നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അതിജീവനം


അതിജീവനം
.........................
അന്നൊരു ജൂലായ് മാസത്തിലെ വെള്ളിയാഴ്ചയായിരുന്നു. ഇനി വരുന്ന 2 ദിവസങ്ങൾ അവധിയായിതിനാൽ ഞങ്ങൾ സ്ക്കൂൾ കുട്ടികൾ പതിവിലും കൂടുതൽ സന്തോഷത്തിലായിരുന്നു സ്ക്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്.
അച്ഛനും, അമ്മയും, ചേച്ചിയും, രണ്ട് ഏട്ടന്മാരും, അനിയത്തിയും അടങ്ങുന്നതാണെന്റെ കുടുംബം.കൂലി പണിക്കാരാനായ അച്ഛന്റെ വരുമാനത്തിലാണ് ഞങ്ങൾ 6 അംഗ കുടുംബം കഴിഞ്ഞിരുന്നത്. ചേച്ചിയെ ചെറുപ്പത്തിലേ കല്യാണം കഴിപ്പിച്ചയച്ചിരുന്നു. ഏട്ടന്മാരും ഞങ്ങൾ രണ്ട് അനിയത്തിമാരും വളരെ സ്റ്റേഹത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.
സ്ക്കൂൾ വിട്ടു വന്നാൽ ഞങ്ങൾക്ക് പശുവിന് പുല്ല് പറിക്കാനുള്ള ജോലി കൂടിയുണ്ട്. അന്ന്പുല്ലു പറിക്കുമ്പോൾ അനിയത്തിക്ക് പറയാൻ ഉണ്ടായിരുന്നത് അവൾ സ്ക്കൂൾ ഗാർഡനിൽ വെച്ചു പിടിപ്പിച്ച റോസ് ചെടിയിൽ പൂവ് വിരിഞ്ഞതും, അദ്ധ്യാപകർ അവളെ പ്രശംസിച്ച കഥയുമായിരുന്നു. അല്ലെങ്കിലും അവളുടെ കഥ കേൾക്കാൻ ഏട്ടൻമാർക്ക് വലിയ ഉത്സാഹമാണ്, അതിന് കാരണവുമുണ്ടായിരുന്നു'. അവൾ പഠിക്കാനും, മറ്റെല്ലാ കാര്യത്തിലും എന്നേക്കാളും മിടുക്കിയാണത്രേ...കേൾക്കുമ്പോൾ അവളോട് ദേഷ്യം തോന്നാറുണ്ടെങ്കിലും, സത്യമതാണല്ലോ എന്നോർത്ത് നെടുവീർപ്പിടുകയാണ് പതിവ്.
അന്നും പതിവുപോലെ കളിതമാശകൾ പറഞ്ഞ് പശുവിനുള്ള പുല്ലുമായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ തൊട്ട് നല്ല മഴയായിരുന്നു.
വൈക്കോൽ കൊണ്ട് മേഞ്ഞ കുഞ്ഞുവീടായിരുന്നതിനാൽ ഞങ്ങളുടെ വീട്ടിൽവേണ്ടത്ര സൗകര്യം ഉണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ആ വീട്ടിൽ കഴിഞ്ഞു കൂടിയിരുന്നത്. അതു കൊണ്ട് തന്നെ ഏട്ടന്മാർ സ്ഥിരമായി തൊട്ടടുത്ത തറവാട്ടിലാണ് കിടന്നുറങ്ങിയിരുന്നത്.(തെയ്യം കെട്ടിയാടിക്കാറുള്ള വീട്) അവിടെ അന്തിതിരി കൊളുത്തുന്നതും ഏട്ടന്മാർ ആയിരുന്നു. തറവാടിന് തൊട്ട് മുകളിലായി വലിയൊരു മാവും ഉണ്ടായിരുന്നു. ഏതാണ്ട് 100 വർഷങ്ങൾക്ക് മുമ്പുള്ളത് വയസ്സൻ മാവ് എന്നാണ് ആ മാവ് അറിയപ്പെട്ടിരുന്നത്. തെയ്യം കാണാനെത്തുന്നവർക്ക് തണലൊരുക്കി ആശ്രയവും അത്താണിയുമായിരുന്നു ഞങ്ങളുടെ വയസ്സനപ്പൂപ്പൻ മാവ്. അതിൽ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞു നാഗങ്ങൾ ഞങ്ങളുടെ വീട്ടിലും വരാറുണ്ടായിരുന്നു. വളരെ ശ്രദ്ധയോടു കൂടി തന്നെയായിരുന്നു ഞങ്ങൾ അവരെയൊക്കെ പരിപാലിച്ചു പോന്നിരുന്നത്.
അന്ന് നല്ല മഴയായതിനാൽ അച്ഛനും പണി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയിരുന്നു. കള്ളനും പോലിസുകളിയുമൊക്കെയായി ഞങ്ങൾ കളിച്ചോണ്ടിരുന്ന് സമയം പോയതേ അറിഞ്ഞില്ല. പത്ത് മണിയായപ്പോഴാണ് അമ്മ ഏട്ടന്മാരോട് പറഞ്ഞത് ,നല്ല മഴയായതിനാൽ ഇന്നിനി തറവാട്ടിലേക്ക് പോകേണ്ടാന്നും ചോറ് കഴിച്ചിട്ട് വീട്ടിൽ തന്നെ കിടുന്നുറങ്ങാനും.
അത്താഴമൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടന്ന തായിരുന്നു ഞങ്ങൾ. എന്നും ഞാനും, അനിയത്തിയും ഒന്നിച്ചാണ് കിടന്നുറങ്ങാറുള്ളതെങ്കിലും ,മാസമുറ വന്നതിനാൽ ഞാൻ അടുക്കള ഭാഗത്തായി ഓല മേഞ്ഞ ചായ്പ്പിൽ ഒറ്റയ്ക്കായിരുന്നു അന്ന്. പാതിരാത്രിയിലെപ്പോഴോഒരു അലർച്ച കേട്ടിട്ടാണ് ഉറക്കം ഞെട്ടിയത്. എന്താണെന്ന് മനസ്സിലാവാതെ എഴുന്നേൽക്കാൻ ശ്രമിക്കുന്തോറും കൈകാലുകൾ പൊങ്ങാനാവാതെ തളരുകയായിരുന്നു.
ഇടയ്ക്കെപ്പോഴോ അനിയത്തിയുടെ ചേച്ചി എന്നുള്ള വിളി കേൾക്കാമായിരുന്നു.
ചേച്ചി ഇവിടെയുണ്ട് മോളെ ...
മോള് ഉറങ്ങിക്കോ എന്ന് പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ. പിന്നെ എന്താണ് അവിടെ സംഭവിക്കുന്നതറിയാതെ അeബാധാവസ്ഥയിലേക്ക് വീഴുകയായിരുന്നു ഞാൻ.
ബോധമുണരുമ്പോൾ ഞാൻ നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ 1 C റൂമിൽ.
അവിടെ വെച്ച് എന്നെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്ന തൊട്ടയൽപക്കത്തെ ചേച്ചിയിൽ നിന്നും ഞാൻ ആ സത്യം പതുക്കെ മനസ്സിലാക്കി.
എന്നെ മാത്രം തനിച്ചാക്കി ഞങ്ങളുടെ വയസ്സ് ൻ അപ്പൂപ്പൻ മാവ് എന്റെ വീടീനേയും ,അച്ഛനേയും അമ്മയേയും, കൂടെ പിറപ്പുകളേയും ഇല്ലാതാക്കിയിരിക്കുന്നു. രാത്രിയിലെ മഴയത്ത് അപ്പൂപ്പൻ മാവു് ഞങ്ങളുടെ വീടിന് മുകളിലേക്ക് നിലംപൊത്തി വീഴുകയായിരുന്നത്രേ.....
കേട്ടപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ, എന്റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഏതാണ്ട് ഒരു മാസത്തെ ചികിത്സകൾക്കൊ ടുവിൽ തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച വീടിരിക്കുന്ന സ്ഥലത്ത് വെട്ടിനിരത്തിയ നിലയിൽ കുറച്ച് മര കഷ്ണങ്ങൾ മാത്രമായിരുന്നു. ഒന്നിച്ച് ചിരിച്ച് കളിച്ച് ഭക്ഷണം കഴിച്ച് കിടന്നിരുന്ന എന്നെ മാത്രം തനിച്ചാക്കി എല്ലാവരും മറ്റൊരു ലോകത്തേക്ക് മറഞ്ഞിരിക്കുന്നു.
പിന്നേ സ്വന്തമെന്ന് പറയാൻ ചേച്ചിയും, സ്വന്തം മോളെ പോലെ കരുതി സ്നേഹിക്കാൻ ചേച്ചിയുടെ ഭർത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരെക്കെയോ പ്രമുഖ വ്യക്തികൾ എന്നെ വന്നു കണ്ടു പോയുമിരുന്നു. ഒന്നും മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും, എപ്പോഴോ ഞാനറിഞ്ഞു.അന്നത്തെ സർക്കാർ എന്നെ കേരളത്തിന്റെ ദത്തുപുത്രിയായി ഏറ്റെടുത്തെന്ന്.
അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നെങ്കിലും ,പിന്നേയും 2, 3 വർഷങ്ങൾക്കൊടുവിൽ പത്താം ക്ലാസ്സ് പാസായി കലക്ടറേറ്റിൽ ജോലിയിലും പ്രവേശിച്ചു, ആയിടയ്ക്കാണ് അജയേട്ടൻ എന്നെ കല്യാണം കഴിച്ചത്. എല്ലാം ഒരു യാന്ത്രികമെന്നോണം നിന്നുകൊടുക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
ഇന്ന് 20 വർഷങ്ങൾക്ക് ശേഷം 2 പെൺകുട്ടികളുടെ അമ്മയായി ഞാൻ സുഖമായി ജീവിക്കുമ്പോഴും നഷ്ടപ്പെട്ട എന്റെ വീടും അച്ഛനും, അമ്മയും, കൂടെപിറപ്പുകളും മനസ്സിൽ മായാതെ കിടക്കുന്നു. എല്ലാം സഹിക്കാൻ മനസ്സു തന്ന ദൈവങ്ങളോട് കടപാട് മാത്രം.
...................................................................
സമർപ്പണം.20 വർഷങ്ങൾക്ക് മുമ്പ് മരം വീണ് കുടുംബത്തിന്റെ മുഴുവൻ ജീവൻ എടുത്തപ്പോൾ അവശേഷിച്ച കേരളത്തിന്റെ ദത്തുപുത്രിയും, എന്റെ പ്രിയപെട്ട കൂട്ടുകാരിയുമായ ശ്രീജയ്ക്ക്.
പത്മിനി നാരായണൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot