Showing posts with label PrettyTony. Show all posts
Showing posts with label PrettyTony. Show all posts

ശാപമോ അനുഗ്രഹമോ(അനുഭവ കുറിപ്പ്)


ഡാഡിയുടെയും മമ്മിയുടെയും കൂടെ ക്രിസ്തുമസ് ആഘോഷിക്കാനാണ് ഓഫീസിൽ നിന്നും കെട്ടിയോന്റെ അടുത്തൂന്നും ലീവ് എടുത്ത് നാട്ടിലെത്തിയത്. എല്ലാം ആ എടത്വ അമ്മച്ചി കൊളമാക്കി. ചേച്ചിയുടെ അമ്മായിയമ്മയാണ്. നാളെയാണ് അടക്ക്.
നല്ലോരു ക്രിസ്തുമസ് ദിവസം മൊത്തം ട്രെയിനിൽ പോയി.നോയമ്പ് പോലും വീട്ടാതെ ട്രെയിനിലെ ഒണക്ക ഫുഡ്. ഹോ! കരച്ചിലു വന്നു പോയി. എന്തൊക്കെ പ്ലാനിങ്ങ് ആരുന്നു. കുഞ്ഞാങ്ങളയും ജീചേച്ചിയും ഒക്കെ വരാനിരുന്നതാ. എല്ലാം ക്യാൻസൽഡ്.
എന്റെ കാര്യം പോട്ടെ. പാവം ഡാഡിയും മമ്മിയും . മടുത്തു രണ്ടാളും. വയസ്സായതല്ലേ? പോവണ്ടാ എന്ന് എല്ലാരും പറഞ്ഞതാ. ചേച്ചിയും പറഞ്ഞു വയ്യെങ്കിൽ വരണ്ടാ എന്ന്. അപ്പോ മമ്മിക്ക് ഒരു ആഗ്രഹം. പോണംന്ന്. തന്നെ ആണേൽ എന്നാ ചെയ്തേനെ. ഇപ്പോൾ ഞാൻ ഉണ്ടല്ലോ കൂടെ.
പയ്യന്നൂർന്ന് കോട്ടയം വരെ ട്രെയിൻ. അന്ന് ബന്ധുവീട്ടിൽ തങ്ങി. പിറ്റേന്ന് രാവിലെ കോട്ടയത്തൂന്ന് ബസിൽ തിരുവല്ല. അവിടുന്ന് എടത്വാ ബസിൽ കേറി. ഭാഗ്യം അവർക്ക് സീറ്റ് കിട്ടി. എനിക്കും ഒരു അഡ്ജസ്റ്റ്മെന്റ് സീറ്റ് . ഒരു കൊച്ചിന്റെ കൂടെ.
രണ്ട് സ്റ്റോപ്പ് കഴിഞ്ഞാണ് ആ അമ്മ കേറീത്. മുണ്ടും നേരിയതും ഉടുത്ത് നെറ്റിയിൽ ചന്ദനമൊക്കെ തൊട്ട് നല്ല ഐശ്വരമുള്ള മുഖം. ഒരു പത്തറുപത് വയസ്സു കാണും.
ആരേലും ഒരു സീറ്റ് താ മക്കളെ എന്ന് പറഞ്ഞാ കേറി വന്നത് തന്നെ. ഡ്രൈവറുടെ തൊട്ട് പുറകിലിരിക്കുന്ന ഞങ്ങളെയാണ് നോട്ടം. ഏറ്റവും ഇങ്ങേ അറ്റത്താണേൽ ഞാനും. ആരും അനങ്ങിയില്ല. എണീക്കണോ വേണ്ടയോ എന്ന ആലോചനയിലായിരുന്നു ഞാനും. യാത്രയുടെ മടുപ്പും ഡ്രൈവറുടെ വെട്ടിച്ച് വെട്ടിച്ചുള്ള ഓട്ടത്തിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന അഭ്യാസവും. മടി തോന്നി.
ഒരു സീറ്റ് ചോദിച്ചിട്ട് ഈ പെണ്ണുങ്ങൾ തരുന്നുണ്ടോന്ന് നോക്കിയെ. നാണം കെട്ട വർഗ്ഗങ്ങൾ. ഞെളിഞ്ഞ് ഇരിക്കുന്ന കണ്ടോ അവളുമാർ .നിനക്കൊക്കെ ഒരു കാലത്ത് വയസ്സാകുമെടീ . അപ്പോൾ നീ ഒക്കെ അനുഭവിക്കാൻ കിടക്കുന്നതേ ഉള്ളെടീ.
ആ അമ്മ അങ്ങ് തൊടങ്ങി. ഞങ്ങൾ മൂന്നു പേരും ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ച് അവിടെ തന്നെ ഇരുന്നു.
അടുത്തത് വന്നു ഉടനേ തന്നെ.
കണ്ണാടീം വച്ച് അവൾ ഇരിക്കുന്ന കണ്ടില്ലയോ. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കത്തില്ലടീ. നോക്കുമ്പോ കർത്താവേ, അവർക്ക് രണ്ടാൾക്കും കണ്ണാടി ഇല്ല. അപ്പോ ഞാനാണ് ടാർഗറ്റ്. രക്ഷപ്പെട്ട ആശ്വാസം അവർക്ക് .
ദാ വരുന്നു അടുത്തത്.
അവൾ ഒരു കോളേജ് കുമാരി വന്നിരിക്കണു. നിനക്കൊക്കെ ഒരു കാലത്ത് വയസ്സാകുമെടീ. മനസ്സിൽ പത്ത് പന്ത്രണ്ട് ലഡ്ഡു അടുപ്പിച്ച് പൊട്ടി. മരണ വീട്ടിലേക്ക് പോവണ കാരണം ഒരു പൗഡർ പോലും ഇട്ടില്ലായിരുന്നു. നിങ്ങൾ വിശ്വസിക്കില്ല. എന്നാലും നേരാ.
പെട്ടെന്നാ വിരലിൽ കെടന്ന മോതിരത്തിന്റെ കാര്യം ഓർത്തത്. ഒറ്റ കറക്ക് വച്ചു കൊടുത്തു. ടോണി അകത്തായി. അമ്മച്ചി കണ്ടില്ല. ഭാഗ്യം.
കണ്ടില്ലേ ഇരിക്കുന്നത് കൊച്ചി രാജാവിന്റെ കൊച്ചു മോള് .അടുത്ത് ഇരുന്ന ചേച്ചി എന്റെ കൈക്കിട്ട് ഒറ്റ തട്ട്. ഞങ്ങൾ മൂന്നു പേരും പൊട്ടിച്ചിരിച്ചു പോയി.
ഇതൊക്കെ രാവിലെ എവിടന്ന് കുറ്റീം പറിച്ച് ഇറങ്ങിയേക്കുവാണോ? ഇതിനൊന്നും വീട്ടിൽ തന്തേം തള്ളേം ഇല്ലാത്തതാണോ? ഇതിനെയൊക്കെ ഇങ്ങനെ കയറൂരി വിടാനായിട്ട്. ഇതൊന്നും വെള്ളം കിട്ടി ചാകത്തില്ല എന്റെ ഭഗവാനേ.
ഇത്രയും ആയപ്പോഴേക്കും ബസിലെ സോ കോൾഡ് യങ്ങ്സ്റ്റേർസ് മൊത്തം എന്റെ സപ്പോർട്ടായി. അവര് എന്നോട് കൈ കൊണ്ടും കാലു കൊണ്ടും കണ്ണു കൊണ്ടുമൊക്കെ പോട്ടെ എന്ന് പറയുന്നുണ്ട്. ആ ആനവണ്ടിയിലെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ.
എഴുന്നേറ്റക്കാം എന്ന തീരുമാനം ഞാൻ എന്നത്തേക്കുമായി അങ്ങ് തിരുത്തി. എന്റെ കൂസലില്ലായ്മ കണ്ടാവണം അമ്മച്ചി അടുത്ത ലെവലിലേക്ക് കടന്നു.
നീയൊക്കെ ഇന്ന് രാത്രി വീട്ടിലെത്തിയാൽ ഭാഗ്യം. എന്റെ ചക്കുളത്തുകാവിലമ്മേ .. കാത്തോളണേ. ഈശ്വരാ ഭഗവാനേ, അച്ഛനു നല്ലത് മാത്രം വരുത്തണേ എന്ന് പറഞ്ഞ ശ്രീനിവാസനെയൊക്കെ ഓർത്ത് ഞാൻ വെറുതെ ഇരുന്നു.
മക്കളുടെ കയ്യീന്ന് ഒരു തുള്ളി വെള്ളം കിട്ടി ചാകാനുള്ള യോഗം നിനക്കുണ്ടാവത്തില്ലെടീ. ചാവാൻ നേരമല്ലേ , അതും ഇത്തിരി വെള്ളത്തിന്റെ കാര്യം , അത് ഞാനങ്ങ് സഹിച്ചു. എന്തായാലും അമ്മച്ചീടെ ഈ ശാപം അതങ്ങ് ഏറ്റാൽ മതിയാരുന്നു.
ഞാൻ നോക്കുമ്പോ രണ്ട് സീറ്റ് പുറകിലിരിക്കുന്ന മമ്മി എണീക്കാൻ നോക്കുന്നു. കണ്ണുരുട്ടി കാണിച്ച് മമ്മിയെ ഞാൻ അവിടെ ഇരുത്തിച്ചു. പാവം എന്നെ പറയുന്നത് കേട്ടുള്ള വിഷമമാണ്.
ഞാൻ ഒരക്ഷരം പോലും മിണ്ടിയില്ല. എന്നാത്തിനാ വെറുതെ .അതുകൊണ്ട് ഒരു കാര്യോം ഇല്ല താനും.
................ദേവീ, ഇവളൊക്കെ ഇന്ന് വീട്ടിലെത്തുവോ എന്തോ. ആ ദേവീടെ പേരു മറന്നു പോയി. തിരുവല്ല എടത്വാ റൂട്ടിലുള്ള ഏതോ ദേവിയാണ്.
അങ്ങേ അറ്റത്തിരുന്ന അവർ എന്നോട് പറയുവാ , ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്തായാലും എഴുന്നേൽക്കരുതെന്ന് . ഏതാണ്ട് അര മണിക്കൂറിനുള്ളിൽ അവര് ഇറങ്ങി. അമ്മേ ഭഗവതി കാത്തോളണേ എന്ന് ഉറക്കെ ഉറക്കെ ഉരുവിട്ട് കൊണ്ട് അവർ റോഡ് സൈഡിൽ തന്നെയുള്ള ചക്കുളത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് നടന്നു പോയി.
അവര് ഇറങ്ങിയതും എല്ലാവർക്കും നാവ് വച്ചു. ഡ്രൈവർ തന്നെയാ തുടങ്ങിയത്. ഇത്രേം തിരക്കുള്ള ബസിൽ കേറിയിട്ട് സീറ്റില്ലാന്ന് പറഞ്ഞ് കരഞ്ഞിട്ടെന്താ കാര്യം എന്നാ പിന്നെ അവർക്ക് തിരക്കില്ലാത്ത വണ്ടിയേൽ കേറിയാ പോരാരുന്നോ?
ഒരു വയസ്സായ സ്ത്രീയുടെ വായീന്നു വരുന്നതാണോ അവര് പറഞ്ഞതൊക്കെ. പിന്നെ എങ്ങനെ തോന്നും സീറ്റ് കൊടുക്കാൻ .പുറകീന്ന് ആരോ ആണ് പറഞ്ഞത്.
അതുവരെ എല്ലാം തമാശ ആയിരുന്നു എങ്കിലും മമ്മിയുടെ മുഖത്തെ സങ്കടം എന്നെ അസ്വസ്ഥപ്പെടുത്തി.
ഞങ്ങൾക്കും ഇറങ്ങേണ്ട സ്റ്റോപ്പ് ആയി. മരണ വീടിന്റെ കറുത്ത പന്തൽ ദൂരെ നിന്നേ കാണാം. ഒപ്പീസും പാട്ടും പ്രാർത്ഥനകളും തുടങ്ങിയിരുന്നു.
" കേട്ടു നടുങ്ങി മനമിളകി
ഭീതി വളർന്നെൻ സ്വരമിടറി
മിഴിനീർ തൂകി ഉണർത്തിച്ചു
ഞാനൊരു നിമിഷമൊരുങ്ങട്ടെ."
~~~~~
പ്രെറ്റി ടോണി

ദീപാവലി ഷോപ്പിംഗ് !!


കുറച്ച് നാളായി ഇപ്പോ അവരുടെ കൂടെയൊക്കെ ഒന്നു കറങ്ങീട്ട്.അങ്ങിനെയാണ് ശനിയാഴ്ചത്തേക്ക് ഒരു ഔട്ടിംഗ് പ്ലാൻ ചെയ്തത്. ഞാൻ, വി.ജി( അനിത വി.ജി.), അൽവിന (ഉത്തർ പ്രദേശ് കാരിയാണ് ) ഒരു സെറ്റ് ആണ്. വി.ജി. എന്നും വൈകിയേ വരൂ.. ഞാൻ നേരത്തേ ഇറങ്ങി. അവൾ വരുന്നത് വരെ സ്റ്റേഷനിൽ ഇരുന്ന് കഥകൾ വായിക്കാം എന്നൊരു ഉദ്ദേശവും ഇല്ലാതില്ലാ.
മെട്രോ സ്റ്റേഷൻ വരെ അഞ്ചു രൂപയേ ബസ് ചാർജ്ജ് ഉള്ളെങ്കിലും ബസ് നിരങ്ങി നിരങ്ങി അവിടെയെത്താൻ ഒരു അര മണിക്കൂറെങ്കിലും എടുക്കും. ശനിയാഴ്ച ആയത് കൊണ്ട് മെട്രോയിൽ നല്ല തിരക്കുണ്ട്. എന്തായാലും നിന്നോണ്ട് തന്നെ ഫെയ്‌സ്ബുക്ക് തുറന്നു. ഒരു വാട്ട്സ് അപ്പ് അഡിക്റ്റ് ആയിരുന്ന എന്നെ ഫെയ്സ്ബുക്ക് അഡിക്റ്റ് ആക്കി മാറ്റിയത് ഈനല്ലെഴുത്ത് തന്നെയാണ്.
പറഞ്ഞ പോലെ വി.ജി. എത്തീട്ടില്ല.ഐ എൻ എ മെട്രോ സ്റ്റേഷനിൽ ഇരിക്കാൻ സ്ഥലം ഇഷ്ടം പോലെയുണ്ട് . വായനയിൽ മുഴുകി ഇരുന്ന കാരണം സമയം പോയതറിഞ്ഞില്ല . പതിനൊന്ന് മണിക്ക് എത്താമെന്നേറ്റ അവൾ എത്തിയത് പന്ത്രണ്ടരയ്ക്ക്. വന്നയുടനേ , "u know, science sayട that if you are aIwayട late, u are more creative" എന്ന് ഒരു കാച്ചൽ. എല്ലാത്തിനും അവളുടെ ഒരോരോ quote ഉണ്ട്. ഇനി അൽവിനയെക്കൂടി പൊക്കണം.അവൾ ഏതു കോലത്തിലാണോ ആവോ? എന്തായാലും പത്ത് മിനുട്ടിൽ അവളുമെത്തി.
സരോജിനി മാർക്കറ്റിൽ എത്തിയപ്പോ എന്താ തിരക്ക്. ദീപാവലി ഷോപ്പിങ്ങിന് ഇറങ്ങിയേക്കുവാ എല്ലാവരും. കടകൾക്കുള്ളിലേതിനേക്കാൾ പൊടിപൊടിക്കുന്ന കച്ചവടമാണ് വഴിവക്കിൽ നടക്കുന്നത്. വിലപേശൽ തകൃതിയായി നടക്കുന്ന സ്ഥലം. ആയിരത്തിയഞ്ഞൂറ് പറഞ്ഞ സാധനമൊക്കെ നൂറിന് പുഷ്പം പോലെ ആൾക്കാര് വാങ്ങിക്കൊണ്ട് പോകുന്ന കണ്ട് കണ്ണുതള്ളി നിന്ന് പോയിട്ടുണ്ട് ആദ്യകാലങ്ങളിൽ .
പണ്ട് ഞാനും ഒന്ന് ശ്രമിച്ചതാ. ഇന്ന് വിലപേശീട്ട് തന്നെ കാര്യം എന്നോർത്ത് ഹിന്ദി ഏക് ദോ തീൻ തുടങ്ങി ഒന്നൂടെ പഠിച്ച് പോയി. ഒരിടത്ത് അയാൾ വിളിച്ചു പറയുന്നുണ്ട് , ടേഡ് സൗ, ടേഡ് സൗ കോയി ഭി ലേലൊ ടേഡ് സൗ(ഏതെടുത്താലും നൂന്റൻപത് ) , ഞാൻ പോയിട്ട് വളരെ ഗമയിൽ ഭായി സാബ്, ടായി സൗ ക്കോ ദേ ദോ പ്ലീസ് ( ഇരുന്നൂന്റമ്പതിന് തരൂ പ്ലീസ്) ഹോ! അയാൾ എന്നെ നോക്കിയ ആ നോട്ടം ഇപ്പഴും ഓർമ്മയുണ്ട്. ഇന്നും ടേഡും ടായിയും ഒരു കൺഫ്യൂഷനാ.
പെട്ടെന്ന് അൽവിനയുണ്ട് അലറുന്നു. ബ്രാന്റഡ് വാലാ ആ ഗയാ ( ആ ബ്രാന്റഡ് കാരൻ വന്നു ). പറഞ്ഞ് തീരുന്നതിനു മുന്നേ അവൾ അവിടെ എത്തി രണ്ട് ടോപ്പും കൈക്കലാക്കിക്കഴിഞ്ഞു. ഇതെന്നാ സംഭവംന്നറിയുവോ? ലേഡീസ് ഡ്രസ്സസ്സിൽ പ്രസിദ്ധരായ ബ്രാന്റ്സ് കട്ടോണ്ട് വന്ന് വിയ്ക്കുന്നതാണ്. പത്ത് രണ്ടായിരം രൂപ വിലയുള്ള Westside , levi's , W, Allen Solly എന്ന് വേണ്ട, ഇല്ലാത്ത ബ്രാന്റ് ഒന്നും തന്നെയില്ല. അത് വിൽക്കുന്നതോ ഇരുന്നൂറും മുന്നൂറും രുപയ്ക്ക്. പിന്നെ പറയണോ? ചെറിയ ഒരു കാർപ്പറ്റ് നിലത്ത് വിരിച്ച് അതിലേക്ക് പാക്കറ്റ് പൊട്ടിച്ചു പൊട്ടിച്ച് ഇടുകയാണ് അയാൾ.
അഞ്ച് മിനിട്ടിനകത്ത് തന്നെ ആ കുഞ്ഞു കാർപ്പറ്റിനു ചുറ്റും പെണ്ണുങ്ങൾ പൊതിഞ്ഞു. അൽവിന ഇടയിൽക്കൂടി അതി വിദഗ്ദമായി ഒരോന്ന് മുങ്ങിപ്പൊങ്ങി എടുക്കുന്നുണ്ട്. ലോട്ടറി ടിക്കറ്റ് എടുക്കുന്ന പോലാ. അടിച്ചാ അടിച്ചു. ഇവർ ഇതിന്റെ എടേൽ ചെലപ്പം സെക്കന്റ് ഹാന്റ് ഡ്രസ്സും തേച്ചുമടക്കി നല്ല കുട്ടപ്പനാക്കി കൊണ്ടോയി ഇടും . അതാണേൽ ചെലപ്പോ വീട്ടിലെത്തി നോക്കുമ്പോഴേ മൂട്ടിലുള്ള ഓട്ട കാണാൻ പറ്റൂ. ഞാൻ രണ്ടും അൽവിന നാലും ടോപ്പ് വാങ്ങിച്ചു . വി.ജി. ഒന്നും വാങ്ങിയില്ല . കണ്ടകശനി എങ്ങാനും ആണോന്ന് ഓർത്ത് കക്ഷി ഇച്ചിരെ മൂഡ് ഔട്ടാ. അടുത്തിടെ കാലൊടിഞ്ഞ് പ്ലാസ്റ്റർ അഴിച്ചതേയുള്ളു.
എന്നാ ഇനി എന്തെങ്കിലും കഴിച്ചിട്ടാവാം ബാക്കി എന്നോർത്ത് നേരെ കേരളാ ഹോട്ടലിലേയ്ക്ക് വിട്ടു. സരോജിനിയിൽ വന്നാൽ ഞങ്ങൾ എന്നും അവിടെ കേറും. കാരണം അൽവിനയ്ക്ക് അവിടെ ഒരു കുഞ്ഞു ലൈനൊക്കെയുണ്ട്. കാല് നീര് വച്ച് കാരണം വി. ജി. അവിടുന്ന് റൂമിലേയ്ക്ക് തിരിച്ച് പോയി. ഞങ്ങൾ മാർക്കറ്റിലേയ്ക്കും. വാങ്ങാൻ വന്ന സാധനം അപ്പോഴും വാങ്ങീട്ടില്ല. അതങ്ങനെയാണല്ലോ. വെഡ്ഡിങ് ആനിവേഴ്സറിക്ക് ഗിഫ്റ്റ്, പ്ലസ് സൈസ് ഷർട്ട് തപ്പി നടക്കുമ്പോഴാണ് ദേ അയാൾടെ അടുത്ത് പുതിയ സെറ്റ് കളക്ഷൻ വന്നിരിക്കുന്നത് കണ്ടത്. വീണ്ടും അങ്ങോട്ട് ഓടി.
ഇത്തവണ കുറച്ച് കൂടി നല്ലതാണ്. അൽവിന ആദ്യം തന്നെ എല്ലാം തിരിച്ച് കൊടുത്ത് പറഞ്ഞു. ബയ്യാ ! യേ സബ് ചെയ്ഞ്ച് കർണാ ഹെ. (ഇത് എല്ലാം മാറ്റിയെടുക്കണം ) ടീക് ഹെ എന്ന് പറഞ്ഞ് അയാൾ അത് വാങ്ങി വച്ചു. നല്ലത് വല്ലോം കിട്ടിയാലല്ലേ മാറ്റുന്ന കാര്യം എന്നോർത്ത് ഞാൻ അനങ്ങിയില്ല. പെട്ടെന്ന് ഒരു മജന്ത കളർ ടോപ്പ് അൽവിനയുടെ കയ്യിൽ. മെലിഞ്ഞ് കോലാപ്പി പോലിരിക്കുന്ന അവൾക്കെന്തിനാ അത് . അവൾ അതെനിക്ക് നീട്ടി. എനിക്കത് നന്നേ ഇഷ്ടപ്പെട്ടു. ഞാൻ മെല്ലെ ബാഗിൽ നിന്ന് പഴയത് ഒന്ന് എടുത്ത് അയാൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.
" യെ കബ് കാ ഹെ "(ഇത് എപ്പോഴത്തെയാ). iഅഭി അഭി ലേക്കെ ഗയാ ഭയ്യാ !" (ഇപ്പോ വാങ്ങിച്ചോണ്ട് പോയതേയുള്ളു) . കണ്ടോ ഞാൻ ഇട്ട് ഒന്നും ചീത്തയാക്കീട്ടില്ല എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ പുഞ്ചിരിച്ചു.
"അച്ഛാ ! തോ ആപ് കൽ ആക്കെ ചെയ്ഞ്ച് കർദോ ! യെ ദൂസരാ ലോട്ട് ഹെ !" (ഇത് വേറെ ലോട്ട് ആണ് , നാളെ വന്ന് മാറ്റി എടുത്തോ ) .
ഞാൻ ഞെട്ടിപ്പോയി. അപ്പോ അൽവിന? ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കി. അത് കണ്ട് അയാൾ അവളോട് ...
"നിന്റേതും ഇനി രാവിലെത്തെ എങ്ങാനും ആണോ? "
അവൾ ഒന്നും അറിയാത്ത പോലെ, "എയ് അല്ല ഭയ്യാ! രണ്ട് ദിവസം മുന്നത്തേ ആണ് ". പകച്ച് പോയി എന്റെ ഷോപ്പിങ്. വളരെ ദയനീയമായി ഞാൻ അപേക്ഷിച്ചപ്പോ കുറെ ഒച്ച വെച്ചതിന് ശേഷം difference കാശ് കൊടുത്ത് ഒരെണ്ണം മാറ്റാൻ അയാൾ സമ്മതിച്ചു. അഞ്ച് പൈസ എക്സ്ട്രാ കൊടുക്കാതെ ഒരു ചീത്തേം കേൾക്കാതെ നാല് ടോപ്പ് മാറ്റി അവൾ കൂളായി നടന്നു. ധനനഷ്ടോം മാനഹാനിക്കും ശേഷം കഷ്ടിച്ച് ഒരു ടോപ്പ് മാറ്റി ഞാനും. വീട്ടിൽ എത്തി ഒരു സമാധാനത്തിന് വി.ജി. യോട് പറയാന്ന് ഓർത്തപ്പോ എല്ലാം കേട്ട് കഴിഞ്ഞ് കക്കക്കാന്ന് ചിരിച്ചോണ്ട് അവൾ പറയുവാ. മോളേ , അതിന്റെ പേരാണ് " Regional discrimination " അഥവാ പ്രാദേശിക വിവേചനം എന്ന്. അതോടെ എല്ലാം പൂർത്തിയായി.
~~~~~~~~~~~~~
ത്രി ഇഡിയറ്റ്സ് മൂവിയിൽ മാധവൻ പറയുന്ന പോലെ " ദോസ്ത് ഫെയിൽ ഹോ ഗയാ തോ ദുഖ് ഹോത്താ ഹെ , ദോസ്ത് ഫസ്റ്റ് ആ ഗയാ തോ ജ്യാദാ ദുഖ് ഹോത്താ ഹെ " പോലെ എന്തോ ഒരു ഫീലിങ്ങ് ഇപ്പോഴും എന്റെ തൊണ്ടയിൽ കുടുങ്ങി കിടപ്പുണ്ട്.

By: Pretty Tony

ദൈവത്തിന്റെ മാലാഖ :


വീട്ടിലേക്കുള്ള പടികൾ ഓടിക്കയറി, കാളിങ് ബെല്ലുപോലും അടിക്കാതെ, വാതിൽ തുറന്നകത്തു കയറുമ്പോൾ, സ്നേഹ നന്നായി കിതക്കുന്നുണ്ടായിരുന്നു. ദീപ ചേച്ചി അടുക്കളയിലാണെന്നു തോന്നുന്നു. പാത്രങ്ങളുടെ തട്ടലും മുട്ടലും കേൾക്കാം. നേരെ തന്റെ മുറിയിലേക്ക് കടന്ന്, കയ്യിലിരുന്ന പേപ്പറുകളും ബാഗും മേശപ്പുറത്തേക്കിട്ടിട്ട്, സ്നേഹ കട്ടിലിലേക്കിരുന്നു. ചെറുതായി വിയർക്കുന്നുണ്ടായിരുന്നു. ശ്വാസം മുട്ടുന്നത് പോലെ... കഴിഞ്ഞ മണിക്കൂറിൽ നടന്ന കാര്യങ്ങളോർത്തപ്പോൾ തലച്ചോറ് മരവിച്ചതുപോലെ. കൈകാലുകളിലെ വിറയൽ ഇതുവരെ മാറിയിട്ടില്ല. കഴിഞ്ഞ മണിക്കൂറിലെ സംഭവങ്ങൾ മനസ്സിൽ ചുര മാന്തുന്നത് പോലെ.
ഡൽഹിയിലെ പാണ്ഡവ് നഗറിലുള്ള വീട്ടിൽ നിന്നും താനിറങ്ങുമ്പോൾ അഞ്ചുമണി കഴിഞ്ഞിരുന്നു. പാണ്ഡവ്നഗറിലെ വീട്ടിൽ ചേച്ചി ദീപയോടൊപ്പമാണ് താമസിക്കുന്നത്. നഗരത്തിലെ കോളേജിൽ പഠിക്കുന്ന എന്റെ അവസാന സെമസ്റ്റർ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. റിപ്പോർട്ട് കമ്പ്യൂട്ടറിൽ റെഡിയാണ്. വീട്ടിൽ പ്രിൻറർ ഇല്ലാത്തതു കൊണ്ട്, റിപ്പോർട്ട് USB യിൽ കോപ്പി ചെയ്ത്, പ്രിന്റെടുക്കാനായി, അടുത്തുള്ള ലക്ഷ്മി നഗറിലെ DTP സെന്ററിലേക്കാണ് ഈ ഓട്ടം. പിങ്കും വെള്ളയും നിറങ്ങളിലുള്ള ബോഗൺവില്ല പടർന്നുകിടക്കുന്ന മതിൽക്കെട്ട് കടന്നു തിരക്കേറിയ നിരത്തിലേക്കിറങ്ങി. സ്കൂളുകളും ഓഫീസുകളുമൊക്കെ വിട്ടെന്ന് തോന്നുന്നു. റോഡിൽ നല്ല തിരക്ക്. സായാഹ്നത്തിലെ ' ബജി പാവ്, പാൻമസാല ' കച്ചവടക്കാരുടെ പെട്ടിക്കടകളുടെ സമീപത്തുകൂടി നടന്നു DTP സെന്ററിലേക്ക്. ഇരുപത് മിനിറ്റ് നടക്കാനുള്ളതേയുള്ളു, ലക്ഷ്മി നഗറിലേക്ക്. ഉന്തുവണ്ടിക്കാരും സൈക്കിൾ റിക്ഷക്കാരും റോഡിൽ മത്സരിക്കുന്നു. സിഗ്നൽ കാത്തുകിടക്കുന്ന ഓട്ടോകളുടെയും ടാക്സികളുടെയും നീണ്ട നിര. റോഡിലെ തിരക്കിൽ നിന്നും രക്ഷപെടാൻ ഞാൻ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്നു, ഒരു ഗലി (നിരത്തിലെ ഇടുങ്ങിയ തിരക്കില്ലാത്ത പാത )
യിലേക്ക് കയറി. എളുപ്പ വഴിയാണ്. തിരക്കില്ലെന്നു മാത്രമല്ല, അഞ്ച്‌ മിനിറ്റ് ലഭിക്കുകയും ചെയ്യാം. ഏകദേശം അഞ്ച്‌ മിനിറ്റ് നടന്നപ്പോൾ ഗലി തീർത്തും വിജനമായി. വഴിയരികിൽ, ഇടിഞ്ഞുപൊളിഞ്ഞ പഴയൊരു കെട്ടിടത്തിന് അരികിൽ ഒരു മനുഷ്യരൂപം കിടക്കുന്നത് ദൂരെനിന്നേ കണ്ടു. നടന്ന് അടുത്തെത്തിയപ്പോൾ കാഴ്ച കുറേക്കൂടി വ്യക്തമായി. മുഷിഞ്ഞ കുപ്പായങ്ങൾ ധരിച്ച, താടിയും മുടിയും നീട്ടിവളർത്തിയ, ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ഒരാളാണത്. അയാളെ ശ്രദ്ധിക്കാതെ കടന്നുപോകാൻ തുടങ്ങിയതാണ്. പെട്ടെന്ന് കൈത്തണ്ടയിൽ പിടി വീണതറിഞ്ഞു. പിടി മുറുകുന്നു. ആ ഭ്രാന്തൻ, അയാളെണീറ്റു കഴിഞ്ഞിരുന്നു. അയാളാണെന്റെ കയ്യിൽ.........അയാൾ തന്റെ നഗ്നത എന്റെ മുൻപിൽ പ്രദർശിപ്പിച്ചു.വന്യമായ ഭാവത്തോടെ എന്റെ ഉടയാടകളിൽ പിടിത്തമിട്ടു കൊണ്ട് അയാളെന്നെ ആ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുളിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചു. " ആവോ.. ആവോ (വരൂ.. വരൂ ) എന്നയാൾ മുരളുന്നുണ്ടായിരുന്നു. ഞാൻ ഞെട്ടിവിറച്ചു, ഉറക്കെ നിലവിളിച്ചുകൊണ്ട് അയാളുടെ കരുത്തുറ്റ കരങ്ങളിൽ നിന്നും പിടി വിടുവിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. എന്റെ കണ്ണുകൾ ഒരു സഹായത്തിനായി നാലുപാടും പരതിനോക്കി. വിഫലം.. അയാളുടെ വൃത്തികെട്ട കൈകളിൽ ഞാൻ കടിക്കാൻ ശ്രമിച്ചപ്പോൾ, മറുകൈ കൊണ്ട് അയാളെന്റെ ശിരസ് ഒരുവശത്തേക്ക് തള്ളിമാറ്റി. ശരീരം കുഴയുന്നതുപോലെ.
പെട്ടെന്നാണത് സംഭവിച്ചത്. കൈയിൽ നീണ്ട ഇരുമ്പ് പൈപ്പുമായി ഒരാൾ ഞങ്ങളുടെ സമീപത്തു പ്രത്യക്ഷപ്പെട്ടു. "ക് ഡേ.. " പൈപ്പ് കൊണ്ട് ആ മനുഷ്യൻ ഭ്രാന്തനെ തലങ്ങും വിലങ്ങും അടിച്ചു. എന്റെ കയ്യിലെ പിടിവിട്ടുകൊണ്ടു ആ ഭ്രാന്തൻ ഗലിയിലെ കെട്ടിടത്തിന് മുന്നിലൂടെ അതിവേഗം ഓടിപ്പോയി.
" ആപ് കഹാം ജാരി ഹോ.. ആപ് കിദർ കാ ഹേ.. "
(താങ്കൾ എവിടെപ്പോകുന്നു, എവിടുന്നാണ് വരുന്നത് ) രക്ഷകൻ ചോദിച്ചു. ഞാൻ വിറച്ചുകൊണ്ട് എന്നെക്കുറിച്ചെല്ലാം പറഞ്ഞു. "ഓ.. കുട്ടി മലയാളിയാണല്ലേ... ഞാൻ റഫീഖ്.. വടക്കാഞ്ചേരിയാ നാട്. ഇവിടെ വന്നിട്ട് ഇരുപതു കൊല്ലമായി. ഇവിടെ വർക്ഷോപ് നടത്തുന്നു.. മോള് പേടിക്കേണ്ട.. ഞാൻ കൂടെ വരാം.. ഇനി അവൻ വരില്ല.. ഭ്രാന്തനാ... " അയാൾ പറഞ്ഞു.
" അ രെ പാജി.. ഗാഡി റുഖിയേ.. ബേട്ടിക്കോ സവാരി ജാനാ ഹേ... "( പാജി, വണ്ടി നിറുത്തു, മോൾക്ക് യാത്ര പോകാനുണ്ട് ), അതുവഴി വന്ന ഒരു സിക്കുകാരന്റെ ഓട്ടോറിക്ഷാ തടഞ്ഞു നിർത്തിക്കൊണ്ട് റഫീഖ് പറഞ്ഞു. അയാളും എന്റെ കൂടെ ഓട്ടോയിൽ കയറി DTP സെന്ററിലെത്തി. പ്രിന്റ് എടുത്തു തീരുന്നതുവരെയും റഫീഖ് വെളിയിൽ കാത്തുനിന്നു. അതിനുശേഷം, " പാജി, ബേട്ടിക്കോ ഗർപേ ചോടിയെ.. യേ ലോ പൈസാ..ഓർ ആപ്കാ മൊബൈൽ നമ്പർ ദീജിയെ... " ( പാജി.. മോളെ വീട്ടിലാക്കണം, ഇതാ പൈസാ വാങ്ങു.. പിന്നെ, താങ്കളുടെ ഫോൺ നമ്പറും തരൂ.. ) എന്ന് ഓട്ടോക്കാരനോട് പറഞ്ഞു. റഫീഖ് പോക്കറ്റിൽ നിന്നും പൈസയെടുത്തു കൊടുത്തതോടൊപ്പം ഓട്ടോയുടെ നമ്പറും ഡ്രൈവറുടെ ഫോൺ നമ്പറും എഴുതിയെടുത്തു. ഓട്ടോയിൽ തിരിക്കുന്നതിന് മുൻപ് എന്റെ പേരും ഫോൺ നമ്പറും അയാൾ വാങ്ങിയിരുന്നു.
" മോള് പൊയ്ക്കോ...പേടിക്കേണ്ട.. ഇതൊക്കെയിവിടെ പതിവാ... ഞാനിടക്ക് വിളിക്കാം.. " അയാൾ ചിരിച്ചുകൊണ്ട് കൈവീശി. ഒന്നും പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ വെറുതെ തലയാട്ടി. ഓട്ടോ നീങ്ങിക്കഴിഞ്ഞപ്പോൾ, അയാളുടെ രൂപം കണ്ണീർപാടയിലൂടെ അവ്യക്തമായി കാണാമായിരുന്നു, അയാളുടെ വീശുന്ന കൈകളും....
****************
ഫോൺ ബെല്ലടിച്ചപ്പോളാണ് ചിന്തയിൽ നിന്നുണർന്നത്. നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ. സംശയം നിറഞ്ഞ കണ്ണുകളോടെ അറ്റൻഡ് ചെയ്തു. " മോളെ.. റഫീഖ് ആണ്. മോള് വീട്ടിലെത്തിയോ.. കുഴപ്പമൊന്നുമില്ലല്ലോ.. ?"റഫീഖ് ചോദിച്ചു. "വീട്ടിലെത്തി ഇക്കാ.. കുഴപ്പമൊന്നുമില്ല.. "
പിന്നെന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി. വാക്കുകൾ കിട്ടുന്നില്ല. "നന്ദി " എന്ന് മാത്രം പറയാൻ കഴിഞ്ഞു. ഇങ്ങനെയും മനുഷ്യരുണ്ടോ.. അതിനയാൾ മനുഷ്യനല്ലല്ലോ.. മാലാഖയല്ലെ.. ദൈവത്തിന്റെ മാലാഖ...
By: Preetty Tony

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo