പൊങ്ങച്ചം
***********
നാട്ടിലെ അറിയപ്പെടുന്ന സമ്പന്നനും പൊങ്ങച്ചക്കാരനുമാണ് അന്ത്രു ഹാജി , എന്തെന്ത് ഏതേത് കാര്യം അന്ത്രു ഹാജി ചെയ്യുന്നുവൊ അതൊക്കെ നാലാള് അറിയണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ
***********
നാട്ടിലെ അറിയപ്പെടുന്ന സമ്പന്നനും പൊങ്ങച്ചക്കാരനുമാണ് അന്ത്രു ഹാജി , എന്തെന്ത് ഏതേത് കാര്യം അന്ത്രു ഹാജി ചെയ്യുന്നുവൊ അതൊക്കെ നാലാള് അറിയണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ
അന്ത്രു ഹാജി അയാളുടെ വീട്ടു മുറ്റത്ത് നിന്ന് ആരോടെങ്കിലും വർത്താനം പറയുന്ന നേരത്താണെങ്കിൽ കൂടെ ഉള്ളവർ കേട്ടോട്ടെ എന്ന് കരുതി ഉറക്കെ വീട്ടിലെ മകളോട് വിളിച്ചു ചോദിക്കും " മോളെ താഹിറാ കോഴിക്കറിയും ബീഫ് വരട്ടിയതും റെഡിയായോ " എന്ന് അതുപോലെ ഹാജി പലപ്പോഴായി വീട്ടിലുണ്ടാക്കിയ വിഭവങ്ങൾ ഓരോന്നും കൂടെ ഇരിക്കുന്ന ഹാജിയുടെ കൂട്ടുകാർക്ക് മുന്നിൽ പറയാറുണ്ട്
എന്റെ മോള് താഹിറ രാത്രിയിൽ ഉണ്ടാക്കി പ്ലേറ്റിൽ അട്ടിയായി കൊണ്ടുവരും ചപ്പാത്തീം പത്തിരിയും , വൈകുന്നേരം വാങ്ങിയ ചെമ്പല്ലി കറിയും , എനിക്കാണെങ്കിൽ ഒരു നാലഞ്ച് പത്തിരി മതി , അതൊരു ഒൻപത് ഒൻപതരക്ക് തിന്ന് കഴിഞ്ഞ് പിന്നെ ഉറങ്ങാൻ പോകുന്ന സമയം ഒരു തൊലി കറുത്ത നേന്ത്രപ്പഴവും ഒരു ഗ്ലാസ്സ് പാലും , അതും കഴിച്ച് കിടന്നാൽ പിന്നെ രാവിലെ വരെ എനിക്കൊന്നും വേണ്ട , എന്നൊക്കെയാണ് ഹാജി സ്ഥിരമായി പറയാറുള്ളത്
അന്ത്രു ഹാജിക്ക് നാല് മക്കക്കുണ്ട് അതിൽ മൂന്നാളുടെയും കല്യാണം നല്ല ആർഭാടത്തോടെ നേരത്തെ കഴിഞ്ഞു , ഇനിയുള്ളത് ഇളയ മകൾ താഹിറയാണ് , അവളുടെ നിക്കാഹ് നടത്തണം നല്ല ആർഭാടത്തോടെ നാലാൾ അറിയെ നാട്ടുകാർ മൊത്തം പറയണം അന്ത്രു ഹാജിന്റെ മോളെ കല്യാണം പോലൊരു കല്യാണം നമ്മുടെ നാട്ടിൽ ഇതുവരെ ഉണ്ടായിട്ടില്ല , പുതിയാപ്ലക്ക് കൊടുക്കുന്ന വണ്ടി ഏതു വേണം , എന്തെല്ലാം ഭക്ഷണം ഒരുക്കണം അങ്ങനെയങ്ങനെ എല്ലാം നാട്ടുകാർ അന്ത്രു ഹാജിനെ വാനോളം പൊക്കി പറയണം എന്നെല്ലാം ഹാജി തീരുമാനിച്ചു
അങ്ങനെ താഹിറാന്റെ നിക്കാഹ് ഹാജി ഉദ്ദേശിച്ചത് പോലെ നടത്തി
കല്യാണ വീട്ടിലെ പന്തലു മുതൽ വിവിധ തരത്തിലുള്ള ബിരിയാണിയും ഗ്രില്ല്ഡ് ചിക്കനും പൊറോട്ടയും കുബ്ബൂസും ചപ്പാത്തിയും മട്ടൻ കറി വേറെയും അങ്ങനെ പലതരത്തിൽ ഉള്ള വിഭവങ്ങൾ ഒരുക്കി , കല്യണ പന്തലിന്റെ നടുവിൽ മരുമോന്ന് കൊടുക്കുന്ന വില പിടിപ്പുള്ള കാറ് വെച്ചു , തലേ ദിവസം രാത്രി മുതൽ കല്യാണ ദിവസം വൈകുന്നേരം വരെ പാട്ടു പാടാൻ പാട്ടുകാരെ ഏർപ്പെടുത്തി നാട്ടിൽ അന്നുവരെ കാണാത്ത രീതിയിൽ ഹാജിയുടെ മകളുടെ കല്യാണം നടന്നു
നാട്ടുകാർ മൊത്തം ഹാജി ഉദ്ദേശിച്ചത് പോലെ പറയാൻ തുടങ്ങി " അന്ത്രു ഹാജിന്റെ മോൾടെ കല്യാണമാ കല്യാണം എന്തൊക്കെ ആയിരുന്നു ഏതാ തിന്നണ്ടതെന്ന് സംശയിച്ചു പോകുന്ന തരത്തിലല്ലെ മുന്നിൽ തിന്നാൻ കൊണ്ടു വരുന്നത് , പുതിയാപ്ലക്ക് കൊടുത്ത വണ്ടി ഓഡി കാറ് അതുപോലൊന്നും ഇവിടെ ആർക്കാ കൊടുക്കാനായത് , പേരു കേട്ട പാട്ടുകാരെയല്ലെ പാടാൻ കൊണ്ടു വന്നത് എന്നൊക്കെ ആൾക്കാർ പറയാൻ തുടങ്ങി അതൊക്കെ ഹാജി കേട്ട് സന്തോഷിച്ച് സ്വയം ഉന്മാദം കൊണ്ടു , അതിൽ പിന്നെ ഹാജിയുടെ പൊങ്ങച്ചം പറയൽ കുറച്ചു കൂടി വന്നു
ഹാജിയുടെ മകളുടെ കല്യാണം കഴിഞ്ഞു ഒരു മൂന്നു മാസം കഴിഞ്ഞില്ല അതിനിടയിൽ നാട്ടിൽ വേറൊരു കല്യാണം നടക്കാൻ പോകുന്നു , അന്ത്രു ഹാജിയുടേക്കാൾ സമ്പന്നനും സാമൂഹിക പ്രവർത്തകനും പരോപകാരിയും ആയ സുലൈമാൻ ഇക്കയുടെ ഏക മകൻ ഫിറോസിന്റെ കല്യാണം , സുലൈമാൻ ഇക്കയും ഹജ്ജ് ചെയ്ത ആളാണ് എങ്കിലും ഇക്കാക്ക് ആരും ഹാജി , ഹാജി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാണ് ഇക്കയെ സുലൈമാൻ ഹാജിയെന്ന് ആരും വിളിക്കാത്തത് , ഇക്കയും തീരുമാനിച്ചു തന്റെ ഏക മകന്റെ കല്യാണം നല്ല നിലയിൽ നടത്താൻ , നാട്ടുകാരെ മുഴുവൻ വിളിക്കണം കൂടാതെ അറിയപ്പെടുന്ന ആളായതിനാൽ തൊട്ടടുത്ത നാട്ടുകാരെയും വിളിക്കണമെന്നും ഫിറോസിന്റെ കല്യാണത്തിനൊപ്പം അഞ്ച് പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ നിക്കാഹും നടത്തണം എന്നൊക്കെ
അങ്ങനെ സുലൈമാൻ ഇക്കയുടെ മകന്റെ കല്യാണം കഴിഞ്ഞു നാട്ടുകാർ മൊത്തം പങ്കെടുത്തു അടുത്തടുത്തുള്ള പ്രദേശത്തെ ആൾക്കാരും കൂടിയപ്പോൾ അതൊരു വലിയ സംഭവമായി മാറി , അത് കൂടാതെ അഞ്ച് പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ നിക്കാഹിന് വേണ്ടുന്ന ആഭരണങ്ങളും ചരിപ്പും സാരിയും എല്ലാം ഇക്കയുടെ വക നൽകിയതൊക്കെ ആയപ്പോഴേക്കും നാട്ടുകാരുടെ സംസാരം പിന്നെ അതായി
നാട്ടുകാർ പറയാൻ തുടങ്ങി സുലൈമാൻ ഇക്കയുടെ മോന്റെ കല്യാണമാണ് കല്യാണം , അന്ത്രു ഹാജിന്റെ കല്യാണമൊക്കെ എന്ത് , ഹാജിന്റെ മോളെ കല്യാണത്തിന് ചിലവായതിനേക്കാൾ സുലൈമാൻ ഇക്കാക്ക് ചിലവായിക്കാണും , ആരാ ഇ കാലത്ത് പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണത്തിന്റെ മുഴുവൻ ചിലവും വഹിക്കുന്നത് എന്നെല്ലാം ആൾക്കാർ പറയാൻ തുടങ്ങി അതൊക്കെ ഹാജിയുടെ ചെവിലും എത്തി ,
അതുവരെ തന്നെ പുകഴ്ത്തി പറയുന്നത് കേട്ടു കൊണ്ടിരുന്ന ഹാജിക്ക് സുലൈമാൻ ഇക്കയെ കുറിച്ച് പറയുന്നത് കേൾക്കുന്നത് അസഹ്യമുളവാക്കി , ഹാജി തന്റെ വീടിന്റെ ഉമ്മറത്ത് ചാരു കസേരയിൽ ചാരിയിരുന്ന് നെടു വീർപ്പിട്ടു കൊണ്ട് സ്വയം പറഞ്ഞു ,
അല്ലേലും ഇ നാട്ടുകാർ ഒക്കെ കണക്കാ ഇതുവരെ അന്ത്രു ഹാജി അന്ത്രു ഹാജി എന്ന് പറഞ്ഞ് നടന്നവരാ ഇപ്പോൾ സുലൈമാൻ സുലൈമാൻ എന്ന് പറഞ്ഞ് നടക്കുന്നെ ഒരുമാതിരി " അപ്പപ്പോൾ കാണുന്നോരെ അപ്പാന്ന് വിളിക്കുന്ന സ്വഭാവം .
സിദ്ദീഖ് വേലിക്കോത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക