Showing posts with label JayanVijayan. Show all posts
Showing posts with label JayanVijayan. Show all posts

മായികലോകത്തെ മണവാട്ടി


മനസ്സിന്റെ മടിത്തട്ടിൽ മയങ്ങും
മാൻമിഴിയാം മനോഹരിയേ
മലരിലെ മധുവുണ്ണാൻ മലർവാടിയിൽ
മതിമുഖീ മാലതി മന്ദമായണയൂ
മഞ്ചാടിമണികളാൽ മാലകോർത്തു
മാണിക്യ മണിയറ മെനഞ്ഞെടുത്തു
മായികലോകത്തെ മണവാട്ടിയായി
മാലിനി മനതാരിൽ മരുവുക മഹിതേ
മാനത്ത് മഴവില്ല് മരീചികയായ്
മഞ്ഞുറയും മേഘങ്ങൾ മഴതൂവി
മാരുതൻ മുത്തിയ മുടിയിഴകൾ
മാടിയൊതുക്കി മാറോടുചേരൂ മമസഖീ
ജയൻ വിജയൻ
31/10/2016

അഫ്ഗാനിസ്ഥാൻ



ഹിന്ദുഷ് പർവ്വതനിരകളണിഞ്ഞ് വേദനതിന്നു കിടക്കുകയാണ് അഫ്ഗാനിസ്ഥാൻ.
ആറാൾ കടലിലേക്ക് ആമു നദി അഫ്ഗാന്റെ ഇന്നത്തെ അവസ്ഥയിൽ മനം നൊന്ത് ഒഴുകുന്നു.
വെടിയൊച്ചയിലും സ്ഫോടനശബ്ദത്തിലും നടുങ്ങിത്തരിച്ച് ജൂനിപെർ മരങ്ങൾ നിൽക്കുന്നു.
സൈബീരിയൻ കടുവകൾ അപ്രത്യക്ഷമായതുപോലെ അഫ്ഗാനിലെ മനുഷ്യകുലവും മനുഷ്യന്റെ ചോരക്കൊതിയാൽ വരുംനാളുകളിൽ അന്യമാവുമോ.
മുഗൾ സാമ്രാജ്യംപോലെ പല സാമ്രാജ്യങ്ങളുടെയും ഉത്ഭവമായ അഫ്ഗാനിൽ തകർത്തെറിയപ്പെട്ട ബുദ്ധവിശ്വാസങ്ങളുടെയും,ബുദ്ധ സ്തൂപങ്ങളുടെയും അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന ഭീകരവാദത്തിന്റെ നാമ്പുകൾ നാശം വിതയ്ക്കുന്നത് അഫ്ഗാന്റെ ഓരോ പുതുപുലരിയേയുമാണ്.
ജീവൻ വാരിപ്പിടിച്ച് പലായനം ചെയ്യേണ്ടിവന്ന ജനത, വെടിക്കോപ്പുകളാൽ തുളയുന്ന മനുഷ്യശരീരങ്ങൾ,വട്ടമിട്ടുപറക്കുന്ന യുദ്ധപ്പറവകൾ കാതടപ്പിക്കുന്ന വെടിയൊച്ചയിലും നിലത്ത് ഒരു വിരിപ്പുപോലുമില്ലാതെ കിടന്നുറങ്ങുന്ന ഒരുപിഞ്ചുകുഞ്ഞ്.
ഇടയ്ക്കിടെ ഞെട്ടിയുണരുന്നുണ്ട്.ആ കുഞ്ഞുമുഖത്ത് വിരിയുന്ന ഭാവങ്ങൾ വായിച്ചെടുക്കാനാവില്ല.
വരണ്ടുണങ്ങിയ കുഞ്ഞിച്ചുണ്ടിൽ മുലപ്പാലിററിക്കാനാവാതെ പട്ടിണിയാൽ തളർന്നിരിക്കുന്നു മാതാവ്...ജനിച്ചത് പാപമോ അതോ ജനിച്ചതു ഭൂമിയിലെ നരകത്തിലോ എന്ന് ചിന്തിക്കും പോലെ ഇരിക്കുന്നു ചില മനുഷ്യ ജന്മങ്ങൾ.
മത തീവ്രവാദവെറിയിൽ ചിന്നഭിന്നമാകുന്ന, വെന്തമനുഷ്യമാംസങ്ങളുടെ രൂക്ഷഗന്ധത്തിൽനിന്ന് ഒരുമോചനം അഫ്ഗാന് ഇനിയുണ്ടാവുമോ.
വെടിയൊച്ചയില്ലാത്തപുലരിക്കായ് ഇനിയെത്രനാൾ കാത്തിരിക്കണം.

By: jayan vijayan

നിനക്കായ്



ഒരുകവിതകൂടി ഞാനെഴുതിവയ്ക്കാം
ഒരുനാളിൽ നീവന്നണയുന്ന നേരത്ത്
ഈരടികൾ നിൻകാതിൽ മൂളുവാനായ്
മധുരമാം ഈണത്തിൽ നീയലിഞ്ഞീടവെ
എൻ ചിന്തയിൽ പുകയുന്ന വാക്കുകൾ
ചാലിച്ചു നിൻ നെറ്റിമേൽ കുറിയണിയിക്കാം
അക്ഷരമുറ്റത്ത് പന്തൽ തീർത്തു
അക്ഷരമുത്തുകൾ മാലകോർത്തു
സങ്കൽപ്പലോകത്തുനിന്നും ഭാവന
തെളിച്ചതേരിൽ വന്നണഞ്ഞീടു നീ
ഓർമ്മയിൽ വിരിയുന്ന പൂക്കളാൽ
തീർത്ത ശയ്യയിലെൻ വർണ്ണനകേട്ടു
കാവ്യമനോഹരി മയങ്ങുമ്പോൾ
തൂലികത്തുമ്പാൽ നിൻ ഹൃദയതാളിലായ്
കോറിയിടട്ടെ ഞാനീ കവിതകൂടി
ജയൻ വിജയൻ

ശൂന്യതയിലേക്ക് നടന്നവൻ



നീണ്ടുനിവർന്നൊരീ പാതയിൽ
ലക്ഷ്യമില്ലാതെ ഞാനലയുമ്പോൾ
കൂട്ടിനായ് ചുമലിലെ ഭാണ്ഡംമാത്രം
അന്തിയുറങ്ങാൻ തിണ്ണകൾതേടുമ്പോൾ
ഓർത്തുപോയ് കഴിഞ്ഞോരു നല്ലകാലം
ചോരതുടിക്കുന്ന പ്രായത്തിൽ ഞാൻ
വാരിയെടുത്തു മുത്തും പവിഴവും
മാളികപോലൊരു വീടുംതീർത്തു
എനിക്കുമേൽ സ്നേഹപുഷ്പങ്ങൾ
വാരിയെറിഞ്ഞുറ്റവർ ചിരിതൂകിനിന്നു
കപടചിരിയാലന്നവർ തന്നത്
കറുത്ത പുഷ്പങ്ങളായിരുന്നു
എന്നിലെ ചോരയും നീരുംവറ്റി
വിയർപ്പുതുള്ളികളെ മുദ്രക്കടലാസിൽ
മഷിയാൽ മുക്കിയവർ സ്വന്തമാക്കി
ആഢംബരക്കാറിൽ പായുന്നമക്കൾക്ക്
അപശകുനം പോലെയായ് ഞാൻ
മാളിക കാക്കുന്ന നായയെപ്പോൽ
എൻ കഴുത്തിൽ കയർ കെട്ടാതെകെട്ടി
കുരയ്ക്കുവാനുള്ള ഉർജ്ജംതീർന്നു
പടിപ്പുര വാതിൽ കൊട്ടിയടച്ചു
ഭിക്ഷാടനത്തിനൊരുങ്ങും മുൻമ്പ്
ഒരുവട്ടംകൂടിഞാൻ തിരിഞ്ഞുനോക്കി
കണ്ടില്ല കരുണയുള്ള മിഴികളെങ്ങും
മനസ്സിലെ നൻമയും സ്നേഹവും
ഭാണ്ഡത്തിലാക്കിഞാൻ തളർന്ന
കാലുമായ് ശൂന്യതയിലേക്ക് നടക്കട്ടെ
ജയൻ വിജയൻ
10/10/2016

ജീവിത പുസ്തകം



ഇന്നു ഞാനീതൂവെള്ള വസ്ത്രമണിഞ്ഞു
കിടക്കവെ ജീവിതഅദ്ധ്യായം മറിച്ചുനോക്കി
പലകുറി നിവർത്തിയ പുസ്തകത്തിൽ
പലമുഖങ്ങളും തെളിയുന്നു വീണ്ടും
ആദ്യതാളിലായ് അമ്മതൻമുലപ്പാൽ
കറപോലെ ഉണങ്ങിക്കിടക്കുന്നു
മറ്റൊരുതാളിൽ അച്ഛന്റെ നെഞ്ചിലെ
ചൂടും തോളേറിനടന്നൊരോർമ്മകളും
ബാല്യത്തിൻതാളുകൾ വെറുതെമറിക്കവെ
കളിത്തോഴരോടൊത്തുള്ള ആ നല്ലനാളിന്റെ
ഓർമ്മകൾ കുളിർക്കാറ്റുപോലെ വീശുന്നു
ബാല്യകാലത്തിനാത്താളിൽ തിരിതാഴുന്നു
കൗമാരത്താളിലായ് നിറമുള്ളസ്വപ്നങ്ങൾ
ചായങ്ങൾ തേച്ച് പൂത്തുലഞ്ഞാടിടുന്നു
യൗവ്വനത്താളുകൾ മറിച്ചുകഴിഞ്ഞപ്പോൾ
ജീവിതപുസ്തകം പകുതികഴിഞ്ഞുപോയ്
നൻമ്മയും തിൻമ്മയും കടലാസുകളിൽ
സമ്മിശ്രലിപികളിൽ തെളിഞ്ഞുകിടന്നു
വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും പിന്നെക്കുറെ
അഹങ്കാരങ്ങളും ഇനിയുള്ളതാളിൽ കണ്ടു
ഇന്നീ ജീവിതപുസ്തകം അടയ്ക്കട്ടെ
ഞാനവസാനമായ് ഊരട്ടെവർണ്ണവസ്ത്രം
അരികത്ത്നിന്ന് കണ്ണീർപൊഴിച്ചവർ
അധികവും അകലെയുള്ളവരായിരുന്നു
ശിരസ്സാകെ മൂടിയ വെള്ളത്തുണിക്കിടയി
ലൂടെകണ്ടുഞാനാ വൻജനാവലി
അന്ത്യപുഷ്പങ്ങൾ വാരിയെറിഞ്ഞവർ
എനിക്കായ് ചൊല്ലി യാത്രാമംഗളങ്ങൾ
യാത്രചോദിക്കാതെ പോയീടുന്നുഞാൻ
ഇനി മടക്കമില്ലാത്ത യാത്രയിലേക്ക്

By:
ജയൻ വിജയൻ

അവനിയുടെ അന്ത്യവിലാപം


എന്നെ പാടിയുണർത്തിയ കിളികളിതാ
ഉണങ്ങിക്കരിഞ്ഞടർന്നുവീണ ശിഖരത്തിൻ
ഇടയിൽ ശവക്കൂനപോൽ അസ്ഥിമാത്രമായ്
പൊടിഞ്ഞു മണ്ണോടു ചേരാനൊരുങ്ങുന്നു
നാണംമറയ്ക്കാൻ ഞാൻപുതച്ചിരുന്ന
നിബിഡവനങ്ങൾ നിലംപൊത്തി
ഇലകൾ പച്ചനീരുവറ്റി കൊഴിഞ്ഞ്
ഒരു കാട്ടുതീ കാത്തുകിടക്കുന്നു
എനിക്കുമീതെയൊഴുകിയ പുഴയെവിടെ?
വറ്റിവരണ്ടചാലിൽ കൂർത്തായുധംപോൽ
മീനുകളുടെ അസ്ഥികൂടങ്ങൾ കിടക്കുന്നു
ചിതലരിച്ചതോണി തുഴയൊടിഞ്ഞുകിടന്നു
ഒരിറ്റു ജീവവായുവിനായ് ഞാൻ പരതവെ
വ്യവസായശാലകൾ വിഷപ്പുകതുപ്പി ചിരിച്ചു
ശ്വാസവായുവിൽ കറുത്തപുക കലരുന്നു
ഹ്രദയരക്തം കറുത്ത് കൊഴുക്കുന്നു
മണ്ണുമാന്തികൊണ്ടെൻ മാറുതുരക്കുന്നു
മനസ്സിൽ പരിഷ്കാരപ്പനി പിടിച്ചമനുഷ്യർ
മണ്ണിനും മതത്തിനും പൊരുതുന്നവരുടെ
ചുടുചോരവീണെൻ കണ്ണുകൾ മൂടുന്നു
ദാഹംശമിക്കാൻ എന്റെപുഴയിൽനിന്ന്
ഒരുതുടം ജലംതരൂ....
നഗ്നതമറയ്ക്കാൻ ഒരുചെറുകാടുതരൂ...
ശ്വസിക്കാനൽപ്പം ശുദ്ധവായു തരൂ.....
ചരമഗീതം പാടാൻ കിളികളെ ഉണരൂ...
എന്റെ സൂര്യനോടുഞാൻ വിടപറയുന്നു
നിന്റെ നവഗ്രഹങ്ങളിലിനി ഞാനില്ല
അച്ചുതണ്ടൊടിഞ്ഞ് നിന്നാകർഷണ-
വലയത്തിൽനിന്ന് ഞാനടർന്നുമാറുന്നു
ഇനിയെൻ തേങ്ങൽ ക്ഷീരപഥത്തിലലിയട്ടെ
ജയൻ വിജയൻ
3/10/2016

സഖിയേ നിനക്കായ്



ഹ്യദയത്തിൽ വിരിയുന്ന
പ്രണയപുഷ്പങ്ങളെ
പ്രിയസഖീ നിനക്കായ് നൽകാം
നറുമണം ചോരാത്ത
കുസുമ സ്മിതങ്ങളെ
മാല കോർത്തണിഞ്ഞീടു നീ
ദിനമെത്ര കൊഴിഞ്ഞാലും
ദൂരേക്ക് നാമകന്നെന്നാലും
വാടാതെയാ പുഷ്പങ്ങൾ
മനസ്സിന്റെ പൂന്തോപ്പിലായ്
പൂത്തെന്നും വിലസീടട്ടെ
മാനത്ത് വിരിയുന്ന മഴവില്ലിൻ
നിറമെല്ലാം പ്രിയേനിൻമിഴികളിൽ
ഏഴഴകായ് മയങ്ങുന്നുവോ
എഴുവർണ്ണങ്ങളും പൂക്കുന്നുവോ
നീലനിലാവിൽ സ്വപ്നങ്ങൾ ചാലിച്ച്
മഞ്ഞുവീഴുന്നൊരാ പുൽമേടയിൽ
മിന്നാമിനുങ്ങിനെ കണ്ടുകൊണ്ട്
രാവിന്റെ കമ്പളം പുതച്ചിരിക്കാം
ജയൻ വിജയൻ
2/10/2016

സമയം



ഒാടുന്നസമയത്തിൻ സൂചികൾ
ഒന്നുപിടിച്ചുനിർത്തണം എന്ന
ചിന്തയാലൊരു ഗോവേണി
ചാരിക്കയറി ഞാൻ ഘടികാരം
തൂക്കിയ ഭിത്തിയിൽ
മേലാടതുറന്ന് നോക്കിയപ്പോഴതാ
സമയസൂചി എട്ടിൽനിൽക്കുന്നു
വേഗത്തിൽ താഴേക്കിറങ്ങി
സമയമില്ലെനിക്ക് ഓഫീസിലെത്തണം
ചാരുകസേരയിലിക്കവെ കണ്ണുടക്കി
ഓഫീസിലെ ഘടികാരത്തിൽ
പിന്നെ വേഗത്തിൽ തുറന്നുമൂടി
അപ്പോഴതാ സൂചി ഒന്നിൽ നിൽക്കുന്നു
സമയമില്ലെനിക്ക് താഴെയെത്തണം
ഉച്ചഭക്ഷണസമയമാണിപ്പോൾ
വീട്ടിലെ പട്ടുമെത്തയിൽ കിടക്കവെ
വീണ്ടുമൊരു ചിന്ത പിടിച്ചു നിർത്തണം
സമയത്തെയെനിക്ക്..വീണ്ടുംതുറന്നു
മുടി സമയസൂചിയപ്പോൾ പത്തിൽ
സമയമില്ലെനിക്കുറങ്ങണം ഉണരണ
മതിരാവിലെ..
സമയത്തെ പിടിച്ചുകെട്ടാൻ സമയമെ
നിക്കില്ലെങ്കിലും ഒരിക്കൽ പിടിച്ചു
കെട്ടണമെനിക്കു കാലചക്രത്തെ..
ജയൻ വിജയൻ

മർത്ത്യന്റെ മഹാരാജ്യം


വെട്ടിനിരത്തുക നീ
തണലേകുംകാടുകൾ
ആട്ടിയകറ്റുക നീ
കിളിപാടും പാട്ടുകൾ
തച്ചുതകർക്കുക നീ
കുരുവിക്കൂടും മുട്ടകളും
കൂട്ടിലടക്കുക പാറുംകിളിയെ
ഉണങ്ങിയ ചില്ലയിൽ
തീയുംകൊളുത്തുക
കാട്ടുതീയിൽ വെന്ത
മൃഗമാംസം ലഹരിയും
കൂട്ടി തിന്നുക മനുഷ്യാ
തെളിനീർ പുഴയിൽ
നഞ്ചും കലക്കുക
ചത്തുമലക്കും പുഴമീനുകളെ
വലയിൽ കോരിയെടുക്കുക വേഗം
കൈയ്യിൽ കിട്ടിയ ചപ്പുംചവറും
നീട്ടിയെറിയുക തെരുവിൽ
ചീഞ്ഞളിഞ്ഞ് ശ്വാസ
വായുവും മലിനീകരിക്കട്ടെ
കെട്ടിപ്പൊക്കുക സൗധങ്ങൾ
ഭുമിയുലഞ്ഞാടി സൗധം
തകരും വരെയും രാജാവായ്
ഭൂവിൽ വാഴുക മർത്ത്യാ നീ
ജയൻ വിജയൻ

നീരുതേടി



വരണ്ടഭൂമിയില്‍ വിണ്ടകാലുമായ്
നീരുതേടിഞാന്‍ നടന്നുനീങ്ങവെ
പൊരിഞ്ഞവെയിലിനാല്‍
തൊണ്ടവരളവെ ഒരിറ്റുജലം
പരതികണ്ണുകള്‍, ചുറ്റുമായിതാ
ഒഴിഞ്ഞകുണ്ടുകള്‍ കാല്‍ച്ചുവട്ടിലെ
തഴമ്പിനുള്ളിലായ് എരിമണല്‍ത്തരി
ആഞ്ഞുകുത്തവെ ഒരുതരിത്തണല്‍
കൊതിച്ചുനിന്നുപോയ്
പോയകാലത്തെ
തിരിഞ്ഞുനോക്കവെ അന്നിവിടൊരു
ഹരിതതാഴ്വര അണിഞ്ഞൊരുങ്ങി
പരന്ന്കിടന്നിരുന്നു ഇന്നിവിടമോ
കരിഞ്ഞനാമ്പുകള്‍ ഉണക്കവേരുമായ്
പൊന്തിനില്‍ക്കുന്നു
തളര്‍ന്നകാലുമായ് നീരുതേടിഞാന്‍
കുഴഞ്ഞുനീങ്ങവെ
കുഴിഞ്ഞകണ്ണിലൂടുതിര്‍ന്നു
വീണതോ നനുത്തഅശ്രുവും
ഒരിറ്റുപ്രതീക്ഷയും
---------------------------------------------------
ജയൻ വിജയൻ

മേൽവിലാസം നഷ്ടപ്പെട്ടവർ



അച്ഛനാരെന്നറിയാതെ വളർന്നബാല്യം
ആരെന്നചോദ്യത്തിൻ മുമ്പിലായ്
അമ്മതൻ കണ്ഠമിടറിയ നാളുകൾ
പാതിരാവിൽ ആരോവാതിലിൽമുട്ടുന്ന
ശബ്ദംകേട്ടമ്മയെന്നെ ചേർത്തുപിടിച്ചു
പേടിയാൽ വെളുപ്പിച്ചരാത്രികളിൽ
അച്ചന്റെ തണലിനു കൊതിച്ചുബാല്യം
അന്യന്റെ വീട്ടിലെ അടുക്കളയിൽ പുകയൂതി
കലങ്ങിയകണ്ണുമായ് അമ്മയെത്തുമ്പോൾ
കണ്ടുഞാനാക്കണ്ണിലച്ഛന്റെ ധൈര്യം
പൊന്നോമനേനീ ഉയർന്നുയർന്നു
വലിയവനാകണം എന്നമ്മയിടയ്ക്കിടെ
പറയുന്നു പ്രതീക്ഷയോടെ
അമ്മതൻസ്വപ്നം പൂവണിഞ്ഞീടാൻ
ഞാനന്നുതൊട്ടറിവിനെ തേടുന്ന
ആഴക്കടൽ താണ്ടിപ്പറക്കുന്ന
കടൽക്കാക്കപോൽ പറന്നുയർന്നു
ഇക്കരെ കുടിലിൽ ഏകയായ് അമ്മ
ഒാർമ്മകൾ അയവിറക്കി തേങ്ങുന്നു
മോഹവാക്കും വർണ്ണസ്വപ്നങ്ങളും
തേനിൽചാലിച്ച് വയറ്റിൽ വിത്തുപാകി
പോയ്മറഞ്ഞച്ഛന്റെ കരിനിഴൽതേടുന്നു
കളിക്കൂട്ടരൊത്തുല്ലസ്സിച്ച് ഒപ്പത്തിനൊപ്പം
നീങ്ങുമ്പോളെവിടെനിന്നോ ഉയരുന്നാ
ചോദ്യം അച്ഛനാര് നിന്റെയച്ഛനാര്?
അപമാനിതനായ് പടിയിറങ്ങവേ
ഉള്ളിൽ കത്തുന്നപകയാരോട്
കാമത്തിൻ വലയിൽവീണമാതാവിനോടോ
ഗർഭബീജം നിറച്ചുകടന്ന പിതാവിനോടോ
കഥയറിയാതീഭൂമിയിൽ കുരുത്തയെന്നോടുതന്നെയോ
കാലമേറെക്കഴിഞ്ഞുപോയ് അമ്മതൻ
സ്വപ്നവും പൂവണിഞ്ഞു എന്തോപറയാനാ
ചുണ്ടുകൾ വിറകൊള്ളവെ കൈയ്യാൽ
തടഞ്ഞുഞാൻ വേണ്ട കേൾക്കണ്ടയെനിക്ക്
ആവാക്കുകൾ അറിയെണ്ടതില്ലിന്ന
അച്ഛനാരെന്ന് അമ്മയാണ് ഞാൻകണ്ട
നിത്യസത്യം അമ്മതന്നെയാണച്ഛനും
ജയൻ വിജയൻ
19/09/2016

മൃഗബലി


കുരുതിക്കളങ്ങളിൽ തെളിയുന്നുവർണ്ണം
മഞ്ഞളിൽചാലിച്ച ചുണ്ണാമ്പുവെള്ളത്തിൽ
തീപ്പന്തത്തിൻ ജ്വാലകൾതെളിയവെ
തെങ്ങിൻപ്പൂക്കുലവിടർത്തി പുഷ്പമാല
ചുറ്റിയ തീപ്പന്തം ആളിക്കത്തുന്നു
അപ്രീതമാം ദേവതാമുഖങ്ങൾക്ക്
മൃഗത്തിൻചുടുചോരയേകി ദേവപ്രീതി
നേടാനായ് കുരുതിക്കളമൊരുങ്ങവെ 
കണ്ടീലയാരും പാവമാംജന്തുവിൻ വേദന
കഴുത്തുഞെരിച്ചും ഞരമ്പറത്തും
 ചോരയാൽ ചുവന്നകുരുതിക്കളത്തിൽ
അന്ധതമൂടിയ മനുഷ്യപിശാചുകൾ
മൃഗബലിയേകി നിണമണിഞ്ഞുചിരിച്ചു
ജയൻ വിജയൻ
11/09/2016

മദ്യം


ഇന്ന് ഞാനെന്റെ ഓർമ്മകളെ കുറെദൂരം പിന്നോട്ടു പായിച്ചു.. തലച്ചോറിൽ ഒർമ്മകൾ മായാതെ നിൽക്കാൻ തുടങ്ങിയ കാലത്തുനിന്നും തുടങ്ങട്ടെ ഞാൻ.വയൽവരമ്പിലെ വൈദ്യതിയെത്താത്ത അനേകം വീടുകൾക്കിടയിലെ ഒരു വീട്ടിൽ ആണ് അച്ഛനും അമ്മയും ഞാനുംഅനിയനും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.അമ്മയുടെ മുഖത്തെപ്പോഴും സന്തോഷവും ഭയവും ഇടകലർന്ന ഭാവമായിരുന്നു.അച്ഛന്റെ മദ്യപാനമായിരുന്നു ഈ ഭാവങ്ങൾക്ക് കാരണം.മദ്യപിക്കുമെങ്കിലും കുടുംബം നോക്കുന്ന വ്യക്തി.രാത്രി അച്ഛൻ വരാൻ വൈകിയാൽ അന്ന് ഉറപ്പാണ് വീട്ടിൽ കലഹം തന്നെ.ജനാലക്കരികിലെ കട്ടിലിൽ ഇരുന്നാൽ വരമ്പിലൂടെ നടന്ന് വരുന്നവരെ കാണാം ..അച്ഛന്റെ മെഴുകുതിരിവെട്ടം കണ്ണ്നട്ട് ഇരിക്കുകയാണമ്മ..ഞങ്ങളോട് അച്ഛൻ വന്നിട്ട് ഉറങ്ങാമെന്ന് അമ്മ ദയനീയമായി പറയുമെങ്കിലും ഞങ്ങളുടെ കുഞ്ഞികണ്ണുകൾക്ക് ഉറക്കത്തെ പിടിച്ചുനിർത്താൻ സാധിക്കുമായിരുന്നില്ല.പിന്നെ പാതിരാത്രിയിലെപ്പോഴോ പാത്രങ്ങൾ ഉടയുമ്പോൾ പാതിമയക്കത്തിൽ ഞങ്ങളറിയും അച്ഛനെത്തി.അമ്മ കട്ടിലിൽ തന്നെ തല കുനിച്ചിരിപ്പാണ്.കണ്ണീർതുള്ളികൾ ഇടക്കിടെ പൊഴിഞ്ഞു വീഴുന്നുണ്ട്..തെറിവിളയാട്ടം നടത്തി ലഹരിയിൽ ഉറഞ്ഞാടുകയാണച്ഛൻ..ഇടയ്ക്കിടെ ചോദ്യങ്ങളുയർത്തുന്നു.അമ്മയിൽ നിന്നും ഉത്തരം ലഭിക്കാതെ വന്നപ്പോൾ കരണം പൊട്ടുന്ന രീതിയിൽ മർദ്ദനം..ഇതുകണ്ട് ഞങ്ങൾ മുറിയുടെ ഒരുമൂലയിലേക്ക് പതുങ്ങി.പ്രതികരിക്കാനുള്ള പ്രായവും ശേഷിയുമില്ലായിരുന്നു ഞങ്ങൾക്ക്.മർദ്ദനം പിന്നെ കാലുകൊണ്ടായി. കണ്ടിരിക്കാനായില്ല ഞങ്ങൾക്ക്. ഓടിച്ചെന്ന് അമ്മയെ രണ്ടുപേരും കെട്ടിപ്പിടിച്ചു .അപ്പോൾ അച്ഛനു തല്ലാനായില്ല..എങ്കിലും കൈകൊണ്ട് കവിളടച്ച് ഒരു അടി..ഒരുതേങ്ങൽ അമ്മയിൽ നിന്ന് കേട്ടു.ഒപ്പം കവിളിലുടെ ചോരത്തുള്ളിയും ഒഴുകി.കമ്മൽ അടികൊണ്ട് ഒടിഞ്ഞിരിക്കുന്നു.കലികൊണ്ട് വിറയ്ക്കുന്ന അച്ഛന്റെ കാലിൽ പിടിച്ചു ഞങ്ങൾ കരഞ്ഞു.അതിന്റെ ഫലം തൊഴിച്ചെറിയലായിരുന്നു.ഞങ്ങൾ ദൂരെ തെറിച്ചു വീണപ്പോൾ വീണ്ടും അമ്മയെ തൊഴിക്കാനവസരം കിട്ടി .ഇത്തവണത്തെ തൊഴിക്ക് അമ്മ എഴുന്നേറ്റ് ഓടി.എവിടെയെങ്കിലും പോയ് രക്ഷപെടട്ടെ അല്ലെങ്കിൽ എവിടെയെങ്കിലും പോയ് മരിച്ചോട്ടെ എന്ന് ഞങ്ങളും വിചാരിച്ചു .ഇതിലും ഭേദം അതല്ലെ.പിന്നെ അച്ഛന്റെ കലിയടങ്ങി .നിദ്ര അച്ചനെ വിഴുങ്ങി.കുറെ കഴിഞ്ഞപ്പോൾ അമ്മവന്നു ഞങ്ങളെയും പുതപ്പിച്ചുറങ്ങി.നേരം വെളുത്തപ്പോൾ കണ്ടത് മൂളിപ്പാട്ടും പാടി വാതിൽപടിയിലിരിക്കുന്ന അച്ഛനെയാണ്.അരികിൽ വീങ്ങിയ മുഖത്ത് പുഞ്ചിരിവരുത്തി ചായകപ്പുമായ് അമ്മയും.ഇപ്പം അച്ചനെപ്പോലെ സ്നേഹനിധിയായ ഒരാൾ വേറെ ഇല്ല എന്നു തോന്നും.മദ്യം ഉള്ളിൽ ചെന്നാൽ പഴയ പോലെ തല്ലും ബഹളങ്ങളും. മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചത്തിൽ അച്ചനുവേണ്ടിയുള്ള കാത്തിരിപ്പും അമ്മയുടെ ദേഹം ഇഞ്ചപോലെ ചതഞ്ഞും ഭയന്നകണ്ണുകളോടെ ഞങ്ങളുടെയും ജീവിതം കടന്നുപോയി.ഞങ്ങൾ വളർന്നു.പ്രതികരണ ശേഷിയുള്ളവരായ് മാറിയപ്പോൾ അമ്മയ്ക്ക് ഏൽക്കേണ്ടി വന്ന മർദ്ദനത്തിന്റെ അളവും കുറഞ്ഞു.എങ്കിലും മദ്യത്തിന്റെ അളവ് അച്ചൻ കുറച്ചില്ല.ഞങ്ങൾ വിവാഹിതരായി.വിദേശത്ത് ജോലിക്കായ് പോയി..പിന്നെ വീട്ടു വിശേഷങ്ങൾ ഫോണിലൂടെ മാത്രം..അങ്ങനെയിരിക്കെ ഒരുദിവസം ഞെട്ടിക്കുന്നഒരു വാർത്ത വന്നു.അച്ഛൻ ആത്മഹത്യ ചെയ്തു.മദ്യപിച്ച് സ്വയം തീകൊളുത്തി.കേട്ടപ്പോൾ ആദ്യം വിഷമം തോന്നിയില്ല.പിന്നെ ചെറുപ്പത്തിൽ ഇടയ്ക്കിടെ മാത്രം കിട്ടിക്കൊണ്ടിരുന്ന അച്ഛന്റെ സ്നേഹം ഓർത്തപ്പോൾ മനസ് വിങ്ങി.മിഴികൾ ഈറനണിഞ്ഞു.അവസാനമായ് അച്ഛനെ കാണാൻ നാട്ടിൽ ചെന്നപ്പോൾ അച്ഛന്റെ മൃതദേഹത്തിനരുകിൽ അമ്മ നിർവികാരയായ് ഇരിക്കുന്നു.അമ്മയുടെ കണ്ണുകളെ അച്ഛൻ ഒരുപാടു കരയിപ്പിച്ചതുകൊണ്ടാവാം ഇന്ന് അച്ഛനു കൊടുക്കാൻ അവസാനതുള്ളി കണ്ണീർ അമ്മയ്ക്കില്ലാതെ പോയത്..ഇന്നും അച്ഛനെ ഓർക്കുമ്പോൾ ഒരു വിങ്ങലാണ് മനസ്സിൽ ..അച്ഛനോടുള്ള സ്നേഹത്തിന്റെ യോ വെറുപ്പിന്റെയോ സഹതാപത്തിന്റെയോ വിങ്ങൽ..
(മദ്യം തകർത്ത കുടുംബങ്ങൾക്കായ് എന്റെ ആദ്യ കഥ ഞാൻ സമർപ്പിക്കുന്നു)
ജയൻ വിജയൻ

നാടൻപാട്ട്


നെന്മണികൊയ്യാൻ പോരുന്നോപെണ്ണെ
നെൽപ്പാടമിന്നില്ലല്ലോ പൊന്നെ
പൂമരംകാണാൻ പോരുന്നോപെണ്ണെ
പുങ്കാവനമിന്നില്ലല്ലോ പൊന്നെ
കിളിമൊഴികേൾക്കാൻ പോരുന്നോപെണ്ണെ
കിളിക്കൊഞ്ചലിന്നില്ലല്ലോ പൊന്നെ
ആമ്പലുനുള്ളുവാൻ പോരുന്നോപെണ്ണെ
ആമ്പൽക്കുളമിന്നില്ലല്ലോ പൊന്നെ
ഊയലാടാൻ പോരുന്നോപെണ്ണെ
ഊഞ്ഞാലുമിന്നില്ലല്ലോ പൊന്നെ
തെയ്യംകാണാൻ പോരുന്നോപെണ്ണെ
തെയ്യക്കോലമിന്നില്ലല്ലോ പൊന്നെ
പൂരംകാണാൻ പോരുന്നോപെണ്ണെ
പൂരപ്പറമ്പൊഴിഞ്ഞല്ലോ പോന്നെ
ആട്ടമാടാൻ പോരുന്നോപെണ്ണെ
ആട്ടവിളക്കുകൊളുത്തു പൊന്നെ
മോദമായാടാൻ പോരുന്നോപൊന്നെ
ആടിക്കളിച്ചങ്ങുപോയിടാം കണ്ണേ...
ജയൻ വിജയൻ
6/09/2016

വീണ്ടുമൊരു പുലർകാലം


സായാഹ്നസൂര്യൻ തിരിതാഴ്ത്തി
തീരത്തിൻ കുങ്കുമചാരുതയോടെ ആകാശത്തമ്പിളിത്തിലകം ചാർത്തി
പൂർണ്ണേന്ദു വാനിലുദിച്ചു
രാവിനെവേൽക്കാനൊരുങ്ങുന്ന
ഭൂമിക്ക് നീലനിലാവുപൂമഞ്ചമായ്
രാക്കിളിപ്പാട്ടിനീണത്തിൽ ലയിച്ചവൾ
മഞ്ഞിൽ പുതച്ചുറങ്ങി
പുലർകാലസൂര്യൻ വെൺമേഘ
പാളികൾ നീക്കിയൊളിതൂകിനിന്നു
കിളിക്കൊഞ്ചൽകേട്ട് ചില്ലയുമുണർന്നു
വീണ്ടുമൊരുപ്രഭാതം കാണാൻ
ധര മിഴിമെല്ലെത്തുറന്നു
ജയൻ വിജയൻ

രാവിൻ ഈണം


നീലവാന വീഥികളിൽ
ഒഴുകിനീന്തും മേഘമേ
മേഘപാളി നീക്കിയെൻ
ചാരെവന്നിടൂ നീ ചന്ദ്രികേ
മാരിമുകിൽ വന്നുമൂടിയോ
കോടമഞ്ഞു ചെന്നുപുൽകിയോ
തെന്നൽ മെല്ലെവീശിയോ
മേഘരാജി മാഞ്ഞുപോകയോ
പൂനിലാവ് പെയ്തിറങ്ങിയോ
പുഷ്പമാരി പൂത്തിറങ്ങിയോ
ഭൂമിയാകെ പൂവണിഞ്ഞുവോ
രാക്കിളികൾ പാട്ടുമൂളിയോ
ജയൻ വിജയൻ
30/8/2016

ഒഡീഷ


മൽസഖീ ഇനിയെൻ തോളിലേറുക
പോയിടാമൊരു ദീർഘയാത്ര
പാതയോരത്തായ് നിരന്നൊരാജനാവലി
നടുവിലായ് മെല്ലെനീങ്ങിടാം
അനുഗമിക്കാനാരുമില്ല എങ്കിലും
യാത്രാമംഗളം ചൊല്ലാനാരുമില്ലെങ്കിലും
എത്തിച്ചിടാംഞാൻ നിന്നെയെൻ കൂരയിൽ
പാതയെത്ര നീണ്ടതെങ്കിലും നിൻ
ദേഹിയെനിക്കിന്ന് ഭാരമല്ല തെല്ലുമേ
എൻ തോളിലിരുന്നുനീ കണ്ടുകൊള്ളൂ
അൽപ്പനേരംമുൻമ്പായ് നീ
വാണിരുന്നൊരീ ദേശത്തേ
കാണുന്നോ നീ കനിവുള്ളൊരാളെയും
മൽസഖി നാം വീടണഞ്ഞിപ്പോൾ
വിശ്രമിക്കനീ അൽപ്പനേരം
നിനക്കുറങ്ങുവാൻ തീർത്തിടട്ടെ ഞാൻ
ആറടിമണ്ണിലൊരു കിടക്ക
വിശ്രമിക്കനിൻ കുഞ്ഞിൻ വിങ്ങൽ
കേട്ടിനിയൽപ്പനേരം
തട്ടമൽപ്പം മാറ്റിയൊന്ന് കാണട്ടെ
ഞാനാമുഖം അവസാനമായ്
സ്വീകരിക്കുനീ സഖിയെൻ അന്ത്യചുംബനം
സ്വീകരിക്കുകയെൻ കണ്ണീർപ്പൂവുകൾ
നെഞ്ചുപൊട്ടി മൂടട്ടെ ഞാൻ
നിന്നെയീ മണ്ണിനുള്ളിലായ്
ജയൻ വിജയൻ
26/08/2016

ജീവിത പുസ്തകം


ഇന്നു ഞാനീതൂവെള്ള വസ്ത്രമണിഞ്ഞു
കിടക്കവെ ജീവിതഅദ്ധ്യായം മറിച്ചുനോക്കി
പലകുറി നിവർത്തിയ പുസ്തകത്തിൽ
പലമുഖങ്ങളും തെളിയുന്നു വീണ്ടും
ആദ്യതാളിലായ് അമ്മതൻമുലപ്പാൽ
കറപോലെ ഉണങ്ങിക്കിടക്കുന്നു
മറ്റൊരുതാളിൽ അച്ഛന്റെ നെഞ്ചിലെ
ചൂടും തോളേറിനടന്നൊരോർമ്മകളും
ബാല്യത്തിൻതാളുകൾ വെറുതെമറിക്കവെ
കളിത്തോഴരോടൊത്തുള്ള ആ നല്ലനാളിന്റെ
ഓർമ്മകൾ കുളിർക്കാറ്റുപോലെ വീശുന്നു
ബാല്യകാലത്തിനാത്താളിൽ തിരിതാഴുന്നു
കൗമാരത്താളിലായ് നിറമുള്ളസ്വപ്നങ്ങൾ
ചായങ്ങൾ തേച്ച് പൂത്തുലഞ്ഞാടിടുന്നു
യൗവ്വനത്താളുകൾ മറിച്ചുകഴിഞ്ഞപ്പോൾ
ജീവിതപുസ്തകം പകുതികഴിഞ്ഞുപോയ്
നൻമ്മയും തിൻമ്മയും കടലാസുകളിൽ
സമ്മിശ്രലിപികളിൽ തെളിഞ്ഞുകിടന്നു
വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും പിന്നെക്കുറെ
അഹങ്കാരങ്ങളും ഇനിയുള്ളതാളിൽ കണ്ടു
ഇന്നീ ജീവിതപുസ്തകം അടയ്ക്കട്ടെ
ഞാനവസാനമായ് ഊരട്ടെവർണ്ണവസ്ത്രം
അരികത്ത്നിന്ന് കണ്ണീർപൊഴിച്ചവർ
അധികവും അകലെയുള്ളവരായിരുന്നു
ശിരസ്സാകെ മൂടിയ വെള്ളത്തുണിക്കിടയി
ലൂടെകണ്ടുഞാനാ വൻജനാവലി
അന്ത്യപുഷ്പങ്ങൾ വാരിയെറിഞ്ഞവർ
എനിക്കായ് ചൊല്ലി യാത്രാമംഗളങ്ങൾ
യാത്രചോദിക്കാതെ പോയീടുന്നുഞാൻ
ഇനി മടക്കമില്ലാത്ത യാത്രയിലേക്ക്
ജയൻ വിജയൻ
21/08/2016

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo