില്ലാതായി...
അതുവരെയുണ്ടായിരുന്ന മാനസികസംഘർഷമൊക്കെ മാറ്റിനിർത്തി ഉമ്മ പറഞ്ഞതോർത്ത് കിടന്നു...
പിറ്റേ ദിവസം തന്നെ ഉമ്മാടേയും പെങ്ങന്മാരുടേയും തീരുമാനപ്രകാരം അവളുടെ വീട്ടിലേക്ക് പോയി...
എന്നെ കണ്ടപ്പോൾ തന്നെ ആ ഉമ്മക്ക് മനസ്സിലായി... കിടപ്പിലായ ഉപ്പാക്ക് കഞ്ഞികൊടുക്കാണ് അവൾ..
ആ ഉമ്മയോടും ഉപ്പയോടുമായി ഞാൻ പറഞ്ഞു മോളുടെ പഠിത്തം മുടക്കണ്ട എന്നും രാവിലെ കോളേജ് ബസ്സ് വരുന്നിടത്തേക്ക് ഓട്ടോയില് ഞാൻ കൊണ്ടു വിടാമെന്നും..
അതു കേട്ടപ്പോൾ കരഞ്ഞു തളർന്ന അവളുടെ മുഖം പ്രകാശിച്ചു..
ഉമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി... വാക്കുകൾ കിട്ടാതെ ആ ഉപ്പ എന്നെ ദയനീയമായി ഒന്നു നോക്കി... ആ സന്തോഷം കാണ്ടപ്പോൾ ഞാൻ ന്റെ ഉമ്മാനെ ആണ് ഓർത്ത് പോയത്... എന്റുമ്മാടെ ആ വലിയ മനസ്സാണ് എന്നെക്കൊണ്ട് ഇങ്ങനൊരു നല്ലകാര്യം ചെയ്യിച്ചത്...
അങ്ങനെ അവളെ കോളേജ് ബസ്സിൽ കയറ്റിക്കൊടുക്കുന്നതും തിരിച്ചു വീട്ടിൽ കൊണ്ടു വിടുന്നതും ഞാൻ ഏറ്റെടുത്തു..
അധികം ഒന്നും സംസാരിക്കില്ലായിരുന്നു അവൾ.. ചോദിച്ചതിനു മാത്രം മറുപടി പറയും...ആദ്യമൊക്കെ കുറച്ചകൽച്ച തോന്നിയെങ്കിലും അതൊക്കെ പതിയെ ശരിയായി... അവളുടെ കെെപിടിച്ച് ബസ്സിലേക്ക് കയറ്റുമ്പോഴും ഇറക്കുമ്പോഴും വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു...
പെങ്ങൾ എന്ന പദവിയിൽ നിന്നും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി അവൾ മാറിയിരുന്നു... എനിക്ക് അവളോടുള്ള ഇഷ്ടത്തെക്കുറിച്ച് ഒരിക്കൽ പോലും അവളോട് പറഞ്ഞിരുന്നില്ല.... ഓരോ ദിവസം കൂടുംതോറും അവളോടുള്ള ഇഷ്ടവും കൂടി വന്നു.. പഠിച്ച് നല്ലനിലയിൽ എത്തിക്കഴിഞ്ഞാൽ അവൾക്കും കൂടി സമ്മതമാണേൽ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്നു മനസ്സിനെ പറഞ്ഞു നിർത്തി...
എന്റെ ജീവന്റെ പാതിയായി എന്റെ ഓരോ ശ്വാസത്തിലും അവളുടെ നാമം പ്രണയ പൂർവ്വം എന്നിൽ നിറഞ്ഞു നിന്നു.
പരിധിയും പരിമിതികളും ഇല്ലാത്ത ലോകത്താണ് ഞാൻ അവളെ പ്രണയിക്കുന്നത്.. ആപ്രണയത്തെ ഉപമിക്കാനോ നിർവ്വചിക്കാനോ എനിക്കാവില്ല.. അവളോട് ഞാനതു പറയുന്നില്ലെങ്കിലും അവളെ ഞാൻ പ്രണയിക്കുന്നു... എനിക്കു പോലും അറിയാത്ത ഭാഷയിൽ... ഇന്നും അവളുടെ കെെപിടിച്ച് കോളേജ് ബസ്സിലേക്ക് കയറ്റുന്നതും ഇറക്കുന്നതും ഞാൻ തന്നെ... അവളെനിക്ക് പ്രിയപ്പെട്ടവളാണ്... ഈ രാവിൽ ഉണർന്നിരിക്കാൻ നിന്റെ മിഴിയിലെ പ്രകാശത്തിൽ നിന്നിത്തിരി വെട്ടം ഞാൻ കടമെടുത്തോട്ടേ പെണ്ണേ....??
ശുഭം
ജാസ്മിൻ സജീർ

പിതൃസ്നേഹം(കഥ)

പിതൃസ്നേഹം(കഥ)
''ഡാ...നീ എന്തേലും ഒന്നു വേഗം പ്ലാൻ ചെയ്യ്...ടെെമില്ല''
''ഒന്നു മിണ്ടിതിരിക്കെടി കോപ്പേ... ഞാനൊന്നാലോചിക്കട്ടേ..''
''ആലോചിച്ചോ...ആലോചിച്ചോ... ആലോചിച്ചിട്ട് എന്നത്തേയും പോലെ ചെക്കന് നീളമില്ല , കറുത്തിട്ടാണ്,പഠിപ്പില്ല, കളറു കൂടുതലാണ്, വണ്ണം കൂടുതലാണ്, കോങ്കണ്ണുണ്ട് എന്നൊന്നും പറഞ്ഞാൽ ഏൽക്കൂല്ല മോനേ... ചെക്കൻ ഉപ്പച്ചീടെ ഫ്രണ്ടിന്റെ മോനാണ്... രണ്ടുവീട്ടുകാർക്കും പരസ്പരം അറിയാവുന്നതും ആണ്.. പോരാത്തീന് ചെക്കനാണേൽ മുടിഞ്ഞ ഗ്ലാമറും...''
അതൊന്ന് പറഞ്ഞപ്പോൾ അവന്റെ മുഖം ഒന്നു വാടിയോന്നൊരു സംശയം...
''അത്രക്ക് ഗ്ലാമറാണേൽ നീ പോയി ഓനെത്തന്നെ കെട്ടിക്കോ..''
''ഓനെക്കെട്ടാനാണേൽ നിന്റെ അടുത്തുവന്ന് കല്യാണം മുടക്കാൻ എന്തേലും ഏർപാടുണ്ടോന്ന് ചോദിക്കണ്ട ആവശ്യമില്ലല്ലോ... നീ തമാശ കളയ്... നാളെയാണ് ചെക്കന്റെ വീട്ടുകാര് പെണ്ണുകാണാൻ വരുന്നത്....എന്തേലും ചെയ്തില്ലേൽ കെെവിട്ടു പോവും.''
''എടീ... നിനക്കു പഠിക്കണം ഇപ്പൊ കല്യാണം വേണ്ടാന്ന് പറഞ്ഞൂടെ നിന്റെ ഉപ്പച്ചിയോട്..''
''ഏയ്...അതൊന്നും ഏൽക്കൂല്ല.. കാരണം ചെക്കൻ ഒരു MBA കാരനാണ്... അതോണ്ട് കല്യാണം കഴിഞ്ഞാലും പഠിക്കാൻ സമ്മതിക്കും..''
''എന്നാ ഒരു വഴിയേ ഉള്ളൂ.. നീ നിന്റെ ഉപ്പച്ചിയോട് നമ്മുടെ കാര്യം പറഞ്ഞു നോക്ക്...''
''ഒന്നു പോടാ... എനിക്ക് പേടിയാ... സംഭവം ഉപ്പ നല്ല കൂട്ടുകാരനൊക്കെ ആണേലും ഇക്കാര്യം പറയാൻ നിക്ക് വയ്യ... ചിലപ്പോ ഇങ്ങനൊരു റിലേഷൻ ഉപ്പച്ചി അറിഞ്ഞാൽ എന്നെ വേഗം പിടിച്ച് കെട്ടിച്ചു വിടും...''
''ഡീ.. നീ ഇപ്പൊ വീട്ടിലേക്ക് പോ... ഞാൻ രാത്രി മെസ്സേജ് അയക്കാം...''
അന്നു അവനോട് യാത്ര പറഞ്ഞു പോരുമ്പോൾ പതിവില്ലാത്തൊരു സങ്കടം ഫീൽ ചെയ്തു.
അന്നു രാത്രി ആവാൻ ഞാൻ കാത്തിരുന്നു..
അവന്റെ മെസ്സേജിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് അനിയത്തീടെ വക ഒരു വളിഞ്ഞ കമന്റ്..
''എന്താണ് താത്തപ്പെണ്ണേ... നിന്റെ മുഖത്തൊരു മ്ലാനത....''
''ഒന്നു പോടീ...''
''ആ... ഞാൻ പൊക്കോളാം.. നാളത്തെ പെണ്ണുകാണൽ എങ്ങനെ മുടക്കാന്ന് പ്ലാൻ ചെയ്യാവും... ഞാൻ പറഞ്ഞു കൊടുക്കും ഉപ്പച്ചിയോട്...'''
ന്റെ റബ്ബേ... അതെങ്ങനെ ഇവൾക്ക് മനസ്സിലായി... വല്ല അകക്കണ്ണും ഉണ്ടോ ഈ പൊട്ടിക്കാളിക്ക് എന്നു പിറുപിറുത്ത് വീണ്ടും ഫോണിലേക്ക് നോക്കി..
സംഭവം അവളെന്റെ അനിയത്തി ആണേലും എന്റെ മേലുള്ള ഭരണം കണ്ടാൽ എന്റെ വാപ്പയാന്ന് തോന്നും..
കാത്തിരിപ്പിനൊടുവിൽ ഫോണിൽ അവന്റെ നീണ്ട ഒരു സന്ദേഷം വന്നു..
അതൊക്കെ മനസ്സിൽ കണക്കുകൂട്ടി കിടന്നു എപ്പൊഴോ ഉറങ്ങിപ്പോയി...
അവന്റെ പ്ലാനിങ്ങ് പ്രകാരം രാവിലെ ആറു മണിക്ക് ഞാനുണർന്നെങ്കിലും എട്ടുമണി ആയിട്ടും റൂമീന്ന് പുറത്തിറങ്ങീല്ല.. ഉമ്മി വന്ന് വാതിലിൽ ഒടുക്കത്തെ മുട്ട് കേട്ടപ്പോൾ വാതിൽ പൊളിയേണ്ടല്ലോന്നോർത്ത് തുറന്നു..
ഉമ്മീടെ ആ നോട്ടം കണ്ടപ്പോത്തന്നെ ന്റെ പകുതി ധെെര്യം ചോർന്ന് പോയി...
പിന്നെ ഉമ്മീടെ ഭാഷയിൽ നാലു ഡയലോഗാണ്... ന്റെ റബ്ബേ... കേട്ടു നിന്ന എന്നെ സമ്മതിക്കണം...
അവരൊക്കെ വരുന്നുണ്ടെന്നും വേഗം റെഡിയിയി നിക്കാനും പറഞ്ഞ് ഉമ്മി പോയി.. കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടപ്പോ അവരു വന്നു എന്നും പറഞ്ഞ് ഉമ്മി വീണ്ടും വന്നു...
''നീ ഇതുവരെ കുളിച്ചില്ലേ... എന്തു കോലമാടി ഇത്...''
''എനിക്ക് നല്ല തലവേദന... കുളിക്കാനൊന്നും നിക്ക് വയ്യ.. ഈ കോലത്തില് കണ്ടിട്ട് ഇഷ്ടാവാണേൽ മതി...'' കുറച്ചു ഗൗരവത്തിൽ തന്നെ അത്രേം പറഞ്ഞൊപ്പിച്ചപ്പോൾ ഒരു ആശ്വാസം..
''ന്റെ താത്തപ്പെണ്ണേ... ഇന്നെങ്കിലും ഒന്നു കുളിച്ചൂടെ നിനക്ക്... നാറീട്ട് വയ്യ...'' അടുത്ത കുരിശ്... ഉമ്മി കാണാതെ അവളുടെ കാലിലൊന്നമർത്തിച്ചവിട്ടിയപ്പോൾ അവളൊന്ന് ചിണുങ്ങി...
അങ്ങനെ ആ കോലത്തിൽ തന്നെ ഞാൻ വന്ന ആൾക്കാർക്ക് ചായ കൊണ്ടുപോയിക്കൊടുത്തപ്പോൾ ഉപ്പച്ചി എന്നെ വല്ലാത്തൊരു നോട്ടം നോക്കി..
അവിടെ നിന്നും രക്ഷപ്പെട്ടപ്പോൾ ഉമ്മീടെ വക എന്നെ ന്യായീകരിച്ച് അവരോട് ഒരു ഡയലോഗും കാച്ചി....
'' ഓൾക്ക് നല്ല തലവേദനയായതോണ്ട് ഇപ്പൊ എണീറ്റെ ഉള്ളു..''
പെണ്ണുകാണാൻ വന്ന ആൾക്കാരൊക്കെ എന്നെ മുന്നെ കണ്ടതാണ്.. അതിലെ ഒരാൾ പറയേം ചെയ്തു '' അതൊന്നും സാരല്ല... ഞങ്ങൾ കാണാത്തതും അറിയാത്തതും അല്ലല്ലോ അവളെ...''
അതു കേട്ടപ്പോൾ ഒരു കാര്യം നിക്ക് ഉറപ്പായി... ഏത് കോലത്തില് പോയാലും ഈ കല്യാണം നടക്കുമെന്ന്..
പിന്നെ അവടെ നിന്നില്ല... നേരെ റൂമിൽ പോയി കിടന്നു.. കൂടെ അനിയത്തിയും വന്നു...
അവൾക്കു കുറച്ചൊക്കെ എന്റെ പ്രണയത്തെക്കുറിച്ച് അറിയും.. അവളെന്നോട് പറഞ്ഞു ഉപ്പച്ചിയോട് എല്ലാം തുറന്നു പറയാനും അവളും സപ്പോർട്ട് ചെയ്യാമെന്നും..
അങ്ങനെ രണ്ടും കൽപിച്ച് ഇന്നുതന്നെ എല്ലാം പറയണം എന്നു മനസ്സിലുറപ്പിച്ചു..
എല്ലാം ഒന്നു ശാന്തമായപ്പോൾ ഉപ്പാന്റെ അടുത്തേക്ക് അവള് തന്നെ കൂട്ടിക്കൊണ്ടുപോയി... ഉപ്പച്ചി സിറ്റൗട്ടിലിരുന്നു പേപ്പർ വായിക്കായിരുന്നു..
അങ്ങനെ അനിയത്തി തന്നെ തുടങ്ങിവെച്ചു..
''ഉപ്പച്ചീ ... താത്തപ്പെണ്ണിന് ഈ കല്യാണം വേണ്ടത്രേ..''
ഉപ്പച്ചി പേപ്പറൊക്കെ താഴെ വെച്ച് എന്നോട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു...
പടച്ചോനെ എല്ലാം തുറന്നുപറയാനുള്ള ധെെര്യം ഉണ്ടാവണേ എന്നുള്ളുകി പ്രാർത്ഥിച്ചു കൊണ്ട് ഉപ്പച്ചീടെ അടുത്തിരുന്നു...
''നിനെക്കെന്താ ചെക്കനെ ഇഷ്ടായില്ലേ...?''
''അതല്ല ഉപ്പച്ചീ... താത്തപ്പെണ്ണിനു വേറൊരാളോട് ഇഷ്ടം ആണ്..''
ഈ പെണ്ണിതൊക്കെ കുളമാക്കോ..
''ഓഹോ... അപ്പൊ അതാണ് വരുന്ന ചെക്കൻമാർക്കൊക്കെ ഓരോ കുറ്റം കണ്ടുപിടിച്ച് ഇവള് മുടക്കുന്നത്..''
ഉപ്പച്ചീടെ ആ ഡയലോഗിൽ ഒരു പന്തികേട് തോന്നി..
ഉപ്പ എന്നോട് ചോദിച്ചു എല്ലാം..
ആരെയാണ് ഇഷ്ടമെന്നും ആളെക്കുറിച്ചെല്ലാം..
''പേര് മുനീർ.. കോളേജിനടുത്ത് ഒരു ബേക്കറി ഷോപ്പ് നടത്താണ്... ഞങ്ങൾ തമ്മിൽ രണ്ടുവർഷമായി പ്രണയത്തിലാണ്.. വല്യ പണക്കാരൊന്നുമല്ല.. വീടൊക്കെ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്... ചെറിയ വീടാണ്.. വയ്യാത്ത ഉമ്മയും മൂന്ന് പെങ്ങൻമാരും മാത്രേ ഉള്ളൂ അവൻക്ക്.. അവന്റെ അധ്വാനം കൊണ്ടാണ് അവരെല്ലാം പട്ടിണിയില്ലാതെ ജീവിക്കുന്നത്.. ഈ ഇഷ്ടം അവന് എന്നോട് തോന്നിയതല്ല.. എനിക്ക് അവനോട് തോന്നിയതാണ്... അവന്റെ എല്ലാ സാഹചര്യങ്ങളും എനിക്ക് നേരിട്ട് കാണിച്ചു തന്നിട്ടും എന്റെ ഇഷ്ടത്തിനു മാറ്റം ഒന്നും ഇല്ലെന്നറിഞ്ഞിട്ടാണ് എന്നെ അവൻ സ്നേഹിക്കാൻ തുടങ്ങിയത്.. ഒരു കാര്യം ഉറപ്പാണ് ഉപ്പച്ചീ... സ്നേഹം കൊണ്ട് അവനാണ് ലോകത്ത് ഏറ്റവും വലിയ പണക്കാരൻ...''
ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ
അറിയാതെ ഉള്ളിലൊരു നീറ്റൽ അനുഭവപ്പെട്ടു..
ഉപ്പച്ചി എങ്ങനെ പ്രതികരിക്കും എന്നറിയാതെ തലയും താഴ്ത്തിരിക്കുമ്പോഴാണ് എന്റെ മുഖമുയർത്തിക്കൊണ്ട് ഉപ്പച്ചി പറഞ്ഞത്..
''ഞാനൊന്ന് അന്വേഷിക്കട്ടേ... നല്ലതാണെന്ന് തോന്നിയാൽ നമുക്ക് ആലോചിക്കാം...'' ആ രണ്ട് വാക്കിൽ നിന്നും ഞാൻ അറിഞ്ഞു ന്റെ ഉപ്പച്ചീടെ മനസ്സ്...
ഇതെല്ലാം കേട്ടുനിന്നിരുന്ന ഉമ്മി പറഞ്ഞതു കേട്ടപ്പോൾ വീണ്ടും സങ്കടായി.
''നിങ്ങൾക്കെന്താ മനുഷ്യാ വട്ടായോ.. അവരോടു എല്ലാം ഉറപ്പിക്കണ്ടകാര്യം വരെ നിങ്ങള് തന്നെയല്ലേ പറഞ്ഞത്.. എന്നിട്ടിപ്പൊ അവളുടെ ഓരോ കുരുത്തക്കേടിന് കൂട്ടു നിൽക്കുന്നോ..?''
അത് കേട്ടപ്പോൾ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല... അകത്തേക്ക് പോവാൻ തുടങ്ങുമ്പോഴാണ് ഉപ്പച്ചി ഉമ്മിയോട് പറയുന്നത്..
''എടീ... നമ്മുടെ മക്കൾ നമ്മുടെ ഭാഗ്യമാടീ.. നീ ഒന്നു ആലോചിച്ചുനോക്കിയേ ഇന്നു വന്ന കല്യാണം ഉറച്ച് നിക്കാഹിന്റെ അന്നോ അല്ലെങ്കിൽ അതിന്റെ തലേ ദിവസമൊക്കെയാണ് ഇതൊക്കെ പറഞ്ഞിരുന്നെങ്കിൽ എന്താവും അവസ്ഥയെന്ന്... ഇപ്പൊ ഉറപ്പിക്കാം എന്നൊരു വാക്കുമാത്രേ കൊടുത്തുള്ളൂ... ആ വാക്കൊന്ന് തിരിച്ചെടുക്കേ വേണ്ടുള്ളൂ... വെെകിയാണെങ്കിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിപ്പോനേ...
നമ്മുടെ മോള് പറഞ്ഞ ആ ചെക്കനെക്കുറിച്ച് ഞാനൊന്ന് അന്വേഷിക്കട്ടേ... നല്ലതാണേൽ നടത്തണം...'''
അതു കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി...
ഇത്രക്കൊള്ളൂ എന്റെ ഉപ്പച്ചിയെന്നോർത്തപ്പോൾ ശരിക്കും സങ്കടായി..
കണ്ണിൽ ഒരു കുടം വെള്ളം നിറച്ച് ചിരിക്കാൻ പാടുപെട്ട് അനിയത്തി അടുത്തേക്ക് വന്നിട്ട് പറഞ്ഞു
''താത്തപ്പെണ്ണേ... ചിലവുണ്ട് ട്ടോ..''

അപ്പോഴും എന്റെ ചിന്ത മുഴുവൻ ന്റെ ഉപ്പച്ചീടെ മനസ്സായിരുന്നു..
ഒന്നിനും പകരം വെക്കാനാവാത്ത പരിശുദ്ധമായ സ്നേഹത്തിന്നുടമ..!!!
ശുഭം
ജാസ്മിൻ സജീർ

മാളവിക(കഥ)

മാളവിക(കഥ)
''ഏട്ടാ... പുറത്ത് നല്ലമഴ..നമുക്കൊന്ന് നനഞ്ഞാലോ..?''
''ഈ പാതിരാത്രിക്കോ.. ഒന്നു മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..'' എന്നും പറഞ്ഞ് അവളെ നെഞ്ചിലേക്കു ചേർത്തി കിടത്തി.. അത് അവൾക്ക് അത്രക്ക‌് രസിച്ചില്ല.
വിരലുകൾ കൊണ്ട് കുസൃതികൾ കാണിച്ച് ചെറിയ കുട്ടിയെ പോലെ ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു..
''ഏട്ടൻ പറഞ്ഞതല്ലേ... എന്ത് ആഗ്രഹമുണ്ടേലും സാധിച്ചു തരാമെന്ന്..
എനിക്കിപ്പോൾ മഴ നനയണം.. ഏട്ടൻ വാ...'' എന്റെ കെെ പിടിച്ച് വലിച്ചു കൊണ്ടവൾ മുൻ വശത്തെ വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി.
''മാളൂ.. അമ്മ കണ്ടാൽ വഴക്കു പറയും..
മഴ കൊണ്ടാൽ പനി വരും.. പെണ്ണേ ഒന്നടങ്ങി നിക്ക്...'' എന്നൊക്കെ ഞാൻ പറയുന്നുണ്ടേലും ഒന്നും അവൾ കേൾക്കുന്നേയില്ല.
ആദ്യമായി മഴ കാണുന്ന പോലെ അവൾ മഴയത്ത് മഴത്തുള്ളികളെ കയ്യിലേക്ക് ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു.
തിമിർത്തു പെയ്യുന്ന രാത്രി മഴയിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന അവളെ മാറോട് ചേർത്തി വിടർന്ന കണ്ണുകളിലേക്ക് നോക്കി ഞാൻ അവളോട് ചോദിച്ചു
'' മാളൂ.... ഇനി നീ പറയ്..നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്താണ്...?''
എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു തുടങ്ങി..
''ഈ രാത്രി മഴയെ സാക്ഷിയാക്കി എന്റെ ആഗ്രഹം ഞാൻ പറഞ്ഞോട്ടേ.... എന്റെ അവസാന ശ്വാസം വരെ ഈ നെഞ്ചിലെ ചൂടേറ്റ് എന്റെ ഏട്ടന്റെ മാളു ആയി ഇങ്ങനെ ചേർന്ന് നിൽക്കണം..''
അതും പറഞ്ഞ് ആ മഴയത്ത് ഒന്നു കൂടി അവൾ എന്നെ മുറുകെപ്പുണർന്നു..
ആ വാക്കുകൾ എന്നുള്ളിലേക്ക് ആഴ്ന്നിറങ്ങി.. കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ പാടുപെട്ടു..
ഈ ജന്മത്തിലെ എന്റെ പുണ്യമാണവൾ..!!
''മാളൂ... നമുക്ക് പോയി കിടക്കാം..''
അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ ചേർന്നു നടന്നു.
അകത്തേക്ക് കയറാൻ നിൽക്കുമ്പോൾ മുന്നിൽ അമ്മ നിൽക്കുന്നു. നോട്ടം അത്രക്ക് പന്തിയല്ല.
''എന്താടാ നിങ്ങളീ കാണിക്കുന്നത്.. മഴ കൊണ്ട് വല്ല അസുഖവും വരുത്തി വെക്കാനാണോ..?''
ഞാൻ മറുപടി പറയാൻ തുടങ്ങുന്നേനു മുന്നേ മാളു പറഞ്ഞു
''അമ്മേ ഞാൻ പറഞ്ഞിട്ടാണ് ഏട്ടൻ ..''
ബാക്കി അമ്മക്ക് മനസ്സിലായെന്നു തോന്നുണു.. അമ്മയുടെ ദേശ്യമൊക്കെ മാറി.. മാളു പറഞ്ഞാൽ അതിനപ്പുറത്തേക്ക് വേറെ ഒന്നും ഇല്ല..
അത്രക്കിഷ്ടാണ് അവളെ..
അമ്മ തന്നെയാണ് തോർത്തെടുത്ത് അവളുടെ മുടിയിലെ വെള്ളം മുഴുവൻ തുടച്ചു കൊടുത്തതും, നനഞ്ഞ ഡ്രെസ്സു മാറി പോയി ഉറങ്ങാൻ പറഞ്ഞതും..
ഞാൻ റൂമിലേക്ക് ചെന്നപ്പോഴെക്കും അവൾ കിടന്നിരുന്നു..
ജനൽപാളികൾ തുറന്ന് രാത്രി മഴയുടെ സൗന്ദര്യത്തെ ആസ്വദിച്ച് കുറച്ചു നേരം നിന്നു.
ഇടക്കെപ്പൊഴോ ഏട്ടാ കിടക്കുന്നില്ലേ എന്നവൾ ചോദിക്കുന്നുണ്ട്..
ഞാൻ കിടന്നപ്പോഴേക്കും അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു..
ആരുമില്ലാത്ത ഒരു അനാഥ പെൺകുട്ടിയെ ഞാൻ കല്യാണം കഴിക്കണം എന്നത് മരിക്കുന്നതിനു മുന്നേ അച്ഛൻ അമ്മയോട് പറഞ്ഞിരുന്നതാണ്..
അതിന് കാരണവും ഉണ്ട്.. അമ്മയുടേയും അച്ഛന്റേയും വലിയ കുടുംബമായിരുന്നു..
അച്ഛൻ ക്യാൻസർ രോഗിയായി കിടപ്പിലായപ്പോൾ എന്നെ പഠിപ്പിക്കാനും അച്ഛനെ ചികിത്സിപ്പിക്കാനും അമ്മ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്...
നാട്ടുകാർ ചെയ്തിരുന്ന സഹായം പോലും സ്വന്തം ബന്ധുക്കള് ചെയ്തു കൊടുത്തിട്ടില്ലെന്ന് അമ്മ എപ്പഴും പറയുമായിരുന്നു..
അമ്മയുടെ കഷ്ടപ്പാടു കണ്ടിട്ടാവാം അച്ഛൻ അങ്ങനൊരു വാക്ക് പറഞ്ഞതും..
എല്ലാവരും ഉണ്ടായിട്ട് ഒറ്റപ്പെടുന്നതിലും നല്ലതല്ലേ ആരും ഇല്ലാത്തവളെ കൂടെ കൂട്ടുന്നത്...
അച്ഛൻ മരിച്ചതിനു ശേഷം എനിക്കെല്ലാം അമ്മയായിരുന്നു...
എനിക്ക് കല്യാണപ്രായമായപ്പോൾ അച്ഛന്റെ ഒരു കൂട്ടുകാരൻ വഴി ഒരു അനാഥാലയത്തിൽ നിന്ന് മാളൂനെ എനിക്ക് വേണ്ടി കണ്ടെത്തിയതും അമ്മ തന്നെയാണ്..
അച്ഛന്റേയും അമ്മയുടേയും ബന്ധുക്കളെല്ലാം ഈ കല്യാണത്തിനെ എതിർത്തപ്പോഴും അമ്മ തന്നെ മുൻപന്തിയിൽ നിന്ന് എല്ലാം നടത്തിയത്.
അമ്മയും ഞാനും എന്റെ കുറച്ചു ഫ്രണ്ട്സും അച്ഛന്റെ അടുത്ത ഒരു കൂട്ടുകാരനും മാത്രമേ ആ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തിയുള്ളു..
അനാഥായത്തിൽ വെച്ചു തന്നെ മാളൂന്റെ കഴുത്തിൽ ഞാൻ താലികെട്ടി.
അവിടെയുള്ള എല്ലാ അന്തേവാസികൾക്കും ഒരു നേരത്തെ ആഹാരം ഞങ്ങളുടെ കെെ കൊണ്ട് തന്നെ വിളമ്പി ഞങ്ങൾ ജീവിച്ചുതുടങ്ങി..
അന്നു മുതൽ എന്റെ വീടിന്റെ വിളക്കായ് അവൾ നിറഞ്ഞു നിന്നു.
എന്റെയും അമ്മയുടേയും ജീവിതത്തിന്റെ ഒരു ഭാഗമായി അവൾ മാറി..
സന്തോഷം മാത്രം നിറഞ്ഞു നിന്നു ഞങ്ങളുടെ വീട്ടിൽ..
ജോലി കഴിഞ്ഞ് ഞാൻ വരുന്ന സമയത്ത് അമ്മയുടെ മടിയിൽ തലചായ്ച്ചു കിടക്കുന്നുണ്ടാവും അവൾ..
എന്നെ കണ്ടാൽ അവൾ എഴുന്നേറ്റ് എനിക്കുള്ള ചായ എടുക്കാൻ അടുക്കളയിൽ പോവും...
ആ സമയത്ത് അമ്മയുടെ മടിയിൽ ഞാനും കിടക്കും.. എന്റെ മുടിയിഴകൾ തലോടിക്കൊണ്ട് അമ്മ പറയും
''ന്റെ കുട്ടി ഭാഗ്യം ചെയ്തവനാണ്.. അത്രക്ക് സ്നേഹമുള്ളവളാണ് മാളു.. എന്റെ കാലം കഴിഞ്ഞാലും അവളെ നീ പൊന്നു പോലെ നോക്കണം.. ഒരിക്കലും കരയിക്കരുത്... അവളുടെ കണ്ണു നിറഞ്ഞാൽ അച്ഛന്റെ ആത്മാവ് പൊറുക്കില്ല...''
''എനിക്കറിയാം അമ്മേ ന്റെ മാളൂനെ.. അവൾ എന്റെ ജീവിതം മാത്രമല്ല, ജീവൻ കൂടിയാണ്... അവളിലൂടെയാണ് എന്റെ ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും..''
ഞാൻ പറഞ്ഞു നിർത്തിയപ്പോൾ സന്തോഷം കൊണ്ട് അമ്മയുടെ മനസ്സ് നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാം..!!
ശുഭം
ജാസ്മിൻ സജീർ

എന്റെ ഷാനിയും ഒരു ഉമ്മയായി...

''അല്ല നബീസൂ.. അന്റെ മോൻ കല്യാണം കയിഞ്ഞിട്ട് ഇതിപ്പോ അഞ്ചാമത്തെ വരവല്ലേ..? അന്റെ മര്വോൾക്ക് ഇതുവരേം വിശേഷം ഒന്നും ആയില്ലേ..?
ഓളെ ഇങ്ങക്ക് ഒരു ആസ്പത്രിയിൽ കൊണ്ടുപോയി കാട്ടിക്കൂടെ...? ഓൾക്ക് വല്ല കൊയപ്പോം ണ്ടാവും..''
ഒരു ബന്ധുവീട്ടിൽ കല്യാണത്തിന് ഞാനും ഷാനിയും ഉമ്മയും കൂടി പോയപ്പോൾ ഉമ്മാടെ അകന്ന ബന്ധത്തിൽ പെട്ട ഒരു താത്താന്റെ ഡയലോഗാണ് ഇത്...
ഉമ്മാന്റെ വക അതിനുള്ള മറുപടി ഡയലോഗ്
'' ഓനിപ്പോ അടുത്ത് വന്നല്ലേയുള്ളൂ.. ആകെ കുറച്ചീസത്തെ ലീവേ ണ്ടാവൂ ഓൻക്ക്... അതൊക്കെ അയിന്റെ സമയാവുമ്പോ ണ്ടായിക്കോളും... ഓളെ കൾപ്പിച്ച് ഓരോന്ന് പറഞ്ഞാ ഓൾക്ക് വേഷമാവൂല്ലേ.. അതോണ്ട് ങ്ങള് ങ്ങളെ പണിനോക്കിം.''
ഉമ്മാന്റെ ആ മാസ്സ് ഡയലോഗ് കേട്ടപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനാ അപ്പൊ തോന്നിയത്...
അല്ല പിന്നെ...!!
ഷാനിയേം കൊണ്ട് പുറത്തേക്കിറങ്ങിക്കഴിഞ്ഞാൽ തലമൂത്തവരുടെ ഒരു ഒടുക്കത്തെ ചോദ്യാ ഇത്...
അവളാണേൽ ഇത് കേൾക്കുമ്പോഴേക്കും മോങ്ങാൻ തുടങ്ങും..
ഒരു കരളുറപ്പൂല്ലാത്തൊരു പൊട്ടിപ്പെണ്ണ്..
ഞങ്ങൾക്കില്ലാത്ത ബേജാറെന്തിനാ നാട്ടുകാർക്ക്.. അവർക്കവരുടെ പണിനോക്കിയാൽ പോരെ..
ഉമ്മാടെ ബന്ധു ആയിപ്പോയി... ഇല്ലേൽ അവരുടെ അസുഖം ഞാൻ മാറ്റിക്കൊടുത്തേനേ...
ഉള്ളിൽ അവരോടുള്ള ദേശ്യം കടിച്ചു പിടിച്ചു ഞാൻ അവിടുന്ന് കുറച്ചു മാറിനിന്നു ഷാനിയെ ഒന്നു നോക്കി.
പാവം കണ്ണിൽ ഒരു കുടം വെള്ളം നിറച്ചിരിക്കുന്നു..
വല്ലാത്തൊരു ലോകം തന്നെ...
അന്നു രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ ഉമ്മ വന്നു പറയാണ്
''മോനേ.. കല്യാണം കയിഞ്ഞിട്ട് നാലു കൊല്ലം ആയില്ലേടാ... നല്ലൊരു ഡോക്ടറെ കാണിച്ച് ഒരു ചെക്കപ്പ് നടത്തിക്കൂടെ.. ''
''ഉമ്മാക്ക് ഇതെന്തിന്റെ കേടാണ്.. രാവിലെ വല്യ ഡയലോഗ് അടിച്ചത് ഇങ്ങള് തന്നെയല്ലേ.. അതൊക്കെ അതിന്റെ സമയം ആവുമ്പോ ഉണ്ടായിക്കോളൂന്ന് പറഞ്ഞ്...''
''അതൊക്കെ അവരുടെ വായ അടപ്പിക്കാൻ പറയുന്നതല്ലേ...
ഉമ്മാന്റ കുട്ടി നാളെത്തന്നെ ഷാനിയേം കൂട്ടി ഒന്നു പോയി നോക്ക്...''
''ഇല്ലുമ്മാ... ഇതിനു വേണ്ടി ഞങ്ങള് ഹോസ്പിറ്റലിൽ പോവില്ല.. കാരണം ചെക്കപ്പൊക്കെ നടത്തി അവൾക്കോ എനിക്കോ വല്ല കുഴപ്പവും ഉണ്ടെങ്കിൽ അതു ഞങ്ങളുടെ ജീവിതത്തെ ബാധിക്കും.. അതോണ്ട് പടച്ചോൻ ഒരു കുഞ്ഞിനെ തരാനുദ്ദേശിച്ചിട്ടുണ്ടെങ്കിൽ
അതിന് ഒരു ചെക്കപ്പും നടത്തേണ്ട ആവശ്യം ഇല്ല'' എന്നും പറഞ്ഞ് കെെകഴുകി ഞാൻ റൂമിലേക്ക് പോയി.
അവളുടെ പണിയൊക്കെ കഴിഞ്ഞ് കുളിച്ച് അവളും റൂമിൽ വന്നു..
അവളുടെ മുഖം രാവിലെ മുതൽ വാടിയിരിക്കുന്നു..
നെഞ്ചിലേക്ക് ചേർത്തിക്കിടത്തി ഞാനവളോട് പറഞ്ഞു...
''ഷാനീ.... നീ ഇങ്ങനെ തൊട്ടാവാടി ആവരുത്... കുറച്ചൊക്കെ ധെെര്യം കാണിക്കണം. ആരേലും എന്തേലും പറയുമ്പോഴേക്കും ഇങ്ങനെ കരയാൻ നിക്കരുത്.. കുറച്ച് സ്ട്രോങ്ങ് ആയി നിന്നു കഴിഞ്ഞാൽ ആരും ഒന്നും പറയില്ലെടി.. ആരെന്തു പറഞ്ഞാലും അപ്പൊത്തന്നെ മറുപടി കൊടുക്കണം,
പിന്നെത്തേക്ക് വെച്ചേക്കരുത്.. ഒന്നുല്ലേലും M.A വരെ പഠിച്ചതല്ലേ നീ..''
''ഇക്കാ.. നമ്മുടൊപ്പം കല്യാണം കഴിഞ്ഞവർക്കൊക്കെ കുട്ടികളായി..
നമുക്ക് മാത്രം...''
''ദേ... പിന്നേം കരഞ്ഞു... ന്റെ മുത്തേ... നമ്മുടെ കല്യാണം കയിഞ്ഞിട്ട് നാലു കൊല്ലം മാത്രമേ ആയിട്ടുള്ളൂ..
മുപ്പതും നാൽപ്പതും കൊല്ലം ഒന്നും ആയിട്ടില്ല ഇങ്ങനെ ഏതു സമയത്തും കിനാവും കണ്ണീരും കൊണ്ട് കാലം കഴിക്കാൻ.. നമുക്കിനിയും സമയം കിടക്കാണ് പെണ്ണേ...''
എന്നും പറഞ്ഞ് നെറ്റിയിൽ സ്നേഹത്തോടെ ഒരു മുത്തം കൊടുത്തപ്പോൾ അപ്പോഴത്തെ അവളുടെ സങ്കടം മാറി..
അമ്പതു ദിവത്തെ ലീവിന് വന്നാൽ അതു തീരും വരേ ഞാനും അവളും അടിച്ചു പൊളിക്കും.. പകൽ സമയത്ത്
കുടുംബത്തോടൊപ്പം വീട്ടിലും ഈവനിങ്ങിൽ അവളേയും കൊണ്ടൊരു ബെെക്ക് യാത്രയും.. എന്റെ ഇഷ്ടവാഹനമായ ചുവന്ന പൾസറിൽ..
വെെകുന്നേരങ്ങളിൽ കടൽ തീരത്ത് അവളേം ചേർത്ത് പിടിച്ച് അസ്തമയസൂര്യനേയും നോക്കിയിരിക്കുമ്പോൾ ഇൗ ലോകം മുഴുവൻ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന് തോന്നിപ്പോവും..
അതും കഴിഞ്ഞ് ഇഷ്ട്ടപ്പെട്ട ഭക്ഷണവും കഴിച്ചു വീണ്ടും യാത്ര തുടരും..
രാത്രിയുടെ സൗന്ദര്യത്തെ ആസ്വദിച്ചു കൊണ്ട് തിരക്കില്ലാത്ത വഴികളിലൂടെ ഒരു നീണ്ട യാത്ര..
പിന്നെ നേരെ വീട്ടിലേക്ക്... പുറത്തു നിന്നു എത്ര ഭക്ഷണം കഴിച്ചാലും വീട്ടിൽ വന്ന് ഒരു പിടിയെങ്കിലും കഴിക്കും..
അതു പതിവാണ്.
പിന്നെ നേരെ കിടത്തം.. അന്നും പതിവു പോലെ കിടന്നു... വെളുപ്പിനേ എണീക്കാൻ അവൾ അലാറം വെച്ചിരുന്നു...
രാവിലെ എട്ടുമണി ആയപ്പോൾ ഉമ്മ വന്നു വാതിലിൽ മുട്ടിയപ്പോഴാണ് എഴുന്നേൽക്കുന്നത്.. അലാറം അടിച്ചതു പോലും അറിഞ്ഞില്ല... അവളെ വിളിച്ചുണർത്തിയപ്പോൾ അവൾക്കെന്തോ ഒരു വയ്യായ്മ..
എഴുന്നേൽക്കാൻ മടി കണ്ടപ്പോൾ ഞാൻ കരുതിയത് ഇന്നലത്തെ യാത്രാക്ഷീണം കൊണ്ടാവും എന്നു കരുതി..
അവൾ മെല്ലെ എഴുന്നേറ്റ് അടുക്കളേൽക്ക് പോയി.. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ഉമ്മ വന്നു പറയുന്നു അവൾക്കെന്തോ നല്ല ക്ഷീണവും ഛർദ്ദിയും ഒക്കെയുണ്ട്.. നമ്മുടെ ബഷീറിന്റെ ലാബിൽ പോയി ഓളുടെ മൂത്രം ഒന്നു പരിശോധിച്ചു നോക്കാൻ..
സാധാരണ പീരിയഡ് ടെെം കറക്റ്റ് അല്ല.. അതു കൊണ്ട് ആ സംശയത്തിന്റെ പേരിൽ യൂറിൻ ടെസ്റ്റ് ചെയ്താൽ നിരാശപ്പെടേണ്ടിവരും.
എന്നാലും ഉമ്മാടെ നിർബന്ധത്തിന്
വഴങ്ങി ടെസ്റ്റ് ചെയ്യാൻ പോയി..
കഷ്ടകാലത്തിനു അന്നു ഞായറാഴ്ചയും..
ബഷീറിക്കാനെ വീട്ടിൽ പോയി ബെെക്കിൽ കൂട്ടിവന്ന് ടെസ്റ്റ് ചെയ്തപ്പോൾ റിസൾട്ട് പോസറ്റീവ്...
ടെസ്റ്റ് ചെയ്ത പെെസപോലും കൊടുക്കാതെ ബെെക്കെടുത്ത് നേരെ വീട്ടിലേക്ക്...
ഷാനി അടുക്കളേൽ കറിക്കെരിയായിരുന്നു..
അവളെ വാരിയെടുത്ത് സ്നേഹത്തോടെ ഒരു മുത്തം കൊടുത്ത് അവളോട് കാര്യം പറഞ്ഞു..
അതും കണ്ടുകൊണ്ട് ഉമ്മ കയറിവന്നു..
''എന്താടാ...ഇയ്യ് ഈ കാണിക്കുന്നേ... അന്റെ അനിയൻമാരുണ്ടിവിടെ എന്നു മറക്കണ്ട.. കോപ്രായങ്ങളൊക്കെ റൂമിൽ ചെന്ന് മതി..''
ഉമ്മാടെ ആ,ഡയലോഗിൽ ഒന്നു ചമ്മിയെങ്കിലും ആ സന്തോഷ വാർത്ത ഉമ്മാനോട് കൂടി പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഉമ്മാടെ കണ്ണുനിറഞ്ഞു...
ഇത്തവണത്തെ ലീവ് തീർന്നത് പെട്ടെന്നായിരുന്നു..
അങ്ങനെ ഒരുപാടു സന്തോഷവും അതിലുപരി ഷാനിയെ ഈ അവസ്ഥയിൽ തനിച്ചാക്കിപ്പോവുന്നതിലുള്ള സങ്കടവും
കൊണ്ട് വീണ്ടും ഗൾഫിലേക്ക്..
അവിടെ എത്തിയ ഉടനെത്തന്നെ ഖഫീലിനോട് കാര്യങ്ങളൊക്കെ പറഞ്ഞ്
ഷാനിയുടെ ഡെലിവെറി ഡേറ്റ് ആവുന്ന ടെെമിലേക്ക് തിരിച്ചുപോവാനുള്ള ലീവ് തരാനും പറഞ്ഞു...
പിന്നീടുള്ള നാളുകൾ വാട്സപ്പിലും വീഡിയോ കോളിലും ഒക്കെ ആയി തീർത്തു..
വീണ്ടും നാട്ടിലേക്ക്..
അവളുടെ ഡെലിവെറി ഡേറ്റിന്റെ നാലുദിവസം മുന്നെ...
പിന്നീടങ്ങോട്ട് പ്രതീക്ഷയുടെ നാളുകൾ..
ഡോക്ടർ പറഞ്ഞ ഡേറ്റിൽ തന്നെ അവളെ അഡ്മിറ്റ് ചെയ്തു.. അവൾക്ക് കുഴപ്പമൊന്നും ഇല്ല..
പിറ്റേ ദിവസവും വേദനയില്ലാത്തതു കൊണ്ട് ഡോക്ടർ പറഞ്ഞു കുട്ടി മഷി കുടിച്ചിരിക്കുന്നു... പെട്ടെന്ന് സിസേറിയൻ നടത്തണമെന്ന്...
പെട്ടെന്ന് കേട്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയി.
തലചുറ്റുന്നതുപോലെ അനുഭവപ്പെട്ടപ്പോൾ ഒരു കസേരയിൽ ഇരുന്നു..
അവളെ ഓപറേഷൻ തിയേറ്ററിലേക്ക് കയറ്റുമ്പോൾ പാവം കണ്ണുകൾ ഇറുക്കി അടച്ചിരിക്കുകയായിരുന്നു.. എന്നെ ഒന്നു നോക്കുക പോലും ചെയ്തില്ല...
പടച്ചവനോട് ന്റെ ഷാനിക്കും കുഞ്ഞിനും ഒന്നും വരുത്തല്ലേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട് ഓപറേഷൻ തിയേറ്ററിന്റെ മുന്നിൽ തന്നെ നിന്നു..
കുറച്ചു കഴിഞ്ഞപ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് കുഞ്ഞിനേയും കൊണ്ട് സിസ്റ്റർ വന്നു പറഞ്ഞു ''ഷാനി പ്രസവിച്ചു.. ആൺ കുഞ്ഞാണ്..''
സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്നറിയാത്തൊരു വല്ലാത്ത അവസ്ഥയിലായി...
ഉമ്മ വേഗം കുഞ്ഞിനെ വാങ്ങി എന്റെ കയ്യിൽ തന്നു..
ഞാൻ സിസ്റ്ററോട് ഷാനിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചു..
ഇല്ലെന്നു പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വിണത്..
''ഒന്നു കാണാൻ പറ്റ്വോ അവളെ....?''
''ഡോക്ടറോട് ചോതിച്ചോളൂ''
ഡോക്ടറുടെ അനുവാദത്തോടെ അവളെ കാണാൻ ഞാൻ പോയി.
തളർന്ന് മരവിച്ചുകിടക്കുന്ന അവളെ കണ്ടപ്പോൾ എന്റെ ചങ്ക് പിടഞ്ഞു പോയി..
അടുത്തേക്ക് ചെന്ന് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തപ്പോൾ
വാടിത്തളർന്ന മുഖം പ്രകശിച്ചു.. വിടർന്ന കണ്ണുകളിൽ അവളുടെ സ്നേഹത്തെ ഞാൻ കണ്ടു.
പരിഹസിച്ചവർക്കും കളിയാക്കിയവർക്കും മറുപടി കൊടുത്തുകൊണ്ട് എന്റെ ഷാനിയും ഒരു ഉമ്മയായി...
എന്നും നെഞ്ചോട് ചേർത്ത് സേനേഹിക്കുന്ന എന്റെ പെണ്ണിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു...
സ്നേഹവും സംരക്ഷണവും കൊണ്ട്
അവൾക്ക് തണലായി ഈ ജന്മത്തിൽ നേടിയ പുണ്യമായി അവൾക്കായ് ഞാൻ ജീവിക്കുന്നു..!!
ശുഭം
ജാസ്മിൻ സജീർ

അഴികൾക്കപ്പുറം

അഴികൾക്കപ്പുറം
===============
''നജീബ്.. നിനക്കൊരു വിസിറ്ററുണ്ട്..''
സെൽ തുറന്നു കൊണ്ട് പോലീസുകാരൻ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു പുച്ഛം അനുഭവപ്പെട്ടു.
അഞ്ച് വർഷമായി ഞാനീ അഴികൾക്കുള്ളിലായിട്ട്.. ഇന്നുവരെ ആരും
എന്നെ അന്വേഷിച്ചു വന്നിട്ടില്ല.
ആരായിരിക്കാം എന്ന ആകാംക്ഷയോടെ ആ പോലീസുകാരന്റെ കൂടെ നടന്നു...
''അവിടെയുണ്ട്.. താൻ ചെല്ല്.''
ഞാൻ നടന്നടുത്തപ്പോൾ മുന്നിൽ വന്ന ആളെക്കണ്ട് ഞാൻ ഞെട്ടി..
എല്ലാവരേക്കാളും കുടുതൽ എന്നെ കൊലപാതിയാക്കി മുദ്രകുത്തിയവൻ..
പെറ്റുമ്മാനേക്കൊണ്ട് വരെ എനിക്കെതിരെ സാക്ഷി പറയിച്ചവൻ... എന്റെ അനിയൻ..
എന്നെക്കണ്ടപ്പോൾ അവന്റെ മുഖത്ത് ഒരു കുറ്റബോധം നിഴലിക്കുന്നത് ഞാൻ കണ്ടു...
കണ്ണുകളും നിറഞ്ഞു തുടങ്ങിയിരിക്കുന്നു..
ഇരുമ്പഴികൾക്കുള്ളിലൂടെ എന്റെ കയ്യിൽ സ്പർശിച്ച‌് നിറകണ്ണുകളോടെ അവൻ പറഞ്ഞു...
''ഇക്കാ... എനിക്ക് മാപ്പു തരണം... ഒരു തവണയെങ്കിലും ഇക്കാക്ക് എല്ലാം ഞങ്ങളോട് പറയാർന്നില്ലേ...''
എന്നവൻ പറഞ്ഞു നിർത്തി.. പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.... ശബ്ദം ഇടറിയിരിക്കുന്നു, വാക്കുകൾ മുഴുമിക്കാൻ അവൻ പ്രയാസപ്പെടുന്നു.. അവൻ പൊട്ടിക്കരയാൻ തുടങ്ങി...
അവനെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതെ ആയി..
അവൻ ബാഗിൽ നിന്നും ഒരു ഡയറിയും കുറച്ച് കടലാസ്സുകളും എനിക്കെതിരെ നീട്ടി..
''ഇന്നലെ ഇക്കാടെ റൂമിലെ പഴയ സാധനങ്ങളൊക്കെ ഒഴിവാക്കിയപ്പോൾ ഒരു പഴയ പെട്ടിയിൽ നിന്ന‌് കിട്ടിയതാണ് ഇത്.
ഈ ഡയറിയിലുള്ളതെല്ലാം ഞാൻ വായിച്ചു..
ഈ മെഡിക്കൽ റിപ്പോർട്ട്സുകളും..''
അതെ.. ഒരിക്കലും ആരും കാണരുത് എന്ന‌ാഗ്രഹിച്ച എന്റെ ഡയറിയും നാജിയുടെ മെഡിക്കൽ റിപ്പോർട്ട്സും...
സ്വന്തം ഭാര്യയേയും കുഞ്ഞിനേയും കൊന്ന കൊലപാതകിയായി സമൂഹം ചിത്രീകരിച്ചപ്പോഴും ഞാൻ നിരപരാധിയാണെന്നു തെളിയിക്കാനുള്ള ഈ തെളിവുകൾ എന്റെ കയ്യിൽ ഉണ്ടായിട്ടും
ഞാനതിനു ശ്രമിക്കാതിരുന്നത് എന്റെ നാജിക്ക‌്
ഞാൻ കൊടുത്ത വാക്ക‌് പാലിക്കാനായിരുന്നു..
അവളൊരു ഹാർട്ട‌് പേഷ്യന്റാണെന്ന് എന്റെ വീട്ടിലോ നാട്ടിലോ എന്റെ അവസാനശ്വാസം വരെ ആരും അറിയില്ലെന്ന് അവൾക്ക് വാക്കു കൊടുത്തിരുന്നു..
''ഇക്കാ... ഞാൻ ഒരു വക്കീലിനെ പോയി കണ്ടിരുന്നു.. അധികം വെെകാതെ ഇക്കാക്ക‌് പുറത്തിറങ്ങാം എന്നാണ് അയാൾ പറഞ്ഞത്..''
ഒരുപാട് പ്രതീക്ഷയോടെ ആണ് ആ വാക്കുകൾ അവൻ പറഞ്ഞതെന്ന‌് ഞാൻ മനസ്സിലാക്കി..
എന്തു മറുപടി പറയണം എന്നറിയാതെ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ''സമയം കഴിഞ്ഞു'' എന്ന വാക്ക് ഞാൻ കേട്ടത്..
തിരിച്ചു നടന്നു വീണ്ടും സെല്ലിലേക്ക‌്..
ഈ കാരാഗ്രഹത്തിൽ നിന്നൊരു മോചനം ഞാനും ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു..
ഏഴു വർഷങ്ങൾക്കു മുമ്പാണ് ഞാനും നാജിയും തമ്മിലുള്ള വിവാഹം നടന്നത‌്.
നാട്ടിലെ അറിയപ്പെടുന്ന ഒരു ബിസിനസ്സ്മാന്റെ ഒരേയൊരു മകൾ. ഇങ്ങോട്ടുവന്ന ഒരു ആലോചനയായിരുന്നു.. പെട്ടെന്നായിരുന്നു എല്ലാം.. പത്തുദിവസം കൊണ്ട് എല്ലാം മംഗളമായിത്തന്നെ നടന്നു...
കല്യാണം കഴിഞ്ഞ അന്നു രാത്രിയാണ് നാജിയ ഒരു ഹാർട്ട്പേഷ്യന്റാണെന്ന് അവൾ തന്നെ എന്നോട് പറഞ്ഞത്.. രണ്ടു ഒാപറേഷൻ കഴിഞ്ഞതാണെന്നും മരുന്ന് മുടങ്ങാതെ കഴിക്കുന്നുണ്ടെന്നും അവൾ പറഞ്ഞത്..
ഈ കല്യാണം എന്റെ ഉപ്പ അറിഞ്ഞുകൊണ്ട് എല്ലാം മറച്ചുവെച്ച് നടത്തിയതാണ്... എന്റെ സമ്മതത്തോടെയല്ല കല്യാണം നടന്നതെന്ന് അവൾ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
എല്ലാം മൗനമായി ഞാൻ കേട്ടുകഴിഞ്ഞപ്പോൾ
എന്തു ചെയ്യണം എന്നറിയാത്ത ഒരവസ്ഥയായി..
എല്ലാം മറച്ചുവെച്ചത് അവരുടെ തെറ്റാണെങ്കിലും കല്യാണം കഴിഞ്ഞാണ് ഇങ്ങനൊരസുഖം അവൾക്ക‌് വന്നതെങ്ങിൽ നോക്കേണ്ടത് എന്റെ കടമയല്ലേ എന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..
ചികിത്സിച്ച് മറ്റാൻ പറ്റാവുന്നതാണേൽ ലോകത്തിന്റെ ഏതറ്റത്തുകൊണ്ടു പോയിട്ടാണേലും മാറ്റിയെടുക്കാം എന്ന വിശ്വാസത്തോടെ ഞങ്ങൾ ജീവിച്ചു തുടങ്ങി.
അവളെ ഒരു അസുഖക്കാരിയായി കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതു കൊണ്ട് ആരോടും അവളുടെ അസുഖത്തേക്കുറിച്ച് ഞങ്ങൾ പറഞ്ഞില‌്ല... എന്റെ അവസാനശ്വാസം വരെ ആരും ഒന്നും അറിയില്ലെന്ന് അവൾക്ക് ഞാൻ വാക്കു കൊടുത്തിരുന്നു.
പിറ്റേ ദിവസം തന്നെ അവളോട് വീട്ടിൽ നിന്ന് എല‌്ലാ മെഡിക്കൽ റിപ്പോർട്ടുകളും കൊണ്ടുവരാൻ പറഞ്ഞു... എന്റെ വീട്ടുകാരറിയാതെ ഞാനവളെ ചികിത്സിപ്പിച്ചു..
അനിയൻ ഒരു ഫാർമസിസ്റ്റ് ആയതോണ്ട് റിപ്പോർട്ടുകളൊന്നും വീട്ടിനുള്ളിലേക്ക് ഞാൻ കയറ്റിയിരുന്നില്ല... എന്റെ കാറിൽ എല്ലാം ഭദ്രമായി സൂക്ഷിച്ചു...
അവളുടെ മനസ്സിന്റെ സന്തോഷം കൊണ്ടാവാം മരുന്നുകളോട് അവൾ പെട്ടെന്ന് തന്നെ പ്രതികരിച്ചു തുടങ്ങി..
എല്ലാം ഭേദമായി ഇനികുഴപ്പമൊന്നുമുണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാവുന്നതിലും അപ്പുറത്തായിരുന്നു...
അപ്പോഴാണ് അവൾ ഗർഭിണി ആവുന്നത്..
ഡോക്ടറെ കാണിച്ചപ്പോൾ എല്ലാം ക്ലിയർ ആയ സ്ഥിതിക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല സിസേറിയൻ ചെയ്യേണ്ടിവരും പ്രസവിക്കാൻ പറ്റുകയില്ല എന്ന് പറഞ്ഞത്...
അവൾക്ക് കുഴപ്പമൊന്നുമില്ലെങ്കിലും ഡെലിവെറി ഡേറ്റ് അടുക്കുംതോറും എനിക്ക് പേടിയായിരുന്നു.. അവൾ നല്ല സന്തോഷത്തിലും ആയിരുന്നു...
പറഞ്ഞ ഡേറ്റിൽ സിസേറിയൻ നടത്തി ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്ത് അവളൊരു ഉമ്മയായി....
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ എന്റെ വീട്ടിലേക്ക് പോരാൻ അവൾ നിർബന്ധം പിടിച്ചു...
ആദ്യ പ്രസവം ആയതോണ്ട‌് പെൺവീട്ടിൽ പോവുന്നതാണ് നാട്ടുനടപ്പ്..
അതൊന്നും ഞാൻ കാര്യമാക്കിയില്ല.. അവളുടെ സന്തോഷമാണ് എന്റെ സന്തോഷം..
അതിനു വേണ്ടി അവളുടെ വീട്ടുകാരെ വെറുപ്പിച്ച് എന്റ വീട്ടിൽ കൊണ്ടുവന്നു..
പ്രസവത്തോടനുബന്ധിച്ചുള്ള എല്ലാ പരിചരണവും അവൾക്ക് കൊടുത്തു..
ആ സമയത്താണ് അവളിൽ ചിലമാറ്റങ്ങൾ കണ്ടുതുടങ്ങിയത്.. എപ്പോഴും ഒരു തളർച്ചയും ക്ഷീണവും ശരീരം മെലിയാനും തുടങ്ങിയത്...
വീട്ടുകരറിയാതെ അവളെ ട്രീറ്റ് ചെയ്തിരുന്ന ഡോക്ടറെ കാണിച്ചപ്പോഴാണ് അവളുടെ അസുഖത്തിന്റെ കാഠിന്യം മനസ്സിലായത്...
ചികിത്സിച്ച് മാറി എന്നു കരുതിയിരുന്ന അസുഖം ആ ഡെലിവറിയിലൂടെ പൂർവ്വാധികം ശക്തിയോടെ അവളിലേക്ക‌് തിരിച്ചു വന്നിരിക്കുന്നു...
അതു കേട്ടപ്പോ ഈ ലോകം തന്നെ തലകീഴായി മറിയുന്നതു പോലെയാണ് എനിക്കനുഭവപ്പെട്ടത്.. എന്റെ തോളിൽ തട്ടി ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു എല്ലാം ശരിയാവും പ്രതീക്ഷ കെെവിടരുതെന്നും പറഞ്ഞ്...
തളർന്ന മനസ്സോടെ അവളേയും കൊണ്ട് വീട്ടിൽ വന്നു.... അപ്പോഴും ആരോടും ഒന്നും പറഞ്ഞില്ല.
രാവും പകലും അവൾക്കും കുഞ്ഞിനും കാവലായിരുന്നു ഞാൻ....
വീട്ടിൽ ആരുമില്ലാത്ത ഒരു ദിവസം അവൾക്ക് കുറച്ചു കഞ്ഞിയുണ്ടാക്കാൻ അടുക്കളേൽ പോയി വന്നപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്ന അവളേയും മോളേയും കണ്ടത്....
അവളും കുഞ്ഞും മരിച്ചിരിക്കുന്നു..രാവും പകലും അവൾക്ക് കാവലായിരുന്ന എന്നോടൊരു വാക്കുപോലും പറയാതെ അവൾ മോളേയും കൊണ്ട് പോയിരിക്കുന്നു..
കുട്ടിക്ക് പാൽ കൊടുത്തോണ്ടിരിക്കുമ്പോഴാണ് അവള് മരിച്ചിരിക്കുന്നത്.. മുലക്കണ്ണ് വായിൽ അമർന്ന് ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചത്...
പടച്ചവൻ എന്നെ തനിച്ചാക്കി..
എല്ലാം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് അവളുടെ ഉപ്പ എനിക്കെതിരെ കേസ്സ് കൊടുത്തത്.. അയാളുടെ മകളേയും കുഞ്ഞിനേയും ഞാൻ കൊന്നതാണെന്നും പറഞ്ഞ്..
സ്വന്തം മകളുടെ അസുഖത്തെ മറച്ചുവെച്ച് പണത്തിന്റെ ബലത്തിൽ തെളിവുകളെല്ലാം എനിക്ക് എതിരാക്കി സ്വന്തം വീട്ടുകാരുടെ മുന്നിലും സമൂഹത്തിന്റെ മുന്നിലും നയമത്തിനു മുന്നിലും കൊലപാതകിയാക്കി മുദ്രകുത്തി..
അയാളുടെ ആ വാക്കുകൾ ഉൾക്കൊണ്ട് എന്റെ വീട്ടുകാരും എനിക്കെതിരെ തിരിഞ്ഞു..
അനിയനും ഉമ്മയും ഉപ്പയും എന്നെ കയ്യൊഴിഞ്ഞു..
അനിയൻ എല്ലാത്തിനും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു....
അവളുടെ മരണ ശേഷം വണ്ടിയിൽ നിന്ന് എല‌്ലാ റിപ്പോർട്ടുകളും വീട്ടിൽ എന്റെ പഴയ ഒരു പെട്ടിയിൽ സൂക്ഷിച്ചുവെച്ചിരുന്നു..
വല്ലപ്പോഴും എഴുതിയിരുന്ന എന്റെ ഒരു ഡയറിയും അതിലുണ്ടായിരുന്നു..
കോടതിയിൽ എനിക്കെതിരെ സാക്ഷി പറഞ്ഞു അനിയനും ഉമ്മയും...
സ്വന്തം ഭാര്യയേയും കുഞ്ഞിനേയും കൊന്ന കേസ്സിൽ കൊലക്കുറ്റത്തിനു കോടതി എന്നെ ശിക്ഷിച്ചു... എന്റെ നിരപരാധിത്യം തെളിയിക്കാൻ എന്റെ മുന്നിൽ പലവഴികളുണ്ടായിട്ടും ഞാൻ അത് ചെയ്യാതിരുന്നത് എന്റെ നാജിക്ക് ഞാൻ കൊടുത്ത വാക്ക‌് തെറ്റിക്കാതിരിക്കാനാണ്.
അഞ്ചു വർഷമായി ചെയ്യാത്ത കുറ്റത്തിനു ശിക്ഷയനുഭവിക്കുകയാണ് ഞാൻ...
ഇന്നലെ വരെ എന്നെ കുറ്റപ്പെടുത്തിയിരുന്ന
എന്റെ വീട്ടുകാർക്കു മുമ്പിൽ എന്റെ നിരപരാധിത്യം തെളിഞ്ഞിരിക്കുന്നു.
ഈ അഴികൾക്കുള്ളിലെ ജീവിതത്തോട്
യാത്ര പറയാൻ സമയമായിരിക്കുന്നു...!!
ജാസ്മിൻ സജീർ

ഉമ്മ...

ഉമ്മ...
********
(ഇതൊരു കഥയല്ല... ഒരു ഉമ്മയുടെ അനുഭവക്കുറിപ്പാണ്..)
തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് ആ ഉമ്മയെ ഞാൻ പരിചയപ്പെടുന്നത്.. എന്തോ അസുഖം കാരണം ഡോക്ടറെ കാണിക്കാൻ വന്നതാണ് ആ ഉമ്മ.
അടുത്തടുത്ത ചെയറിൽ ആണ് ഞങ്ങൾ ഇരുന്നിരുന്നത്.. ഓരോരോ വിശേഷങ്ങൾ ആ ഉമ്മ എന്നോട് ചോദിച്ചു കൊണ്ടേയിരുന്നു.
എല്ലാത്തിനും മറുപടികൊടുക്കുന്നതിനിടക്ക് ഞാൻ ചോദിച്ചു ഉമ്മ ഒറ്റക്കാണോ വന്നത് കൂടെ ആരും ഇല്ലേ എന്ന്...
അപ്പോ അവര് പറഞ്ഞത് മോൻ പണിക്കു പോയിരിക്കാണ്... കൂടെ പോരാൻ വേറെ ആരും ഇല്ലെന്ന്..
ഉമ്മാടെ ഭർത്താവ് എവിടെ എന്ന് ഞാൻ ചോദിച്ചപ്പോൾ അവര് പറയാണ് ലോകത്ത് ഒരു ഭാര്യക്കും ഭർത്താവ് മരിക്കുന്നത് ഇഷ്ടമുണ്ടാവില്ല... പക്ഷെ എന്റെ ഭർത്താവ് മരിച്ചുപോവാനാണ് എനിക്കിഷ്ടം എന്ന് പറഞ്ഞ് ആ ഉമ്മ കരയാൻ തുടങ്ങി...
എന്തു പറഞ്ഞ് അവരെ ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ല... ഒന്നറിയാം എന്തൊക്കെയോ മാനസിക പ്രശ്നങ്ങൾ ആ ഉമ്മാനെ അലട്ടുന്നുണ്ടെന്ന്..
സങ്കടം ഒക്കെ ഏകദേശം മാറിയപ്പോൾ ഞാൻ അവരോട് ചോദിച്ചു. എന്താണ് ഉമ്മാന്റെ പ്രശ്നമെന്ന‌്..
ഉമ്മ പറഞ്ഞത് കേട്ടപ്പോൾ ഞാനും കരഞ്ഞുപോയി....
നാലു പെൺമക്കൾ മാത്രമുള്ള വീട്ടിലെ മൂത്ത ആളായിരുന്നു.. അന്നൊക്കെ കല്യാണം കഴിച്ചുകൊടുക്കുന്നത് മുറച്ചെറുക്കൻമാർക്കാണ്.. അമ്മാവന്റെ മോനേക്കൊണ്ട് തന്നെ അവരുടെ കല്യാണം കഴിഞ്ഞു... കല്യാണം കഴിഞ്ഞ അന്നുമുതൽ ഇന്നുവരെ ഒരു ദിവസം പോലും അയാൾ കള്ളുകുടിക്കാതെ വീട്ടിൽ വന്നിട്ടില്ല..
വീട്ടിൽ വന്നു കേറിയാൽ അടിയും തൊഴിയും ചീത്ത വിളിക്കലും തുടങ്ങും..
ആദ്യമൊക്കെ അയൽവീടുകളിലെ ബാത്ത്റൂമുകളിലും മേശയുടെ ചുവട്ടിലൊക്കെ പോയി ഒളിക്കുമായിരുന്നു...
കള്ളുകുടിച്ച് വരുന്ന സമയത്ത് അയാളുടെ അടുത്തുണ്ടെങ്കിൽ കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് ഉപദ്രവിക്കും..
കിട്ടുന്ന കാശിനൊക്കെ കള്ളു കുടിക്കും..
അടുത്തുള്ള വീട്ടിൽ പാത്രം കഴുകാൻ പോയിട്ടായിരുന്നു വീട്ടു ചിലവ് കഴിഞ്ഞിരുന്നത്.
അതിനിടക്ക് മൂന്ന‌് കുട്ടികളും ഉണ്ടായി.. മൂന്നും ആൺകുട്ടികൾ..!!
നാലു വീടുകളിൽ ജോലിക്ക‌് പോയിട്ടാണ്
മക്കളെ വളർത്തിയിരുന്നതും വീട്ടിലെ ചിലവു നോക്കിയിരുന്നതും.. അതിൽ നിന്ന് കിട്ടുന്ന കാശിൽ നിന്ന് അയാൾക്ക‌് കുടിക്കാനും കൊടുക്കണം..
എല്ലാം കഴിഞ്ഞ‌് വീട്ടിൽ വന്നാൽ അയാളുടെ ഉപദ്രവവും...
എന്നെ കിട്ടിയില്ലെങ്കിൽ മക്കൾക്കെതിരെയാവും ഉപദ്രവം..
ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ ഇതൊക്കെ കണ്ടാണ് അവർ വളർന്നത്..
ഒരുപാട് ബുദ്ധിമുട്ടിയിട്ടാണേലും നല്ല രീതിയിൽ അവരെ പഠിപ്പിച്ചു.. എന്നാൽ കഴിയുന്ന രീതിയിൽ അവരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുത്തു..
എന്നെ അയാൾ തല്ലിക്കൊല്ലാറാക്കിയാലും മക്കളെ ഉപദ്രവിക്കാൻ ഞാൻ സമ്മതിച്ചിരുന്നില്ല...
വീട്ടിലെ കഷ്ടപ്പാടിനു പുറമേ ജോലി ചെയ്യുന്ന വീട്ടുടമസ്ഥരുടെ കുത്തുവാക്കുകളും കാമത്തോടെയുള്ള നോട്ടവും തൊടലും പിടിക്കലും എല്ലാം സഹിക്കണം...
എന്റെ ഭർത്താവെന്നു പറയുന്ന ആൾ ഇന്നേവരെ ഒരു കിലോ അരി പോലും വീട്ടിലേക്ക് കൊണ്ടുവന്നിട്ടില്ല..
നൊന്തു പെറ്റ എന്റെ മക്കൾക്ക‌് പോലും എന്നെ വേണ്ടാതായത് അയാളുടെ നശിച്ച കുടി കാരണം ആണ്...
ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ മക്കൾ...
മൂത്ത മകൻ ജോലിക്ക് നിന്നിരുന്ന സ്ഥലത്ത് നിന്നു തന്നെ കല്യാണം കഴിച്ച് അവിടെ കൂടി...
അവൻക്ക‌ിപ്പൊ ഒരു കുട്ടിയായി..
ആ കുട്ടിയെ പോലും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല.... ഇന്നുവരെ എന്നെ ഒന്നുകാണാൻ പോലും അവൻ വന്നിട്ടില്ല... ഈ ഉമ്മ ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്നു പോവും ന്റെ കുട്ടിക്ക‌് അറിയേണ്ടാവില്ല..
രണ്ടാമത്തേ മകനും ബാപ്പയും തമ്മിൽ അടിയുണ്ടാക്കി വീട് വിട്ട് പോയതാ..
കല്യാണമൊക്കെ കഴിച്ച് ഭാര്യവീട്ടിൽ താമസിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു..
മൂന്നാമത്തെ മകനിപ്പൊ എന്റെ കൂടെ വീട്ടിലുണ്ട‌്... കൂലിപ്പണിക്ക് പോയി വീട് നോക്കുന്നുണ്ട്.. ബാപ്പ ഉണ്ടാക്കിവെച്ച കടം തീർക്കുന്നതും അവനാണ്..
വയസ്സ് മുപ്പത് കഴിഞ്ഞു... കല്യാണം കഴിക്കാൻ പറഞ്ഞപ്പോൾ ബാപ്പ മരിച്ചിട്ടേ പെണ്ണു കെട്ടൂ എന്നാ പറയുന്നത്...
ബാപ്പ ജീവനോടെയുള്ളപ്പോ ഒരു പെണ്ണിനേയും ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് അവൻ ആവർത്തിച്ച് പറയും...
അവൻ പറയുന്നതും ശരിയാണ് ഒരു പെണ്ണിന്റെ കണ്ണീരു കൂടി ഈ വീട്ടിൽ വീഴേണ്ടല്ലോ...
മക്കള് പോലും ജന്മം കൊടുത്ത ബാപ്പ മരിച്ചുപോവാൻ പ്രാർത്ഥിക്കാണ്..
പലരും എന്നോട് പറഞ്ഞിരുന്നു ഇതൊക്കെ സഹിച്ച് ഇവിടെ ജീവിക്കുന്നതിലും നല്ലത് എല്ലാം മതിയാക്കി സ്വന്തം വീട്ടിലേക്ക‌് പൊയ്ക്കൂടേ എന്ന്..ഉള്ളതൊക്കെ വിറ്റുപെറുക്കിയാണ് എന്നേം അനിയത്തിമാരേയും കെട്ടിച്ചു വിട്ടത്..
പിന്നേയും ഒരു ബാധ്യതയാവണ്ടല്ലോന്ന് കരുതി എല്ലാം സഹിച്ചു ജീവിച്ചു.
ഇന്ന് ഡോക്ടറെ കണിക്കാൻ വന്നത് എന്തിനാന്നറിയോ മോൾക്ക്... ഇന്നലെ കള്ളുകുടിച്ച് വന്ന് എന്റെ മുതുകിലേക്ക് ചവിട്ടിയതാ... നീരു വന്ന് തുടുത്തിരിക്കാണ്..
ഇപ്പൊ ഞാനീ മരുന്ന് വാങ്ങിപ്പോയാലും ഇനിയും അയാളുടെ ക്രൂരതക്ക‌് ഇരയാവാനാണ്..
അയാള് ഒന്ന് മരിച്ചു കിട്ടണേ എന്ന് പ്രാർത്ഥിക്കാണ് ഞാൻ... അത്രക്ക് അനുഭവിക്കുന്നുണ്ട് മോളേ...
ഇത്രയും പറഞ്ഞ് ആ ഉമ്മ പൊട്ടിക്കരയാൻ തുടങ്ങി..
എന്ത് ആശ്വാസവാക്ക് പറഞ്ഞാലും ആ ഉമ്മയുടെ കണ്ണുനീരിനെ തടയാനാവില്ല..
ഒരുവിധത്തിൽ ആ ഉമ്മയെ ആശ്വസിപ്പിച്ചു അവിടെ നിന്ന് പോരുമ്പോൾ ആ ഉമ്മയും മക്കളും അയാളെ ശപിക്കുന്നതു പോലെ
ഞാനും മനസ്സുരുകി അയാളെ ശപിച്ചു..
ഈ പാപമൊക്കെ അയാൾ എവിടെക്കൊണ്ടുപോയി തീർക്കും...!!
ശുഭം
ജാസ്മിൻ സജീർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo