നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഴികൾക്കപ്പുറം

അഴികൾക്കപ്പുറം
===============
''നജീബ്.. നിനക്കൊരു വിസിറ്ററുണ്ട്..''
സെൽ തുറന്നു കൊണ്ട് പോലീസുകാരൻ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു പുച്ഛം അനുഭവപ്പെട്ടു.
അഞ്ച് വർഷമായി ഞാനീ അഴികൾക്കുള്ളിലായിട്ട്.. ഇന്നുവരെ ആരും
എന്നെ അന്വേഷിച്ചു വന്നിട്ടില്ല.
ആരായിരിക്കാം എന്ന ആകാംക്ഷയോടെ ആ പോലീസുകാരന്റെ കൂടെ നടന്നു...
''അവിടെയുണ്ട്.. താൻ ചെല്ല്.''
ഞാൻ നടന്നടുത്തപ്പോൾ മുന്നിൽ വന്ന ആളെക്കണ്ട് ഞാൻ ഞെട്ടി..
എല്ലാവരേക്കാളും കുടുതൽ എന്നെ കൊലപാതിയാക്കി മുദ്രകുത്തിയവൻ..
പെറ്റുമ്മാനേക്കൊണ്ട് വരെ എനിക്കെതിരെ സാക്ഷി പറയിച്ചവൻ... എന്റെ അനിയൻ..
എന്നെക്കണ്ടപ്പോൾ അവന്റെ മുഖത്ത് ഒരു കുറ്റബോധം നിഴലിക്കുന്നത് ഞാൻ കണ്ടു...
കണ്ണുകളും നിറഞ്ഞു തുടങ്ങിയിരിക്കുന്നു..
ഇരുമ്പഴികൾക്കുള്ളിലൂടെ എന്റെ കയ്യിൽ സ്പർശിച്ച‌് നിറകണ്ണുകളോടെ അവൻ പറഞ്ഞു...
''ഇക്കാ... എനിക്ക് മാപ്പു തരണം... ഒരു തവണയെങ്കിലും ഇക്കാക്ക് എല്ലാം ഞങ്ങളോട് പറയാർന്നില്ലേ...''
എന്നവൻ പറഞ്ഞു നിർത്തി.. പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.... ശബ്ദം ഇടറിയിരിക്കുന്നു, വാക്കുകൾ മുഴുമിക്കാൻ അവൻ പ്രയാസപ്പെടുന്നു.. അവൻ പൊട്ടിക്കരയാൻ തുടങ്ങി...
അവനെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതെ ആയി..
അവൻ ബാഗിൽ നിന്നും ഒരു ഡയറിയും കുറച്ച് കടലാസ്സുകളും എനിക്കെതിരെ നീട്ടി..
''ഇന്നലെ ഇക്കാടെ റൂമിലെ പഴയ സാധനങ്ങളൊക്കെ ഒഴിവാക്കിയപ്പോൾ ഒരു പഴയ പെട്ടിയിൽ നിന്ന‌് കിട്ടിയതാണ് ഇത്.
ഈ ഡയറിയിലുള്ളതെല്ലാം ഞാൻ വായിച്ചു..
ഈ മെഡിക്കൽ റിപ്പോർട്ട്സുകളും..''
അതെ.. ഒരിക്കലും ആരും കാണരുത് എന്ന‌ാഗ്രഹിച്ച എന്റെ ഡയറിയും നാജിയുടെ മെഡിക്കൽ റിപ്പോർട്ട്സും...
സ്വന്തം ഭാര്യയേയും കുഞ്ഞിനേയും കൊന്ന കൊലപാതകിയായി സമൂഹം ചിത്രീകരിച്ചപ്പോഴും ഞാൻ നിരപരാധിയാണെന്നു തെളിയിക്കാനുള്ള ഈ തെളിവുകൾ എന്റെ കയ്യിൽ ഉണ്ടായിട്ടും
ഞാനതിനു ശ്രമിക്കാതിരുന്നത് എന്റെ നാജിക്ക‌്
ഞാൻ കൊടുത്ത വാക്ക‌് പാലിക്കാനായിരുന്നു..
അവളൊരു ഹാർട്ട‌് പേഷ്യന്റാണെന്ന് എന്റെ വീട്ടിലോ നാട്ടിലോ എന്റെ അവസാനശ്വാസം വരെ ആരും അറിയില്ലെന്ന് അവൾക്ക് വാക്കു കൊടുത്തിരുന്നു..
''ഇക്കാ... ഞാൻ ഒരു വക്കീലിനെ പോയി കണ്ടിരുന്നു.. അധികം വെെകാതെ ഇക്കാക്ക‌് പുറത്തിറങ്ങാം എന്നാണ് അയാൾ പറഞ്ഞത്..''
ഒരുപാട് പ്രതീക്ഷയോടെ ആണ് ആ വാക്കുകൾ അവൻ പറഞ്ഞതെന്ന‌് ഞാൻ മനസ്സിലാക്കി..
എന്തു മറുപടി പറയണം എന്നറിയാതെ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ''സമയം കഴിഞ്ഞു'' എന്ന വാക്ക് ഞാൻ കേട്ടത്..
തിരിച്ചു നടന്നു വീണ്ടും സെല്ലിലേക്ക‌്..
ഈ കാരാഗ്രഹത്തിൽ നിന്നൊരു മോചനം ഞാനും ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു..
ഏഴു വർഷങ്ങൾക്കു മുമ്പാണ് ഞാനും നാജിയും തമ്മിലുള്ള വിവാഹം നടന്നത‌്.
നാട്ടിലെ അറിയപ്പെടുന്ന ഒരു ബിസിനസ്സ്മാന്റെ ഒരേയൊരു മകൾ. ഇങ്ങോട്ടുവന്ന ഒരു ആലോചനയായിരുന്നു.. പെട്ടെന്നായിരുന്നു എല്ലാം.. പത്തുദിവസം കൊണ്ട് എല്ലാം മംഗളമായിത്തന്നെ നടന്നു...
കല്യാണം കഴിഞ്ഞ അന്നു രാത്രിയാണ് നാജിയ ഒരു ഹാർട്ട്പേഷ്യന്റാണെന്ന് അവൾ തന്നെ എന്നോട് പറഞ്ഞത്.. രണ്ടു ഒാപറേഷൻ കഴിഞ്ഞതാണെന്നും മരുന്ന് മുടങ്ങാതെ കഴിക്കുന്നുണ്ടെന്നും അവൾ പറഞ്ഞത്..
ഈ കല്യാണം എന്റെ ഉപ്പ അറിഞ്ഞുകൊണ്ട് എല്ലാം മറച്ചുവെച്ച് നടത്തിയതാണ്... എന്റെ സമ്മതത്തോടെയല്ല കല്യാണം നടന്നതെന്ന് അവൾ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
എല്ലാം മൗനമായി ഞാൻ കേട്ടുകഴിഞ്ഞപ്പോൾ
എന്തു ചെയ്യണം എന്നറിയാത്ത ഒരവസ്ഥയായി..
എല്ലാം മറച്ചുവെച്ചത് അവരുടെ തെറ്റാണെങ്കിലും കല്യാണം കഴിഞ്ഞാണ് ഇങ്ങനൊരസുഖം അവൾക്ക‌് വന്നതെങ്ങിൽ നോക്കേണ്ടത് എന്റെ കടമയല്ലേ എന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..
ചികിത്സിച്ച് മറ്റാൻ പറ്റാവുന്നതാണേൽ ലോകത്തിന്റെ ഏതറ്റത്തുകൊണ്ടു പോയിട്ടാണേലും മാറ്റിയെടുക്കാം എന്ന വിശ്വാസത്തോടെ ഞങ്ങൾ ജീവിച്ചു തുടങ്ങി.
അവളെ ഒരു അസുഖക്കാരിയായി കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതു കൊണ്ട് ആരോടും അവളുടെ അസുഖത്തേക്കുറിച്ച് ഞങ്ങൾ പറഞ്ഞില‌്ല... എന്റെ അവസാനശ്വാസം വരെ ആരും ഒന്നും അറിയില്ലെന്ന് അവൾക്ക് ഞാൻ വാക്കു കൊടുത്തിരുന്നു.
പിറ്റേ ദിവസം തന്നെ അവളോട് വീട്ടിൽ നിന്ന് എല‌്ലാ മെഡിക്കൽ റിപ്പോർട്ടുകളും കൊണ്ടുവരാൻ പറഞ്ഞു... എന്റെ വീട്ടുകാരറിയാതെ ഞാനവളെ ചികിത്സിപ്പിച്ചു..
അനിയൻ ഒരു ഫാർമസിസ്റ്റ് ആയതോണ്ട് റിപ്പോർട്ടുകളൊന്നും വീട്ടിനുള്ളിലേക്ക് ഞാൻ കയറ്റിയിരുന്നില്ല... എന്റെ കാറിൽ എല്ലാം ഭദ്രമായി സൂക്ഷിച്ചു...
അവളുടെ മനസ്സിന്റെ സന്തോഷം കൊണ്ടാവാം മരുന്നുകളോട് അവൾ പെട്ടെന്ന് തന്നെ പ്രതികരിച്ചു തുടങ്ങി..
എല്ലാം ഭേദമായി ഇനികുഴപ്പമൊന്നുമുണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാവുന്നതിലും അപ്പുറത്തായിരുന്നു...
അപ്പോഴാണ് അവൾ ഗർഭിണി ആവുന്നത്..
ഡോക്ടറെ കാണിച്ചപ്പോൾ എല്ലാം ക്ലിയർ ആയ സ്ഥിതിക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല സിസേറിയൻ ചെയ്യേണ്ടിവരും പ്രസവിക്കാൻ പറ്റുകയില്ല എന്ന് പറഞ്ഞത്...
അവൾക്ക് കുഴപ്പമൊന്നുമില്ലെങ്കിലും ഡെലിവെറി ഡേറ്റ് അടുക്കുംതോറും എനിക്ക് പേടിയായിരുന്നു.. അവൾ നല്ല സന്തോഷത്തിലും ആയിരുന്നു...
പറഞ്ഞ ഡേറ്റിൽ സിസേറിയൻ നടത്തി ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്ത് അവളൊരു ഉമ്മയായി....
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ എന്റെ വീട്ടിലേക്ക് പോരാൻ അവൾ നിർബന്ധം പിടിച്ചു...
ആദ്യ പ്രസവം ആയതോണ്ട‌് പെൺവീട്ടിൽ പോവുന്നതാണ് നാട്ടുനടപ്പ്..
അതൊന്നും ഞാൻ കാര്യമാക്കിയില്ല.. അവളുടെ സന്തോഷമാണ് എന്റെ സന്തോഷം..
അതിനു വേണ്ടി അവളുടെ വീട്ടുകാരെ വെറുപ്പിച്ച് എന്റ വീട്ടിൽ കൊണ്ടുവന്നു..
പ്രസവത്തോടനുബന്ധിച്ചുള്ള എല്ലാ പരിചരണവും അവൾക്ക് കൊടുത്തു..
ആ സമയത്താണ് അവളിൽ ചിലമാറ്റങ്ങൾ കണ്ടുതുടങ്ങിയത്.. എപ്പോഴും ഒരു തളർച്ചയും ക്ഷീണവും ശരീരം മെലിയാനും തുടങ്ങിയത്...
വീട്ടുകരറിയാതെ അവളെ ട്രീറ്റ് ചെയ്തിരുന്ന ഡോക്ടറെ കാണിച്ചപ്പോഴാണ് അവളുടെ അസുഖത്തിന്റെ കാഠിന്യം മനസ്സിലായത്...
ചികിത്സിച്ച് മാറി എന്നു കരുതിയിരുന്ന അസുഖം ആ ഡെലിവറിയിലൂടെ പൂർവ്വാധികം ശക്തിയോടെ അവളിലേക്ക‌് തിരിച്ചു വന്നിരിക്കുന്നു...
അതു കേട്ടപ്പോ ഈ ലോകം തന്നെ തലകീഴായി മറിയുന്നതു പോലെയാണ് എനിക്കനുഭവപ്പെട്ടത്.. എന്റെ തോളിൽ തട്ടി ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു എല്ലാം ശരിയാവും പ്രതീക്ഷ കെെവിടരുതെന്നും പറഞ്ഞ്...
തളർന്ന മനസ്സോടെ അവളേയും കൊണ്ട് വീട്ടിൽ വന്നു.... അപ്പോഴും ആരോടും ഒന്നും പറഞ്ഞില്ല.
രാവും പകലും അവൾക്കും കുഞ്ഞിനും കാവലായിരുന്നു ഞാൻ....
വീട്ടിൽ ആരുമില്ലാത്ത ഒരു ദിവസം അവൾക്ക് കുറച്ചു കഞ്ഞിയുണ്ടാക്കാൻ അടുക്കളേൽ പോയി വന്നപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്ന അവളേയും മോളേയും കണ്ടത്....
അവളും കുഞ്ഞും മരിച്ചിരിക്കുന്നു..രാവും പകലും അവൾക്ക് കാവലായിരുന്ന എന്നോടൊരു വാക്കുപോലും പറയാതെ അവൾ മോളേയും കൊണ്ട് പോയിരിക്കുന്നു..
കുട്ടിക്ക് പാൽ കൊടുത്തോണ്ടിരിക്കുമ്പോഴാണ് അവള് മരിച്ചിരിക്കുന്നത്.. മുലക്കണ്ണ് വായിൽ അമർന്ന് ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചത്...
പടച്ചവൻ എന്നെ തനിച്ചാക്കി..
എല്ലാം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് അവളുടെ ഉപ്പ എനിക്കെതിരെ കേസ്സ് കൊടുത്തത്.. അയാളുടെ മകളേയും കുഞ്ഞിനേയും ഞാൻ കൊന്നതാണെന്നും പറഞ്ഞ്..
സ്വന്തം മകളുടെ അസുഖത്തെ മറച്ചുവെച്ച് പണത്തിന്റെ ബലത്തിൽ തെളിവുകളെല്ലാം എനിക്ക് എതിരാക്കി സ്വന്തം വീട്ടുകാരുടെ മുന്നിലും സമൂഹത്തിന്റെ മുന്നിലും നയമത്തിനു മുന്നിലും കൊലപാതകിയാക്കി മുദ്രകുത്തി..
അയാളുടെ ആ വാക്കുകൾ ഉൾക്കൊണ്ട് എന്റെ വീട്ടുകാരും എനിക്കെതിരെ തിരിഞ്ഞു..
അനിയനും ഉമ്മയും ഉപ്പയും എന്നെ കയ്യൊഴിഞ്ഞു..
അനിയൻ എല്ലാത്തിനും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു....
അവളുടെ മരണ ശേഷം വണ്ടിയിൽ നിന്ന് എല‌്ലാ റിപ്പോർട്ടുകളും വീട്ടിൽ എന്റെ പഴയ ഒരു പെട്ടിയിൽ സൂക്ഷിച്ചുവെച്ചിരുന്നു..
വല്ലപ്പോഴും എഴുതിയിരുന്ന എന്റെ ഒരു ഡയറിയും അതിലുണ്ടായിരുന്നു..
കോടതിയിൽ എനിക്കെതിരെ സാക്ഷി പറഞ്ഞു അനിയനും ഉമ്മയും...
സ്വന്തം ഭാര്യയേയും കുഞ്ഞിനേയും കൊന്ന കേസ്സിൽ കൊലക്കുറ്റത്തിനു കോടതി എന്നെ ശിക്ഷിച്ചു... എന്റെ നിരപരാധിത്യം തെളിയിക്കാൻ എന്റെ മുന്നിൽ പലവഴികളുണ്ടായിട്ടും ഞാൻ അത് ചെയ്യാതിരുന്നത് എന്റെ നാജിക്ക് ഞാൻ കൊടുത്ത വാക്ക‌് തെറ്റിക്കാതിരിക്കാനാണ്.
അഞ്ചു വർഷമായി ചെയ്യാത്ത കുറ്റത്തിനു ശിക്ഷയനുഭവിക്കുകയാണ് ഞാൻ...
ഇന്നലെ വരെ എന്നെ കുറ്റപ്പെടുത്തിയിരുന്ന
എന്റെ വീട്ടുകാർക്കു മുമ്പിൽ എന്റെ നിരപരാധിത്യം തെളിഞ്ഞിരിക്കുന്നു.
ഈ അഴികൾക്കുള്ളിലെ ജീവിതത്തോട്
യാത്ര പറയാൻ സമയമായിരിക്കുന്നു...!!
ജാസ്മിൻ സജീർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot