ബ്ലാക്ക് ആന്‍ഡ് വൈറ്റ്
***********************************************************
ലിഫ്റ്റില്‍ കയറി അഞ്ചാമത്തെ നിലയില്‍ എത്തിയാല്‍ കാര്‍ഡിയാക്ക് സ്പെഷലിസ്റ്റ് മാത്യു ജോണിന്റെ റൂമിലെത്താം. ഡോക്ടറുടെ മുറിക്ക് പുറത്തു അല്പം മാറി ഒരു കസേരയും ടേബിളും .അവിടെ ഡോക്ടറുടെ അസിസ്റ്റന്റ് ലിസി കേസ് ഫയലുകള്‍ അടുക്കി വയ്ക്കുകയാണ്.രോഗിയെ ഡോക്ടറുടെ അടുത്തു വിടുന്നതിന് മുന്പ് രോഗിയുമായ് സംസാരിച്ച് വേണ്ടുന്ന പ്രിലിമനറി വിവരം കേസ് ഫയലില്‍ രേഖപ്പെടുത്തുന്ന ജോലിയാണ് ലിസിയുടേത്.പ്രഷറും,ടെമ്പറേച്ചറും, മെഡിക്കല്‍ അലര്ജി് പോലുള്ള ചില വിവരങ്ങളും അതോടൊപ്പം രേഖപ്പെടുത്തും.
***********************************************************
ലിഫ്റ്റില്‍ കയറി അഞ്ചാമത്തെ നിലയില്‍ എത്തിയാല്‍ കാര്‍ഡിയാക്ക് സ്പെഷലിസ്റ്റ് മാത്യു ജോണിന്റെ റൂമിലെത്താം. ഡോക്ടറുടെ മുറിക്ക് പുറത്തു അല്പം മാറി ഒരു കസേരയും ടേബിളും .അവിടെ ഡോക്ടറുടെ അസിസ്റ്റന്റ് ലിസി കേസ് ഫയലുകള്‍ അടുക്കി വയ്ക്കുകയാണ്.രോഗിയെ ഡോക്ടറുടെ അടുത്തു വിടുന്നതിന് മുന്പ് രോഗിയുമായ് സംസാരിച്ച് വേണ്ടുന്ന പ്രിലിമനറി വിവരം കേസ് ഫയലില്‍ രേഖപ്പെടുത്തുന്ന ജോലിയാണ് ലിസിയുടേത്.പ്രഷറും,ടെമ്പറേച്ചറും, മെഡിക്കല്‍ അലര്ജി് പോലുള്ള ചില വിവരങ്ങളും അതോടൊപ്പം രേഖപ്പെടുത്തും.
ലിസി ഫയലുകള്‍ അടുക്കി വച്ചു.ഫാര്‍മസിയിലേക്ക് കൊണ്ട് പോവാനുള്ള കേസ് ഫയലുകള്‍ കൊടുത്തു വിട്ടു.ഇന്നത്തെ അവസാനത്തെ രോഗിയാണ് ഡോക്ടറുടെ മുറിയിലുള്ളത്.
ശീതീകരിച്ച വലിയ മുറിയില്‍ ഇരുന്നു ഡോക്ടര്‍ മാത്യു രോഗിയെ പരിശോധിക്കുകയാണ്.ബൈപ്പാസ് കഴിഞ്ഞു ഡിസ്ചാര്‍ജ് വാങ്ങുന്ന രോഗിക്കൊപ്പം ബന്ധുക്കളുമുണ്ട്.നരച്ച ബുള്‍ഗാന്‍ താടിയും കരുണ വഴിഞ്ഞൊഴുകുന്ന മൃദു ശബ്ദവും.തൂവെള്ള ഷര്‍ട്ട്.ഡോക്ടര്‍ മാത്യുവിനെ കാണുമ്പോ തന്നെ രോഗികള്‍ക്ക് മനസ്സില്‍ ഒരു സുഖമാണ്.ഒരു ആശ്വാസം.മറ്റൊരു പ്രത്യേകത ചീകിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രോഗികളുമായി പങ്കുവച്ച് രോഗിയെ കൂടി അതിന്റെ ഭാഗമാക്കുന്ന രീതി.ചില ഡോക്ടര്‍മാര്‍ സംശയങ്ങള്‍ എന്തെങ്കിലും ചോദിച്ചാല്‍ ചിലപ്പോ പൊട്ടിത്തെറിക്കും.
കേസ് ഫയല്‍ ഒരിക്കല്‍കൂടി വായിച്ചു ,അടുത്ത ദിവസങ്ങളില്‍ രോഗിയുടെ വിശ്രമം എങ്ങനെ ക്രമീകരിക്കണം എന്ന കാര്യം ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കി .അവര്‍ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു എഴുന്നേറ്റു.
“എന്നെ ഡോക്ടറാണ് തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വന്നത്?”
“ഹെയ്,ഞാനല്ല,ദൈവം.ഞാന്‍ ഒരു ഉപകരണം മാത്രമാണു.”പ്രകാശം പൊഴിക്കുന്ന ചിരി സമ്മാനിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍ അത് പറഞ്ഞ സമയം,ഏറ്റവും താഴത്തെ നിലയില്‍ നിന്നു ഒരു കറുത്ത വസ്ത്രധാരി ലിഫ്റ്റില്‍ കയറി.കറുത്ത ഷര്‍ട്ട് ,പാന്റ്സ് ,ഷൂസ്.
അയാളെയും വഹിച്ചു കൊണ്ട് ലിഫ്റ്റ് മുകളിലേക്കുയര്‍ന്നു.
അയാളെയും വഹിച്ചു കൊണ്ട് ലിഫ്റ്റ് മുകളിലേക്കുയര്‍ന്നു.
രോഗി മടങ്ങിയപ്പോള്‍ ഡോക്ടര്‍ കസേരയില്‍ നിന്നു എഴുന്നേറ്റ് ഒന്നു നടുവ് നിവര്‍ത്തി..ഇനി ഇന്ന് മറ്റ് രോഗികള്‍ ഒന്നുമില്ല.ആ ഹോസ്പിറ്റലിന്റെ ഉടമസ്ഥരില്‍ ഒരാള്‍ കൂടിയാണ് ഡോക്ടര്‍.വൈകുന്നേരം ഒരു മീറ്റിങ് കൂടിയുണ്ട്.
ഡോക്ടര്‍ കര്‍ട്ടണ്‍ വകഞ്ഞു മാറ്റി റൂമിനുള്ളിലെ ക്യാബിനിലെ ചെറിയ ഫ്രിഡ്ജില്‍ നിന്നു ഒരു പെഗ് തണുത്ത വോഡ്ക ആസ്വദിച്ച് കുടിച്ചു.പിന്നെ ജനാല തുറന്നു പുറത്തേക്ക് നോക്കി.ഹോസ്പിറ്റലിന്റെ അങ്ങേ മൂലയില്‍ നില്ക്കു ന്ന ചുവന്ന ബോഗന്‍വില്ല വെയിലില്‍ വെട്ടിത്തിളങ്ങുന്നു.അത് കണ്ടപ്പോള്‍ ഡോക്ടറുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിടര്‍ന്നു.
അദ്ദേഹം തിരിയെചെന്നു കസേരയില്‍ ഇരുന്നു മേശയില്‍ ഇരുന്ന സ്പൈറല്‍ ബൈണ്ട് ഡയറി എടുത്തു.വില കൂടിയ പുതിയ കറുത്ത ഡയറി.ഡോക്ടര്‍ക്ക് ആരോ സമ്മാനം കൊടുത്തതാണ്.അത് തുറന്നു അതിന്റെ പുതു ഗന്ധം ഡോക്ടര്‍ ഒന്നു മണത്തു.അപ്പോഴും ചുണ്ടില്‍ ആ കുസൃതിച്ചിരി ഉണ്ടായിരുന്നു.
പിന്നെ അതില്‍ ഒന്നു ഒരു പേജ് കീന്തിയെടുത്തു.ശൂന്യമായ ഒരു വെളുത്ത പേജ്.
അതില്‍ ഡോക്ടര്‍ ഒരു സ്ത്രീയുടെ അഴകളവുകള്‍ വരക്കാന്‍ തുടങ്ങി.അത് മറ്റാരുടെയുമല്ല,റൂമിന് പുറത്തു കേസ് ഫയലുകള്‍ അടുക്കി വയ്ക്കുന്ന സുന്ദരിയായ മുപ്പത്തിയെട്ടുകാരി ലിസിയുടെ.
ലിഫ്റ്റ് ആറാം നിലയില്‍ എത്തി.അതില്‍ നിന്നു കറുത്ത വസ്ത്രം ധരിച്ച മനുഷ്യന്‍ ലിസിയെ കടന്നു പോയി.അപ്പോള്‍ ലിസി ഫയലുകള്‍ അടുക്കി വച്ചതിന് ശേഷം ചിന്താധീനയായി പുറത്തേക്ക് നോക്കിയിരിക്കയായിരുന്നു.
അവളുടെ മുഖം തീര്‍ത്തൂം മ്ലാനമായിരുന്നു. ഏക മകള്ക്കു കരളിന് അസുഖമാണ്.മാറ്റി വയ്ക്കണം.ഓപ്പറേഷന് അടക്കം വലിയ തുക ചിലവ് വരും.ഈ ഹോസ്പിറ്റലില്‍ അതിനു സൌകര്യമുണ്ട്...പക്ഷേ...
ഡോക്ടര്‍ മാത്യു ജോണ്‍ വിചാരിച്ചാല്‍ എല്ലാം നടക്കും.അദ്ദേഹത്തോട് സംസാരിച്ചതുമാണ്.പക്ഷേ അയാള്ക്ക് പകരം വേണ്ടത് തന്റെ ശരീരമാണ്.
കരുണ വഴിഞ്ഞൊഴുകുന്ന കണ്ണുകള്‍ ക്കൊണ്ടു നോക്കി പതിഞ്ഞ സ്വരത്തില്‍ അധികമായി കുറച്ചു പണവും ചീകിത്സക്ക് വാഗ്ദാനം ചെയ്തു.കഠിനമായി സാമ്പത്തിക ബുദ്ധിമുട്ടുള്ള ലിസിയുടെ കുടുംബത്തിന് ഈ ചീകിത്സ താങ്ങാന്‍ സാധിക്കില്ല.
മൊബൈലില്‍ ബീപ് ശബ്ദം കേട്ടു.
ഫോണില്‍ ഡോക്ടറുടെ എസ്.എം.എസ്!
സമ്മതമാണെങ്കില്‍ യെസ് എന്നു മെസേജ് ചെയ്യുക.
പ്രത്യേക സ്വഭാവമാണ് ഡോക്ടറുടെ .തൊട്ട് അപ്പുറത്തെ മുറിയാണെങ്കിലും മൊബൈലില്‍ സന്ദേശം അയക്കും.
മൊബൈലില്‍ ലിസിക്ക് മെസ്സേജ് ചെയ്ത ശേഷം ഡോക്ടര്‍ ചിത്രം വര തുടര്‍ന്നു .ലിസിയുടെ ചിത്രം അനാട്ടമി റെക്കോര്‍ഡ് വരക്കുന്ന ശ്രദ്ധയോടെ പകര്‍ത്തുന്നതിനിടയില്‍ മുറിയില്‍ വല്ലാതെ തണുപ്പ് കൂടുന്നതായി തോന്നിയപ്പോഴാണ് ഡോക്ടര്‍ കണ്ണുകള്‍ ഉയര്‍ത്തിയത്..മുന്നിലെ കസേരയില്‍ ഒരു കറുത്ത വസ്ത്രധാരി.
ദേഷ്യം പതഞ് വന്നെങ്കിലും ഡോക്ടര്‍ അത് പുറത്തു കാണിച്ചില്ല.ലീസി ഒരു പക്ഷേ ഫാര്‍മസിയിലേക്ക് പോയിരിക്കണം.അനുവാദമില്ലാതെ ആരെയും കണ്‍സള്‍ട്ടിങ് റൂമിലേക്ക് വിടാറില്ല.
പക്ഷേ ഡോക്ടര്‍ പ്രകാശം പരത്തുന്ന ഒരു ചിരി പുറപ്പെടുവിച്ചു.
“ഇന്നത്തെ അപ്പോയിന്റ്മെന്റ്സ് കഴിഞ്ഞതാണല്ലോ..മെഡിക്കല്‍ റെപ്സിന് ശനിയാഴ്ച മാത്രമേ അപ്പോയിന്‍റ്മെന്‍റ്സ് കൊടുക്കാറുള്ളൂ.."
ആഗതന്‍ ചിരിച്ചു കൊണ്ട് ഗ്ലാസ് ടേബിളില്‍ കൈ കുത്തി മുന്നോട്ടാഞ്ഞിരുന്നു.പക്ഷേ അയാളുടെ കണ്ണുകള്‍ മ്യൂസിയത്തില്‍ സ്റ്റഫ് ചെയ്ത സിംഹത്തിന്റെ കൃത്രിമ സ്ഫടിക മിഴികള്‍ പോലെ നിശ്ചലവും വികാരശൂന്യവുമായിരുന്നു.
“ഹഹ,അതിനു ഇത് ഡോക്ടറുടെ അപ്പോയിന്‍റ്മെന്‍റ് അല്ല.എന്റെ അപ്പോയിന്‍റ്മെന്‍റ് ആണ്.ഡോക്ടറെ പോലെയല്ല,ഞാന്‍ എന്റെ രോഗികളെ അങ്ങോട്ട് ചെന്നു കാണുകയാണ് പതിവ്..”അയാളുടെ മുഴങ്ങുന്ന ശബ്ദം.
മുറിയില്‍ ഇപ്പോള്‍ തണുപ്പ് നന്നായി കൂടിയിട്ടുണ്ട്.വിറക്കുന്ന തണുപ്പ്.ഡോക്ടര്‍ ഭിത്തിയിലേക്ക് നോക്കി.എ.സി ഓഫാണ്.മുറിയിലെ വൈദ്യുതി നിലച്ചിരിക്കുന്നു.യേശുവിന്റെ തിരുഹൃദ്യയ രൂപത്തിന് മുന്നിലെ നീല സീറോവാട്ട് ബള്‍ബും അണഞിരിക്കുന്നു.
“എനിക്കു നിങ്ങള്‍ പറയുന്നതു മനസിലാകുന്നില്ല.പുറത്തു സിസ്റ്റര്‍ ലിസി ഉണ്ട്.എന്തേലും ഉണ്ടെല്‍ അവരോടു പറയൂ,” ഡോക്ടറുടെ ശബ്ദത്തില്‍ അസഹ്യത കലര്‍ന്ന് കഴിഞ്ഞു.
“പുറത്തു മാത്രമല്ല,അകത്തും സിസ്റ്റര്‍ ലിസി ഉണ്ടല്ലോ..”ആഗതന്‍ ചിരിച്ചു കൊണ്ട് ഡോക്ടര്‍ വരച്ചു കൊണ്ടിരുന്ന കടലാസ് കഷണത്തിലേക്ക് കൈ ചൂണ്ടി.
ഇപ്രാവശ്യം ഡോക്ടറുടെ മുഖം വിളറി.
കറുത്ത വസ്ത്രധാരി കസേരയിലേക്ക് ചാഞ്ഞിരുന്നു.
“ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍,സിസ്റ്റര്‍ ലിസിയെ കണ്ടിരുന്നു.പക്ഷേ അവള്ക്കു് എന്നെ കാണാന്‍ ആവില്ല.കണ്ടാല്‍ തന്നെ അവള്‍ ശ്രദ്ധിക്കാന്‍ ഇടയില്ല.കാരണം അവള്‍ കഠിനമായ ചിന്തയിലാണ്.നിങ്ങളെക്കുറിച്ചാണ് അവള്‍ ചിന്തിക്കുന്നത്.നിങ്ങളാകട്ടെ അവരെകുറിച്ചും.നിങ്ങളുടെ അവരെക്കുറിച്ചുള്ള ചിന്തകളുടെ ചുവന്ന തരംഗങ്ങള്‍ ഹോസ്പിറ്റല്‍ ഭിത്തികള്‍ വഴി പുറത്തു കടന്നു ബോഗണ്‍വില്ലയുടെ പൂക്കളുടെ ചുവപ്പില്‍ അലിയുന്നത് വരുന്ന വഴി ഞാന്‍ കണ്ടു.”
ഡോക്ടര്‍ സ്തബ്ധനായി ഇരിക്കുകയാണ്.
ആഗതന്‍ കൈ പുറകില്‍ കെട്ടി വച്ചു പുറകോട്ടു ചാഞ്ഞിരുന്നു ഡോക്ടറെ സ്ഫടികമിഴികള്‍ കൊണ്ട് നോക്കി.
“നിങ്ങള്‍ ഒരു സ്പെഷ്യല്‍ കേസ് ആണ് ഡോക്ടര്‍.നിങ്ങളുടെ ഒരു പരാമര്‍ശമാണ് എന്നെ നിങ്ങളെ കൊണ്ട് പോവുന്നതിനും മുന്പ് നേരിട്ടു കാണാന്‍ പ്രേരിപ്പിച്ചത്.നിങ്ങള്‍ ദൈവത്തിന്റെ ഉപകരണമാണ് എന്ന പരാമര്‍ശം..ശരിയാണ്.ഒരുപാട് ജീവന്‍ എടുക്കാനും തിരികെ നല്‍കാനുംദൈവത്തിനെ നിങ്ങള്‍ സഹായിച്ചു.അത് കൊണ്ട്,നിങ്ങള്ക്ക് അല്പ സമയം തരാം.എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ ചെയ്തു കൊള്ളുക.ഒരു അരമണിക്കൂര്‍ കഴിഞ്ഞതിന് ശേഷം നിങ്ങള്‍ എന്റെ കൂടെ പോരേണ്ടി വരും.ദീര്‍ഘയാത്രക്ക്."
അത് പറഞ്ഞതിന് ശേഷം ആഗതന്‍ മുറിവിട്ടിറങ്ങി.
ഡോക്ടര്‍ക്ക് അയാള്‍ ആരാണെന്നോ എന്തിന് വന്നെന്നോ ചോദിക്കാന്‍ കഴിഞ്ഞില്ല.പക്ഷേ ആ വാക്കുകള്‍ ഹൃദയത്തിനുള്ളിലേക്ക് സൂചി കൊണ്ട് കുത്തുന്നത് പോലെ തറഞ്ഞു കയറുകയാണ്.
അയാള്‍ പുറത്തിറങ്ങിയ ഉടനെ മുറിയില്‍ വൈദ്യുതി വന്നു.തണുപ്പ് കുറഞ്ഞു.ഡോക്ടര്‍ ബെല്ലടിച്ചു.ലിസി വന്നില്ല.
ലിസി അപ്പോള്‍ താഴേക്കു പോയിരിക്കുകയായിരുന്നു.താഴെ ഹോസ്പിറ്റല്‍ ചാപ്പലില്‍ കയറി അവള്‍ പ്രാര്‍ത്ഥനയില്‍ ആലോചിച്ചു..ഡോക്ടര്‍ക്ക് എന്തു മറുപടി കൊടുക്കണം?
തനിക്ക് മകളുടെ ജീവനാണ് വലുത്.പക്ഷേ തന്റെ് ശരീരം ഡോക്ടര്ക്ക് വിട്ടു കൊടുത്താല്‍ പിന്നെ തന്റെന ആത്മാവിന്നു എന്തു വിലയാണ് ഉള്ളത്.ശരീരത്തിനു എന്തു വിലയാണ് ഉള്ളത്?ജീവിച്ചിട്ട് എന്തു കാര്യം?മകളുടെ ജീവന്‍ കിട്ടിയാല്‍ ,തന്‍റെവീട്ടുകാരും ഭര്‍ത്താവും അവളെ എങ്ങനെയും നോക്കും.
അവള്‍ ഐ.പി. ഫാര്‍മസിയില്‍ കയറി.ഒരു പാക്കറ്റ് സ്റ്റോക്കില്‍ കയറ്റാത്ത ഉറക്ക ഗുളികകളുടെ പാക്കറ്റ് എടുത്തു.സീനിയര്‍ സ്റ്റാഫ് ആയത് കൊണ്ട് അവള്‍ക്ക് എല്ലായിടത്തും കയറിച്ചെല്ലാം.
ഫാര്‍മസിയില്‍ നിന്നു ഇറങ്ങിയപ്പോള്‍ ചാപ്പലിന് അരികില്‍ വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ ഒരാള്‍.വെളുത്ത പാന്റ്സ് ഷര്‍ട്ട്,ഷൂസ്..
പുതിയ മെയില്‍ നഴ്സായിരിക്കും.അവള്‍ കരുതി.
“ഈ മരുന്ന് ആര്‍ക്കാണ്?”വെള്ള വസ്ത്രധാരി ചോദിച്ചു.
‘എനിക്കു തന്നെ.ഒന്നു രണ്ടു ദിവസം കഴിയുമ്പോ ഒരു അസുഖം വരും.മുന്കൂട്ടി വാങ്ങിയതാണ്.”അവള്‍ ദേഷ്യത്തില്‍ മറുപടി പറഞ്ഞിട്ടു ലിഫ്റ്റില്‍ മുകളിലേക്കു കയറി.
അവളുടെ മുഖഭാവം കണ്ടു അയാളുടെ സ്ഫടിമിഴികളില്‍ കൌതുകം നിഴലിച്ചു.
ലിഫ്റ്റില്‍ വച്ചു അവള്‍ ഡോക്ടര്‍ക്ക് ‘യെസ് ‘ എന്ന മെസേജ് അയച്ചു.
ഈ സമയം മുകളില്‍ തന്റെറ റൂമില്‍ ഡോക്ടര്‍ വിയര്‍ത്ത് ഞെട്ടല്‍ മാറാതെ ഇരിക്കുകയായിരുന്നു.അയാള്‍ പോയ ഉടന്‍ തന്നെ ഡോക്ടര്‍ ചെക്ക് ബുക്ക് എടുത്തു അഞ്ചു ലക്ഷം രൂപ ലിസിയുടെ പെര്‍ക്ക് എഴുതി.ഉടനെ തന്നെ ഹോസ്പിറ്റല്‍ സൂപ്രണ്ടിനെ വിളിച്ച് ലിസിയുടെ മകളുടെ ചികിത്സാ ചെലവുകള്‍ ഫ്രീ ആക്കാന്‍ ഉള്ള നടപടികള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.അതിനു വേണ്ടിയുള്ള ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്തു ഒപ്പിട്ടു വച്ചു.അപ്പോഴേക്കും പതിനഞ്ചു മിനിറ്റ് കഴിഞ്ഞിരുന്നു.
അപ്പോഴാണ് മൊബൈലില്‍ ബീപ് എന്ന ശബ്ദം കേട്ടത്.
‘യെസ് ‘എന്ന ലിസിയുടെ മെസേജ്.
ഹോസ്പിറ്റല്‍ ലിഫ്റ്റില്‍ വച്ചു അയച്ച സന്ദേശം താമസിച്ചാണ് ഡോക്ടറുടെ ഫോണില്‍ എത്തിയത്.
ആ സന്ദേശം വായിച്ചതും ഡോക്ടര്‍ കുഴഞ്ഞ് വീണു.ബെല്‍ തട്ടി മറിച്ച് താന്‍ എഴുതിയ ചെക്കിന് മുകളിലേക്കാണ് അയാള്‍ വീണത്.
മുറിക്കുള്ളില്‍ തണുപ്പ് ആരംഭിച്ചു..
ശബ്ദം കേട്ടു ലിസി ഓടി വന്നു റൂം തുറന്നു.
ഡോക്ടറുടെ മൂക്കില്‍ അവള്‍ കൈ വച്ചു.ശ്വാസം പോകുന്നില്ല.കാര്‍ഡിയാക്ക് അറസ്റ്റ്.അവള്‍ താഴെ കാഷ്വല്ട്ടിയിലേക്ക് ഫോണില്‍ വിളിച്ച് പറഞ്ഞു.പക്ഷേ ലിഫ്റ്റില്‍ ഐ.സി.യു.വില്‍ എത്തിക്കാന്‍ സമയം എടുക്കും.
അവര്‍ ഡോക്ടറുടെ ഷര്‍ട്ടിന്റെ കുടുക്കുകള്‍ വിടര്ത്തി .ഷർട്ടിനുള്ളില്‍ കുടുങ്ങിയിരുന്ന ചെക്ക് ലീഫ് താഴെ വീണു.ഒപ്പം ആ ലെറ്ററും.
മുറിയുടെ മൂലയില്‍ കൈയും കെട്ടി ആ കറുത്ത വസ്ത്രധാരി നില്ക്കുന്നത് അടഞ്ഞ കണ്ണുകള്ക്ക് അപ്പുറത്തെ മനസ്സിലൂടെ ഡോക്ടര്‍ മാത്യു കണ്ടു.ഒരു കണ്ണാടിയ്ക്ക് അപ്പുറം എന്നത് പോലെ.പുകമഞ്ഞിലൂടെ കാണുന്നത് പോലെ.
തന്റെ പേരില്‍ എഴുതിയ ചെക്ക് ലീഫ് ലിസി നോക്കുന്നത് ഡോക്ടര്‍ അറിയുന്നുണ്ടായിരുന്നു.ആ ലെറ്ററും..ഡോക്ടറുടെ മനസ്സ് കാണുന്നത് കറുത്ത വസ്ത്രധാരിയും കാണുന്നുണ്ടായിരുന്നു.
അവള്ക്ക് വേണമെങ്കില്‍ ഡോക്ടറെ ഇപ്പോള്‍ ഉപേക്ഷിക്കാം.
പക്ഷേ അവള്‍ ഡോക്ടറുടെ നെഞ്ചില്‍ ശക്തിയായി ഇടിച്ചു കൊണ്ടുള്ള സി.പി.ആര്‍ കൊടുക്കാന്‍ തുടങ്ങി.ആ സമയം ചാപ്പലിന് പുറത്തു നിന്നിരുന്ന വെളുത്ത വസ്ത്രധാരി പുറത്തെ ബോഗണ്‍വില്ലയുടെ ചുവപ്പ് നിറം നോക്കി ഒന്നു പുഞ്ചിരിച്ചു.
ഡോക്ടറുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ ഉള്ള ശക്തിയായ ശ്രമം.എന്തിനോടോ ഉള്ള കഠിനമായ രോഷം ശൂന്യതയിലേക്ക് നോക്കുന്ന അവളുടെ കണ്ണില്‍ തിളങ്ങി.
ആ രോഷം പൂണ്ട കണ്ണുകള്‍ കറുത്ത വസ്ത്രം ധരിച്ച ആളുടെ സ്ഫടിക മിഴികളുമായി കൂട്ടി മുട്ടി.ആ നോട്ടം നേരിടാനാവാതെ അയാള്‍ പുഞ്ചിരിച്ചു കൊണ്ട് പുറത്തിറങ്ങുന്നത് ഡോക്ടര്‍ കണ്ടു.
ആ നിമിഷം ഡോക്ടര്‍ ചുമച്ചു,ശ്വാസം തിരിച്ചു വന്നു.അവള്‍ ഡോക്ടറെ ചാരിയിരുത്തി.
“ആ മെസേജുകള്‍ എല്ലാം ഡിലീറ്റ് ചെയ്തെക്ക് ലിസി..” തളര്‍ന്ന ശബ്ദത്തില്‍ ഡോക്ടര്‍ പറയുന്നത് ലിസി കേട്ടു.
അപ്പോള്‍ താഴെ വെളുത്ത വസ്ത്രധാരിയും കറുത്ത വസ്ത്രധാരിയും കണ്ടു മുട്ടി.പരസ്പരം നോക്കി പുഞ്ചിരിച്ചതിന് ശേഷം വെളുത്തയാള്‍ ചാപ്പലിനുള്ളിലെക്കു കയറി.മറ്റെയാള്‍ ചുവന്ന ബോഗണ്‍വില്ല വെയിലില്‍ വെട്ടിത്തിളങ്ങുന്നതു കണ്ടു കുറെ നേരം നിന്ന ശേഷം നഗരത്തിലേക്കുള്ള റോഡില്‍ ഇറങ്ങി മറഞ്ഞു.അയാള്‍ക്ക് വീണ്ടും കുറെ പേരെ സന്ദര്‍ശിക്കാന്‍ ഉണ്ടായിരുന്നു.
(അവസാനിച്ചു)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക