Slider

ചന്ദ്രികൻ

0

ചന്ദ്രികൻ
* * * * * * * 
പണ്ടുകാലത്തേ തുടങ്ങിയതാണ് കുട്ടപ്പന് എഴുത്തിന്റെ അസുഖം. കുറേയെണ്ണം പത്രങ്ങളിലൂടെയും മാസികകളിലൂടെയുമൊക്കെ വെളിച്ചം കണ്ടു. ചുരുട്ടിക്കൂട്ടി മൂലയിലേക്കെറിയുന്നവ ഭാര്യ അടിച്ചു വാരി അടുപ്പിലിടും. അങ്ങിനെ ഒരു വിധത്തിൽ അവയും വെളിച്ചം കണ്ടെന്നു പറയാം.
കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോവുകയായിരുന്ന പൈനായിരം രൂപാ വിലയുള്ള ഒരു മൊവീൽ ഫോൺ കുട്ടപ്പൻ രണ്ടും കൽപിച്ച് നീന്തിപ്പിടിച്ചു.
പിന്നെ പിന്നെ എഴുത്ത് മൊവീലിലൂടെയായി. ഞെക്കിയും അമർത്തിയും തോന്നുംവിധം കഥകൾ പടച്ചുണ്ടാക്കി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. പക്ഷേ ഇടക്കിടക്ക് കണ്ണിറുക്കിക്കാണിക്കാറുള്ള, അയൽവാസിയും ഫേസ് ബുക്ക് ഫ്രണ്ടുമായ നാരായണി പോലും ഇതുവരെ കുട്ടപ്പന് വേണ്ടി ഒരു ലൈക്കടിച്ചിട്ടില്ല. പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ. കുട്ടപ്പന്റെ മൊവീലിലെ വെളിച്ചം കാണാനുള്ള ഭാഗ്യമേ ആ രചനകൾക്കുണ്ടായിരുന്നുള്ളൂ.
അങ്ങിനെ കുറെ അലഞ്ഞു തിരിഞ്ഞ ശേഷമാണ് ഒരു എഴുത്ത് ഗ്രൂപ്പിൽ കുട്ടപ്പൻ എത്തിപ്പെട്ടത്. പിന്നെയങ്ങോട്ട് കുട്ടപ്പന്റെ ജീവിതം ആകെ മാറിമറിയുകയായിരുന്നു. എഴുതുന്ന കഥകളും കവിതകളും നേരെ കോരിയെടുത്ത് ഗ്രൂപ്പിലേക്ക് മറിച്ചിടുകയും അതപ്പപ്പോൾ തന്നെ മൊവീലിൽ വെളിച്ചം കാണുകയും ചെയ്തു കൊണ്ടിരുന്നു.
ലൈക്കുകളിലൂടെ കിട്ടുന്ന ഒരു കുളിർമാലിറ്റിയും കമന്റുകളിലൂടെ കിട്ടുന്ന ആ അനുഭൂതിനെസ്സും കുട്ടപ്പൻ നന്നായി ആസ്വദിച്ചു.കാണാൻ കൊള്ളാവുന്ന പെമ്പിള്ളേർ അകപ്പെട്ടിയിൽ വന്ന് എനിക്ക് ചേട്ടന്റെ എഴുത്ത് വളരെ ഇഷ്ടപ്പെട്ടെന്ന് പറയുമ്പോൾ കുട്ടപ്പന് കിട്ടുന്ന ആ സന്തോഷ്നെസ്സ് കുറച്ചൊന്നുമായിരുന്നില്ല.
പക്ഷേ ഇടക്ക് പുഴുക്കടിയായി വരുന്ന ലോലൻ ആലൂസിന്റെ കമന്റുകൾ കുട്ടപ്പനുണ്ടാക്കിയ കൃമികടി കുറച്ചൊന്നുമായിരുന്നില്ല. എന്തെഴുതിയാലും മൂപ്പിലാൻ മണത്തറിഞ്ഞ് വരും. ചൊറിഞ്ഞ് പൊട്ടുന്ന കമന്റുകളിടുന്നതിന് പുറമെ എഴുത്തിൽ വരുത്തേണ്ട റാഡിക്കലായ മാറ്റത്തെക്കുറിച്ചും നിലവാരം മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചും അയാൾ അകപ്പെട്ടിയിൽ വന്ന് പ്രസംഗിക്കുകയും ചെയ്യും.
അയാളുടെ പ്രൊഫൈൽ ചിത്രം നൂറുവട്ടം തിരിച്ചും മറിച്ചും നോക്കി.കഴിഞ്ഞ ജന്മത്തിൽ പോലും ഈ മുഖഛായയുള്ള ഒരു ശത്രുവിനെ കുട്ടപ്പന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ബ്ലോക്കാക്കിയാലോയെന്ന് നൂറുവട്ടം ആലോചിച്ചതാണ്. പക്ഷേ കമന്റിന്റെ അവസാനം അയാളുടെ ഒടുക്കത്തെ ഒരു ഡയലോഗുണ്ട്. "കമന്റുകൾ പോസിറ്റീവായെടുക്കണം."
അതുകൂടി വായിക്കുമ്പോൾ തന്നെ കുട്ടപ്പൻ നെഗറ്റീവിന്റെ അങ്ങേയറ്റത്തെത്തിയിട്ടുണ്ടാകും.പിന്നെ അന്നത്തേക്ക് ഒന്നും വേണ്ട.
ഇയാളെന്തിന് തന്റെ പിന്നാലെ മാത്രം ഇങ്ങനെ സൈക്കിളെടുത്ത് കൂടുന്നുവെന്ന് എത്ര ആലോചിച്ചിട്ടും കുട്ടപ്പന് മനസിലാവുന്നില്ല. മറ്റാരുടെ മാവിലും
ഒരു വട്ടമെങ്കിലും അയാളുടെ നല്ലൊരു കമന്റ് കിട്ടണമെന്ന ആഗ്രഹത്തോടെയാണ് കുട്ടപ്പൻ ആ കടുംകൈക്ക് ഒരുമ്പെട്ടത്. ടി. പദ്മനാഭന്റെ പഴയ ഒരു ചെറുകഥ തപ്പിയെടുത്ത് പതിയെ ചൂണ്ടി തന്റെ പേരിൽ ഗ്രൂപ്പിലിട്ടു.
ലൈക്കിസ്റ്റുകളും അനുമോദിസ്റ്റുകളും കമൻറുകളുമായി ഇറങ്ങാൻ തുടങ്ങി.
"കഥാ രചനയിൽ പുതിയൊരു മാറ്റത്തിന്റെ തുടക്കമാണിതെന്ന " സൂസിയുടെ കമന്റാണ് കൈനീട്ടമായി കിട്ടിയത്.
പിന്നീടങ്ങോട്ട് വിവിധങ്ങളായ കമന്റുകളുടെ കുത്തൊഴുക്കായിരുന്നു. "എഴുത്ത് ഇനിയും കുറെ മെച്ചപ്പെടുത്താനുണ്ടെന്ന "ഒരമ്മച്ചിയുടെ നിരീക്ഷണവും ഇടക്ക് കണ്ടു.
എങ്കിലും ഇതുവരെ സങ്ങതി ആർക്കും പിടികിട്ടിയിട്ടില്ല. സ്ഥിരമായി കമന്റടിക്കുന്ന സുന്ദരിക്കോതകളെല്ലാം കുട്ടപ്പനെന്ന എഴുത്തുകാരനെവാനോളം പുകഴ്ത്തുന്നുണ്ട്.പക്ഷേ കുട്ടപ്പന്റെ നോട്ടം ലോലനിലായിരുന്നു. അവന്റെ വരവിനായി അയാൾ കാത്തിരുന്നു.ഈ കഥയിൽ ഇനി എന്ത് റാഡിക്കലായ മാറ്റമായിരിക്കും അയാൾക്ക് ചൂണ്ടിക്കാണിക്കാനുണ്ടാവുക. അതറിയാനുള്ള ആകാംക്ഷ കാരണം കമന്റടിക്കാരെ തിരിച്ചടിക്കാൻ പോലും കുട്ടപ്പൻ മറന്നു പോയി.
ഒടുവിൽ ലവനെത്തി. ലോലൻ ആലൂസ്.അവനെ പറ്റിക്കാമെന്നത് തന്റെ അതിമോഹമായിരുന്നുവെന്ന് ലോലന്റെ ആദ്യ മെസേജിൽ തന്നെ കുട്ടപ്പന് മനസിലായി.
"മോഷ്ടിച്ച രചനകൾ വെച്ചു കാച്ചി ലൈക്കും കമന്റും നേടുന്നത് വലിയ നേട്ടമായിത്തോന്നിയിട്ടുണ്ടാവും. അല്ലേ..?"
ലോലന്റെ ചോദ്യത്തിന് മുന്നിൽ കുട്ടപ്പൻ ഉത്തരം മുട്ടി. ഇതും ലവൻ കണ്ടു പിടിച്ചു കളഞ്ഞു. ബല്ലാത്ത പഹയൻ തന്നെയെന്ന് മനസിൽ ചിന്തിച്ചപ്പോഴേക്കും ലോലന്റെ അടുത്ത മെസേജെത്തി.
" ആദ്യം സ്വന്തമായി രണ്ട് വരി നന്നാക്കിയെഴുതാൻ പഠിക്ക്. ചങ്ങമ്പുഴയുടെ രമണനിലെ വരികളെടുത്ത് കഥയാക്കിപ്പറഞ്ഞാൽ ആരുമറിയില്ലെന്ന് കരുതിയോ കുട്ടപ്പാ നീ..."
കട്ടപ്പനക്കാരൻ കുട്ടപ്പൻ ഞെട്ടിപ്പോയി.താൻ വിചാരിച്ചതിലും എത്രയോ മേലെയാണ് ലോലൻ ആലൂസെന്ന വിമർശകന്റെ റേഞ്ചെന്ന് അപ്പോഴാണ് കുട്ടപ്പന് മനസിലായത്.അതിന് ശേഷം ലോലൻ ആലൂസിന്റെ കമന്റുകൾ വായിച്ച് കുട്ടപ്പൻ ഇതുവരെ കുണ്ഠിതപ്പെട്ടിട്ടില്ല..
_________________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo