Showing posts with label JayakumarSasidharan. Show all posts
Showing posts with label JayakumarSasidharan. Show all posts

അഭിനയം


അഭിനയം
.................
" ഇന്നെന്താ ജോലിയ്ക്ക് പോകുന്നില്ലെ.. പുതിയ ഉടുപ്പൊക്കെയിട്ട് അണിഞ്ഞൊരുങ്ങിയാണല്ലോ. എന്തൊ പരിപാടിയുണ്ടല്ലോ."
" നീ വേഗം സ്ക്കൂളിൽ പോകാൻ നോക്കു പെണ്ണെ. എനിയ്ക്കിന്നൊരു ഇന്റർവ്യൂ ഉണ്ട്. പോകുന്ന വഴി അമ്പലത്തിൽ ഈ ചേട്ടനു വേണ്ടിയൊന്നു പ്രാർത്ഥിയ്ക്കണെ."
"ഓഹോ.. അത് ഇന്നാണോ. ബല്യ സിനിമാനടനാവാൻ പോകുവാ അല്ലെ. ചുമ്മാതല്ല കാലത്തെ മുതൽ കണ്ണാടിയുടെ മുൻപിൽ നിന്ന് കോപ്രായങ്ങൾ കാണിച്ചത്. അങ്ങു ചെന്നാലും മതി ഇപ്പോൾ അഭിനയിപ്പിയ്ക്കും."
"എടീ.. കളിയാക്കാതെ.. ഇതെനിയ്ക്കുറപ്പാണ്. എന്റെ മിമിക്രിയും നാടകവുമൊക്കെ കണ്ടിട്ടുള്ള ആളാണ് സംവിധായകൻ. ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട് ഒരു പ്രാവശ്യം. അതല്ലെ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് പത്രത്തിൽ കണ്ടപ്പോൾ ഞാൻ അയച്ചത്. "
"ഓ... പിന്നെ.. ഇപ്പോൾ തന്നെ കിട്ടും.. ചെല്ലാത്ത പാടെ ഉള്ളു.. "
അവന്റെ മുഖമൊന്നു മങ്ങി.. അത് അവളിൽ വിഷമമുണ്ടാക്കി.
"അയ്യെ.. ഞാൻ വെറുതെ പറഞ്ഞതല്ലെ ..എന്റെ ചേട്ടനു കിട്ടും. ഒരു സിനിമാനടന്റെ പെങ്ങൾ എന്നു പറഞ്ഞാൽ വെയ്റ്റല്ലെ. ഞാൻ പ്രാർത്ഥിച്ചിട്ടെ പോകൂ.. "
അവൾ ബാഗുമെടുത്ത് സ്ക്കൂളിലേയ്ക്ക് യാത്രയായി. അവൻ അടുക്കളയിലേയ്ക്ക് ചെന്നു.
"അമ്മെ... ഞാൻ പോയിട്ടു വരാം. ബസ് വരാറായി. "
"ഇന്നാ... ഈ ചോറു പൊതി കൂടി കൊണ്ടു പോ. സമയം താമസിച്ചാൽ വിശന്നിരിയ്ക്കണ്ടല്ലോ. ചമ്മന്തിയും മുട്ട പൊരിച്ചതും ഉള്ളിത്തോരനും വച്ചിട്ടുണ്ട്. ചോറു കുറച്ചു കൂടുതലുണ്ട് വെറെയാരെങ്കിലും ചോറു കൊണ്ടു വന്നില്ലെങ്കിൽ അവർക്കു കൂടി കഴിയ്ക്കാലോ."
" ഈ അമ്മയുടെ ഒരു കാര്യം. എന്നാൽ ഞാനിറങ്ങുന്നു. അച്ഛനോട് ഇതിനാ പോകുന്നത് എന്ന് പറയല്ലെ. വേറെയെന്തെങ്കിലും കള്ളം പറഞ്ഞാൽ മതി."
അച്ഛൻ കുളിച്ചിട്ട് വരുന്നതിനു മുൻപെ വേഗം വീട്ടിൽ നിന്നുമിറങ്ങി ബസ് സ്റ്റോപ്പിലെത്തി. പോക്കറ്റിൽ നിന്നും എഴുത്തെടുത്ത് ഒന്നുകൂടി ഉറപ്പു വരുത്തി. ഗസ്റ്റ് ഹൗസിൽ തന്നെ.. രാവിലെ പത്തു മണിയ്ക്ക്..
ബസ് വന്നു നിന്നപ്പോൾ നല്ല തിരക്ക്.. ഒരു വിധം തള്ളി അകത്തു കയറിപ്പറ്റി. ഓരോ സ്റ്റോപ്പ് പിന്നിടുമ്പോഴും നെഞ്ചിടിപ്പ് ഏറി വന്നു. നാളുകളായി മനസ്സിൽ കൊണ്ടുനടക്കുന്ന മോഹം.. അതിലേക്ക് അടുക്കുന്നു എന്നൊരു തോന്നൽ. പ്രീ ഡിഗ്രി കഴിഞ്ഞു പഠനം നിർത്തി പാരമ്പര്യ തൊഴിലിനിറങ്ങിയെങ്കിലും കല ഇതുവരെ കൈവിട്ടിട്ടില്ല.
അവനിറങ്ങേണ്ട സ്ഥലമെത്തി. ബസിൽ നിന്നിറങ്ങി ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കി നടന്നു. ബ്രിട്ടീഷുകാർ പണി കഴിപ്പിച്ച കൂറ്റൻ ബംഗ്ലാവാണത്. ഇപ്പോൾ സർക്കാർ ഗസ്റ്റ് ഹൗസാണ്.
ദൂരെ നിന്നു തന്നെ അവൻ കണ്ടു അവന്റെ പ്രായത്തിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും. അവനു ആകെ പരവേശമായി. ഇത്രയും പേരിൽ നിന്നും തന്നെ സെലക്ട് ചെയ്യുമോ.. സിനിമയിലെ സംവിധായകന് തന്നെ അറിയാം എന്നുള്ളത് മാത്രമാണ് ഒരു ധൈര്യം. ഒരുപാട് നാളായുള്ള തന്റെ ആഗ്രഹം പൂവണിയും..
"സംവിധായകനും മറ്റുള്ളവരും എത്തിയോ.. " ആദ്യം കണ്ട പയ്യനോട് ചോദിച്ചു.
"സംവിധായകനോ ഏത് സംവിധായകൻ.. എനിയ്ക്കറിയില്ല റിസപ്ഷനിൽ ചോദിയ്ക്കു. ഞാനിവിടെ ഇൻഷുറൻസിന്റെ ട്രെയിനിംഗ് ക്ലാസിനു വന്നതാണ്."
അതു കേട്ട് അവൻ ഒന്നു ഞെട്ടി. അവൻ എല്ലാവരെയും നോക്കി. അവരുടെയെല്ലാം കയ്യിൽ ഇൻഷുറൻസ് കമ്പനിയുടെ പേരുള്ള ഫയലുകൾ കണ്ടു. അവന്റെ മനസൊന്നു പിടഞ്ഞു. അവൻ റിസപ്ഷനിലെത്തി ഇന്റർവ്യൂവിനെപ്പറ്റി അന്വേഷിച്ചു. മറുപടി കേട്ട അവൻ ഒരു നിമിഷം സ്തബ്ധനായി നിന്നു. അവിടെ അന്നേ ദിവസം ട്രെയിനിംഗ് പ്രോഗ്രാം മാത്രമെ ഉള്ളൂ വേറെ ഒരു പരിപാടിയും അന്നു ബുക്ക് ചെയ്തിട്ടില്ല.
അവൻ എഴുത്ത് എടുത്തു നോക്കി.. അതെ.. അവിടെത്തന്നെ അതേ ദിവസം. എഴുത്ത് അവരെ കാണിച്ചു .. പക്ഷെ അവർ പഴയ മറുപടി തന്നെ ആവർത്തിച്ചു. അവൻ വിഷമത്തോടെ അടുത്തുള്ള കസേരയിലിരുന്നു. ചിലപ്പോൾ കുറച്ചു കഴിഞ്ഞ് എത്തുമായിരിയ്ക്കും.
മിനിറ്റുകൾ മണിക്കൂറായി പക്ഷെ ആരും എത്തിയില്ല. പെട്ടെന്ന് അവന് ഗവൺമെന്റ് റസ്റ്റ് ഹൗസ് ഓർമ്മ വന്നു. ചിലപ്പോൾ അവിടെയായിരിയ്ക്കും. അക്ഷരം മാറിയതാണെങ്കിലോ..വേഗം റോഡിലേയ്ക്ക് നടന്നു. ഒരു ഓട്ടോയിൽ റസ്റ്റ് ഹൗസിലെത്തി.. പക്ഷെ അവിടെയും അങ്ങനൊരു പരിപാടി ഇല്ലായിരുന്നു. അവൻ അറിയാതെ കണ്ണുകൾ നിറഞ്ഞു.. ഒരുപാട് ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും വന്നിട്ട്....
അവിടെ നിന്നും ഇന്റർവ്യു നടക്കാൻ സാദ്ധ്യതയുള്ള നഗരത്തിലെ എല്ലാ വലിയ ഹോട്ടലുകളിലും കയറിയിറങ്ങി. അവിടെങ്ങും അങ്ങിനെയൊരു ഇന്റർവ്യൂ ഇല്ലായിരുന്നു. അവന്റെ മനസാകെ കലങ്ങി മറിഞ്ഞു. ക്ഷീണവും ദേഷ്യവും സങ്കടവും കൊണ്ട് അവൻ വല്ലാത്തൊരു അവസ്ഥയിലായി.
കുറച്ചു നേരം ശാന്തമായിരിക്കണം എന്നു തോന്നി അവൻ അടുത്തുള്ള കടൽത്തീരത്തേയ്ക്ക് നടന്നു. അതിശക്തമായ ചൂടിൽ ചുട്ടുപഴുത്ത മണലിലൂടെ നടന്നു അനന്തമായി കിടക്കുന്ന കടലിലേക്ക് നോക്കി നിന്നു . അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ചെറുതിരകൾ അവനെ ആശ്വസിപ്പിയ്ക്കാനെന്നോണം പാദങ്ങളിൽ തഴുകി.
അവൻ തിരികെ നടന്നു ബീച്ചിൽ പരിപാടികൾ നടത്താറുള്ള മണ്ഡപത്തിൽ ഇരുന്നു എഴുത്ത് ഒന്നുകൂടി വായിച്ചു .. ചിലപ്പോൾ എന്തെങ്കിലും അസൗകര്യം മൂലം തീയതി മാറ്റിയതാകും. അവർ പിന്നീട് അറിയിയ്ക്കുമായിരിയ്ക്കും.
പെട്ടെന്നാണ് അവൻ അന്നത്തെ തീയതിയുടെ പ്രത്യേകത ശ്രദ്ധിച്ചത്.. ഏപ്രിൽ ഒന്ന് .. അപ്പോൾ താൻ വിഡ്ഢിയാക്കപ്പെടുകയായിരുന്നോ.. ആരായിരിയ്ക്കും ഇത് ചെയ്ത് . ഇതിനപേക്ഷിച്ചത് അറിയാവുന്നത് രണ്ടു പേർക്കാണ് തന്റെ ആത്മാർത്ഥ മിത്രങ്ങൾക്ക്.. അവർ പറ്റിച്ചതാണോ.. വിശ്വസിക്കാൻ സാധിയ്ക്കുന്നില്ല. തന്റെ മനസ്സിലെ ആഗ്രഹത്തെ അവർ...
ദേഷ്യത്തേക്കാൾ ഏറെ സങ്കടമായിരുന്നു. കണ്ണുകൾ അടച്ചു കുറെ നേരം കിടന്നു.. കടലിരമ്പം അവന്റെ മനസിലും പ്രതിധ്വനിച്ചു.
സമയം കടന്നു പോയി.. മനസൊന്നു തണുത്തപ്പോൾ എഴുന്നേറ്റ് കടലിലെ വെള്ളത്തിൽ മുഖം കഴുകി തിരികെ വീട്ടിലേയ്ക്കു യാത്രയായി.
ബസിറങ്ങുമ്പോൾ സ്റ്റോപ്പിൽ തന്റെ ആത്മമിത്രങ്ങളെ കണ്ടു. അവർ ഓടി അടുത്തെത്തി.
" നീ എവിടെയായിരുന്നു. ഞങ്ങൾ അവിടെ വന്നപ്പോൾ കണ്ടില്ലല്ലോ. കുറെ നേരം നോക്കി കാണാതിരുന്നപ്പോൾ തിരികെ വന്നു. "
അവൻ അവരുടെ മുഖത്തു നോക്കി ചെറുതായി ചിരിച്ചു. അവരുടെ മുഖത്ത് പറ്റിച്ചു എന്ന ഭാവമായിരുന്നില്ല... ചെയ്തത് അബദ്ധമായി എന്നതായിരുന്നു.
അവൻ ഒന്നും മിണ്ടാതെ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്കിറങ്ങി.. വളവു തിരിയുമ്പോൾ അവൻ തിരിഞ്ഞു നോക്കി. അവനെത്തന്നെ നോക്കി നിന്ന അവരുടെ മുഖം താഴ്ന്നു..
അവൻ ചോറു പൊതി വച്ചിരുന്ന കവർ ഒന്നുകൂടി ഒതുക്കിപ്പിടിച്ചു. രാവിലെയെഴുന്നേറ്റ് തന്റെ അമ്മ ഉണ്ടാക്കി തന്നതാണ്.
"ചേട്ടാ... ഒന്നു നില്ക്കു...."
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് അവൻ തിരിഞ്ഞു നോക്കി.. തന്റെ കൂട്ടുകാരന്റെ പെങ്ങൾ.
" ചേട്ടാ.. അത്.. പിന്നെ.. അവർ പറഞ്ഞിട്ട് ഞാനാണ് ആ എഴുത്ത് എഴുതിയത്. അവരുടെ കയ്യക്ഷരം മനസിലാക്കുമെന്നു കരുതി. തമാശയായിട്ടാണ് ചെയ്തത്. പക്ഷെ അതിത്രയും വിഷമമാകുമെന്നു കരുതിയില്ല. ചേട്ടൻ അവിടെ ചെല്ലുമ്പോൾ അവരും അവിടെത്തി കാര്യങ്ങൾ പറഞ്ഞു കളിയാക്കി.. ഒരുമിച്ച് വരാമെന്നു കരുതിയതാ.. അവർ അവിടെ എത്തിയപ്പോഴേയ്ക്കും ചേട്ടൻ അവിടെ നിന്നും പോയെന്ന് റിസപ്ഷനിൻ ചോദിച്ചപ്പോൾ പറഞ്ഞു. അവർ അവിടെയെല്ലാം തിരക്കിയിട്ടും കണ്ടില്ല. വീട്ടിൽ വന്നെന്നു കരുതി ചെന്നപ്പോൾ അവിടെയുമില്ല. ഞങ്ങൾ ഇത്രയും നേരം കാത്തിരിയ്ക്കുകയായിരുന്നു. എന്നോടു ക്ഷമിക്കണം ചേട്ടാ.. "
"ഓ.. അതാണോ .. സാരമില്ല. ഞാനുമൊരു തമാശയായി മാത്രമെ എടുത്തുള്ളു. മനസിൽ കുറച്ചു വിഷമം തോന്നി. ഒരു പാട് നാളായുള്ള അഭിനയമോഹം. എഴുത്ത് കിട്ടിയ അന്നു മുതൽ നിങ്ങൾ എന്നെക്കൊണ്ടു എന്തൊക്കെ വേഷം കെട്ടിച്ചു... അഭിനയിപ്പിച്ചു. ഒരു പാട് പ്രതീക്ഷയും തന്നു. വീട്ടിലും എല്ലാവരും കാത്തിരിയ്ക്കുവാണ് എന്തായി എന്നറിയാൻ. ഇതു കണ്ടോ.. അമ്മ തന്നു വിട്ട ചോറു പൊതിയാണ്. വിശപ്പു തോന്നിയില്ല അതുകൊണ്ടു കഴിച്ചില്ല.. പക്ഷെ കളയാൻ പറ്റില്ല.. ഒരുപാട് അദ്ധ്വാനത്തിന്റെ ഫലമാണ്.. സ്നേഹത്തിന്റെയും.. പിന്നെ എന്നെക്കാൾ നന്നായി അഭിനയിക്കുന്നത് നിങ്ങളാണ്. സ്വാഭാവികമായ അഭിനയം .. ഇതിനു മുമ്പിൽ ഞാനൊന്നുമല്ല.. ഞാൻ വെറും ഏപ്രിൽ ഫൂൾ..."
ഇടറിയ ചുവടുകളോടെ നടന്നു നീങ്ങുന്ന അവനെ നോക്കി നിന്ന അവളുടെ മിഴികൾ അറിയാതെ ഈറനായി...
ജയകുമാർ ശശിധരൻ

എന്റെ പെണ്ണ്


എന്റെ പെണ്ണ്
........................
'ഏതോ ജന്മ കല്പനയിൽ ഏതോ ജന്മ വീഥികളിൽ എന്നും നീ വന്നൂ..
ഒരു നിമിഷം .. ഈ ഒരു നിമിഷം വീണ്ടും നമ്മളൊന്നായി...'
മോളെ... നിന്റെ ഇഷ്ട ഗാനം മൂളിയപ്പോൾ ഇതാ മേഘങ്ങൾ മഴ പൊഴിയ്ക്കാൻ തുടങ്ങി.. എന്റെ പ്രിയേ.. നമ്മൾ ഒരുമിച്ച് ആസ്വദിച്ച ഗാനം.. നിന്റെ ചുണ്ടുകൾ എപ്പോഴും മൂളുന്ന ഗാനം.. എന്തു മനോഹരമായ നാളുകൾ. നിന്നോടൊപ്പമുള്ള ഓരോ ദിവസങ്ങളും അവസാനിയ്ക്കല്ലെ എന്നാണ് എന്റെ പ്രാർത്ഥന..
" അയ്യടാ... മഴയല്ല.. എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്. എഴുന്നേൽക്ക് അങ്ങോട്ട്.. സമയം എത്രയായെന്നാ വിചാരം. പോയി പാലും മീനും മലക്കറിയുമൊക്കെ വാങ്ങിയിട്ടു വാ.. "
ഞെട്ടിയുണർന്ന അവൻ കണ്ടത് ഗ്ലാസിൽ വെള്ളവുമായി നിൽക്കുന്ന തന്റെ പ്രണയിനിയിൽ നിന്നും പ്രിയതമയായവളെയാണ്.
ങേ.. സ്വപ്നമായിരുന്നോ.. അവള് വെള്ളം കുടഞ്ഞതായിരുന്നോ... അല്ലേലും സ്വപ്നത്തിലെ ഇനി അങ്ങനുള്ള ദിവസങ്ങളുള്ളു. കാമുകിയിൽ നിന്നും ഭാര്യയിലേയ്ക്കുള്ള മാറ്റം ഇത്ര ഭീകരമായിരിയ്ക്കുമെന്നറിഞ്ഞില്ല..
"കുറച്ചു കൂടി കിടക്കട്ടെടീ.. എന്റെ പൊന്നല്ലെ.."
"പൊന്നും വെള്ളിയുമൊന്നും പറഞ്ഞു സോപ്പിടണ്ട. എണീയ്ക്കുന്നുണ്ടോ അതോ.. "
അവൻ ചാടി എണീറ്റു. അല്ലെങ്കിൽ അടുത്തത് ആക്രമണമാണെന്ന് അവനറിയാം..
"പിന്നെയേ ഞാൻ പറഞ്ഞ കാര്യമെന്തായി. മതിലു പൊക്കി കെട്ടുന്ന കാര്യം. വയ്യെങ്കിൽ പറ ഞാൻ ആളെ വിളിച്ചോളാം."
" അത് ഒരാഴ്ചയ്ക്കുള്ളിൽ ആള് വരും. വേറെ ഒരു പണിയിലാണ്. നീ ഒന്നു ക്ഷമിയ്ക്ക്.. "
"ഹും.. ഒരാഴ്ച.. ശരി. "
അവൾ തിരിഞ്ഞ് അടുക്കളയിലേയ്ക്ക് പോയി.
അപ്പുറത്തെ വീട്ടിൽ പുതിയ വാടകക്കാർ വന്നപ്പോൾ മുതൽ തുടങ്ങിയതാ. അവിടെ പ്രായപൂർത്തിയായ രണ്ടു പെൺകുട്ടികൾ ഉണ്ടത്രെ.. അവർ നല്ല കുട്ടികളാണെന്ന് പറഞ്ഞപ്പോൾ അവരെയല്ല തന്നെയാണ് വിശ്വാസക്കുറവെന്ന്.. അഞ്ചു വർഷം പ്രേമിച്ച് അവസാനം വീട്ടുകാരെക്കൊണ്ടു സമ്മതിപ്പിച്ച് വിവാഹം കഴിച്ച തന്നോടു തന്നെ അവൾ അതു പറയണം.
സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോൾ ആ കുട്ടികളും കൂടെയുണ്ടായിരുന്നു. അവരോട് ചിരിച്ച് തമാശകൾ പറഞ്ഞു നോക്കുമ്പോൾ ശ്രീമതി മുറ്റത്തു നിൽക്കുന്നു.
അവർ കൈ വീശി കാണിച്ചപ്പോൾ തിരിച്ചും ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചിട്ട് തന്റെ നേരെ നോക്കുന്നു..
'എന്റമ്മോ.... ഇന്നത്തെ കാര്യം കുശാലായി..'
നടത്തയ്ക്ക് ഒരു ബലക്കുറവ്.. പതുക്കെ അകത്തേയ്ക്ക് നടന്നു. പിറകെ അവളും. മുൻവാതിലടച്ചു..
അയ്യോ ഇപ്പോൾ തുടങ്ങും..
" എന്താണ് നിങ്ങൾക്ക് അവളുമാരോട് ഇത്ര ചിരിയ്ക്കാൻ.. നാളെ മുതൽ കുറച്ചു നേരത്തെ എണീറ്റു പോയ്ക്കോണം കേട്ടല്ലോ.. ഹും.. "
അവൾ വെട്ടിത്തിരിഞ്ഞ് അടുക്കളയിലേയ്ക്ക് പോയി..
ഇനിയും നേരത്തെ എണീയ്ക്കാനോ.. ഹാവൂ.. അനുഭവിയ്ക്ക തന്നെ.. അല്ലാതെന്താ...
'ഏതോ ജന്മ കല്പനയിൽ ഏതോ.....' അവളുടെ ഫോണിൽ നിന്നാണ് റിംഗ്ടോൺ..
"നാശം പിടിയ്ക്കാൻ ഇത് കേൾക്കുമ്പോൾ കാലിൽ നിന്നൊരു പെരുപ്പ് വരുന്നു.. ഏത് സമയത്താണോ എനിയ്ക്ക്.... "
പറഞ്ഞിട്ട് തിരിഞ്ഞപ്പോൾ മുന്നിൽ അവൾ.. കയ്യിൽ ദോശ ചുട്ടുകൊണ്ടിരുന്ന ചട്ടുകം...അതൊന്നു മിന്നിയോ...
"ചേട്ടാ.. ഇപ്പോൾ വേദന കുറവുണ്ടോ.."
ആശുപത്രിയിലെ ഡ്രസ്സിംഗ് ടേബിളിൽ കിടന്നു കൊണ്ട് അവൻ ദയനീയമായി അവളെ നോക്കി.. കൈ കൊണ്ടുള്ള ഉപദ്രവത്തിൽ നിന്നും ചട്ടുകത്തിന്റെ അടി വരെയെത്തിയ പുരോഗമനം..
പെട്ടെന്ന് അപ്പുറത്തെ വീട്ടിലെ മൂത്ത കുട്ടിയും അച്ഛനും കടന്നു വന്നു..
" എന്തു പറ്റിയതാ... മോളാ പറഞ്ഞത് നിങ്ങൾ വേഗത്തിൽ ബൈക്കിൽ കയറി പോകുന്നതു കണ്ടെന്ന്.. നെറ്റിയിൽ ഒരു കെട്ടുമുണ്ടെന്ന്.. അടുത്തായതു കൊണ്ട് ഇവിടെ കാണുമെന്ന് ഊഹിച്ചു.. "
" അത്... വാതിലിൽ മുട്ടിയതാ.. ചെറിയൊരു മുറിവ്. അത്രയെ ഉള്ളൂ.... " അതും പറഞ്ഞിട്ട് അവൾ അവനെ നോക്കി കള്ളച്ചിരിയോടെ കണ്ണിറുക്കി.
അവൻ അമ്പരന്ന് അവളെ നോക്കി.. എന്റെ അമ്മോ... ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നതു നോക്കൂ..
" കേട്ടപ്പോൾ പേടിച്ചു പോയി അതാ പെട്ടെന്ന് വന്നത്.. എന്റെ മക്കള് രണ്ടും എപ്പോഴും പറയും നിങ്ങളെപ്പറ്റി.. ഇതുപോലൊരു ചേട്ടനും ചേട്ടത്തിയും ഉണ്ടായിരുന്നെങ്കിലെന്ന്. ഓരോ സ്ഥലമാറ്റം കിട്ടുമ്പോഴും അയൽപക്കക്കാർ നല്ല വരെയേ കിട്ടിയിട്ടുള്ളു... എന്നാൽ ഞങ്ങളിറങ്ങട്ടെ ഓഫീസിൽ പോകാൻ നേരമായി.. "
അയാളും മോളും യാത്ര പറഞ്ഞിറങ്ങി..
" അര മണിക്കൂർ കിടന്നിട്ട് പോയ്ക്കോളൂ. മൂന്നു സ്റ്റിച്ചുണ്ട്.. " നഴ്സ് പുറത്തേയ്ക്ക് പോയി..
" എന്നോട് ദേഷ്യമുണ്ടോ ചേട്ടന്.. എനിയ്ക്ക് എന്താണെന്നറിയില്ല. സംശയമൊന്നുമല്ല.. പക്ഷെ... "
" എനിയ്ക്ക് ദേഷ്യമൊന്നുമില്ല മോളെ. എനിയ്ക്കു മനസിലാകും നിന്നെ. നിനക്ക് എന്നോടുള്ള ഇഷ്ടക്കൂടുതലാണ് ഇങ്ങനെയൊക്കെ ചെയ്യിയ്ക്കുന്നതെന്ന്. അല്ലേൽ എന്നേ നിന്നെ ചവിട്ടി പുറത്താക്കിയേനെ.. ഹ ഹ.."
"അയ്യടാ ചവിട്ടാനിങ്ങ് വാ.. എനിയ്ക്കുമറിയാം തിരികെത്തരാൻ... പിന്നെ മതിലിന്റെ കാര്യം അത് തത്കാലം വേണ്ട അവര് നല്ല കുട്ടികളാ.."
" അപ്പോഴും അവര് നല്ലത് ഞാൻ....."
അവൾ അറിയാതെ ചിരിച്ചു പോയി..
അവളുടെ ഫോൺ ശബ്ദിച്ചു.. അവൾ ഫോണെടുത്ത് കാൾ കട്ട് ചെയ്തു..
"പാട്ട് മാറ്റട്ടെ.. ചേട്ടന് ഇഷ്ടമല്ലെങ്കിൽ.. "
"വേണ്ട.. അതു തന്നെ കിടക്കട്ടെ. ഒരിയ്ക്കലും മാറ്റണ്ട. നമ്മുടെ ജീവിതാവസാനം വരെ അതു തുടരട്ടെ.. എന്റെ പെണ്ണിന്റെ ഇഷ്ട ഗാനം.."
അവളുടെ നനഞ്ഞ മിഴികളോടെയുള്ള പുഞ്ചിരി കണ്ട് അവനും ചിരിച്ചു..
" എന്താ ചിരിയ്ക്കുന്നത്. പകൽ കിനാവ് കാണുകയാണോ.. "
ചോദ്യം കേട്ട് അയാൾ ചിന്തയിൽ നിന്നുണർന്നു..
അയാൾ അറിയാതെ തന്റെ നെറ്റി തടവി..
" ഒന്നുമില്ലെടി ഞാൻ വെറുതെ പഴയ കാര്യങ്ങളൊക്കെ ആലോചിച്ച് അങ്ങനെ.... "
"വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ചേട്ടൻ അതു മറന്നില്ല അല്ലെ.." അവൾ വിഷമത്തോടെ പറഞ്ഞു.
" ഇല്ല.. ഒരിയ്ക്കലും മറക്കുകയുമില്ല. കാരണം നീ അവസാനമായി എന്നെ വേദനിപ്പിച്ചതിന്റെ അടയാളമാണിത്. പിന്നീട് ഇന്നേ വരെ നീ എന്നെ വാക്കു കൊണ്ടു പോലും നോവിച്ചിട്ടില്ല. അതുമല്ല നീയും ഇതുവരെ ഇത് മറന്നിട്ടില്ലല്ലോ.." അയാൾ ഒരു ചെറു ചിരിയോടെ ചോദിച്ചു..
"അത്..... ഞാനോ... എപ്പോഴേ മറന്നു.. " അവൾ മുഖം തിരിച്ചു.
അയാൾ അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു.. ആ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു..
അയാൾ കണ്ണുനീർ തുടച്ചു കളഞ്ഞു..
"മതി നീ കരഞ്ഞത്.. എന്നോളം പുണ്യം ചെയ്തവരാരുണ്ട് ഈ ലോകത്ത് നീ എൻ പാതിയായ് വന്നതിനാൽ.."
"അച്ഛാ.... ആരോടാ ഈ സംസാരിയ്ക്കുന്നെ.. "
" അത് ഞാൻ... മോന്റെ അമ്മയോട്.. അല്ല.. എന്തോ ഓർത്ത് പറഞ്ഞതാ.. "
അവൻ വലത്തേ ഭിത്തിയിലേയ്ക്കു നോക്കി.. അവിടെ അവന്റെ അമ്മയുടെ ചിത്രം മാലയിട്ട് തൂക്കിയിരുന്നു..
ഇപ്പോൾ ഒരു വർഷമായി.. അതിനു ശേഷം അച്ഛൻ വീടുവിട്ട് പുറത്തെങ്ങും പോയിട്ടില്ല. അവളില്ലാതെ ഒരു കാഴ്ചയും കാണണ്ട എന്നാ പറയുന്നത്. അമ്മ ചെയ്തിരുന്ന എല്ലാ ജോലികളും ചെയ്ത് വീട്ടിൽ തന്നെ..
"അച്ഛാ... അത് ഞാൻ .. പിന്നെ .. ഒരു കാര്യം പറയാൻ വന്നതാ.... "
" നീ സ്നേഹിയ്ക്കുന്ന കുട്ടിയുടെ കാര്യമല്ലെ. അവൾ പോകുന്നേനു മുൻപെ പറഞ്ഞിരുന്നു. ആണ്ടു കഴിയട്ടെ എന്നു കരുതിയാ. നീ വേഗം ഒരുങ്ങിക്കോ ഇന്നുതന്നെ പോയേക്കാം.. മോളെ വിളിച്ചു മരുമോനുമായി അവിടെ വരാൻ പറ.. "
അവന്റെ മുഖത്തു സന്തോഷം വിടർന്നു..
അവൻ പുറത്തേയ്ക്ക് പോയി..
അയാൾ അവളുടെ ചിത്രത്തിനടുത്തെത്തി..
"വേഗം ഒരുങ്ങ്... നമ്മുടെ മകന്റെ പെണ്ണിനെ കാണാൻ പോകണ്ടെ. നിന്നെ പോലെ കുറുമ്പിയാണോ എന്തോ.. ഞാൻ കാറിലിരിയ്ക്കാം പെട്ടെന്ന് വന്നേയ്ക്ക്..."
അയാൾ പെട്ടെന്ന് ഒരുങ്ങി വീടുപൂട്ടി പുറത്തിറങ്ങി . മകൻ ഡ്രൈവിംഗ് സീറ്റിലിരിപ്പുണ്ട് . അയാൾ കാറിന്റെ പിൻസീറ്റിൽ ഇരുന്നു എന്നിട്ട് തിരിഞ്ഞു നോക്കി . അവൾ സാരി നേരെയാക്കി ഓടി വരുന്നു.. അയാളുടെ കൂടെ കയറി ഇരുന്നു..
"ഈ സാരി മതിയോ.. കൊള്ളാവോ.."
"സാരിയൊക്കെ കൊള്ളാം. എന്താ താമസിച്ചെ.."
" ഞാൻ അടുക്കളയിൽ ഒന്നു പോയതാ.. ആ ചട്ടുകം അവിടെത്തന്നെ ഉണ്ടോന്നു നോക്കാൻ നമ്മുടെ മരുമോൾക്ക് ആവശ്യം വന്നാലോ.. "
" ഹ ഹ.. അത് ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്... "
" അച്ഛൻ എന്നോട് എന്തെങ്കിലും പറഞ്ഞോ.. "
"സൂക്ഷിച്ച് വണ്ടി ഓടിക്കണെ എന്നു പറഞ്ഞതാ.. "
അയാൾ അവളെ നോക്കി കണ്ണിറുക്കി എന്നിട്ട് അവളുടെ കൈ പിടിച്ചു... അപ്പോൾ അയാളുടെ ഫോൺ ശബ്ദിച്ചു.....
'ഏതോ ജന്മ കല്പനയിൽ ഏതോ ജന്മ വീഥികളിൽ എന്നും നീ വന്നൂ ....
ഒരു നിമിഷം ... ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായി......'
ജയകുമാർ ശശിധരൻ
......................................
കടപ്പാട് :
ഗാനത്തിന്റെ വരികൾ : പൂവച്ചൽ ഖാദർ
സംഗീതം : ജോൺസൻ
ചിത്രം : പാളങ്ങൾ

നീർമിഴിത്തുള്ളി


നീർമിഴിത്തുള്ളി
...........................
"...................................................................
എൻ മനതാരു ചൊല്ലുന്നു നീയെൻ പ്രിയൻ.
മറക്കുവാനാവില്ല നിന്നെയൊരു നാളുമീ-
ഞാനുമെന്നാത്മാവും നിനക്കുസ്വന്തം.
നാളുമെണ്ണി ഞാനിരിപ്പൂ പ്രിയതമാ -
കാലമായില്ലെ എൻ സവിധമണയാൻ..."
നീർമിഴിത്തുള്ളി....
ആരായിരിക്കുമിതെഴുതിയത്. ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത പേര്.
തൂലികാനാമമാകാം. ഇതിപ്പോൾ രണ്ടു വർഷമായി കിട്ടുന്നു. കവിതകൾ എഴുതിയ കത്തുകൾ....മനോഹരമായ കവിതകൾ.... പ്രണയകവിതകൾ.. ഒരു കാമുകിയുടെ ഹൃദയം ഓരോ വരികളിലുമുണ്ട്...
' നീർമിഴിത്തുള്ളി.....' നല്ല പേര്..... എവിടെയും അങ്ങനെ ഒരു പേരുകേട്ടതായി ഓർമിക്കുന്നില്ല. വായിച്ച കവിതാ പുസ്തകങ്ങളിലൊന്നും ആ പേരു കണ്ടതായി ഓർക്കുന്നില്ല.....
ഫ്രം അഡ്രസ്സില്ല. പല സ്ഥലങ്ങളിൽ നിന്നും പോസ്റ്റു ചെയ്തിരിക്കുന്നു. ആരായിരിക്കും ഇത്രയും നല്ല കവിതകളുടെ ഉടമ. കവിതയുടെ ആരാധകനായി ഞാൻ മാറി. ഒപ്പം അവളുടെയും....
'എൻ പ്രണയിനീ.......തേടിയലയുന്നു ഞാൻ..
നീയില്ലാതൊരു ജീവിതമില്ലെനിക്കീ ജന്മത്തിൽ.....'
ആയിടയ്ക്കാണ് എനിക്ക് ദൂരെ ഒരു ഗ്രാമപ്രദേശത്തെ സ്ക്കൂളിലേയ്ക്ക് സ്ഥലം മാറ്റം കിട്ടുന്നത്. പ്രകൃതി രമണീയമായ പ്രദേശം. നല്ല സ്ക്കൂൾ.. അദ്ധ്യാപകർ.... കുട്ടികൾ....
മലയാളം ആണ് ഞാൻ പഠിപ്പിക്കുന്നത്.
നല്ല അച്ചടക്കമുള്ള കുട്ടികൾ. അവിടം നന്നെ ഇഷ്ടപ്പെട്ടു...
ഓണപ്പരിപാടികളുമായി ബന്ധപ്പെട്ടാണ് ഞാൻ കാവ്യയുമായി സഹകരിക്കുന്നത്. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. പാട്ടുകളും ഡാൻസുകളും പഠിപ്പിക്കുന്നതും നേതൃത്വം കൊടുക്കുന്നതും അവൾ ആയിരുന്നു. കഥകൾ.. കവിതകൾ.. കഥാപ്രസംഗം... പ്രസംഗം.... ഇവയൊക്കെ എന്റെ ചുമതലയും. അങ്ങനെ കാവ്യയുമായി നല്ല അടുപ്പമായി...
ഇംഗ്ലീഷ് അദ്ധ്യാപികയാണെങ്കിലും മലയാളത്തിൽ നല്ല ജ്ഞാനമുണ്ടായിരുന്നു. ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുള്ള അറിവും.
ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
ഒരു ദിവസം കാവ്യ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവളുടെ പിറന്നാൾ ആണ്.
ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും നിർബന്ധപൂർവ്വം ചെല്ലണമെന്നു പറഞ്ഞപ്പോൾ സമ്മതിച്ചു.
പിറന്നാൾ ദിവസം ഗിഫ്റ്റ് ആയി ഒരു പുസ്തകം വാങ്ങി അവിടേക്ക് ചെന്നു. അവൾ ഗേറ്റിൽ കാത്തു നില്പുണ്ടായിരുന്നു...
സെറ്റും മുണ്ടും ഉടുത്ത്.... നെറ്റിയിൽ ചന്ദനക്കുറിയും..... പാലയ്ക്ക മാല... കമ്മൽ...
ആ വേഷത്തിൽ സുന്ദരിയായിരിക്കുന്നു. എന്നെ കണ്ടപ്പോൾ തന്നെ അവൾ ഗേറ്റു തുറന്നു പുറത്തു വന്നു. ആ കണ്ണുകളിൽ ഒരു പ്രത്യേക തെളിച്ചം കാണാമായിരുന്നു.
അകത്തേക്ക് ക്ഷണിച്ചു. സാമാന്യം ഭേദപ്പെട്ട വീട്... സിറ്റൗട്ടിൽ ചാരുപടി.... ഒരു സൈഡിൽ പൂജാമുറി.. എല്ലാം ഭംഗിയായി വൃത്തിയായി സൂക്ഷിച്ചിരികുന്നു....
ഞാൻ അകത്തേക്ക് കടന്നു. അവളുടെ അച്ഛൻ വന്നു പരിചയപ്പെട്ടു. അദ്ദേഹം റിട്ടയേർഡ് മലയാളം മാഷാണ്. അദ്ദേഹം ഇരിക്കാൻ പറഞ്ഞിട്ട് വിശേഷങ്ങളൊക്കെ തിരക്കി. വീട്ടുകാരെ പറ്റിയുമെല്ലാം....
ഞാൻ ഹാളിലെ ഷോ കെയ്സിലെ ട്രോഫികളിലേയ്ക്കും സർട്ടിഫിക്കറ്റുകളിലേക്കും നോക്കി. അപ്പോൾ അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു എന്റെ മകളുടെയാണ്....
പെട്ടെന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു....
ഞാൻ വല്ലാതായി. എന്തു പറ്റി എന്നു ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന മറുപടി...
അകത്തേക്ക് പോയ അവൾ കയ്യിൽ നാരങ്ങ വെള്ളവുമായി വന്നു. അതു വാങ്ങുമ്പോൾ അവൾ പറഞ്ഞു...
" മാഷെ ആ മുറി കണ്ടോ.... "
ഹാളിന്റെ സൈഡിലായി ഒരു ചെറിയ മുറി.
അതിൽ ഷെൽഫ് പണിത് ഭംഗിയായ് പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു.
" അച്ഛന്റെ ശേഖരങ്ങളാണ് കൂടുതൽ.... "
അവളുടെ അറിവിന്റെ രഹസ്യം ഇപ്പോഴാണ് മനസിലായത്. അപ്പോൾ അവളുടെ അമ്മ അങ്ങോട്ടേക്ക് വന്നു. മുണ്ടും നേര്യതും ഉടുത്ത ഐശ്വര്യമുള്ള അമ്മ...
"അടുക്കളയിൽ അടപായസത്തിന്റെ പണിയിലായിരുന്നു. അവിടെ നിന്നു മാറാൻ പറ്റിയില്ല അതാ വരാൻ താമസിച്ചെ..."
അവർ ഹൃദ്യമായി ചിരിച്ചു....
"കേക്ക് മുറിയ്ക്കലും ആഘോഷവുമൊന്നുമില്ലെ."
അമ്മ അടുക്കളയിലേയ്ക്ക് പോയപ്പോൾ ഞാൻ അവളോടു ചോദിച്ചു...
" അങ്ങനെ ആഘോഷങ്ങളൊന്നുമില്ല. രാവിലെ അമ്പലത്തിൽ പോകും സദ്യയൊരുക്കി ഞങ്ങൾ കഴിയ്ക്കും അത്രയെ ഉള്ളു. ഇന്നിപ്പോൾ മാഷിനെ വിളിക്കണമെന്നുതോന്നി. "
അതു പറയുമ്പോൾ അവളുടെ കവിൾ നാണം കൊണ്ടു ചുവന്നോ. തോന്നിയതാകും.
"നമുക്ക് ഊണു ശരിയാകുമ്പോഴേക്കും പറമ്പിലേക്കൊന്നു നടക്കാം.... "
അവൾ ചോദിച്ചു. എനിയ്കും സമ്മതം.
വീടിന്റെ പുറകിലെ പറമ്പിലേയ്ക്കിറങ്ങി. എന്തു ഭംഗിയാണ് എല്ലാം. പച്ചക്കറി കൃഷി...വാഴ... പപ്പായ... ജാതി.... അവളെക്കുറിച്ച് മതിപ്പ് തോന്നി.
കുടുംബത്തിലെ സ്ത്രീകളുടെ സ്വഭാവം പ്രതിഫലിയ്ക്കുന്നു ആ വീട്ടിലും പരിസരത്തിലും.
കുറച്ചു മാറി ഒരു നെല്ലിമരത്തിന്റെ ചുവട്ടിൽ സിമന്റ് കൊണ്ടൊരു ചാരുബഞ്ച്....
ഞങ്ങൾ അവിടെയിരുന്നു...
നല്ല കാറ്റ്.... നല്ല അന്തരീക്ഷം... കിളികളുടെ ശബ്ദം....
" മാഷെ.... "അവൾ വിളിച്ചു..
ഞാൻ അവളെ നോക്കി....
" ഞാൻ ഒരു കാര്യം ചോദിക്കട്ടെ..."
"അതിനെന്താ ചോദിച്ചോളൂ. എന്താണ്..."
" മാഷിന് എന്നെ ഇഷ്ടമാണോ?... "
"അതെല്ലോ.. ഞാൻ എന്തെങ്കിലും ഇഷ്ട കുറവ് കാണിച്ചിട്ടുണ്ടോ."
" അതല്ല..... പിന്നെ.... ഞാൻ....."
"ഇതെന്തു പറ്റി തന്നോടു ഇഷ്ടക്കുറവ് എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ ഇവിടെ വരുമോ...."
"എനിക്ക്....എനിക്ക് മാഷിനെ വലിയ ഇഷ്ടമാണ്..
എന്നെ കല്യാണം കഴിയ്ക്കാൻ മാഷിന്....... "
ഞാൻ ആകെ വല്ലാതായി. അവൾക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നോ. നല്ല ഒരു സുഹൃത്ത്...ഒരേ പോലെ ചിന്തിക്കുന്നവർ... തുറന്നു സംസാരിക്കാൻ കഴിയുന്ന ആത്മമിത്രം. അതിൽ കവിഞ്ഞൊരിഷ്ടം തോന്നിയിട്ടില്ല...
അതിനു കാരണം തന്റെ മനസ്സിലെ പ്രണയമായിരിക്കാം. കാണാതെ ....അറിയാതെ.... കവിതകളിലൂടെയറിഞ്ഞ പ്രണയം. അവൾ... അവൾ മാത്രം...വേറെയാർക്കും അവിടെ സ്ഥാനം കൊടുത്തിട്ടില്ല. അതിനാകുമായിരുന്നില്ല.....
തന്റെ മുഖത്തെ ഭാവമാറ്റം കണ്ടതുകൊണ്ടാകും... അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു...
" മാഷ് വിഷമിക്കേണ്ട. ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളൂ. ഇഷ്ടമില്ലാ എങ്കിൽ അത് മറന്നേക്കൂ അത് നമ്മുടെ സുഹൃത്ബന്ധത്തിന് ഒരു തടസമാകരുത്..."
ഞാൻ അവളുടെ മുഖത്തു നോക്കി. അവൾ അങ്ങനെ പറഞ്ഞെങ്കിലും മനസു തേങ്ങുന്നത് അവളുടെ മുഖത്തു കാണാമായിരുന്നു.
അവളുടെ കണ്ണിൽ ചെറിയ ഒരു നനവ്...
അത് കാണാതിരിയ്ക്കാനാകും അവൾ മുഖം തിരിച്ചു കൃഷിയെപ്പറ്റിയൊക്കെ പറഞ്ഞു കൊണ്ടിരുന്നു...
" തന്നോടുള്ള ഇഷ്ടക്കുറവല്ല. എനിയ്ക്കൊരു പ്രണയമുണ്ട് ഏകദേശം രണ്ടു വർഷമായി... അവളല്ലാതെ എന്റെ ജീവിതത്തിൽ വേറെ ഒരാളുണ്ടാകില്ല... താൻ എന്നും എന്റെ പ്രിയ ചങ്ങാതിയായിരിയ്ക്കും.എന്നോടു വിഷമമൊന്നും തോന്നരുത്. "
അതു കേട്ട് അവൾ തിരിഞ്ഞു നോക്കി. ആ മിഴികൾ നനഞ്ഞിരിക്കുന്നു....
"സാരമില്ല മാഷെ. ഒരു ആഗ്രഹം തോന്നി. പറഞ്ഞു... പിന്നീടൊരു നഷ്ടബോധം തോന്നരുതല്ലൊ. പറയാതെ പോയ പ്രണയം ആകാതിരിക്കാൻ. ആട്ടെ.... ആരാണ് കക്ഷി... എന്നോട് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലല്ലോ..."
" ഈ വിഷയം നമ്മൾ സംസാരിച്ചിട്ടില്ലാത്തതു കൊണ്ടാകും പറയാതിരുന്നത്. അത് ആരുമറിയാത്ത പ്രണയമാണ് രണ്ടു വർഷമായി ഞങ്ങൾ......"
"മോളെ...... ഇങ്ങു വന്നെ..... പപ്പടം ഒന്നു കാച്ചു.... മാഷിന് വിശക്കില്ലെ...." അവളുടെ അമ്മ
" മാഷെ.... ഊണുകഴിഞ്ഞു പറയണെ. വരൂ അകത്തേയ്ക്ക് പോകാം.."
അവൾ അടുക്കളയിലേയ്ക്ക് പോയി. ഞാൻ ഹാളിലെ വായനമുറിയിലേക്കും. അവിടെ അവളുടെ അച്ഛനിരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ കസേര നീക്കിയിട്ട് ഇരിയ്ക്കാൻ പറഞ്ഞു.
അദേഹത്തിന്റെ അടുത്തിരുന്നു. ഷെൽഫുകളിലൂടെ കണ്ണോടിച്ചു. ഒരു പാട് പുസ്തക ശേഖരമുണ്ട് അദ്ദേഹത്തിന്.
കവിതകൾ.... കഥകൾ... നോവലുകൾ....
പെട്ടെന്ന് അദ്ദേഹം എണീറ്റ് ഷെൽഫിൽ നിന്ന് ഒരു ഡയറി എടുത്തു എന്റെ കയ്യിലേയ്ക്കു തന്നു...
" ഇത് എന്റെ മോളെഴുതിയ കവിതകളാണ്. പ്രസിദ്ധീകരിച്ചിട്ടില്ല.... "
എനിക്ക് അത്ഭുതമായി. കാവ്യ കവിതയുമെഴുതുമോ .. പറഞ്ഞിട്ടേയില്ല.....
ആദ്യത്തെ പേജിൽ 'കവിതാ സമാഹാരം' എന്നെഴുതിയിരിക്കുന്നു...
അടുത്ത പേജിൽ...
'കൊഴിഞ്ഞ ഇലകൾ'
എഴുതിയത്..... നീർമിഴിത്തുള്ളി...
എന്ത്..... ഇത്....ഒന്നുകൂടി നോക്കി. പേര് അതു തന്നെ.. ആകെ പരവേശം...
വേഗം പേജുകൾ മറിച്ചു. അതിൽ ഞാൻ കണ്ടു അവളെനിയ്ക്കയച്ച കവിതകൾ. വിശ്വസിക്കാൻ കഴിഞ്ഞില്ല.
അപ്പോൾ കാവ്യയാണോ എന്റെ 'നീർമിഴിത്തുള്ളി....' ഇത്രയും നാൾ ഒരുമിച്ച് നടന്നിട്ടും സഹകരിച്ചിട്ടും അറിഞ്ഞില്ല...
സ്വയമറിയാതെ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് ചെന്നു. അവൾ കറികൾ , വിളമ്പാനുള്ള പാത്രത്തിലേക്ക് പകരുകയാണ്. അവളുടെ അടുത്തുചെന്നു അമ്മ അടുത്തുണ്ടെന്നതു പോലും ഓർക്കാതെ അവളുടെ തോളിൽ പിടിച്ചിട്ട് ചോദിച്ചു...
" നീർമിഴിത്തുള്ളി.....നീയാണോ ഇത്രയും നാൾ. എനിക്ക് അറിയാൻ സാധിച്ചില്ലല്ലോ. കഴിഞ്ഞ രണ്ടു വർഷമായി നിന്റെ കവിതകളിലൂടെ ഞാൻ തേടുന്ന എന്റെ പ്രണയിനി..."
അവൾ അമ്പരന്നു നില്കുകയാണ്. അമ്മയും അച്ഛനും....
പെട്ടെന്നാണ് അകത്തെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. ആരോ ഓടി വരുന്ന കാലൊച്ച. എല്ലാവരും അങ്ങോട്ടു നോക്കി.
ആരാണവൾ..... അത്.... ഞാൻ കണ്ടിട്ടുണ്ടല്ലൊ.... എവിടെയോ... ഓർക്കുന്നില്ല....
അവൾ എന്റെ മുൻപിലെത്തി നിന്നു. അവൾ അണയ്ക്കുന്നുണ്ടായിരുന്നു. ആ മിഴികൾ ആശ്ചര്യവും ആനന്ദവും കൊണ്ട് തിളങ്ങുന്നു....
" ഞാൻ.... ഞാൻ ഗായത്രി. അങ്ങേയ്ക്കയച്ച കവിതകളിലെ നീർമിഴിത്തുള്ളി..... "
എനിക്ക് വിശ്വസിക്കാനായില്ല. എവിടെയോ കണ്ട മുഖം.. അതേ.. ഓർമ്മ വരുന്നു....
താൻ അന്ന് ഡിഗ്രി ഫൈനൽ ഇയർ. കോളജ് തലത്തിലെ കവിതാ രചനാമത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ ഗായത്രി. എനിക്ക് മൂന്നാം സ്ഥാനം. മൂന്നു ദിവസത്തെ പരിപാടി... കഥാരചന.. കവിതാ രചന...കഥാപ്രസംഗം.... കവിതാപാരായണം..
പക്ഷെ അവൾക്ക്...... അന്ന്.. ഞാൻ അവളുടെ വലതു കയ്യിലേയ്ക്കു നോക്കി...
അതേ..... വലതു കൈയ്ക്ക് സ്വാധീനമില്ലാത്ത കുട്ടി. ഇടതു കൈ കൊണ്ടെഴുതുന്ന കുട്ടി..
ഈശ്വരാ...... ഇവളാണോ എനിക്ക് കവിതകൾ അയച്ചിരുന്നത്....
എന്റെ നീർമിഴിത്തുള്ളി......
അവളുടെ വലതുകരം പിടിച്ച് നെഞ്ചോട് ചേർത്തു.....
"എന്തേ നീ ഇത്രയും നാൾ മറഞ്ഞിരുന്നു.. ഞാൻ എത്ര നാളായി അന്വേഷിക്കുന്നു.... "
അവളുടെ കണ്ണുനീർ കവിളിലേയ്ക്കൊഴുകി...
"എന്നെ ഇഷ്ടപ്പെടുമോ എന്ന പേടി. എന്റെ വൈകല്യം അതാണ് എന്നെ പിൻതിരിപ്പിച്ചത്... അന്ന് മനസിൽ തോന്നിയ പ്രണയം.. മത്സരത്തിൽ ജയിച്ചപ്പോൾ സ്ക്കൂളിന്റെ പേരും വീട്ടഡ്രസ്സും പറഞ്ഞു കൊടുത്തപ്പോൾ വെറുതെ നോട്ടുബുക്കിൽ കുറിച്ചു വച്ചു. പിന്നീട് ആ പ്രണയം മനപൂർവ്വം മറന്നു.. രണ്ടു വർഷം മുൻപ് പഴയ ബുക്കുകൾ അടുക്കി വയ്ക്കുന്ന കൂട്ടത്തിൽ ആ ബുക്ക് കണ്ടു. വീണ്ടും മനസിൽ മൊട്ടിട്ട പ്രണയം കവിതയായ്.... അവിടെ കിട്ടിയിട്ടുണ്ടോ എന്നു പോലും അറിയില്ലായിരുന്നു. എന്നെ മനസിലാകാതിരിക്കാനാണ് എന്റെ വിലാസം വയ്ക്കാതിരുന്നത്... എന്നെ കണ്ട് ഇഷ്ടപ്പെടാതെ തിരികെപ്പോയാൽ അത് എനിക്ക് താങ്ങാനാകുമായിരുന്നില്ല. കാവ്യയുടെ കൂടെ പഠിപ്പിക്കുന്ന മാഷ് വരുന്നു എന്നറിഞ്ഞപ്പോൾ മനപ്പൂർവം പുറത്തിറങ്ങാഞ്ഞതാണ്. ആരുടെയും സഹതാപം കാണാൻ വയ്യ. പക്ഷെ വരുന്നത് എന്റെ ......."
ബാക്കി പറയാൻ അവൾക്കായില്ല... ശബ്ദമിടറി..
എല്ലാവരും ആകെ സ്തബ്ധരായി നില്കുകയാണ്. കേട്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല...
ഞാൻ അവളുടെ കൈ പിടിച്ച് അച്ഛന്റെ അടുത്തു ചെന്നു...
"എനിക്ക് എന്റെ നീർമിഴിത്തുള്ളിയെ തരണം. ഇവളുടെ ഒരു കുറവും എനിയ്ക്ക് പ്രശ്നമല്ല. ഇവൾ എന്റേതാണ്.... എന്റേതു മാത്രം...."
അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അതിൽ മറുപടി ഉണ്ടായിരുന്നു..
കാവ്യ അടുത്തുവന്നിട്ട് ഗായത്രിയെ ചേർത്തു നിർത്തി...
"ഞങ്ങളുടെ നീർമിഴിത്തുള്ളിയെ മാഷെടുത്തോളൂ.. ഞങ്ങൾക്കെല്ലാം സമ്മതമാ.."
ഞാൻ അവളുടെ അമ്മയെ നോക്കി.... ആ മിഴികളിലും ആനന്ദാശ്രു ഒഴുകുന്നുണ്ടായിരുന്നു....
ജയകുമാർ ശശിധരൻ
.......................................

മധുരമീ പ്രണയം


മധുരമീ പ്രണയം
.............................
രാവിലെ ഫോൺ ബെല്ല് കേട്ടാണ് ഉണർന്നത്...
ഏതവനാണോ എന്തോ.... എണീറ്റ് ചെന്ന് റിസീവർ എടുത്ത് ചെവിയോട് ചേർത്തു ....മ്മ്ടെ നൻപനാണല്ലോ വിളിക്കുന്നത്..
"എന്താടാ ഇത്ര രാവിലെ "... ഉറക്കം പോയ കലിപ്പിൽ ചോദിച്ചു...
"രാവിലെയോ മണി പത്തായി നീ കല്യാണത്തിന് വരുന്നില്ലെ?"..
ഈശ്വരാ..... മണി പത്തായോ! മുഹൂർത്തം 11.30 കഴിഞ്ഞ് 12 മണിക്കകമാണ്....
"ദേ ഇപ്പം വരാം " എന്നും പറഞ്ഞ് റിസീവർ വച്ചു..
തലേന്നത്തെ കല്യാണ സത്കാരവും തേങ്ങ ചുരണ്ടലും പാലു പിഴിയലും 'എല്ലാ കാര്യങ്ങളും' കഴിഞ്ഞ് വെളുപ്പാൻ കാലത്ത് നാലു മണിക്കാണ് വീട്ടിലെത്തി കിടന്നത്....
ഞങ്ങളുടെ നാട്ടിലൊരു വായനശാല ഉണ്ട്..... നാട്ടുകാരുമായെല്ലാം നല്ല സൗഹൃദത്തിലായതു കൊണ്ട് എത് കല്യാണത്തിനും ഞങ്ങൾ അംഗങ്ങൾ എല്ലാവരും ഉണ്ടാകും.. കല്യാണത്തിന്റെ തലേന്നത്തെ സത്കാരം മുതൽ കല്യാണം കഴിഞ്ഞ് പാത്രം കഴുകുന്നതു വരെ ഞങ്ങടെ പണിയാണ്...
നമ്മളെയൊന്നും കണ്ടാൽ മൈൻഡു ചെയ്യാത്ത തരുണീമണികളുമായി സംസാരിക്കുവാനും ഒത്താൽ ലൈൻ വലിക്കുവാനും ഇത്രയും നല്ല അവസരങ്ങൾ കിട്ടില്ല എന്നതുകൊണ്ടാണെന്ന് നിങ്ങൾ കരുതരുത്...
ഇതിൽ നിന്നും കിട്ടുന്ന ചെറിയ തുക ചേർത്തുവച്ചാണ് പുസ്തകങ്ങൾ വാങ്ങുന്നതും വായനശാലയുടെ നടത്തിപ്പും....
പെട്ടെന്ന് കുളിച്ച് റെഡിയായ് ചെറിയ കസവു കരയുള്ള മുണ്ടുടുത്ത് ബൈക്കുമെടുത്ത് ഓഡിറ്റോറിയത്തിലേക്ക് വച്ചുപിടിച്ചു...
ഓഡിറ്റോറിയത്തിൽ എത്തി..... നേരെ പാചകപ്പുരയിൽ ചെന്ന് പരിചയം പുതുക്കി എല്ലാം റെഡിയാണെന്നുറപ്പു വരുത്തി.... കൂട്ടുകാരുമായി വിളമ്പാനുള്ള തയ്യാറെടുപ്പുകൾ നടത്തി പെൺ വീട്ടുകാരുടെ കാരണവരുടെ അനുവാദത്തിന് കാത്തു നിന്നു....
അതി മനോഹരമായി അലങ്കരിച്ച മണ്ഡപം.. അന്നൊക്കെ അത് വളരെ അപൂർവ്വമായിരുന്നു.. പണക്കാർ മാത്രമെ ചെയ്തിരുന്നുള്ളു.. ഇന്നിത് സർവ്വസാധാരണം..
വെളിയിൽ അലങ്കരിച്ച മിത്സുബ് ഷി ലാൻസർ കാർ.. കല്യാണച്ചെറുക്കനുള്ളതാണ്..
ഹൊ.. ഭാഗ്യവാൻ.. ആത്മഗതം ....
അതിലെല്ലാമുപരി ഞങ്ങളുടെ നാട്ടിലെ വലിയ സ്വർണ്ണക്കട മുതലാളിയുടെ ഒറ്റ മകൾ..
നാട്ടിലെ ചെറുപ്പക്കാരുടെ ആരാധനാപാത്രം...
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ക്കൂളിൽ പഠിച്ച...... സ്ക്കൂൾ ബസിൽ വരുന്ന കുട്ടി...
ബസ്സിൽ പോകുമ്പോൾ വഴിയരികിൽ നിന്ന് ഞാൻ നോക്കാറുണ്ട് പക്ഷെ ഇന്നുവരെ ഇങ്ങോട്ട് നോക്കിയിട്ടില്ല..
പെട്ടെന്നാണ് ഓഡിറ്റോറിയത്തിന്റെ മുൻ വശത്തൊരു ബഹളം..
അവിടേക്ക് ചെന്നപ്പോൾ കണ്ടത് പെണ്ണിന്റെ അച്ഛൻ തലയ്ക്ക് കൈ കൊടുത്തിരുന്ന് കരയുന്നതാണ്... ആരൊക്കെയോ ഒരാളോട് ചൂടായി സംസാരിക്കുന്നുണ്ട്..
അവിടെ നിൽക്കുന്ന ഒരു പരിചയക്കാരനോട് കാര്യം തിരക്കി.....
പയ്യന്റെ വീട്ടുകാർ കല്യാണം വേണ്ടെന്ന് വച്ചത്രെ...
കല്യാണപ്പെണ്ണ് അനാഥയാണെന്ന്.... അവളെ മക്കളില്ലാതിരുന്ന ഇവർ എടുത്തു വളർത്തിയതാണെന്ന്...
വെളുപ്പിന് ആരോ ഫോൺ ചെയ്തു പറഞ്ഞു... അനാഥാലയത്തിന്റെ അഡ്രസ്സും കൊടുത്തു...
പയ്യന്റെ വീട്ടുകാർ അവിടെപ്പോയി അന്വേഷിച്ച് സത്യമാണെന്ന് മനസിലാക്കി.....
അവരെ പറ്റിച്ച ആൾക്കാരുമായി ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു...
പയ്യന്റെ അമ്മാവനാണ് വന്നത്.. അയാൾ പെൺകുട്ടിയുടെ അച്ഛനോട് ദേഷ്യത്തിൽ ചോദിച്ചു...
" തന്തയും തള്ളയുമില്ലാതെ എവിടെയോ വളർന്നതിനെയൊന്നും അവനു വേണ്ട.... അവന്റെ കല്യാണം നല്ല അന്തസുള്ള കുടുംബത്തിൽ നിന്നും നടത്തും....."
അതുവരെ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്ന പെൺകുട്ടിയുടെ അച്ഛൻ ചാടിയെഴുന്നേറ്റ് അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ചു....
" ജന്മം കൊണ്ട് അനാഥയായിരിക്കും പക്ഷെ അവൾ എന്റെ മോളു തന്നെയാ.... അങ്ങനെ തന്നെയാ അവളെ വളർത്തിയെ.... എവിടെ നിന്നോ എത്തിയ ഗർഭിണിയായ ഒരു സ്ത്രീ പ്രസവത്തോടെ അവിടെ വച്ചു മരണപ്പെട്ടു... കുഞ്ഞിന് ദോഷങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ജനനസമയവും നാളും വാങ്ങി ജാതകമെഴുതി.. ജാതകം ചേരുന്നൊരാളെ കൊണ്ടു മാത്രമെ അവളെ കല്യാണം കഴിപ്പിക്കു എന്നുള്ളതുകൊണ്ടാണ് ഇത്രയും നാൾ നീണ്ടത്... അതുകൊണ്ടൊരു ദോഷവും വരരുതെന്ന് കരുതി..
കൈ കുഞ്ഞായി ഞങ്ങളുടെ കയ്യിലേക്ക് അവളെ വാങ്ങുമ്പോൾ അവളെ ഈ നെഞ്ചിലിട്ട് വളർത്തിയപ്പോൾ അവളുടെ ശാഠ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും കൂട്ടുനിന്നപ്പോൾ.... ഞങ്ങളുടെ മോളല്ല എന്ന് തോന്നിയിട്ടില്ല... ഞങ്ങളുടെ നാട് വിട്ട് ഇവിടെ വന്നു താമസിച്ചതു പോലും അവൾ വളർന്നു വരുമ്പോൾ ഇത് അറിയാതിരിക്കാനാണ്.... ഇത്രയും നാൾ എന്റെ പൊന്നുമോളായി വളർത്തിയ അവൾ അനാഥയാണെന്ന് ഞാൻ എന്തിന് പറയണം... അവൾ എന്റെ സ്വന്തം മകൾ തന്നെയാണ്...."
അയാളുടെ കഴുത്തിൽ നിന്നും പിടിവിട്ട അയാൾ നിന്നു കിതച്ചു....
ആരോ അയാളെ കസേരയിലിരുത്തി....
പയ്യന്റെ അമ്മാവൻ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു....
"കല്യാണം കഴിഞ്ഞിട്ടാണ് അവർ അറിയുന്നതെങ്കിലോ, ഇപ്പോൾ ആയതു നന്നായി.. മനുഷ്യത്വമില്ലാത്ത അവരുമായി ബന്ധം നടക്കാഞ്ഞത് പെൺകുട്ടിയുടെ ഭാഗ്യം .".. ആരോ പറഞ്ഞു..
എല്ലാവരും കുട്ടിയുടെ അച്ഛനെ ആശ്വസിപ്പിച്ചു..
' പെൺകുട്ടിയുടെ മാമൻ ' അവിടേക്ക് വന്നു.. ഇന്നലെ ഒരുമിച്ചിരുന്ന് തേങ്ങ ചുരണ്ടിയതാണ്.. പാവം അയാളും കരയുന്നുണ്ടായിരുന്നു...
കുട്ടിയുടെ അച്ഛന്റെ കൈ പിടിച്ചിട്ട് പറഞ്ഞു
" വിഷമിക്കാതിരിക്ക് ... എല്ലാം നല്ലതിനാണെന്ന് കരുതുക... നമുക്ക് നല്ല ഒരു പയ്യനെ കണ്ടു പിടിക്കാം."...
" എന്റെ കുട്ടിയ്ക്ക് എന്തൊക്കെയുണ്ടായിട്ടെന്താ കാര്യം ചൊവ്വാദോഷമല്ലെ.. ചേരുന്നൊരു ജാതകം നോക്കിയിരുന്ന് വയസ് 24 ആയി.. എല്ലാം ചേർന്നപ്പോൾ ഇങ്ങനെയുമായി.. ഇനിയവൾക്ക് ജാതകവശാൽ 30 വയസ്സിലെ മംഗല്യ യോഗമുള്ളു........ ഭഗവാനെ നീ തന്നെ തുണ.. "
കുട്ടിയുടെ അച്ഛച്ഛൻ നെടുവീർപ്പിട്ടു..
പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്നും ഒരു ശബ്ദം...
"ഇവിടെ ആരെങ്കിലുമുണ്ടോ എന്ന് നോക്ക്.. മുഹൂർത്തത്തിന് സമയമുണ്ട്.. "
കുട്ടിയുടെ അച്ഛനും മാമനും കാർന്നോരുമെല്ലാം ശബ്ദം കേട്ടിടത്തേക്ക് നോക്കി... നാട്ടിലെ ഒരു പൊതു പ്രവർത്തകനാണ്....
മറ്റുള്ളവരുടെയും അഭിപ്രായവും അതായിരുന്നു...
"സമ്പത്തു മാത്രം നോക്കിയാൽ പോര നല്ല സ്വഭാവമുള്ള പയ്യനാ വേണ്ടത്.. "...വേറൊരാൾ
കുട്ടിയുടെ അച്ഛൻ എല്ലാരുടെയും മുഖത്തേക്ക് മാറി മാറി നോക്കി... ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു...
പെട്ടെന്ന് ബ്രോക്കർ എന്റെ കൈ പിടിച്ച് മുന്നിലേക്ക് നിർത്തി.....
" ഇവന് ചൊവ്വാദോഷമുണ്ട്. ബികോം കഴിഞ്ഞു ഒരു സ്വർണ്ണക്കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.. അങ്ങേക്ക് ഇഷ്ടമുണ്ടേൽ മാത്രം. ഗ്രഹനില എന്റെ കയ്യിലുണ്ട്. ജാതക ചേർച്ച നോക്കാം. അമ്പലത്തിലെ തിരുമേനി ഇവിടുണ്ടല്ലോ.."
ഇന്നലെയാണ് അമ്മ ഗ്രഹനില അമ്മാവനെ ഏല്പിച്ചത്... അത് ഇത്ര പെട്ടെന്ന് ആവശ്യം വരുമെന്നറിഞ്ഞില്ല.
കുട്ടിയുടെ അച്ഛൻ മുഖമുയർത്തി നോക്കി.. എന്റെ വീട്ടുകാരെ അദ്ദേഹത്തിന് അറിയാമായിരുന്നു.....
അദ്ദേഹം പെട്ടെന്നെഴുന്നേറ്റ് ബ്രോക്കറുടെ കയ്യിൽ നിന്നും ഗ്രഹനില വാങ്ങി തിരുമേനിയെ ഏല്പിച്ചു... എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലേക്കായി..
ചെണ്ടകൊട്ടുന്ന ശബ്ദം കേൾക്കുന്നുണ്ടോ?.. ഞാൻ ചെവിയോർത്തു.... അപ്പോഴാണ് എന്റെ നെഞ്ചിടിപ്പാണെന്ന് മനസ്സിലായത്..
ലോട്ടറി അടിക്കാൻ ഒരു നമ്പർകൂടി ശരിയാകാൻ കാത്തു നിൽക്കുന്നവന്റെ അവസ്ഥയിലായിരുന്നു ഞാൻ...
തിരുമേനി മുഖമുയർത്തി.....
എല്ലാവരും ആകാംക്ഷയിലാണ്...
"നാള് ചേരും എട്ടു പൊരുത്തമുണ്ട്... "
ഇത് കേട്ടപ്പോൾ അയാളെ പൊക്കിയെടുത്ത് ഉമ്മ കൊടുത്തിട്ട് 100 രൂപ വണ്ടിക്കൂലിയും കൊടുക്കണമെന്ന് തോന്നി... പക്ഷെ നിയന്ത്രിച്ചു..
കുട്ടിയുടെ അച്ഛൻ അടുത്തേക്ക് വന്ന് കൈകൾ പിടിച്ചിട്ട് ചോദിച്ചു...
"എന്റെ മോളെ ഞാൻ മോനെ ഏല്പിക്കട്ടെ..... അവൾ ഞങ്ങളുടെ ജീവനാണ്..."
അറിയാതെ എന്റെ കണ്ണു നിറഞ്ഞു...
"തീർച്ചയായും, ഞാൻ നോക്കിക്കൊള്ളാം. എന്റെ ജീവനെപ്പോലെ കാത്തു കൊള്ളാം. അവളുടെ ഭൂതകാലമൊന്നും എനിക്ക് പ്രശ്നമല്ല... പക്ഷെ ഒരു കാര്യം മാത്രം എനിക്കറിയണം.. എന്നെ അവൾക്കിഷ്ടമാണോ എന്നത്.
എനിക്ക് കുട്ടിയുമായി ഒറ്റയ്ക്കൊന്നു സംസാരിക്കണം.. "
അവളുടെ ഡ്രസ്സിംഗ് റൂമിലേക്ക് ചെന്നു.. എല്ലാവരും പുറത്തിറങ്ങി... കൂടെ കരഞ്ഞു കലങ്ങിയ കണ്ണുമായി അവളുടെ അമ്മയും....
ഞാൻ കതകു ചാരി...
മുഖം താഴ്ത്തി നില്ക്കുകയാണ് അവൾ.. പട്ടുസാരിയിൽ ഒന്നു കൂടിസുന്ദരിയായിരിക്കുന്നു... ഞാൻ പതുക്കെ അവളെ വിളിച്ചു..അവൾ മുഖമുയർത്തി.. കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. കൺമഷി പടർന്നിരിക്കുന്നു...
എന്താണ് പറയേണ്ടത് .... പഠിക്കാൻ പോകുമ്പോൾ വഴിവക്കിൽ നിൽക്കുന്ന എന്നെ നോക്കുക പോലും ചെയ്യാതെ പോയിരുന്നവൾ.... അർഹതയില്ലായിരുന്നിട്ടും തന്റേതാണെന്ന് കരുതിയവൾ... വലുതായപ്പോൾ സ്വയം മാറി നിന്നു.... കോളേജിൽ പോകുന്ന അവളെ കാണുമ്പോൾ കാണാത്തതുപോലെ കടന്നു പോയി... ഉത്സവങ്ങൾക്കോ വിശേഷങ്ങൾക്കോ കാണുമ്പോൾ മുന്നിൽ പെടാതെ നിന്നു... പക്ഷെ അവളെ മറക്കാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല.....
വിവാഹം ചെയ്യാനിരുന്ന സമ്പന്നനും സുന്ദരനുമായ ആളുമായി താരതമ്യം ചെയ്യുമ്പോൾ എന്നെ ഇഷ്ടമാകുമോ?...
ഞാൻ അവളുടെ അടുത്തെത്തി പതുക്കെ ചോദിച്ചു...
"കാര്യങ്ങളൊക്കെ ഇങ്ങനെയായി... എന്നാലും തനിക്ക് ഇഷ്ടമില്ല എങ്കിൽ തുറന്നു പറയാം. ജാതകം ചേർച്ചയൊക്കെ വിഷയമല്ല. തനിക്ക് ഇനിയും നല്ല ബന്ധം കിട്ടും. പിന്നീടൊരു മനോവിഷമം ഉണ്ടാകാൻ പാടില്ല.. എന്നെ കണ്ടിട്ടുണ്ടോ എന്നു പോലും എനിക്കറിയില്ല. എന്നാലും ചോദിക്കുവാണ്...
എന്നെ ഇഷ്ടമാണോ? ഞാൻ കല്യാണം കഴിക്കട്ടെ..."
ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..
പക്ഷെ അവളുടെ വാക്കുകൾ കേട്ട് സ്തബ്ധനായി..
" കാണുകയോ കേൾക്കുകയോ പരിചയമോ ഇല്ലാത്ത ഒരാളെ ഞാൻ എങ്ങനെ വിവാഹം കഴിക്കും.. മനസിൽ ചെറിയ ഒരിഷ്ടമെങ്കിലും തോന്നണ്ടെ. എനിക്കും ചില സങ്കല്‌പങ്ങളുണ്ട് എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ കുറിച്ച് ... ഇനിയും ചേർച്ചയുള്ളതു വരാനായി ഞാൻ കാത്തിരിക്കും... "
ശ്വാസം നിലച്ചതു പോലെ തോന്നി....സ്വബോധം വീണ്ടെടുത്ത് അവളെ നോക്കി പുഞ്ചിരിച്ചു...
"സാരമില്ല ഇങ്ങനെയൊന്നും നടന്നിട്ടില്ല എന്നു കരുതുക. നല്ലതു മാത്രം വരട്ടെ ".
ഇത്രയും പറഞ്ഞു തിരിഞ്ഞ് നടന്നു...
പെട്ടെന്ന് മുതുകിൽ അതിശക്തമായൊരിടി കിട്ടി... തിരിഞ്ഞു നോക്കിയ എന്നെ അതിശയിപ്പിച്ചു കൊണ്ടു അവൾ പറഞ്ഞു
"അയ്യടാ.. അങ്ങനങ്ങു പോയാലോ..."
എന്റെ കൈ ചേർത്തു പിടിച്ചിട്ട് അവൾ പറഞ്ഞത് വിശ്വസിക്കാനായില്ല..
" ഇത്രയും വർഷവും മനസിൽ ഒളിപ്പിച്ചിരുന്ന സ്നേഹം. അത് ഒരാളോട് മാത്രമെ തോന്നിയിട്ടുള്ളു. ഒരു പാട് തവണ. ഒരു പാട് സ്ഥലത്തു വച്ചു നോക്കി നിന്നിട്ടുണ്ട്.. ഇങ്ങോട്ടൊരു നോട്ടം പ്രതീക്ഷിച്ച്.. ഇഷ്ടമാണ് എന്ന ഒരു വാക്കിനു വേണ്ടി... എന്റെ ഏതിഷ്ടവും അച്ഛൻ സാധിച്ചു തരുമായിരുന്നു. അച്ഛനെയും അമ്മയെയും ഞാൻ വിഷമിപ്പിക്കില്ല.എന്നെ അത്രത്തോളം സ്നേഹിച്ചാണ് അവർ വളർത്തിയത്. അവരുടെ ഇഷ്ടത്തിന് ഞാൻ എതിരുനില്ക്കുകയുമില്ല.. എല്ലാം മറന്നാണ് ഈ കല്ലാണത്തിന് സമ്മതിച്ചത്. പക്ഷെ ദൈവം എന്റെ കൂടെയാണ്.. എനിക്ക് എന്റെ ചേട്ടനെ തന്നെ തന്നു.. "
അവൾ പറഞ്ഞതു കേട്ട് പൊക്കിയെടുത്തു കറക്കണമെന്നുണ്ടായിരുന്നു...
പക്ഷെ അപ്പോഴേക്കും വാതിലിൽ മുട്ടുകേട്ടു...
"മുഹൂർത്തം ആകാറായി...."
പിന്നെ എല്ലാം വേഗത്തിലായി.... എല്ലാം സ്വപ്നത്തിൽ നടക്കുന്നതായി തോന്നി...
ഒരുമിച്ചുള്ള ഫോട്ടോ എടുപ്പും നടത്തവുമൊക്കെ കണ്ടു കൂട്ടുകാർ ചോദിച്ചു
"നിങ്ങൾ തമ്മിൽ ലൗ ആയിരുന്നോ.... എല്ലാം അഡ്ജസ്ററുമെൻറായിരുന്നോ. "
ഞാൻ അവളെ നോക്കി.... അവൾ എന്നെയും..
സദ്യയൊക്കെ കഴിഞ്ഞ് കാറിൽ കയറിയിരുന്നു... ഭാഗ്യവാന് കൊടുക്കാൻ വച്ചിരുന്ന കാർ ഇപ്പോൾ ഈ ഭാഗ്യവാനാണ് കിട്ടിയത്....
എല്ലാവരോടും യാത്ര പറഞ്ഞു.... വണ്ടി മുന്നോട്ട് നീങ്ങി....
"ചേട്ടന്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടമാകുമോ?" അവൾ ചോദിച്ചു....
" ലോട്ടറിയടിച്ച ഒന്നാം സമ്മാനവും കാറും കൊണ്ടുചെന്നാൽ ഏതു വീട്ടുകാരാണ് വേണ്ടെന്ന് പറയുക.. "
അന്നു കിട്ടിയ നുള്ളിന്റെ പാട് ഇപ്പോഴും ചുവന്നു കിടപ്പുണ്ട്.....
രാത്രിയിൽ എന്റെ മാറിൽ ചേർന്നു കിടന്നുറങ്ങുന്ന അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് മനസ് മന്ത്രിച്ചു.... മാപ്പ്.... ഞാൻ ചെയ്ത തെറ്റിനെല്ലാം മാപ്പ്....
ദൈവം എന്നോട് ക്ഷമിച്ചിരുന്നു.. അല്ലെങ്കിൽ നീ എന്റേതാകുമായിരുന്നില്ല....
ഇന്നലെ രാത്രി ഒരുമിച്ച് തേങ്ങ ചുരണ്ടി കഴിഞ്ഞ് നന്നായി മദ്യപിച്ച നിന്റെ മാമൻ നിന്നെ പിരിയുന്ന വിഷമം പറഞ്ഞു കരഞ്ഞുകൊണ്ട് ആ സത്യം എന്നോട് പറയുമ്പോൾ.....
വേണ്ട എന്ന് മനസ് വിലക്കിയിട്ടും ..... നിന്നെ ആർക്കും വിട്ടുകൊടുക്കാൻ കഴിഞ്ഞില്ല പ്രിയേ...
അപ്പോൾ തന്നെ അവിടെ നിന്നും ബ്രോക്കർ അമ്മാവന്റെ വീട്ടിലെത്തി അയാളെ പറഞ്ഞു സമ്മതിപ്പിച്ചു.... അയാൾ എന്നോട് ഒരു കാര്യം മാത്രമെ ആവശ്യപ്പെട്ടുള്ളു.....
നിന്റെ പൂർണ്ണ സമ്മതം......
ദൈവം നമ്മളോടൊപ്പം ഉണ്ടെങ്കിൽ എല്ലാം ഭംഗിയായി കലാശിക്കുമെന്ന് അനുഗ്രഹിച്ച് ചെറുക്കൻ വീട്ടുകാരുടെ നമ്പർ തന്നു....
നീയെന്റെതാകാനായിരിക്കാം ഒരു പക്ഷെ ഇങ്ങനൊരു ഭൂതകാലം നിനക്കു തന്നത്.....
ഒരിക്കൽ ഞാൻ നിന്നോട് സത്യങ്ങൾ എല്ലാം പറയും....
" .......അന്ന് നീയെന്നോട് ക്ഷമിക്കില്ലെ...."
ജയകുമാർ ശശിധരൻ

ഗുണ്ടായിസം


ഗുണ്ടായിസം
................................
ഡിഗ്രിപഠനം കഴിഞ്ഞു തട്ടുമുട്ടുപരിപാടികളുമായി നടക്കുന്ന കാലം. ഒരു ദിവസം അണ്ണൻ ( വല്യച്ഛന്റെ മകൻ ) വീട്ടിൽ വന്നിട്ട് ഒരു കല്യാണ പാർട്ടിക്ക് പോകാൻ ഒരുങ്ങാൻ പറഞ്ഞു. കല്യാണത്തലേന്ന് ആയതിനാൽ പൊറോട്ടയും ഇറച്ചിയും ആയിരിക്കുമെന്നുള്ളതുകൊണ്ട് വേഗം റെഡിയായി ബൈക്കിൽ പിറകിൽ കയറിയിരിപ്പായി .
കുറച്ചു ദൂരം ചെന്നപ്പോൾ വണ്ടി ഒതുക്കി നിർത്തിയിട്ട് അണ്ണൻ പറഞ്ഞു
"കല്യാണ വീട്ടിൽ ചെന്നിട്ട് ചിരിക്കാതെ മസിലും പിടിച്ച് നില്കണം".
ഞാൻ ഞെട്ടി... എന്തായിത് കല്യാണ വീട്ടിൽ ചെന്നിട്ട് ചിരിക്കാതെ മസിലും പിടിച്ചിരിക്കണമെന്നോ... എന്നെക്കൊണ്ടു പറ്റൂല്ല...
ബാക്കി കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത് സേതുവേട്ടന്റെ കൊച്ചിൻഹൈദ്രോസാകാനാണ് വിളിക്കുന്നതെന്ന്.... മനസിലായില്ലല്ലെ... ഗുണ്ടയായിട്ട് ചെല്ലാനാണ്... കല്യാണ ആവശ്യത്തിന് സ്വർണ്ണം വിറ്റതിന്റെ കാശ് തലേ ദിവസം വാങ്ങാൻ പോകുവാണ് .കല്യാണം കഴിഞ്ഞാൽ കിട്ടാൻ പ്രയാസമാണ്.
ഞാൻ ചോദിച്ചു "അണ്ണാ ഞാൻ തന്നെ വരണൊ.... "
അണ്ണന്റെ മറുപടിയിൽ ഞാൻ വീണു...
"നീ വന്നാലെ ശരിയാകൂ..നിന്റെ മുഖത്തില്ലേലും ശരീരം കൊണ്ട് ഗുണ്ടാ ലുക്ക് ഉണ്ട്..നിന്നെപ്പോലെ തടിയുള്ളവർ കൂടെയുണ്ടേൽ കാശ് എളുപ്പം കിട്ടും ".
തടിയാ തടിയാ എന്ന് കളിയാക്കി വിളിച്ചിരുന്ന ആളാണ് ഇപ്പോൾ ഈ പറഞ്ഞെ...
എന്തായാലും ഇറങ്ങി ഇനി രണ്ടിലൊന്ന്...
അണ്ണന്റെ കൂട്ടുകാരന്റെ ബന്ധുവാണ് സ്വർണ്ണം വാങ്ങിയെ... വീട് തിരക്കി കണ്ടു പിടിച്ചു....ഓല മേഞ്ഞ വീട്.. ചെറിയ പന്തലിട്ടിട്ടുണ്ട്... കുറച്ചു പേർ അവിടവിടെ ഇരിക്കുന്നു... വീടിന്റെ നാലു വശവും വെള്ളം.. വയലിന്റെ കരയാണ്... വൈകുന്നേരം വരെ പെയ്ത മഴയിൽ വഴി പോലും അറിയാൻ വയ്യ...
ഞാൻ മനസ്സിൽ പറഞ്ഞു... മിക്കവാറും പണിയാകും... അവിടം കണ്ടാലെ അറിയാം ആൾക്കാർക്ക് വരാൻ പറ്റാത്തതിനാൽ കാശ് റെഡിയായിരിക്കില്ല..
"ഈ അവസ്ഥയിൽ പിരിവൊന്നും കിട്ടി കാണില്ല ". ഞാൻ അണ്ണനോട് പറഞ്ഞു..
കുടുംബത്തിലെ ഏറ്റവും ദേഷ്യക്കാരനാണ് നമ്മുടെ കക്ഷി...
"എന്തായാലും കാശ് വാങ്ങിയെ പറ്റൂ.. കാര്യം നടന്നു കഴിഞ്ഞാൽ ഇവരുടെയൊക്കെ കയ്യിൽ നിന്നും വാങ്ങിയെടുക്കാൻ പറ്റില്ല. സിംപതിയും കൊണ്ടു നടന്നാൽ ജീവിക്കാൻ പറ്റില്ല "..അണ്ണന്റെ മറുപടി.
ബൈക്ക് ഒതുക്കി വച്ച്.. മുഖത്ത് ഗൗരവം വരുത്തി കൈ ചുരുട്ടി പിടിച്ച് ഉള്ള മസി ൽ പെരുപ്പിച്ച് ..പതുക്കെ മുട്ടൊപ്പം വെള്ളത്തിലൂടെ നടന്ന് ആ വീട്ടിലെത്തി..
ഞങ്ങൾ നടന്നുവരുന്നത് കണ്ടതും അണ്ണന്റെ കൂട്ടുകാരൻ ഓടി വന്നു.. കൂടെ ഒരാളും.. അത് കല്യാണ പെണ്ണിന്റെ അച്ഛനായിരുന്നുവെന്ന് പറയാതെ തന്നെ മുഖം വ്യക്തമാക്കി... സങ്കടവും പേടിയും എല്ലാം ചേർന്ന ഭാവം...അയാളെ കണ്ട എന്റെ മനസ് പിടയാൻ തുടങ്ങി... ഗൗരവവും മസിലും എല്ലാം പോയി. അയാൾ വിറയലോടെ പറഞ്ഞു...
"മഴയായോണ്ട് ആൾക്കാർ ഒന്നും വന്നില്ല.. വഴിയും മോശമായി.. മുറ്റമെല്ലാം വെള്ളം കയറി.. ബഹളമൊന്നും വയ്ക്കരുത്... നാളെ കല്യാണം കഴിഞ്ഞു കാശ് തരാം.. "
ഞാൻ അണ്ണന്റെ കയ്യിൽ മുറുകെ പിടിച്ചു... അവിവേകം വല്ലതും കാണിച്ചാലോ... പക്ഷെ ആളനങ്ങുന്നില്ല.. ഒന്നും മിണ്ടുന്നുമില്ല...ഞാൻ മുഖത്തേക്ക് നോക്കി.. വലിഞ്ഞു മുറുകിയിരിക്കുന്നു.. എന്തും സംഭവിക്കാം...
അയാൾ എന്റെ അടുത്തേക്ക് വന്ന് കൈ പിടിച്ചിട്ട് പറഞ്ഞു..
"നാളെ തീർച്ചയായും തരാം.. ".
കൈയുടെ വിറയൽ എനിക്കനുഭവപ്പെട്ടു... എന്റെ മനസ്സിലൂടെ എന്റെ അപ്പന്റെയും പെങ്ങളുടെയും മുഖം കടന്നു പോയി... എന്തു പറയണം ചെയ്യണം.. ഒന്നുമറിയില്ല.. അണ്ണനാണേൽ ടാബ്ലോ കളിക്കുന്നു..
അണ്ണന്റെ കൂട്ടുകാരൻ അടുത്തു വന്നിട്ട് പറഞ്ഞു..
"നാളെ ഞാൻ കൊണ്ടുത്തരാം"
ഞാൻ അണ്ണനെ നോക്കി... അതേ നില്പ്..
വീടിന്റെ ചെറിയ ജനാലയിലൂടെ കുറെ മുഖങ്ങൾ.. അതിൽ ഒരു മുഖം കല്യാണ പെണ്ണിന്റെതായിരുന്നു. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..
ആ മുഖത്തു നോക്കാനുള്ള ശക്തിയില്ലാതെ ഞാൻ തല താഴ്ത്തി... നാളത്തെ ദിവസത്തിന്റെ സന്തോഷത്തിലിരിയ്ക്കേണ്ട കുട്ടി.. അവളുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു...
ഞങ്ങളെപ്പറ്റിയെന്താകും അവളുടെ മനസ്സിൽ.. ദുഷ്ടന്മാർ എന്നാകുമോ?...
മനസ് ആകെ കലങ്ങിമറിയുന്നു.. തീരുമാനം പറയേണ്ടയാൾ മിണ്ടുന്നുമില്ല...
പെട്ടെന്ന് അണ്ണൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു... ആശ്വാസത്തോടെ ഞാനും.. ഇനി ഈ പരിപാടിക്കില്ല എന്നു മനസ്സിൽ ഉറപ്പിച്ചിരുന്നു....
"കാപ്പി കുടിച്ചിട്ട് പോകാം ".... പെണ്ണിന്റെ അച്ഛൻ ..
"വേണ്ട... കഴിച്ചതേ ഉള്ളു"... എന്നും പറഞ്ഞ് ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു....
ജനാലയിലൂടെ കണ്ട മുഖത്തും ചെറു ചിരി കണ്ടു... ആശ്വാസത്തിന്റെയോ നന്ദിയുടെയോ...
ബൈക്കിൽ കയറിയിട്ട് അണ്ണൻ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു..
"നാളെയോ മറ്റന്നാളോ തരുമായിരിക്കും അല്ലെ...."
ആ കണ്ണിൽ ചെറിയ ഒരു നനവുണ്ടോന്നൊരു സംശയം.....
ഞാൻ ഉറച്ച വിശ്വാസത്തോടെ പറഞ്ഞു
"നല്ല വരെ ദൈവം പരീക്ഷിക്കും, പക്ഷെ കൈവിടില്ല. അവരുടെ കാശ് നാളെ കിട്ടും.. അതോടൊപ്പം ഒരു കുടുംബത്തിന്റെ പ്രാർത്ഥനയും ".
ജയകുമാർ ശശിധരൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo