നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പാലക്കാടൻ മരണയാത്ര!!!.


ഒരു പാലക്കാടൻ മരണയാത്ര!!!.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഓഫീസിൽ എത്തിയപ്പോഴേ കേട്ടത് ഷൈനിയുടെ അപ്പച്ചന്റെ മരണവാർത്തയായിരുന്നു. അത് പക്ഷെ., ഞങ്ങളിൽ പ്രത്യേകിച്ചൊരു ഭാവഭേദവുമുണ്ടാക്കിയില്ല. ഒത്തിരി കാലമായി കിടപ്പിലായിട്ട് . അടുത്ത ഒരവസരത്തിലാണ് മരണം അടുത്തെന്ന് ഡോക്ടർ പറഞ്ഞതും. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആ മരണവാർത്തയിൽ ഞെട്ടേണ്ട ഒരാവശ്യവുമില്ലായിരുന്നു. അൽപം ടെൻഷൻ ഉള്ളത് ആരൊക്കെ പാലക്കാട്ടേക്ക് പോകും എന്നതിനെപ്പറ്റി മാത്രം.
വെറും പന്ത്രണ്ടു ജീവനക്കാർ മാത്രമടങ്ങുന്ന ഒരു ഫൈനാൻസിങ് കമ്പനി. അതുകൊണ്ടു തന്നെ ജീവനക്കാർ എല്ലാവരും ഒരു കുടുംബം പോലെ. ആറ് ഫീമെയിൽ സ്റ്റാഫും നാലു മെയിൽ സ്റ്റാഫും പിന്നെ രണ്ടു മാർക്കറ്റിങ് സ്റ്റാഫുകളും.
ബോസ് ആണെങ്കിൽ നല്ല സ്നേഹമുള്ള, സ്റ്റാഫിനോടൊപ്പം എന്തിനും പങ്കുചേരുന്ന ഒരു സാധു മനുഷ്യൻ. ബോസ്സിന്റെ വൈഫും അങ്ങനെ തന്നെ. "മാഡം" എന്ന് വിളിക്കുമെങ്കിലും ഒരു ചേച്ചിയുടെ സ്ഥാനത്താണ് എല്ലാവരും അവരെ കാണുന്നത്.
ഓഫിസിൽ ചർച്ച കൊഴുക്കുകയാണ്. ആരൊക്കെ പാലക്കാട്ടേക്ക് പോകും. എനിക്കും ജീനക്കും നിത്യക്കും ഒഴികെ ബാക്കിയുള്ളവർക്കൊക്കെ ഇൻ ലോസ് വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ അവർക്കു വരാൻ മടി. ഒരാളുടെ ഭർത്താവ് വിദേശത്ത്. വീട്ടിൽ കുട്ടികൾ തനിച്ചാവും. അപ്പൊ തീരെ വരൻ പറ്റില്ല. പാലക്കാട്ടേക്ക് ആറ് മണിക്കൂറെങ്കിലും യാത്ര കാണും. അവിടെയെത്തി തിരികെ വരുമ്പോഴേക്കും എങ്ങനെ പോയാലും ഒരു പത്തു പതിനൊന്നു മണിയാകും. സാഹചര്യം കാരണം അവർ വരുന്നില്ലെന്ന് ഉറപ്പിച്ചു. അത് ഞങ്ങൾക്കും സമ്മതമായിരുന്നു.
അവസാനം ഞങ്ങൾ മൂന്നു പേരും കൂടെ പോവാൻ തീരുമാനമായി. ബോസ് തന്നെ ടാക്സി അറേഞ്ച് ചെയ്തു തന്നു.
പതിനൊന്നു മണിയോടെ ഞങ്ങൾ യാത്രയായി. കുറച്ചു ദൂരം കഴിഞ്ഞപ്പോഴായിരുന്നു ജീന പറഞ്ഞത് ഒരു ബൊക്കെയോ റീത്തോ വാങ്ങേണ്ടേ.? നമ്മൾ ഓഫീസിൽ നിന്നല്ലേ പോവുന്നത്. അത് ശരിയാണെന്നു ഞാനും നിത്യയും ഒരേ സ്വരത്തിൽ സമ്മതിച്ചു. വഴിയിൽ ഏതെങ്കിലുമൊരു പൂക്കടയിൽ വണ്ടി നിർത്താൻ ഡ്രൈവർക്കു നിർദ്ദേശം കൊടുത്തു.
പാലക്കാട് അടുത്ത് എവിടെയെങ്കിലും കട ഉണ്ടാകും. അവിടന്ന് മേടിക്കാം. അത് ജീനയുടെ ഐഡിയയായിരുന്നു. ഞങ്ങളും അത് ശരി വെച്ചു. അല്ലേലും റീത്തൊക്കെ കയ്യിലിരിക്കുമ്പോ മരണം നമുക്ക് ചുറ്റും എപ്പോഴും കറങ്ങി കൊണ്ടിരിക്കും. അങ്ങനെ പലവിധ വിശേഷങ്ങൾ പങ്കുവെച്ചു യാത്ര തുടർന്നു. കോളേജ് കാലത്തേ അനുസ്മരിക്കും വിധം ആയിരുന്നു ആ യാത്ര. ഇടയ്ക്കു ഒന്ന് രണ്ടു സ്ഥലത്തു ഇറങ്ങി അതുമിതുമൊക്കെ വാങ്ങി കഴിച്ചു, മൂവരും ഹാപ്പി.
പെട്ടെന്ന് നിത്യക്കൊരു ഐഡിയ. മടങ്ങാൻ ഒരുപാട് ലേറ്റ് ആവുകയാണെങ്കിൽ അവളുടെ അങ്കിളിന്റെ വീട്ടിൽ കയറാം. വണ്ടി തിരിച്ചയച്ചു രാവിലെ ട്രെയിനിൽ തിരികെ പോരുകയും ചെയ്യാം.
ഓക്കേ പറയാൻ ജീനക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. അവൾ ത്രില്ലിൽ ആയി. അങ്കിൾ എക്സ് മിലിറ്ററി ആണ്. അവിടെ നമുക്ക് അടിച്ചു പൊളിക്കാം ഇന്ന് നൈറ്റ്. അങ്കിളും ആന്റിയും മാത്രേ വീട്ടിൽ ഉള്ളൂ. മക്കളൊക്കെ വിദേശത്താണ്. നിത്യ കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെ നിന്നാണ് പഠിച്ചത്. അവർക്കു അവളെ മക്കളെക്കാൾ സ്നേഹമാണ്. അതിന്റെ എല്ലാ സ്വാതന്ത്ര്യവും അവൾ മുതലാക്കുകയും ചെയ്യും.
ഇത്തിരിയൊന്നു സോപ്പിട്ടാൽ അങ്കിളിനെക്കൊണ്ട് അലമാരയിൽ ഒളിപ്പിച്ചു വെച്ച സ്കോച്ച് പുറത്തെടുപ്പിക്കാം. അതില്ലെങ്കിൽ ബിയറെങ്കിലും!!!.
നിത്യ പറഞ് എല്ലാ വിശേഷങ്ങളും ഞങ്ങൾക്കറിയാം. അവരെ കണ്ടിട്ടില്ല എന്നെ ഉള്ളൂ.
നീ ഇപ്പൊ തന്നെ അങ്കിളിനെ വിളിച്ചു പറ. ഒട്ടും വൈകിക്കണ്ട. ജീനക്ക് ആവേശം കയറി. നിത്യയെക്കൊണ്ട് ഫോൺ വിളിപ്പിച്ചു പറഞ്ഞിട്ടേ ജീനക്ക് സമാധാനായുള്ളൂ.
അതിനുശേഷം അവൾ ഒന്നൂടെ ആക്റ്റീവ് ആയി. മൊബൈലിൽ കുറെ ചിത്രങ്ങളൊക്കെ പകർത്തി. തോന്നിയപോലൊക്കെ സെൽഫി എടുത്തു അപ്പൊ തന്നെ ഫേസ്ബുക്കിൽ ഇട്ടു.
.....................................
പാലക്കാടെത്തിയപ്പോൾ മണി അഞ്ചിനോടടുക്കുന്നു. അവിടന്ന് നല്ല ഭംഗിയുള്ളൊരു ബൊക്കെ വാങ്ങി. വെള്ളയും ചുമപ്പും റോസാപ്പൂക്കൾ കൊണ്ടലങ്കരിച്ച ഒരു ബൊക്കെ. പിന്നെ ഞങ്ങൾ വീടന്വേഷിക്കുന്ന തിരക്കിലായി. പലരോടും ചോദിച്ചു.
ലാലേട്ടൻ പറഞ്ഞപോലെ ചോയ്ച്ചു ചോയ്ച്ചു ഞങ്ങൾ ഒരു പെട്ടിക്കടയുടെ മുമ്പിൽ എത്തി. അവിടെ ഇറങ്ങി. പെട്ടിക്കടക്കാരനെ സന്തോഷിപ്പിക്കാൻ മൂന്നു 'നാരങ്ങാസോഡ', പറഞ്ഞു. എന്നിട്ടു വഴിയന്വേഷിച്ചു. അയാൾക്ക്‌ വീടറിയാം. അയാൾ വഴി പറഞ്ഞു തന്നു.
അയാൾ സോഡാ അടിക്കുന്ന നേരം കൊണ്ട് ഞങ്ങളുടെ ഫുൾ ഹിസ്റ്ററി ചോദിച്ചറിഞ്ഞു. ജീനയെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോ നിത്യ എന്നെയൊന്നു തോണ്ടി.
ഇത് വായ്നോട്ടം തന്നെ. ജീന സുന്ദരിയാ. നല്ല ഒന്നാന്തരം അച്ചായത്തി. തൂവെള്ള നിറം. നല്ല സ്ട്രൈറ്റൻ ചെയ്ത മുടി അങ്ങനെ പാറിപ്പറന്നു കിടക്കുവാ. പോരാത്തതിന് യാതൊരു യാത്രാക്ഷീണവും അവളുടെ മുഖത്തില്ല. ഇറങ്ങാൻ നേരം അവൾ മുഖമൊന്നു ടച്ചപ്പ് ചെയ്തു. അവളുടെ ബാഗിൽ എപ്പോഴും ഒരു കിറ്റ് കാണും.
ഞങ്ങൾ പരസ്പരം നോക്കിയതിന്റെ അർഥം അവൾക്കു പിടികിട്ടി. അവൾ അയാളെ നോക്കി ചിരിച്ചു. നല്ലോണം പഞ്ചാര ഇട്ടു കലക്കിയ നാരങ്ങാസോഡ അയാൾ ആദ്യം തന്നെ അവൾക്കു നേരെ നീട്ടി. പിന്നീട് ഞങ്ങൾക്കും.
മോൾക്ക് വേറെന്തെലും വേണോ?
ജീനയോടാണ്.
ഒന്നും വേണ്ട ചേട്ടാ.
നല്ല കച്ചോടം ഒക്കെ ഉണ്ടോ?
ങാ... കുഴപ്പല്യ. ന്നാലും വല്യ കഷ്ടമാ മോളെ.
നിത്യ എന്നോട് പറഞ്ഞു. നല്ല കച്ചോടം നോക്കേണ്ട. കൂട്ടിയിട്ടിരിക്കുന്ന നാരങ്ങാത്തൊലി കണ്ടില്ലേ?
ഹും .... അവൻ മലയാളി തന്നെ. ഞാൻ പറഞ്ഞു.
ഗ്ലാസ് തിരികെ കൊടുത്തു, അപ്പൊ ശരി ചേട്ടാ. പിന്നെ കാണാട്ടോ. ഞങ്ങൾ അവിടന്നിറങ്ങി.
അയാൾ പറഞ്ഞ വഴിയിൽ കൂടെ ഡ്രൈവർ വണ്ടിയെടുത്തു. കുറച്ചു പോയപ്പോ തന്നെ ഒരാൾക്കൂട്ടം കണ്ടു.
ദേ ...
ഇത് തന്നെ!. മരണവീട്. ആൾക്കാരൊക്കെ കൂടി നിൽക്കുന്നുണ്ട്.
ഞങ്ങൾ അവിടെയിറങ്ങി. ജീന ബൊക്കെ കയ്യിലെടുത്തു. എല്ലാവരും മുഖത്ത് ദുഃഖം പുരട്ടി.
.............................................................
ഞങ്ങൾ ഗേറ്റ് കടന്നു. ആദ്യായിട്ടാണ് ഷൈനിയുടെ വീട്ടിൽ പോവുന്നത്. അതിന്റെ ഒരിത് എല്ലാരുടെയും മുഖത്തുണ്ട്.
വിശാലമായ കോംബൗണ്ടിൽ നല്ല ഭംഗിയുള്ള ഒരു വലിയ രണ്ടുനില വീട്. ചരൽ പാകിയ ഒരു നടപ്പാത. അതിനിരുവശത്തും ബോഗൻ വില്ലകൾ പല നിറങ്ങളിൽ നിറയെ പൂത്തു നിൽക്കുന്നു. ഒരു ഭാഗത്തായി ചെറിയൊരു താമരക്കുളം. അതിൽ വയലറ്റും വെള്ളയും നിറത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അതിനടുത്തായി തന്നെ ഭംഗിയിൽ പണിതൊരു കിളിക്കൂട്. പലതരം ലവ് ബേർഡ്‌സ്. നല്ല കളകളാരവം. വെയിൽ മങ്ങിയതുകൊണ്ടു മൊത്തം നല്ലൊരു തണുപ്പും, പലതരം പൂക്കളുടെ സുഗന്ധവും. ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി.
അതിന്റെ അർത്ഥം ഇങ്ങനെയൊക്കെയായിരുന്നു-
ഇത്ര വലിയൊരു വീടാണോ ഷൈനിയുടേത്. ഈ വീട് കണ്ടാലറിയാം അവരുടെ സാമ്പത്തികാവസ്ഥ. എന്നിട്ടാണ് ആ ഫൈനാൻസിങ് കമ്പനിയിൽ ജോലിക്കു വരുന്നത്. കാര്യം അത്യാവശ്യം നല്ല സാലറിയൊക്കെ ഉണ്ടെങ്കിലും, അങ്ങോട്ട് വരേണ്ട കാര്യം ഈ വീടിന്റെ അവസ്ഥ വെച്ച് ഷൈനിക്കില്ല. ഒരുപക്ഷെ ചിലർക്ക് ജോലി എന്നതൊരു ക്രെയ്സ് ആവൂലോ. അതാവും.
അങ്ങനെയൊക്കെ ചിന്തിച്ചു ഞങ്ങൾ സിറ്റൗട്ടിലേക്ക് കയറി. പലരും ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ചെറുതായി ഒരു ജാള്യത തോന്നി. ബോഡി ഫ്രീസറിൽ വെച്ചിരിക്കുകയാണ്. കുറെ പേർ ചുറ്റും കസേരയിൽ ഇരിക്കുന്നുണ്ട്. കൂടാതെ സെറ്റിയിലും മറ്റുമായി ആ വലിയ ഹാൾ നിറയെ ആൾക്കാരുണ്ടായിരുന്നു. എല്ലാവരും വില കൂടിയ അലങ്കാരങ്ങളോട് കൂടിയവർ. കണ്ണുകൾ കൊണ്ട് അവിടെ മുഴുവൻ ഷൈനിയെ തിരഞ്ഞു. പക്ഷെ കണ്ടില്ല. ബോഡി വെച്ചിരിക്കുന്നിടം നോക്കി നിത്യ പറഞ്ഞു. അങ്ങോട്ട് പോകാം. അവിടെ ഉണ്ടാകും. ബൊക്കെ വെക്കണ്ടേ?. ഞങ്ങൾ പതുക്കെ അങ്ങോട്ട് നീങ്ങി.
ധാരാളം റീത്തും ബൊക്കെയും ഒക്കെ താഴെ അടുക്കി അടുക്കി വെച്ചിട്ടുണ്ട്. കാൽക്കലായി ജീന ബൊക്കെ വെച്ചു. അത് കഴിഞ്ഞാണ് ഞങ്ങൾ ചില്ലിനുള്ളിൽ കൂടി ബോഡി കണ്ടത്. ബുൾഗാൻ ഒക്കെ വെച്ചൊരു സുന്ദരൻ. അധികം പ്രായമൊന്നും ഇല്ല.
ഷൈനിക്ക് ഇത്രേം സുന്ദരനായ അപ്പച്ചനോ?
സംസാരിച്ചില്ലെങ്കിലും ഞങ്ങളുടെ ഹൃദയങ്ങൾ സംസാരിച്ചത് പരസ്പരം കേൾക്കാമായിരുന്നു.
അപ്പോഴാണ് അത് കണ്ടത്.
ജോർജ്- 45 (പൈലറ്റ്)
അത് കണ്ടതും ജീന ഷാൾ എടുത്തു മുഖം പൊത്തി കരയാൻ തുടങ്ങി.
പൊട്ടിപ്പൊട്ടിയുള്ള അവളുടെ കരച്ചിൽ കണ്ട നിത്യയും വിതുമ്പാൻ തുടങ്ങി.
ഇതൊക്കെ കണ്ട് പൊട്ടൻ പൂരം കണ്ട പോലെ ഞാൻ നിന്നു. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നോർത്ത് ഞാനും ഷാൾ എടുത്തു മുഖത്തിനോട് ചേർത്ത് പിടിച്ചു.
ജീന കരച്ചിൽ നിർത്തുന്നില്ല. അവളുടെ ശരീരം മൊത്തം കുലുങ്ങുന്നുണ്ട്. ഞാൻ നിത്യയെ ഒന്ന് നോക്കി. കണ്ണുകൾ കൊണ്ട് പോവാം എന്ന് പറഞ്ഞു. അപ്പോഴേക്കും എല്ലാവരും ഞങ്ങളെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ഒരുവിധത്തിൽ നിത്യയും ഞാനും കൂടി ജീനയെ ചേർത്തു പിടിച്ചാശ്വസിപ്പിച്ചു പുറത്തെത്തിച്ചു. നടന്നു പോരുമ്പോഴും എല്ലാവരും ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നു. മുഖം പൊത്തി കരഞ്ഞുകൊണ്ടാണ് ജീനയുടെ വരവ്. ഞാനും നിത്യയും ശരിക്കും പേടിച്ചു.
കുരിശാവുമോ ദൈവമേ. ഒരു വേള ഞാൻ ഞാൻ അങ്ങനെയും ചിന്തിച്ചു.
............................................ ..............................
ഒരു വിധത്തിൽ ഞങ്ങൾ കാറിൽ എത്തി. അപ്പോഴായിരുന്നു ജീന ഷാൾ മാറ്റിയത്. അവൾ പിന്നെ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. അവളുടെ കണ്ണിൽ നിന്നും വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്. അപ്പോൾ മാത്രമായിരുന്നു ഞങ്ങൾ ആ സത്യം മനസിലാക്കിയത്. അത് പിന്നെ കൂട്ട ചിരിയായി. ചിരി ഒന്നടങ്ങിയപ്പോൾ.,
അല്ല നമുക്ക് ഷൈനിയുടെ വീട്ടിൽ പോണ്ടേ. വേഗം ഡ്രൈവറെ വിളിച്ചു. അവിടന്ന് കുറച്ചൂടെ പോയപ്പോൾ ഒരു പള്ളി കണ്ടു .അവിടെ ഒരു ഫ്ളക്സ് വെച്ചിട്ടുണ്ട്. അത് കണ്ടപ്പോ മനസിലായി അത് ഷൈനിയുടെ അപ്പച്ചൻ തന്നെ.
വേഗം തന്നെ ഞങ്ങൾ പള്ളിയിൽ ചെന്നു. അവളെ കണ്ടു. എല്ലാം കഴിഞ്ഞു അവളോട് യാത്രയും പറഞ്ഞാണ് തിരികെ പോന്നത്.
....................... .....................................
നിത്യ:- ആ പൈലറ്റ് ന്റെ ഭാര്യ വിചാരിച്ചു കാണും ഇവൾ അയാളുടെ വല്ല കാമുകിയോ മറ്റോ ആയിരിക്കുംന്ന്.
മരിച്ചു പോയത് നന്നായി. അല്ലേൽ പൈലറ്റ് നെ ഭാര്യ കൊന്നേനെ.
എന്നാലും നമ്മുടെ അഞ്ഞൂറ് രൂപയുടെ ബൊക്കെ !!!
ങാ സാരല്യ.
ഈ ജോർജ് ചേട്ടൻ അങ്ങോട്ട് ചെല്ലുമ്പോ ഷൈനീടെ അപ്പച്ചൻ അവിടന്ന് മേടിച്ചോളും.
ഞാൻ അവളെ സമാധാനിപ്പിച്ചു.
അപ്പോഴും ജീന ഇടയ്ക്കിടയ്ക്ക് ചിരിക്കുന്നുണ്ടായിരുന്നു.!!!

By
Resmi Gopakumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot