Slider

വർഗ്ഗീയത.

0

വർഗ്ഗീയത.
=========
ദൂരെ വയൽ വരമ്പിലൂടെ വായനശാല ലക്ഷ്യമാക്കി ഓടി വരുന്ന മമ്മദിനെ കാണിച്ചു കൊണ്ട് വിനോദ് അൻവറിനോടായി പറഞ്ഞു..,
" കാര്യായിട്ടെന്തൊ പ്രശ്നമുണ്ടെന്ന് തോന്നുന്നു... മമ്മദിന്റെ വരവത്ര പന്തിയല്ലല്ലോ അൻവറെ..... "
വായിക്കുന്ന പുസ്തകത്തിൽ നിന്നും മെല്ലെ തലയുയർത്തി നോക്കിയ ശേഷം അൻവർ വീണ്ടും കണ്ണുകളെ പുസ്തകത്താളുകളിലേക്കു തന്നെ തിരിച്ചു,
"എന്ത് പ്രശ്നം....., എന്തെങ്കിലും കുത്തിത്തിരിപ്പുമായി ഇറങ്ങിയതാകും....., ഇവിടുന്ന് കിട്ടിയത് അപ്പുറത്ത് കൊടുത്ത് അപ്പുറത്തേത് ഇപ്പുറത്ത് കൊടുത്ത് മനുഷ്യരെ തമ്മിൽ തെറ്റിക്കലല്ലേ അവന്റെ പണി...."
- നിവർത്തിപ്പിടിച്ച പത്രത്തിലെ വരികളിലെക്കു തന്നെ നോക്കിക്കൊണ്ട് ഹംസ മാസ്റ്റർ പറഞ്ഞു, അപ്പൊഴേക്കും മമ്മദ് വായനശാലക്കു പുറത്തെത്തിയിരുന്നു.
"അവൻവറെ.... ഒന്നിങ്ങു വന്നേ...."
വാതിലിനടുത്ത് നിന്നു കൊണ്ട് മമ്മദ് വിളിച്ചു.
പുസ്തകത്തിൽ നിന്നും മെല്ലെ തലയുയർത്തി പിടിച്ചു കൊണ്ട് അൻവർ മമ്മദിനെ ഒരൽപം നീരസത്തോടെ നോക്കി.., പിന്നെ മമ്മദിന്റെ അടുത്തേക്ക് നടന്നു,
അടുത്തെത്തിയതും മമ്മദ് അൻവറിന്റെ കയ്യും പിടിച്ച് വലിച്ചുകൊണ്ടു വായനശാലയിൽ നിന്നും ഒരൽപദൂരം മുന്നോട്ട് നടന്നതിനു ശേഷം അൻവറിന്റെ ചെവിയിൽ എന്തൊക്കെയൊ പറഞ്ഞു. ഉടനെ തന്നെ അൻവർ ധൃതിയിൽ മമ്മദിന്റെ കൂടെ നടക്കവെ അതെല്ലാം ശ്രദ്ധിച്ചു നിൽക്കായിരുന്ന വിനോദ് വിളിച്ചു ചോദിച്ചു.
"അൻവറെ..... എന്താടാ പ്രശ്നം....നിയെങ്ങോട്ടാ....?"
"ഹേയ്... ഒന്നുമില്ല വിനോദേ... ഞാൻ... ഞാൻ... വീട്ടിലോട്ട് പോവാ...."
ഒരു ചെറിയ പരുങ്ങലോടെ പറഞ്ഞു കൊണ്ട് അൻവർ മമ്മദിന്റെ പുറകിലായ് നടന്നകന്നു..,
അവർ പോയി അൽപം കഴിഞ്ഞപ്പൊഴേക്കും വിനോദിന്റെ മറ്റൊരു സുഹൃത്തായ അജയൻ ഓടിക്കിതച്ച് വായനശാലയിലെത്തി....,ഹംസ മാസ്റ്റർ അവിടെയിരുന്ന് പത്രം വായിക്കുന്നത് ശ്രദ്ധയിൽപെട്ട അജയൻ വിനോദിനെയും കൂട്ടി വായനശാലയുടെ പുറത്തെത്തിയിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"നമ്മുടെ ശ്രീരാമേട്ടനെ തല്ലാൻ മാപ്പിളമാർ ഹാലിളകിപ്പോകുന്നുണ്ട്...."
"എന്ത്....? ശ്രീരാമേട്ടനെ തല്ലാനോ......? ആരൊക്കെ....? എന്തിന്....?"
"അതേ.... തല്ലാൻ തന്നെ...., എന്തിനാണെന്നറിയില്ല....,എന്നോട് തെക്കേടത്തെ ബിജുവിളിച്ചു പറഞ്ഞതാണ്.... കഴിയുന്നത്ര നമ്മുടെ ആളുകളെ കൂട്ടി ശ്രീരാമേട്ടന്റെ വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞു... നമ്മുടെ ആളുകൾ മാത്രം അറിഞ്ഞാൽ മതിയെന്ന് ബിജു പ്രത്യേകം പറഞ്ഞിട്ടുണ്ട്..."
ടൗണിൽ പലചരക്ക് കട നടത്തുന്നയാളാണ് ശ്രീരാമേട്ടൻ..., കാശിന്റെയും കണക്കിന്റെയും കാര്യത്തിൽ കണിശക്കാരനായതിനാൽ പലർക്കും ശ്രീരാമേട്ടനോടൊരു താൽപര്യക്കുറവുമുണ്ട്. എങ്കിലും ഒരു കൂട്ടർ അദ്ധേഹത്തെ തല്ലാൻ പുറപ്പെടുന്നു എന്നു കേട്ടപ്പോൾ വിനോദിന് സഹിച്ചില്ല....,
കഴിയുന്നത്ര ആളുകളേയും കൂട്ടി വിനോദ് ശ്രീരാമേട്ടന്റെ വീട്ടിലെത്തിയപ്പോൾ ബിജുവും നാലഞ്ചു പേരുമവിടെ മുറ്റത്തു തന്നെ നിൽക്കുന്നുണ്ട്...., ശ്രീരാമേട്ടൻ അകത്ത് കുളിക്കാണെന്ന് ഭാര്യ ലതികച്ചേച്ചിവന്നു പറഞ്ഞു. അൽപസമയത്തിനകം തന്നെ പത്തുപതിനഞ്ചോളം ആളുകളെയും കൂട്ടി അൻവറും മമ്മദുമവിടെയെത്തി...,
"ഓഹോ..... അപ്പൊ ഇതിനായിരുന്നല്ലേ ചോദിച്ചിട്ടും മറുപടി പറയാതെ വായനശാലയിൽ നിന്നും പെട്ടെന്നിറങ്ങിപ്പോയത്...."
വിനോദ് അൻവറിനോടായി ചോദിച്ചു.
"അതേടാ..... ഇതിനു തന്നെയാ പോന്നത്.... ഞങ്ങളുടെ മരക്കാർ ഹാജിയുടെ മകൻ സുബൈറിനെ പട്ടിയെ തല്ലുന്നതു പോലെ തല്ലിച്ചതച്ചവനെ പിന്നെഞങ്ങൾ പൂവിട്ടു പൂജിക്കണോ.....?"
"സുബൈറിനെ ശ്രീരാമേട്ടൻ തച്ചിട്ടുണ്ടെങ്കിൽ അതിനു എന്തേലും കാരണം കാണും അൻവറെ..., അതിന്റെ പേരിൽ ശ്രീരാമേട്ടന്റെ ദേഹത്ത് ഒരു തരിമണ്ണ് വീഴാൻ പോലും ഞങ്ങൾ സമ്മതിക്കില്ല.... "
വിനോദ് രോഷം കൊണ്ടു.
"വിനോദെ....., ശ്രീരാമേട്ടനെ തല്ലുമെന്ന് പറഞ്ഞാൽ ഞങ്ങൾ തച്ചിരിക്കും.... അതിന് നിന്റെയും നിന്റാളുകളുടേയും സമ്മതം ഞങ്ങൾക്കു വേണ്ട...."
അൻവർ കോപം കൊണ്ട് വിറച്ചു.
"ഞങ്ങളുടെയൊക്കെ ശവത്തിൽ ചവിട്ടിയിട്ടെ നിനക്കും നിന്റാളുകൾക്കും ശ്രീരാമേട്ടനെ ഒന്നു തൊടൻ സാദിക്കൂ..."
വിനോദ് കോപത്തോടെ ശബ്ദമുയർത്തി...,
അപ്പൊഴേക്കും ശ്രീരാമേട്ടൻ ഒരു ടർക്കിയും തോളിലിട്ട് തലയും തോർത്തി കൊണ്ട് ഉമ്മറത്തേക്ക് വന്നു.
"ഡാ... ഞങ്ങളിലൊരുത്തന്റ ദേഹത്ത് കൈവെക്കാൻ തനിക്കെങ്ങിനെ ധൈര്യം വന്നെടാ... നിന്നെ ഞാൻ...."
കോപത്തോടെ അലറി കൊണ്ട് അൻവർ ശ്രീ രാമേട്ടന്റെ നേർക്ക് പാഞ്ഞടുത്തപ്പൊഴേക്കും വിനോദ് അൻവറിന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു... കൂടെയുള്ളവർ തമ്മിലും വാക്കേറ്റവും കയ്യാങ്കളിയും തുടങ്ങി.., വിനോദിന്റെ കൈ തട്ടിമാറ്റി അൻവർ വിനോദിന്റെ ഷർട്ടിലും കുത്തിപ്പിടിച്ചു..., അവരെ കൂടിയവരെ അനുനയിപ്പിക്കാൻ ശ്രീരാമേട്ടൻ ഉച്ഛത്തിൽ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടെങ്കിലും ആരുമാരുമത് ശ്രദ്ധിക്കുന്നേയില്ല...,
പെട്ടെന്ന് ഒരു ജീപ്പ് അവർക്കിടയിലെക്ക് പാഞ്ഞെത്തിബ്രൈക്കിട്ടു....,
ജീപ്പിൽ നിന്നും അവിടുത്തെ പള്ളിയിലെ ഉസ്താദും അമ്പലത്തിലേ പൂജാരിയുമിറങ്ങിക്കൊണ്ട് വിളിച്ചു പറഞ്ഞു.
"നിർത്തിനെടാ ഈ തോന്നിവാസം.... "
അവരുടെ ഉച്ഛത്തിലുള്ള ശബ്ദം കേട്ട എല്ലാവരും പരസ്പരമുള്ള കയ്യാങ്കളി നിറുത്തി അവരുടെ നേരെ നോക്കി.
"എന്തിന്റെ പേരിലാടാ നിങ്ങള് പരസ്പരം തമ്മിലടിക്കുന്നത്.....?"
പൂജാരി ചോദിച്ചു.
അത്...അത് തിരുമേനി...., നമ്മുടെ ശ്രീരാമേട്ടനെ ഇവർ തല്ലാൻ വന്നപ്പോൾ ഞങ്ങൾ...."
വിനോദ് സ്വരം താഴ്ത്തിക്കൊണ്ട് പറഞ്ഞു.
"എന്തിനാ അൻവറെ നിങ്ങൾ ശ്രീരാമേട്ടനെ തല്ലാൻ സംഘടിച്ചെത്തിയിരിക്കുന്നത്....? - ഉസ്താദ് ചോദിച്ചു.
"നമ്മുടെ സുബൈറിനെ ഇയാൾ തച്ചത് ചോദിക്കാൻ വന്നതാണ് ഞങ്ങൾ..." - അൻവർ പറഞ്ഞു.
"അത് ചോദിക്കാനാണോ നീ ഇത്രയും പേരെ വിളിച്ച് ഇവിടെ വന്നത്..., അതും സ്വന്തം സമുദായക്കാരെ മാത്രം വിളിച്ചു കൊണ്ട്....., എന്തിനാണ് സുബൈറിനെ ശ്രീരാമേട്ടൻ തച്ചതെന്ന് നീ സുബൈറിനോട് ചോദിച്ചോ..?
- ഉസ്താദ് ദേഷ്യത്തോടെ ചോദിച്ചു.
"അത്... അത്ഞാൻ ചോദിച്ചില്ല..., ഞാൻ പിന്നെ സുബൈറിനെ കണ്ടിട്ടില്ല...മമ്മദ് വന്നു പറഞ്ഞു സുബൈറിനെ ശ്രീരാമേട്ടൻ ടൗണിൽ നിന്നും വരുന്ന വഴി തല്ലിച്ചതച്ചെന്ന്... "
അൻവറിന്റെ വാക്കുകൾ കേട്ടയുടൻ മമ്മദ് രണ്ടടി പുറകോട്ട് വലിഞ്ഞു.
അത് ശ്രദ്ധയിൽ പെട്ട പൂജാരി മമ്മദിനോടായി ചോദിച്ചു.
"മമ്മദേ...., നീ കണ്ടോ ശ്രീരാമൻ സുബൈറിനെ അടിക്കുന്നത്....?"
"ഇ... ഇല്ല... ഞാ.. ഞാൻ കണ്ടിട്ടില്ല... ടൗണിൽ ടൈലറിങ്ങ്കട നടത്തുന്ന മുസ്ഥഫ എന്നെ വിളിച്ചു പറഞ്ഞതാ..."
മമ്മദ് പരുങ്ങലോടെ പറഞ്ഞു.
ഉടനെ അതു വരെ നിശബ്ദനായി നിന്നിരുന്ന ശ്രീരാമേട്ടൻ പറഞ്ഞു.
"അൻവറെ...., ഞാൻ പറയാനുള്ളത് പറഞ്ഞു കേട്ടിട്ട് നിനക്കെന്നെ തല്ലണെങ്കിൽ തല്ലാം..., ആരും തടയില്ല....,
ഞാൻ സുബൈറിനെ ഞാൻ തല്ലിയെന്നത് സത്യമാണ്, തല്ലിച്ചതച്ചെന്നത് അസത്യവും...!
ഒരടി അവന്റെ കരണം നോക്കി തന്നെ ഞാനടിച്ചിട്ടുണ്ട്...., അതെന്തിനാണെന്നു കൂടി നീ അറിയണം... "
എല്ലാവരും ശ്രീരാമേട്ടനെതന്നെ നോക്കി നിൽക്കവേ... ശ്രീരാമേട്ടൻതുടർന്നു..,
"അൻവറെ...., നിന്റെ പെങ്ങൾ ആയിശ കോളേജിൽ പോകുമ്പോഴും വരുമ്പോഴും സുബൈർ പതിവായി പുറകെ നടന്നു ശല്ല്യം ചെയ്യുന്നത് ഞാൻ കാണാറുണ്ട്, പലവട്ടം സുബൈറിനെ ഞാൻ താക്കീത് ചെയതുമാണ്..., പക്ഷെ അതൊന്നും വകവെക്കാതെ സുബൈറിർ ഇന്നും കോളെജിൽ പോകുന്ന ആയിശയെ ശല്ല്യംചെയ്തു പുറകെ നടന്നു.., അവനെ കണ്ട ഭാവം നടിക്കാതെ ആയിശ മുന്നോട്ടു നടക്കവേ അവൻ ആയിശയുടെ കയ്യിൽ കയറിപ്പിടിച്ചു.., ഉടനെ ഞാൻ ഓടിച്ചെന്ന് സുബൈറിന്റെ കരണം നോക്കി ഒന്നു പൊട്ടിച്ചു ഇതാണവിടെ സംഭവിച്ചത്...., ഇനി നിനക്കും നിന്റാളുകൾക്കും എന്നെ തല്ലെ...കൊല്ലേ... എന്തു വേണമെങ്കിലും ചെയ്യാം...."
ശ്രീരാമേട്ടൻ പറഞ്ഞു നിറുത്തി.
ലജ്ജയോടെ അൻവർ തലതാഴ്‌ത്തി നിന്നു.
ഉടനെ ഉസ്താദ് അവിടെ കൂടിയവരോടായി പറഞ്ഞു,
"കേട്ടല്ലോ എല്ലാവരും..., ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും മുന്നും പിന്നും നോക്കാതെ ചാടിപ്പുറപ്പെട്ടുകൊള്ളും..... ഒരു സമുദായ സ്നേഹികൾ.., എടാ മമ്മദേ.. വെള്ളിയാഴ്ച്ച പോലും പള്ളിയിൽ വരാത്ത നീയാണോ സമുദായത്തിനു വേണ്ടി പോരാടാനിറങ്ങിയിരിക്കുന്നത്....? നബിദിനത്തിനും പൂരത്തിനുമൊക്കെ മറ്റു മതസ്ഥരുടെ കൂടെ നിന്നു ഫോട്ടോ എടുത്ത് വാട്സാപ്പിലും ഫെയ്സ് ബുക്കിലും ഇട്ടതുകൊണ്ട് മതസൗഹാർദമാകില്ല..., അത് മനസ്സിന്റെ ഉള്ളിൽ നിന്നും വരണം..., അത് കളങ്കമില്ലാത്ത, രക്തത്തിൽ അലിഞ്ഞ സ്നേഹമായിരിക്കണം..., അല്ലാതെ നിങ്ങളപ്പോലെ......"
-ഉസ്താദ് ദേഷ്യത്തോടെ അൻവറിന്റെയും കൂട്ടുകാരുടേയും നേർക്ക് നോക്കി.
" അതെ... ഉസ്താദ് പറഞ്ഞതാണതിന്റെ ശരി...., ഒരാൾ വിജാരിച്ചാൽ ഒരു കലാപമുണ്ടാക്കാൻ എളുപ്പമാണ്... പക്ഷെ.... അത് നിറുത്തണമെങ്കിൽ ഒരു നാടു മുഴുവൻ ശ്രമിച്ചാൽ പോലും ചിലപ്പോൾ കഴിഞ്ഞില്ലെന്നു വരാം...., മുഖത്തേ താടിയുടെ നീളവും ഉടുക്കുന്ന മുണ്ടിന്റെ നിറവും നോക്കാതെ എല്ലാവരേയും മനുഷ്യരായി കണ്ട് സ്നേഹിക്കുക..., അതിനു തുരങ്കം വെക്കാൻ വരുന്നവരെ ഒന്നിച്ചു നിന്നു ചെറുത്തു തോൽപിക്കുക യാണ് വേണ്ടത്...,
അല്ലാതെ ബിജു ചെയ്ത പോലെ എരിതീയിൽ എണ്ണ ഒഴിക്കുകയല്ല വേണ്ടത്..., കേട്ട വാർത്തയിലെ സത്യമന്വേഷിക്കാതെ ചാടിപ്പുറപ്പെട്ടതാണ് വിനോദിനും അൻവറിനും പറ്റിയ വലിയ തെറ്റ്.., കൃത്യസമയത്ത് ഞാനും ഉസ്താദും ഇവിടെത്തിയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ ഇപ്പോഴത്തെ അവസ്ഥ...? പിന്നെ അൻവറെ..., അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചു ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ലെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം.., അവിടെ അയൽവാസിയുടെ ജാതിയോ മതമോ പറയുന്നില്ല..., എല്ലാ മതങ്ങളും പഠിപ്പിക്കുന്ന സന്ദേശം ശാന്തിയും സമാധാനവുമാണ്..., നല്ലൊരു വ്യക്തിക്കു മാത്രമെ നല്ലൊരു വിശ്വാസി ആകാനും കഴിയൂ... അല്ലാത്തവരുടെ വിശ്വാസം വെറും പ്രകടനം മാത്രമായിരിക്കും..., അത്രക്കാരാണ് നാടിനും നാട്ടാർക്കും സമൂഹത്തിനുമെല്ലാം ഭീഷണിയുയർത്തുന്നത്...."
-പൂജാരി പറഞ്ഞു നിറുത്തിയപ്പൊഴേക്കും ഓരോർത്തരുടെയും കണ്ണുകളിൽ കുറ്റബോധത്തിന്റെ ഈറനണഞ്ഞിരുന്നു..., കൊച്ചു കുട്ടികളെപ്പോലെ വിതുമ്പിക്കൊണ്ട് അൻവർ ആദ്യം ശ്രീരാമേട്ടനേയും പിന്നെ വിനോദിനെയും കെട്ടിപ്പിടിച്ചു..,
അത് കണ്ട പൂജാരിയും ഉസ്താദും പരസ്പരം മുഖത്തോടു മുഖം നോക്കി പുഞ്ചിരിച്ചു.
✍🏻മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo