Showing posts with label MeerabenPM. Show all posts
Showing posts with label MeerabenPM. Show all posts

ആഗ്നേയം



പുലരിയിലോടക്കുഴൽവിളി 
കേട്ടു,
മറവിയിലൊരുകിളി 
നാദമുതിർത്തു..
പുതുമഴ തേടിയുഴറും
പറവകൾ,
എരിയും വേനലി-
ന്നാഗ്നേയനയനം..
ഒരു പൂവിതളിനായ്
കലഹിപ്പൂവണ്ടുകൾ,
ഒരു കുമ്പിൾ പൂപോലെ
ആദിത്യഹാസം...
ദീനയായ്, ദാഹനീരിനായ്
ധ്യാനിച്ചു
വിളറുന്ന കവിളുമായ്
നില്പൂ സന്ധ്യ..
ഒരുമാത്ര മിഴിപൂട്ടി
കൈകൂപ്പി ശലഭങ്ങൾ
ഒരു തുള്ളി
പെയ്തെങ്കിലെന്നു ചൊല്ലി
ഒഴിവായൊരാരവം,
കടലിന്റെ ശാന്തത
കടൽക്കാക്ക
ചുറ്റിപ്പറക്കുന്നീലെത്രയായ്...
നട്ടതെന്തിനായ് മരം
വെട്ടിമാറ്റുകി-
ലൊട്ടുകാലം
മഴയ്ക്കായ് കാക്കണം
വിത്തമെന്തിനു
മർത്തൃർക്കു ജീവിതം
ഹൃദ്യമാക്കാൻ
മാരി പൊഴിയണം
ദാഹത്തിൽ പാട്ടൊന്നു
പാടൂ കുയില്ലമ്മേ മറു-
നാട്ടിലായ് പാടുന്നു
കേഴുന്നു മയിലമ്മ
കാടുകൾ വെട്ടുകിൽ,
ചവറുകളെരിക്കുകിൽ
മണ്ണിന്റെ, പുഴയുടെ
നെഞ്ചകം നീറുന്നു
പരിഹാസമോടെ നീ
മാലിന്യമെറിയുമ്പോൾ
അറിയണം മനുഷ്യാ
നിൻ ശൂന്യമാം ഭാവിയെ...
നിറയണമലിവിന്റെ
പുഴയൊന്നായുള്ളാകെ
പറയണം മഴയാണീ
നാടിന്റെ നന്മ..


By: Meeraben

നമുക്കിടയിലെ പുഴ

Image may contain: 1 person


പുഴയുടെ 
അപ്പുറത്താണവളുടെ വീട് 
വിളിച്ചാൽ 
കേൾക്കാവുന്ന ദൂരം
വിളി കേട്ടതേയില്ല
ശരീരം നിറയെ
നദികളുമായൊരുവൾ
കുറ്റബോധത്തിന്റെ
നീർച്ചാലുകൾ
ഇടയ്ക്കിടെ അവൾ
പുഴയിലൊഴുക്കി
എന്റെ കടത്തുതോണി
ഞാനാ നീർച്ചാലിലൂടെ
ഇറക്കാൻ ശ്രമിച്ചിരുന്നു
എന്നിട്ടും
നമുക്കിടയിൽ
ഒരു
കാറ്റുവീശിയതേയില്ല
ഒരു പൂപോലും
പൊഴിഞ്ഞതുമില്ല
പുഴയ്ക്കക്കരെ കടക്കാൻ
പലവട്ടം ശ്രമിച്ചിട്ടും
കഴിയുന്നുമില്ല
അലകളും ചുഴികളും കൊണ്ട്
അവൾ
അതിനെ
ബന്ധിച്ചിരുന്നു
കവിത തുളുമ്പുന്ന
നോട്ടങ്ങളാൽ
നിറച്ചിരുന്നു.
ഞാനതിൽ
അന്തർദ്ധാനം ചെയ്യാൻ
കൊതിച്ചു പോയ്

By MeeraBen

സഹയാത്രികൻ - പുതുവർഷ രചനാ മത്സരം 2017 വിഭാഗം-കവിത



ഇനിയേറെയില്ലെനിക്കക്കരെയെത്താൻ,
ഇനിയാരുമില്ലെന്നെ നീരിൽ മുക്കാൻ...
നൻപുകളേറെയൊടിഞ്ഞതിൽ
ചിലതെന്റെ ഹൃത്തിലെ
യരുണമാം തരുണാസ്ഥി തന്നെയോ...
ചിലതെന്റെ കാഴ്ചയെ
തടയുന്നൊരസ്ഥിയോ,
ചിലതെന്റെ നാവിലെ വചനാസ്ഥിയോ..
പകരം തരാമെന്നോതിയെൻ പങ്കായം
പലരും പലപ്പോഴും സ്വന്തമാക്കാനെത്തി...
ആഴിയിൽ മുങ്ങിത്തകരാതിരിക്കുവാൻ
ഞാനെന്റെ നൗകയിൽ പായ് പറത്തി... അലയാഴിയിൽ വീണു -ലയാതിരിക്കുവാൻ
നിന്നെ ഞാൻ വഞ്ചിയിൽ ചേർത്തു കെട്ടി...
മിന്നൽപ്പിണർ തന്റെ ചാട്ടുളികൊണ്ടിതിൻ
നെഞ്ചകം വെട്ടിമുറിച്ചുകീറി..
ഞാനെന്റെ യാത്രയിൽ
നിന്നിലെത്താമെന്ന ചിന്തയെയൂതി തീപ്പിടിപ്പിച്ചു..
ഇനിയേറെയില്ലിതാ കാൺമതായ്
വിജനമാം
കരയിലാ രാഗാർദ്രൻ കാത്തിരിപ്പൂ..
ഇനിയുള്ള യാത്രയിൽ നീയെന്റെ പങ്കായം..
അറിയാതെ ദൂരം, തുഴയാം നമുക്കിനി...


Meeraben PM

ശ്യാമരൂപിണി - പുതുവർഷ രചനാ മത്സരം വിഭാഗം-കവിത




ഓരാതെ മേലേപ്പടിയിൽ
വഴുക്കലിൽ,
ഭൂതകാലത്തേയ്ക്കു
വീണു പോയ് ഞാൻ..
സ്ഫടികമായ് ചിതറിയ
ജീവിത കാമന-
യധികമായ് തിങ്ങി
നിറയുന്ന വേദന
കാഴ്ചയെ കരളിനെ
തേവിക്കടന്നു പോം
പ്രാണന്റെ പിന്നിലെ
രണ്ടിതൾ സൗഹൃദം..
പ്രണയ കൗമാരത്തരുക്കളിൽ
പൂവിട്ട
പാരിജാതത്തിന്റെ
ചൂരിന്നമർത്തി ഞാൻ..
സ്നിഗ്ദ്ധമാം തളിരു പോൽ
പൂവിതൾതണ്ടുപോൽ
വാടിയ വെയിലു പോലെൻ
ദ്രുതയൗവ്വനം...
ഇലകൾ കൊഴിഞ്ഞതും
പൂക്കൾ വിരിഞ്ഞതും
ചക്രമുരുണ്ടതിന്നടിയിൽ
ചതഞ്ഞതും..
ഉളളിൽ ജ്വലിക്കുന്നൊരഗ്നി
നിറച്ചൊരാ,
ക്കുടമൊന്നടച്ചതീ
മാറാപ്പിലുണ്ടിന്നും..
ഏകയായ് തറയിലുറച്ചൊരാക്കല്ലുപോൽ,
കുറ്റിയിൽ
ചുറ്റിത്തിരിയുന്ന നായ പോൽ..
ഒഴിയാത്ത രാഹുവെ,
പിരിയാത്ത ചൊവ്വയെ
നാവിന്നിടയിൽ
ചലിക്കും ഗുളികനെ..
പാപത്തെ, ശാപത്തെ
യൂർന്നു പോം കാലത്തെ
വിധിയെ പഴിക്കുന്ന
താപവാക്യങ്ങളെ..
ഭദ്രമായ് മാറാപ്പിനുള്ളിലടക്കി
നിർനിദ്രമീ രാവിന്നു
കൂട്ടായിരിപ്പിവൾ!
അന്തമില്ലാത്തൊരീ
വീഥിയിലൂടെ നീ
പിന്നിലെ നിഴലുപോൽ
ഞാൻ ശ്യാമരൂപിണി
ഒന്നിനുമർത്ഥമില്ലെല്ലാം
നിരർത്ഥകം,
വന്നുപോമെല്ലാം
നിത്യമനർത്ഥമായ്...
* * *

By: 
Meeraben Pm

പുതുവത്സര രചനാ മത്സരം 2017 *പുനർജനി* കവിത


നിശ്വാസത്തിൻ തീമഴ പെയ്തു തിണർത്തു ,ചുണ്ടുകൾ..
തണുത്തുറഞ്ഞിനികുളിരായ് നാവിൻ
തുമ്പിലലിഞ്ഞു മരിക്കാൻ..
പീലിവിടർത്തിയടുക്കും നിന്റെ
ചിറകിലൊതുങ്ങി മയങ്ങാൻ..
പ്രണയച്ചോപ്പിൻ മഞ്ചാടികളെ
കവിളലമർത്തി സുഖിക്കാൻ..
വെയിലിൻ പൊൻതരി നുളളിയെടു-
ത്തതിലൊന്നു പുരണ്ടു രമിക്കാൻ..
ഇനിമതിയതുവരെ ലഹരിയിലങ്ങനെ
നിന്നിലലിഞ്ഞു മറക്കാൻ...
നിദ്ര പുതച്ചതിനിടയിലൂടങ്ങനെ-
യൊലിച്ചിറങ്ങിയ കറുപ്പകറ്റിയും
പുനർജ്ജനിയതു നീ തരുമോ,
കനിവായ് മുന്നിൽ വരുമോ??
* * *


Meeraben PM

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo