Slider

ഒരു ചുണ്ടെലിക്കഥ.

0

ഒരു ചുണ്ടെലിക്കഥ.
.........................:.................
എന്താ അറിയൂല ബാപ്പയും ഉമ്മയും കിണഞ്ഞ് പരിശ്രമിച്ചതാണെങ്കിലും അടിയിലൊന്നുമിടുന്നതിനോട് വിച്ചാവക്ക് വലിയ താൽപര്യമില്ല. വല്ലാത്ത എടങ്ങേറ് പിടിച്ച ഒരു ഏർപാടാണ്.. ശരിക്കും ഉള്ളോളം ബേജാർ. കൂടുതൽ നിർബന്ധിച്ചാൽ കാറിക്കൂവി കരയുക.. ദേഹോപദ്രവം നടത്തുക തുടങ്ങിയ കലാപരികളാവും പിന്നീട് നടക്കുക. ഒറ്റ മോനല്ലേ.. അതിന്റെ പരിഗണന ചെക്കൻ നന്നായിട്ടങ്ങ് ഉപയോഗിച്ചു.
ഏതായാലും സിബ്ബ് രണ്ട് മൂന്ന് വട്ടം പണികൊടുത്തപ്പോൾ പുറത്ത് പോവുമ്പോൾ അടിയിൽ വല്ലതുമൊക്കെ ഇടാൻ വിച്ചാവ മോൻ നിർബന്ധിതനായി.. കഠിനമായ വേദനയും ഇത്താത്ത പിശാചിനെറെ കളിയാക്കലും... സിബ്ബിലെങ്ങാൻ പെട്ടാൽ പിന്നെ തൊലിയൊക്കെ പോയി ആ നീറ്റലും പുകച്ചിലും..പടച്ചോനെ എങ്ങനെ സഹിക്കും... എന്നാലും വീട്ടിൽ വല്യുപ്പയുടെ പഴയൊരു ഒറ്റമുണ്ട് കീറിയതാണ് വേഷം.. ദോഷം പറയരുതല്ലോ നല്ല വായു സഞ്ചാരോം കുളിർമയും ആണ്.
അങ്ങനെയിരിക്കെ ഉമ്മയുടെ സാരിത്തുമ്പി ൽ തൂങ്ങി അടുത്ത സർക്കാരാശുപത്രിയിൽ പനിക്ക് കാണിക്കാൻ പോയത് വലിയൊരു വഴിത്തിരിവായി. പനിച്ചൂടിൽ അവശനാണെങ്കിലും പരിസരമൊക്കെ നന്നായി കണ്ണും ഉരുട്ടി നോക്ക ആയിരുന്നു വിച്ചാവന്റെ പണി.ഉഷാറായി ചുമക്കുന്ന കാരണവന്മാരെയും ക്ഷീണിച്ച വല്യമ്മമാരെയും.. കീറി കരയുന്ന പിള്ളേരെയും അന്തമില്ലാതെ നടക്കുന്ന നഴ്സമ്മമാരെയും ഒക്കെ നോക്കി അവനങ്ങനെ ഇരുന്നു.. അപ്പോഴാണ് ആ സംഭവം ഉണ്ടായത്.. ഏകദേശം വിച്ചാവന്റെ പ്രായമുള്ള ഒരു ചെക്കനെയും എടുത്ത് നാലഞ്ച് ആൾക്കാർ ഡോക്ടറുടെ മുറിയിലേക്ക് ഓടിക്കയറി പോയി.. ചെക്കൻ കരഞ്ഞ് ഒരു പരുവമായിട്ടുണ്ട്..
ചെക്കന്റെ കൂടെ വന്നവരിൽ ഒരാൾ പുറത്ത് വന്നപ്പോൾ എല്ലാവർക്കും സംഭവമെന്താണെന്നറിയാൻ ആകാംഷയായി.. വിച്ചാവയും കാത് കൂർപ്പിച്ചു.. കാര്യം അറിഞ്ഞപ്പോൾ ചിലരൊക്കെ ചിരിയടക്കാൻ കഷ്ടപ്പെടുന്നുണ്ടായിരുന്നു..ചെക്കനും കണക്ക് തന്നെയാണ്.. കിടക്കുമ്പോൾ വിത്തൗട്ട്.. പക്ഷെ കഴിഞ്ഞ രാത്രി ഒരു വില്ലൻ ചുണ്ടെലി പണി പറ്റിച്ചു.. പുതിയ തിരിച്ചറിവിൽ വിച്ചാവ ഒന്ന് ഞെട്ടി... മാർക്ക കല്യാണം കഴിഞ്ഞ് തൊലി കളഞ്ഞ് വെച്ചിരിക്ക ആണ്.. ചുണ്ടെലി വല്ല പഴമാണെന്നെങ്ങാൻ വിചാരിച്ച് പോയാൽ.. ഹും.. കൊടുക്കില്ല ഞാൻ..... അങ്ങനെ വളരെ വിഷമിച്ചാണെങ്കിലും അന്ന് രാത്രി വിച്ചാവ ഉമ്മയോട് പറഞ്ഞു... ഉമ്മേ... നിക്ക് ഉടുക്കാൻ ഒരു ഷഡ്ഡി വേണം..............
യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo