Slider

എന്റെ പെണ്ണ്

0

എന്റെ പെണ്ണ്
........................
'ഏതോ ജന്മ കല്പനയിൽ ഏതോ ജന്മ വീഥികളിൽ എന്നും നീ വന്നൂ..
ഒരു നിമിഷം .. ഈ ഒരു നിമിഷം വീണ്ടും നമ്മളൊന്നായി...'
മോളെ... നിന്റെ ഇഷ്ട ഗാനം മൂളിയപ്പോൾ ഇതാ മേഘങ്ങൾ മഴ പൊഴിയ്ക്കാൻ തുടങ്ങി.. എന്റെ പ്രിയേ.. നമ്മൾ ഒരുമിച്ച് ആസ്വദിച്ച ഗാനം.. നിന്റെ ചുണ്ടുകൾ എപ്പോഴും മൂളുന്ന ഗാനം.. എന്തു മനോഹരമായ നാളുകൾ. നിന്നോടൊപ്പമുള്ള ഓരോ ദിവസങ്ങളും അവസാനിയ്ക്കല്ലെ എന്നാണ് എന്റെ പ്രാർത്ഥന..
" അയ്യടാ... മഴയല്ല.. എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്. എഴുന്നേൽക്ക് അങ്ങോട്ട്.. സമയം എത്രയായെന്നാ വിചാരം. പോയി പാലും മീനും മലക്കറിയുമൊക്കെ വാങ്ങിയിട്ടു വാ.. "
ഞെട്ടിയുണർന്ന അവൻ കണ്ടത് ഗ്ലാസിൽ വെള്ളവുമായി നിൽക്കുന്ന തന്റെ പ്രണയിനിയിൽ നിന്നും പ്രിയതമയായവളെയാണ്.
ങേ.. സ്വപ്നമായിരുന്നോ.. അവള് വെള്ളം കുടഞ്ഞതായിരുന്നോ... അല്ലേലും സ്വപ്നത്തിലെ ഇനി അങ്ങനുള്ള ദിവസങ്ങളുള്ളു. കാമുകിയിൽ നിന്നും ഭാര്യയിലേയ്ക്കുള്ള മാറ്റം ഇത്ര ഭീകരമായിരിയ്ക്കുമെന്നറിഞ്ഞില്ല..
"കുറച്ചു കൂടി കിടക്കട്ടെടീ.. എന്റെ പൊന്നല്ലെ.."
"പൊന്നും വെള്ളിയുമൊന്നും പറഞ്ഞു സോപ്പിടണ്ട. എണീയ്ക്കുന്നുണ്ടോ അതോ.. "
അവൻ ചാടി എണീറ്റു. അല്ലെങ്കിൽ അടുത്തത് ആക്രമണമാണെന്ന് അവനറിയാം..
"പിന്നെയേ ഞാൻ പറഞ്ഞ കാര്യമെന്തായി. മതിലു പൊക്കി കെട്ടുന്ന കാര്യം. വയ്യെങ്കിൽ പറ ഞാൻ ആളെ വിളിച്ചോളാം."
" അത് ഒരാഴ്ചയ്ക്കുള്ളിൽ ആള് വരും. വേറെ ഒരു പണിയിലാണ്. നീ ഒന്നു ക്ഷമിയ്ക്ക്.. "
"ഹും.. ഒരാഴ്ച.. ശരി. "
അവൾ തിരിഞ്ഞ് അടുക്കളയിലേയ്ക്ക് പോയി.
അപ്പുറത്തെ വീട്ടിൽ പുതിയ വാടകക്കാർ വന്നപ്പോൾ മുതൽ തുടങ്ങിയതാ. അവിടെ പ്രായപൂർത്തിയായ രണ്ടു പെൺകുട്ടികൾ ഉണ്ടത്രെ.. അവർ നല്ല കുട്ടികളാണെന്ന് പറഞ്ഞപ്പോൾ അവരെയല്ല തന്നെയാണ് വിശ്വാസക്കുറവെന്ന്.. അഞ്ചു വർഷം പ്രേമിച്ച് അവസാനം വീട്ടുകാരെക്കൊണ്ടു സമ്മതിപ്പിച്ച് വിവാഹം കഴിച്ച തന്നോടു തന്നെ അവൾ അതു പറയണം.
സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോൾ ആ കുട്ടികളും കൂടെയുണ്ടായിരുന്നു. അവരോട് ചിരിച്ച് തമാശകൾ പറഞ്ഞു നോക്കുമ്പോൾ ശ്രീമതി മുറ്റത്തു നിൽക്കുന്നു.
അവർ കൈ വീശി കാണിച്ചപ്പോൾ തിരിച്ചും ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചിട്ട് തന്റെ നേരെ നോക്കുന്നു..
'എന്റമ്മോ.... ഇന്നത്തെ കാര്യം കുശാലായി..'
നടത്തയ്ക്ക് ഒരു ബലക്കുറവ്.. പതുക്കെ അകത്തേയ്ക്ക് നടന്നു. പിറകെ അവളും. മുൻവാതിലടച്ചു..
അയ്യോ ഇപ്പോൾ തുടങ്ങും..
" എന്താണ് നിങ്ങൾക്ക് അവളുമാരോട് ഇത്ര ചിരിയ്ക്കാൻ.. നാളെ മുതൽ കുറച്ചു നേരത്തെ എണീറ്റു പോയ്ക്കോണം കേട്ടല്ലോ.. ഹും.. "
അവൾ വെട്ടിത്തിരിഞ്ഞ് അടുക്കളയിലേയ്ക്ക് പോയി..
ഇനിയും നേരത്തെ എണീയ്ക്കാനോ.. ഹാവൂ.. അനുഭവിയ്ക്ക തന്നെ.. അല്ലാതെന്താ...
'ഏതോ ജന്മ കല്പനയിൽ ഏതോ.....' അവളുടെ ഫോണിൽ നിന്നാണ് റിംഗ്ടോൺ..
"നാശം പിടിയ്ക്കാൻ ഇത് കേൾക്കുമ്പോൾ കാലിൽ നിന്നൊരു പെരുപ്പ് വരുന്നു.. ഏത് സമയത്താണോ എനിയ്ക്ക്.... "
പറഞ്ഞിട്ട് തിരിഞ്ഞപ്പോൾ മുന്നിൽ അവൾ.. കയ്യിൽ ദോശ ചുട്ടുകൊണ്ടിരുന്ന ചട്ടുകം...അതൊന്നു മിന്നിയോ...
"ചേട്ടാ.. ഇപ്പോൾ വേദന കുറവുണ്ടോ.."
ആശുപത്രിയിലെ ഡ്രസ്സിംഗ് ടേബിളിൽ കിടന്നു കൊണ്ട് അവൻ ദയനീയമായി അവളെ നോക്കി.. കൈ കൊണ്ടുള്ള ഉപദ്രവത്തിൽ നിന്നും ചട്ടുകത്തിന്റെ അടി വരെയെത്തിയ പുരോഗമനം..
പെട്ടെന്ന് അപ്പുറത്തെ വീട്ടിലെ മൂത്ത കുട്ടിയും അച്ഛനും കടന്നു വന്നു..
" എന്തു പറ്റിയതാ... മോളാ പറഞ്ഞത് നിങ്ങൾ വേഗത്തിൽ ബൈക്കിൽ കയറി പോകുന്നതു കണ്ടെന്ന്.. നെറ്റിയിൽ ഒരു കെട്ടുമുണ്ടെന്ന്.. അടുത്തായതു കൊണ്ട് ഇവിടെ കാണുമെന്ന് ഊഹിച്ചു.. "
" അത്... വാതിലിൽ മുട്ടിയതാ.. ചെറിയൊരു മുറിവ്. അത്രയെ ഉള്ളൂ.... " അതും പറഞ്ഞിട്ട് അവൾ അവനെ നോക്കി കള്ളച്ചിരിയോടെ കണ്ണിറുക്കി.
അവൻ അമ്പരന്ന് അവളെ നോക്കി.. എന്റെ അമ്മോ... ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്നതു നോക്കൂ..
" കേട്ടപ്പോൾ പേടിച്ചു പോയി അതാ പെട്ടെന്ന് വന്നത്.. എന്റെ മക്കള് രണ്ടും എപ്പോഴും പറയും നിങ്ങളെപ്പറ്റി.. ഇതുപോലൊരു ചേട്ടനും ചേട്ടത്തിയും ഉണ്ടായിരുന്നെങ്കിലെന്ന്. ഓരോ സ്ഥലമാറ്റം കിട്ടുമ്പോഴും അയൽപക്കക്കാർ നല്ല വരെയേ കിട്ടിയിട്ടുള്ളു... എന്നാൽ ഞങ്ങളിറങ്ങട്ടെ ഓഫീസിൽ പോകാൻ നേരമായി.. "
അയാളും മോളും യാത്ര പറഞ്ഞിറങ്ങി..
" അര മണിക്കൂർ കിടന്നിട്ട് പോയ്ക്കോളൂ. മൂന്നു സ്റ്റിച്ചുണ്ട്.. " നഴ്സ് പുറത്തേയ്ക്ക് പോയി..
" എന്നോട് ദേഷ്യമുണ്ടോ ചേട്ടന്.. എനിയ്ക്ക് എന്താണെന്നറിയില്ല. സംശയമൊന്നുമല്ല.. പക്ഷെ... "
" എനിയ്ക്ക് ദേഷ്യമൊന്നുമില്ല മോളെ. എനിയ്ക്കു മനസിലാകും നിന്നെ. നിനക്ക് എന്നോടുള്ള ഇഷ്ടക്കൂടുതലാണ് ഇങ്ങനെയൊക്കെ ചെയ്യിയ്ക്കുന്നതെന്ന്. അല്ലേൽ എന്നേ നിന്നെ ചവിട്ടി പുറത്താക്കിയേനെ.. ഹ ഹ.."
"അയ്യടാ ചവിട്ടാനിങ്ങ് വാ.. എനിയ്ക്കുമറിയാം തിരികെത്തരാൻ... പിന്നെ മതിലിന്റെ കാര്യം അത് തത്കാലം വേണ്ട അവര് നല്ല കുട്ടികളാ.."
" അപ്പോഴും അവര് നല്ലത് ഞാൻ....."
അവൾ അറിയാതെ ചിരിച്ചു പോയി..
അവളുടെ ഫോൺ ശബ്ദിച്ചു.. അവൾ ഫോണെടുത്ത് കാൾ കട്ട് ചെയ്തു..
"പാട്ട് മാറ്റട്ടെ.. ചേട്ടന് ഇഷ്ടമല്ലെങ്കിൽ.. "
"വേണ്ട.. അതു തന്നെ കിടക്കട്ടെ. ഒരിയ്ക്കലും മാറ്റണ്ട. നമ്മുടെ ജീവിതാവസാനം വരെ അതു തുടരട്ടെ.. എന്റെ പെണ്ണിന്റെ ഇഷ്ട ഗാനം.."
അവളുടെ നനഞ്ഞ മിഴികളോടെയുള്ള പുഞ്ചിരി കണ്ട് അവനും ചിരിച്ചു..
" എന്താ ചിരിയ്ക്കുന്നത്. പകൽ കിനാവ് കാണുകയാണോ.. "
ചോദ്യം കേട്ട് അയാൾ ചിന്തയിൽ നിന്നുണർന്നു..
അയാൾ അറിയാതെ തന്റെ നെറ്റി തടവി..
" ഒന്നുമില്ലെടി ഞാൻ വെറുതെ പഴയ കാര്യങ്ങളൊക്കെ ആലോചിച്ച് അങ്ങനെ.... "
"വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ചേട്ടൻ അതു മറന്നില്ല അല്ലെ.." അവൾ വിഷമത്തോടെ പറഞ്ഞു.
" ഇല്ല.. ഒരിയ്ക്കലും മറക്കുകയുമില്ല. കാരണം നീ അവസാനമായി എന്നെ വേദനിപ്പിച്ചതിന്റെ അടയാളമാണിത്. പിന്നീട് ഇന്നേ വരെ നീ എന്നെ വാക്കു കൊണ്ടു പോലും നോവിച്ചിട്ടില്ല. അതുമല്ല നീയും ഇതുവരെ ഇത് മറന്നിട്ടില്ലല്ലോ.." അയാൾ ഒരു ചെറു ചിരിയോടെ ചോദിച്ചു..
"അത്..... ഞാനോ... എപ്പോഴേ മറന്നു.. " അവൾ മുഖം തിരിച്ചു.
അയാൾ അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു.. ആ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു..
അയാൾ കണ്ണുനീർ തുടച്ചു കളഞ്ഞു..
"മതി നീ കരഞ്ഞത്.. എന്നോളം പുണ്യം ചെയ്തവരാരുണ്ട് ഈ ലോകത്ത് നീ എൻ പാതിയായ് വന്നതിനാൽ.."
"അച്ഛാ.... ആരോടാ ഈ സംസാരിയ്ക്കുന്നെ.. "
" അത് ഞാൻ... മോന്റെ അമ്മയോട്.. അല്ല.. എന്തോ ഓർത്ത് പറഞ്ഞതാ.. "
അവൻ വലത്തേ ഭിത്തിയിലേയ്ക്കു നോക്കി.. അവിടെ അവന്റെ അമ്മയുടെ ചിത്രം മാലയിട്ട് തൂക്കിയിരുന്നു..
ഇപ്പോൾ ഒരു വർഷമായി.. അതിനു ശേഷം അച്ഛൻ വീടുവിട്ട് പുറത്തെങ്ങും പോയിട്ടില്ല. അവളില്ലാതെ ഒരു കാഴ്ചയും കാണണ്ട എന്നാ പറയുന്നത്. അമ്മ ചെയ്തിരുന്ന എല്ലാ ജോലികളും ചെയ്ത് വീട്ടിൽ തന്നെ..
"അച്ഛാ... അത് ഞാൻ .. പിന്നെ .. ഒരു കാര്യം പറയാൻ വന്നതാ.... "
" നീ സ്നേഹിയ്ക്കുന്ന കുട്ടിയുടെ കാര്യമല്ലെ. അവൾ പോകുന്നേനു മുൻപെ പറഞ്ഞിരുന്നു. ആണ്ടു കഴിയട്ടെ എന്നു കരുതിയാ. നീ വേഗം ഒരുങ്ങിക്കോ ഇന്നുതന്നെ പോയേക്കാം.. മോളെ വിളിച്ചു മരുമോനുമായി അവിടെ വരാൻ പറ.. "
അവന്റെ മുഖത്തു സന്തോഷം വിടർന്നു..
അവൻ പുറത്തേയ്ക്ക് പോയി..
അയാൾ അവളുടെ ചിത്രത്തിനടുത്തെത്തി..
"വേഗം ഒരുങ്ങ്... നമ്മുടെ മകന്റെ പെണ്ണിനെ കാണാൻ പോകണ്ടെ. നിന്നെ പോലെ കുറുമ്പിയാണോ എന്തോ.. ഞാൻ കാറിലിരിയ്ക്കാം പെട്ടെന്ന് വന്നേയ്ക്ക്..."
അയാൾ പെട്ടെന്ന് ഒരുങ്ങി വീടുപൂട്ടി പുറത്തിറങ്ങി . മകൻ ഡ്രൈവിംഗ് സീറ്റിലിരിപ്പുണ്ട് . അയാൾ കാറിന്റെ പിൻസീറ്റിൽ ഇരുന്നു എന്നിട്ട് തിരിഞ്ഞു നോക്കി . അവൾ സാരി നേരെയാക്കി ഓടി വരുന്നു.. അയാളുടെ കൂടെ കയറി ഇരുന്നു..
"ഈ സാരി മതിയോ.. കൊള്ളാവോ.."
"സാരിയൊക്കെ കൊള്ളാം. എന്താ താമസിച്ചെ.."
" ഞാൻ അടുക്കളയിൽ ഒന്നു പോയതാ.. ആ ചട്ടുകം അവിടെത്തന്നെ ഉണ്ടോന്നു നോക്കാൻ നമ്മുടെ മരുമോൾക്ക് ആവശ്യം വന്നാലോ.. "
" ഹ ഹ.. അത് ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്... "
" അച്ഛൻ എന്നോട് എന്തെങ്കിലും പറഞ്ഞോ.. "
"സൂക്ഷിച്ച് വണ്ടി ഓടിക്കണെ എന്നു പറഞ്ഞതാ.. "
അയാൾ അവളെ നോക്കി കണ്ണിറുക്കി എന്നിട്ട് അവളുടെ കൈ പിടിച്ചു... അപ്പോൾ അയാളുടെ ഫോൺ ശബ്ദിച്ചു.....
'ഏതോ ജന്മ കല്പനയിൽ ഏതോ ജന്മ വീഥികളിൽ എന്നും നീ വന്നൂ ....
ഒരു നിമിഷം ... ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായി......'
ജയകുമാർ ശശിധരൻ
......................................
കടപ്പാട് :
ഗാനത്തിന്റെ വരികൾ : പൂവച്ചൽ ഖാദർ
സംഗീതം : ജോൺസൻ
ചിത്രം : പാളങ്ങൾ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo