നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫേസ്ബുക്കും വാട്സ്ആപ്പും

മുമ്പൊക്കെ ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ നല്ല മൂഡാണെങ്കിൽ നേരേ അടുക്കളയിലേക്കു ചെല്ലും..
എന്തു എളുപ്പമുള്ള ജോലിയാണെങ്കിലും പതിവായി തനിയെ ചെയ്യുമ്പോൾ മടുക്കൂലേ..
അതുകൊണ്ടു അടുക്കള ജോലിയിൽ അവൾക്കൊപ്പം കൂടി വല്ലതും ചെയ്യാൻ സഹായിക്കും..
ആദ്യമാദ്യമൊക്കെ ഞാൻ സഹായിക്കാൻ ചെന്നാൽ രസതന്ത്രത്തിലെ ഇന്നസെന്റ് അളിയനായ മാമുക്കോയയെ നോക്കുന്നത് പോലേ ദയനീയമായി എന്നേ നോക്കാറാരുന്നു പതിവ്..
വെറൊന്നും കൊണ്ടല്ല ഞാനെന്തേലും അബദ്ധങ്ങൾ ഒപ്പിച്ചു അവൾക്കു ജോലി ഇരട്ടിയാവുമെന്നോർത്താ..
അതിനവളെ കുറ്റം പറയാനൊക്കില്ല..
കട്ടൻ ചായക്കുള്ള വെള്ളത്തിൽ തിളക്കുമ്പോ തേയിലയും പഞ്ചസാരയും ചേർത്തേക്കണേ എന്നേല്പിച്ചു പോയതാ ഒരിക്കൽ..
ഞാനതു ഭംഗിയായി ചെയ്തു..
എന്നിട്ടു സ്‌റ്റോവ് ഓഫ് ചെയ്തു വെല്യ കാര്യം ചെയ്ത മട്ടിലിരിക്കുമ്പോഴാണ് അവളുടെ വരവു..
നേരെ വന്നു ചായപ്പാത്രത്തിലേക്ക്‌
നോക്കി..
പിന്നെയെന്നെയും നോക്കി..
കിച്ചണിലെ സകല സാധനങ്ങളും ഒന്നിച്ചു നോക്കി..
ശോ കഥ വഴിമാറി..
ഓരോ പാട്ടുകളുണ്ടാക്കുന്ന വിനയേ..
ഇതെന്തു പറ്റി ഇവൾക്ക്..
പാൽചായയുടെ നിറമുള്ള മുഖമിപ്പോ കറുത്തു കട്ടൻ ചായ പോലായല്ലോ എന്നോർക്കുമ്പോഴേക്കും അശരീരി മുഴങ്ങി..
"എത്ര തേയില ചേർത്തു.."?
"ഓ അതാണോ കാര്യം..
നമ്മളു രണ്ടുപേരല്ലേ..
അതോണ്ട് മൂന്നു സ്പൂൺ പഞ്ചസാരയും അത്രതന്നെ തേയിലയും ചേർത്ത്.."
അവളൊന്നും മിണ്ടാതെ ഫ്രിഡ്ജിനടുത്തേക്കു നടന്നു..
ഫ്രിഡ്ജ് തുറന്നു പാലെടുത്ത് നേരത്തെ ഉണ്ടാക്കിയ സവിശേഷ പാനീയത്തിലേക്കു പകർന്നു കട്ടന് പകരമതു നാലാൾക്കുള്ള പാൽചായ ആക്കിമാറ്റി..
അതുപോലെ പലതും..
പക്ഷേ പിന്നീടതൊക്കെ മാറി കേട്ടോ..
പതിയെ പതിയെ എല്ലാം പഠിച്ചെടുത്തു നല്ലൊന്നാന്തരം കുക്കായി മാറി ഞാനും..
വിവിധതരം ഭക്ഷണങ്ങളുണ്ടാക്കി അവളെകഴിപ്പിച്ചു ഞാനും കഴിച്ചു..
കളിതമാശകൾ പറഞ്ഞു ചിരിച്ചു..
ആയിടക്കാണ് കുടുംബത്തിലേക്ക് പുതിയൊരതിഥി കടന്നു വരുന്നത്..
ഒന്നല്ല രണ്ടുപേർ..
നിങ്ങളോർക്കുന്നതു ഒരു കുഞ്ഞു ജനിച്ചുന്നുള്ള കഥയാണു പറയാൻ പോവുന്നതെന്നാരിക്കും..
അതൊന്നുമല്ല..
ഫേസ്ബുക്കും വാട്സ്ആപ്പും
വന്നകാര്യമാ..
അതോടെ വന്നുകേറിയ പാടെ ഞാൻ മൊബൈലുമായി സോഫയിലേക്ക് വീഴാൻ തുടങ്ങി..
വിശന്നു തുടങ്ങുമ്പോൾ നീട്ടിയൊന്നു വിളിക്കും..
ആദ്യമൊക്കെ അവൾ "ദെ ഇപ്പ റെഡിയാക്കാം" എന്നൊക്കെ റിപ്ലൈ തന്നിരുന്നു..
പിന്നെപ്പിന്നെ പോസ്റ്റിനു ലൈക്കു കൂടിയ എഴുത്തുകാരെപോലെ
റിപ്ലൈ തരാതായി..
അറിയാതെ ഒരകൽച്ച ഉണ്ടാവുകയായിരുന്നു ഞങ്ങൾക്കിടയിൽ..
ഒന്നിനുമല്ലാതെ..
രാവേറും വരെയും ഞാൻ മൊബൈലുമായി കുത്തിമറിഞ്ഞു..
പോസ്റ്റുകളിട്ടു രസിച്ചു..
അവൾ ജോലികളൊക്കെ തീർത്ത് നിശബ്ദമായി കിടപ്പുമുറിയിലേക്ക് നടന്നു..
ഉറക്കം വരാഞ്ഞിട്ടാവണം മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു ഉറക്കം നടിച്ചു കിടന്നു..
ഒരുദിവസം പതിവുപോലെ ഞാൻ മൊബൈലിൽ കണ്ണുനട്ടിരിക്കുന്നു..
അവൾഅടുത്തേക്കു വന്നു എന്തൊ പറഞ്ഞു..
കേട്ടുവോ ഇല്ലയോ വെറുതെയൊന്നു മൂളിക്കൊടുത്തു..
അതേ ഓർമ്മയുണ്ടാരുന്നുള്ളൂ..
അവളൊരു കൊടുങ്കാറ്റു കണക്കെ അടുത്തേക്കു കുതിച്ചു മൊബൈൽ വലിച്ചൊരൊറ്റ ഏറായിരുന്നു..
രജനീകാന്തിന്റെ ഇടിയേറ്റ വില്ലന്റെ മാതിരി മൊബൈൽ മുകളിലേക്കുയർന്നു ചുവരിൽ തലയിടിച്ചു താഴേക്കു വീണു..
സ്വയം സ്വിച് ഓഫായി നേർത്തൊരു ഞരക്കത്തോടെ അന്ത്യശ്വാസം വലിച്ചു..
ഞാനാ മുഖത്തോട്ടു നോക്കി..
ആ സമയത്തു അവളെന്തും ചെയ്യുമാരുന്നു..
പെണ്ണല്ലെങ്കിലും അങ്ങിനാ..
ചിലനേരത്ത് ദേവകന്യകയെ പോലേ ശാന്തമായും മറ്റുചിലപ്പോൾ ദുർഗയെപ്പോലെ നിന്നു ജ്വലിക്കുകയും ചെയ്യും..
അതൊന്നും മനസ്സിലാക്കാതെ അടുത്തേക്ക് ചെന്നാൽ പൊങ്കാല ഏറ്റുവാങ്ങിയ ഹാക്കന്റെ ഗതിയാവും..
എല്ലുപോലും ബാക്കിയുണ്ടാവില്ല പെറുക്കാൻ..
അതുകൊണ്ടു തന്നെ ഞാനൊരു ക്ഷമാശീലനായ ഭർത്താവായി മെല്ലെ വാഷ്‌റൂമിനടുത്തേക്കു നടന്നു..
പിന്നെ ബ്രഷ്‌ചെയ്‌തു മുഖമൊക്കെ കഴുകി ബെഡ്‌റൂമിലേക്കും..
അവളും പിറകേ വന്നു..
ലൈറ്റ് ഓഫ്‌ ചെയ്തു കിടക്കുമ്പോൾ അവളരികിലേക്ക് നീങ്ങിക്കിടന്നു എന്റെ നെഞ്ചിൽ തലവച്ചു ..
ഞാനൊന്നും മിണ്ടിയില്ല..
മനസ്സൊരു നിമിഷം പഴയ ഓർമകളിലേക്ക് പോവുകയായിരുന്നു.
വാട്സ്ആപ്പും ഫേസ്ബുക്കുമില്ലാത്ത ദിവസങ്ങളിലേക്ക്..
എന്തു രസമായിരുന്നു..
കൊച്ചു കൊച്ചു കാര്യങ്ങളിലൂടെയുള്ള വലിയ സന്തോഷങ്ങൾ..
ഞാനായിട്ട്
നശിപ്പിക്കുകയായിരുന്നുവല്ലോ..
കുറ്റബോധം കൊണ്ടു കാര്യമില്ല..
എല്ലാം പഴയപോലെ മാറ്റിയെടുക്കണം..
ഞാനൊന്നും മിണ്ടാതിരിക്കുന്നത് കണ്ടുകൊണ്ടാവണം അവളൊന്നുടെ മുഖമടുപ്പിച്ചു പതിയെ പറഞ്ഞു..
"സോറി..
അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ.."
ഇളംചൂടുള്ള ശ്വാസക്കാറ്റു മുഖത്തേക്കു വീണു പരന്നൊഴുകുംപോലെ തോന്നി..
"ക്ഷമിക്കില്ല ഞാൻ നിന്നോട്.."
"അതെന്തേ.."?
ചോദ്യഭാവത്തിലവളെന്നെ നോക്കി..
ഞാനാ തോളിലേക്ക് കയ്യിട്ടു എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു മെല്ലേയാ
കാതിൽ പറഞ്ഞു..
"ഇതുനിനക്കു കുറച്ചൂടെ നേരത്തെ ആവായിരുന്നില്ലെടീ..
എങ്കിലത്രേം നേരത്തെ നമുക്കു നഷ്ടമായ സന്തോഷം തിരികെ കിട്ടിയേനെ.."
അവളൊന്നും പറയാതെന്റെ നെറ്റിയിലേക്ക് മുഖമമർത്തി..
ജനാല വിടവിലൂടൊരു കുസൃതിക്കാറ്റു അകത്തേക്ക് എത്തിനോക്കി..
അരുതാത്തതെന്തോ കണ്ടപോലെ വന്നവേഗത്തിൽ
തിരികെ പോയി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot