നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സഞ്ചാരം ഫേസ്‌ബുക്കിലൂടെ

പിറ്റേന്നു അതിരാവിലെത്തന്നെ ഞാൻ യാത്ര തുടർന്നു..
ഫേസ്ബുക്കിന്റെ വടക്കേഅറ്റത്തുള്ള കോലാഹൽവാനിയയാണ്
ലക്‌ഷ്യം..
ധാരാളം മലയാളികൾ തിങ്ങിപ്പാർക്കുന്നൊരിടം.
നെറ്റിന് വേഗത കുറവായതിനാൽ ലോഗിൻ ചെയ്യാൻ സമയമെടുക്കുമെന്നുള്ളത് കൊണ്ടു ഞാൻ അടുക്കളഭാഗത്തേക്കു തലചെരിച്ചു ഒരു കട്ടൻ ചായക്കു ഓർഡർചെയ്തു..
മറുപടിയൊന്നും കേൾക്കാത്തത് കാരണം ഞാൻ അടുക്കളയിലേക്കു നടന്നു..
അവിടെ പരമ്പരാഗത വേഷത്തിൽ ഒരാൾ മാവുകുഴക്കുന്നുണ്ടായിരുന്നു..
ഉമ്മയാണ്‌..
ഇന്നിനി കട്ടൻചായ കിട്ടുമെന്നു തോന്നുന്നില്ല..
താൽക്കാലികാശ്വാസത്തിനു ഒരു ഗ്ളാസിൽ പച്ചവെള്ളവുമെടുത്തു ഞാൻ മുറിയിലേക്കു നടന്നു..
ഇതുകൊണ്ടു ഉച്ചവരെ തള്ളിനീക്കണം..
വെള്ളവുമായി തിരികെനടക്കുമ്പോൾ അടുക്കളയിൽ നിന്നു എന്തൊക്കെയൊ ശബ്ദം കേൾക്കാമായിരുന്നു..
പ്രാചീന ഭാഷയിലുള്ള ആ വാക്കുകൾ ഞാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു നോക്കി..
നല്ല തെറിയാണ്..
ഒരുപണിക്കും പോവാതെ മൊബൈലിൽ കളിച്ചു വീട്ടിലിരിപ്പായതു കൊണ്ടു ഇതൊക്കെ ശീലമായിരിക്കുന്നു..
തിരികെ മുറിയിലെത്തിയപ്പോഴേക്കും ഫേസ്ബുക്ക് ലോഗിനായിക്കഴിഞ്ഞിരുന്നു..
രാവിലെ ആയതിനാലാവണം പൊതുവെ ആൾത്തിരക്കു കുറവായിരുന്നു..
ക്രിസ്മസിന്റെ വരവറിയിച്ചെന്നോണം അങ്ങിങ്ങായി തൂക്കിയിട്ടിരിക്കുന്ന അലങ്കാര നക്ഷത്രങ്ങൾ..
അതുംനോക്കി മുന്നോട്ടേക്കു നടക്കുന്നതിനിടയിൽ കാലെന്തിലോ തട്ടിയെന്ന് തോന്നി..
ഞാൻ മുഖം കുനിച്ചു താഴേക്കു നോക്കി..
ഒരു പ്രണയ പോസ്റ്റാണ്..
ഫേസ്‌ബുക്കിൽ എവിടെയും കാണാവുന്ന ഇത്തരം പോസ്റ്റുകളെക്കുറിച്ചു യാത്രയുടെ തുടക്കത്തിൽ ഗൈഡ് വിശദീകരിച്ചു തന്നിരുന്നു..
കോലാഹൽവാനിയ ലക്‌ഷ്യമാക്കി വീണ്ടും മുന്നോട്ടേക്കു നടന്നു..
വഴിയിലൊരാൾക്കൂട്ടം..
അടുത്തെത്തിയപ്പോഴാണ് അറിഞ്ഞത് അതൊരു ഗ്രൂപ്പായിരുന്നു..
യാത്രാമധ്യേ കാണുന്ന ഇതുപോലുള്ള കൊച്ചു ഗ്രൂപ്പുകൾ കാമറക്കണ്ണിൽ പകർത്തണമെന്നു ഞാനാദ്യമേ തീരുമാനിച്ചുറപ്പിച്ചിരുന്നു..
ജോയിൻ ബട്ടണിൽ പ്രസ് ചെയ്തു അകത്തേക്കു കയറി..
മനോഹരമായ ഉൾവശം..
കയറിച്ചില്ലെന്നിടത്തു തന്നെ കുറേപ്പേരുടെ ഫോട്ടോ അലങ്കരിച്ചു വച്ചിട്ടുണ്ട്..
പണ്ടു ജർമ്മനിയിലെ ഹിപ്പോപൊട്ടാമസ് രണ്ടാമൻ രാജാവിന്റെ കൊട്ടാരം സന്ദർശിച്ചപ്പോൾ അവിടെയും കണ്ടിരുന്നു ഇതുപൊലെ കൊറേ ഫോട്ടോസ്..
യുദ്ധത്തിൽ പടവെട്ടി മരിച്ചവരോടുള്ള ആദരസൂചകമായി രാജാവ് നിലനിർത്തിപ്പോന്നിരുന്നതായിരുന്നു അതു..
ഇവരും ഏതെങ്കിലും യുദ്ധത്തിൽ പെട്ടു പരലോകം പൂകിയവരാവുമെന്നു കരുതി ഞാൻ ഫോട്ടോസിനു മുന്നിൽച്ചെന്നു അല്പനേരം കൈകൂപ്പി നിന്നു..
തൊട്ടടുത്തു നിൽപ്പുണ്ടായിരുന്ന ഒരാൾ പറഞ്ഞാണറിഞ്ഞത് അവരൊക്കെ ഗ്രൂപ്പിൻറെ അഡ്മിൻസാണെന്നുള്ള കാര്യം.
ചമ്മൽ പുറത്തു കാണിക്കാതെ ഞാൻ മുന്നോട്ടേക്കു നടന്നു..
അപ്പോഴാണു കുറേയാളുകൾ എതിരെ ഓടിവരുന്നു കാണാനിടയായതു..
വല്ല പട്ടിയോ മറ്റൊ ഓടിക്കുന്നതാണെന്നു കരുതി ഞാനുമവർക്കൊപ്പം കൂടി..
കുറച്ചു ദൂരം ഓടിയപ്പോഴാണറിഞ്ഞത് പിറകിൽ പട്ടിയില്ലെന്നുള്ള സത്യം..
ഏതോ പെൺകുട്ടി പോസ്റ്റിട്ടതറിഞ്ഞു ലൈക്കും കമന്റും കൊടുക്കാനായി ഓടിയവരാണത്രെ അവർ..
ഒട്ടുമിക്ക ഗ്രൂപ്പുകളിലും ഇതൊരു പതിവു കാഴ്ചയാണെന്നു പറഞ്ഞു തന്നത് കൂടെയുണ്ടായിരുന്ന റഷ്യക്കാരി
മിലനോ മഹ്മൂദയാണു..
എനിക്കൊട്ടും ആശ്ചര്യം തോന്നിയില്ല..
പണ്ടു കേരളത്തിലെ ഗ്രാമാന്തരീക്ഷങ്ങളിലൂടേ ബസിൽ യാത്ര ചെയ്യാറുണ്ടായിരുന്ന സമയത്തു മുൻവശത്തെ ഡോറിലൂടെ മാത്രം അകത്തേക്കു കയറാറുണ്ടായിരുന്ന ഒരു യുവാവിനെ ഓർമ്മ വന്നു എനിക്കു..
ആ യുവാവു ഞാനായിരുന്നു..
ഓർമ്മകളിൽ നിന്നു തലയൂരിയെടുത്തു ഞാൻ വീണ്ടും ഗ്രൂപ്പിന്റെ ഉൾക്കാഴ്ചകളിലേക്ക് കാമറക്കണ്ണുകളെ തിരിച്ചു വെച്ചുകൊണ്ട് യാത്രതുടർന്നു.
മുന്നോട്ടു നടക്കുന്തോറും കാഴ്ചകൾ കൂടുതൽ മനോഹരമായിത്തോന്നി..
നടപ്പാതക്കിരുവശവും വാകമരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നു..
പഴുത്തു പാകമായ കശുമാങ്ങ വീണുകിടക്കുന്ന പോലെ "നൈസ് മനോഹരം" എന്നമട്ടിലുള്ള കമന്റുകൾ മരങ്ങൾക്കു താഴേ ചിതറിക്കിടക്കുന്നുണ്ട്..
പെട്ടെന്നു കാലിലെന്തൊ തറച്ചത് പോലെ തോന്നി.
അതൊരു പിൻപോസ്റ്റായിരുന്നു.
ഗ്രൂപ്പ്‌ നിയമാവലികളെക്കുറിച്ചുള്ളത്..
കെഡി പതിനൊന്നാം നൂറ്റാണ്ടിൽ ഗ്രീസ് ഭരിച്ചിരുന്ന പിൻലിപ്പിയ രാഞ്ജി ആഴ്ചയിലൊരുവട്ടം പ്രജകളോട് അഭിസംബോധന ചെയ്യാനായി തയാറാക്കിയ പ്രസംഗമാണത്രെ ലോകത്തിലെ ആദ്യത്തേ പിൻപോസ്റ്റ്..
2000 ആണ്ടിന്റെ പകുതിയിലോ മറ്റോ അമേരിക്കക്കാരനായ മാർക്ക് സുക്കർബർഗ് അതുകണ്ടെടുക്കുകയും അതിന്റെ മാതൃകയിൽ ഒട്ടേറെ പിൻപോസ്റ്റുകൾ പണികഴിപ്പിക്കുകയും ചെയ്തുവെന്നാണ് ചരിത്രം..
പക്ഷേ അതു ജനങ്ങളിലേക്കെത്താൻ സഹായിച്ചത് ഫേസ്ബുക്കിലിന്നു കാണുന്ന ഗ്രൂപ്പുകളായിരുന്നു.
ആദ്യകാലത്തു ഫേസ്ബുക്കിന്റെ പലഭാഗത്തായി ചിതറിക്കിടന്നിരുന്ന സ്റ്റാറ്റസുകളെ ഒരു കുടക്കീഴിലാക്കാൻ സർ കോരപ്പ ഡിക്രൂസിന്റെ മനസ്സിലുദിച്ച ആശയമാണ് ഇന്നുകാണുന്ന ഗ്രൂപ്പുകൾ..
പിന്നീടത് പലരിലൂടെയായി ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന വലിയൊരു പ്രസ്ഥാനമായി മാറുകയായിരുന്നു.
സ്വന്തമായി ഒരു ലൈക്ക്‌ പോലും കിട്ടാത്ത പലരും ഗ്രൂപ്പുകളിൽ അംഗമാവുക വഴി ആയിരക്കണക്കിന് ലൈക്കുകൾക്കുടമകളായി മാറി..
നേരം ഉച്ചയോടടുക്കാറായെന്നു
തോന്നുന്നു..
വഴിയരികിലൊരാൾക്കൂട്ടം കണ്ടു ഞാനെൻറെ കാമറക്കണ്ണുകൾ അങ്ങോട്ടേക്കു ഫോക്കസ് ചെയ്തു..
തീർത്തും ഹൃദയഭേദമായൊരു കാഴ്ചയായിരുന്നു അതു..
ലൈക്ക്‌ കിട്ടാത്തതിനാലാവണം എല്ലുംതോലുമായി അവശനിലയിൽ കിടക്കുന്നൊരു പോസ്റ്റു..
ഒറ്റനോട്ടത്തിൽ തന്നെ അറിയാമായിരുന്നു പോസ്റ്റിക്കഴിഞ്ഞു രണ്ടുമൂന്നു ദിവസമായെന്നു..
ചിലർ അതിനരികിൽ നിന്നു സെൽഫിയെടുത്ത് ആസ്വദിക്കുന്നുണ്ട്..
വൈകുന്നേരമാവുമ്പോഴേക്കും ഈ ഗ്രൂപ്പിൽ നിന്നു പുറത്തേക്കു പോവേണ്ടതുള്ളതിനാൽ ഞാനവിടെ കൂടുതൽ സമയം ചിലവഴിച്ചില്ല..
മുമ്പോട്ടേക്കു നടക്കുന്തോറും പോസ്റ്റുകളുടെ എണ്ണം കൂടിവരുന്നുണ്ടായിരുന്നു..
ആരൊക്കെയൊ ചേർന്ന് ഒരു പോസ്റ്റു ആഘോഷപൂർവം പൊക്കിയെടുത്തു
വരുന്നതു കണ്ടു..
അടുത്തെത്തിയപ്പോഴാണറിഞ്ഞത് അതൊരു ആർത്തവ പോസ്റ്റായിരുന്നു..
ഇത്തരത്തിലുള്ള പോസ്റ്റുകൾക്കു ഗ്രൂപ്പുകളിലും മറ്റും വൻസ്വീകരണമാണെന്നു എനിക്കു പറഞ്ഞു തന്നതു എത്തിനോക്ക്യക്കാരനായ ജെയിംസോ അക്കോമയാണ്..
നല്ലൊരു തമാശക്കാരൻ കൂടിയായ ജയിംസോ പലപ്പോഴും കുറിക്കുകൊള്ളുന്ന വാക്കുകളാൽ ഞങ്ങളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot