നഷ്ടപ്പെട്ട നല്ലകാലവും
ആസന്നമായ മരണവും
---------------------കഥ
...മനസ്സ് വല്ലാതെ വേദനിക്കുമ്പോള്‍ ജീവിതം തന്നെ വെറുത്തു പോവുകയും ,ദാമ്പത്യ ജീവിതത്തിന് അസ്ഥിത്വം തന്നെ അടിയറ വെക്കേണ്ടി വരും എന്ന തോന്നല്‍ ജോണിന്‍റെ മനസില്‍ കടന്നു വരാറുണ്ടെങ്കിലും, ദേഷ്യപ്പെടുമ്പോള്‍ പോലും നീലിമയോട് അത്തരം വാക്കുകള്‍ പറഞ്ഞു പോകാതിരിക്കാന്‍ അയാള്‍ ശ്രദ്ധിക്കാറുണ്ട്.അത് നീലിമയില്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതം ചെറുതായിരിക്കില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു.
സ്നേഹമെന്നാല്‍ നീലിമക്ക്.,
അടുക്കള ജോലിക്കിടയില്‍ പിറകിലൂടെ വന്ന് ഇക്കിളിപ്പെടുത്തുക,
അലക്കുമ്പോള്‍ മുഖത്തേക്ക് വെള്ളം തൂവുക,
രാവിലെ മുറ്റം തൂക്കുമ്പൊ കോലായിലെ കസേരയില്‍ ഇരുന്ന് തന്നെ തന്നെ നോക്കിയിരിക്കുക....
നീലിമയുടെ ലോല ഭാവങ്ങള്‍ക്ക് നേരേ വന്ന ആദ്യത്തെ അടിയായിരുന്നു, കല്യാണ മണ്ഡപത്തില്‍ വെച്ച് അവളുടെ കഴുത്തില്‍ ജോണ്‍ താലി കെട്ടിയില്ല എന്നത്.അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം നീലിമയുടെ കഴുത്തില്‍ ഇപ്പോള്‍ കാണുന്ന താലി ആരു കെട്ടിയതാണെന്ന്..അത് അവള്‍ സ്വയം കെട്ടുകയായിരുന്നു. അന്ന് പഴമക്കാര്‍ മൂക്കത്ത് വിരല്‍വെച്ച് അതിശയപ്പെട്ടു..''- ഇത്ര പാവം ചെക്കന്‍റെ മനസ് എത്ര ദുഷിച്ചിരിക്കണൂ..ഭഗവാനേ..''.
പില്‍ക്കാലത്ത് അച്ഛന്‍ മരിച്ചപ്പോള്‍ മരണാനന്തര ക്രിയ ചെയ്യാന്‍ തയ്യാറാവാതിരുന്നപ്പോഴാണ് നാട്ടുകാരുടെ മനസില്‍ നിന്നും ജോണ്‍ ആട്ടിയിറക്കപ്പെടുന്നത്.
അയാള്‍ താലി കെട്ടിയില്ലേലും താലി കെട്ടിയവരേക്കാള്‍ നീലിമയെ സ്നേഹിച്ചിരുന്നു.ഉദകക്രിയ ചെയ്തില്ലേലും അയാളെ പോലെ അച്ഛനെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തവര്‍ വിരളമാവാം.
പാരമ്പേര്യേതരമായി കഥ പറയുമെപോള്‍ ചട്ടങ്ങളെ ലംഘിക്കാം, എവിടെയും തുടങ്ങാം, വാക്കുകള്‍ കൊണ്ട് കപടജാലം കാണിക്കാം എന്നത് കളിയില്‍ തോറ്റവന്‍റെ മുട്ടുന്യായങ്ങളാണെ, സമ്മതിക്കുന്നു. ഇവിടെ വഴക്കിട്ട് മുഖം തിരിഞ്ഞു കിടക്കുന്ന ജോണും നീലിമയും ഒരേ സമയം അവരുടെ ഭൂതകാലം തിരയുന്നത് സമന്യയിപ്പിച്ച് എഴുതുക പ്രയാസകരമാണ്..കാരണം അവര്‍ ചിന്തിക്കുന്നത് വൈവാഹിക ജീവിതത്തിനു മുന്‍പുള്ള അനുഭവങ്ങളാണ്. ഒരിക്കലും പരസ്പരം പറഞ്ഞിട്ടില്ലാത്ത രണ്ട് കഥകളുടെ കൈവഴികള്‍.
ആദ്യം പറഞ്ഞു തുടങ്ങിയത് ജോണ്‍ ആയിരുന്നു.
,,,,,,,,,'' കൈയ്യടക്കി വെച്ച സമ്പത്ത് തുല്യമായി വിതരണം ചെയ്യപ്പെടുകയും ഉള്ളവനും ഇല്ലാത്തവും ഇല്ലാതാവുന്ന ലോകം സ്വപ്നം കണ്ടു നടന്നവരില്‍ ഞാനും ഉണ്ടായിരുന്നു. കഞ്ചാവും ചരസ്സും പിന്നെ കൊലവിളിയും എന്ന് പരിഹസിക്കപ്പെട്ടവര്‍..
മാറ്റം എന്ന വാക്കിനേ മാറ്റമില്ലാതുള്ളൂ...എന്ന മാക്സിയന്‍ ദര്‍ശനം ഒരു ഫലിതമാക്കിയെടുത്ത സര്‍വ രാജ്യ തൊഴിലാളികള്‍ സംഘടിച്ച് , സാമൂഹ്യ സാഹചരൃയങ്ങളെയും ശാസ്ത്രസാങ്കേതിക വിദ്യയേയും മുതലെടുത്ത് 'മുതലാളിത്തശക്ത'രായപ്പോള്‍ ..പാര്‍ലമെന്‍ററി മോഹവുമായി കഷിചേര്‍ന്നവരാല്‍ പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍...
പെരുവഴിയില്‍ പകച്ചു നില്‍ക്കെ വിപ്പവത്തിന്‍റെ അഗ്നിയിലേക്ക് പ്രണയമായ് പെയ്തിറങ്ങുകയായിരുന്നു അവള്‍.
അതെ..ഞാന്‍ ജോണിലേക്ക് പെയ്തിറങ്ങിയെങ്കിലും അവന്‍റെ അസ്ഥിത്വത്തെ ഉലക്കാന്‍ എന്‍റെ ലോലഭാവങ്ങള്‍ക്ക് കഴിഞ്ഞില്ല.
പ്രണയിക്കുന്ന ഏതൊരു പെണ്ണിനെയും പോലെ ഇടവഴികളിലും അമ്പലനടകളിലും കളിപറയാനും പിണങ്ങാനും കൊതിച്ചെങ്കിലും അവന് ഇതൊന്നും ഒരിക്കലും ഇഷ്ടപ്പെട്ടില്ല.
അപ്പൊഴും അവന്‍ പറയുമായിരുന്നു
'' നിന്‍റെ വലിയ കണ്ണുകളാണ് എന്‍റെ ലോകം..എന്‍റെ കാലുകള്‍ താണ്ടിത്തീര്‍ക്കുക ഇനി നിന്നിലേക്കുള്‌ള ദൂരമാണ്..
വിവാഹശേഷം ജോണില്‍ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍ പോലും മറ്റ് ദമ്പതിമാരെ പോലെ തെരുവിലൂടെ കൈകോര്‍ത്ത് നടക്കാനോ ഒരുമിച്ചൊരു കുടയില്‍ തോളുരുമ്മി നനയാനോ എനിക്ക് അവസരമുണ്ടായില്ല. അപ്പൊഴോക്കെ ജോണ്‍ പറയും പ്രകടിപ്പിക്കുന്നില്ലെന്നേ ഉള്ളു..ഈ നെഞ്ച് മുഴുവന്‍ നിന്നോടുള്ള സ്നേഹാ....''
മുഖം തിരിഞ്ഞു കിടക്കുന്ന ജോണും നീലിമയും വിപ്ളവത്തിന്‍റെയും കാല്‍പനികതയുടെയും ഇരു ധൃവങ്ങളില്‍ പതിയെ മയങ്ങിപ്പോകുമ്പോള്‍ രണ്ടു പേരും ഒരേ സ്വപ്നം കാണുന്നു. സ്നേഹത്തിന് വീര്‍പ്പു മുട്ടുന്ന വൃദ്ധദമ്പതികളും, നഷ്ടപ്പെടുത്തിയ നല്ല കാലവും ആസന്നമായ മരണവും.
(പുരുഷു പരോള്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക