നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സര്‍പ്പവേഗം


സര്‍പ്പവേഗം
********************************************************************************
നാല് മലനിരകളാണ് മുന്നില്‍.അവ നിറയെ കാട്.വാച്ച് ടവറിലെ ഗ്ലാസ് പാനലില്‍ മലകള്ക്ക് ഒരു നീല നിറം തോന്നുന്നു...നീല മലകള്‍.
ബൈനോക്കുലറില്‍ നിന്നു കണ്ണുകള്‍ താഴ്ത്തി ഒരു നിമിഷം ഗിരി നിശ്വസിച്ചു.
കാടിനെ ഇത്ര അടുത്തു കാണുന്ന ജോലിയുടെ അത്ര സുഖം വേറെ എന്തിനാണ്?
മുന്നിലെ പര്‍വ്വത നിരകളില്‍ എണ്ണമറ്റ വൃക്ഷങ്ങളുണ്ട്.വെള്ളിനാരുകള്‍ പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളുള്ള വിജനമായ പാറക്കെട്ടുകളുണ്ട്.അനേകം മൃഗങ്ങളുണ്ട്.മലകള്ക്ക് അപ്പുറം ആദിവാസികുടികളുണ്ട്.
വേനല്ക്കാലമായാല്‍ മലനിരകളിലെ കാടുകളില്‍ കാട്ടുതീ പടരാം.അത്യന്തം അപകടമാണിത്.വനം നശിക്കുന്നതിനോടൊപ്പം ചിലപ്പോഴൊക്കെ മൃഗങ്ങളുടെ ജീവനോടൊപ്പം ആദിവാസികളുടെ ജീവനും പൊലിയാറുണ്ട്.
സദാ സമയം ഫയര്‍ വാച്ച് ടവറില്‍ ഇരുന്നു ആ മലനിരകളെ നിരീക്ഷിക്കുക.തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ വയര്‍ലെസ്സില്‍ ഫോറസ്റ്റ് ഓഫീസിലും ചിന്നാറിന് അപ്പുറത്തെ ഫയര്ഫോ്ഴ്സ് ഓഫീസിലും വിളിച്ച് പറയുക.അതാണ് ഗിരിയുടെ ജോലി.
കുന്നിന്മുകളില്‍ തനിയെ ഇരുന്നു ആ മലകളെ നോക്കുക.പിന്നെ ഇടക്ക് അവിടെ എത്തുന്ന സന്ദര്‍ശകരെ സഹായിക്കുക.
മലകളെ നിരീക്ഷിക്കുന്നത് മനസ്സും ശരീരവുമല്ല ആത്മാവാണ്.അത് ഒരു ധ്യാനമാണ്.
വാച്ച് ടവറിനു ചുവട്ടില്‍ ക്യാബിനുണ്ട്.ഇടക്ക് അവന് വീട്ടില്‍ പോകുമ്പോ ഫോറസ്റ്റ് ഓഫീസില്‍ നിന്നു മറ്റൊരാള്‍ വന്നു ഷിഫ്റ്റ് ഏറ്റെടുക്കും.
ചുള്ളിക്കാടിന്റെയും നെരൂദയുടെയും കവിതകളും എം.ടിയുടെ നോവലുകളും വായിച്ചു ആ നീലച്ച മലകളെ നോക്കിയിരിക്കുന്ന ജോലി ഇഷ്ടമല്ലാത്തത് ഗിരിയുടെ അച്ഛന് മാത്രമേ ഉള്ളൂ.
ആദിവാസി വൈദ്യത്തില്‍ അഗ്രഗണ്യനായ അവന്റെ അച്ഛന്‍ രാഘവന്മൂപ്പന്‍.
സംവരണത്തില്‍ മകന് സർക്കാർ ജോലി കിട്ടും എന്നു കരുതി അവനെ പട്ടണത്തിലെ കോളേജിലേക്ക് വിട്ടു.പക്ഷേ പട്ടണത്തില്‍ ചെന്ന ഗിരി പഠനം ഉപേക്ഷിച്ചു.ചുവന്ന രാഷ്ട്രീയത്തില്‍ ഇറങ്ങി.ഒടുവില്‍ പഠനം പാതിവഴിക്ക് ഉപേക്ഷിച്ചു.കോളേജ് കൊണ്ട് ആകെ ഉണ്ടായ ഗുണം ഈ പുസ്തകങ്ങളോട് ഉള്ള ഇഷ്ടം മാത്രമാണ്.
തിരികെ വന്ന ഗിരി ഫയര്‍ വാച്ച് ടവറില്‍ താത്കാലിക ഒഴിവില്‍ കയറി.ആദിവാസി യുവാക്കള്ക്ക് വനം വകുപ്പ് പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട്.
ഒറ്റയ്ക്കുള്ള ഈ പണിക്കു ആര് വരാനാണ്.?
സമയം പകല്‍ പതിനൊന്നു കഴിഞ്ഞു.ഗിരി കാത്തിരിക്കുകയാണ്.അവന്റെ നോട്ടം ടവറിന്റെ ചുവട്ടില്‍ നിന്നു കുറെ മാറി നില്ക്കുന്ന നീലകടമ്പിന്റെ ചാഞ്ഞു കിടക്കുന്ന ശിഖരത്തിലാണ്.
വിജനമായ ഈ കുന്നിന്‍ മുകളില്‍ അവനെ തേടി വരുന്ന വിചിത്ര സുഹൃത്ത്.
കാണുന്നില്ല.
അവന്‍ ബൈനോക്കുലര്‍ വയ്ക്കുന്ന ഗ്ലാസ് ജാലകം തുറന്നു .അതിനു ശേഷം നെരൂദയുടെ ഏറ്റവും പ്രശസ്തമായ പ്രണയ കവിതയിലെ ചില വരികള്‍ പുറത്തെ നീലക്കുന്നുകള്ക്ക് വായിച്ചു കേൾപ്പിച്ചു.
“നിനക്ക് എന്നെ നന്നായി അറിയാം.
മാനത്തെ ചില്ലു നിലാവിനെ ഞാന്‍ നോക്കിയാല്‍
ജാലകത്തിനപ്പുറത്തെ വസന്തത്തിന്റെ ചുവന്ന ശിഖരത്തെ നോക്കിയാല്‍
ആ ഒരു നോട്ടം മതി
എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കാന്‍...”
അപ്പോള്‍ ടവറിനു സമീപത്തെ കടമ്പിലെ ശിഖരത്തിലെ നീലപ്പൂക്കള്ക്കിടയില്‍ ഒരു സ്വർണ്ണനിറം പ്രത്യക്ഷമായി.ഒരു അരഞ്ഞാണം ചുറ്റി കിടക്കുന്നതു പോലെ നീല നിറത്തിനുള്ളില്‍ കൂടി ആ മഞ്ഞ നിറം കിടന്നു.
സുവര്‍ണ്ണ നിറമുള്ള ഒരു രാജവെമ്പാല.
അത് നിശബ്ദമായി ഗിരിയുടെ മുഖത്ത് നോക്കി കിടന്നു.സര്‍പ്പത്തിന് ചെവി കേള്ക്കി്ല്ലെന്ന് പറയുമെങ്കിലും ആ സര്‍പ്പവും ഗിരിയുമായി നിശബ്ദമായ ഒരു ആശയവിനിമയം പകലിന്റെ ആ സമയത്ത് നടക്കാറുണ്ട്.
കവിതകള്‍ വായിക്കുകയും,മലകളെ തുടര്‍ച്ചയായി നോക്കുകയും ചെയ്തു കൊണ്ടിരുന്ന ഗിരിയെ പകല്‍ പതിനൊന്നു മണിക്കു സ്ഥിരമായി ആ ശിഖരത്തില്‍ എത്തുന്ന സര്‍പ്പം വീക്ഷിച്ചു കൊണ്ടിരുന്നു.
ആദ്യം ഭയം തോന്നിയെങ്കിലും പിന്നെ തീര്‍ത്തൂം ഒറ്റക്കായ പകലുകളില്‍ ഗിരി സര്‍പ്പത്തിന് വേണ്ടി കാത്തിരുന്നു..ചില സമയം ഗിരി സര്‍പ്പത്തിനെ നോക്കി ചില കവിതകള്‍ വായിച്ചു കേള്പ്പിക്കും.
വിഷഹാരിയായ രാഘവന്‍ മൂപ്പന്റെ മകനെ സര്‍പ്പങ്ങള്‍ ഉപദ്രവിക്കുമോ?
കൃത്യം ഒരു മണിക്കൂര്‍ സര്‍പ്പം ആ ശിഖരത്തില്‍ ചിലവഴിക്കും.അതിനു ശേഷം അത് വനത്തിനുള്ളില്‍ മറയും.
ഉച്ച തിരിഞ്ഞപ്പോള്‍ ഗിരിക്കു പകരം ഫോറസ്റ്റ് ഓഫീസില്‍ നിന്നു മോഹനന്‍ നായര്‍ എത്തി.
“ഗിരീ,ഒരു ചെറിയ പ്രശ്നമുണ്ട്.”അയാള്‍ പറഞ്ഞു.
“എന്താ...”
“നിന്റെ ജോലി പോയി.ഇവിടെ സ്ഥിര നിയമനമായി.”
ഗിരി ഞെട്ടി.പക്ഷേ ഇത് പ്രതീക്ഷിച്ചിരുന്നതാണ്.പക്ഷേ ഇത്ര പെട്ടെന്നു..അതും ഈ സ്ഥലത്തേക്ക് ആരും വരില്ലെന്നാണ് അവന്‍ കരുതിയത്.
“പക്ഷേ പുതിയതായി നിയമിച്ച ആള്‍ നിര്‍ത്തി പോവുകയാണെങ്കില്‍ നിന്നെ സ്ഥിരപ്പെടുത്താന്‍ വകുപ്പുണ്ടെന്നാ ഓഫീസര്‍ പറഞ്ഞത്...”
ഗിരി അയാളോട് യാത്ര പറഞ്ഞു..തിരികെ വീട്ടിലെത്തിയപ്പോള്‍ രാഘവന്‍ മൂപ്പന്‍ കുടിയുടെ വാതില്ക്കല്‍ നില്ക്കു ന്നുണ്ടായിരുന്നു.ഗിരി അയാളുടെ മുന്നില്‍ എത്തിയതും ഗൌളി ചിലച്ചു.മൂപ്പന്‍ ഹൃദയമിടിപ്പിനൊപ്പം അതെണ്ണി.ഒന്പതു തവണ!വടക്ക് വശത്തേക്ക് ഒരു ഉപ്പന്‍ പറന്നു പോകുന്നതും മൂപ്പന്റെ കണ്ടു..
ദൂതലക്ഷണം!
“ഗിരീ....പോയി പായ് വിരിക്കൂ...മൂര്‍ഖനാണ് ....അവരുടനെ ഇവിടെ എത്തും...”മൂപ്പന്‍ പറഞ്ഞു.അത് പറഞ്ഞതിന് ശേഷം അയാള്‍ പുറത്തേക്കിറങ്ങി.
.
ഗിരിയുടെ മുഖം കറുത്തു.പക്ഷേ അവന്‍ ഒന്നും പറഞ്ഞില്ല.ശബ്ദം കേട്ടു ഗിരിയുടെ അമ്മ പുറത്തു വന്നു.
“ഗിരീ,നിന്റെ ജോലി പോയെന്ന് ഞാന്‍ അറിഞ്ഞു.ഇനിയെങ്കിലും നീ അച്ഛനോടൊപ്പം ഇവിടെ നില്ക്ക്ു...ആ കാട്ടിലെ ഒറ്റയ്ക്കുള്ള പണി മതിയാക്ക്.ഈ അറിവുകള്‍ അടുത്ത തലമുറക്ക് കിട്ടേണ്ടതല്ലേ..?
അവര്‍ ചോദിച്ചു.
അവന്‍ ഒന്നും പറയാതെ അകത്തേക്ക് കയറി.
“ഗിരീ,എത്ര ഒഴിവാക്കിയാലും ഒരു ദിവസം നീ അച്ഛന്റെ സ്ഥാനം ഏറ്റെടുക്കും...സര്‍പ്പവേഗത്തിന്റെ കാര്യം നിനക്ക് അറിയാമല്ലോ...ഈ കുടിയുടെ സത്യമാണ് സര്‍പ്പവേഗം.....”അവര്‍ ഉറച്ച സ്വരത്തില്‍ മകനോടു പറഞ്ഞു.
ഗിരി ഒരു നിമിഷം നിന്നു.
സര്‍പ്പവേഗം.
ഗിരിയുടെ ആദിവാസി വൈദ്യ കുടുംബത്തിന്റെ ഒരു ശക്തിയാണ് സര്‍പ്പവേഗം .അത് ഒരു പച്ചിലച്ചെടിയാണ്.നീലപൂക്കള്‍ വിടരുന്ന ഒരു മരുന്ന് ചെടി.ഏത് സര്‍പ്പവിഷവും സുഖപ്പെടുത്തി ആയുസ്സ് വര്ദ്ധി്പ്പിക്കുന്ന ചെടി.പക്ഷേ ആ ചെടി ആ കുടിയിലെ വൈദ്യന് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ..എപ്പോള്‍ ആ കുടിയിലെ സന്തതി സര്‍പ്പവേഗം എന്ന ചെടിയെ സ്വയം തിരിച്ചറിയുന്നോ പിന്നെ അവന്‍ ആയിരിയ്ക്കും വൈദ്യന്‍..പിതാവില്‍ നിന്നു മക്കളിലേക്ക് സ്വയം കൈമാറപ്പെടുന്ന ഒരു തരം ശക്തി.
അപ്പോഴേക്കും പുറത്തു ആളുകള്‍ ദംശനമേറ്റ ആളുമായി എത്തി.മൂപ്പന്‍ പച്ചിലകള്‍ ഉള്ളം കയ്യിലിട്ട് തിരുമ്മി മുറിവായില്‍ പുരട്ടി വിഷമിറക്കുന്നത് ഗിരി കണ്ടു നിന്നു.
പിറ്റേന്ന് ഗിരി ഫോറസ്റ്റ് ഓഫീസില്‍ പോയി .റെയ്ഞ്ചറുടെ മുറിയില്‍ ഒരു പെണ്‍കുട്ടി നില്ക്കു ന്നുണ്ടായിരുന്നു.
“ഗിരീ ,ഇതാണ് പുതിയ ഫയര്‍ ടവര്‍ ഗാര്‍ഡ് .പേര് നീലിമ.നിന്റെ ഒപ്പം കുറച്ചു ദിവസം പാരലല്‍ ആയി ടവര്‍ ഡ്യൂട്ടി എടുക്കട്ടെ...”
ഗിരി ഞെട്ടി.ഒരു യുവതി എങ്ങനെ ഒറ്റയ്ക്ക് ഒരു കുന്നിന്മുകളില്‍ വനത്തിന് നടുക്ക് വാച്ച് ടവര്‍ ഡ്യൂട്ടി എടുക്കും.?
നീലിമ ഗിരിയെ നോക്കി.
അവന്റെ മനസ്സില്‍ അപ്പോള്‍ കടമ്പിലെ നീലപ്പൂക്കള്ക്കിടയിലെ സുവർണ്ണ നിറം തെളിഞ്ഞു വന്നു.
“ഞാന്‍ പുറത്തു കാത്തു നില്ക്കാം ...”അവള്‍ പുറത്തേക്ക് നടന്നു.ഉറച്ച കാലടികള്‍ .തിളങ്ങുന്ന കണ്ണുകള്‍.
അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ റെയ്ഞ്ചര്‍ പറഞ്ഞു.
“നീ പേടിക്കണ്ട...അവള്‍ പോകും.അവള്‍ പോയാല്‍ പിന്നെ നിന്നെ സ്ഥിരപ്പെടുത്താന്‍ ഉള്ള ലെറ്റര്‍ ഞാന്‍ മിനിസ്റ്റർക്ക് കൊടുക്കും..നീ ഞങ്ങള്ക്ക് അത്യാവശ്യമാണ്...എന്തായാലും ഇന്ന് നീ അവളെ നിന്റെ വീടില്‍ താമസിപ്പികണം..നാളെ മുതല്‍ അവളും വരട്ടെ..”
ഗിരി പുറത്തു വന്നു.ജീപ്പില്‍ കയറി വാച്ച് ടവറിനു സമീപത്തേക്ക് പോകവേ നീലിമ പറഞ്ഞു.
“ഞാന്‍ കാരണം ഗിരിയുടെ ജോലി പോകുമോ?ഒരു നിവര്‍ത്തി ഇല്ലാത്തത് കൊണ്ടാണ് ഈ ജോലിക്കു വരേണ്ടി വന്നത്...”
ഗിരി ഒന്നും പറഞ്ഞില്ല.പുറത്തു മഴ തുടങ്ങിയിരുന്നു.
ആദ്യ ദിവസം ഗിരി മലനിരകള്‍ നിരീക്ഷിക്കുന്നതിനെ കുറിച്ചു അവളോടു പറഞ്ഞു കൊടുത്തു.ബൈനോക്കുലര്‍ ഉപയോഗിച്ച് ദൂരം അളക്കുന്നതും തീ കണ്ടാല്‍ എന്തു ചെയ്യണം എന്നും പറഞ്ഞു കൊടുത്തു.
“ക്ഷമയാണ് ഈ ജോലിക്കു ഏറ്റവും ആവശ്യം.”തന്നോടു തന്നെ പറയുന്നതു പോലെ ഗിരി അവളോടു പറഞ്ഞു.
വൈകുന്നേരമായപ്പോള്‍ അവള്‍ പറഞ്ഞു.
“ഇനി ഗിരി പൊയ്ക്കൊള്ളു.ഞാന്‍ ഇവിടെ തനിച്ചു നിന്നോള്ളാം.എന്തായാലും ഞാന്‍ ഈ ജോലിക്കു വന്നതല്ലേ...”
അവന്‍ ഏറെ നിര്ബന്ധിച്ചില്ല.
“ഗിരി ഏറെ വായിക്കുമല്ലേ...”ക്യാബിനില്‍ ചിതറി കിടക്കുന്ന പുസ്തകങ്ങള്‍ കണ്ടു അവള്‍ ചോദിക്കുന്നതിന് മറുപടി ഒരു മൂളലില്‍ ഒതുക്കി അവന്‍ തിരിച്ചു നടന്നു.
പിറ്റെന്നു താമസിച്ചാണ് ഗിരി വാച്ച്ടവറിലേക്ക് പോയത്.
ആ സമയം സുവര്ണ്ണ നിറമുള്ള ഒരു സര്‍പ്പം രാഘവന്‍ മൂപ്പന്റെ വീടിന് മുകളിലേക്കു ഇഴഞ്ഞു വന്നു കൊണ്ടിരുന്നു.
വീടിന് പുറത്തെ മരുന്ന്‍ പുരയില്‍ പച്ചില പിഴിഞ്ഞ് നീരാക്കുന്ന മൂപ്പന് തന്റെ സമയം അടുത്തു എന്നു പിതൃക്കള്‍ ചെവിയില്‍ ഇരുന്നു പറയുന്നതു പോലെ തോന്നി.
അയാള്‍ ആ നിമിഷം തന്നെ ചമ്രം പടിഞ്ഞു നിലത്തിരുന്നു.ഉള്ളില്‍ പിതൃക്കളെ സ്മരിച്ചു.ദൈവങ്ങളെ സ്മരിച്ചു.
ഗിരി വാച്ച് ടവറിനു താഴെ എത്തി.സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്.അവന്‍ കടമ്പിന്ഠെ താഴ്ന്ന ശിഖരത്തിലേക്ക് നോക്കി.ഇല്ല സുവര്‍ണ്ണ നിറമില്ല.
അയാള്‍ പതുക്കെ മുകളിലെക് കയറി.അകത്തേക്ക് കയറാതെ ആ കാഴ്ച കണ്ടു ഗിരി ചലനമറ്റ് നിന്നു.
ബൈനോക്കുലറിലൂടെ മലകള്‍ നിരീക്ഷിക്കുന്ന നീലിമ.അവളുടെ തൊട്ട് പുറകില്‍ പത്തി വിടര്‍ത്തി നില്ക്കുന്ന സര്‍പ്പം .ഇപ്പോള്‍ അവള്‍ കഴുത്ത് ഒന്നു വെട്ടിച്ചാല്‍...
ഗിരി ശബ്ദമുണ്ടാക്കാതെ താഴേക്കിറങ്ങി.ഒരു നിമിഷം അവന്റെ മനസ്സിലൂടെ റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞ വാചകങ്ങള്‍ കടന്നു പോയി.
ഗിരി താഴെ കാത്തു നിന്നു.എന്തു ചെയ്യണമെന്നറിയാതെ.അതോ?
സുവര്‍ണ്ണ നാഗം കണ്ണടച്ച് ധ്യാനിച്ചു കൊണ്ടിരുന്ന മൂപ്പന്റെ ശിരസ്സില്‍ ശാന്തമായി കൊത്തി.
അതേ നിമിഷം ബൈനോക്കുലറിലേ നില വൃത്തത്തില്‍ ഒരു മഞ്ഞപ്പൊട്ട് വിടരുന്നത് നീലിമ കണ്ടു.ആകാശത്തില്‍ നിന്നു ആരോ വിരല്‍ കൊണ്ട് മഞ്ഞ ചായം കൊണ്ട് അമര്‍ത്തി വരക്കുന്നത് പോലെ ആ മഞ്ഞ വര താഴേക്കു ഒഴുകി ഇറങ്ങുകയാണ്!
കാട്ടുതീ..
അവള്‍ ഞട്ടിത്തിരിഞ്ഞു.
പുറകില്‍ നിന്ന മഞ്ഞ സര്‍പ്പം ചുണ്ടില്‍ ആഞ്ഞു കൊത്തി.അതിനു ശേഷം അതിവേഗം അവിടെ നിന്നു മറഞ്ഞു.
ദൂരെ മൂപ്പന്‍റെ പ്രാണന്‍ പ്രപഞ്ചമനസ്സില്‍ വിലയം കൊണ്ടു.
ആ നിമിഷം ഗിരിക്ക് തന്റെ ഉള്ളിലൂടെ എന്തോ കടന്നു പോവുന്നത് പോലെ തോന്നി.
ചവിട്ടി നില്ക്കുന്ന പച്ചിലക്കൂട്ടത്തില്‍ നിന്നു അവന്‍ കാല്‍ ഉയര്‍ത്തി. .അപ്പോള്‍ ഒരു കുഞ്ഞ് ചെടി നിവര്‍ന്നു വന്നു.അതില്‍ നിന്ന്‍ ഒരു നീലപ്പൂ വിടരുന്നത് ഗിരി കണ്ടു.
സര്‍പ്പവേഗം.
അച്ഛന്‍.!..അച്ഛാ...
അവന്‍ ആ പച്ചിലചെടിയിലെ പൂവും ഇലകളും പറിച്ചു കൊണ്ട് മുകളിലേക്കു ഓടി ക്കയറി.
നീലിമയുടെ ചുണ്ടില്‍ നിന്നു വിഷം കയറുകയാണ്.നീലച്ച ചുണ്ടുകള്‍.
അവന്‍ ഇല ഉള്ളം കയ്യില്‍ പിഴിഞ്ഞ് മുറിവായില്‍ ഒഴിച്ചു.പിന്നെ ആ ചുണ്ടുകള്‍ ഉറിഞ്ചി കുടിച്ചു വിഷം തുപ്പി കളഞ്ഞു കൊണ്ടിരുന്നു.
അവള്‍ ഒരു താമരത്തണ്ട് പോലെ അവന്റെ കയ്യില്‍ കിടന്നു.
ഒടുവില്‍ അവള്‍ കണ്ണു തുറന്നു...ആദ്യമായി കാണുന്നത് പോലെ അവനെ നോക്കി..
“എന്റെ ഉള്ളിലായിരുന്നു വിഷം...നീയാണ് ഇറക്കി കളഞ്ഞത്..”ഗിരി പറഞ്ഞു
.
മലകള്‍ അത് കേട്ടത് പോലെ തോന്നി.കാരണം ഒരു കവിതയിലെ വരി പോലെയായിരുന്നു ആ വാക്കുകള്‍.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot