നിഴലായ് മാത്രം.- Part 1


***നോവല്‍ ആരംഭിക്കുന്നു.***
"ഓം ഭൂര്‍ഭുവ: സ്വ:
തത്‌ സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്‌."
ഗായത്രീ മന്ത്രത്തിനൊപ്പം വലിയേടത്ത്‌ ഭട്ടതിരിയുടെ ചുണ്ടുകള്‍ വിറയാര്‍ന്നു.
മന്ത്രോച്ചാരണത്തിനൊപ്പം ചുവന്ന തറ്റുടുത്ത്‌ ധ്യാനമഗ്നനായി ഇരിക്കുന്ന ഭട്ടതിരിയുടെ നെഞ്ചില്‍ ഉരുണ്ടമണികളുള്ള വലിയ രുദ്രാക്ഷമാലകള്‍ ചലിച്ചു.
പൂജാ മുറിയില്‍ താന്ത്രിക പൂജയ്‌ക്കാവശ്യമായ വസ്‌തുക്കള്‍ നിരത്തി വെച്ചിരുന്നു.
അര്‍ധരാത്രിയോട്‌ അടുപ്പിച്ചുള്ള മുഹൂര്‍ത്തത്തിലാണ്‌ പ്രേതബാധയേല്‍ക്കാതിരിക്കാനുള്ള പ്രത്യേക ചടങ്ങുകള്‍ ആരംഭിക്കേണ്ടത്‌
വിഘ്‌നമകറ്റാനും അശുഭ ശക്തികള്‍ അകലാനും ഒന്നിന്‍ നിന്നും ഒന്നായി ചൊല്ലി തീര്‍ക്കേണ്ടത്‌ നൂറു കണക്കിന്‌ മന്ത്രങ്ങളാണ്‌.
ചടങ്ങു തുടങ്ങാനാകുമ്പോഴേക്കും കിഴക്കേടത്തില്ലത്തു നിന്നും പുതിയ തലമുറയില്‍പെട്ട സഹകര്‍മ്മി വേദവ്യാസ്‌ എത്തിച്ചേരും. അങ്ങനെയേ വരാന്‍ പാടുള്ളു.
മുഹൂര്‍ത്തമൊപ്പിച്ച്‌..
കിഴക്കേടത്തില്ലത്തെ മഹാമാന്ത്രികനായിരുന്ന കുഞ്ഞിക്കുട്ടന്‍ ഭട്ടതിരിയുടെ ചെറുമകന്‍ വേദവ്യാസിന്‌ അറിയാതിരിക്കില്ല സമയം.
" ഈശ്വരാ.. എല്ലാം നന്നായി വരണേ"
വലിയേടത്ത്‌ ഭട്ടതിരി കൈകള്‍കൂപ്പി യാചിച്ചു.
മനസില്‍ ദുര്‍ഗയുടെ ചൈതന്യമുള്ള മുഖം തെളിഞ്ഞു.
ദുര്‍ഗ ഭാഗീരഥി.
വലിയേടത്തില്ലത്തെ തങ്കം.
തങ്കം പോലെ തിളക്കമുള്ള രൂപ സ്വഭാവമുള്ളവള്‍.
വലിയേടത്ത്‌ ഭട്ടതിരി എന്ന പത്മനാഭന്‍ ഭട്ടതിരിയുടെ പെങ്ങള്‍ ഭാഗീരഥിയുടെ മകള്‍.
അവളുടെ ജനനത്തിന്‌ മുന്‍പു തന്നെ അച്ഛന്‍ ഭട്ടതിരി ഒന്നു രണ്ടുകാര്യങ്ങള്‍ കുറിച്ചിരുന്നു.
പെണ്‍കുട്ടി.
കാര്‍ത്തിക നക്ഷത്രത്തിലായിരിക്കും ജനനം.
അതും കാര്‍ത്തികയുടെ അത്യപൂര്‍വമായ നിഗൂഢപാദത്തില്‍
അവള്‍ ജനിക്കുന്നതോടെ മാതാവിനെ നഷ്ടപ്പെടും.
ഇരുപത്‌ വയസാകുന്നതോടെ അവളുടെ ജീവന്‌ തന്നെ ആപത്തായി അവളൊരു പ്രേതാത്മാവുമായി ബന്ധിക്കപ്പെടും.
അതില്‍ ആദ്യത്തേത്‌ സംഭവിച്ചു.
ദുര്‍ഗയെ പ്രസവിച്ചതോടെ ഭാഗീരഥി മരിച്ചു.
ഇന്ന്‌ അവള്‍ക്ക്‌ ഇരുപത്‌ വയസ്‌ തുടങ്ങുകയാണ്‌.
അവളിലേക്ക്‌ ഏതോ ഒരാത്മാവ് എത്തിപ്പെടുമെന്ന്‌ കുറിച്ച പ്രായം.
അച്ഛന്‍ ഭട്ടതിരി എഴുതിയ അവളുടെ ജാതകത്തില്‍ പ്രത്യേകം എഴുതിയിരുന്നു.
നേര്‍വിരുദ്ധാഗമനയോഗം.
ലക്ഷത്തിലോ കോടിയിലോ ഒരാള്‍ക്ക്‌ .. കാര്‍ത്തിക നക്ഷത്രത്തിന്റെ മാനുഷവും ആസുരവുമായ മുഹൂര്‍ത്തതിന്റെ നിഗൂഢസന്ധിയില്‍ മാത്രം ജനിച്ച ഒരാള്‍ക്ക്‌ സംഭവിക്കാവുന്ന യോഗം.
മരിച്ചു പോയ ഏതെങ്കിലും ഒരാളുടെ ആത്മാവിന്റെ സ്വാധീനത്തില്‍ അകപ്പെടുക.
ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുക.
മേഘപടലങ്ങള്‍ക്കിടയില്‍ അമ്പിളിക്കല പോലെ മനോഹരമായ ദുര്‍ഗയുടെ പുഞ്ചിരി അയാളുടെ മനസില്‍ തെളിഞ്ഞു.
തുളസിയിലയും തെച്ചിപ്പൂവും ചന്ദനവും വാഴയിലക്കീറില്‍ നിരത്തി അതിന്‍മേല്‍ ഗംഗാജലം തളിച്ച്‌
നൂറ്റി പതിനേഴാമത്തെ മന്ത്രവും ജപിച്ചു തീര്‍ന്നപ്പോഴേക്കും പടിപ്പുരയില്‍ നിന്നും ഓട്ടുമണിയുടെ മുഴക്കം പൂജാമുറിയിലേക്കെത്തി.
വലിയേടത്ത്‌ ഭട്ടതിരിയുടെ മുഖം തെളിഞ്ഞു.
നിര്‍ത്താതെ മുഴങ്ങുന്ന മണിയടികള്‍.
അതൊരാളുടെ വരവ്‌ മാത്രമാണ്‌ അറിയിക്കുന്നത്.
ദുര്‍ഗയുടെ വരവ്‌.
കെടാവിളക്കില്‍ തൊട്ടു നമസ്‌കരിച്ച്‌ വലിയേടത്ത്‌ ഭട്ടതിരി പെട്ടന്ന്‌ പുറത്തേക്ക്‌ വന്നു.
പന്ത്രണ്ടരയാകുന്നതേയുള്ളു.
വൈകിട്ട്‌ എത്തുമെന്ന്‌ അറിയിച്ചിട്ട്‌ പതിവ്‌ പോലെ നേരത്തെ തന്നെ വന്നിരിക്കുകയാണ്‌ കുട്ടി.
ഓട്ടുമണിയുടെ മുഴക്കം കേട്ട്‌ ആളെ തിരിച്ചറിഞ്ഞതു കൊണ്ടാവാം രുദ്ര ദാവണി ഒതുക്കിപ്പിടിച്ച് പടിപ്പുരയ്‌ക്ക്‌ നേരെ ഓടുന്നത്‌ കണ്ടു.
`പതുക്കെ ചെല്ല്‌ .. അവളിങ്ങോട്ടു തന്നെയല്ലേ വരണേ`
ആ ഓട്ടം കണ്ട്‌ പത്മനാഭന്‍ ഭട്ടതിരി ചിരിച്ചു.
` അതല്ല വലിയമ്മാമ്മേ തങ്കത്തിന്റെ കൈയ്യില്‍ ബാഗോ പെട്ടിയോ എന്തെങ്കിലും ഉണ്ടാകും എടുക്കാന്‍`
അനിയത്തിയെ കാണാന്‍ താന്‍ കയറു പൊട്ടിച്ചോടുന്നത്‌ വലിയമ്മാമ്മ കണ്ട നാണക്കേടോടെ രുദ്ര വിളിച്ചു പറഞ്ഞു.
ശബ്ദം കേട്ട്‌ ദേവദത്തന്‍ കൈയ്യില്‍ മൊബൈലുമായി മുറിയ്‌ക്ക്‌ പുറത്തേക്ക്‌ വന്നു.
വരാന്തയില്‍ ആകാംക്ഷയോടെ നില്‍ക്കുന്ന വലിയമ്മാമ്മയെ കണ്ട്‌ അയാള്‍ക്ക്‌ ചിരിവന്നു.
" തങ്കം തന്നെയല്ലേ വരണത്‌.. ഇന്ത്യന്‍ പ്രസിഡന്റ്‌ ഒന്നുമല്ലല്ലോ വലിയമ്മാമ്മേ"
അവന്‍ കളിയാക്കി.
`അതല്ല കുട്ടാ.. രണ്ടുമാസം കഴിഞ്ഞില്ലേ അവള്‍ വന്നിട്ട്‌..പരീക്ഷയായതോണ്ട്‌ ഇക്കുറി വൈകിയില്ലേ`
അതു പരമാർഥമായിരുന്നു.
ദുര്‍ഗയ്‌ക്ക ഇരുപത്‌ വയസ്‌ തുടങ്ങുന്ന ദിവസമാണ്‌ ഇന്ന്.
അവളുടെ പിറന്നാള്‍ ഒരിക്കലും ആഘോഷിക്കപ്പെടാറില്ല.
അവളുടെ അമ്മ ഭാഗീരഥി മരിച്ചതും അതേ ദിവസമായിരുന്നല്ലോ.
പക്ഷെ എവിടെ ആയിരുന്നാലും ആ ദിവസം അവള്‍ വലിയേടത്ത്‌ എത്തും.
എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥിനിയാണ്‌ ദുര്‍ഗ.
തൃശൂരിലാണ്‌ പഠനം.
താമസവും അവിടെ ഹോസ്‌റ്റലില്‍ തന്നെ.
വലിയമ്മാമ്മയുടെ ആകംക്ഷയുടെ പൊരുള്‍ മനസിലായതോടെ ദേവദത്തനും അവളെ കാണാന്‍ കൊതി തോന്നി.
അതോടെ അയാളും മുറ്റത്തേക്കിറങ്ങി.
പടിപ്പുരയ്‌ക്ക്‌ നിര്‍ത്തിയിട്ട ഇന്നോവയില്‍ നിന്നും ഇറങ്ങുകയായിരുന്നു അപ്പോള്‍ ദുര്‍ഗ.
ഇളംമഞ്ഞ നിറമുള്ള സ്ലീവ്‌ലെസ്‌ ടോപ്പും വെളുത്ത ടൈറ്റ്‌ ജീന്‍സുമായിരുന്നു വേഷം.
തിളക്കമുള്ള നീളന്‍ കോലന്‍മുടി വാരിവലിച്ച്‌ മാറിലേക്കിട്ടിരിക്കുന്നു.
ആകൃതിയൊത്ത ഭംഗിയുള്ള മുഖത്ത് വല്ലാത്ത ക്ഷീണിത ഭാവം.
കാറു കണ്ട്‌ വിരണ്ട മട്ടില്‍ രുദ്ര പടിപ്പുരയ്‌ക്കിപ്പുറം മറഞ്ഞു നില്‍ക്കുകയായിരുന്നു.
പടിപ്പുര ഇറങ്ങി വരുന്ന ദേവദത്തനെ കണ്ട്‌ ദുര്‍ഗ ഒറ്റകവിളിലെ നുണക്കുഴി വിടര്‍ത്തി ചിരി തൂകി.
" ഏട്ടനൊന്ന്‌ സഹായിച്ചേ.. ദേ.. ബാഗ്‌ ഇതില്‍ നിന്നും വലിച്ചെടുക്കാന്‍ പറ്റണില്ല"
അവള്‍ കൊഞ്ചി.
ദേവദത്തന്‍ ഫ്രണ്ട്‌ സീറ്റിനടുത്തേക്ക്‌ ചെന്നപ്പോള്‍ ഡ്രൈവിംഗ്‌ സീറ്റിലിരുന്ന സുമുഖനായ യുവാവ്‌ അയാളെ നോക്കി മന്ദഹസിച്ചു.
" മഹീ..ഇതാണെന്റെ ദത്തേട്ടന്‍.. ഞാന്‍ പറഞ്ഞിട്ടില്ലേ.. ദാ.. ആ വാതിലിന്‌ മറഞ്ഞു നില്‍ക്കുന്ന പെണ്ണ്‌ എന്റെ ചേച്ചി രുദ്ര.. അകത്ത്‌ വരാന്തയില്‍ നോക്കി നില്‍ക്കുന്നുണ്ടാകും വലിയമ്മാമ്മ"
ദുര്‍ഗ സന്തോഷത്തോടെ ദേവദത്തനെ ചേര്‍ത്തു പിടിച്ചു.
" ഏട്ടന്‌ ഇതാരാണെന്ന്‌ അറിയ്യോ... മഹി.. മഹേഷ്‌ ബാലന്‍.. എന്റെ സുഹൃത്താണ്‌.. തത്‌ക്കാലം ഇങ്ങനെയേ പരിചയപ്പെടുത്തുന്നുള്ളു. തൃശൂരില്‍ നിന്ന്‌ പുറപ്പെടുമ്പോള്‍ ഞങ്ങള്‍ ടീംസ്‌ എല്ലാവരുമുണ്ടായിരുന്നു. അവരുടെയൊക്കെ സ്ഥലമെത്തിയപ്പോള്‍ ജാസ്‌മിനും നേഹയും സ്വാതിയുമിറങ്ങി. ഇവിടെത്തിയപ്പോള്‍ ഞാന്‍ മാത്രമായി"
" നന്ദി.. മഹേഷ്‌" ദേവദത്തന്‍ മറുവശത്ത്‌ ചെന്ന്‌ മഹേഷിന്‌ ഷേക്കഹാന്‍ഡ്‌ നല്‍കികൊണ്ട്‌ പറഞ്ഞു.
"ഏയ്‌ അതൊന്നും വേണ്ട ദത്തേട്ടാ" ചിര പരിചിതനെ പോലെ മഹേഷ്‌ ചിരിച്ചു.
" ഇറങ്ങുന്നില്ലേ.. ഉച്ചഭക്ഷണം ഇവിടുന്നാകാം" ദേവദത്തന്‍ ക്ഷണിച്ചു.
" ഏയ്‌ അതു വേണ്ട.. എനിക്കല്‍പ്പം തിരക്കുണ്ട്‌.. ഞങ്ങള്‍ ഫ്രണ്ട്‌സൊക്കെയായി ഒരു ദിവസം വരാം"
മഹേഷ്‌ പറഞ്ഞു.
" നിര്‍ബന്ധിക്കണ്ട ഏട്ടാ.. അതുമതി" ദുര്‍ഗ പറഞ്ഞു.
ദേവദത്തന്‍ അനുസരിച്ചു.
" ഓ.കെ. ബൈ.. " മഹേഷ്‌ കൈ ഉയര്‍ത്തിക്കാട്ടി.
ദുര്‍ഗയും.
അവര്‌ നോക്കി നില്‍ക്കേ കാര്‍ തിരിച്ച്‌ മഹേഷ്‌ പോയി.
" എങ്ങനുണ്ട്‌ ആള്‍ ഏട്ടനിഷ്ടപ്പെട്ടോ" ദുര്‍ഗ ദേവദത്തന്റെ കൈപിടിച്ചു കൊണ്ട്‌ തിരക്കി.
" ഞാനെന്തിനാ തങ്കം അവനെ ഇഷ്ടപ്പെടുന്നത്‌" ദേവദത്തന്‍ ചോദിച്ചു.
" വേണ്ട.. ഇഷ്ടപ്പെടണ്ട വെറുതേ ചോദിച്ചെന്നേയുള്ളൂ.. എന്റെ ഫ്രണ്ട്‌ ജാസ്‌മിന്റെ ഏട്ടനാണ്‌.. ഒരു ചെറിയ ഡോക്ടറാണ്‌"
" ഡോക്ടര്‍.. കൊള്ളാമല്ലോ"
ദേവദത്തന്‍ അംഗീകരിച്ചു.
" ആ.. കൊള്ളാം.. അതല്ലേ പറഞ്ഞേ"
ദുര്‍ഗ ഉത്സാഹത്തോടെ മുന്നോട്ട്‌ ചെന്ന് രുദ്രയുടെ ചുമലില്‍ ഒരു അടിയടിച്ചു.
" നിനക്കിപ്പോഴും ഈ കണ്‍ട്രി സ്വഭാവം തന്നെ അല്ലേടീ രുദ്രേച്ചീ..ഒരാളെ കണ്ടാല്‍ മറഞ്ഞു നിന്നു കളയും.. എന്നാ നീയിനി നന്നാവാന്‍ പോകുന്നത്‌"
" ഓ.. എനിക്കിത്ര പരിഷ്‌കാരം മതി... വല്ലവരുടേയും കാറില്‍ വരാന്‍ മാത്രം പരിഷ്‌കാരം ആയിട്ടില്യാ" രുദ്ര പറഞ്ഞു.
ദുര്‍ഗയേക്കാള്‍ നാല്‌ വയസ്‌ മൂപ്പുണ്ട്‌ രുദ്രയ്‌ക്ക്‌. ഇരുപത്തിനാല്‌ വയസ്‌. ദേവദത്തന്‌ ഇരുപത്തിയേഴ്‌.
പ്രായവ്യത്യാസമുള്ളതു കൊണ്ടു തന്നെ ദുര്‍ഗയുടെ കുസൃതികള്‍ അവര്‍ ഏറെ ആസ്വദിച്ചിരുന്നു.
താന്‍ വിചാരിച്ചത്‌ പോലെ തന്നെ വലിയമ്മാമ്മ വരാന്തയില്‍ തന്നെ നോക്കി നില്‍ക്കുന്നത്‌ ദുര്‍ഗ കണ്ടു.
അവള്‍ അടുത്തു ചെന്ന്‌ കുനിഞ്ഞ്‌ വലിയമ്മാമ്മയുടെ പാദങ്ങള്‍ തൊട്ടു നമസ്‌കരിച്ചു.
" ഭക്ഷണം കഴിച്ചിട്ട്‌ ഒന്നു വിശ്രമിക്യാ.. തൃസന്ധ്യയായാല്‍ പൂജ തുടങ്ങണം.. അര്‍ധരാത്രി വരെയുണ്ട്‌ ചടങ്ങ്‌."
അയാള്‍ വാത്സല്യത്തോടെ അവളുടെ ശിരസില്‍ അനുഗ്രഹമര്‍പ്പിച്ചു കൊണ്ട്‌ പറഞ്ഞു.
" ശരി വലിയമ്മാമ്മേ"
" നല്ല ഈശ്വര ചിന്ത വേണ്ട സമയമാണ്‌.. അത്‌ മറക്കണ്ട" പത്മനാഭന്‍ ഭട്ടതിരി ഓര്‍മ്മിപ്പിച്ചു.
" ഉവ്വ്‌"
അവള്‍ രുദ്രയുടെ ഒപ്പം അകത്തേക്ക്‌ നടന്നു.
" വല്ലാത്ത ഭ്രാന്തു തന്നെ.. എന്താ ഇവിടെ നടക്കാന്‍ പോകുന്നത്‌"
വലിയമ്മാമ്മ കേള്‍ക്കാത്ത ദൂരമായപ്പോള്‍ ദുര്‍ഗ തിരക്കി.
" നിനക്കറിയില്ലേ... കാര്‍ത്തിക നക്ഷത്രത്തിന്റെ നിഗൂഢ പാദത്തില്‍ ജനിച്ച കുട്ടിയാണ്‌ നീ.. കോടികളില്‍ ഒരാള്‍ക്കു മാത്രമുള്ള ജാതകം. ഇരുപത്‌ വയസിന്‌ ശേഷം ഒരു പ്രേതാത്മാവുമായി അടുക്കുമെന്നാണ്‌ വിധി"
" അതിന്‌"
" അതിനെന്താ.. ഇന്നു നിനക്ക്‌ ഇരുപതു വയസാകുന്നു... എന്തോ ഒരു പൂജ ചെയ്‌താല്‍ പ്രേതാത്മാവില്‍ നിന്നും രക്ഷപെടുത്താനാകുമെന്നാണ്‌ വലിയമ്മാമ്മ പറയുന്നത്‌"
" ഹോ... സമ്മതിച്ചു.. ഇതൊക്കെ കേട്ട്‌ ചിരി വരാതിരുന്നാല്‍ മതി.. ചിരിച്ചാല്‍ വലിയമ്മാമ്മ കൊല്ലും.."
ദുര്‍ഗ പരിഹസിച്ചു.
" ഇങ്ങനെയൊക്കെ തുടങ്ങിയാല്‍ ലീവിന്‌ പോലും ഞാന്‍ വരില്ല" അവള്‍ പിണങ്ങി.
" തത്‌ക്കാലം വലിയമ്മാമ്മയെ അനുസരിക്കാന്‍ നോക്ക്‌... അത്‌ കൊണ്ട്‌ ഗുണമല്ലാതെ ദോഷം ഒന്നും ഉണ്ടാവില്ല"
രുദ്ര ശാസിച്ചു.
ദുര്‍ഗ നിശബ്ദയായി.
ശരിയാണ്‌. എതിര്‍ക്കാനാവില്ല. അനുസരിക്കുകയാണ്‌ നിവൃത്തി.
മനസു കൊണ്ട്‌ അവള്‍ കീഴടങ്ങി.
മണിക്കൂറുകള്‍ പെട്ടന്ന്‌ പൊഴിഞ്ഞു.
തൃസന്ധ്യയോടെ വീണ്ടും വലിയേടത്ത്‌ പത്മനാഭന്‍ ഭട്ടതിരി പൂജാമുറിയിലേക്ക്‌ കയറി.
നേര്‍ത്ത മന്ത്രോച്ഛാരണങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിത്തുടങ്ങി.
ഘടികാരത്തില്‍ കൃത്യം പതിനൊന്നടിച്ചപ്പോള്‍ തന്നെ പടിപ്പുരയില്‍ നിന്നും ഒാട്ടുമണിയുടെ മുഴക്കം കേട്ടു.
സമയം തെറ്റിയില്ല
കിഴക്കേടത്തില്ലത്തു നിന്നും വേദവ്യാസ്‌ എത്തിയിരിക്കുന്നു.
കാല്‍കഴുകിച്ച്‌ അകത്തേക്കാനയിക്കാന്‍ ദേവദത്തനെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു.
അയാൾ ഒന്ന് നിശ്വസിച്ചു.
മനസ് അസ്വസ്ഥമായിരുന്നു
തനിക്ക് പ്രിയപ്പെട്ടവരായ മൂന്നു കുട്ടികൾ
മരിച്ചു പോയ സഹോദരിയുടെ..ഭാഗീരഥിയുടെ മക്കള്‍
ദേവദത്തന്‍
രുദ്ര
ദുര്‍ഗ
വലിയേടത്ത്‌ മന നിലനിര്‍ത്തിക്കൊണ്ടു പോകേണ്ട കുട്ടികള്‍.
വലിയേടത്ത്‌ ഭട്ടതിരി ഒന്നു നിശ്വസിച്ചു.
അപ്പോഴേക്കും ദേവദത്തന്‍ ഓട്ടുകിണ്ടി നിറയെ വെള്ളവുമായി പടിപ്പുരയിലേക്കെത്തിയിരുന്നു.
തോളില്‍ തൂങ്ങുന്ന ഭാണ്ഡവുമായി ഒരു യുവാവ്‌ അയാളെയും കാത്ത്‌ പുറത്ത്‌ നില്‍പ്പുണ്ടായിരുന്നു.
വെളുത്ത പൈജാമയും നരച്ച നീല ജീന്‍സും വേഷം.
നല്ല ഉയരം
ആരെയും ആകര്‍ഷിക്കുന്നത്രയും സുമുഖന്‍.
" വേദവ്യാസ്‌ .. അല്ലേ'
ദേവദത്തന്‍ ചിരിച്ചു.
" അതെ.."
" കയറി വര്യാ.." അയാളുടെ കാലടികളിലേക്ക്‌ വെള്ളമൊഴിച്ചു കൊടുത്തു കൊണ്ട ദേവദത്തന്‍ പറഞ്ഞു.
അയാള്‍ കാലുകള്‍ അമര്‍ത്തിയുരച്ചു കഴുകി.
പിന്നീട്‌ പടിപ്പുര കടന്ന്‌ അകത്തേക്ക്‌ ദേവദത്തനെ അനുഗമിച്ചു.
" ദേവന്‍ അങ്ങനെയല്ലേ പേര്‌" വേദവ്യാസ്‌ തിരക്കി.
" അതെ.. ദേവദത്തന്‍.. "
' മന്ത്രത്തിലൊന്നും താത്‌പര്യമില്ലെന്ന്‌ അറിഞ്ഞു"
വേദവ്യാസ്‌ തിരക്കി.
" താത്‌പര്യമില്ലാഞ്ഞിട്ടല്ല. എല്ലാം പഠിച്ചിട്ടുണ്ട്‌.. ദുര്‍മന്ത്രവാദം വരെ.. പക്ഷെ.. അതില്‍ തന്നെ കഴിഞ്ഞു കൂടാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാനിവിടെ എസ്‌.ബി കോളജില്‍ അസി. പ്രൊഫസറാണ്‌"
ദേവദത്തന്‍ പരിചയപ്പെടുത്തി.
" അറിയാം.. വലിയേടത്ത്‌ പറഞ്ഞിരുന്നു. താന്ത്രിക വിദ്യകള്‍ കൈവിടാന്‍ കിഴക്കേടത്തില്ലത്ത്‌ കുഞ്ഞുകുട്ടന്‍ ഭട്ടതിരിയുടെ ചെറുമകന്‌ സാധിക്കുന്നില്ലന്നേയുള്ളു അല്ലേ... എനിക്കും അതാണ്‌ മാനസികാവസ്ഥ. ഞാനും അക്കാദമിക്‌ വിദ്യാഭ്യാസം നേടി. ബാംഗ്ലൂരില്‍ സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയറായിരുന്നു. ഇപ്പോള്‍ ഇവിടെ തന്നെയുണ്ട്‌. കമ്പനി എന്നെ അശ്വതി സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലേക്ക്‌ അയച്ചിരിക്കുകയാണ്‌. ഒരു വര്‍ഷത്തോളം ഇവിടെ തുടരാനാണ്‌ സാധ്യത."
ദേവദത്തന്‌ അത്‌ പുതിയ അറിവായിരുന്നു.
അതോടെ പുതിയ തലമുറകളിലും താന്ത്രിക വിദ്യയും മന്ത്രവാദവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍ എന്ന തോന്നല്‍ മാറി.
ബഹുമാനം ഇരട്ടിച്ചു.
വേദവ്യാസിനെ സ്വീകരിച്ചാനയിച്ച്‌ ഇരുത്തിയതിന്‌ ശേഷം അവന്‍ അകത്തളത്തിലേക്ക്‌ നടന്നു.
അടുക്കളയില്‍ അരകല്ലിന്‍മേല്‍ വലിയമ്മാമ്മ പറഞ്ഞതനുസരിച്ച്‌ മഞ്ഞളും ചന്ദനവും തേര്‍ത്തരയ്‌ക്കുകയായിരുന്നു രുദ്ര.
" ഒരു മണ്‍ഗ്ലാസില്‍ സംഭാരം എടുത്തോളു രുദ്രക്കുട്ടീ"
അവന്‍ അടുത്ത്‌ ചെന്ന്‌ അറിയിച്ചു.
" കിഴക്കേടത്ത്‌ നിന്ന് വേദവ്യാസ്‌ എത്തിയിട്ടുണ്ട്‌.."
രുദ്ര നീണ്ടു മനോഹരമായ തന്റെ കൈകളിലേക്ക്‌ നോക്കി.
നിറയെ മഞ്ഞളും ചന്ദനവും പറ്റിപ്പിടിച്ചിരുന്നു.
" ഇനിയിപ്പോ കൈ കഴുകണ്ടേ" അവള്‍ ചോദിച്ചു.
" തങ്കം എവിടെ" ദേവദത്തന്‍ തിരക്കി.
" ദേഹം മുഴുവന്‍ മഞ്ഞള്‍ തേച്ച്‌ കുളപടവില്‍ ഇരുത്തിയിട്ടുണ്ട്‌.. വലിയമ്മാമ്മ അറിയിച്ചതിന്‌ ശേഷം കുളിച്ചാല്‍ മതിയെന്നാണ്‌ പറഞ്ഞത്‌"
രുദ്ര പറഞ്ഞു.
" എന്നാല്‍ സംഭാരം ഞാനെടുത്തോളാം."
ദേവദത്തന്‍ തന്നെ മണ്‍കൂജയില്‍ നിന്നും സംഭാരം പകര്‍ന്നെടുത്തു.
" തങ്കം വാശിയിലാണ്‌. അവള്‍ക്കിതൊന്നും വിശ്വാസമില്ലെന്ന മട്ടിലാണ്‌ ഇരിപ്പ്‌.. കൂട്ടുകാരികള്‍ അറിഞ്ഞാല്‍ കളിയാക്കി കൊല്ലുമെന്ന്‌ ഇടയ്‌ക്കിടെ പറയണു."
രുദ്ര ഏട്ടന്റെ മുഖത്തേക്ക്‌ തോന്നി.
" വിശ്വസിക്കാതെ പിന്നെ.." ദേവദത്തന്‌ അല്‍പ്പം ദേഷ്യം വന്നു.
" നമ്മുടെ മണ്‍മറഞ്ഞു പോയ മുത്തച്ഛന്‌ തെറ്റുമെന്നു രുദ്രക്കുട്ടിയ്‌ക്ക്‌ തോന്നുന്നുണ്ടോ.. അതോ വല്യമ്മാമ്മയ്‌ക്ക്‌ തെറ്റുമെന്നോ.. അങ്ങനെ തോന്നുന്നുണ്ടോ ആവോ തങ്കത്തിന്‌"
രുദ്ര മിണ്ടാതെ നിന്നു.
" എന്നാല്‍ നീയെങ്കിലും വിശ്വസിച്ചോളു രുദ്രക്കുട്ടീ... ഈ കാട്ടിക്കൂട്ടണതൊന്നും ഭ്രാന്തല്ല.. നിനക്കറിയ്യോ മുത്തച്ഛനും വല്യമ്മാമ്മയുമാണ്‌ എന്റെ ഗുരു.. അതുകൊണ്ടു തന്നെ മന്ത്രത്തിലോ തന്ത്രത്തിലോ ജ്യോത്സ്യത്തിലോ എനിക്ക്‌ പിഴക്കില്ല... ഞാന്‍ കണ്ടതാണ്‌ ദുര്‍ഗ ഭാഗീരഥി എന്ന നമ്മുടെ തങ്കത്തിന്റെ ജാതകം. വലിയമ്മാമ്മ പറയുന്നത്‌ അക്ഷരം പ്രതി ശരിയാണ്‌.
നേര്‍വിരുദ്ധാഗമനയോഗം അത്‌ ജാതകത്തില്‍ കണക്കു കൂട്ടിയതില്‍ ആര്‍ക്കും പിഴച്ചിട്ടില്ല"
ദേവദത്തന്‍ തന്റെ അറിവ്‌ അനിയത്തിക്ക്‌ വിശദീകരിച്ചു നല്‍കി.
" എന്നാല്‍ പിന്നെ എന്തിന്‌ സഹകര്‍മ്മിയാകാന്‍ കിഴക്കേടത്തില്ലത്തു നിന്ന്‌ അയാളെ വിളിച്ചു വരുത്തി. ഏട്ടന്‌ ആകാമായിരുന്നില്ലേ" രുദ്ര തിരക്കി.
" ആകാമായിരുന്നു.. പക്ഷേ വിരുദ്ധാഗമനത്തിനെതിരേ ചെയ്യുന്ന ചില കര്‍മ്മകള്‍ ദേഹം വേദനിപ്പിക്കുന്നതാണ്‌. അതെല്ലാം സഹകര്‍മികത്വം വഹിക്കേണ്ടയാളാണ്‌ ചെയ്യേണ്ടതും. എന്റെ ദുര്‍ഗക്കുട്ടിയെ..എന്റെ തങ്കത്തിനെ നോവിക്കാന്‍ കഴിയില്ലെനിക്ക്‌"
ദേവദത്തന്റെ കണ്‌ഠമിടറി.
സംഭാരവുമായി അയാള്‍ പോയപ്പോള്‍ രുദ്രയുടെ നിറഞ്ഞ മിഴികളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ കവിളിലേക്കിറ്റു വീണു.
ഏട്ടനാണെങ്കിലും അമ്മയുടെയും അച്ഛന്റെയും സ്‌നേഹം തന്നാണ്‌ വളര്‍ത്തിയത്‌.
ദുര്‍ഗയ്‌ക്കാവട്ടെ ജനനത്തോടെ തന്നെ നഷ്ടപ്പെട്ട അമ്മയ്‌ക്ക്‌ പകരമായിരുന്നു ഏട്ടന്‍.
നിറഞ്ഞ കണ്ണുകള്‍ തുടയ്‌ക്കാതെ തന്നെ അവള്‍ മഞ്ഞളരച്ചു കൂട്ടി.
മന്ത്രവാദ ചടങ്ങിനെടുക്കേണ്ടതാണ്‌.
ഒഴിഞ്ഞ മണ്‍ഗ്ലാസുമായി ദേവദത്തന്‍ തിരിച്ചെത്തി.
" തങ്കത്തിനോട്‌ തയാറായിരിക്കാന്‍ പറഞ്ഞു വലിയമ്മാമ്മ. നന്നായി ദേഹശുദ്ധി വരുത്തണം. വടക്കേ മുറിയില്‍ ചുവന്ന വസ്‌ത്രമെടുത്ത്‌ വെച്ചിട്ടുണ്ട്‌.. കുളി കഴിഞ്ഞ്‌ അവളെ അതുടുപ്പിക്കണം." അവന്‍ പറഞ്ഞു.
രുദ്ര തലയാട്ടി.
ദേവദത്തന്‍ രുദ്ര അരച്ചുവെച്ച കൂട്ടുമെടുത്ത്‌ വലിയമ്മാമ്മയുടെ അടുത്തേക്ക്‌ പോയി.
ഉണങ്ങിയ തോര്‍ത്തുമുണ്ടുമെടുത്ത്‌ രുദ്ര കുളപ്പടവിലേക്ക്‌ ചെന്നു.
നിലാവ്‌ വെള്ളത്തിലും കുളപ്പടവിന്‍മേലും വീണ്‌ കിടന്നു മിന്നുന്നു.
നീലാക്കീറിനകത്ത് പടവിലിരിക്കുന്ന ദുര്‍ഗയെ തിളങ്ങുന്ന സ്വര്‍ണവിഗ്രഹം പോലെ തോന്നി രുദ്രയ്‌ക്ക്‌.
അവളുടുത്തിരിക്കുന്ന വെളുത്ത മുണ്ടിലാകെ മഞ്ഞള്‍ക്കറ പടര്‍ന്നിരുന്നു.
" കഴിഞ്ഞോ വേഷം കെട്ടിക്കല്‌" കാലൊച്ചയറിഞ്ഞ്‌ തിരിഞ്ഞു നോക്കിയ ദുര്‍ഗ രുദ്രയെ കണ്ട്‌ ദേഷ്യപ്പെട്ടു.
" ഇല്ല .. തുടങ്ങുന്നതല്ലേയുള്ളു തങ്കം."
രുദ്ര ചിരിച്ചു.
പിന്നെ അവളുടെ അരികെ ചെന്നിരുന്നു.
ദുര്‍ഗയുടെ പട്ടു പോലെ ലോലമായ മുടിയിഴകളുടെ കെട്ടഴിച്ചു.
ഓരോ ഇഴകളിലും വെന്ത വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ചു.
" എത്രനേരമായി തുടങ്ങിയിട്ട് ഓരോരോ അഭ്യാസങ്ങള്‍"
ദുര്‍ഗ പിറുപിറുത്തു.
" മന്ത്രവാദോം തന്ത്രവാദോം ഒക്കെ ഔട്ട്‌ ഓഫ്‌ ഫാഷനായി അതറിയുമോ ഇവിടെ ഉള്ളോര്‍ക്ക്‌"
" എനിക്കിതിനൊന്നും മറുപടി പറയാനാവില്ല തങ്കം.. നീ വലിയമ്മാമ്മയോട്‌ ചോദിച്ചാല്‍ മതി"
രുദ്ര സൂത്രത്തില്‍ ഒഴിഞ്ഞു
അതോടെ ദുര്‍ഗ നിശബ്ദയായി.
വലിയമ്മാമ്മയുടെ അടുത്ത്‌ ഇതൊന്നും വിലപ്പോകില്ല.
അനുസരണക്കേട്‌ കാട്ടിയാല്‍ പെരുമാറ്റം കഠിനമായിരിക്കും.
ഇഞ്ചയില്‍ ചെറുപയര്‍പൊടി മുക്കി രുദ്ര അവളുടെ ദേഹം ഉരച്ചു കൊടുത്തു.
" ഇനി മുങ്ങി നിവര്‍ന്നിട്ട്‌ വാ.. ചുവന്ന വസ്‌ത്രമുടുത്ത്‌ നിന്ന് പൂജാമുറിയില്‍ പ്രാര്‍ഥിക്കണം ആദ്യം.. എന്നിട്ടാണ്‌ ചടങ്ങ്‌ തുടങ്ങുക. "
" ഓരോരോ ചടങ്ങുകള്‍" ദേഷ്യപ്പെട്ടെങ്കിലും ദുര്‍ഗ രുദ്ര പറഞ്ഞത്‌ അനുസരിച്ചു.
മുങ്ങി നിവര്‍ന്ന് ഈറന്‍ മാറി.
ചുവന്ന വസ്‌ത്രമുടുത്ത് പൂജാമുറിയിലെത്തി.
ധ്യാനത്തിലിരുന്ന വലിയേടത്ത ഭട്ടതിരി കണ്ണു തുറന്നു.
മുന്നില്‍ തീജ്വാല പോലെ ജ്വലിച്ചു നില്‍ക്കുന്ന ദുര്‍ഗയെ കണ്ടു.
" ഇവിടിരിക്ക്"
അയാള്‍ അനന്തിരവളെ തനിക്കഭിമുഖമായി പിടിച്ചിരുത്തി.
" ഞാന്‍ ചൊല്ലുന്നതേറ്റു ചൊല്ലണം"
അയാള്‍ നിര്‍ദ്ദേശിച്ചു.
ദുര്‍ഗ അനുസരിച്ചു.
നൂറ്റിപതിനാറ്‌ മന്ത്രങ്ങള്‍ ദുര്‍ഗ ഏറ്റു ചൊല്ലി.
രാത്രി പാതിയായി.
ആകാശത്ത്‌ ചന്ദ്രന്‍ തെളിഞ്ഞു നിന്നു.
വേദവ്യാസ്‌ അപ്പോഴേക്കും എ്‌ട്ടുകെട്ടിന്റെ നടുമുറ്റത്തിന്‌ ഒത്ത നടുക്ക് മന്ത്രവാദക്കളം തീര്‍ത്തിരുന്നു.
അതിനു മുന്നില്‍ വലിയേടത്ത ഭട്ടതിരി ഇരുന്നു.
ഹോമകുണ്ഡത്തില്‍ കനല്‍ ജ്വലിച്ചു.
" തങ്കത്തിനെ കൊണ്ടു വരൂ" അയാള്‍ ദേവദത്തനോട്‌ പറഞ്ഞു.
പൂജാമുറിയില്‍ തന്നെ കൈകൂപ്പി നില്‍ക്കുകയായിരുന്നു ദുര്‍ഗ
അവളുടെ പ്രാര്‍ത്ഥന തീരുന്നത്‌ വരെ ദേവദത്തന്‍ നിന്നു.
" എന്തൊക്കെയാ നടക്കുന്നത്‌ ഏട്ടാ"
കണ്ണു തുറന്നതും അരികില്‍ നിന്ന ദേവദത്തനോട്‌ ഒരു ആവലാതി പോലെ അവള്‍ ചോദിച്ചു
ദേവദത്തന്റെ കണ്ണു നിറഞ്ഞു.
" കുട്ടിയ്‌ക്കത്‌ മനസിലാവില്ലാ.. വലിയമ്മാമ്മ ഇത്‌ ചെയ്യണുണ്ടെങ്കില്‍.. ഏട്ടന്‍ അതിന്‌ കൂട്ടു നില്‍ക്കുന്നുണ്ടെങ്കില്‍ നല്ലതിനാണെന്ന്‌ മാത്രം കരുതിക്കൂടേ തങ്കത്തിന്‌"
ദേവദത്തന്‍ അവളുടെ കണ്ണുകള്‍ തുടച്ചു.
" വരൂ"
അയാള്‍ ക്ഷണിച്ചു.
ഏട്ടന്‌ പുറകെ തൊഴുകൈയ്യുമായി ദുര്‍ഗ ചെന്നു.
" ഇരിക്ക്‌"
ദുര്‍ഗ ഹോമ കുണ്ഡത്തിനരികെ ഇരുന്നു.
വലിയേടത്ത്‌ ഭട്ടതിരി പറഞ്ഞു
രുദ്രയും ദേവദത്തനും ഉരുളന്‍ തൂണുകള്‍ക്ക്‌ അരികില്‍ നോക്കി നിന്നു.
ഇനി ചെയ്യേണ്ടതെല്ലാം വേദവ്യാസാണ്‌. അയാള്‍ വസ്‌ത്രം മാറി സഹകാര്‍മികന്റെ രൂപഭാവാദികളോടെ എത്തി.
നിര്‍ദ്ദേശിക്കുക മാത്രമേ എനിക്ക് ആകാവൂ. മന്ത്ര കര്‍മ്മങ്ങള്‍ ചെയ്യേണ്ടതെല്ലാം വേദവ്യാസാണ്‌." വലിയേടത്ത്‌ പത്മനാഭന്‍ ഭട്ടതിരി ഓര്‍മ്മിപ്പിച്ചു.
വേദവ്യാസ്‌ " അറിയാം" എന്ന അര്‍ഥത്തില്‍ ചിരിച്ചു.
തുളസി ഒരില നെറുകില്‍ വെക്കുക"
ഭട്ടതിരി പറഞ്ഞു.
തീര്‍ഥജലത്തില്‍ കഴുകിയ ഒരില വേദവ്യാസ്‌ അവളുടെ നെറുകില്‍ പതിപ്പിച്ചു വെച്ചു.
" വിരുദ്ധാഗമന വിരുദ്ധാര്‍ഥേ്‌.. തള്ളവിരല്‍ കൊണ്ട്‌ മൂര്‍ദ്ധാവില്‍ അമര്‍ത്തി പ്രേതാത്മാവെന്ന് കല്‍പിച്ച്‌ പിന്നോട്ട്"
വലിയേടത്ത്‌ ഭട്ടതിരി മന്ത്രിച്ചു.
വേദവ്യാസ്‌ ദുര്‍ഗയ്‌ക്ക്‌ മുന്നില്‍ നിന്നു
പിന്നെ വലതുകാല്‍ ഉയര്‍ത്തി തള്ളവിരല്‍ ദുര്‍ഗയുടെ തിരുനെറ്റിയില്‍ അമര്‍ത്തി.
അയാളുടെ സര്‍വ ബലവും തള്ളവിരലിലേക്ക്‌ ആവാഹിക്കപ്പെട്ടു.
നെറ്റി പൊട്ടിപ്പിളര്‍ന്നൊരു വേദന ഉടലിലെങ്ങും വ്യാപിച്ചു.
ദുര്‍ഗയ്‌ക്ക്‌ തലകറങ്ങി.
ഓരോ ഞരമ്പും പൊട്ടിത്തകരുന്നത്‌ പോലെ.
ശരീരത്തില്‍ നിന്നും പ്രാണന്‍ പറിഞ്ഞു പോകുന്നത്‌ പോലെ.
അവളുടെ കണ്ണുകള്‍ മിഴിഞ്ഞു
ദുര്‍ഗ പിടഞ്ഞു.
വേദവ്യാസ്‌ അതേ കാല്‍വിരല്‍ കൊണ്ടു തന്നെ ഊന്നി അവളെ പിന്നോട്ടു വീഴ്‌ത്തി.
" തീര്‍തഥജലം തളിയ്‌ക്കുക"
വലിയേടത്തിന്റെ മുന്നിലിരുന്ന കമണ്ഡലുവില്‍ നിന്നും പുണ്യജലം കൈക്കുമ്പിളിലെടുത്ത്‌ വേദവ്യാസ്‌ അവളുടെ മുഖത്തും ദേഹത്തുമായി തളിച്ചു.
പ്രാണന്‍ പറിഞ്ഞു പോകുന്ന വേദനയില്‍ പിടച്ചു കൊണ്ടിരുന്ന ദുര്‍ഗയുടെ ചലനം നിന്നു.
വേദവ്യാസ്‌ വലതു കൈ നീട്ടി അവളെ പിടിച്ചെഴുന്നേല്‍പിച്ചു.
അവളുടെ ഉടുപുടവ ഉലഞ്ഞഴിഞ്ഞു.
വലിയേടത്ത്‌ ഭട്ടതിരി പൂജിച്ചു വെച്ചിരുന്ന മഞ്ഞള്‍പ്പൊടി ഒരു കൈ നിറയെ ദുര്‍ഗയ്‌ക്കു നേരെ എറിഞ്ഞു.
ചുവന്ന പുടവയ്‌ക്കും അഴിഞ്ഞ മുടിക്കെട്ടിനും മീതെ മഞ്ഞള്‍ത്തരികള്‍ വീണു.
ഒന്നോ രണ്ടോ മണിക്കൂറുകള്‍ കടന്നു പോയി.
ഓരോ ചടങ്ങും ഒന്നൊന്നായി കഴിഞ്ഞു.
എല്ലാ പൂര്‍ത്തിയായപ്പോഴേക്കും തീര്‍ത്തും അബോധാവസ്ഥയിലായിരുന്നു ദുര്‍ഗ.
അവള്‍ ഹോമകുണ്‌ഢത്തിനരികെ കുഴഞ്ഞു കിടന്നു.
" തങ്കം..." വലിയേടത്ത്‌ ഭട്ടതിരി വിളിച്ചു.
അവള്‍ അത്‌ അറിഞ്ഞതേയില്ല.
" ദുര്‍ഗ ഭാഗീരഥി"
അയാള്‍ ചൂരല്‍ കൊണ്ട്‌ ചെറിയൊരു പ്രഹരമേല്‍പിച്ചു.
ദുര്‍ഗ ഞെട്ടി കണ്ണുമിഴിച്ചു.
പിന്നെ ഒരുവിധം എഴുന്നേറ്റിരുന്നു.
" ഇടത്‌ കൈ നീട്വാ"
അയാള്‍ കല്‍പിച്ചു.
ദുര്‍ഗ യാന്ത്രികമായി ഇടതു കരം നീട്ടി.
അവളുടെ ഇടത്‌്‌ കൈ മുട്ടിന്‌ നേരെ മീതെയായി അയാള്‍ ഒരു ചുവന്ന ഏലസ്സു കെട്ടി.
ഒന്നിന്‌ മീതെ ഒന്നായി ചരടില്‍ മൂന്നു കടും കെട്ടുകെട്ടി
" ഇനി ഒന്നും ഉണ്ടാവില്ലാ.. ഭയക്കണ്ട.. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.. ഈ ചരട്‌ നഷ്ടപ്പെടാതെ നോക്കണം. ഒരിക്കലും "
ദുര്‍ഗ ശിരസനക്കി.
" കുട്ടിയെ അകത്ത്‌ കൊണ്ടു കിടത്താന്‍ ദത്തനോട്‌ പറയൂ" അയാള്‍ വേദവ്യാസിനോട്‌ നിര്‍ദ്ദേശിച്ചു.
വേദവ്യാസ്‌ ചെന്നു പറഞ്ഞതും ദേവദത്തന്‍ നടുമുറ്റത്തേക്ക് ഓടിയെത്തി.
ദേവദത്തന്‍ അനിയത്തിയെ ചേര്‍ത്തു പിടിച്ചു നടത്തിയാണ്‌ ഉറക്കറയിലെത്തിച്ചത്‌.
അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
കിലുകിലെ സംസാരിച്ച്‌ കുസൃതി കാട്ടി ഓടി നടക്കുന്നവളാണ്‌ തന്റെ കൈയ്യില്‍ തളര്‍ന്നു കിടക്കുന്നത്‌.
രു്‌ദ്രയും പിന്നാലെ ഓടിയെത്തി.
ദുര്‍ഗയെ താങ്ങിപ്പിടിച്ചു.
മുറിയിലെത്തി കിടക്കയിലേക്ക്‌ കിടത്തിയതും ദുര്‍ഗയുടെ കണ്ണുകള്‍ അടഞ്ഞു പോയി.
" തങ്കം.. മോളേ.. " ദേവദത്തനും രുദ്രയും മാറി മാറി വിളിച്ചിട്ടും അവള്‍ കണ്ണു തുറന്നില്ല.
" ശല്യപ്പെടുത്തണ്ട.." മുറി വാതില്‍ക്കലെത്തി ഭട്ടതിരി പറഞ്ഞു.
" കിടക്കട്ടെ.. വല്ലാതെ ഉറങ്ങിപ്പോകും.. എപ്പഴാ ഉണരുകാന്ന്‌ വെച്ചാല്‍ ഉണരട്ടെ.. ആരും വിളിച്ചെഴുന്നേല്‍പ്പിക്കണ്ട.. ചിലപ്പോ നേരത്തോട്‌ നേരത്തേ ഉണരൂ.. സാരല്യ.. പിന്നെ എപ്പോളാണെന്ന്വച്ചാലും കണ്ണുതുറന്നാല്‍ ആദ്യം കുളിക്കട്ടെ.. എന്നിട്ടെന്നെ കണ്ടിട്ട്‌ മതി ജലപാനം.."
രുദ്ര തലയാട്ടി സമ്മതിച്ചു.
അനിയത്തിയെ സങ്കടത്തോടെ ഒന്നു നോക്കിയിട്ട്‌ ദേവദത്തന്‍ പുറത്തേക്കിറങ്ങിപ്പോയി.
വസ്‌ത്രം മാറി വേദവ്യാസ്‌ പോകാന്‍ തയാറായി നില്‍ക്കുകയായിരുന്നു.
" കിഴക്കേടത്തില്ലത്തെ കുഞ്ഞിക്കുട്ടന്റെ പേര സന്താനം തന്നെ.. സംശല്യ"
വടക്കേടത്ത്‌ ഭട്ടതിരി വേദവ്യാസിന്റെ അടുത്ത്‌ ചെന്ന്‌ അഭിനന്ദനങ്ങളോടെ പറഞ്ഞു.
" ശരിക്കും മാന്ത്രികന്‍.. എന്തൊരു കൃത്യത.. ഇന്നിങ്ങനെ ഒരു ചെറുപ്പക്കാരനെ മഷിയിട്ട്‌ നോക്കാന്‍ കിട്ടില്ല.. ഇരുപത്തിയേഴല്ലേ വയസ്സ്‌"
" അതേ..." വേദവ്യാസ്‌ ചിരിച്ചു.
" ഇരുപത്താറില്‍ ഒരു അപകടത്തില്‍ മരണപ്പെടേണ്ടതായിരുന്നു അല്ലേ.. ഇനി ഭയക്കണ്ട.. എണ്‍പത്തെട്ടു വരെ ജീവിക്കും .. ശേഷം ചിന്ത്യം." വലിയേടത്ത്‌ ശരിയല്ലേ എന്ന ഭാവത്തില്‍ അവനെ നോക്കി
" അങ്ങനെ ഉറപ്പിക്കാമോ... മുത്തച്ഛനും ഇതു തന്നെ പറഞ്ഞു... പക്ഷേ.. എനിക്കൊരു സംശയമുണ്ട്‌ .. എന്റെ ജാതകം ഞാന്‍ തന്നെ ഒന്ന്‌ നോക്കിയിരുന്നു.. വെറുതേ ഒരു രസം.. ഇരുപത്താറില്‍ രക്ഷപെട്ടാല്‍ പിന്നെ ഇരുപത്തിയേഴിന്‌ ശേഷം എപ്പോഴെങ്കിലും ഒരു മരണയോഗം കൂടി കിടപ്പുണ്ട്‌"
" മിടുക്കന്‍.. " വലിയേടത്ത്‌ ഭട്ടതിരി ചിരിച്ചു.
" പക്ഷെ.. അതിന്‌ ബലം തീരെയില്ല. ചേരാന്‍ പാടില്ലാത്തൊരു ജാതകം കൂടെ വന്നു ചേര്‍ന്നാല്‍ മാത്രം ഭയന്നാല്‍ മതി"
" എത്ര പെട്ടന്ന്‌ അങ്ങ്‌ മുഖലക്ഷണം നോക്കി കണ്ടെത്തിയിരിക്കുന്നു" വേദവ്യാസ്‌ അമ്പരപ്പോടെ അയാളെ നോക്കി.
" എനിക്കിത്രയ്‌ക്ക്‌ വളരാന്‍ ഒരിക്കലും കഴിയില്ല"
" നിന്റെ നെറ്റിയില്‍ എഴുതി വെച്ചിട്ടുണ്ട്‌ സാമര്‍ഥ്യം...നന്നായി വരും" അയാള്‍ വേദവ്യാസിന്റെ ശിരസില്‍ കൈവെച്ചു.
വേദവ്യാസ്‌ കുനിഞ്ഞ്‌ അയാളെ നമസ്‌കരിച്ചു.
" രുദ്രക്കുട്ടീ.. അതിങ്ങെടുത്തോള്വോ"
വലിയേടത്ത്‌ ഭട്ടതിരി അകത്തേക്ക്‌ നോക്കി വിളിച്ചു.
സഹകാര്‍മികന്‌ നല്‍കേണ്ട സ്വര്‍ണനാണയങ്ങള്‍ പട്ടുകിഴിയിലാക്കി പൂജാമുറിയില്‍ വെച്ചിട്ടുണ്ടായിരുന്നു.
വീട്ടിലെ ഐശ്വര്യ ദേവതയായ സ്‌ത്രീയാണ്‌ അത്‌ നല്‍കേണ്ടത്‌.
കൊടുക്കണമെന്നതും കാര്‍മ്മികന്‍ അതു വാങ്ങണമെന്നതും നിര്‍ബന്ധമാണ്‌.
കറുത്തകര നേര്യതുടുത്ത്‌ മുടി അഴിച്ചിട്ട്‌ നെറ്റിയില്‍ പാതിമാഞ്ഞ ചുവന്ന സിന്ദൂരപ്പൊട്ടിട്ട്‌ ഒരു സൗന്ദര്യദേവതയെ പോലെ
രുദ്ര പണക്കിഴിയുമായി അടുത്തേക്ക്‌ വന്നു.
വേദവ്യാസ്‌ നീട്ടിപ്പിടിച്ച കൈക്കുമ്പിളിലേക്ക്‌ അതു വെച്ചു കൊടുത്തു.
വേദവ്യാസ്‌ അവളെ നോക്കി മന്ദഹസിച്ചു.
രുദ്രയും പുഞ്ചിരി തൂകി.
"എങ്കില്‍ ഇനി രാത്രി യാത്രയില്ല"
വേദവ്യാസ്‌ പറഞ്ഞു.
പിന്നെ തിരിഞ്ഞ്‌ പടിപ്പുര ലക്ഷ്യമാക്കി നടന്നു.
ഹോമപൂജകള്‍ കഴിഞ്ഞാല്‍ സഹകാര്‍മികന്‍ ഉടന്‍ തിരിച്ചു പോകണമെന്നാണ്‌ നിയമം.
ആ വീട്ടില്‍ നിന്നും ഒന്നും കഴിക്കാനും കൂടി പാടില്ല.
അയാള്‍ പോകുന്നത്‌ നോക്കി മൂവരും അല്‍പ്പ നേരം നിന്നു.
" മതി നിന്നത്‌.. ഇനി ഒന്നു മുങ്ങിക്കുളിച്ചിട്ട്‌ ചെന്നു കിടന്നോളൂ"
വലിയേടത്ത്‌ ഭട്ടതിരി പറഞ്ഞു.
ഉള്ളില്‍ ഭയമുണ്ടായിട്ടും രുദ്ര അനുസരിച്ചു.
വേഗം പോയി മുങ്ങിക്കുളിച്ച്‌ വന്നു.
മുടി തുവര്‍ത്തി കട്ടിലിന്റെ ക്രാസിയിലേക്ക്‌ തല ഉയര്‍ത്തി വെച്ച്‌ നനഞ്ഞ മുടി വിടര്‍ത്തിയിട്ട് രുദ്ര കിടന്നു.
ആ കിടപ്പില്‍ അവള്‍ ഉറങ്ങിപ്പോയി.
നേരം വൈകി കിടന്നിട്ടും പതിവു പോലെ വെളുപ്പിന്‌ അഞ്ചിന്‌ തന്നെ അവള്‍ ഉണര്‍ന്നു.
കണ്ണുതുറന്നപാടേ ദുര്‍ഗയെ നോക്കിയ അവള്‍ ഞെട്ടിപ്പോയി.
അടുത്ത്‌ ദുര്‍ഗയില്ല.
നേരത്തോട്‌ നേരമേ അവള്‍ ഉണരൂ എന്ന്‌ വലിയമ്മാമ്മ പറഞ്ഞതോര്‍ത്ത്‌ രുദ്രയ്‌ക്ക്‌ ഭയം തോന്നി.
ഇപ്പോള്‍ ഏതാനും മണിക്കൂറുകളേ കഴിഞ്ഞിട്ടുള്ളു
വലിയമ്മാമ്മ പറയുന്നതൊന്നും ദുര്‍ഗ മുഖവിലയ്‌ക്കെടുത്തില്ലെന്ന്‌ തോന്നി.
ഇന്നലെ നടന്ന ചടങ്ങുകള്‍ രുദ്രയ്‌ക്ക്‌ ഓര്‍മ്മ വന്നു.
വലിയമ്മാമ്മയോട്‌ പിണങ്ങി അവള്‍ ഇറങ്ങിപ്പോയിക്കാണുമോ എന്നു ചിന്തിച്ചതും രുദ്രയില്‍ ഒരു വിറയല്‍ കടന്നു പോയി.
എഴുന്നേറ്റാലുടന്‍ കുളിക്കണമെന്ന ശീലം ഇപ്പോഴും പിന്‍തുടരുന്നവളാണ്‌ ദുര്‍ഗ.
ആ ഓര്‍മ്മയില്‍ രുദ്ര കുളക്കടവിലേക്കോടി.
അവിടെ എത്തിയതും അവളുടെ ഉള്ളിലെ തീ മാഞ്ഞു.
കുളക്കടവിലിരുന്ന്‌ മുഖം കഴുകുകയാണ്‌ ദുര്‍ഗ.
" തങ്കം" എന്ന്‌ അവളെ വിളിക്കാന്‍ ശ്രമിച്ചതും രുദ്ര നടുങ്ങി.
ദുര്‍ഗയുടെ അരികില്‍ ഒരു നിഴല്‍.
തൊട്ടടുത്ത്‌ ആരോ അവളെ നോക്കി നില്‍ക്കുന്നത്‌ പോലെ.
രുദ്ര ഒരു നിലവിളിയോടെ കുഴഞ്ഞ്‌ നിലത്ത്‌ വീണു.
................തുടരും...........................................
നോവലിന്‌ അനുയോജ്യമായ പേരുകള്‍ പലരും നിര്‍ദ്ദേശിച്ചു.
എല്ലാം വളരെ നന്നായിരുന്നു. അതില്‍ ബിജു വാസുദേവ്‌ നിര്‍ദ്ദേശിച്ച "നിഴലായ്‌ മാത്രം" എന്ന പേരാണ്‌ ഏറ്റവും അനുയോജ്യം.
ബിജുചേട്ടനും പേരുകള്‍ നിര്‍ദ്ദേശിച്ച ഹരികൃഷ്‌ണന്‍, അഞ്‌ജു നിബിന്‍, സിനി രജിത്ത്‌, സാലു വര്‍ഗീസ്‌ കാക്കനാട്ട്‌, ലീലാമ്മ തോമസ്‌, ഷാജി കളരിക്കല്‍, വിബിത ശ്യാം കളരിക്കല്‍, ബിജിഷ പുഷ്‌പ, അരുണ്‍ ദില്‍ന, മുരളി എസ്‌ നമ്പിടി, അമ്പിളി ഷൈജു, ശ്യാം ഗീതു, രഞ്‌ജു സാജന്‍, ഇന്ദു ഇന്ദു സുനില്‍, ദിവ്യ ദിവാകരന്‍, ശില്‍പ ഡാനിയേല്‍, ഷമീന സലാമത്ത്‌ തുടങ്ങി എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.
By Shyni John

മറക്കാൻ മറന്നത് - New Book




മറക്കാൻ മറന്നത് - സാഹിത്യരംഗത്തെ അതിപ്രശസ്തരായ എഴുത്തുകാരികളും   പുത്തൻതാരോദയങ്ങളുമായ  നാല്പത്തിയാറു വനിതകൾ പെയ്തിറങ്ങുന്ന ഓർമ്മപ്പെയ്ത്തുകൾ .
പ്രസാധനം  -   നൊസ്റ്റാൾജിയ - നല്ലെഴുത്ത്
എഡിറ്റർ  -   ഗീത ബക്ഷി
വില -   229 /-
===================
Buy this book @ Whatsapp: 9048852036

എൻ്റെ തോന്ന്യാക്ഷരങ്ങൾ - New Book


എൻ്റെ തോന്ന്യാക്ഷരങ്ങൾ -  നമുക്കുചുറ്റും കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും നര്‍മ്മത്തില്‍ച്ചാലിച്ച്, ശുദ്ധഹാസ്യത്തെ സ്നേഹിക്കുന്ന വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണിവിടെ. ഇന്നിന്റെ സംഘര്‍ഷഭരിതമായ ജീവിതത്തില്‍ അല്പമെങ്കിലും ആശ്വാസം പകരാന്‍ ഈ ചിരിവായന സഹായിക്കമെന്നതു തീര്‍ച്ച.

രചന - മോയിൻ 
എഡിറ്റിംഗ് :- ബാബുപോൾ തുരുത്തി
പ്രസാധനം :- നൊസ്റ്റാൾജിയ -നല്ലെഴുത്ത്
വില :- 150  /-
Buy this book @ Whatsapp: 9048852036
=====================

സ്ത്രീത - New Book


സ്ത്രീത  -  സ്ത്രീഭാവങ്ങൾ ആവിഷ്കരിച്ച കഥകൾ . ജീവിതത്തിന്റെ നേര്‍ക്കാഴ്ചയില്‍ കണ്‍മുന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങള്‍ക്കു രൂപം പകര്‍ന്നെഴുതിയ ചില നൊമ്പരപ്പാടുകള്‍
രചന -  മണികണ്ഠൻ അണക്കത്തിൽ
എഡിറ്റർ  -   ബാബുപോൾ തുരുത്തി
പ്രസാധനം -   നൊസ്റ്റാൾജിയ -നല്ലെഴുത്ത്
വില  -  149 /-
Buy this book @ Whatsapp: 9048852036

ആശാമരാളങ്ങൾ - New Book


 ആശാമരാളങ്ങൾ :- ഒമാൻകഥകളുടെ സമാഹാരം.:-  ദേശത്തിനും ഭാഷയ്ക്കുമപ്പുറത്തു പ്രവാസജീവിതത്തിന്‍റെ
കണ്ണീരുപ്പുകലര്‍ന്നതും അല്ലാത്തതുമായ ഒത്തിരി ഇടങ്ങളില്‍നിന്നു ഒപ്പിയെടുത്ത  കുറച്ചു ജീവിതാനുഭവങ്ങളുടെ തനതായ ആവിഷ്കാരങ്ങള്‍.   
 രചന  -   പി. എസ്സ് . അനിൽകുമാർ
എഡിറ്റർ  -   ബാബുപോൾ തുരുത്തി
പ്രസാധനം  -   നൊസ്റ്റാൾജിയ - നല്ലെഴുത്ത്
വില :- 149 /-
Buy this book @ Whatsapp: 9048852036
=====================

പ്രളയാനന്തരചിന്തുകൾ

Image may contain: 1 person, beard, tree, outdoor, nature and closeup
ആ ചാനലിലെ പെണ്ണ് ഓരോ ദിവസവും ഓരോ വീട് കാണിച്ചു പെണ്ണുമ്പിള്ളയെ പ്രാന്താക്കിയതോടു കൂടിയാണ് അവൾ എൻ്റെ അമ്മയ്ക്കുള്ളിൽ ക്രൂരയായ ഒരമ്മായിയമ്മ കുടിയിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
മാത്രമല്ല രണ്ട് അനിയന്മാർക്ക് വെച്ചുവിളമ്പിയും തുണിയലക്കിയും അവളുടെ നടുവൊടിഞ്ഞുവെന്നും ഇനി വയ്യെന്നും അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടു കൂടി പന്ത് എന്റെ കാലിലെത്തി. ഇനി ഞാൻ ഗോളടിച്ചേ മതിയാകൂ.
അടുത്തയാൾക്ക് കൈമാറാമെന്ന് വിചാരിച്ചാൽ നടപ്പില്ല പതിമൂന്നും പതിനൊന്നും വയസ്സുള്ള പിള്ളേരാണ് അവന്മാർ ഫോർവേഡ് കളിക്കാറായിട്ടില്ല.
അങ്ങനെ പന്തുമായി ഒറ്റയ്ക്ക് മുന്നേറുമ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത് ഗോളടിക്കാൻ ഗോൾപോസ്റ് ഇല്ല ! അതായത് വീടെടുക്കാനുള്ള സ്ഥലം സ്വന്തമായില്ല. പന്തും ചവിട്ടിപ്പിടിച്ചു കുണ്ഠിതനായ ഞാൻ ചിന്തിച്ചു നിന്നു.
പരമ്പരാഗത ഭൂസ്വത്ത് 7 സെൻറ് ചില്ലറയും അതിൽ ദയനീയമായി എന്നേം നോക്കി നിൽക്കുന്ന അസ്ഥിപഞ്ജരം പോലുള്ള നിലവിലെ വീടും. അത് തന്നെ അച്ഛനും അദ്ദേഹത്തിൻറെ അഞ്ചു കൂടപ്പിറപ്പുകൾക്കും കൂടി പരമ്പരാഗതമായി കിട്ടിയ അമ്പതു സെന്റിലെ ഒരോഹരി.
ഇനി ഇത് വീതിച്ചാൽ കിട്ടുന്നത് രണ്ടു സെന്റ് വീതം മൂന്നുപേർക്ക് ! എന്തിനു കൊള്ളാം.
ഞാനോർത്തു എന്റച്ഛന് മൂന്നു മക്കളും അപ്പൂപ്പന് ആറ് മക്കളും എന്ന കണക്കു വച്ച് നോക്കിയാൽ തീർച്ചയായും മുതുമുത്തശ്ശൻ ആളൊരു ഖിലാഡിയായിരിക്കണം അതായത് ടീവിയിൽ വരുന്ന ഡോറപ്പെണ്ണു പറയുംപോലെ മൂന്നേ ..ആറേ ...പന്ത്രണ്ടേ ..
അതായത് പുള്ളിക്ക് പന്ത്രണ്ട് പിള്ളേരെങ്കിലും ഉണ്ടായിരുന്നിരിക്കണം.
അപ്പോൾ ആ കണക്കു വച്ച് കൂട്ടി നോക്കിയാൽ ആപ്പൂപ്പനു കിട്ടിയ അമ്പത് സെൻറ് ഗുണം പന്ത്രണ്ട് എത്രയാ അറുന്നൂറു സെൻറ് ! ആറ് ഏക്കറ് !
അന്ന് സർക്കാരിന്റെ കുടുംബാസൂത്രണം ഉണ്ടായിരുന്നെങ്കിലോ ? മുതുമുത്തശ്ശനു രണ്ടുപിള്ളേർ രണ്ടുപേർക്കും മൂന്നേക്കർ വീതം മുത്തശ്ശനും രണ്ടുപിള്ളേർ അവർക്ക് ഒന്നരയേക്കർ വീതം. അതായത് എന്റച്ഛന്റെ ഓഹരി ഒന്നരയേക്കർ അപ്പോൾ ഞങ്ങൾ മൂന്നാൾക്ക് അരയേക്കർവീതം. ഈശ്വരാ ..
ഇനിയിപ്പോ എന്ത് ചെയ്യാനാ ,എന്ത് പറയാനാ ചത്തുപോയവരെ പിടിച്ചു വന്ധ്യംകരണം ചെയ്യാൻ പറ്റുമോ !
ഉള്ള കാശിന് വല്ലതും കിട്ടുമോ എന്ന് നോക്കുക അത്ര തന്നെ.
"അച്ഛാ വെള്ളപ്പൊക്കം വരാത്ത സ്ഥലം വാങ്ങിയ മതി" ചെറിയവന്റെ വലിയ വർത്തമാനം കേട്ട് ദേഷ്യം വന്നെങ്കിലും ഞാനാലോചിച്ചു. അത് ശരിയാണല്ലോ. പക്ഷെ നിലവിലുള്ള സാഹചര്യം വച്ച് വെള്ളം പൊങ്ങില്ലെന്നു ഉറപ്പുള്ള ഏത് സ്ഥലമുണ്ടിനി കേരളത്തിൽ ?
കഴിഞ്ഞ പ്രാവശ്യം തെക്ക് വെള്ളം കയറിയപ്പോൾ വടക്കൻമാർ കരുതി ഹോ!! പാവം തെക്കന്മാർ ഇനി അടുത്ത കൊല്ലവും വന്നാൽ അവരെന്നാ ചെയ്യും എന്ന്. പറഞ്ഞു തീർന്നില്ല അതാ വരുന്നു വെള്ളം വടക്കോട്ട് !
ഞങ്ങൾക്കെന്ത് വെള്ളപ്പൊക്കമെന്നു പറഞ്ഞു കുന്നിൻമുകളിൽ മാളിക പണിഞ്ഞവന്മാരെ ആനപ്പുറത്തുനിന്ന് കുടഞ്ഞിടുന്നതുപോലെയങ്ങു തെറിപ്പിച്ചുകളഞ്ഞു.
ഇനിയിപ്പോൾ എവിടെ ചെന്ന് വീടെടുക്കും തമ്പുരാനേ !
പക്ഷേ അധികനേരം ചിന്തിച്ചുനിൽക്കേണ്ടി വന്നില്ല. എന്റെ മനോഗതം മണത്തറിഞ്ഞത് പോലെ ബ്രോക്കർ ഗോപാലൻ രാവിലെ തന്നെ വീട്ടിൽ ഹാജർ.
സ്ഥലം വാങ്ങാൻ മാത്രം പൈസ കയ്യിലില്ലെന്ന് ആവതു പറഞ്ഞിട്ടും നാട്ടിൽ വിൽക്കാൻ വച്ചിരിക്കുന്ന പ്രോപ്പർട്ടികളുടെ ഗുണഗണങ്ങൾ പറഞ്ഞു പ്രാതലും ഉച്ചയൂണും വീട്ടിൽ നിന്ന് തരപ്പെടുത്തിയത് കൂടാതെ കണ്ണൻ സ്രാങ്ക് സ്റ്റൈലിൽ 'ഒരു നൂറുരൂപ കാട്ടിയെ' ന്നും പറഞ്ഞു പോക്കറ്റിൽ കയ്യിട്ട് ഒരു നൂറിന്റെ നോട്ടും വലിച്ചുഷാപ്പിലേക്ക് പോയി പഹയൻ. സ്ഥലം നോക്കാൻ നാളെ കാലത്തു പോകാമെന്നും പറഞ്ഞു.
"അച്ഛാ കുന്നിൻ ചെരിവും പുഴയുടെ കരയും വേണ്ടാ " പിറ്റേന്ന് രാവിലെ ഗോപാലന്റെ കൂടെ പോകാനിറങ്ങിയപ്പോൾ മൂത്തവൻ പിറകീന്നു വിളിച്ചു പറഞ്ഞു. വേണ്ടെങ്കിൽ വേണ്ടാന്ന് ഞാൻ മനസ്സിലും പറഞ്ഞു.കൂട്ടത്തിൽ ഒന്നൂടെ കൂട്ടി ഞാൻ ഗോപാലനോട് പറഞ്ഞു "വയല് നികത്തിയതും വേണ്ടാ".
എന്നാൽ നിങ്ങൾ കൊറേ നടക്കേണ്ടി വരും. ഗോപാലൻ കോടിയ മുഖഭാവത്തോടെ പറഞ്ഞത് കണ്ടില്ലെന്നു നടിച്ച് അവന്റൊപ്പമെത്താൻ ഞാൻ നടത്തത്തിനു വേഗം കൂട്ടി.
എന്തായാലും സംഗതി പ്രതീക്ഷിക്കാതെ ഒത്തുകിട്ടി. കയ്യിലുള്ള കാശിന് ആറു സെൻറ് സ്ഥലം. അടുത്തൊന്നും ഇടിഞ്ഞുവീഴാൻ കുന്നുമില്ല വെള്ളം പൊങ്ങാനുള്ള പുഴയുമില്ല. കാലങ്ങളായി കരപ്പറമ്പ് തന്നെയാണെന്നും വയല് നികത്തിയതല്ലെന്നും ആപ്പീസിൽ പോയി പരിശോധിച്ചു ബോധ്യപ്പെട്ടു.
ഗോപാലൻ കയ്യോടെ അവന്റെ കമ്മീഷനും വാങ്ങി സ്ഥലം കാലിയാക്കി.
ഇനി വീട്. പക്ഷെ അതിനു മുൻപൊരു തീരുമാനം. പാറ പൊട്ടിക്കില്ല, മണൽ വാരില്ല, മരം മുറിക്കില്ല.കുന്നിടിച്ചു മണ്ണെടുക്കില്ല.
തികച്ചും പ്രകൃതിസൗഹൃദമായിരിക്കും ഗൃഹനിർമാണം.
പ്രളയത്തോടനുബന്ധിച്ചു ഞാൻ മനസ്സിൽ തീരുമാനിച്ച എന്റെ മഹത്തായ കാഴ്ചപ്പാട് വിശദീകരിച്ചപ്പോൾ പിള്ളേര് രണ്ടും കയ്യടിച്ചു പാസ്സാക്കി മാത്രമല്ലാ ഈ വാർത്ത സ്കൂളിൽ പറഞ്ഞും എഫ് ബിയിൽ പോസ്റ്റിട്ടും ലൈക്ക് വാരിക്കൂട്ടുമെന്നും അവർ പ്രതിവചിച്ചു.
"അപ്പോൾ നിങ്ങൾ ഓല മെടഞ്ഞാണോ വീടുണ്ടാക്കുന്നെ? കെട്ടിയോൾ തന്റെ സ്വതസിദ്ധമായ ദുർമുഖപ്രദർശനത്തോടെ പതുക്കെ മുരണ്ടു.
"അതിനല്ലേടീ ഇഷ്ടികയും ഓടും." അവളുടെ മറുമുഖം കാണാൻ കാത്തുനിൽക്കാതെ ഞാൻ ഇഷ്ടികവില നിലവാരമറിയാൻ ടൗണിലേക്കോടി.
ഇഷ്ടികയും ഓടുമെന്നു പറഞ്ഞു പോയ ഞാൻ പിന്നെ ആ ദിവസം മുഴുവൻ ഓട്ടമായിരുന്നു. എന്താ കാര്യം ? കളിമണ്ണ് ഖനനം പ്രകൃതിക്കു ദോഷം, ഇഷ്ടിക ചുടുന്നത് അന്തരീക്ഷമലിനീകരണം ! ഓട്ടുകമ്പനികൾ മൊത്തം പൂട്ടിയത്രേ. എന്റെ മുത്തപ്പാ ഇനി വേറെന്താ വഴി ? ഞാൻ അവിടുന്നുമോടി.
ഇനി അവൾ പറഞ്ഞതുപോലെ ഓല കെട്ടിമേയേണ്ടി വരുമോ ?
"അച്ഛാ നമുക്ക് എവിടെയെങ്കിലും ഗുഹ കിട്ടുമോന്നു നോക്കിയാലോ ?"
ഒരൈഡിയയും കിട്ടാതെ വീട്ടിൽ ചൊറിയും കുത്തി പ്രാന്ത് പിടിച്ചിരിക്കുമ്പോഴാണ്. ചെക്കൻ ചൊറിയാൻ വന്നത് തലയ്ക്കു നോക്കി ഒരു കിഴുക്ക് കൊടുക്കാൻ തുടങ്ങുമ്പോഴേക്കും ഉമ്മറത്ത് അവളുടെ മുഖം മിന്നി മാഞ്ഞത് കണ്ട അനങ്ങാതിരുന്നു.
"അതിലും നല്ലത് ഏറുമാടം ആണച്ചാ അതാകുമ്പോ വെള്ളപ്പൊക്കം വന്നാലും കൊഴപ്പുണ്ടാവില്ലല്ലോ." ചെറിയവൻ വേറൊരു ഐഡിയയും കൊണ്ട് വന്നിരിക്കുകയാണ് അവനും ഒട്ടും പിറകിൽ നില്ക്കാൻ ഉദ്ദേശമില്ല.
ഏകദേശം നൂറ്ററുപത് ബ്രിട്ടീഷ് പൗണ്ട് ഭാരം മതിക്കുന്ന എന്റെ പട്ടമഹിഷി ഏറുമാടത്തിൽ നിന്ന് കയറേണിയിൽ തൂങ്ങിയിറങ്ങി കുടുംബശ്രീക്ക് പോകുന്നത് ഭാവനയിൽ കണ്ട മുഖഭാവത്തോടെ നേരെ നോക്കിപ്പോയത് ചായഗ്ലാസ്സ് കൊണ്ടുവന്നു ഠപ്പേന്ന് ഇടിച്ചു വച്ച് പോകുന്ന അവളുടെ മുഖത്തേക്ക്. 'സഹസ്രദിവിസൂര്യ' എന്ന മഹദ്വചനത്തിനും അപ്പുറമുള്ള റ്റെമ്പറേച്ചറിൽ ജ്വലിക്കുന്ന ആ മുഖം ഒരു നാനോ സെക്കൻഡ് പോലും നോക്കി നിൽക്കാൻ എനിക്കായില്ല.
കാടിവെള്ളം പോലുള്ള ചായേം വലിച്ചുകേറ്റി ഞാൻ സ്ഥലം കാലിയാക്കി.
പ്രകൃതിയെ നോവിക്കാതെ വീടെടുക്കാൻ ഇനിയെന്താ വഴി ഞാൻ പലതും പിറുപിറുത്തുകൊണ്ട് എങ്ങോട്ടെന്നില്ലാതെ നടന്നു.
"എന്തായി വിജയകൃഷ്ണാ നിന്റെ വീടിന്റെ കാര്യം എന്തെങ്കിലും നടക്കുമോ ?"
കഷ്ടകാലത്തിനു നാട്ടിലെ ചില നാറികളോട് തന്റെ കൺസപ്റ്റ് പങ്കുവച്ചതിന്റെ പരിണിതഫലമാണ് ഈ കേട്ടത്. ചോദ്യത്തിലെ പുച്ഛധ്വനി മനസ്സിലാവാഞ്ഞിട്ടല്ല . പോട്ടെ തെണ്ടികൾ.
അവനൊക്കെ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ ഫലമാ ഇപ്പൊ കെടന്ന് അനുഭവിക്കുന്നെ.
കഴിഞ്ഞാഴ്ച ക്യാമ്പിൽ നിന്ന് തിരിച്ചു വന്നതേയുള്ളൂ എന്നിട്ടും അവന്റെയൊക്കെ .. ഞാൻ ആഞ്ഞുവലിച്ചു നടന്നു.
അന്തവും കുന്തവുമില്ലാതെ തെക്കും വടക്കും കവർചെയ്തു സന്ധ്യയോടെ വീട്ടിലെത്തി.
"നീ സ്ഥലം വാങ്ങിയിട്ട് വീടിന്റെ പണിയൊന്നും നോക്കുന്നില്ലെടാ ?"
സീരിയൽ കാണുകയായിരുന്ന അവളെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് അകത്തേക്ക് കടക്കുമ്പോഴേക്കും അമ്മ ചോദിച്ചു. വായിലെ ദേവതകൾ വിളയാടാൻ തുനിഞ്ഞെങ്കിലും അമ്മയാണെന്ന തിരിച്ചറിവ് അവരെ നിശ്ശബ്ദരാക്കി.
കുളികഴിഞ്ഞു വരുമ്പോഴേക്കും അമ്മേം മരുമോളും ടി വി ക്കു വിശ്രമം കൊടുത്ത് അടുക്കളയിലേക്ക് ചേക്കേറിയിരുന്നു. ഞാൻ പതുക്കെ ഇഗ്ളീഷ് ചാനലുകൾ തിരയാൻ തുടങ്ങി.വല്ല ബിരിയാണിയും കിട്ടിയാലോ ! അല്ല അങ്ങനെ കിട്ടിയ ചരിത്രംണ്ടേ !
യുറേക്കാ!!! മുള !! അതെ മുളവീടുകൾ.
ഏതോ സായിപ്പ് മുളവീടുകളുടെ പ്രകൃതിസൗഹാർദത്തെക്കുറിച്ചു വർണിക്കുകയാണ്. അത് ഡീകോഡ് ചെയ്യാൻ പത്താംക്ലാസ്സിൽ വച്ച് കുമാരൻ മാഷ് ഇൻസ്റ്റാൾ ചെയ്ത ഇംഗ്ലീഷ് റീഡിങ് ആൻഡ് മനസിലാക്കൽ ആപ്ലിക്കേഷൻ ഒരു പരിധി വരെ വിജയിച്ചു.
മുള പ്രകൃതിക്ക് ഇണങ്ങിയതാണ്. വളർച്ച വളരെ വേഗത്തിലായതിനാൽ കൃഷിചെയ്ത് ഉണ്ടാക്കാം. വനനശീകരണം കുറയ്ക്കാം. മുള കൊണ്ട് വീടുണ്ടാക്കുമ്പോൾ മറ്റു മലിനീകരണ പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. അതായിരുന്നു സായിപ്പ് പറഞ്ഞത്.
പിറ്റേന്ന് രാവിലെ വരെ ഞാൻ ഉറങ്ങുകയായിരുന്നില്ല മുളങ്കാടിന്റെ സംഗീതം കേട്ട് മുളങ്കൂട്ടിൽ അടിമയായി മുളക്കീറുകൾ കൊണ്ട് സ്വപ്നങ്ങൾ നെയ്തുകൂട്ടുകയായിരുന്നു.
ചായകുടിച്ചെന്നു വരുത്തി കാലത്തു തന്നെ സൈക്കിളുമെടുത്ത് നേരെവിട്ടു ചുണ്ടിൽ മൂളിപ്പാട്ടുവന്നു തത്തിക്കളിച്ചു. "ഇല്ലിമുളം കാടുകളിൽ"...
സുമേഷ് ഇന്റർനെറ്റ് കഫെ തുറക്കുന്നതെ ഉള്ളൂ. ചെക്കന് എന്നെ കണ്ട് അത്ഭുതം. "എന്താ വിജയേട്ടാ പിഎസ് സി എഴുതുന്നുണ്ടോ ?
"അനങ്ങാണ്ട് നിക്കെടാ ചെക്കാ നീയാ ഗൂഗിൾ ഒന്ന് കാട്ടിയെ."
അങ്ങനെ ഞാനും സുമേഷും കൂടെ ഗൂഗിളിൽ സംഭവം കണ്ടെത്തി. മുളംപാനൽ കൊണ്ട് ഉണ്ടാക്കിയ മടക്കിവെയ്ക്കാവുന്ന വീട് എത്ര മുറി വേണമെങ്കിലും അറ്റാച്ച് ചെയ്യാം.മെയ്ഡ് ഇൻ തായ്ലാൻഡ്.
തായ്ലാൻഡെങ്കിൽ തായ്ലാൻഡ് . ഞാനുടൻ തന്നെ നാലുപാടും നടന്നു സംഭരിച്ച ഉദ്ദേശം ആറു ലക്ഷം ഇന്ത്യൻ ക. അവരു പറഞ്ഞ അകൗണ്ടിൽ ട്രാൻസ്ഫർ ചെയ്തു കൊടുത്തു. അതിന്റെ മാനേജർക്ക് ഒരു മെയിലും വിട്ടു ദാ, ഇങ്ങനെ
ഐ ആം വിജയകൃഷ്ണൻ കേരള. മണി സെൻറ് അർജെന്റ് സെൻറ് ബാംബൂ ഹൌസ്"
കാത്തിരിപ്പിന്റെ ദിനങ്ങൾ.
ദിവസേന പെണ്ണുമ്പിള്ളയെയും മക്കളെയും ചുറ്റുമിരുത്തി ഞാൻ ഫോൾഡിങ് ബാംബൂ ഹൗസിന്റെ ഗുണഗണങ്ങൾ വർണിച്ചുകൊടുക്കും. എല്ലാരുടെയും വീട് പ്രളയത്തിൽ തകരുമ്പോൾ നമ്മൾ വീടുമഴിച്ചു നാലായി മടക്കി തോളിൽ വച്ചു കൂളായി പോകുന്നു. പ്രളയം കഴിഞ്ഞാൽ വീണ്ടും വന്നു വീട് ഫിറ്റ് ചെയ്തു താമസം പുനരാരംഭിക്കുന്നു. ആ സമയം മറ്റുള്ളവരൊക്കെ വീണ്ടും പുതിയ വീടിന്റെ തറ കെട്ടുകയായിരിക്കും.
ഈ സ്പീച് വള്ളിപുള്ളി വിടാതെ പെണ്ണുംപിള്ള കുടുംബശ്രീയിലും പിള്ളേർ സ്കൂളിലും അവതരിപ്പിച്ച് കയ്യടി വാങ്ങുന്നതല്ലാതെ വീടിന്റെ പാർസൽ ഇതുവരെ എത്തിയിട്ടില്ല. ലൈറ്റായിട്ട് ഒരു ആധി എന്നെ ബാധിക്കാൻ തുടങ്ങിയത് ഭാര്യയറിയാതിരിക്കാൻ ഞാൻ വല്ലാതെ പാട് പെട്ടു. പഴയപോലെ ബാംബൂകഥകൾ കേൾക്കാൻ ആർക്കും താല്പര്യമില്ലാതായി.
ആൾക്കാരുടെ പരിഹാസവും മെല്ലെ കൂടിവന്നു ആക്കിയ ചിരികൾ എന്നെ വ്രണപ്പെടുത്താൻ തുടങ്ങിയപ്പോൾ ഞാൻ ദിനചര്യ മെല്ലെ മാറ്റം വരുത്തി. കാലത്തു വീട്ടിൽ നിന്ന് ഇറങ്ങി നേരെ റയിൽവേ സ്റ്റേഷനിൽ ചെന്നിരിക്കും പാതിരയാകുമ്പോൾ മെല്ലെ കേറിവരും.
അങ്ങനെയൊരുദിവസം ഉച്ചക്ക് വയറുംകാഞ്ഞു റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് അവളുടെ ഫോൺ വരുന്നത്. ഒരു പാർസൽ വന്നിരിക്കുന്നു. ലോറിയിലാണത്രെ.
ഹോ പണ്ട് അച്ഛൻ പുതിയ സൈക്കിൾ കൊണ്ടുതന്ന ദിവസം ഉണ്ടായ അതെ മൂഡ്.
അതേ സൈക്കിൾ പറപ്പിച്ചു വിട്ട് ഞാൻ വീട്ടിലേക്കെത്തി. സമാധാനായി സംഭവം മുളമ്പാനൽ വീട് തന്നെ.
സമയം കളയാതെ അവരെയും കൊണ്ട് പുതുതായി വാങ്ങിയ സ്ഥലത്തേക്ക് പുറപ്പെട്ടു. പിറകെ കുറ്റം കണ്ടുപിടിക്കാനുള്ള ത്വരയോടെ നാറികളായ ചില നാട്ടുകാരും.
രണ്ടേ രണ്ടു മണിക്കൂർ. നിരപ്പാക്കിയ സ്ഥലത്തു വീട് ഫിറ്റാക്കി അവര് പോയി കാണാൻ. ഞാനും കെട്യോളും പിള്ളേരും അകത്തുകയറിയും പുറത്തിറങ്ങിയും നോക്കി മൊത്തത്തിൽ തരക്കേടില്ല.
"അതേയ് വിജയാ ഇത് മുള ആണെന്നല്ലേ പറഞ്ഞെ അപ്പൊ ഇതിനു വേഗം തീപിടിക്കത്തില്യോടാ ?" അയൽവാസി കുഞ്ഞിക്കണ്ണൻ നാക്ക് വളച്ചു.പരട്ടക്കെളവാ വായമൂടി നിന്നോ എന്ന് മനസ്സിൽ പറഞ്ഞതെ ഉള്ളൂ. നല്ലൊരു ദിവസായിട്ട് ഓരോ നാറികൾ.ഞാൻ ദേഷ്യം പല്ല് കടിച്ചമർത്തി.
അങ്ങനെ ഞങ്ങൾ ബാംബൂക്കുടിലിലെ സമാധാനപൂർണമായ താമസം തുടരവേ മഴക്കാലം വന്നു. സ്വാഭാവികമായും പ്രളയമുന്നറിയിപ്പും വന്നു. വെള്ളം പതുക്കെ കയറാൻ തുടങ്ങി അയൽവാസികൾ ഉള്ളതും വാരിപെറുക്കി ക്യമ്പിലോട്ട് മാറി. ഏതായാലും ഒന്നൂടെ കനത്തിട്ടായിക്കോട്ടെ എന്ന് കരുതി ഞങ്ങൾ പോയില്ല.
പിറ്റേന്ന് കാലത്ത് എഴുന്നേറ്റപ്പോഴേ എന്തോ ഒരു വല്ലായ്ക തോന്നി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് സംഭവം മനസ്സിലായത് .ബാംബൂ ഹൌസ് ഒരു ഹൌസ്ബോട്ടായി രൂപാന്തരം പ്രാപിച്ച് ജലപ്പരപ്പിൽ ഒഴുകിനടക്കുന്നു . കപ്പിത്താനിരിക്കുന്ന ഭാവത്തിൽ ലില്ലിപ്പൂച്ച ജനലിന്മേൽ ഇരുന്നു ചുറ്റും വീക്ഷിക്കുന്നു. ഉള്ളിൽ ഒരാന്തൽ വന്നെങ്കിലും പിന്നീടു ഞാൻ കരുതി, കൊള്ളാലോ സംഭവം !
ഒരു കയറിന്റെ കഷ്ണമെടുത്ത് ബോട്ടിനെ സോറി വീടിനെ അടുത്ത തെങ്ങോട് കൂട്ടിക്കെട്ടി നങ്കൂരമിട്ടു.
ആൾക്കാർ വന്നു ക്യാമ്പിലേക്ക് വിളിച്ചെങ്കിലും ഞങ്ങൾ പിന്നീട് തുഴഞ്ഞു വന്നോളാമെന്നു പറഞ്ഞതിനാൽ കൊറച്ചു റൊട്ടിയും ബിസ്കറ്റും തന്ന് അവര് പോയി. പിള്ളേർക്കും നല്ല രസം. ഫാമിലിയായി കുമരകത്തു പോയ ഒരനുഭൂതി.
എന്റെ സാങ്കേതിക പരിജ്ഞാനത്തെയും തീരുമാനത്തെയും കുറിച്ച് എനിക്ക് തന്നെ ബഹുമാനം തോന്നിപ്പോയി. നിങ്ങൾ ആള് കൊള്ളാമല്ലോ എന്ന രീതിയിൽ കെട്ടിയോള് എന്റെ കവിളിലൊരു നുള്ളുവച്ചു തന്നു. പിള്ളേരുള്ളത് കാരണം ഞാൻ വേറെ അതിക്രമത്തിനൊന്നും മുതിർന്നില്ല.
പക്ഷെ മുതിർന്നിട്ടും കാര്യമൊന്നുമില്ലായിരുന്നു അപ്പോഴേക്കും ബാംബൂബോട്ട് ടൈറ്റാനിക് പിളർന്നത് പോലെ രണ്ടു കഷണമായി തെക്കോട്ടും വടക്കോട്ടും നീങ്ങി. ഞാൻ ഒരു കഷണത്തിലും കെട്ടിയോളും പിള്ളേരും മറ്റേ പകുതിയിലും. അവരുടെ കൂട്ടനിലവിളിയിൽ മടിച്ചു മടിച്ചാണെങ്കിലും ഞാനും പങ്കു ചേർന്നു.
ഒഴുക്കിനനുസരിച്ചു ഞങ്ങളെയും വഹിച്ച മുളപ്പാനലുകളും നീങ്ങാൻ തുടങ്ങിയതോടെ ഞങ്ങളുടെ നിലവിളി ഉച്ചസ്ഥായിലായി. ആ സമയത്ത് ഞാൻ വേറെ പകുതിയിലായത് ഭാഗ്യം ഇല്ലെങ്കിൽ അവൾ അപ്പൊത്തന്നെ എന്നെ പറിച്ചുകീറി ചോരകുടിക്കുമായിരുന്നു.
ഉദ്ദേശം ഒരു ഒന്നര നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ചപ്പോഴേക്കും ഞങ്ങളുടെ ഉന്നത ആവൃത്തിയിലുള നിലവിളി തരംഗങ്ങൾ പിടിച്ചെടുത്ത രക്ഷാവഞ്ചികൾ ആ സിഗ്നൽ ട്രാക്ക് ചെയ്ത് സ്ഥലത്തെത്തുകയും തദ്വാരാ ഞങ്ങൾ ക്യാമ്പിൽ എത്തപ്പെടുകയും ചെയ്തു.
പറ്റിയതോർത്ത് ആരുടേയും മുഖത്ത് നോക്കാൻ പറ്റുന്നില്ല . കെട്ടിയോൾക്ക് യാതൊരു ചമ്മലുമില്ല. വന്നപാടെ അവിടെ ചെന്ന് അവൾ നൈറ്റിക്ക് വേണ്ടി അടിപിടി കൂടാൻ തുടങ്ങി.
"മലവെള്ളത്തിനെന്ത് മൊളയെടോ !"
ശബ്ദം കേട്ട് തിരിഞ്ഞു നോക്കി . ആ നാറിയാണ് കുഞ്ഞിക്കണ്ണൻ. ഒന്നും പറയാൻ പോയില്ല.അവിടുന്ന് കിട്ടിയ റസ്ക് കട്ടൻ ചായയിൽ മുക്കി തിന്നു ക്ഷീണം മാറ്റി.
എല്ലാം ശാന്തമായി എല്ലാരും വീട്ടിലേക്ക് തിരിച്ചുപോയി. ചമ്മലും ഉള്ളിലെ വിങ്ങലും കാരണം തറവാട്ടിലേക്ക് പോയില്ല. നേരെ വീടിരുന്ന സ്ഥലത്തേക്ക് പോയി.
ഒരു താർപ്പായ വാങ്ങി മറച്ചു തല്ക്കാലം അവിടെ കൂടി.
അപ്പുറത്തെ വീട്ടുകാരൊക്കെ വീട്ടിലെ ചെളി കോരി കളയുന്ന തിരക്കിലാണ് ഞാനാണെങ്കിൽ വീടിനു തറ കെട്ടാനുള്ള പാറക്കല്ല് ചുമന്നു കൊണ്ടിടുകയാണ്.
"അച്ഛാ പാറ പൊട്ടിച്ചാൽ പ്രകൃതിക്ക് ദോഷമല്ലേ ?'
ചെറിയ പുത്രനാണ്.
ഞാൻ പതുക്കെ പറഞ്ഞു. "ആ ലൈറ്റായിട്ട്" ..
#വിജു-കണ്ണപുരം

ഗോപിക


ആ വീടിനു മുന്നിലെത്തിയപ്പോൾ വല്ലാത്ത അത്ഭുതമായിരുന്നു. ഇത്രയും വലിയ വീട്ടിൽ നിന്നാണോ അവൾ വരുന്നത്. പടിപ്പുര കഴിഞ്ഞാൽ വളരെ വിശാലമായ ഒരു പറമ്പിലാണ് ആ ഇരുനില വീട്. വലിയ ഒരു നടുമുറ്റം ഉണ്ട്. ക്ലാസ്സിൽ ടീച്ചർ പറഞ്ഞ ജന്മികൾ ആണെന്ന് തോന്നുന്നു ഇവർ. ഞാൻ മെല്ലെ വിഷ്ണുവിൻറെ മുഖത്തേക്ക് നോക്കി. അവനും  അത്ഭുതത്തിൽ തന്നെയാണ്. ഞങ്ങളുടെ രണ്ടാളുടെയും കൈയിൽ സ്കൂൾ ബാഗ് ഉണ്ട്. ഇത്രയും വലിയ ഓടിട്ട വീട് വേറെ n ഇതുവരെ ഞങ്ങളുടെ നാട്ടിൽ കണ്ടിട്ടില്ല.

**
"എണീക്കെടാ..."
ഒരു ചോക്ക് കൃത്യമായി എൻറെ തലയിൽ തന്നെ വന്നു വീണു. നോക്കിയപ്പോൾ രശ്മി ടീച്ചർ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്.
"നിന്നോടും കൂടിയാണ് പറഞ്ഞത്"
ഭാഗ്യം വിഷ്ണുവിനെയും പൊക്കി.
"നിങ്ങളോട് പറഞ്ഞതല്ലേ ക്ലാസ്സിൽ സംസാരിക്കരുതെന്ന്"
ടീച്ചർ നല്ല ദേഷ്യത്തിൽ തന്നെയാണ്. ഞാൻ ഒന്നും സംസാരിച്ചിരുന്നില്ല. സത്യത്തിൽ വിഷ്ണു ആണ്‌ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ എനിക്കറിയാമായിരുന്നു അത് ടീച്ചർ പൊക്കും എന്നും നിരപരാധിയായ ഞാനും പെടുമെന്നും .
"എന്താടാ ഒരു ചതുരത്തിന്റെ പരപ്പളവ് കാണാനുള്ള സമവാക്യം"
ടീച്ചർ എന്നെ നോക്കി. എ യും ബി യും ഒക്കെ ഉള്ള എന്തോ ഒരു കളിയാണ്. കൂടുതലൊന്നും അറിയാത്തതുകൊണ്ട് ഞാൻ തല താഴ്ത്തി. ആൺകുട്ടികൾ അധികവും തലതാഴ്ത്തി ഇരുപ്പാണ്. എന്നോട് ചോദിക്കൂ എന്ന അർത്ഥത്തിൽ കുറേ പെൺകുട്ടികൾ ഇരിക്കുന്നുണ്ട്. മുൻപിൽ ഉള്ള ബഞ്ചിലെ ഒന്നാമത്തെ പെൺകുട്ടിയായിരുന്നു ഗോപിക. അവൾ ക്ലാസ്സിൽ വന്നിട്ട് കുറേ ദിവസമായി. ദിവസവും രണ്ട് അടിയെങ്കിലും അവൾ മേടിച്ചു തരാറുണ്ട്. ക്ലാസ് ഇല്ലാത്ത സമയത്ത് ക്ലാസിൽ സംസാരിക്കുന്ന ആളുകളുടെ പേര് എഴുതി വെക്കലാണ് അവളുടെ പണി.
"വിഷ്ണു.. നീ പറ.."
"ടീച്ചർ പരപ്പളവ് ഒന്ന് ഇംഗ്ലീഷിൽ ആക്കാമോ.."
നാലാംക്ലാസ് വരെ അവൻ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. അതിൻറെ ഒരു ചെറിയ അഹങ്കാരം അവന് ഉണ്ടായിരുന്നു.
"ഓഹോ! ഏരിയ.. എന്നാൽ പറ"
എന്തോ ഒരു സംഭവം അവൻ പറഞ്ഞു. എന്താണേലും ഞങ്ങളെ രണ്ടാളെയും അപ്പോൾ തന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കി. സ്റ്റാഫ് റൂമിന് അടുത്ത് ആയതുകൊണ്ടുതന്നെ ടീച്ചർമാരുടെ സംസാരം നല്ലപോലെ കേൾക്കാമായിരുന്നു.
"ആ കുട്ടിയുടെ കാര്യം വലിയ പ്രശ്നമാണല്ലോ"
"ആ ഗോപികയുടെ അല്ലേ.."
"അതേ...ഏതോ ഒരു ക്ഷേത്രത്തിൽ പോയതായിരുന്നു...അവിടെ നിന്ന് പേടിച്ചു പോയതാ"
"ഇനി ക്ലാസ്സിൽ വരില്ല .. പരീക്ഷയ്ക്ക് മാത്രമേ വരൂ എന്ന് അവളുടെ അച്ഛൻ പറഞ്ഞിരുന്നു"
ലിനി ടീച്ചറും അനിൽ മാഷും ആണ്‌ സംസാരിക്കുന്നത്. അപ്പോഴാണ് ഗോപികയ്ക്ക് എന്തോ പ്രശ്നം പറ്റിയെന്ന് മനസ്സിലായത്. അവൾക്ക് എന്താണ് പറ്റിയത് എന്ന് കൃത്യമായി എനിക്കും മനസ്സിലായില്ല.തോട് കഴിഞ്ഞാൽ അപ്പുറത്ത് ഒരു ചെറിയ വഴിയുണ്ട്. അതിലൂടെ നടന്നാൽ അവളുടെ വീടിന് അടുത്ത് എത്താം.
വഴിയൊക്കെ വിഷ്ണു കണ്ടുപിടിച്ച തരും എന്ന് എനിക്കറിയാമായിരുന്നു

****
"വാ മക്കളെ ഇങ്ങോട്ട് കയറി ഇരിക്കൂ .."
അവളുടെ അമ്മയാണ്. സ്കൂളിൽ വച്ച് കണ്ട പരിചയം ഉണ്ട്.
ഞങ്ങളാ വീടിന്റെ ഭംഗി ആസ്വദിച്ച് ഇരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവരുടെ മുഖത്ത് ഒരു വല്ലാത്ത സന്തോഷം ആയിരുന്നു. ഗോപികയുടെ ചെരുപ്പ് പുറത്ത് കാണാം. അമ്മ ഞങ്ങളെ കോലായിലെ കസേരകളിൽ ഇരുത്തി. നല്ല ഒരു തണുപ്പ് ആയിരുന്നു അവളുടെ വീടിനകത്ത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഗോപിക പുറത്തേക്ക് വന്നു.

അവളുടെ കണ്ണുകൾ ആകെ ക്ഷീണിച്ച് നീര് വെച്ച പോലെയുണ്ട്. ഞങ്ങളെ കണ്ടപ്പോൾ പകുതി സങ്കടവും പകുതി സന്തോഷവും ഉള്ള ഒരു ചിരി ചിരിച്ചു. വല്ലാത്തൊരു ദയനീയത ആയിരുന്നു അവളുടെ മുഖത്ത്. അമ്മ അമ്മ അടുക്കളയിൽ ആണെന്ന് മനസ്സിലായപ്പോൾ അപ്പോൾ അവൾ അടുത്തു വന്ന് എന്താണ് പറ്റിയത് എന്ന് മെല്ലെ പറഞ്ഞു.

"ഞങ്ങൾ കണ്ണൂരിന് അടുത്തുള്ള ഒരു അമ്പലത്തിൽ പോയിരുന്നു.. പക്ഷേ അന്ന് അവിടെ കയറാൻ പറ്റിയില്ല"
"എന്തുപറ്റി?"
"തലേന്ന് രാത്രി ക്ഷേത്രക്കുളത്തിൽ അവിടെയുള്ള ഒരാൾ മുങ്ങി മരിച്ചു.."
അത് കേട്ടപ്പോൾ ഒന്ന് പേടിച്ചു ഞാനും വിഷ്ണുവും പരസ്പരം നോക്കി.
"ആ മരിച്ച ആൾ ഒരു കഥകളി വേഷക്കാരൻ ആണ്.. അന്ന് ഞങ്ങൾ തിരിച്ചു പോന്നു..
വീട്ടിലെത്തിയപ്പോൾ തന്നെ എനിക്ക് നല്ല പനി പിടിച്ചു.."
അവൾ വല്ലാതെ പേടിച്ചു പോയെന്ന് മുഖത്ത് നിന്ന് തന്നെ മനസ്സിലാക്കാം. അവളുടെ ചിരിയിൽ പോലും ഒരു ഭീതി ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവൾക്ക് നല്ല സന്തോഷമായി. അവളെ സന്തോഷിപ്പിക്കാൻ ഒരു കാര്യം കൂടി ചെയ്തിരുന്നു.

ഞാൻ അവളുടെ ഒരു ചിത്രം വരച്ചിരുന്നു. എനിക്ക് വരക്കാൻ വളരെ ഇഷ്ടം ആയിരുന്നു. ഒരു ചിത്രം വരച്ചു തരുമോ എന്ന് അവൾ പലവട്ടം ചോദിച്ചിരുന്നു. അതുകണ്ടപ്പോൾ  പെട്ടെന്ന് തന്നെ അവൾ അത് പിടിച്ചുവാങ്ങി. അവളുടെ കൈ കൈ തട്ടിയപ്പോൾ വല്ലാത്ത ഒരു ചൂട് തോന്നി. എന്തോ തീക്കനലിൽ തൊട്ട പോലെ. നല്ല പനി ഇപ്പോഴുമുണ്ട്.
എന്താണെങ്കിലും കുറേ ചായയും പലഹാരങ്ങളും ഒക്കെ തന്നിട്ടാണ് അവളുടെ അമ്മ ഞങ്ങളെ പറഞ്ഞയച്ചത്.

**

വിഷ്ണുവിനെ വീട്ടിലേക്ക് യാത്രയാക്കി ഞാനും വീട്ടിലേക്ക് നടന്നു. കയ്യിൽ ആകെ ഒരു നീറ്റൽ പോലെ. നോക്കിയപ്പോൾ എന്തോ ഒരു പച്ച കളർ. പെയിൻറ് പോലെ എന്തോ ഒന്ന്. വീട്ടിലെത്തിയപ്പോൾ മുതൽ എന്തോ ഒരു വല്ലായ്മ. ശരീരം ആകെ തണുക്കുന്നത് പോലെ തോന്നി.
വേറൊരു കാര്യം ചിന്തിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു പേടി തോന്നി. കയ്യിൽ പറ്റിയ ആ ചായം കഥകളി വേഷക്കാരൻ ഉപയോഗിക്കുന്നത് ആണോ. അന്ന് ആകെ മൊത്തം ഒരു പേടിയായിരുന്നു. അമ്മയുടെ ഒപ്പം തന്നെ കുറെ നടന്നു. രാത്രിയായി തുടങ്ങിയപ്പോൾ തലകറങ്ങുന്നതുപോലെ പോലെ തോന്നി.
ഗോപികയുടെ വീട്ടിൽ പോയ കാര്യം അമ്മയോട് പറയണം എന്നുണ്ടായിരുന്നു പക്ഷേ അതിനൊന്നും ഒരു അവസരം കിട്ടിയില്ല.
രാത്രി നല്ല പനി പിടിച്ചു. വയ്യായ്ക മാറുന്നില്ല. കണ്ണടച്ചാൽ ഒരു ചെണ്ടയുടെ ശബ്ദം കേൾക്കുന്ന പോലെ. ആകെ ദുസ്വപ്നങ്ങൾ നിറഞ്ഞ ഒരു രാത്രി.
കൈകാലുകൾ അനക്കാൻ പറ്റാത്ത അവസ്ഥയിൽ തന്നെയാണ്. എപ്പോഴും ആരൊക്കെയോ അടുത്തുനിന്ന് സംസാരിക്കുന്നതുപോലെ. മെല്ലെ കണ്ണു തുറന്നാൽ വാതിലിന്റെ അടുത്തു ആരൊക്കെയോ മിന്നിമറയുന്ന പോലെ ഒരു തോന്നൽ

*
മൂന്നു ദിവസം ആയി  മാങ്ങാ അച്ചാറും, ചൂടുള്ള കഞ്ഞിയും ആണ് ഇപ്പോഴും ഉള്ള ഭക്ഷണം. വൈദ്യരെ കാണിച്ച് മരുന്നൊക്കെ വാങ്ങിയിട്ടുണ്ട്. പക്ഷേ പനി വിട്ടുമാറുന്നില്ല.
"നീ അറിഞ്ഞോ വിഷ്ണുവിനും അസുഖമാണ് അവൻറെ അമ്മ പറഞ്ഞത് ആണ്.."
അമ്മ അടുത്തു വന്നിരുന്നു പറഞ്ഞു.
"അവന് എന്തു പറ്റി?"
"അവന് ചിക്കൻപോക്സ് ആണത്രേ.. കിടപ്പിൽ തന്നെയാണ്.."
അസുഖം അല്ലായിരുന്നെങ്കിൽ അവൻ കാണാൻ വരുമായിരുന്നു. അവൻ വന്നില്ലെങ്കിലും എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഗോപിക അവളുടെ അച്ഛനെയും കൂട്ടി കാണാൻ വന്നിരുന്നു. സന്തോഷത്തിൽ കൂടുതൽ എനിക്ക് പേടിയായിരുന്നു തോന്നിയത് കാരണം അവളെ കണ്ടപ്പോൾ ആണല്ലോ എനിക്ക് ഈ ഗതി വന്നത്.
അവളുടെ മുഖത്ത് നിന്ന് ക്ഷീണം മാറിയിരുന്നു..
അന്നത്തെ പോലെ തന്നെ അവൾ മെല്ലെ പറഞ്ഞു
"നമ്മൾ പറഞ്ഞാൽ ആരും വിശ്വസിക്കുക ഇല്ല.. പക്ഷേ ഒരാൾ നമ്മളുടെ കൂടെ കൂടിയിട്ടുണ്ട് എന്നത് സത്യമാണ്"
അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ വല്ലാത്ത ഒരു പേടി തോന്നി. അവൾ പറയുന്നതിലും കാര്യമുണ്ട്. അവൾ‌ തുടർന്നു..
"എനിക്ക് പലപ്പോഴും ചെണ്ടയുടെ ശബ്ദം കേൾക്കാം.. നല്ല ഒരു തരം ഗന്ധം റൂമിൽ ഇടയ്ക്ക് വരും.. ആരോ നമ്മുടെ അടുത്തു കൂടെ സഞ്ചരിക്കുന്നത് പോലെ.."
അവൾ പറഞ്ഞത് സത്യമാണ് എനിക്കും തോന്നിയിട്ടുണ്ട്. ആരോ മുറിയിലൂടെ മിന്നിമായുന്നതുപോലെ. ആ കഥകളിക്കാരൻ ആയിരിക്കുമോ. സ്വപ്നത്തിൽ ഞാൻ പലവട്ടം കണ്ടതാണ് മുഖത്ത് ചായം പുരട്ടുന്ന അയാളെ. ഞങ്ങളുടെ രണ്ടുപേരുടെയും അടുത്ത് ഞങ്ങളെയും നോക്കി പൂർണ്ണമായ കഥകളി വേഷത്തിൽ അയാൾ ഇരിക്കുന്നുണ്ടാകാം. ഗോപിക ഉത്തരത്തിലേക്ക് നോക്കുന്നത് കണ്ടു. ഇനി അയാൾ അവിടെ ആയിരിക്കുമോ.. എന്താണെങ്കിലും ഈ സംഭവം കൊണ്ട് ഞങ്ങൾ രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി മാറി. എൻറെ ഏറ്റവും വലിയ സംശയം വിഷ്ണുവിനും ഇതേ പ്രശ്നം ആയോ എന്നായിരുന്നു..
അതിനു മറുപടി അവൾ തന്നെ തന്നു.
"എനിക്ക് ഇപ്പോൾ അത്ര പ്രശ്നമില്ല.. പനി മാറിയിട്ടുണ്ട്.. വിഷ്ണുവിന് വരാൻ സാധ്യതയില്ല"
അതെന്താ അങ്ങനെ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഇപ്പോൾ എനിക്ക് മാത്രമാണോ പ്രശ്നം ഉള്ളത്.
പോകുന്നതിനു മുന്നേ അവൾ ഒരു കാര്യം കൂടി എൻറെ ചെവിയിൽ പറഞ്ഞു.
"ആ കഥകളിക്കാരന് ചിത്രങ്ങൾ വളരെ ഇഷ്ടമാണ്.... നന്നായി ചിത്രം വരയ്ക്കുന്ന ആക്കാരെയും......"
ഒരു നിമിഷത്തിന്റെ മൗനത്തിന് ശേഷം അവൾ‌ വീണ്ടും തുടർന്നു...
മരിച്ച ആളുകൾ അങ്ങനെ ആണ്. . ജീവിച്ചിരിക്കുമ്പോൾ അവരുടെ ഉള്ളിൽ ഉള്ള ഇഷ്ടങ്ങൾ മരണ ശേഷവും കാണും.. ആ ഇഷ്ടങ്ങളെ സ്നേഹിക്കുന്ന മനുഷ്യരുടെ ഒപ്പം കൂടാൻ ആണ് അവർക്ക് ഇഷ്ടം . മുത്തശ്ശി പറഞ്ഞത് ആണ്......
അതും പറഞ്ഞ് അവൾ‌ എന്നെ നോക്കി. ഒരു നിമിഷം ഞാൻ ഇല്ലാതെ ആകുന്ന പോലെ തോന്നി . എന്നെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൾ‌ മെല്ലെ പുറത്തിറങ്ങി .
...
( അവസാനിച്ചു)

By: Bobish MP

മഴയിൽ പിറന്ന അഗ്നി


°°°°°°°°°°°°°°°°°°°°°°°°°
ചിതറിക്കിടക്കുന്ന
പുസ്തകങ്ങളിൽ സ്വർണ്ണ നിറമുള്ള പുറംചട്ടയും അതിൽ ചുവപ്പു കലർന്ന
തലക്കെട്ടുമുള്ള ആ പുസ്തകം മാത്രം കണ്ടില്ല.ഇന്നലെ വിനയൻ വന്നു പറഞ്ഞപ്പോഴാണ് ആ പുസ്തകത്തേക്കുറിച്ചോർമ്മ വന്നത്. ഇടവഴിയിൽ വെച്ച് എന്നോ പരിഭ്രമത്തോടെ എന്നാൽ കണ്ണുകളിൽ പ്രണയം നിറച്ചു കൈയ്യിൽ തന്ന ആ പുസ്തകത്തിൻ്റെ തലക്കെട്ട് "മഴയിൽ പിറന്ന അഗ്നി" എന്നായിരുന്നു.
വിനയൻ്റെ പ്രണയമായിരുന്നു അതിലേ ഓരോ വരികൾക്കും, അയാളുടെ ഹൃദയത്തിലെ പ്രണയം അഗ്നി ആയി ആളിക്കത്തിയിരുന്നു. ഒരു കുടയിൽ ഒരുമിച്ച് നടന്നപ്പോൾ പ്രണയത്തിൽ ചാലിച്ച ഏതാനും വാക്കുകൾ മാത്രം അയാൾ പറഞ്ഞു. ചുരുങ്ങിയ വാക്കുകളിൽ മനസ്സിനുള്ളിൽ കുടിയേറിപ്പാർക്കുന്ന കവിത പോലെയാണ് അയാളുടെ സംഭാഷണം.
പക്ഷേ ഒരിക്കലും വിനയനോട് പ്രണയം തോന്നിയിട്ടില്ല.ഇന്നും വിവാഹം പോലും കഴിക്കാതെ എഴുത്തിന്റെ ലോകത്താണെന്ന് കേട്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ പോലെ തോന്നിയിരുന്നു. വലിയ കണ്ണാടിയും,മുഷിഞ്ഞ ജുബ്ബയും ചുമലിൽ വീണുകിടക്കുന്ന മുടിയും ആളാകെ മാറിയിരിക്കുന്നു. പക്ഷേ ഇന്ന് ഒരുപാട് സാഹിത്യം പറഞ്ഞു.ഒന്നും മനസ്സിലായില്ല. അല്ലെങ്കിലും അയാൾ ആർക്കും തന്നെ വായിക്കാൻ അവസരം നൽകില്ല.
ജീവിതത്തിൻ്റെ നാൾവഴികളിൽ ചിന്നിച്ചിതറിയ ആത്മ ബന്ധങ്ങൾ ചേർത്തു പിടിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല.തിരക്കുകളിൽ എല്ലാം മറഞ്ഞു പോയിരുന്നു. വിദേശത്തെ ഉയർന്ന ജോലി, ശമ്പളം, ഭർത്താവിന്റേയും, വീട്ടുകാരുടേയും സന്തോഷം അങ്ങനെ കടമകൾക്ക് മുൻപിൽ തളച്ചിടാൻ വിധിക്കപ്പെട്ട ജീവിതം. അമ്മമ്മയുടെ ശവദാഹത്തിന് എത്താൻ കഴിഞ്ഞില്ല, ഡോ:അഗ്നിശോഭ തിരക്കിലായിരുന്നു. ജീവിതം വെട്ടിപ്പിക്കാനുള്ള തിരക്കിൽ.
അച്ഛനും, അമ്മയും ചെറുപ്പത്തിലേ നഷ്ടമായി.അമ്മമ്മയായിരുന്നു എല്ലാം. പഠിപ്പിച്ചു വലിയ നിലയിൽ എത്തപ്പെട്ടപ്പോൾ നാടും, വീടും ബന്ധങ്ങളും ഇട്ടെറിഞ്ഞു സ്വന്തം സുഖം മാത്രം നോക്കി ജീവിച്ചു തീർത്ത ജീവിതത്തിന് അല്പം ഇടവേള നൽകി ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളിലേയ്ക്ക് ഒരെത്തി നോട്ടം.
നീണ്ട അവധിയെടുത്ത് മരുതംകുഴി എന്ന ഗ്രാമത്തിൻ്റെ ഇടവഴികളിലും,കുളങ്ങളിലും
പുഴകളിലും
മറന്നു വെച്ച ഒരായിരം ഓർമ്മകൾ വാരിയെടുത്ത് കൈക്കുമ്പിളിൽ നിറച്ചു ചുംബിച്ചു.
പിന്നെ കൊഴിഞ്ഞു വീണ പൂവുകൾ മണ്ണിൽ തളർന്നുറങ്ങുന്നത് നോക്കി എത്ര നേരമിരുന്നു എന്നറിയില്ല.
താഴേക്കാവിലെ മുറ്റത്ത്‌ പൂത്തു നിൽക്കുന്ന ചെമ്പക ചോട്ടിൽ വച്ചാണ് വിനയനെ വീണ്ടും കണ്ടത്. തൊഴുതിറങ്ങുബോൾ ആ മരച്ചുവട്ടിൽ വിനയൻ കാത്തു നിന്നിരുന്നു.
സ്വർണ്ണ നിറം കൊണ്ട് തീർത്ത വരികൾക്കുള്ളിലെ പ്രണയത്തിന് മഴയുടെ തണുപ്പായിരുന്നു. തെക്കുമ്പാട്ടെ വയൽ വരമ്പിലൂടെ നടക്കുബോൾ വിനയൻ വാചാലനായിരുന്നു. വിനയൻ എന്ന സ്കൂൾ മാഷിൽ നിന്നും എഴുത്തുകാരനിലേയ്ക്കുള്ള മാറ്റം അത്ഭുത്തോടെ അതിലുപരി കൗതുകത്തോടെ കേൾക്കുകയായിരുന്നു.
തിരിച്ചൊന്നും പറയാനില്ല ഒരിക്കൽ ഒരുപാട് വാചാലയായിരുന്നു,ഇപ്പോൾ വാക്കുകൾക്കായി ഒരു തിരിച്ചിലാണ്.എന്നിട്ടും മുഴുവനാക്കാൻ കഴിയാത്ത വാക്കുകൾ ഹൃദയത്തിൽ തിങ്ങിനിറഞ്ഞിരുന്നു.
കൂടെ പ്രായത്തിൻ്റെ മാറ്റം മുഖത്ത് തെളിഞ്ഞു തുടങ്ങി എന്ന സൂചനയും നൽകി വിനയൻ.
തനിക്കും പ്രായമായെന്ന് തിരിച്ചു പറയണമെന്ന് തോന്നി.
അത്രയ്ക്ക് സ്വാതന്ത്ര്യം ഇല്ല എന്ന തോന്നലു കൊണ്ടാവാം പറഞ്ഞില്ല.
ഉമ ചെറിയമ്മയാണ് തിരച്ചിലിനു വിരാമമിട്ടത്. ആ പുസ്തകം അമ്മാവൻ്റെ മകൾ ശ്രുതി കൊണ്ട് പോയി എന്ന്. എന്തിനവൾ കൊണ്ട് പോയി എന്നറിയില്ല.ചിലപ്പോൾ ആ പുസ്തകത്തിന്റെ ഭംഗി അവൾക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടാവാം,അല്ലെങ്കിൽ അതിലേ ഓരോ വരിയിലേയും പ്രണയം അവളുടെ മനസ്സിൽ പ്രണയം നിറച്ചിട്ടുണ്ടാവാം. എൻ്റെ മുറിയിൽ കയറി ആ പുസ്തകം മാത്രം തിരഞ്ഞെടുത്തു കൊണ്ട് പോയത് അത്രമേൽ അവളെയത് ആകർഷിച്ചു കാണും. പത്തു വർഷത്തിനിപ്പുറം ആ വലിയ പെട്ടിയിൽ അടക്കം ചെയ്ത കുറേയേറെ പുസ്തകങ്ങളിൽ ആ പുസ്തകം എത്രയോ പ്രിയ്യപ്പെട്ടതാണെന്ന സത്യം ഇന്ന് തിരിച്ചറിയുന്നു.
ഓർമ്മകൾ വീണ്ടും അടുക്കി വച്ചു യാത്ര പറയാൻ ആ വലിയ നാലുകെട്ടിൻ്റെ മുറ്റത്ത് നിൽക്കുബോൾ ആൾത്താമസത്തിൻ്റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല. കാടുപിടിച്ചു കിടക്കുന്ന അവിടെ പഴക്കമുള്ള ചുവരുകൾക്കുള്ളിൽ ചിതലരിച്ചിരുന്നു.
തിരിച്ചു പടികളിറങ്ങുബോൾ ഒരു പിൻവിളി കേട്ടത് പോലെ ,ഇല്ല തിരിഞ്ഞു നോക്കിയപ്പോൾ ആരേയും കാണാനില്ല.
വൈകുന്നേരമാണ് യാത്ര തിരിക്കേണ്ടത്.ഇടവഴിയിലെ ചെമ്പരത്തി വേലിയിൽ നിറയെ പൂക്കൾ വിടർന്നിരുന്നു.
ചുവന്നു തുടുത്ത ചോര നിറമാർന്ന ചെമ്പരത്തി പൂക്കൾ.
അപ്പോൾ എതിരെ വന്ന കരുണാകരേട്ടനാണ് ആ സത്യം പറഞ്ഞത്. വിനയൻ മാഷ് മരിച്ചു എന്ന യാഥാർത്ഥ്യം.ഒരു നിമിഷം നടുങ്ങി തരിച്ചു നിന്നു. പിന്നെ ശബ്ദിക്കാനാവാതെ ഇടറുന്ന പാദങ്ങളോടെ
നടന്നു ദിക്കറിയാതെ. ഉമ ചെറിയമ്മ എന്തൊക്കെയോ ചോദിച്ചു. മറുപടിയായി എന്തൊക്കെയോ പറഞ്ഞു. എത്രയും വേഗം ഇവിടെ നിന്നു പോവണം ഫ്ളാറ്റിലെ ഏകാന്തതയിൽ സുന്ദരമായ ഓർമ്മകൾ ഇനി
കണ്ണുനീരിനും, ശോകത്തിനുമായി വഴിമാറുമെന്ന് തീർച്ചയാണ്.
ഒരമ്മയാവാനുള്ള ഭാഗ്യം ഇല്ലാത്ത വിഷാദം തളംകെട്ടി നിൽക്കുന്ന മനസ്സിൽ ഇനി ഓർമ്മിക്കുവാൻ എന്താണുള്ളത് ഈ മണ്ണിൽ.
ഇന്നലെ സ്വപ്നത്തിലോ ,യാഥാർത്ഥ്യത്തിലോ വിനയൻ മാഷ് വന്നത്. മരിച്ചു എന്ന് ആരും പറഞ്ഞില്ല.എത്ര ആലോചിച്ചിട്ടും സ്വപ്നമെന്ന് കരുതാൻ കഴിഞ്ഞില്ല.ഒടുവിൽ അത് വെറുമൊരു സ്വപ്നമായി തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
എങ്കിലും ഉമ ചെറിയമ്മയോട് ചോദിച്ചു.
നാലു വർഷമായി മാഷ് മരിച്ചിട്ട് .ആത്മഹത്യ ആയിരുന്നു.ആരും ആ മരണത്തിന് അത്ര പ്രാധാന്യം നൽകിയില്ല.എല്ലാവരും മറന്നു. അത്രയേ ചെറിയമ്മ പറഞ്ഞുള്ളൂ. അല്ലെങ്കിലും ആരുമായും വിനയൻ കൂടില്ല. തനിച്ചിരിക്കാനും,പുസ്തകങ്ങളോട് കൂട്ടുകൂടാനും മാത്രം അറിയുന്നവനാണ്. ഓർമ്മിക്കാനായി ആർക്കും ഒന്നും തന്നെയും സമ്മാനിക്കാനിടയില്ല.
വിമാനത്തിൽ ഇരിക്കുബോൾ മനസ്സിൽ ഒരു നോവിന്റെ വിങ്ങൽ കുടിയേറിയിരുന്നു.
സ്വർണ്ണ നിറമുള്ള ആ പുസ്തകത്തിലെ വരികളെല്ലാം ശില പോലെ മനസ്സിൽ ഉറച്ചു പോയി.
സൂര്യപ്രകാശം ഏൽക്കുബോൾ അലിഞ്ഞു പോവുന്ന മഞ്ഞു തുള്ളി പോലെ, എല്ലാ ദു:ഖവും മാഞ്ഞു പോയെങ്കിൽ
കണ്ണുകളടച്ചു രണ്ടു തുള്ളി കണ്ണുനീർ കവിളിനെ പൊള്ളിച്ചു ഒഴുകിയിറങ്ങി.
ഇന്ന് വിനയൻ മാഷിനെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു ഞാൻ.
നഷ്ടമാവുബോൾ മാത്രം തിരിച്ചറിയുന്ന, പ്രണയത്തിന്റെ, ചെമ്പകപ്പൂക്കൾ മണക്കുന്ന അമ്പല മുറ്റത്ത്‌ ഒരു മഴയായ് പെയ്തിറങ്ങുന്ന അവനെ അഗ്നിയായ് പുണരുന്നു ഞാൻ
.................................... രാജിരാഘവൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo