Slider

#നൻമമരങ്ങൾ.....

0

#നൻമമരങ്ങൾ.....
''അമ്മേ ദേ കുഞ്ഞേച്ചി ഫുഡ് കഴിക്കാൻ വരുന്നില്ല ഞാൻ കുറേ വിളിച്ചു ഹും..'' ആര്യ പറഞ്ഞതു കേട്ട് അമ്മ ഇടപ്പെട്ടു...
''എന്താ കുട്ടീ ഇത് കല്ല്യാണം നിശ്ചയിച്ച പെണ്ണാ ഇങ്ങനെ എപ്പോഴും ചടഞ്ഞു കൂടി ഇരിക്കാതെ വല്ലതും കഴിച്ചൂടെ ? ഒന്നും കഴിക്കാതിരുന്നാൽ കല്ല്യാണം ആവുമ്പോഴേക്കും മെലിയും നീയ് പറഞ്ഞേക്കാം..ഉയരോം ഇല്ല ഉള്ള വണ്ണം കൂടി കളയണോ...?''
''ദേ ടീച്ചറേ എന്നെ കളിയാക്കിയാലുണ്ടല്ലോ അമ്മയാണെന്നൊന്നും ഞാൻ നോക്കൂല.... ഹും...''
കുഞ്ഞു എന്നു വിളിക്കുന്ന അഹല്യ അമ്മയെ ടീച്ചർ എന്നേ വിളിക്കൂ. അവൾ അമ്മയുടെ അടുത്തു പോയി ചിണുങ്ങി...
'' ഇവിടെ ആരും എന്നെ മനസ്സിലാക്കുന്നില്ലല്ലോ...''
അമ്മ അവളുടെ മുടിയിൽ പതുക്കെ തലോടി ''എന്താ മോളേ നിനക്കൊരു വിഷമം അച്ഛൻ കല്ല്യാണ ആവശ്യങ്ങൾക്ക് ഓടി നടക്കുന്നത് കാണുന്നില്ലേ അച്ഛനെ സഹായിക്കാൻ നിങ്ങൾ രണ്ടു പെൺകുട്ടികളല്ലേ ഇവിടുള്ളൂ... എന്താണെങ്കിലും പറ മോളേ...''
''ഇന്നു ഞാൻ പറയാം അമ്മേ എന്തായാലും അച്ഛൻ വരട്ടെ ''
എന്തായിരിക്കും ഇവളുടെ മനസ്സിൽ ? അമ്മയുടെ മനസ്സിൽ എന്തോ ഒരു ഭയം നിറഞ്ഞു...
ദൂരെയുള്ള ബന്ധുവീടുകളിൽ വിവാഹം ക്ഷണിക്കാൻ പോയ ജയകുമാർ വീടണഞ്ഞപ്പോഴേക്കും രാത്രിയായി....
അമ്മ എല്ലാകാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞു..
''അവളുടെ മനസ്സിൽ എന്തോ ഒരു വിഷമം ഉണ്ട്... ഒന്നു ചോദിക്കൂന്നേ...''
ചെറിയ കുട്ടികളെ പോലെ പരസ്പരം പുണർന്ന് രണ്ടാളും ഉറങ്ങുന്നത് അച്ഛനുമമ്മയും നോക്കിനിന്നു... അച്ഛൻ അഹല്യയുടെ അടുത്തു ചെന്നിരുന്നു മുടിയിഴകളെ പതുക്കെ തലോടി വാത്സല്യം അണപൊട്ടിയൊഴുകി...
എന്താ ൻ്റെ കുട്ടിക്കു പറ്റിയേ എല്ലാം എൻ്റെ മോളുടെ ഇഷ്ടപ്രകാരമാണല്ലോ അച്ഛൻ ചെയ്യണേ... എന്നിട്ടും എന്താ എൻ്റെ കുട്ടനു പറ്റിയേ...? അച്ഛക്കു തെറ്റുപറ്റിയോ ആ മനസ്സു കാണാതെ പോയോ ഞാൻ..? നിറഞ്ഞു തുളുമ്പിയ കണ്ണീരിലെ രണ്ടു തുള്ളി അവളുടെ കവിളിൽ പതിച്ചു. അവൾ ഞെട്ടിയെഴുന്നേറ്റു..
''അച്ഛാ....'' അവൾ ആർദ്രതയോടെ വിളിച്ചു
''പറ കുഞ്ഞു എന്തുപറ്റി എന്താണെങ്കിലും പറഞ്ഞോളൂ ''
അവൾ തൻ്റെ കൂട്ടുകാരിയെപറ്റി പറഞ്ഞു. അമ്മ മാത്രമുള്ള നിഷയെപറ്റി. അച്ഛൻ ചെറുപ്പത്തിലേ മരിച്ചതിനു ശേഷം കൂലിപ്പണിയെടുത്താണ് അമ്മ നിഷയെ പഠിപ്പിച്ചത്. പത്താം ക്ളാസ് വരെ അഹല്യക്കൊപ്പമാണ് അവൾ പഠിച്ചത്. പ്ളസ് ടു വരെ പഠിച്ച അവൾ പഠനം നിർത്തി. ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു . അവൾക്കൊരു വിവാഹം ഒത്തുവന്നിട്ടുണ്ട് അമ്മക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പേ അതു നടത്തണം. ആരുമില്ല സഹായിക്കാൻ...
''അച്ഛാ ഒത്തിരി ആഡംബരത്തോടെയല്ലേ എൻ്റെ കല്ല്യാണം നടത്താൻ പോണേ അതു വേണ്ടച്ഛാ എനിക്കു വേണ്ടി ചെലവാക്കുന്ന തുകയുടെ ഒരംശം മതി അവൾക്കൊരു ജീവിതം ഉണ്ടാവാൻ പ്ളീസ് അച്ഛാ...''
''അച്ഛൻ്റെ പൊന്നുമോൾക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നല്ലോ അച്ഛൻ്റെ മോളു തന്നെ.... കേട്ടോടീ എൻ്റെ മോളു പറഞ്ഞത്... ''അച്ഛൻ അഭിമാനം കൊണ്ടു...
''എൻ്റെ വിവാഹദിവസം അതേ മണ്ഡപത്തിൽ വച്ചുതന്നെ നടത്താം അച്ഛാ ഒരുപാടു ചെലവുകൾ കുറക്കാമല്ലോ..അച്ഛനെനിക്കു തരുന്ന ഏറ്റവും വലിയ സമ്മാനം ഇതായിരിക്കും..''
''പൈസ കൊണ്ട് നമുക്ക് സഹായിക്കാം മോളെ പക്ഷേ ഒരുമിച്ച് വിവാഹം നടത്തുകയെന്നുവച്ചാൽ പയ്യൻ്റെ വീട്ടുകാരുടെ അനുവാദം കൂടി വേണം മോളെ.. മോളുറങ്ങിക്കോ അച്ഛൻ നാളെ സംസാരിക്കാം....''
അടുത്ത ദിവസംതന്നെ അച്ഛൻ രാഹുലിൻ്റെ അച്ഛനോട് വിശദമായി സംസാരിച്ചു. നേരിൽ സംസാരിക്കാൻ പയ്യൻ്റെ അച്ഛനുമമ്മയും ഇങ്ങോട്ടു വരാമെന്നേറ്റു... കാര്യങ്ങളെല്ലാം നല്ല രീതിയിൽ മുന്നോട്ടു പോവുന്നതായി അഹല്യക്ക് തോന്നി എങ്കിലും ഉള്ളിൽ ചെറിയൊരു ആധിയുണ്ടായി അപ്പോഴൊക്കെ ആര്യ അവൾക്ക് ധൈര്യം പകർന്നു.
നിശ്ചയം കഴിഞ്ഞ ശേഷം എപ്പോഴും വിളിക്കാറുണ്ട് ഏട്ടനെ എന്നാലും ഈ കാര്യം പറയാൻ എന്തോ ഒരു പേടി. ഒടുവിൽ അവൾ വിളിച്ചു രാഹുലിൻ്റെ മറുപടി പെട്ടന്നായിരുന്നു
'' ഞങ്ങൾ എല്ലാവരും അങ്ങോട്ടു വരുന്നു നേരിട്ട് സംസാരിക്കാം ''
ഗൗരവത്തിൽ ഇങ്ങനെ പറഞ്ഞ് അവൻ ഫോൺ വച്ചു. സ്വതവേ ടെൻഷൻ പാർട്ടിയായ അഹല്യ, ഇതു കേട്ടതോടെ ബോധം പോയപോലെയായി...
ഉച്ചകഴിഞ്ഞതും രാഹുലും അച്ഛനും അമ്മയും കൂടി അഹല്യയുടെ വീട്ടിലെത്തി.
''എൻ്റെ മോളെവിടെ'' എന്നുപറഞ്ഞാണ് പയ്യൻ്റെ അമ്മ അകത്തേക്കു കയറിയത്. അഹല്യ അച്ഛൻ്റെയും അമ്മയുടെയും കാൽതൊട്ടുവന്ദിച്ചു.
''ഇത്രയും നൻമയുള്ള ഒരാളെതന്നെ ഞങ്ങൾക്കു മോളായ് കിട്ടിയല്ലോ ഒരുപാടു സന്തോഷായി....''
അമ്മ അവളെ ചേർത്തുപിടിച്ചു. ഈ സമയം അഹല്യ രാഹുലിനെ കുസൃതിയാൽ നോക്കി. ഇതിനാണോ ഫോൺ ചെയ്തപ്പോൾ ഇത്രേം ഗൗരവം കാണിച്ചതെന്ന് അവൾ കണ്ണുകൊണ്ട് ചോദിച്ചു... അവൻ കണ്ണടിച്ചു കാണിച്ചു ആ സ്നേഹം മുഴുവൻ തന്നിലേക്ക് ഒഴുകിയെത്തുന്നതുപോലെ അവൾക്കു തോന്നി...
അച്ഛനമ്മമാരുടെ സംസാരത്തിനിടെ അഹല്യയും രാഹുലും മെല്ലെ പുറത്തുകടന്നു. തൊടിയിലെ മുവാണ്ടൻ മാവിൻ ചുവട്ടിലേക്ക്... അതുകണ്ട് ആര്യ തലയാട്ടി
''ഉം ഉം നടക്കട്ടെ നടക്കട്ടെ ''
രണ്ടു കല്ല്യാണവും ഒന്നിച്ചു നടത്താൻ എല്ലാവർക്കും സമ്മതം... ഈ സന്തോഷവാർത്ത നിഷയെ അറിയിക്കാൻ അവളുടെ വീട്ടിൽ പോയാലോ രാഹുൽ പറഞ്ഞത് എല്ലാവർക്കും സമ്മതം.. ഒരു സർപ്രൈസ് ആയ്ക്കോട്ടെ പറയാതെ പോവാം.... അങ്ങനെ അവർ യാത്രയായി നിഷയുടെ വീട്ടിലേക്ക്....
വീട്ടിലേക്കു രണ്ടു കാറുകൾ ഒന്നിച്ചു വരുന്നതുകണ്ട് നിഷ പരിഭ്രമിച്ചു നോക്കി. ജോലി കഴിഞ്ഞു വന്നതേ ഉള്ളൂ അവൾ. അഹല്യയെ കണ്ടതും അവൾ ഒാടിവന്ന് അവളെ ചേർത്തു പിടിച്ചു...
വിവരങ്ങളൊക്കെ അഹല്യയുടെ അച്ഛൻ പറഞ്ഞു..
നിഷയുടെ തൊണ്ടയിടറി...വാക്കുകൾ മുറിഞ്ഞു. അച്ഛൻ രണ്ടുപേരെയും ചേർത്തുനിർത്തി
''ഈ സൗഹൃദവും സ്നേഹവും എന്നും നിലനിൽക്കട്ടെ നിങ്ങളെപോലെ ഈ ഭൂമിയിൽ നിങ്ങൾ മാത്രമേ ഉള്ളൂ....''
സന്തോഷം കൊണ്ടു തുളുമ്പിയ നിഷയുടെ കണ്ണുനീർ അഹല്യ തുടച്ചുകൊടുത്തു....
അടുത്തയാഴ്ച അഹല്യയുടെയും നിഷയുടെയും വിവാഹം ഒന്നിച്ചു നടക്കുന്നു. എല്ലാവരും പങ്കെടുക്കണം വധൂവരൻമാരെ ആശീർവദിക്കണം.. കേട്ടോ കൂട്ടുകാരേ........
സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഇതുപോലെയുള്ള നിഷമാർക്ക് തണലേകാൻ അഹല്യയെപോലെ അവളുടെ അച്ഛനെപോലെ ചിലർക്കെങ്കിലും പറ്റും. അതിനുള്ള മനസ്സുണ്ടായാൽ മാത്രം മതി.....
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo