Showing posts with label Prakash. Show all posts
Showing posts with label Prakash. Show all posts

രാക്ഷസന്‍


1
വഴികള്‍ പിന്നിലേക്കോടവേ, ഞാനൊരു
പഴയ പതിനാറുകാരനായ് മാറുന്നു
പവിഴമല്ലികള്‍ പൂക്കുന്ന മുറ്റത്തു
കവിതപോലവള്‍ വിരിയുന്നു പിന്നെയും.
ചെറിയ നാണമുണ്ടെങ്കിലും ശുണ്ഠിയില്‍
മുറുകെയെന്റെ കൈത്തണ്ടയില്‍ നുള്ളുന്നു
പരിഭവം പതഞ്ഞൊഴുകുന്നു: രാക്ഷസാ!
വെറുതെ കാത്തു ഞാനമ്പലത്തിണ്ണയില്‍!'
നഖമുനപ്പാടില്‍ നോക്കിച്ചിരി,ച്ചതില്‍
മുഖമമര്‍ത്തുന്നു; ചോദിപ്പു: 'നൊന്തുവോ?!'
2
ഏറെനാള്‍ കഴിഞ്ഞൊരു 'മാളി'ലെത്തിരക്കില്‍ ഞാന്‍
ഏകനായിരിക്കുന്നു, തണുപ്പില്‍, നിശ്ചേഷ്ടനായ്.
ഭാര്യയും മോനും ചേര്‍ന്നു 'ഷോപ്പു' ചെയ്യുന്നൂ ദൂരെ,
കാര്യമെന്തിപ്പൂച്ചയ്ക്കു പൊന്നുരുക്കലാമതില്‍?!
അവളെന്‍ മുന്നില്‍ വന്നു നില്‍ക്കുന്നു ഭര്‍ത്താവുമൊ-
ത്തവരും 'ഷോപ്പിംഗി'നാം; ഇത്രയും പറഞ്ഞവള്‍:
'നല്ല സുന്ദരിയാണു ഭാര്യ; ഞാന്‍ കണ്ടു, നിങ്ങള്‍
നല്ല ചേര്‍ച്ചയാ,ണെനിയ്‌ക്കൊത്തിരിയിഷ്ടപ്പെട്ടു!'
3
വീട്ടുമുറ്റത്തു പന്തലിലാളുകള്‍
കാത്തുനില്‍ക്കുന്നു; ഭര്‍ത്താവുമു,ണ്ടയാള്‍
എത്തിയെന്റെ കൈ കൂട്ടിപ്പിടിയ്ക്കുന്നു;
മുക്തി വന്നപോല്‍ നെറ്റിമേല്‍ വയ്ക്കുന്നു!
'ചത്തുപോവുകില്‍ നിങ്ങളാം രാക്ഷസന്‍
എത്തിവേണം ശവമടക്കീടുവാന്‍
എന്നു ചൊല്ലിയേല്‍പ്പിച്ചെന്‍ പ്രിയതമ'-
യെന്ന ഗദ്ഗദം കേട്ടു ഞാന്‍ സ്തബ്ധനായ്...
മഞ്ചലില്‍, പട്ടുകോടിയ്ക്കുപിന്നിലും
പുഞ്ചിരിച്ചവള്‍ ചോദിച്ചു: 'നൊന്തുവോ...?!'
By-പി പ്രകാശ്‌

ഓര്‍മ്മ...


ഓര്‍മ്മ...
മാവേലിക്കര ബസ് സ്റ്റാന്‍ഡിനടുത്ത് നടക്കാന്‍ ബുദ്ധിമുട്ടി നില്‍ക്കുകയായിരുന്നു ആ വൃദ്ധന്‍. ഓട്ടോ പിടിച്ച് വീട്ടില്‍ കൊണ്ടിറക്കുമ്പോള്‍, സന്തോഷത്തോടെ ഓട്ടോക്കാരനോട് അദ്ദേഹം എന്നെ പരിചയപ്പെടുത്തി പറഞ്ഞു: 'അറിയത്തില്ലിയോ? ഇത് എന്റെ മൂത്ത മോന്‍ സേവ്യറുകുട്ടിയാ..'
ഓട്ടോക്കാരന് അദ്ദേഹത്തെ നന്നായറിയാം. വൃദ്ധന്‍ വീട്ടില്‍ കയറിക്കഴിഞ്ഞപ്പോള്‍ അയാള്‍ എന്നോടു പറഞ്ഞു: 'സേവ്യറ് ഗള്‍ഫില്‍ പോയിട്ട് പത്തുപതിനഞ്ചു വര്‍ഷമായി. ഇതിനിടയ്ക്കു വന്നത് രണ്ടു തവണ മാത്രമാ..'

By: 
Sukaami Prakash

കറുക


ആടിമാസമഴയില്‍ക്കുളിച്ചിളം
നാമ്പുനീട്ടിയനുരാഗലോലയായ്
കാത്തുനില്‍ക്കുമിവളെക്കടക്കുവാ-
നാവുകില്ല; പിഴുതേയടങ്ങു ഞാന്‍!
(വൃത്തം രഥോദ്ധത)


By: Sukaami Prakash

ആശംസകള്‍


ഫെയ്‌സ് ബുക്കിലെ എഴുത്തുകാരെക്കുറിച്ച് ഒരു ദുരാരോപണമുണ്ട്- 
അവര്‍ സാധാരണ മാധ്യമങ്ങളില്‍ ഇടം കിട്ടാതെ ഇച്ഛാഭംഗത്തിലായവരാണെന്ന്. എന്നാല്‍ അത് എന്തുതന്നെയായാലും, സോഷ്യല്‍ മീഡിയകളില്‍ അത്യത്ഭുതകരമായ ഭാവനകള്‍ ഗൗരവപൂര്‍വ്വം അവതരിപ്പിക്കുന്ന എഴുത്തുകാരുണ്ട്. ചില പ്രതിഭാശാലികള്‍, എഴുതുന്നത് ഫെയ്‌സ് ബുക്കിലായതുകൊണ്ടും, നല്ല ഒരു പത്രാധിപരില്ലാത്തതുകൊണ്ടും, സ്‌ക്കൂളില്‍ കര്‍ശനക്കാരുടെ അഭാവമുള്ളതുകൊണ്ടു മാത്രം കുസൃതികളും അശ്രദ്ധാലുക്കളുമായിത്തീരുന്ന കുട്ടികളെപ്പോലെ, അവരുടെ പ്രതിഭയെ ദുര്‍വ്യയം ചെയ്യാറുണ്ട്. അതു മാറ്റിയെടുത്താല്‍, നമുക്ക് മലയാള സാഹിത്യത്തിനു മുതല്‍ക്കൂട്ടുകളാകാവുന്ന രചനകള്‍ നിരവധിയുണ്ടാകും എന്നാണ് എനിക്കു തോന്നുന്നത്. എല്ലാ എഴുത്തുകാരും, എഴുത്തിനെ ഗൗരവത്തോടെ കാണണമെന്നാണ് എന്റെ അപേക്ഷ. എഴുത്തിനുവേണ്ടി ഉരുകിത്തീരുന്ന, എഴുത്തിനുവേണ്ടി ഇല്ലാതാകുന്ന, എഴുത്തും എഴുത്തുകാരനും രണ്ടല്ലാതായിത്തീരുന്ന, എഴുത്തുകാര്‍ക്കുവേണ്ടി കാത്തിരിക്കുന്നു... മഴ പ്രതീക്ഷിക്കുന്ന വേഴാമ്പലിനെപ്പോലെ... 
എല്ലാ എഴുത്തുകാര്‍ക്കും ആശംസകള്‍.

മഴയ്ക്കു മുമ്പ്

സന്ധ്യയായില്ലെങ്കിലു,മതുപോലിരുള്‍ വീണ
സുന്ദരമധ്യാഹ്നമാ, ണെപ്പൊഴും മഴ വീഴാം.
അതിനു മുമ്പുള്ളതാം ശാന്തത ഭഞ്ജിയ്ക്കുവാ-
നരുതാതൊരു പൂച്ചയടക്കം പറയുന്നു.
ജാലകം തുറന്നു ഞാന്‍ കാണുമീ മതിലിന്‍മേല്‍
ജീവിതം മടുത്തൊരു കാക്ക വന്നിരിക്കുന്നു.
അകലെ, വാഴക്കൂട്ടം നിറഞ്ഞ തൊടിയിലൂ-
ടതിവേഗത്തില്‍, കോഴിക്കുടുംബം നടക്കുന്നു.
മുകില്‍ കൈയൊഴിഞ്ഞതാം വര്‍ഷബിന്ദുവിന്‍ ദുഃഖം
മൂകമ,ല്ലിതാ പൊട്ടിക്കരയാന്‍ തുടങ്ങുന്നു....


- പി പ്രകാശ്, 14.07.2016, 14.15 hrs

പുണ്യം

വീണ്ടുമൊരു ചുവടിനിടമില്ല; പാതാളമാ-
ണുണ്ടായിരുന്ന തിരി കെട്ടു. 
ചുറ്റിലുമിരുട്ടാണ്, നിശ്ശബ്ദതാസ്ത്രങ്ങ-
ളേറ്റേറ്റു ഹൃദയം തുളഞ്ഞു.
ചത്ത സൂക്തങ്ങളതി തീക്ഷ്ണദുര്‍ഗന്ധമായ്
കൊത്തിപ്പറിയ്ക്കുന്നു ക്രൂരം.
ശക്തനാമൊരു കഴുകു വന്നു നഖമുനകളാല്‍
കോര്‍ത്തെടുത്തെങ്കിലതു പുണ്യം!
(പി പ്രകാശ്, 19.07.2016, 17.21 hrs)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo