നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കറുത്ത പെണ്ണ്


കറുത്ത പെണ്ണ്
***************
നിന്നെ തൊട്ട് കണ്ണെഴുതാമല്ലോടീ...!!
കഴുങ്ങിൻ തടി കൊണ്ട് വലിച്ചു കെട്ടിയ ഷെഡ്ഡിൽ തമ്പടിച്ച , നാട്ടിലെ പ്രധാന വായിൽനോക്കികളുടെ വക കമൻ്റും കൂടെ പരിഹാസം കലർന്ന പൊട്ടിച്ചിരികളും..
തലയുയർത്തി അവരെയൊന്നു നോക്കാൻ പോലുമുള്ള ധൈര്യമുണ്ടായില്ലെനിയ്ക്ക്..
അപകർഷതാ ബോധം..!
തൊലി കറുത്തു പോയവളെന്ന നാണക്കേട്..
കറുത്ത പെണ്ണ്... നാട്ടുകാർ എനിയ്ക്ക് സമ്മാനിച്ച വിളിപ്പേര്..
സഹപാഠികളുടെ അടക്കിപ്പിടിച്ചുള്ള സംസാരങ്ങൾക്കും ഗോഷ്ഠികൾക്കുമിടയിൽ നിസഹായതയോടെ കണ്ണുനീർ പൊഴിച്ചതേയുള്ളു.. മറുത്തു പറഞ്ഞതില്ലൊരു വാക്കു പോലും.
ഒറ്റപ്പെടൽ.... വല്ലാത്തൊരു അവസ്ഥയാണത്.. വാക്കുകളെ കൊണ്ട് വിവരിക്കാവുന്നതിലുമപ്പുറം ഭീതിജനകമായൊരവസ്ഥ...
ഒരുപക്ഷേ എൻ്റെയീ നിറം പകരുമെന്ന ഭയത്തിനാലാം, ചെന്നിടങ്ങളിലെല്ലാം കറുത്തവൾ എന്നാരോപിച്ചെന്നെ മാറ്റിനിർത്തിയത്...!!
ഏതു നിറമണിഞ്ഞാലും കൂടുതൽ ചേലോടെ തിളങ്ങുന്ന കുഞ്ഞനുജത്തിയെ പലപ്പോഴും കുശുമ്പോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ. കണ്ണടിച്ചു പോകത്തക്ക വിധത്തിൽ കൂടുതൽ ഉദിപ്പോടു കൂടിയ നിറങ്ങളായിരുന്നൂ.. അച്ഛൻ എനിയ്ക്കു വേണ്ടി തിരഞ്ഞെടുത്തിരുന്നത്.. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരു വേഷമണിയാനുള്ള സ്വാതന്ത്രം പോലും നിഷേധിക്കപ്പെട്ടവൾ.. പരിഭവങ്ങൾ പ്രകടിപ്പിച്ചിട്ടില്ലിത്ര നാളും. ആരോ നിയന്ത്രിക്കുന്ന ചരടിനൊരറ്റം തൂങ്ങിയാടുന്നൊരു മരപ്പാവയാണിന്നു ഞാൻ. മറ്റുള്ളവരുടെ താൽപര്യങ്ങളെ സ്വയമേ വരിച്ചവൾ...!!
ഇത്തരം അവഗണനകൾക്കിടയിലും ആകെയൊരാശ്വാസം എനിക്കെൻ്റെ അമ്മയായിരുന്നു. വേർതിരിവ് കാണിച്ചിട്ടില്ലിതേ വരെയും.. കറുത്ത പെണ്ണെന്ന ആർത്തിരമ്പൽ ഉള്ളു പൊള്ളിച്ചുവെങ്കിലും അമ്മയുടെ മാറിലെ ചൂടിനായ് കൊതിച്ചിരുന്നൂ ഞാൻ. ആ നെഞ്ചോട് മുഖമണച്ചു കിടന്നപ്പോൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട് എൻ്റമ്മയുടെ മാറിലെ ഇനിയും വറ്റിടാത്ത അമ്മിഞ്ഞ പാലിൻ ഗന്ധം.. അതു മതിയായിരുന്നു ഒരായുസ്സ് കൊണ്ട് കൂട്ടിപ്പെരുപ്പിച്ചു വച്ച നൊമ്പരങ്ങളത്രയും പെയ്തൊഴിഞ്ഞിടാൻ..
ദിനംപ്രതി ഇരുണ്ടു കൂടുന്ന മകളിലുള്ള ഭീതി കൊണ്ടാവാം സ്വന്തമായൊരു പച്ചമഞ്ഞൾ കൃഷി തന്നെ തുടങ്ങിയമ്മ. കുളിക്കുന്നതിനു മുൻപേ അമ്മിയിലരച്ചു വച്ച മഞ്ഞൾ ദേഹമാസകലം തേച്ചു പിടിപ്പിക്കണമെന്നത് അമ്മയുടെ നിർബന്ധമായിരുന്നു. അമ്മയുടെ ഈ ചെയ്തികളിൽ പലപ്പോഴുമെൻ്റെ കുഞ്ഞുപെങ്ങൾ അനിഷ്ടം പ്രകടിപ്പിച്ചിട്ടുമുണ്ട്..
''അമ്മയ്ക്ക് വേറെ പണിയൊന്നൂല്ലേ..! ഇവള് ഇതുകൊണ്ടൊന്നും വെളുക്കൂലാ... വെറുതെ മഞ്ഞളിനെ കൂടി കറുപ്പിക്കാൻ വേണ്ടിയോരോ കോപ്രായങ്ങൾ... ''
ഓർമ്മ വച്ച നാൾ മുതൽ വെറുപ്പോടെയാണ് അവളെന്നെ നോക്കിയിരുന്നത്.
'' ടീ.. നിനക്കൊരു കാര്യമറിയോ..?? നിന്നെയുണ്ടല്ലോ കരി കൊടുത്താ മേടിച്ചേ... അതുകൊണ്ടാ നീയിത്രേം കറുത്ത് പോയത്... ''
അവസരം ഒത്തു വന്നപ്പോളേല്ലാം ഇത്തരം വാക്കുകളെ കൊണ്ട് അവളെന്നെ കുത്തി നോവിച്ചുകൊണ്ടിരുന്നു.
കുഞ്ഞുനാളിൽ ഞാനായിരുന്നു അവളുടെ ലോകം. അന്നെൻ്റെ പെങ്ങളൂട്ടിക്ക് കറുപ്പും വെളുപ്പും തിരിച്ചറിയാനുള്ള പക്വതയില്ലായിരുന്നു. ഉണ്ണാനും ഉറങ്ങാനും കളിക്കാനും എല്ലാടത്തും ഈ ചേച്ചി വേണമായിരുന്നു. ഇന്ന് അവളൊരുപാട് വളർന്നുപോയി... ഇപ്പോളെൻ്റെ കുട്ടിക്ക് ഞാൻ ചേച്ചിയാണെന്ന് പറയുന്നത് നാണക്കേടാണത്രേ..!!
ഇത്രയും വിരൂപിയായൊരുവളെ സഹോദരിയെന്നു ചൊല്ലാൻ മാനക്കേട് പോലും..!!
ഞാൻ പോലുമറിയാതെ ഉള്ളിൽ ജനിച്ച വികാരങ്ങളും വിചാരങ്ങളും എന്നെയോർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.. , ഞാനും ഒരു പെൺകുട്ടിയെന്ന്.. തൊലിയൊരൽപം കറുത്തുപോയതല്ലാതെ വേറെയെന്താണ് എന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.. ചില സമയങ്ങളിൽ വല്ലാതെ കൊതിച്ചു പോയിട്ടുണ്ട്, പ്രണയം എന്ന വികാരത്തെ..
ഒരുപാട് ആഗ്രഹിച്ചു പോയിട്ടുണ്ട്.., ഉത്സവ പറമ്പുകളിൽ അല്ലെങ്കിൽ നാട്ടിടവഴികളിൽ എന്നെയും പ്രതീക്ഷിച്ചു നിൽക്കുന്ന പ്രണയം തുളുമ്പുന്ന മിഴികളെ.. പക്ഷേ കണ്ടതില്ല ഞാൻ അതൊന്നും. എന്നിലുടക്കിയ നോട്ടങ്ങൾ അത്രയും ഒരു തെരുവ് പട്ടിയോടെന്നതിലും ക്രൂരമായിരുന്നു..
അമ്മ.. ഒരത്ഭുത പ്രതിഭാസമാണത്. ഭ്രാന്തമായ എൻ്റെ ചിന്തകളുടെ കുത്തൊഴുക്കിനെ തടയിണയിട്ട് പിടിച്ചു കെട്ടി മനസ്സിനെ ശാന്തമാക്കുവാൻ കെൽപുള്ളവൾ.. അതു കൊണ്ടാവാം അകറ്റി നിർത്തുന്നവർക്കിടയിൽ അമ്മ എനിക്കേറെ പ്രിയപ്പെട്ടവളായിത്തീർന്നത്..
പലയാവർത്തി ചോദിക്കാൻ ആഗ്രഹിച്ച ഒരു ചോദ്യമുണ്ടെൻ്റെ ഉള്ളിൽ കിടന്ന് പിടയുന്നു...
'' എന്താ അമ്മേ.. അമ്മേടെ മോള് മാത്രം ഇത്രയും കറുത്തുപോയതെന്ന്.. ''
എന്തു കൊണ്ടോ അങ്ങനൊരു ചോദ്യം ഉന്നയിക്കാനെൻ്റെ നാവ് അനുവദിച്ചില്ല. ഒരു പക്ഷേ പെങ്ങളൂട്ടി പറഞ്ഞ പോലെ, എന്നെ കരി കൊടുത്തു മേടിച്ചതാണെങ്കിലോ..!! അതു കൂടി കേൾക്കുവാനുള്ള ത്രണിയുണ്ടായില്ലെനിയ്ക്ക്..
പ്രായം കൂടി വന്നതിനൊപ്പം കറുപ്പ് കൂടിയതല്ലാതെ.. കുറഞ്ഞില്ല ഒരു തരി പോലും. ചായ കുടിക്കാൻ ഞായറാഴ്ചകളിൽ വീടണഞ്ഞവർക്കു മുൻപിൽ വിഡ്ഢി വേഷം കെട്ടുന്നതൊരു പതിവായി. എന്നെ കണ്ട് ഭയന്നതു കൊണ്ടോ , അതോ മുൻപിൽ നിരത്തിയ പലഹാരങ്ങളിൽ കണ്ണ് മഞ്ഞളിച്ചതു കൊണ്ടോ.. വന്നവരിൽ ആരും ഒന്നിൽ കൂടുതൽ തവണയെന്നെ നോക്കിയില്ല.
'ആർക്കും കറുത്ത പെണ്ണിനെ വേണ്ടത്രെ!!
ചിറിയിലിരിയ്ക്കുന്ന എച്ചിലു തുടച്ച്, ഏമ്പക്കവും വിട്ട് പടിയിറങ്ങുന്നവർക്കു മുൻപേ കരഞ്ഞു കാലുപിടിക്കുന്ന അമ്മ ഒരു സ്ഥിരം കാഴ്ചയായിരുന്നു..
''വീട്ടുകാരെ ഇങ്ങനെ വിഷമിപ്പിക്കാതെ വല്ലോടത്തും പോയി ചത്തൂടെടി നിനക്ക്..'' പതിവിലേറെ വെറുപ്പറിയിച്ചിരുന്നു പെങ്ങളൂട്ടിയുടെ വാക്കുകളിൽ. കെട്ടാച്ചരക്കായി മാറിയ മകളാണത്രെ ഇപ്പൊ നാട്ടിലെ പ്രധാന ചർച്ചാ വിഷയം. നാട്ടുകാരുടെ പരിഹാസങ്ങളിൽ മനം നൊന്ത് , അച്ഛനിന്ന് ഒരു മുഴുക്കുടിയനായി മാറിയിരിക്കുന്നു . രാത്രി കാലങ്ങളിൽ ബോധമില്ലാതെയാണ് വീട്ടിലെത്തിയിരുന്നങ്കിലും എന്നെ തെറി വിളിക്കാതെയുറങ്ങുന്ന ദിവസങ്ങൾ വളരെ കുറവായിരുന്നു..
അന്നൊരു ദിവസം പതിവ് ചായസൽക്കാരത്തിനു ശേഷം അമ്മയെ കൂടുതൽ അസ്വസ്ഥയായ് കണ്ടു. പതിവിനു വിപരീതമായി അമ്മയെന്നോട് മൗനം പാലിച്ചു.. ചായയിട്ട് മടുത്തു കാണും... രാത്രിയിൽ ആരുടെയോ തോളിലേറി വീടെത്തിയ അച്ഛന്റെ അവസ്ഥ കൂടി കണ്ടതിനാലാവാം, നിയന്ത്രണം വിട്ടമ്മ പൊട്ടിത്തെറിച്ചു..
'' ഇതൊക്കെ കാണാനാണോ ഭഗവാനേ.. നീ എന്നെ ബാക്കി വച്ചേക്കുന്നത്..?? എന്തിനാ ദൈവങ്ങളെ.. ഇങ്ങനൊരു സന്തിയെ തന്നത്..??
ആളുകളെ ബുദ്ധി മുട്ടിക്കാനായുണ്ടായ അശ്രീകരം ..!! എൻ്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോടീ നീ...!!
ഒടുവിൽ അമ്മയും തുറന്നടിച്ചു.. ഞാനൊരു ഭാരമെന്ന്..
തുരുമ്പരിച്ച ജനലഴിയിൽ ചാരി നിന്ന് തികട്ടി വന്ന തേങ്ങലിനെ പിടിച്ചു കെട്ടാൻ നന്നേ പാടുപെട്ടു. പ്രതിസന്ധികളിൽ മുറുകെ പിടിച്ച കൈകളെയാണ് ഇന്നെനിയ്ക്ക് നഷ്ടമായത്. സ്നേഹത്തിൽ കെട്ടുറപ്പിച്ച വിശ്വാസമാണിന്നെനിയ്ക്ക് അന്യയായത്.. പരാതികളില്ലമ്മേ.. അറിയാതെ ചെയ്തു പോയ അപരാധങ്ങൾക്കൊരു കൂപ്പുകൈ അല്ലാതെ...
വീട് വിട്ടിറങ്ങുമ്പോൾ ശൂന്യമായിരുന്നു മനസ്സ്.. അനിയന്ത്രിതമായ ചിന്തകൾ.. ചിന്തകളേക്കാൾ വേഗത്തിൽ ചലിക്കുന്ന കാലുകൾ.. കരഞ്ഞു കലങ്ങിയ കണ്ണുകൾ.. കവിളിലൂടൊലിച്ചിറങ്ങിയ നീർച്ചാലുകൾ..
കരഞ്ഞു വീർത്ത കൺപോളകളെ തുറന്നു വയ്ക്കാൻ ഒരുപാടു പണിപ്പെട്ടു..
നിലാവ് പാകിയൊരീ നാട്ടിടവഴിയിൽ എനിക്ക് കൂട്ടിനായവളും ഉണ്ട്.. എൻ്റെ നിഴൽ.. കറുത്ത പെണ്ണിന് കൂട്ടിനായ് മറ്റൊരു കറുമ്പി..
നീയും തനിച്ചായോടീ പെണ്ണേ..!! അവളെ നോക്കി വരണ്ട ചുണ്ടുകളാലൊന്നു മന്ദഹസിച്ചു.
ഇരുവശങ്ങളിലെയും പടർന്നു പന്തലിച്ച പൊന്തക്കാടുകൾ ഭീതിയുളവാക്കുന്നവയായിരുന്നു.. ഇരുട്ടിന് മറ പിടിച്ചു കൊണ്ട് ചീവീടുകളുടെ കരച്ചിലും.ഭയപ്പെടുത്തിയില്ല എന്നെയിതൊന്നും. ചാട്ടുളിയേക്കാൾ മൂർച്ചയേറയായിരുന്നു ഇന്ന് അമ്മയുടെ വാക്കുകൾക്ക്.. ഓർക്കുന്തോറും കൂടുതൽ ആഴങ്ങളിലേക്കത് കുത്തിയിറങ്ങി..
അലക്ഷ്യമായ ചുവടുകൾ എവിടെയോ വച്ച് നിശ്ചലമായി. പുറകിലൂടെ വന്ന കരങ്ങളെന്നെ വരിഞ്ഞുമുറുക്കി.. പ്രാണവേദനയാൽ പുറത്തേക്കൊഴുകിയ ശബ്ദത്തെയവർ പിടിച്ചു കെട്ടി. കുതറിയോടുവാനുള്ള ശ്രമത്തിനിടയിൽ തലയടിച്ചു മലർന്നു വീണു. വീഴ്ചയുടെ ആഘാതത്തിലാവാം.. പാതിയടഞ്ഞ കണ്ണുകളിൽ കണ്ടു.. ഞാനെൻ്റെ തലയ്ക്കു ചുറ്റും തളം കെട്ടി നിൽക്കുന്ന രക്തത്തെ..
''അതെ..ചുവപ്പ് തന്നെ.. എൻ്റെ രക്തത്തിൻ്റെ നിറവും ചുവപ്പ് തന്നെ.. ''
നിലം പതിച്ച എൻ്റെ ശരീരത്തെയവർ വലിച്ചിഴച്ചു കൊണ്ടു പോയി..
ശക്തമായ എന്തോ ഒന്ന് ശരീരത്തിലേക്കിഴഞ്ഞു കയറും പോലെ.. സിഗരറ്റിൻ്റെയോ മറ്റോ രൂക്ഷമായ ഗന്ധം മൂക്കിലേക്കടിച്ചു കയറി.. എതിർക്കാനാവാത്ത വിധം കൈകാലുകൾ ബന്ധിപ്പിക്കപ്പെട്ടിരുന്നു.. ശക്തമായ അവൻ്റെ ചെയ്തികളിൽ ഞാൻ ആഞ്ഞുലഞ്ഞു...
ഉയർന്നു താണ അവൻ്റെ പ്രഹരങ്ങളിൽ ഞെരിഞ്ഞമർന്നു എൻ്റെ ശരീരവും.. . അസഹനീയമായ വേദനയിൽ പുളഞ്ഞ് അലറി വിളിച്ചപ്പോൾ ബലിഷ്ഠമായ അവൻ്റെ കൈകൾക്കുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞു ഞാൻ...
അൽപസമയത്തെ കഠിന പ്രയത്നത്തിനു ശേഷം മുറുകിയ പിടി ചെറുതായൊന്നയഞ്ഞു..
വിയർത്തൊഴുകിയ അവൻ്റെ ശരീരം എന്നിൽ നിന്നും വേർപെടുത്തി.., മറ്റൊരുവനു വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുക്കുമ്പോളവൻ്റെ കൺകളിലെ വെറി മാറിയിരുന്നില്ല..
നിമിഷസുഖത്തിൽ ആത്മസംതൃപ്തിയടഞ്ഞവൻ്റെ ചാരിതാർഥ്യം..
അവനു ശേഷം അവൻ്റെ സുഹൃത്തുക്കളും എന്നിലേയ്ക്ക് നൂണ്ടിറങ്ങി... ഓരോരുത്തരും മാറി മാറി വരുമ്പോഴും എൻ്റെ നോട്ടം അവനിലായിരുന്നു.. ഊഴം കാത്തുനിൽക്കുന്നവരെ നോക്കിയവൻ നിർവൃതിയണഞ്ഞു.. ഉണങ്ങിയ മരത്തിൽ ചാരി നിന്നവൻ കൈയ്യിലെ സിഗരറ്റ് വലിച്ചൂതി.. ചുറ്റിലും പടർന്ന പുകച്ചുരുളുൾക്കിടയിൽ മുഖം വ്യക്തമല്ലെങ്കിൽ കൂടി ചുണ്ടിലൂറിയ ചിരി തെളിഞ്ഞു കാണാമായിരുന്നു...
കണ്ണുകളിലേയ്ക്ക് കിനിഞ്ഞിറങ്ങിയ രക്തം കാഴ്ചയെ മറച്ചുവെങ്കിലും.. പുകചുരുളുകൾക്കിടയിലൂടെയവൻ്റെ മുഖം കൂടുതൽ വ്യക്തമായിക്കൊണ്ടിരുന്നു ..
പകൽ വെളിച്ചത്തിൽ കറുപ്പിന് അയിത്തം കൽപിച്ചവൻ..
രാത്രികളിൽ ഇരുട്ടിൻ്റെ മറ പറ്റി.. നിറഭേദമന്യേ മാംസരുചിയ്ക്കായ് വെറി പൂണ്ടലയുന്നവൻ ..
കൺകളിലേയ്ക്ക് പടർന്ന ഇരുട്ട് കാഴ്ചയെ മുഴുവനായും മറയ്ക്കുന്നതിനു മുൻപേ.. ആർത്തിയടങ്ങാത്ത അവൻ്റെ നോട്ടം എന്നിൽ തറച്ചുനിന്നൂ.. വശ്യമായൊരു പുഞ്ചിരിയാൽ അവനെന്നിലേയ്ക്ക് വീണ്ടും..
ദേവിക. ഒ. ബി

1 comment:

  1. അടിപൊളി
    Dr മാധവിക്കുട്ടി

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot