ഗന്ധർവയാമം. (HORROR STORY)
ഭാഗം 3
രംഗം 6
" നാഴിക ഏറെ ആയി നാം സത്യഭാമയെ കാത്തു നിൽക്കാൻ തുടങ്ങിട്ട് .."
സത്യഭാമ അടുത്തെത്തിയപ്പോൾ രാമനുണ്ണി നമ്പൂതിരി പറഞ്ഞു .സത്യഭാമ ഒന്ന് ചിരിച്ചു .സ്വർണക്കസവുള്ള സെറ്റുസാരി ആണ് സത്യഭാമയുടെ വേഷം .പനംങ്കുല പോലത്തെ മുടിയിൽ കനകാമ്പര പൂ ചൂടിയിട്ടുണ്ട് .വാലിട്ടെഴുതിയ കണ്ണുകളിൽ പ്രേമം മയങ്ങുന്നു.നെറ്റിയിലെ ചുമന്ന സിന്ധൂര പൊട്ടിൽ ഒരു സൂര്യൻറ്റെ പൊലിമ .അവളുടെ ആലില വയറിലേക്ക് രാമനുണ്ണി നമ്പൂതിരി ഒരു വേള ഒളികണ്ണിട്ട് ഒന്ന് നോക്കി .
" പിന്നെ സത്യഭാമയെ കാത്തു എത്രയെന്നു വച്ചാലും നിൽക്കാൻ നാം തയ്യാറാണെ..അല്ലെ കുട്ടീഷ്‌ണാ ..." ഇളകി ചിരിച്ചു കൊണ്ട് പ്രേമ പരവശനായി രാമനുണ്ണി നമ്പൂതിരി പറഞ്ഞു .
കുട്ടികൃഷ്ണൻ ചിരിച്ചതേ ഉള്ളു .
" എന്നാലിനി വൈകണ്ട .. പോന്നോളൂ സത്യഭാമേ ..." നമ്പൂതിരി നടക്കാൻ ഭാവിച്ചു കൊണ്ട് പറഞ്ഞു .
സത്യഭാമ രാമനുണ്ണി നമ്പൂതിരിയുടെ പിന്നാലെ നടന്നു .
അവർക്കു മുന്നിൽ ഓലച്ചൂട്ടുമായി കുട്ടികലൃഷ്ണനും .
" ഇക്കൊല്ലത്തെ പൂരം ബഹുകേമാകും .. " രാമനുണ്ണി നമ്പൂതിരി പറഞ്ഞു .
കാരമുൾ ചെടികൾ നിറഞ്ഞ ഇടവഴിച്ചെരുവിലൂടെ അവർ ഓലച്ചൂട്ടിൻറ്റെ അരണ്ട വെട്ടത്തിൽ വർത്തമാനം പറഞ്ഞു കൊണ്ട് നടന്നു .
" തമ്പുരാൻ എന്നെ വേളി കഴിക്കുമോ " സത്യഭാമ ചോദിച്ചു .
അത് കേട്ട് കുട്ടികൃഷ്ണൻ പൊട്ടിച്ചിരിച്ചു .
രംഗം 7
ഉറക്കത്തിൽ നിന്ന് ബ്രഹ്മദത്തൻ തിരുമേനി ഞെട്ടി ഉണർന്നു .
" അനർദ്ധം എന്തോ സംഭവിക്കാൻ പോകുന്നു .." ബ്രഹ്മദത്തൻ ഉരുവിട്ടു.
അദ്ദേഹം തലയണക്കടിയിൽ നിന്ന് താളിയോല ഗ്രന്ഥങ്ങൾ വലിച്ചെടുത്തു .
" ഓം ശക്തി പരാശക്തി ...." ബ്രഹ്മദത്തൻ താളിയോല ഗ്രന്ഥങ്ങളിൽ ഒന്ന് തുറന്ന്
മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി .
ഇല്ലത്തിനു പുറത്തു കാറ്റിന് ശക്തി കൂടി വന്നു . ഏതൊക്കെയോ മരങ്ങൾ കടപിഴുതു വീഴുന്ന ശബ്ദങ്ങൾ കേട്ട് കൊണ്ടിരുന്നു .ജനലിക്കൽ ഇരുന്ന കറുത്ത ചക്കിപ്പൂച്ച ഭയത്തോടെ കരഞ്ഞു കൊണ്ട് പുറത്തേക്കു എത്തി നോക്കി .
രംഗം 8
" സത്യഭാമയെ വേളി കഴിക്കാൻ മോഹോണ്ട്.. പക്ഷേങ്കിൽ .. ഒരു അഭിസാരിക ആയ സത്യഭാമയെ എങ്ങനെയാ നാം ഇല്ലത്തേക്ക് കൊണ്ട് പോണേ... കാരണവന്മാർ നമ്മെ നന്നങ്ങാടിലാക്കി കുഴിച്ചിടുകതന്നെ ചെയ്യും " രാമനുണ്ണി നമ്പൂതിരി പറഞ്ഞു .
അത് കേട്ട് കുട്ടികൃഷ്ണൻ ചിരിച്ചു .
പിന്നിൽ സത്യഭാമ ഉണ്ട് എന്ന് കരുതി ഇരുവരും നടക്കുകയാണ് .അവർക്കു പിന്നിൽ ആരും ഇല്ലായിരുന്നു .
" എന്താ സത്യഭാമ പിണങ്ങിയോ നമ്മോട്.. ഒന്നും മിണ്ടണില്ല്യാലോ ..." ഒരു ചെറു ചിരിയോടെ രാമനുണ്ണി നമ്പൂതിരി തിരിഞ്ഞു നോക്കി .അയാൾ ഞെട്ടിപ്പോയി .
" കുട്ടീഷ്‌ണാ .... സത്യഭാമയെ കാണണില്യ..." ഒരു നിലവിളിയോടെ നമ്പൂതിരി പറഞ്ഞു .
തിരിഞ്ഞു നോക്കിയ കുട്ടിക്കൃഷ്ണനും ഞെട്ടിപ്പോയി .
" അയ്യോ സത്യഭാമക്കുഞ്ഞ് എവിടെ പോയി തമ്പുരാനെ " കുട്ടികൃഷ്ണൻ ഭയത്തോടെ തിരക്കി .
" ശിവ ശിവ .. എന്തൊക്കെയാ കുട്ടീഷ്‌ണ ഇത് ... നമ്മുടെ കൂടെ വന്ന സത്യഭാമയെ കാണാനില്ല്യാലോ .... " രാമനുണ്ണി നമ്പൂതിരി വിലപിച്ചു .
പെട്ടന്ന് കാറ്റ് വീശിയടിക്കാൻ തുടങ്ങി .
കുട്ടികൃഷ്ണൻ കയ്യിലിരുന്ന ഓലച്ചൂട്ട് മിന്നിച്ച് കൊണ്ട് ചുറ്റും കണ്ണോടിച്ചു .
തൊട്ടുപുറകിൽ കറുത്ത ഒരു നായ നാവു പുറത്തേക്കുനീട്ടി ഇട്ടുകൊണ്ട് അവരെ തന്നെ തുറിച്ചുനോക്കി നിൽക്കുന്നത് കണ്ട കുട്ടികൃഷ്ണൻ അറിയാതെ നിലവിളിച്ചു.അത് കേട്ട് തിരിഞ്ഞു നോക്കിയ രാമനുണ്ണി നമ്പൂതിരി ഭയന്ന് പിന്നോക്കം വീണുപോയി .നായയുടെ തല മെല്ലെ വട്ടം കറങ്ങാൻ തുടങ്ങി .ഇടയ്ക്കു എപ്പോഴോ ആ നായക്ക് സത്യഭാമയുടെ മുഖം രൂപപ്പെട്ടതു പോലെ അവർക്കു തോന്നി .അവർ ഭയന്ന് നിലവിളിച്ചു .
അപ്പോൾ വഴി അരികിലെ പനയുടെ മുകളിൽ നിന്ന് കറുത്ത ഒരു മനുഷ്യരൂപം താഴേക്ക് പതുക്കെ ഊർന്നിറങ്ങി വരുന്നുണ്ടായിരുന്നു .
(തുടരും )
Rajeev
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക