Showing posts with label Appus. Show all posts
Showing posts with label Appus. Show all posts

രക്ത വർണ്ണങ്ങൾ

Image may contain: 1 person, smiling, selfie, closeup and indoor

ലേബർറൂമിന്റെ മുന്നിലുള്ള ഇടനാഴിയിലെ അരണ്ട വെളിച്ചത്തിൽ ജയദേവൻ വാച്ചിലേക്ക് നോക്കി. നാൻസിയെ ഉള്ളിലേക്കു കൊണ്ടുപോയിട്ട് ഇപ്പോൾ അരമണിക്കൂറിലേറെ ആയിരിക്കുന്നു. ഉള്ളിൽ നിന്ന് ആരെയും ഇതുവരെ പുറത്തേക്ക് കണ്ടില്ല. പിന്നിടുന്ന ഓരോ നിമിഷങ്ങളും ജയദേവന്റെ ഉള്ളിൽ ഒരഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു. സെക്കന്റുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം അയാൾക്ക് അനുഭവപ്പെട്ടു. എങ്കിലും ഏഴ് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഇന്ന് സാഫല്യമുണ്ടാകാൻ പോകുന്നു എന്ന ചിന്ത അയാൾക്ക് ചെറിയ ആശ്വാസം പകരുന്നുണ്ടായിരുന്നു. ഓർമ്മകളുടെ ഓളപ്പാച്ചിലുകൾക്കിടയിലൂടെ അയാളുടെ ചിന്തകൾ പഴയകാലത്തേക്കൊന്നൂളിയിട്ടു പോയി. നാൻസിയും ഒന്നിച്ചുള്ള കോളേജ് ദിനങ്ങൾ. പ്രണയം പൂവിട്ട വഴിത്താരകൾ. ഒരിക്കലും പിരിയാൻ സാധിക്കാത്ത വിധം പ്രണയം അവരെ തമ്മിൽ ഇഴ ചേർത്തിരുന്നു.
രണ്ടു വ്യത്യസ്ത മതത്തിൽ പെട്ടവരായതുകൊണ്ട് തന്നെ വീട്ടുകാർ ഈ ബന്ധത്തിന് അനുകൂലമായിരുന്നില്ല. വീട്ടുകാരെ ധിക്കരിച്ച് പുതിയൊരു ജീവിതം സ്വപ്നംകണ്ട് രണ്ടുപേരും കൂടി ഇറങ്ങിത്തിരിക്കുമ്പോൾ മുതൽക്കൂട്ടായി ഉണ്ടായിരുന്നത് കഷ്ടപ്പെട്ട് പഠിച്ചു നേടിയ ബാങ്കിലെ ജോലി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കളും വീട്ടുകാരും അകന്നു നിന്നിട്ടും അതിന്റേതായ ബുദ്ധിമുട്ടുകളൊന്നും ജീവിതത്തിൽ നേരിടേണ്ടി വന്നതുമില്ല. വിവാഹത്തിനു ശേഷം നാലു വർഷമായിട്ടും കുട്ടികൾ ഒന്നും ഉണ്ടാകാതെ ഇരുന്നപ്പോഴാണ് ചില ചിന്തകൾ അവരെ അലട്ടി തുടങ്ങിയത്. കൂടെ ജോലി ചെയ്യുന്ന ഗോപൻ സാറാണ് ഒരു ഡോക്ടറെ പോയി കാണണമെന്ന് അവരെ ഉപദേശിച്ചത്. രണ്ടാളും കൂടി ഡോക്ടർ ജോയ് തോമസിനെ കാണാനായി തീരുമാനിക്കുമ്പോൾ പ്രശ്നം ഇത്രത്തോളം സങ്കീർണമാണെന്ന് ഓർത്തിരുന്നില്ല.
പലവിധ ടെസ്റ്റുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഡോക്ടർ ആ നടുക്കുന്ന സത്യം അവരോട് വെളിപ്പെടുത്തിയത്. സ്വാഭാവികമായി അച്ഛനാകാനുള്ള സാധ്യത തനിക്ക് പത്ത് ശതമാനത്തിലും താഴെയാണുള്ളതത്രെ. ഇത് അറിഞ്ഞപ്പോൾ ജീവിതത്തിന്റെ അർത്ഥം തന്നെ ഇല്ലാതായി പോകുമല്ലോ എന്ന ചിന്ത രണ്ടാളെയും അലട്ടാൻ തുടങ്ങി കഴിഞ്ഞിരുന്നു. കുഞ്ഞുങ്ങൾ ഇല്ലാതെയുള്ള ജീവിതം എത്ര വിരസമാണെന്നവർ ഓർത്തു. അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ കണ്ണീരിനും കടുത്ത നിരാശയ്ക്കും വഴിമാറി. പിന്നീട് മാറി മാറി ഒരുപാട് ഡോക്ടർമാരുടെ ചികിത്സകൾ. ഒരു പാട് നേർച്ച കാഴ്ചകൾ.
പക്ഷേ ഒന്നിനും ഒരു പ്രയോജനവും ചെയ്യാൻ സാധിച്ചില്ല. കടുത്ത നിരാശയിൽ വർഷങ്ങൾ തള്ളി നീക്കി കഴിയുമ്പോളാണ് ഓഫീസിൽ ആയിടെ സ്ഥലം മാറി എത്തിയ മെൽവിൻ കുട്ടികൾ ഇല്ലാത്തവർക്കുള്ള നൂതന ചികിത്സാ രീതിയെ പറ്റി തന്നോട് പറഞ്ഞത്. ഐവിഎഫ് എന്ന ആ പുതിയ ചികിത്സാമാർഗത്തിലൂടെ എത്രയോ ദമ്പതികൾ സ്വന്തം രക്തത്തിൽ പിറന്ന ഒരു കുഞ്ഞെന്ന അവരുടെ ലക്ഷ്യം സഫലീകരിച്ചിരിക്കുന്നുവത്രെ.
പിന്നെ അതിനെക്കുറിച്ചുള്ള അന്വേഷണങ്ങളായി. ഈ സേവനങ്ങൾ ചെയ്യുന്ന ഒരുപാട് ക്ലിനിക്കുകളെപ്പറ്റി തിരക്കി. ഒടുവിൽ ഡോക്ടർ അലക്സ് മാത്യുവിന്റെ മുകുളങ്ങൾ എന്ന ക്ലിനിക്കിലേക്ക് എത്തപ്പെട്ടു. സ്വാഭാവികമായി അച്ഛനാകാനുള്ള കഴിവ് തീരെ ഇല്ലാത്തതുകൊണ്ട് തന്നെ നൂതനവും ചിലവേറിയതുമായ ഇക്സി എന്ന ചികിത്സാരീതിയാണ് ഡോക്ടർ നിർദേശിച്ചത്. എങ്കിലും ഒരു കുഞ്ഞിക്കാല് കാണാനുള്ള തന്റെയും നാൻസിയുടേയും മോഹത്തിനു മുന്നിൽ പണമോ ചികിൽസയിലെ കഷ്ടപ്പാടുകളോ ഒന്നും ഒരു വിലങ്ങുതടിയായി തോന്നിയില്ല. പിന്നീട് കുറെ നാളത്തെ, ഏകദേശം മൂന്ന് ലക്ഷത്തോളം ചിലവുവരുന്ന ചികിത്സകൾ ,ഒപ്പും പല ക്ഷേത്രങ്ങളിലും പള്ളികളിലും വഴിപാടുകൾ, ഇവയെല്ലാമായി ശുഭ പ്രതീക്ഷയോടെ മുന്നോട്ട് പോയ്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ബാങ്ക് ജോലിക്കിടയിലെ വിരസമായ ഒരു സായന്തനത്തിൽ ഒരു ഫോൺകോൾ രൂപത്തിൽ നാൻസിയിൽ നിന്നുംആ സന്തോഷവാർത്ത അയാൾ അറിഞ്ഞു. താനും ഒരു അച്ഛനാകാൻ പോകുന്നു. ഇനി തന്റെയും നാൻസിയുടേയും ജീവിതത്തിനും അർത്ഥങ്ങളുണ്ട്. അയൽക്കാരുടേയും സഹ പ്രവർത്തകരുടെയും സഹതാപമൂറുന്ന വാക്കുകൾ ഇനി ഒഴിവാകാൻ പോകുന്നു. തന്റേയും നാൻസിയുടേയും വീട്ടുകാർ അകൽച്ചയിൽ ആയതുകൊണ്ടുതന്നെ അവരിൽ നിന്നും ഒരു സഹകരണവും ഉണ്ടാകാൻ പോകുന്നില്ല എന്ന് ജയദേവനുറപ്പായിരുന്നു. കൂടെ ജോലി ചെയ്യുന്ന ബിന്ദുവാണ് നാൻസിയെ ശുശ്രൂഷിക്കാനും വീട്ടുജോലി ചെയ്യാനുമൊക്കെയായി ഒരു ജോലിക്കാരിയെ ഏർപ്പാടാക്കി തന്നത്. എങ്കിലും ഇടയ്ക്കിടെ ഫോൺ ചെയ്യാറുണ്ടായിരുന്ന അമ്മയോട് താൻ വിശേഷങ്ങൾ പങ്ക് വെച്ചിരുന്നു. അമ്മയ്ക്ക് ഇവിടെ വന്നു നിൽക്കാനും നാൻസിയെ സഹായിക്കുവാനും മനസ്സുണ്ടായിരുന്നെങ്കിലും, അച്ഛന്റെ കാർക്കശ്യം നിറഞ്ഞ സ്വഭാവം മൂലം അത് സാധിക്കുമായിരുന്നില്ല. അങ്ങനെ ദീർഘകാലത്തെ തങ്ങളുടെ മോഹ സാഫല്യമാണ് ഏതാനും നിമിഷങ്ങൾക്കകം ഫലപ്രാപ്തിയിൽ എത്തിച്ചേരാൻ പോകുന്നത്. എങ്കിലും കടന്നുപോകുന്ന ഓരോ നിമിഷങ്ങളും അയാളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. പതിവില്ലാതെ അന്ന് അധികം കൂടുതലായി അയാൾ സകല ദൈവങ്ങളെയും വിളിച്ചു. ജീവനെപ്പോലെ സ്നേഹിക്കുന്ന ഭാര്യക്കും വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പിറക്കാൻ പോകുന്ന സ്വന്തം കുഞ്ഞിനും ഒരാപത്തും ഉണ്ടാകരുതേ എന്നയാൾ മനമുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
" ജയദേവൻ ആരാ " നഴ്സിന്റെ ഈ വിളിയാണ് അയാളെ ചിന്തകളുടെ ലോകത്ത് നിന്നും മടക്കി കൊണ്ടുവന്നത്.
"ഞാനാണ് "
"എന്താണ് സിസ്റ്റർ "
"നാൻസിക്കെന്തെങ്കിലും " അയാൾ തിടുക്കത്തോടെ ചാടി എഴുന്നേറ്റ് ചോദിച്ചു കൊണ്ട് നഴ്സിനടുത്തേക്ക് ചെന്നു.
"താങ്കളുടെ ഭാര്യ പ്രസവിച്ചു "
"ആൺകുട്ടിയാണ് "
"രണ്ടാളും സുഖമായി ഇരിക്കുന്നു"
നഴ്സിന്റെ ഈ വാക്കുകൾ അയാളെ ആനന്ദത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് കുട്ടി കൊണ്ട് പോയി.
" സിസ്റ്റർ എനിക്കൊന്നു കാണാൻ പറ്റുമോ " അയാൾ ചോദിച്ചു. "ഡോക്ടർ പറഞ്ഞിട്ട് കയറി കണ്ടോളൂ"
ഇതും പറഞ്ഞ് സിസ്റ്റർ അകത്തേക്കുപോയി. തന്റെ സ്വന്തം രക്തത്തെ കാണാനുള്ള വികാരത്തള്ളിച്ചയിൽ പിന്നീടുള്ള അരമണിക്കൂർ നൂറ്റാണ്ടുകൾ പോലെയാണ് അയാൾക്ക് അനുഭവവേധ്യമായത്. ഏകദേശം അരമണിക്കുർ കഴിഞ്ഞപ്പോൾ അയാൾക്ക് അകത്തേക്ക് പ്രവേശിക്കാനുള്ള അനുവാദം കിട്ടി.
തന്റെ പൊന്നോമനയെ അയാൾ കണ്ണടുക്കാതെ നോക്കി കൊണ്ടിരുന്നു. നിഷ്കളങ്കമായ ആ മുഖത്ത് നോക്കിയിരുന്നപ്പോൾ അയാളുടെ മനസ്സിലെ അന്യചിന്തകൾ കൂട്ടത്തോടെ എങ്ങോട്ടേക്കോ പലായനം ചെയ്തു.
"ജയേട്ടാ നമ്മുടെ മോൻ "
നാൻസിയുടെ വിളി അയാളെ വീണ്ടും സ്ഥലകാലബോധമുള്ളവനാക്കി.
രണ്ടാൾക്കും ലോകം വെട്ടിപ്പിടിച്ച സന്തോഷം ഉണ്ടായിരുന്നു.
"ഞാനീ വിവരം അമ്മയെ വിളിച്ച് അറിയിക്കട്ടെ " "നാൻസിയുടെ പപ്പയോടും മമ്മിയോടും കൂടി പറയാം "
"താൽപര്യമുണ്ടെങ്കിൽ വരട്ടെ " അയാൾ പറഞ്ഞു. പിറ്റേന്ന് കാലത്ത് തന്നെ ജയദേവന്റെ അച്ഛനുമമ്മയും കുഞ്ഞിനെ കാണാൻ ഹോസ്പിറ്റലിൽ എത്തി. കുഞ്ഞിനെ കണ്ടശേഷം മടങ്ങിപ്പോകാനായി ഇറങ്ങിയ അവരെ കാറിനു സമീപം വരെ അയാൾ അനുഗമിച്ചു.
"കുഞ്ഞ് നന്നായി കറുത്തിട്ടാണല്ലോ മോനെ. "നിങ്ങൾ രണ്ടാളുടേയും കളറൊന്നും കുഞ്ഞിനു കിട്ടിയില്ല" സൗദാമിനിയമ്മ പരിഭവിച്ചു.
"നിറത്തിലൊക്കെ എ ന്തിരിക്കുന്നു അമ്മെ "
"അതൊക്കെ ദൈവത്തിന്റെ തീരുമാനം" "നിറം കുറവാണേലും അവന്റെ മുഖത്തെ നിഷ്കളങ്കതയും ഐശ്വര്യവും കാണുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന സന്തോഷത്തിന് അതിരില്ല അമ്മെ " അയാൾ മറുപടി പറഞ്ഞു.
കുഞ്ഞിനെ കാണാനായി വന്ന സഹപ്രവർത്തകരിൽ ചിലരും കഞ്ഞിന്റെ നിറക്കുറവിനെപ്പറ്റി പരാമർശിച്ചെങ്കിലും അയാൾ അതൊന്നും ശ്രദ്ധിച്ചതേ ഇല്ല.ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ അവരുടെ പിന്നീടുള്ള ദിവസങ്ങൾ കളിചിരികൾ നിറഞ്ഞതും സന്താഷഭരിതവുമായി കടന്നുപോയ്ക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു അവധി ദിവസം ദിനപത്രത്തിലെ ഒരു വാർത്തയിൽ അയാളുടെ കണ്ണുടക്കി. ഐവിഎഫ് സെന്ററുകളിലെ നീതിക്ക് നിരക്കാത്ത പല കാര്യങ്ങളെപ്പറ്റിയും ആ വാർത്തയിൽ വിവരിച്ചിരുന്നു. ആ വാർത്തയിൽ പരാമർശവിധേയമായിരുന്ന ക്ലിനിക്കിന്റെ പേര് കണ്ട് അയാൾ ഞെട്ടി. താനും നാൻസിയും ചികിത്സയ്ക്ക് പോയിരുന്ന അതേ ക്ലിനിക്ക്. അവിടുത്തെ ചികിത്സയിലൂടെ കുഞ്ഞിനെ ലഭിച്ച ഒരു ദമ്പതിമാർ കോടതിയിൽ കേസ് ഫയൽ ചെയ്ത വാർത്തയായിരുന്നു അത്. കുട്ടിയുടെ പിതൃത്വം പരിശോധനയിലൂടെ തന്റേതല്ലെന്ന് മനസ്സിലാക്കിയ പിതാവ് ക്ലിനിക്കിനെതിരെ തിരിയുകയായിരുന്നു.
സന്തോഷം നിറഞ്ഞ് നിന്നിരുന്ന അയാളുടെ മനസ്സിലും അശാന്തിയുടെ കനലുകൾ വീണു കഴിഞ്ഞിരുന്നു. മറ്റുള്ളവർ മുനവച്ച പറഞ്ഞിരുന്ന കറുത്ത നിറത്തെ പ്പറ്റിയുള്ള സംസാരങ്ങൾ ഇതിനോടകം തന്നെ അയാളുടെ മനസ്സിൽ കാർമേഘങ്ങളായി രൂപാന്തരപ്പെട്ടിരുന്നു. ആകെ അസ്വസ്ഥമായ മനസ്സോടെ മുറിയിലേക്ക് വന്ന അയാൾ കട്ടിലിൽ കിടന്ന് കളിക്കുന്ന വിനു മോനെ സൂക്ഷിച്ചുനോക്കി. നല്ല കറുപ്പുനിറം. തന്റെ ഒരു ഛായയും കുട്ടിക്കില്ല. താനും ആ ക്ലിനിക്കിന്റെ വഞ്ചനയുടെ മറ്റൊരു ഇര ആയിരിക്കുമോ. ഇങ്ങനെ പല വിധ വിചാരങ്ങൾ അയാളുടെ മനസ്സിനെ പൊള്ളിച്ചു കൊണ്ടേ ഇരുന്നു.
മുറിയിലേക്ക് കടന്ന് വന്ന നാൻസി ചിന്താധീനനായി ഇരിക്കുന്ന അയാളോട് കാര്യം തിരക്കി. ക്ലിനിക്കിനെപ്പറ്റി വാർത്ത ഉള്ള പേജ് അയാൾ അവൾക്ക് നേരെ നീട്ടി. "കുഞ്ഞിന്റെ കറുപ്പുനിറവും ഈ പത്രവാർത്തയുമായി കൂട്ടിവായിക്കുമ്പോൾ എന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉണ്ടാകുന്നു നാൻസി "
എന്റെ രക്തത്തിൽ പിറന്ന എന്റെ സ്വന്തം കുഞ്ഞു തന്നെയാണോ ഇവൻ "
വളരെ വിഷമത്തോടെ അയാൾ അവളോട് ചോദിച്ചു.
" ജയേട്ടാ "ഇങ്ങനെയൊന്നും ചിന്തിക്കാതെ "
"ഇവൻ നമ്മുടെ മകൻ തന്നെയാണ് "
" മറ്റൊന്നും ചിന്തിച്ച് എന്തിനാണ് മന സന്തോഷം കളയുന്നത് " നാൻസി അയാളെ ആശ്വസിപ്പിച്ചു.
"ഇല്ല നാൻസി എന്റെ മനസ്സ് ആകെ അസ്വസ്ഥമാണ് " "നാളെത്തന്നെ ഞാൻ ആ ക്ലിനിക്കിലേക്ക് ഒന്നു പോകാൻ തീരുമാനിച്ചിട്ടുണ്ട് " "കാര്യങ്ങൾ വിശദമായി തിരക്കണം" അയാൾ പറഞ്ഞു.
അവിടെ പോയി വന്നതിനു ശേഷം കുട്ടിയോടുള്ള അയാളുടെ പെരുമാറ്റം ഒട്ടും സ്നേഹപൂർവ്വം അല്ലാതായിത്തീർന്നു. അയാൾ തീർത്തും അതിനെ അവഗണിച്ച പോലെയായി. വല്ലപ്പോഴും പാർട്ടികളിൽ മാത്രം മദ്യപിച്ചിരുന്ന അയാൾ സ്ഥിരമായി മദ്യപിച്ചു വരാൻ തുടങ്ങി. സന്തോഷകരമായ അവരുടെ ജീവിതം അങ്ങനെ അസ്വസ്ഥതകളുടേതായി. എങ്കിലും യാന്ത്രികമായി ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു. ഇപ്പോൾ വിനു മോന് ഏകദേശം ഒരു വയസ്സായിരിക്കുന്നു.
അവനിപ്പോൾ പിച്ചവെച്ച് നടക്കാൻ തുടങ്ങിയിട്ടുണ്ട്. ജയദേവന് അവനോടു യാതൊരു സ്നേഹവുമിപ്പോൾ ഇല്ലാതായി തീർന്നിരിക്കുന്നു എന്ന യാഥാർത്ഥ്യം നാൻസിയെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്. അയാൾ അവനെ ഒന്ന് എടുക്കുകയും ലാളിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് അവൾ വളരെയധികം ആഗ്രഹിച്ചിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം പിച്ചവച്ചു നടന്നു പോയ വിനുമോൻ വാതിൽ പടിയിൽ തട്ടി തലയിടിച്ചു വീണു. കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് നാൻസി അടുക്കളയിൽ നിന്നും അങ്ങോട്ടേക്ക് വന്നത്. അങ്ങനെ കിടന്നു കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും കൂട്ടാക്കാതെ മാഗസിൻ വായിച്ചിരിക്കുന്ന ജയദേവ നോട് അവൾ ദേഷ്യപ്പെട്ടു. "കുഞ്ഞു മറിഞ്ഞുവീണ് നെറ്റി പൊട്ടിയിട്ടും അതിനെ ഒന്നെടുക്കാൻ ജയേട്ടന് തോന്നിയില്ലല്ലോ" "ഞാനെന്തിന് എടുക്കണം"
മറ്റാരുടേയോ കുത്തിനെ സ്വന്തം കുഞ്ഞായി ലാളിക്കാനുള്ള മഹാമനസ്കതയൊന്നും എനിക്കില്ല" അയാൾ ശബ്ദമുയർത്തി.
"ഇത്രയും മനസാക്ഷി മരവിച്ച ഒരാളായി മാറാൻ ജയേട്ടന് എങ്ങനെ കഴിയുന്നു "
"ഇത്രയും വെറുപ്പ് കാണിക്കാൻ ഈ കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തത് "
"ഇവൻ ഈ ഭൂമിയിൽ ജനിച്ച് വീഴാൻ തന്നെ കാരണം നമ്മൾ രണ്ടാളുമാ"
"അതേട്ടൻ മറക്കരുത്"
"നാൻസി നീ എന്ത് തന്നെ പറഞ്ഞാലും ശരി എനിക്ക് ഈ കുട്ടിയെ സ്വന്തം കുഞ്ഞായി സ്നേഹിക്കാൻ കഴിയില്ല " "ആരുടെയെങ്കിലും കുഞ്ഞിനെ സ്നേഹിക്കാനായിരുന്നെങ്കിൽ നമ്മൾ ഇത്രയും ത്യാഗം സഹിക്കേണ്ടിയിരുന്നില്ലല്ലോ"
"ഒരു കുഞ്ഞിനെ ദത്തെടുത്താൽ പോരായിരുന്നാ " അയാൾ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി.
" ജയേട്ടാ "
" ഇങ്ങനെ ജീവിച്ചു പോകുന്നതിൽ എന്ത് അർത്ഥമാണുള്ളത്" "ഞാനും കുഞ്ഞും എന്താണ് വേണ്ടതെന്ന് ജയേട്ടൻ തന്നെ പറ" ഉറങ്ങാനായി കിടന്നപ്പോൾ നാൻസി ജയദേവനോടായി പറഞ്ഞു.
" ഞാനൊരു കാര്യം പറയട്ടെ "
" എനിക്ക് എന്റെ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് തന്നെ വേണം" "തിരുവനന്തപുരത്ത് വളരെ പ്രശസ്തമായ ഒരു ഇൻഫെർട്ടിലിറ്റി ക്ലിനിക്കുണ്ട് "
" നമുക്ക് അവിടെ ഒന്ന് പോകാം "
നീ എതിരൊന്നും പറയരുത്"
"ഇത് ഞാൻ വിശദമായി അന്വേഷിച്ചു "
"ഏറ്റവും വിശ്വസ്തമായ ക്ലിനിക്കാണത്"
"ഇത് വരെ ഒരു പരാതിയും അവരെപ്പറ്റി ഉണ്ടായിട്ടില്ല" "അതല്ല നിനക്കെന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ എനിക്ക് ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും "
നിനക്കീ കുഞ്ഞാണ് എന്നെക്കാൾ വലുതെങ്കിൽ എനിക്കെന്റേതായ തീരുമാനങ്ങളുണ്ട്"
"ജയേട്ടനില്ലാതെ എനിക്കെന്ത് ജീവിതം"
"ഏട്ടന്റെ ഒരു തീരുമാനത്തിനും ഞാനിതുവരെ എതിരു നിന്നിട്ടില്ലല്ലോ" ഇത് പറയുമ്പോൾ നാൻസി കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. പിറ്റേദിവസം തന്നെ ജയദേവൻ ക്ലിനിക്കിൽ പോയി പ്രശസ്തനായ ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോക്ടർ വിനോദ് മേനോനെ കണ്ടു കാര്യങ്ങളെല്ലാം അറിഞ്ഞ ഡോക്ടർ പരിശോധനയ്ക്കായുള്ള സാമ്പിളുകൾ ശേഖരിച്ച ശേഷം രണ്ടുദിവസം കഴിഞ്ഞ് വരാൻ അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയ ജയദേവനെ ഡോക്ടർ റൂമിലേക്ക് വിളിപ്പിച്ചു.
വരൂ മിസ്റ്റർ ജയൻ",
"ഇരിക്കൂ"
"എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് " "താങ്കളുടെ വിശദമായ പരിശോധനാ റിപ്പോർട്ട് എന്റെ കയ്യിലുണ്ട്" "താങ്കളുടെ ബീജത്തിന്റെ ചലനശേഷി തുലോം കുറവാണ് "
" ട്രീറ്റ്മെന്റ് ചെയ്താൽ പോലും വിജയ സാധ്യത വളരെ കുറവാണ് " "എങ്കിലും നമുക്ക് ശ്രമിച്ചു നോക്കാമായിരുന്നു " "പക്ഷേ ഇപ്പോൾ ഞാൻ അത്യാവശ്യമായി വിളിപ്പിച്ചത് മറ്റൊരു കാര്യം പറയാനാണ് "
" താങ്കളുടെ ബ്ലഡ് റിപ്പോർട്ടിൽ ചില അസ്വഭാവികതകൾ കണ്ടു''
"ഇന്നു തന്നെ മെഡിക്കൽ കോളജിൽ ചെന്ന് ഡോക്ടർ സാമുവലിന്റെ ഒന്ന് കാണണം"
"എന്റെ സുഹൃത്താണ് " "കാര്യങ്ങളെല്ലാം ഞാനീ റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട് "
ഇത് അദ്ദേഹത്തിനെ കാണിക്കണം"
" പ്രത്യേകിച്ച് പേടിക്കാനൊന്നുമില്ല"
"ഒരു സംശയം "
"അത് തീർക്കാൻ വേണ്ടി മാത്രം " ഡോക്ടർ അറിയിച്ചു.
പിറ്റേദിവസം തന്നെ ജയദേവൻ മെഡിക്കൽ കോളജിലെത്തി ഡോക്ടർ സാമുവലിന്റെ കണ്ടു. വിശദമായ പരിശോധനകൾക്ക് ശേഷം നാളെ ഭാര്യയുമായി വരാൻ പറഞ്ഞ് അയാളെ തിരിച്ചയച്ചു.
ജയദേവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി. അസ്വസ്ഥമായ മനസ്സോടെയാണ് ജയനും നാൻസിയും വീണ്ടും ഡോക്ടറെ കാണാനെത്തിയത്.
"മിസ്റ്റർ ജയൻ "
" ഞാൻ പറയുന്നത് സമചിത്തതയോടെ കേൾക്കണം"
" പരിഭ്രമിക്കുകയോ വിഷമിക്കുകയോ ചെയ്യരുത് "
നിങ്ങളുടെ വിശദമായ രക്ത പരിശോധന ഫലം വന്നപ്പോൾ അതിലെ WB C കൗണ്ട് വളരെ കൂടുതലാണ്"
" സ്റ്റേജ് 2 ലുക്കീമിയ" ഇതുകേട്ട് ജയദേവനും ഒപ്പം നാൻസിയും ഞെട്ടി " "നിങ്ങൾ ഒരു കാൻസർ പേഷ്യന്റ് ആണ്"
"ട്രീറ്റ്മെന്റ് എത്രയും പെട്ടെന്ന് തന്നെ തുടങ്ങണം" ഡോക്ടർ പറഞ്ഞ് നിർത്തി.
ഇത് കേട്ട നാൻസി ഒരു പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. "നിങ്ങൾ എന്താണ് ഈ ചെയ്യുന്നത് "
"നിങ്ങളല്ലെ അദ്ദേഹത്തെ ആശ്വസിപ്പിക്കേണ്ടത് " "ഭയപ്പെടാതിരിക്കൂ " "നമുക്ക് അദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കാം"
"ഇപ്പോൾ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ യൊക്കെ മിക്കരോഗികളും ജീവിതം തിരിച്ചു പിടിക്കാറുണ്ട് " "ധൈര്യവും നിശ്ചയദാർഡ്യവും ഉണ്ടെങ്കിലെ ചികിത്സ ഫലവത്താവുകയുള്ളു"
ഡോക്ടർ അവരെ ആശ്വസിപ്പിച്ചു "
ആകെ തകർന്നുപോയ ജയദേവർ തിരികെ വീട്ടിലെത്തി ഒരു കസേരയിലേക്ക് ചാഞ്ഞു. ഈ പിഞ്ചു കുഞ്ഞിനോട് താൻ കാണിച്ച വെറുപ്പിനും ക്രൂരതയ്ക്കും ഫലമായായിരിക്കും ദൈവം തനിക്ക് ഇങ്ങനെയൊരു ശിക്ഷ തന്നത്. സ്വന്തം രക്തത്തിൽ പിറന്ന ഒരു കുഞ്ഞുണ്ടായാൽ പോലും അവനെ വളർത്തി വലുതാക്കാനോ നെഞ്ചോടടക്കി സ്നേഹിക്കുവാനോ തനിക്ക് ആയുസ്സുണ്ടായി എന്ന് വരില്ല. പിന്നെ എന്തിനു വേണ്ടിയാണ് താൻ ഇതൊക്കെ കാട്ടി കൂട്ടുന്നത്. ഇങ്ങനൊക്കെ ചിന്തിച്ച് അയാൾക്ക് കടുത്ത കുറ്റബോധം തോന്നി.
"ഞാൻ ചെയ്ത തെറ്റുകൾക്ക് ദൈവം എന്നെ ശിക്ഷിച്ചത് ആവും അല്ലെ നാൻസി " മുറിയിലേക്ക് വന്ന നാൻസിയോടയാൾ ചോദിച്ചു. "അങ്ങനെയൊന്നുമില്ല ജയേട്ടാ "
"ഇതെല്ലാം നമ്മുടെ വിധിയായി കരുതി സമാധാനിക്ക് "
"ഏട്ടന്റെ അസുഖമെല്ലാം ഭേദമാവും"
എവിടെ പോയിട്ടായാലും നമ്മുക്ക് ചികിത്സിക്കാം"
നാൻസി അയാളെ അശ്വസിപ്പിച്ചു കൊണ്ട് അയാളോട് ചേർന്നിരുന്നു.
ഇതൊന്നുമറിയാതെ പാവം വിനു മോൻ തൊട്ടിലിൽ അപ്പോൾ നല്ല ഉറക്കത്തിലായിരുന്നു. അയാളുടെ മനസ്സിൽ കുഞ്ഞിനോടുണ്ടായിരുന്ന വെറുപ്പൊക്കെ അപ്പോളേക്കും പെയ്തൊഴിഞ്ഞു പോയിരുന്നു.
ഉറക്കത്തിൽ നിന്നും ഉണർന്ന വിനുമോൻ ചെറുതായി ചിണുങ്ങി തുടങ്ങിയിരുന്നു. അയാൾ വളരെ സ്നേഹത്തോടെ അവനെ വാരിയെടുത്തു. കവിളുകളിൽ മാറി മാറി ഉമ്മ വച്ചു. ഈ കാഴ്ച കണ്ടു കൊണ്ടാണ് കുഞ്ഞിനുള്ള പാലുമായി നാൻസി മുറിയിലേക്കു വന്നത്.
അസ്വസ്ഥമായ അവളുടെമനസ്സിൽ ആ കാഴ്ച വളരെയധികം ആശ്വാസം നൽകി.
വിനുമോനെ ലാളിച്ചുകൊണ്ട് കട്ടിലിൽ ഇരുന്ന അയാളുടെ സമീപത്തായി അവളും ഇരുന്നു .
"ഇത് തന്നെയാണ് നമ്മുടെ മകൻ "
"എന്റെ രക്തത്തിൽ പിറന്ന മകൻ തന്നെയാണിത്"
"ഒരു പക്ഷെ ഞാൻ ഇല്ലാതെയായാലും നിനക്കൊരു തുണയായി ഇവൻ ഉണ്ടാകുമല്ലോ" അയാൾ പറഞ്ഞു. "അങ്ങനെയൊന്നും പറയാതെ ജയേട്ടാ " "ഞാൻ നന്നായി പ്രാർഥിക്കുന്നുണ്ട് " "ഏട്ടന്റെ രോഗം ഭേദമാകുക തന്നെ ചെയ്യും"
നാൻസിയുടെ ഈവാക്കുകൾ അയാളുടെ മനസ്സിലും ആശ്വാസത്തിന്റെ കുളിർ തെന്നലായി. അയാൾ കുഞ്ഞിനൊപ്പം അവളെയും മാറോടു ചേർത്തുപിടിച്ചു കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു.

By Appus

മൂന്ന് പെണ്ണുങ്ങൾ

മൂന്ന് പെണ്ണുങ്ങൾ
* * * * * * * * * * *
"അതിയാനിത് എവടെപ്പോയി കെടക്കുവാ"
"ആ കുന്ത്രാണ്ടം കെടന്ന് കിണി കിണീന്ന് ചെലയ്ക്കുന്നത് കേക്കാൻ വയ്യേ "
"ടിവിയും വെച്ച് എരപ്പിച്ചൊണ്ടിരുന്നാൽ എങ്ങനെ കേക്കാനാ"
"നീ അവടെ കെടന്നു തൊണ്ണ തുറക്കാതെടീ പെണ്ണുംപിള്ളെ"
" ഞാൻ കേട്ടു "
"എണ്ണീറ്റ് വരണ്ടായോ "
"ആരായാലും കൊറച്ച് കെടന്ന് അടിക്കട്ടെ "
"ഹലോ ആരാ "
"ജെയിംസ്സൂട്ടി ആണോടാ " "എന്തോ ഒണ്ട് മോനെ വിശേഷം "
"നിനക്ക് സുഖമാണോടാ " "ഒരു വിധം കൊഴപ്പമില്ലാതെ പോകുന്നു അപ്പച്ചാ " "പിന്നെ ഞാൻ അടുത്ത ബുധനാഴ്ച അവിടെ ലാന്റ് ചെയ്യും. "
"രണ്ടു മാസത്തെ ലീവുണ്ട്
അമ്മച്ചി അടുത്തുണ്ടോ അപ്പച്ചാ
"എടീ മേരിക്കുട്ടിയെ ദേണ്ടെടീ നമ്മുടെ ജെയിം സൂട്ടി വിളിക്കുന്നു
നീ ഒന്നിങ്ങോട്ട് വേഗം വന്നേ"
എടാ മോനെ നിന്റെ അമ്മച്ചി ഓടി പിടിച്ച് വരുന്നുണ്ട് "
"ഞാൻ ഫോൺ കൊടുക്കാം "
" ഹലോ അമ്മച്ചി എന്തോ ഒണ്ട്. "
"അമ്മചിക്ക്‌ സുഖമാണോ "ശ്വാസം മുട്ടൽ ഒക്കെ കുറവൊണ്ടോ ഇപ്പോ "
"അതിങ്ങനെ വന്നും പോയീം ഒക്കെ ഇരിക്കുമെടാ മോനെ"
"പിന്നെ നെനക്ക്‌ അസുഖമൊന്നുമില്ലല്ലോ അല്ലെ "
"ഇല്ലമ്മച്ചി "
"ഞാൻ അടുത്താഴ്ച അങ്ങ് വരത്തില്ലായോ "
അപ്പനും അമ്മച്ചിയും കൂടി ഒരു പെങ്കൊച്ചിനെ കണ്ട് പിടിച്ച് വച്ചേക്ക് " ചിരിച്ച് കൊണ്ട് ജയിംസൂട്ടി പറഞ്ഞു
"അപ്പച്ചൻ ആ ബ്രോക്കർ സണ്ണിക്കുട്ടിയോട് പറഞ്ഞിട്ടൊണ്ടെടാ മോനെ തന്നേമല്ല
"ഞങ്ങളു മാത്രം കണ്ടാ മതിയോ. നെനക്കൂടി കണ്ട് ബോധിക്കണ്ടായോ"
"അതു കൊണ്ടിട്ട് നീ വേഗം ഇങ്ങ് വാ എന്നിട്ട് നമ്മക്ക് നോക്കാം "
" 'വരുമ്പോ അമ്മച്ചിക്കും അപ്പച്ചനും എന്നതാ കൊണ്ടുവരണ്ടെ,
ഒന്നും വേണ്ടെടാ മക്കളെ " "നീ പെട്ടെന്ന് ഒന്നിങ്ങ് വന്നാ മതി ഈ അമ്മച്ചിക്ക് "
"എങ്കിൽ ശരി അമ്മച്ചി വച്ചേക്കട്ടെ "
അടുത്ത ബുധനാഴ്ച കാണാം "
"ഇച്ചായോ ആ സണ്ണി കുട്ടിയോട് പറഞ്ഞാരുന്നോ ജയിംസുട്ടിക്ക്‌ ഒരു പെങ്കൊച്ചിനെ നോക്കുന്ന കാര്യം " ഫോൺ മേശപ്പുറത്ത് വച്ചിട്ട് മേരി കുട്ടി ചോദിച്ചു "
"ഞാനൊന്നു സൂചിപ്പിച്ചാരുന്നു"
"അടുത്താഴ്ച അവ നിങ്ങോട്ട് വരാമെന്നേറ്റിട്ടുണ്ട് "
"മാന്തറയിലെ കുഞ്ഞുമോൻ ചേട്ടനും മേരി ചേച്ചിയും ഇടവകയിലെ എല്ലാവർക്കും പ്രിയപ്പെട്ടവർ തന്നെ "
മൂത്ത മകന്റെ അകാ ലത്തിലുള്ള അപകടമരണം അവരെ തളർത്തിയെങ്കിലും ഇളയവൻ ജെയിംസ്കുട്ടി ആണ് ഇപ്പോൾ അവരുടെ ആശ്രയവും പ്രതീക്ഷയും എല്ലാം
അങ്ങനെ കാത്തിരുന്ന ബുധനാഴ്ച എത്തി
മേരിക്കുട്ടി അടുക്കളയിൽ തകൃതിയായി എന്തൊക്കെയോ പണികളിൽ ആണ്
ജെയിംസ് കുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട കപ്പയും പോത്തിറച്ചിയും ഉണ്ടാക്കുന്ന തിരക്കിലാണവർ
"മേരി ചേട്ടത്തി കൊണ്ട് പിടിച്ച പണിയിൽ ആണല്ലോ "
"എന്താ വിശേഷം "
അയലത്തെ എൽസമ്മ അതും പറഞ്ഞ് അങ്ങോട്ടേക്ക് വന്നു
മകൾ പത്താം ക്ലാസ് പാസായത്തിന്റെ മധുരമായി വന്നതാണ്
"നമ്മുടെ ജയിംസൂട്ടി ഇന്നുവരുന്നെടി കൊച്ചെ"
"അന്യ നാട്ടിലു കെടന്നെന്റെ കൊച്ചൻ കഷ്ടപ്പെട്ട് വരുമ്പോ വായിവെക്കാൻ പറ്റിയ എന്തേലും വച്ചൊണ്ടാക്കണ്ടായോ"
പോത്തെറച്ചീം കപ്പേംന്നും വച്ചാ അവനു ജീവനാ "
"പിന്നെ സെലിൻ മോള് വല്യ മാർക്കൊക്കെ വാങ്ങി പാസായ വിവരം ഇച്ചായൻ ഇന്നലെ പറഞ്ഞു "
"കർത്താവ് അനുഗ്രഹിച്ച് അവൾക്ക് നല്ലൊരു നെല ഉണ്ടാകാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടെടീ കൊച്ചേ"
"കുഞ്ഞുമോനച്ചായൻ എന്തിയെ മേരിച്ചേടത്തി"
"അതിയാനും നമ്മടെ ഡ്രൈവർ തോമസ്സൂട്ടിയും കൂടി ജയിംസൂട്ടിയെ കൊണ്ട് വരാൻ നെടുമ്പാശ്ശേരി വരെ പോയെടീ മോളെ "
"അതെയോ "
"ഞാൻ കൂടണോ മേരി ചേച്ചീ സഹായിക്കാൻ "
"വേണ്ടെടി പെണ്ണെ ഇതിനോക്കെ ഞാൻ തന്നെ അധികമാ"
"എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ "
" ഇച്ചായൻ പാർട്ടി ആഫീസീന്ന് ഇപ്പൊ വന്നു കാണും"
" കാപ്പി എടുത്ത് കൊടുത്തില്ലെ ചെവിതല കേക്കണ്ട പിന്നെ "
ഉച്ചക്ക് 12 മണിയോടെ ജെയിംസ് കുട്ടി എത്തി
ഉച്ചയൂണും കഴിഞ്ഞു സിറ്റൗട്ടിലേക്ക് ഇരുന്നു
"സണ്ണി കുട്ടി ആലോചന ഒന്നും കൊണ്ടുവന്നില്ലല്ലോ ഇച്ചായാ "
"ഒന്നൂടി വിളിച്ചേ അവനെ " ഇതും പറഞ്ഞ് മേരിക്കുട്ടിയും ഒരു കസേര വലിച്ചിട്ട് അവിടെ ഇരുന്നു
"ഞാൻ വിളിച്ചെടീ"
"നാളെ അവനിങ്ങോട്ട്‌ ഇറങ്ങാമെന്ന് പറഞ്ഞിട്ടൊണ്ട് "
"മഹാ ഒഴപ്പനാ വന്നെങ്കിൽ വന്നെന്ന് പറയാം"
"ഇച്ചായനാ ഞായറാഴ്ചത്തെ പത്രം ഒന്നെടുത്ത് നോക്കിയേ,
നല്ല വല്ല ആലോചനേം ഒണ്ടോന്ന് അതില് "
"ശരിയാ അപ്പച്ചാ
വല്ല നഴ്സിംഗ് കഴിഞ്ഞ പെങ്കൊച്ചുങ്ങളും ഒണ്ടൊന്നൊന്ന് നോക്കിയേ "
"പേപ്പർ ഞാൻ എടുത്ത് വച്ചിട്ടുണ്ട്,
നോക്കട്ടെടാ "
കുഞ്ഞുമോൻ അകത്ത് പോയി പേപ്പറുമായി വന്നു
"ഇതില് മുഴുവൻ വല്യ പഠിത്തക്കാരി പെങ്കൊച്ചുങ്ങടെ അലോചനയെ ഉള്ളല്ലോടീ "
"പത്താം ക്ലാസും ഐടി ഐ ഉം ഉള്ള നമ്മടെ കോച്ചനെ അവളുമാർക്കൊക്കെ ബോധിക്കുമോ"
"പഠിത്തം കൊറഞ്ഞ ഒരു പെങ്കൊച്ചിന്റെ ആലോചന കണ്ട് നോക്കിയപ്പോ അത് നമ്മുടെ ഗിരിദീപം അനാഥാലയത്തിലെ കൊച്ച്. പോരാത്തതിന് സംസാര ശേഷിയും ഇല്ല"
"ഇതിയാൻ എന്നാത്തിനാ സംസാരിക്കാത്തതിനേം ആരുമില്ലാത്തതിനേമൊക്കെ നോക്കുന്നത് "
"വേറെ നല്ലത് വല്ലോം ഒണ്ടൊണ് നോക്ക് "
വേറെ ഒന്ന് രണ്ടെണ്ണം ഉണ്ടെടീ
പക്ഷേ പ്രായം കൊറച്ച് കൂടുതലാ ...
"ഏതായാലും സണ്ണികുട്ടി ഒരു ആലോചനയുടെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്
നാളെ അവൻ വിശദ വിവരം പറയും "
പിറ്റേന്ന് സണ്ണി കുട്ടിയുടെ വിളി കേട്ടാണ് ജയിംസൂട്ടി ഉണർന്നത്
"എടാ മോനെ നീ ഇങ്ങോട്ട് ഒന്ന് വന്നേ "
"സണ്ണിക്കുട്ടി ഒരാലോചനയുമയായിട്ടാ വന്നേക്കുന്നേ"
അങ്ങ് മുണ്ടക്കയത്തൂന്ന് "
പെങ്കൊച്ച് ബി എസ് സി നഴ്സിംഗ് ഒക്കെ കഴിഞ്ഞു നിൽക്കുവാ
അച്ചനില്ല
രണ്ട് പെങ്കൊച്ചുങ്ങൾ
രണ്ടാളും നഴ്സിംഗ് കഴിഞ്ഞു അടുത്തൊള്ള ചെറിയ യൊരാശുപത്രിയിൽ പൊയ്കോണ്ടിരിക്കുവാ "
"എടാ മോനെ ഇന്ന് തന്നെ നീ സണ്ണി കുട്ടിയെ കൂട്ടി പോയി പെങ്കൊച്ചിനെ ഒന്ന് കണ്ടേച്ചും വാ" "ഇഷ്ടപ്പെട്ടാൽ ബാക്കി നോക്കിയാ മതിയല്ലോ"
മേരിക്കുട്ടി പറഞ്ഞു
അങ്ങനെ ജയിംസൂട്ടിയും സണ്ണികുട്ടിയും കൂടി മുണ്ടക്കയത്തെ മോളമ്മ ചേച്ചിയുടെ മൂത്തമകൾ സെബയെ പെണ്ണ് കാണാനെത്തി
ഒറ്റനോട്ടത്തിൽ തന്നെ ജയിംസൂട്ടിക്ക് സെബയെ നന്നേ പിടിച്ചു
"അച്ചനില്ലാതെയാ എന്റെ രണ്ട് മക്കളെം ഞാൻ കഷ്ടപ്പെട്ട് ഇത്രേം ആക്കിയത് "
"അവളെ പൊന്നുപോലെനോക്കുന്ന ഒരു ചെറുക്കൻ വേണമെന്നേ എനിക്കാഗ്രഹം ഒള്ളു"
"പഠിപ്പും പത്രാസും ഇത്തിരി കുറഞ്ഞാലും സാരമില്ല "
അങ്ങനെ ജയിംസും സെബയും തമ്മിലുള്ള കല്യാണം ഉറച്ചു
മാന്തറയിൽ വീട് ഒരു ഉത്സവാഘോഷത്തിൽ ആയി
മനസമ്മതത്തിന്റെ അന്ന് പുലർച്ചെ 4 മണി ആയിക്കാണും
വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് കുഞ്ഞുമോൻ ഉണർന്നത്
കതക് തുറന്നപ്പോൾ പുറത്ത് സണ്ണികുട്ടി
ആകെയൊരു പരവശത
"എന്താടാ സണ്ണീ ഇത്ര വെളുപ്പാൻ കാലത്തെ"
"ഒന്നും പറയണ്ട അച്ചായാ
"ഒരു വിഷയം ഉണ്ട്"
"അച്ചായനിങ്ങോട്ടൊന്നു വന്നേ"
"എന്നതാടാ"
"നീ കാര്യം പറ"
"അച്ചായാ ആ പെങ്കൊച്ച് നമ്മളെ ചതിച്ചു "
"അവക്ക് കൂടെ പഠിച്ച ഏതോ ഒരുത്തനുമായിട്ട് പ്രേമം ഒണ്ടാരുന്നെന്ന് "
"ഇന്നലെ രാത്രി ഉള്ളതെല്ലാം എടുത്തോണ്ട് രണ്ടും കൂടി സ്ഥലം വിട്ടു "
"എന്റെ കർത്താവേ ആകെ നാണക്കേടായല്ലോ"
"ജയിംസൂട്ടി ഇതറിഞ്ഞാൽ അവനു വല്യ വെഷമം ആകുമല്ലോ"
"ക്ഷണിച്ചു വരുത്തിയോരോടൊക്കെ ഇനി എന്തോ പറയും "
"എടീ മേരിയെ ആകെ നാണക്കേട് ആയെടി "
"ഇൗ കെട്ട് നടക്കത്തില്ല "
ഉറക്കച്ചടവോടെ അങ്ങോട്ട് വന്ന മേരി കുട്ടിയോടായി കുഞ്ഞുമോൻ പറഞ്ഞു
"ഇച്ചായനിതെന്നതാ ഇപ്പറയുന്നേ"
"ഈ കൊച്ചു വെളുപ്പാൻ കാലത്തെണ്ണീറ്റ് പിച്ചും പേയും പറയുവാന്നോ "
അപ്പോഴേക്കും ബഹളം കേട്ട് ജയിംസും അങ്ങോട്ട് വന്നു
"അങ്ങനെ ഒരു ബന്ധം സെബയ്ക്കുള്ള പോലെ എനിക്ക് തോന്നിയില്ലല്ലോ അവളുമായി സംസാരിച്ചപ്പോൾ " കാര്യമറിഞ്ഞപ്പോൾ വിഷണ്ണനായി ജയിംസൂട്ടി പറഞ്ഞു
"അവള് വെളച്ചില് പഠിച്ച പെണ്ണാണെടാ "
"കല്യാണം നിശ്ചയിച്ചാൽ അല്ലെ ഒള്ള സ്വർണമോക്കെ അങ്ങ് കിട്ടത്തൊള്ളു"
"അന്യ മതക്കാരനെ കെട്ടാൻ മോളമ്മ സമ്മതിക്കത്തില്ലെന്ന വക്കറിയാം"
"അതോണ്ട് അവള് ശരിക്കും കളിച്ചു "
"ഇനീപ്പോ എന്നാ ചെയ്യും ഇച്ചായാ "മേരികുട്ടി പരവശതയോടെ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു "
നിന്റെ ഫോൺ അല്ലെ കെടന്നടിക്കുന്നത് "
"ആരാന്ന് നോക്കിയേ " കുഞ്ഞുമോൻ ജയിംസി നോടായി പറഞ്ഞു
ജയിംസൂട്ടി ഫോൺ എടുക്കാനായി മുറിയിലേക്ക് പോയി
" സെബയുടെ മമ്മിയാ വിളിച്ചത് "
"സെബ അവരേയും ചതിക്കുവാരുന്നു"
"ഇങ്ങനൊരു ബന്ധം സെബക്കുള്ള കാര്യം അവർക്കാർക്കും അറിയില്ലാരുന്നു "
"പിന്നെ നമ്മക്കുള്ള പോലെ നാണക്കേട് അവർക്കുമുണ്ട് "
"അതുകൊണ്ട് ഇന്ന് തന്നെ മനസ്സതം നടത്താൻ അവരു തയ്യാറാ"
" പെണ്ണ് സെബയുടെ അനിയത്തി സിനി"
"നമ്മക്ക് സമ്മതമാണേൽ അങ്ങോട് വിളിക്കാൻ പറഞ്ഞു "തിരികെ വന്ന ജെയിംസൂട്ടി എല്ലാവരോടുമായി പറഞ്ഞു
പെണ്ണ് കാണാൻ പോയപ്പോൾ ജയിംസ് സിനിയെ കണ്ടിരുന്നു. കാഴ്ചയിൽ സെബയേക്കാൾ സുന്ദരി
അതു കൊണ്ട് ജെയിംസിനു ഇതിനോട് താൽപ്പര്യം തോന്നി.
"എടാ മോനെ നമ്മക്കിനിയാ കുടുംബത്തീന്ന് ഒരു ബന്ധവും വേണ്ടെടാ "
"നെറികെട്ട കൂട്ടങ്ങളാ"
"വിശ്വസിക്കാൻ കൊള്ളുകേല " മേരിക്കുട്ടി അരിശപ്പെട്ടു
"അമ്മച്ചി ഒന്നടങ്ങെന്നേ"
"സെബ കാണിച്ച തെറ്റിന് സിനിയും മമ്മിയും എന്ത് പിഴച്ചു "
"അവർക്കറിയില്ലാരുന്നല്ലോ സെബയ്ക്ക് ഇങ്ങനെ ഒരു ബന്ധം ഉള്ള കാര്യം, "
"എന്നാലും മക്കളെ ഒന്നുടെ ഒന്നാലോചിച്ചിട്ട് പോരായോ"
"നെനക്ക് പ്രയമൊന്നും കഴിഞ്ഞു പോയിട്ടില്ലല്ലോ"
"എടീ മേരിയെ ഇക്കണ്ട ബന്ധുക്കളോടും എടവകക്കാരോടും സമാധാനം പറയുന്നതിലും നല്ലത് ഇത് തന്നെയാ "
"ചേച്ചി തോന്ന്യാസം കാട്ടി എന്ന് വെച്ചിട്ട് അനിയത്തി അങ്ങനെ അകണമെന്നൊന്നുമില്ല"
" നീ വിളിച്ച് നമ്മക്ക് സമ്മതമാണെന്ന് പറയടാ മോനെ " കുഞ്ഞുമോൻ അഭിപ്രായപ്പെട്ടു
അങ്ങനെ നിശ്ചയിച്ച സമയത്ത് തന്നെ ജയിംസും സിനിയുമായുള്ള മനസ്സമതം നടന്നു
പിറ്റേന്ന് ജയിംസ് സിനിയെ കാണാനെത്തി
അവളുടെ മുഖത്തെ സന്തോഷമില്ലായ്മ അവൻ ശ്രദ്ധിച്ചിരുന്നു "നിനക്കെന്തെങ്കിലും ഇഷ്ട കുറവുണ്ടോ ഈ ബന്ധത്തിൽ "
"മുഖത്തൊരു മ്ലാനതയുണ്ടല്ലോ" അവൻ ചോദിച്ചു
"എയ് ഒന്നൂല്ല" ഒറ്റവാക്കിൽ അവൾ മറുപടി ഒതുക്കി
പിന്നെ മോളമ്മയോടും ജയിംസ് ഇതിനെപ്പറ്റി തിരക്കി
"മോനെ കല്യാണം ഉടനെ വേണ്ട "
"പി ജിക്ക് ചേരണം" എന്നൊക്കെയായിരുന്നു അവൾ പറഞ്ഞോണ്ടിരുന്നത് " "പെട്ടെന്ന് കല്യാണം നിശ്ചയിച്ചതിന്റെ ഒരു ഒരു അങ്കലാപ്പ് "
"അത്രയേ ഉള്ളൂ "
"കല്യാണം ഒക്കെ കഴിയുമ്പോൾ അതങ്ങു മാറിക്കോളും "
" മോനതൊന്നും കാര്യമാക്കണ്ട "
മോളമ്മ ജയിംസിന്റെ സംശയം ദൂരീകരിച്ചു
പറഞ്ഞ് വെച്ച തീയതിയിൽ തന്നെ
അവർ തമ്മിലുള്ള വിവാഹം ആർഭാടമായി നടന്നു
ആദ്യരാത്രി ജയിംസൂട്ടി മുറിയിലെത്തിയപ്പോൾ, സിനി കട്ടിലിന്റെ ഒരു കോണിലിരുന്ന് മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു ജയിംസൂട്ടി വന്നത് അവൾ ശ്രദ്ധിച്ചതേ ഇല്ല
അവനൊന്നു മുരടനക്കി
"അവൾ പെട്ടെന്ന് ഞെട്ടി മൊബൈൽ അടച്ചു "
"ആരോടായിരുന്നു ചാറ്റിങ് " അവൻ ചോദിച്ചു
"അത് "
"അതെന്റെ ഫ്രണ്ടായിരുന്നു "
"ബാഗ്ലൂരിൽ ഉള്ള ജിനി "
ഇത് പറഞ്ഞുകൊണ്ട് അവൾ അവിടെയിരുന്ന പാൽ ഗ്ലാസ് അവന്റെ നേരെ നീട്ടി . അവൻ അതു വാങ്ങി പകുതികുടിച്ചു ബാക്കി അവൾക്കു നേരെ നീട്ടി
"ഞാൻ പാൽ കുടിക്കില്ല"
വയറിന് പ്രോബ്ളം ആകും
ഗ്ലാസ് തിരികെ മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ പറഞ്ഞു
" എന്തോ അവൻ നിർബന്ധിക്കാൻ പോയില്ല"
ജയിംസിന് പെട്ടെന്ന് തന്നെ നല്ല ഉറക്കം വന്നു "പുലർച്ചെ ഉണർന്നിട്ടാണെന്നു തോന്നുന്നു നല്ല ഉറക്കം വരുന്നു" അവൻ പറഞ്ഞു
കട്ടിലിലേക്ക് കിടന്നത് മാത്രം അവന് ഓർമ്മ ഉണ്ട്
പിന്നെ കണ്ണു തുറക്കുമ്പോൾ
നേരം വെളുത്തിരുന്നു മുറിയിൽ സിനി ഉണ്ടായിരുന്നില്ല
തൊട്ടടുത്ത ദിവസങ്ങളിലും സിനി പാലുമായിട്ട് തന്നെയാണ് വന്നത്. ആ ദിവസങ്ങളിലും ജയിംസൂട്ടി പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.
ജെയിംസൂട്ടിക്ക് ഇതിൽ എന്തോ പന്തികേട് തോന്നി എന്തുകൊണ്ടാണ് പാൽ കുടിച്ച ഉടനെ താൻ ഉറങ്ങിപ്പോകുന്നത്. പല വിധ സംശയങ്ങൾ അവനെ അസ്വസ്ഥനാക്കി. അന്നത്തെ ദിവസം സിനി കൊണ്ടുവന്ന പാൽ അവൻ സ്നേഹപൂർവ്വം നിരസിച്ചു. എന്നിട്ടവൻ കട്ടിലിൽ അവളുടെ അരികിലായി വന്നിരുന്നു സ്നേഹപൂർവ്വം കൈയെടുത്ത് അവളുടെ തോളിൽ വച്ചു. "തൊട്ടുപോകരുതെന്നെ " ഒരു ആജ്ഞയുടെ സ്വരമുണ്ടായിരുന്നു സിനിയുടെ വാക്കുകൾക്കപ്പോൾ ജയിംസൂട്ടി ആകെക്കൂടി വല്ലാതെയായി
"എന്താ സിനി"
"എന്ത് പറ്റി " " "എന്താ ഇങ്ങനെയൊക്കെ " "എനിക്ക് നിങ്ങളെ ഇഷ്ടമല്ല "
" മമ്മി മരിച്ചു കളയും എന്നു ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് "എനിക്ക് നിങ്ങളെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല " കരഞ്ഞ് കൊണ്ട് സിനി പറഞ്ഞു "എന്തൊക്കെയാണ് സിനീ നീ പറയുന്നത് " "എനിക്കൊന്നും മനസ്സിലാവുന്നില്ല" "എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അന്നേ ഞാൻ ചോദിച്ചതായിരുന്നല്ലോ " ജയിംസ് വളരെ ദേഷ്യത്തോടെ ചോദിച്ചു "ഇനി ഒരു നാണക്കേടുകൂടി ഉണ്ടായാൽ മമ്മി ജീവിച്ചിരിക്കത്തില്ല എന്ന് പറഞ്ഞു "
"അത് കൊണ്ടാ അന്ന് ഞാൻ ഇതൊന്നും പറയാഞ്ഞത് "
"ഞാൻ വേറെ ഒരാളെ ഇഷ്ടപ്പെടുന്നു " "എനിക്കെന്റെ അരുണിനെ അല്ലാതെ മറ്റാരെയും ഭർത്താവായി സങ്കൽപ്പിക്കാൻ പോലും കഴിയില്ല "
" ജെയിംസ് അച്ചായൻ എന്നോട് ക്ഷമിക്കണം"
"അപ്പോൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നീ എനിക്ക് തന്ന പാലിൽ ഉറക്കഗുളിക ചേർത്തിരുന്നു അല്ലെ "
"ജെയിംസച്ചായൻ ക്ഷമിക്കണം"
"എനിക്കങ്ങനെ ചെയ്യേണ്ടി വന്നു "
"അരുണിന് ഒരു ജോലി ശരിയാവും വരെ എനിക്ക് പിടിച്ച് നിക്കണമായിരുന്നു "
"വേറെ വഴി ഒന്നും ഞാൻ കണ്ടില്ല "
തല കീഴ്മേൽ മറിയുന്നതു പോലെ ജയിംസൂട്ടിക്കു തോന്നി "നാളെത്തന്നെ റെഡിയായിക്കോളൂ"
ഞാൻ സംസാരിച്ചോളാം മമ്മിയോട് " അവൻ പറഞ്ഞു "
രാവിലെ മേരിക്കുട്ടി ഉണർന്നപ്പോൾ ഹാളിൽ വിഷണ്ണനായി ഇരിക്കുന്ന ജയിംസൂട്ടിയെയാണ് കണ്ടത്
"എന്താടാ മോനേ "
"എന്തോ വിഷമം പോലെ ഒണ്ടല്ലോ നിന്നെ കണ്ടിട്ട് " "വീണ്ടും വീണ്ടും പറ്റിക്കപ്പെടുമ്പോൾ സന്തോഷമായി ഇരിക്കാൻ കഴിയുമോ അമ്മച്ചീ അവൻ തികട്ടി വന്ന സങ്കടം കടിച്ചമർത്തി കൊണ്ട് പറഞ്ഞു.
"പറ്റിച്ചെന്നോ "
" ആര് "
"നീ ഒന്നു തെളിച്ച് പറയെടാ "
"സെബയെ പോലെ സിനിയും അമ്മയും നമ്മളെ ചതിക്കുകയായിരുന്നു അമ്മച്ചീ"
കാര്യങ്ങൾ എല്ലാം അറിഞ്ഞ കുഞ്ഞുമോനും മേരിക്കുട്ടിയും ആകെ തകർന്ന ഇരിപ്പായി "
"ഇന്ന് തന്നെ അവളെ വീട്ടിൽ കൊണ്ടു ചെന്ന് വിട്ടേക്കടാ ജയിംസെ "
"ഇന്നിപ്പം ഇവൾ ഉറക്കഗുളികയെ തന്നുള്ളു,
"നാളെ നിന്നെ കൊല്ലാനും മടിക്കില്ലല്ലോ ഇക്കണക്കിന് "
വളരെ അരിശത്തോടെ കുഞ്ഞുമോൻ പറഞ്ഞു
അന്നുതന്നെ ജെയിംസ് സിനിയെ അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി . വിവാഹമോചനത്തിന് കേസും ഫയൽ ചെയ്തു ഡൈവോഴ്സ് അനുവദിച്ചുകിട്ടാൻ മൂന്നുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി സിനിയും വീട്ടുകാരും ആവശ്യപ്പെട്ടത് ആറുമാസത്തോളം എടുത്തു ഡൈവോഴ്സ് അനുവദിച്ചുകിട്ടാൻ എല്ലാം കഴിഞ്ഞ് വീട്ടിലെത്തി മുറിയിൽ കയറി കിടപ്പായ ജെയിംസിന്റെ അടുത്ത് മേരിക്കുട്ടി ചെന്നു
"എല്ലാം ഒരു ദു സ്വപ്നം കണ്ടതുപോലെ വിചാരിച്ചാ മതിയെടാ മക്കളേ" "നമുക്കിനി കുടുംബത്തിൽ പിറന്ന നല്ലൊരു കൊച്ചിനെ കണ്ടുപിടിക്കണം"
" പഠിപ്പും പത്രാസും പണവും ഇല്ലെങ്കിലും നേരും നെറിയുമുള്ള ഒന്നിനെ "
"അമ്മച്ചിയും അപ്പച്ചനും ദയവു ചെയ്തു ഇനി എനിക്കു വേണ്ടി കല്യാണം ആലോചിക്കരുത് " ജയിംസ് ദേഷ്യത്തിൽ പറഞ്ഞു
" മോനെ നിന്റെ മനസിന്റെ പ്രയാസം എനിക്കറിയാം" "എന്നുവെച്ച് നിനക്കൊരു ജീവിതം വേണ്ടായോ" "ആകെക്കൂടി ഞങ്ങൾക്ക് നീ ഒരുത്തൻ മാത്രമല്ലേയുള്ളൂ " "നിനക്കൊരു കുടുംബമായി കണ്ടേച്ച് മരിച്ചില്ലെങ്കിൽ ഞങ്ങളുടെ ആത്മാവിന് പോലും സമാധാനം കിട്ടത്തില്ല " "ദയവ്ചെയ്ത് നിങ്ങളെനിക്കിനികല്യാണം ആലോചിക്കരുത് "
"എനിക്ക് കുറച്ച് മനസ്സമാധാനം വേണം"
ജയിംസ് സംസാരം അവസാനിപ്പിച്ച് സിറ്റൗട്ടിലേക്ക് പോയി പിറ്റേദിവസം ജയിംസ് എവിടേക്കോ പോകാനായി രാവിലെ തന്നെ ഒരുങ്ങുന്നത് കണ്ട കുഞ്ഞുമോൻ കാര്യം തിരക്കി
"എനിക്കു നമ്മുടെ വട്ടപ്പള്ളി അച്ഛനെ ഒന്നു കാണണം"
"എന്താടാ കാര്യം"
"അത് വന്നിട്ട് പറയാം"
"ഞാൻ ചില തീരുമാനങ്ങൾ എടുത്തു "
"ചില കാര്യങ്ങൾ അച്ഛനുമായൊന്ന് സംസാരിക്കാനുണ്ട് "
അതും പറഞ്ഞ് ജയിംസ് കുട്ടി ബൈക്കിൽ കയറി പോയി
"എന്റെ അന്തോണീസു പുണ്യാളാ ഇവനിതെന്ത് ഭാവിച്ചാ "
"അച്ചൻ പട്ടത്തിനു പോവാൻ വല്ലോമാണോ ചെറുക്കന്റെ തീരുമാനം " മേരിക്കുട്ടി വ്യാകുലപ്പെട്ടു
"അങ്ങനൊരു തോന്നൽ അവനുണ്ടായാലും കുറ്റം പറയാൻ പറ്റില്ല മേരിയെ "
"അതു പോലെയായിരുന്നല്ലോ അവന്റെ അനുഭവം "
"അത്രക്ക് അപമാനം അവൻ സഹിച്ചില്ലേ " കുഞ്ഞുമോൻ സങ്കടത്തോടെ പറഞ്ഞു വൈകുന്നേരത്തോടെയാണ് ജയിംസ് കുട്ടി തിരിച്ചെത്തിയത് എത്തിയപാടെ മേരിക്കുട്ടി കരച്ചിലും പിഴിച്ചിലും ആയി അവന്റെ മുറിയിലേക്ക് ചെന്നു
"എടാ മോനേ ഇങ്ങനൊക്കെ ഉണ്ടായി എന്നു കരുതി നീ ഇങ്ങനത്ത തീരുമാനമൊന്നും എടുക്കരുത്"
"നീ അച്ചൻ പട്ടത്തിനു പോയാൽ ഈ കുടുംബം അന്യം നിന്നു പോകത്തില്ലായോ "
"നമുക്ക് എവുടുന്നെങ്കിലും കുടുംബത്തിൽ പിറന്ന ഒരു കൊച്ചിനെ കണ്ടു പിടിക്കാമെടാ മോനെ "
"അമ്മച്ചി ഇനി ഒറ്റ അക്ഷരം മിണ്ടരുത്
"ഞാൻ എല്ലാം തീരുമാനിച്ച് കഴിഞ്ഞു "
"ഇനി ഒരു മാറ്റവുമില്ല"
"നാളെ നിങ്ങൾ രണ്ടാളൂടി അച്ചനെ ഒന്നു പോയി കാണണം"
"അച്ചൻ എല്ലാം പറഞ്ഞ് മനസ്സിലാക്കിത്തരും " ഇതും പറഞ്ഞ് ജയിംസൂട്ടി മുറിയിൽ കയറി കിടന്നു
വളരെ വിഷമത്തോടെയാണ് കുഞ്ഞുമോനും മേരിയും ഫാദർ തോമസ്സ് വട്ടപ്പള്ളിയെ കാണാനെത്തിയത്
"ജയിംസൂട്ടി ഇന്നലെ ഇവിടെ വന്ന് ചില കാര്യങ്ങൾ ഒക്കെപ്പറഞ്ഞു "
എന്താ നിങ്ങളുടെ അഭിപ്രായം " ഫാദർ ചോദിച്ചു
"അച്ചോ മൂത്തവനെ കർത്താവ് നേരത്തെ അങ്ങ് വിളിച്ചു "
"ഇവന്റെ ഒരു കൊച്ചിനെ ഏലും കളിപ്പിക്കണമെന്ന് ഞങ്ങൾക്കാഗ്രഹം ഇല്ലാണ്ടിരിക്കുമോ"
"അതു കൊണ്ട് അച്ചൻ എങ്ങനെയെങ്കിലും അവനെ പറഞ്ഞു മനസ്സിലാക്കി ഇതിൽനിന്നു പിന്തിരിപ്പിക്കണം"
"അവൻ പള്ളീലച്ചൻ ആകുന്നതിനോട് ഞങ്ങൾക്ക് ഒട്ടും താൽപര്യമില്ല "
"ഹ ഹ ഹ "
പള്ളീലച്ചനാകാനൊന്നുമല്ല അവൻ എന്നെ വന്നു കണ്ടത് ചിരിച്ച് കൊണ്ട് ഫാദർ പറഞ്ഞു.
"ഇവിടുത്തെ ഓർഫനേജിലെ ഒരു കുട്ടിയുടെ ആലോചന കുറച്ച് നാൾക്ക് മുൻപ് പത്രത്തിൽ കൊടുത്തിരുന്നു"
"പാവം കുട്ടിയാ"
"ഡിഗ്രി വരെ പഠിച്ചിട്ടുണ്ട് "
"പക്ഷെ സംസാരശേഷി ഇല്ല"
"അവന് ഈ ആലോചന താൽപര്യമാണെന്ന് പറഞ്ഞു "
"എന്താ നിങ്ങളുടെ അഭിപ്രായം "
"അതച്ചോ മിണ്ടാൻ വയ്യാത്ത ഒരു കുട്ടിയെ എങ്ങനാ "
മേരിക്കുട്ടി തന്റെ താൽപര്യമില്ലായ്മ അറിയിച്ചു
"മിണ്ടുന്ന രണ്ട് പെൺകുട്ടികളെ നിങ്ങൾ കണ്ടെത്തിയിട്ട് ഒടുക്കം എന്തായി"
"സംസാരിക്കാൻ കഴിവില്ലെങ്കിലും നിമ്മി മോൾ മിടുക്കിയാ"
" ഒരു കാര്യത്തിനും അവളെ മാറ്റിനിർത്തണ്ടാ "
"ജയിംസിനേയും നിങ്ങളേയും അവൾ നന്നായി നോക്കും"
"ശരിയാ അച്ഛാ ഒരു കുറവുമില്ലാത്ത രണ്ടെണ്ണം വന്നിട്ട് കിട്ടിയത് അപമാനവും കണ്ണീരുമാ"
"അവന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ "
"ഞങ്ങൾക്കും സമ്മതമാ അല്ലിയോടി മേരിയെ "
"അങ്ങനെ മൂന്നാമത്തെ പെൺകുട്ടിയായ നിമ്മിക്കുട്ടി ജയിംസൂട്ടിയെ
സ്നേഹിക്കുന്ന അപ്പനേം അമ്മേം നോക്കുന്ന നല്ല മരുമോളായി മാന്തറവീട് സ്നേഹസമ്പന്നമാക്കി "

Appus

കാക്കക്കൂട്


കാക്കക്കൂട്
------------------
"സുഭദ്രക്കുഞ്ഞേ"
"സുഭദ്രക്കുഞ്ഞേ " "ഒന്നിങ്ങോട്ട് വേഗം വന്നേ"...
ചീരുവിന്റെ സ്വരം കേട്ട് സുഭദ്രാമ്മ കോ ലോത്തേക്ക് ചെന്നു. മുത്തശ്ശിയുടെ കാലം മുതൽക്കേ മാലേത്ത് പുറം പണി ചെയ്യുന്നത് ചീരുവാണ്. അതു കൊണ്ട് തന്നെ അവർക്ക് ആ കുടുംബത്തോടുള്ള സ്നേഹവും കടപ്പാടും ഒന്നു വേറെ തന്നെയാണ്.
"എന്താ ചീരുവമ്മേ അതിരാവിലെ ഒരു ബഹളം "
" സുഭദ്രക്കുഞ്ഞ് അങ്ങട് നോക്കിയേ"
"അത് കണ്ടോ " വടക്കേപ്പറമ്പിലെ കൂറ്റൻ ആഞ്ഞിലിയുടെ മുകളിലേക്ക് ചുണ്ടി കൊണ്ടാണ് ചീരുവിന്റെ സംസാരം. പെട്ടെന്ന് ചീരു ചുണ്ടിയിടത്തേക്ക് സുഭദ്രാമ്മ ദൃഷ്ടി പായിച്ചു..
"എന്റെ മേലേപ്പാട്ട് ഭഗവതി ഞാനെന്താ ഈ കാണണത്" സുഭദ്രാമ്മയുടെ മനസ്സിലു ടെ ഒരു മിന്നൽ പിണർ കടന്നു പോയി. ഇന്നലെ വരെ അത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. സാമാന്യം വലിയൊരു കാക്കക്കൂട്. പണ്ട് പുരാതീനേ തറവാട്ടിൽ കൈമാറി പോന്ന വിശ്വസത്തിന്റെ കനലുകൾ സുഭദ്രാമ്മയുണ്ട മനസ്സിനെ പൊള്ളിക്കാൻ തുടങ്ങിയിരുന്നു.
"ചീരുവമ്മേ ഇതെങ്ങനെ" "ഇന്നല വരെ ".
വാക്കുകൾക്കായി സുഭദ്രാമ്മ വീർപ്പ് മുട്ടി.
"ഞാൻ ഇന്ന് രാവിലെയാണ് കുഞ്ഞേ ഇത് കണ്ടത് "ചീരുവമ്മ പറഞ്ഞു.
"വടക്കേപ്പറത്ത് കാക്ക കുട് കൂട്ടിയാൽ തെക്കേപ്പറത്ത് പട്ടടയെന്നാ പറയാറ് " മിന്നൽ പിണർ കണക്കെയുള്ള ആ വാക്കുകൾ കേട്ട് സുഭദ്രാ മ്മ തിരിഞ്ഞ് നോക്കി. ചെമ്പകശ്ശേരിയിലെ ലക്ഷ്മി കുട്ടി അമ്മയാണ്. ക്ഷേത്ര ദർശനം കഴിഞ്ഞുള്ള വരവാണ്. "എന്താപ്പോ ചെയ്ക എന്റെ ലക്ഷ്മിയേച്ചിയേ " അത്യധികം പാരവശ്യത്തോടെ സുഭദ്രാമ്മ തിരക്കി.
"കൂട് അവിടുന്ന് എടുത്ത് കളയണേച്ചാൽ നടക്കണ പണിയല്ല സുഭദ്രേ " ലക്ഷ്മിയമ്മ ആധി കൂട്ടി. "ആ ചെല്ലപ്പനോട് ഇവിടെ വരെ ഒന്നു വരാൻ പറയോ ചീരു വമ്മേ".
"ചെല്ലപ്പൻ വന്നിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല സുഭദ്രേ " "ആകാശത്ത് കൊണ്ട് ചെന്നാണ് അവറ്റകൾ കൂട് വച്ചിരിക്കണത് ". "ചെല്ലപ്പൻ വിചാരിച്ചാൽ അത് എടുത്ത് കളയാൻ പറ്റുമെന്ന് എനിക്ക് തോന്നണില്ല ". ലക്ഷ്മിയമ്മയുടെ വാക്കുകൾ സുഭദ്രയെ കുടുതൽ അസ്വസ്ഥയാക്കി.
"എന്റെ ഭഗോതീ കുട്ടികൾടെ അച്ഛന് ഒരു അറ്റാക്ക് കഴിഞ്ഞിട്ട് മൂന്ന് മാസം ആകണതേ ഉള്ളു" "ആകെക്കൂടി മനസ്സമാധാനം പോയീലോ"
"നീ വിഷമിക്കാതെന്റെ സുഭദ്രേ ഭഗോതിയെ വിളിക്ക് "
"അമ്മ തന്നെ കാക്കട്ടെ "
"ഞാൻ അടുക്കളേലോട്ട് ചെല്ലട്ടെ ലക്ഷ്മിയേച്ചി" '"ഉണ്ണിയ്ക്ക് പോവണ്ടതല്ലേ"
" ഉണ്ണീടെ ഡോക്ടർ പഠിത്തം ഒക്കെ കഴിയാറായോ സുഭദ്രേ " ലക്ഷ്മിയമ്മ ചോദിച്ചു.
" ഈ വർഷം കൂടിയുണ്ട് ലക്ഷ്മിയേട്ടത്തി അത് കഴിഞ്ഞ് ഹൗസ് സർജൻ സിയും കഴിയണം " "അവനോട് മിടുക്കനായി പാസ്സായി വരാൻ പറ" "അയലോക്കത്ത് ഒരു ഡോക്ടർ ഉള്ളതിന്റെ ഗുണം ഞങ്ങൾക്കൂടി അല്ലെ. "
"എന്നാ നീ ചെല്ല് സുഭദ്രേ ഞാൻ പോവ്വാട്ടോ" ലക്ഷ്മിയമ്മ യാത്ര പറഞ്ഞിറങ്ങി.
അന്നത്തെ ദിവസം സുഭദ്രാമ്മക്ക് ജോലിയിൽ ഒന്നും ശ്രദ്ധിക്കാനെ കഴിഞ്ഞില്ല. കൈക്കും കാലിനും ആകെക്കൂടി ഒരു തളർച്ച പോലെ. ആധിയോടെ എന്തൊക്കെയോ ചെയ്തു.
"അമ്മേ ഒന്നിങ്ങട് വന്നേ ഈ സാമ്പാർ മുഴുവൻ ഉപ്പാണല്ലോ"
"ഇതെങ്ങനാ കഴിക്കാ''. പ്രാതൽ കഴിയ്ക്കാനായി വന്ന ഉണ്ണി ആശങ്കപ്പെട്ടു. "അമ്മയ്ക്കെന്താ പറ്റീത് ". "മനസ്സിൽ എന്തോ കരട് വീണിട്ടുണ്ടല്ലോ" .
"ഒന്നുല്ല കുട്ട്യേ "
"മനസ്സിന് ഒരു സമാധാനം ഇല്ല ".
"എന്താപ്പോ അമ്മയ്ക്ക് സമാധാനക്കേട് " "ഉണ്ണിക്കുഞ്ഞേ നമ്മുടെ വടക്കേപ്പറമ്പിലെ ആഞ്ഞിലിയേൽ ഒരു വലിയ കാക്കക്കൂട്".
" അത് കണ്ടപ്പോൾ മുതലുള്ള ആധിയാ സുഭദ്രക്കുഞ്ഞിന് "
ഉണ്ണിയുടെ ചോദ്യത്തിന് ചീരുവമ്മ അടുക്കള വാതിലിൽ നിന്നു കൊണ്ട് സമാധാനം പറഞ്ഞു. "ഇതൊക്കെ വെറും അന്ധവിശ്വാസം അല്ലെ എന്റെ അമ്മേ"
"ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അമ്മ ഇതൊക്കെ ആലോചിച്ച് മനസ്സ് പുണ്ണാക്കുന്നത് കൊറച്ച് കഷ്ടാണൂട്ടോ "
"എന്താ ഇവിടൊരു ചർച്ച " ഉണ്ണിയുടെ അച്ഛൻ ശ്രീധരൻ നായർ അങ്ങോട്ടേക്ക് വന്നു. വീണ്ടും ചീരുവമ്മ കാര്യങ്ങൾ വിവരിച്ചു.
"ശ്രീധരേട്ടാ നമ്മുക്ക് ആ ആഞ്ഞിലി അങ്ങട് വിറ്റാലോ ".
"ഉണ്ണി എത്ര നാളോണ്ട് പറയണതാ അവനൊരു ബൈക്ക് വേണംന്ന് " "കുടെയുള്ള കുട്ട്യോൾ ഒക്കെ കാറിലൊക്കെ ആണൂത്രേ വരണത് " "അവർടെ ഇടേല് ന്റെ കുട്ടി ചെറുതാവണത് എനിക്ക് സഹിക്കൂല ".
" എന്റെ സുഭദ്രേ നീ ഇങ്ങനെ വകതിരിവില്ലാണ്ട് ഓരോന്ന് പറയല്ലെ " "നമ്മുടെ ലക്ഷ്മി മോളുടെ കല്യാണത്തിനൂടെ ഞാൻ അത് വിൽക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല"
" എനിക്ക് ഓർമ്മ വെച്ചപ്പോൾ മുതൽ ആ ആഞ്ഞിലി ഇത് പോലെ അവിടെ ഉണ്ട്"
" സ്ഥാനത്ത് നിക്കണ ആ ആഞ്ഞിലിയാ മാലേത്ത് വീടിന്റെ ഐശ്വര്യംന്ന് മുത്തശ്ശി എപ്പോഴും പറയുമായിരുന്നു "
ശ്രീധരൻ നായർ തന്റെ പ്രയാസം തുറന്നു പറഞ്ഞു.
"അല്ലേലും എന്റെ ആവശ്യങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ല".
ഉണ്ണി ദേഷ്യത്തിൽ കഴിപ്പ് അവസാനിപ്പിച്ച് എഴുന്നേറ്റു.
"എന്റെ ശ്രീധരേട്ടാ അവന്റെ ഒരു ആഗ്രഹമല്ലേ " , "എത്രയായി പറയണു" "നമ്മുക്ക് അത് കൊടുക്കാം "
" ഒന്നാമത് ശ്രീധരേട്ടന് മേലാത്തത് അല്ലെ "
"ആ കാക്കക്കൂട് അവിടെ ഉള്ളടത്തോളം എന്റെ ഉള്ളിൽ ആധി തീരില്ല "
"നിങ്ങളുടെ ഒക്കെ ഇഷ്ടം പൊലെ നടക്കട്ടെ "
അല്ലാണ്ട് ഞാനിനി എതിർത്തൂന്ന് വേണ്ട" "ചീരുവമ്മേ, പോകണ വഴിക്ക് ആ തോമാച്ചനോട് ഒന്ന് ഇത്രേടം വരെ വരാൻ പറയൂ "
വൈകിട്ട് ശ്രീധരൻ നായർ ജോലി കഴിഞ്ഞ് ട്രഷറിയിൽ നിന്നെത്തിയ പുറകേ തോമാച്ചൻ മാലേത്തെത്തി.
"പിള്ളേച്ചാ ഇപ്പോ തടിക്കൊക്കെ ഡിമാന്റ് തീരെ കൊറവാ ". നോട്ട് നിരോധനം ഒക്കെ വന്നേ പിന്നെ പെര പണിക്കൊക്കെ ഒരു മങ്ങലാ "
"ഒരു എഴുപതിനായിരം ഉറുപ്യ അങ്ങട് തരും" തോമാച്ചൻ പറഞ്ഞു വെച്ചു.
"അത് തീരെ കുറഞ്ഞ് പോയി എന്റെ തോമാച്ചാ"
വിൽക്കാൻ അത്യാവശ്യം ഉണ്ടായിട്ടല്ല ". "സുഭദ്രയുടെ ഒരോരോ നിർബന്ധം "
" അതീന്ന് ഒരു നയാ പൈസ കൂട്ടി എനിക്ക് വേണ്ട പിള്ളേച്ചാ" "കൂലിച്ചിലവും അറപ്പ് കൂലീം ഒക്കെ കഴിഞ്ഞ് പിന്നെ ഒന്നും കിട്ടാനില്ല" അതും പറഞ്ഞ് തോമാച്ചൻ പോവാൻ ഭാവിച്ചു.
" അതിന് അങ്ങട് സമ്മതിച്ചേക്കൂ ശ്രീധരേട്ടാ" "മനസ്സമാധാനമാണ് കാശിനേക്കാൾ വലുത് " സുഭദ്രാമ്മ നിർബന്ധിച്ചു. "ഞാൻ കാരണം ഇനി നിന്റെ മനസ്സമാധാനം പോകണ്ട "
" ഇഷ്ടം പോലെ നടക്കട്ടെ" ശ്രീധരൻ നായർ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി "
പിറ്റേന്ന് വൈകുന്നേരത്തോടെ സുഭദ്രാമ്മയുടെ അങ്കലാപ്പിന് ഒരു അറുതിയായി. വലിയൊരു ശബ്ദത്തോടെ തലമുറകളുടെ മണമുള്ള ആ മരം ആർത്തലച്ച് വീണു. വലിയൊരു ആപത്ത് ഒഴിഞ്ഞു പോയ സമാധാനം സുഭദ്രാമ്മയുടെ മുഖത്തുണ്ടായിരുന്നു.
"സുഭദ്രക്കുഞ്ഞേ മുട്ട വിരിഞ്ഞതേ ഉണ്ടാർന്നുള്ളൂട്ടോ "
" പാവം കാക്കക്കുഞ്ഞുങ്ങൾ രണ്ടും ചത്തു കിടക്കുന്നു ഇലച്ചിലിന്റെ ഇടേല് "
" അത് കണ്ടപ്പോ മുതല് എന്തോ ഒരു വല്ലായ്മ മനസ്സിന് "
ചീരുവമ്മ രാവിലെ തന്നെ സങ്കടം പങ്കുവെച്ചു.
"ചീരുവമ്മയ്ക്ക് വേറെ ഒരു പണീം ഇല്ലെ "
" മനസ്സ് വിഷമിപ്പിക്കാനായി ഓരോന്ന് പറഞ്ഞ് വെക്കും"
"സാരല്യ കുഞ്ഞേ അതുങ്ങടെ വിധി അങ്ങനെ"
" കുഞ്ഞ് അതൊന്നും ചിന്തിക്കണ്ട " ഞാൻ ഇറങ്ങട്ടെ "
പിറ്റെ ദിവസം രാവിലെ തന്നെ ഉണ്ണിയും ശ്രീധരൻ നായരും കൂടി ടൗണിൽ പോയി ബൈക്ക് വാങ്ങി. ലോകം കീഴടക്കിയ സന്തോഷം ഉണ്ണീടെ മുഖത്ത് ദൃശ്യമായിരുന്നു.
ലൈസൻസ് നേരത്തേ എടുത്തിരുന്നതിനാൽ ഉണ്ണിയാണ് ബൈക്കോടിച്ചത്. മാലേത്ത് എത്തുമ്പോൾ സുഭദ്രാമ്മ രണ്ടാളെയും കാത്ത് മുറ്റത്ത് തന്നെ ഉണ്ടായിരുന്നു.
"എന്റെ കുട്ടിയ്ക്ക് സന്തോഷം ആയില്ലേ " "ഇപ്പൊ ആകെ കൂടി മനസ്സിനു ഒരു സമാധാനം " എന്റെ ഭഗോതീ ആപത്തൊക്കെ ഒഴിവാക്കിത്തരണേ"
പിന്നീടുള്ള ഉണ്ണിയുടെ യാത്രകൾ ആ ബെക്കിലായി. കുട്ടുകാരൊന്നിച്ച് കറക്കവും പതിവായി.
ഒരു ദിവസം പതിവുപോലെ ഉണ്ണിയും ശ്രീധരൻ നായരും പോയിക്കഴിഞ്ഞ് സുഭദ്രാമ്മ വീട്ടുജോലികളിൽ മുഴുകി. പതിവ് സമയം ആയിട്ടും ഭർത്താവിനേയോ മകനേ യോ കാണാത്തതിനാൽ വീടിനു മുന്നിലെ നടപ്പാതയിലേക്കിറങ്ങി.
ഏറെക്കഴിയും മുമ്പ് ഒരു വെളുത്ത കാർ അവിടെ എത്തി. അതിൽ ഉണ്ണിയുടെ കൂട്ടുകാരും ശ്രീധരൻ നായരും ഒന്നു രണ്ട് ബന്ധുക്കളും ഉണ്ടായിരുന്നു. ശ്രീധരൻ നായരെ ചിലർ താങ്ങി പിടിക്കുന്നുണ്ടായിരുന്നു. സുഭദ്രാമ്മ പാരവശ്യത്തോടെ ഓടി അടുത്ത് വന്നു.
"എന്താ ശ്രീധരേട്ടാ ഉണ്ടായെ "
"അച്ഛന് ഒന്നൂല അമ്മെ " "നമ്മുടെ ഉണ്ണി ചെറുതായി ഒന്ന് വീണു"
"ഞങ്ങൾ ഹോസ്പ്പിറ്റലിൽ നിന്നും വരുവാ" "പേടിക്കാനൊന്നുമില്ല""ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു"
"ഏറെ സമയം എവിടെ നിന്നതോണ്ടാവും അച്ഛനൊരു തളർച്ച "
ഉണ്ണിയുടെ കൂട്ടുകാരനായ രാഹുൽ പറഞ്ഞു.
"സത്യം പറ എന്റെ ഉണ്ണിയ്ക്കെന്താ പറ്റീത് " "ഒന്നൂല സുഭദ്രേ നീ ഒന്നു വെപ്രാളപ്പെടാതെ "
ശ്രീധരൻ നായർ വാക്കുകൾക്കായി നന്നേ വിഷമിക്കുന്നുണ്ടാരുന്നു.
"എന്നിട്ട് ഉണ്ണി ആശുപത്രിയിൽ നിന്നും വന്നില്ലേ "
"എനിക്ക് ഇപ്പോ ആശുപത്രിലേക്ക് പോണം"
"ചെറിയ ഒരു മുറിവ് പോലും താങ്ങാൻ പറ്റാത്ത കുട്ടിയാ"
ശ്രീധരൻ നായരുടെ മൗനം സുഭദ്രാമ്മയെ കൂടുതൽ ആധിപിടിപ്പിച്ചു.
"എന്താ ശ്രീധരേട്ടാ" "എന്താണേലും എന്നോട്ട് പറയ്"
"ഉണ്ണീടെ പരിക്ക് സാരമുള്ളതാണോ "
"എന്റെ സുഭദ്രേ നീ ഒന്നു ബഹളം വെയ്ക്കാതിരിക്ക്" "ഉണ്ണിയ്ക്ക് കൊഴപ്പോന്നൂല്ല" സുഭദ്രാമ്മയുടെ സഹോദരൻ സുധാകരൻ നായർ ആശ്വസിപ്പിച്ചു.
"പിന്നെന്താ അവൻ നിങ്ങളുടെ കൂടെ വരാഞ്ഞത് ".
"അത് ഒരു ദിവസം അവിടെ കിടക്കാൻ ഡോക്ടർ പറഞ്ഞിട്ടാ"
പരുക്ക് സാരമുള്ളതല്ല സുഭദ്രെ"
സുധാകരൻ നായർ ആശ്വസിപ്പിച്ചു.
"നാളെ നമ്മുടെ ഉണ്ണി വരും സുഭദ്രേ " അത് പറയുമ്പോൾ ശ്രീധരൻ നായർ കരച്ചിലടക്കാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു.
വിവരം അറിഞ്ഞ് അപ്പോഴേക്കും മാലേത്തേക്ക് ബന്ധുക്കളും അയൽക്കാരുടേയും വരവു തുടങ്ങിയിരുന്നു .സുഭദ്രാമ്മയ്ക്ക് എന്തൊക്കെയോ പാരവശ്യം തോന്നി.
പിറ്റേന്ന് രാവിലെ തന്നെ മാലേത്ത് വീട് ആൾക്കാരെ കൊണ്ട് നിറഞ്ഞു. എന്തോ പന്തികേട് ഉണ്ടെന്ന് സൂ ഭദ്രാമ്മയ്ക്ക് തോന്നി തുടങ്ങി. അപ്പോഴേക്കും വെളുത്തൊരാംബുലൻസ് മാലേത്തെ മുറ്റത്തെത്തി.
"കാക്കക്കൂട് എടുത്ത് കളഞ്ഞിട്ടും എന്റെ കുട്ടിയെ നീ കൊണ്ടുപോയി ലോ ഭഗോതി ".
ചീരുവമ്മയുടെ നിലവിളിയുടെ ഒരറ്റം സഭദ്രമ്മയുടെ ഉള്ളിൽ വന്ന് ചാട്ടുളി പോലെ തറച്ചു. അവർ വല്ലാത്ത വിഭ്രാന്തിയിൽ ആയി. ആരൊക്കെയോ അവരെ താങ്ങിയെടുത്ത് നടുത്തളത്തിലേക്ക് കൊണ്ടുപോയി. അവിടെ ഉണ്ണിയുടെ വെള്ളപുതച്ച ദേഹം കണ്ട് ആ മാതൃഹൃദയത്തിൽ ഒരഗ്നിപർവത സ്ഫോടനം ഉണ്ടായി. "ന്നാലും എന്റെ ഉണ്ണിയെ കാക്കകൂട് കളയാൻ വിറ്റ ആഞ്ഞിലി തന്നെ നിന്നെ ചതിച്ചൂലോ"
"എന്റെ മേലേപ്പാട്ട് ഭഗോതി നീ എന്റെ ഉണ്ണി കുട്ടനെ കാത്തീലല്ലോ".
പതം പറഞ്ഞ്കരഞ്ഞ് അവർ മോഹാലസ്യപ്പെട്ട് വീണു.
ഉച്ചയ്ക്ക് മാലേത്തെ തെക്കേ മുറ്റത്ത് ഉണ്ണിക്കായൊരു ചിത ഒരുങ്ങി.
ഈ സമയത്തും വിധിയുടെ നിയതി പോലെ വടക്കെപ്പറമ്പിലെ പുളിമരത്തിൽ മറ്റൊരു കാക്ക കൂട് ഒരുങ്ങുന്നുണ്ടായിരുന്നു.

Appus

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo