നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇട്ടു കുടുക്ക 💰


ഇട്ടു കുടുക്ക 💰
=================
വാതിൽക്കൽ എത്തിയപ്പോഴേ അകത്തു നല്ല യുദ്ധം നടക്കുന്നുണ്ടെന്ന് അവന് മനസ്സിലായി . ഒന്നാം ക്ലാസ്‌കാരനായ മകനെ പഠിപ്പിക്കുന്നതിനായി എന്നും സന്ധ്യ സമയത്തു ഉള്ളതാണ് അമ്മയും മകനുമായുള്ള ഈ ഒച്ചപ്പാടും ബഹളവും
വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ മനസ്സിലായി സീൻ അല്പം വഷളാണെന്ന് . അമ്മ ചൂരൽ കഷായം മകന് നൽകുകയായിരുന്നു .
അച്ഛനെ കണ്ടപ്പോൾ അടിയിൽ നിന്നും രക്ഷ നേടാനായി ഓടി വന്ന് കാലിൽ ചുറ്റിപ്പിടിച്ചു കരഞ്ഞു .
" അവൻ ആവിശ്യത്തിന് പടിക്കുന്നുണ്ടല്ലോ , പിന്നെന്തിനാ എപ്പോഴും അവനെ ഇങ്ങനെ നീ തല്ലുന്നത് " . മകന്റെ കരച്ചിൽ കണ്ടപ്പോൾ അവന് ഇടപെടാതിരിക്കാനായില്ല .
" ഇതതല്ല ചേട്ടാ , വന്നുവന്ന് ഇവൻ മോഷ്ടിക്കാനും തുടങ്ങി " . ആ ഉത്തരം അവനിലും ഒരു ഞെട്ടൽ ഉളവാക്കി . ചോദ്യഭാവത്തിൽ അവൻ മകന്റെ മുഖത്തേക്ക് നോക്കി .
" ഇല്ലച്ചായി , ഞാൻ മോട്ടിച്ചിട്ടില്ല " , അവന്റെ കുഞ്ഞി കൈകൾ ഒന്നുകൂടി അച്ഛന്റെ തുടയിൽ മുറുക്കി ഏങ്ങലടിയോടെ പറഞ്ഞു .
" ചേട്ടാ ഇവൻ കള്ളം പറയുകയാ , ഇവൻറെ നാല് ഇട്ടുകുടുക്കയിൽ ഒരു കുടുക്ക ഇപ്പോൾ നോക്കുമ്പോൾ കാണുന്നില്ല , രാവിലെ ഇവൻറെ ബാഗ് സ്കൂൾ ബസിൽ വച്ചപ്പോൾ നല്ല ഭാരം എനിക്ക് തോന്നിയിരുന്നു . ഇവൻറെ കുടുക്ക മോഷ്ടിക്കാൻ മാത്രം ഏതു കള്ളനാ ഇവിടെ വന്നത് " .
അവൾ കോപം കൊണ്ട് വിറക്കുകയായിരുന്നു .
അവന്റെ നാല് കുടുക്കകൾ നിറഞ്ഞിരിക്കുന്നത് താനും കണ്ടതാണല്ലോ എന്നവനോർത്തു . എന്നും വൈകിട്ട് വരുമ്പോൾ തന്റെ കീശയിലുള്ള ചില്ലറ തുട്ടുകൾ അവൻ മേശപ്പുറത്ത് വയ്ക്കുമായിരുന്നു . അത് മകനുള്ള വിഹിതമായിരുന്നു . മകൻ അതെല്ലാം വാരി നിധി പോലെ സൂക്ഷിച്ചിരുന്ന അവന്റെ ഇട്ടുകുടുക്കയിൽ നിക്ഷേപിക്കുന്നത് പതിവായിരുന്നു .
അവൻ മകനെ അമ്മയിൽ നിന്നും അകറ്റി അകത്തെ മുറിയിലേക്ക് കൊണ്ടുപോയി . " മോനേ അഭിക്കുട്ടാ ...മോൻ കാശ് എടുത്തിട്ടുണ്ടെങ്കിൽ അച്ചായിയോട് പറഞ്ഞോ , അച്ചായി മോനേ ഒന്നും ചെയ്യില്ല . അച്ചായി മോനോട് പറഞ്ഞിട്ടില്ലേ തല പോയാലും കള്ളം പറയരുതെന്ന് " .
എന്നിട്ടും താൻ മോഷ്ടിച്ചിട്ടില്ലെന്നു തന്നെ ആയിരുന്നു അവന്റെ കരഞ്ഞു കൊണ്ടുള്ള മറുപടി .
" ഞാൻ അവന്റെ ക്ലാസ്സ് ടീച്ചറിനെ ഒന്ന് വിളിച്ചു ചോദിക്കട്ടെ , സ്കൂളിൽ കൊണ്ട് ചെന്നിട്ടുണ്ടോ എന്നറിയാമല്ലോ " . അവൾ അകത്തേക്ക് പാഞ്ഞുവന്നു ഫോണെടുത്തു .
അത് കേട്ടപ്പോൾ മകന്റെ കണ്ണുകളിൽ ഭയം നിഴലിക്കുന്നത് അവൻ കണ്ടു .
ക്ലാസ്സ് ടീച്ചറായ ലക്ഷ്മീ മിസ്സിന്റെ മറുപടി അവളെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു .
അവന്റെ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ആയ ഒരു കുട്ടിക്ക് ചികിത്സാ സഹായമായി നാന്നൂറ്റി അമ്പത്താറു രൂപ അടങ്ങിയ കുടുക്ക ടീച്ചറിനെ അവൻ ഏൽപ്പിച്ചിട്ടുണ്ടെന്ന് .
ശരിയാണ് കഴിഞ്ഞ ദിവസം ഡയറിയിൽ ചികിത്സാ സഹായത്തിനു ഡൊണേറ്റ് ചെയ്യണമെന്നുള്ള സ്കൂൾ അധികൃതരുടെ റിക്വസ്റ്റ് ഉണ്ടെന്നു അവളായിരുന്നു തന്നോട് പറഞ്ഞത് .
പഴ്സിൽ നിന്നും ആയിരം രൂപ എടുത്ത് നീട്ടിയപ്പോൾ അവൾ തന്നെ ആയിരുന്നു അതിന്റെ ആവിശ്യമില്ല നൂറ്‌ രൂപ കൊടുത്താൽ മതി എന്ന് ഉപദേശിച്ചതും എന്നും അവൻ ഓർത്തു .
എന്തായാലും നല്ല കാര്യത്തിനല്ലേ അത് കൊടുത്തത് എന്ന് ഓർത്തിട്ടായിരിക്കണം അവൾ പിന്നീട് മകനെ ഒന്നും ചെയ്തില്ല .
എങ്കിലും അച്ഛന്റെയും അമ്മയുടെയും ഉപദേശങ്ങൾ വയറുനിറച്ചു അന്ന് അവന് കിട്ടി . എന്നിട്ടും താൻ മോഷണം നടത്തി എന്ന് അംഗീകരിക്കാൻ മാത്രം അവൻ തയ്യാറായില്ല .
അന്നത്തെ യുദ്ധം അങ്ങനെ അവസാനിച്ചു .
°°°°°°°°°°°°°°°°°
രണ്ട് ആഴ്ച മുന്നേ ചേർത്തല അരീപ്പറമ്പിലുള്ള പ്രശസ്തമായ ശ്രീ ശങ്കര എന്ന വിദ്യാലയത്തിൽ സ്കൂൾ ആനിവേഴ്സറി ഫങ്ക്ഷൻ നടക്കുന്നു .
കുട്ടികൾ വർണ്ണങ്ങൾ വാരിവിതറിയ കുപ്പായവും , ചായക്കൂട്ടുകളാൽ അലങ്കരിച്ച മുഖങ്ങളുമായി പൂമ്പാറ്റകളെ പോലെ അവിടെ പാറി നടന്നിരുന്നു . കുട്ടികളുടെ കലാപരുപാടികൾക്കായി കാത്തിരിക്കുന്ന നിറഞ്ഞ സദസ്സും .
സ്വാഗത പ്രസംഗത്തിന് ശേഷം പ്രിൻസിപ്പാൾ വേദിയെ അഭിസംബോധന ചെയ്യാനായി സ്റ്റേജിൽ എത്തി . വിശിഷ്ടാതിഥികളായി 'മുത്തേ പൊന്നെ പിണങ്ങല്ലേ ' ഫെയിം അരിസ്റ്റോ സുരേഷും , പൂർവ്വവിദ്യാർത്ഥിയും ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം വിവേകാനന്ദനും .
പ്രിൻസിപ്പാൾ തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ ചാലിച്ച വാക്ചാതുരിയോടെ സദസ്സിനെ കീഴടക്കി തന്റെ പ്രസംഗം തുടരുകയായിരുന്നു .
" ഈ സ്കൂളിലെ 90% പേരെന്റ്സിന്റെയും മാസവരുമാനം ലക്ഷങ്ങൾ ആണെന്ന് എനിക്ക് നല്ലത് പോലെ അറിയാം . ഭാര്യയും ഭർത്താവും സമ്പാദിക്കാനായി പായുമ്പോൾ മക്കൾക്ക് കടകളിൽ നിന്നും ഫാസ്റ്റ് ഫുഡ് വാങ്ങുന്നതിനു തന്നെ ദിവസവും മുടക്കുന്നത് ആയിരങ്ങളാണ് .
അങ്ങനെയുള്ള നിങ്ങളോടു ഞങ്ങൾ രണ്ട് മാസം മുന്നേ ഒരു സഹായം അഭ്യർത്ഥിച്ചിരുന്നു . മറ്റൊന്നിനുമല്ല ഇവിടെ പഠിക്കുന്ന ഒരു കുട്ടിക്ക് ബ്ലഡ് ക്യാൻസർ ആണ് , R.C.C യിൽ അഡ്മിറ്റായ ആ കുട്ടിയുടെ ചികിത്സയ്ക്കായി ആ കുടുംബം വളരെ കഷ്ടപ്പെടുന്നുണ്ട് , അവർക്ക് ഒരു കൈത്താങ്ങിനു വേണ്ടി ആയിരുന്നു .
എനിക്കറിയാവുന്ന ലക്ഷങ്ങൾ സമ്പാദിക്കുന്നവർ പോലും പത്തു രൂപാ സഹായം നൽകയില്ല , ചില മാതാപിതാക്കൾ ഒഴിച്ച് .
പക്ഷെ നമ്മളെല്ലാം കണ്ടു പഠിക്കേണ്ട ഒരാൾ ഇവിടെ ഉണ്ട് .
1st C യിൽ ലക്ഷ്മീ മിസ്സിന്റെ ക്ലാസ്സിൽ പഠിക്കുന്ന അഭിനവ് എന്ന കൊച്ചു മിടുക്കനെ . വീട്ടിൽ പോലുമറിയാതെ അവൻ തന്റെ ഇട്ടുകുടുക്കയിൽ ഉണ്ടായിരുന്ന നാന്നൂറ്റി അമ്പത്താറു രൂപയുടെ നാണയത്തുട്ടുകൾ അവന്റെ സ്കൂളിലെ ചേച്ചിക്ക് സഹായമായി നൽകി .
ആ ആറു വയസ്സുകാരന്റെ മനസ്സിന്റെ നന്മ മുതിർന്നവരായ നിങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകയാണ് " .
പ്രിൻസിപ്പാൾ പറഞ്ഞു നിർത്തിയപ്പോൾ സദസ്സും ഒരു നിമിഷം നിശബ്ദമായി .
ആ കൊച്ചു കൂട്ടുകാരനെ വിശിഷ്ടാതിഥികൾ സ്റ്റേജിലേക്ക് ക്ഷണിച്ചെങ്കിലും ഡാൻസിന്റെ മേക്കപ്പ് ചെയ്യുന്നതിനാൽ വരാനാവില്ലെന്നു ക്ലാസ്സ് ടീച്ചർ സ്റ്റേജിൽ അറിയിച്ചു .
അവന്റെ വല്യ മനസ്സിനെ സ്തുതിച്ചും , അവന് സർവ്വാരോഗ്യ ഐശ്വര്യങ്ങളും വിശിഷ്ടാതിഥികൾ അടക്കമുള്ളവർ നേരുമ്പോഴും , സദസ്സ് അവന് വേണ്ടി കരഘോഷം മുഴക്കുമ്പോഴും നാല് കണ്ണുകൾ മാത്രം നിറഞ്ഞു തുളുമ്പുകയായിരുന്നു . അത് അവന്റെ അച്ഛന്റെയും അമ്മയുടെയും ആയിരുന്നു .
അവളുടെ കണ്ണുകളിൽ നിന്നുതിർന്ന നീർതുള്ളികളിൽ കുറ്റബോധവും കലർന്നിരുന്ന പോലെ ......
പക്ഷെ അവന്റെ അച്ഛന്റെ കണ്ണുകളിൽ മകനെ ഓർത്തുള്ള അഭിമാനം മാത്രം ആയിരുന്നുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാവും , കാരണം ഞാൻ ആ നന്മ മനസ്സിന്റെ അച്ഛനായത് കൊണ്ട് തന്നെ .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot