Slider

സോഫീസോഫീ നീയൊന്നാംനമ്പർ.

0
Image may contain: 1 person, smiling, closeup
സോളമൻ പുലർകാലത്ത് എഴുന്നേറ്റ് മണലാരണ്യത്തിൽ ഇരുന്ന് സോഫിയെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിളിച്ചിട്ടും വിളിച്ചിട്ടും ബെല്ലടിക്കുന്നുണ്ട് എന്നുള്ളതല്ലാതേ ഫോൺ എടുക്കുന്നില്ല. ആ ദേഷ്യത്തിന് റിമോട്ട് എടുത്ത് ടി വി ഓൺ ചെയ്തപ്പോൾ അതിൽ ഒരു അടിപൊളിപ്പാട്ട്.
സോനാ സോനാ നീയൊന്നാം നമ്പർ
അടിമുടിവടിവഴകിൽ ഒന്നാം നമ്പർ
പടയടി അടിപൊളിയിൽ ഒന്നാംനമ്പർ , കലാഭവൻമണിയും ഏതോ ഒരു പെണ്ണും കൂടെ അടിച്ചു പൊളിച്ചു പാടുകയാണ്. ടിവി മ്യൂട്ടിൽ ആക്കി ഒന്നൂടെ സോഫിയെ വിളിച്ചു. ഭാഗ്യം ഇപ്രാവശ്യം ഫോൺ എടുത്തു.
സോഫീ ഇതെവിടാ ഞാൻ രാവിലെ തൊട്ട് വിളിക്കുകയാണല്ലോ.
ഞാൻ മീനുവിനെ കൊണ്ടെ ട്യൂഷന് ആക്കാൻ പടിഞ്ഞാറെജെട്ടിയിൽ പോയതല്ലേ, ടൂവീലറിൽ ആയതു കൊണ്ട് കേട്ടില്ല. ഇപ്പോൾ ഏടിയെമ്മിന്റെ അടുത്ത് ഇറങ്ങിയതാണ്, അനുവിന് ട്യൂഷൻ ഫീസ് എടുത്തു കൊണ്ടുചെന്നിട്ടു വേണമല്ലോ കിഴക്കേജെട്ടിയിൽ കൊണ്ടുചെന്നു വിടാൻ, എട്ടു മണിക്കല്ലേ അവിടെ നിന്ന് ബോട്ടു പോകുന്നത്.
മറ്റൊരു കാര്യമുണ്ട് അച്ചായാ. നമുക്കാണ് ഫസ്റ്റ്പ്ലേസ്.
അതു പിന്നെ നമ്മൾ നല്ല ഭാഗ്യമുള്ളവർ അല്ലേ. എന്താണ് നമുക്ക് ഫസ്റ്റ് കിട്ടിയത്. കെഎസ്ഫിഈയിലെ പുതിയ നറുക്ക് ചിട്ടിയാണോ ?
അത് നാളെയല്ലേ തുടങ്ങുന്നത്, ഇത് അതല്ലന്റെ സോളമച്ചായാ മറ്റൊരു സമ്മാനമാണ്.
അതെന്താണ്, എന്താണ് സമ്മാനമായി കിട്ടിയത്.
സമ്മാനം അത് ആയിരം രൂപ.
അപ്പോൾ കോളടിച്ചല്ലോ, ഞായറാഴ്ച ചിക്കൻ വാങ്ങാനും , ബിരിയാണി വയ്ക്കാനും ഉള്ള കാശായല്ലോ , പിള്ളേർ ട്യൂഷൻ കഴിഞ്ഞ് വരുമ്പോൾ ഇന്ന് സൺഡേ സ്പഷ്യൽ ബിരിയാണി കൊടുക്കാമല്ലോ?
അച്ചായൻ പറഞ്ഞാൽ മതി ബിരിയാണിയെല്ലാം ഉണ്ടാക്കി കൊടുക്കാം , എല്ലാം കൊണ്ട് കോളടിച്ചത് അച്ചായനു തന്നെയാണല്ലോ?
എന്നാലും ഇത്ര രാവിലെ എവിടെ നിന്നാണ് ആയിരംരൂപ ഒന്നാംസമ്മാനം ആയി കിട്ടിയത്. അവിടെ വല്ല ക്ലബ്ബിന്റേയും ഓണാഘോഷം നടക്കുന്നുണ്ടോ? അതിന്റെ നറുക്കെടുപ്പ് രാവിലെ നടന്നോ, ഒന്നു പറയെടോ സോഫീ.
എന്നെ ഒന്ന് പറയാൻ സമ്മതിക്കച്ചായാ. ഞാൻ മീനുവിനെ ജെട്ടിയിൽ കൊണ്ടാക്കി തിരിച്ചു പോരാൻ തുടങ്ങിയപ്പോൾ ആണ് അനു വിളിച്ചിട്ട് പറഞ്ഞത് ഏടിഎമ്മിൽ നിന്ന് മോളുടെ ട്യൂഷൻ ഫീസും കൂടെ എടുത്തോണ്ട് പോരൂ എന്ന് . അച്ചായൻ ഇന്നലെ പൈസ അയച്ചിട്ടുണ്ട് എന്നു പറഞ്ഞതിനാൽ ഞാൻ ഏടിഎമ്മിൽ ഇറങ്ങി പൈസ എടുത്തു കൊണ്ടിരുന്നപ്പോൾ ആണ് അവർ വന്നത്. വന്ന ഉടനെ അവർ പറഞ്ഞു ഏതായാലും പൈസ എടുക്കുകയല്ലേ ആയിരം രൂപയും കൂടെ എടുത്തേക്ക് എന്ന്.
അതാരാ രാവിലെ വന്ന് അങ്ങിനെ പറഞ്ഞവർ, നമുക്കാണ് ഫസ്റ്റ് കിട്ടിയത് എന്നല്ലേ പറഞ്ഞത്, എന്നിട്ട് നമ്മാളാണോ അതിന് പൈസ മുടക്കേണ്ടത്. അത് ഏതു ക്ലബ്ബ് നടത്തുന്ന ഓണാഘോഷ മത്സരമാണ്, സോഫി എന്തേ ഇങ്ങിനെ മണ്ടിയായിപ്പോയി കാണുന്ന എല്ലാ ഉഡായിപ്പിനും കൊണ്ട് ചെന്ന് തലവച്ചു കൊടുക്കുന്നത്. ഒന്നാംസമ്മാനം കിട്ടിയവർ കാശു അങ്ങോട്ട് കൊടുത്ത് ഒന്നാംസമ്മാനം കരസ്ഥമാക്കുന്നത് എവിടെയാണ്. ആരെങ്കിലും കേട്ടാൻ തന്നേ അയ്യേന്ന് പറയില്ലേ.
അങ്ങിനെ ആരും അയ്യേന്ന് പറയില്ല, അതും പോരാഞ്ഞ് ക്ലബ്ബ്കാർ നടത്തുന്ന ഓണാഘോഷമൊന്നുമല്ല ഇതു വേറേ വാരാഘോഷം ആണ്.
ലഡ്ഡുവിനെല്ലാം എന്താ വിലയെന്റെ അച്ചായാ?
കിലോയ്ക്ക് 150 രൂപയോ മറ്റോ അല്ലേ. രാവിലെ ആർക്കാണ് ലഡ്ഡു വാങ്ങിച്ചു കൊടുത്തത്.
ഞാനൊന്നും വാങ്ങിച്ചില്ലേ.
പിന്നെന്താ രാവിലെ ഒരു ലഡ്ഡു വിശേഷം, എന്താ മനസ്സിൽ വല്ല ലഡ്ഡുവും പൊട്ടിയോ?
അതേ ഞാൻ ഇന്നലെ പറഞ്ഞില്ലേ ഇവിടെ ഈ ഏടിഎമ്മിന്റെ അടുത്തായാണ് ഇന്നലെ മുതൽ നമ്മുടെ ഗ്രാമത്തിൽ പോലീസ് ഔട്ട് പോസ്റ്റ് ഒന്നാം തീയതി മുതൽ തുടങ്ങിയെന്ന കാര്യം.
അത് പറഞ്ഞിരുന്നു , ഞാൻ ഓർക്കുന്നുണ്ട്.
ഇന്നലെ ഞാനും മീനുവും കൂടെ പോന്നപ്പോൾ അവർ ഇവിടെ വച്ച് ഞങ്ങൾക്ക് ഓരോ ലഡ്ഡു തന്നിരുന്നു. ഞാൻ ഓർത്തു അവർ ഔട്ട് പോസ്റ്റ് ഉദ്ഘാടനം ചെയ്തതിന് തന്നതാണെന്ന് . ഞാൻ ഒന്നും ചോദിച്ചുമില്ല അവർ ഒന്നും പറഞ്ഞുമില്ല.
പക്ഷെ അവർ ഇന്ന് രാവിലെ ആയിരം രൂപ വേണമെന്ന് പറയുന്നു, ഒരു ലഡ്ഡുവിന് അഞ്ഞൂറു രൂപ വിലയുണ്ടോ?
എന്റെ പൊന്നു പൊട്ടീ ഇന്നലെ ലഡ്ഡു തന്നത് പോലീസ് ഔട്ട് പോസ്റ്റ് ഉദ്ഘാടനം ചെയ്തതിന്റെ വകയായിട്ടു തന്നതല്ല, ട്രാഫിക്ക് വാരാഘോഷത്തിന്റെ ഭാഗമായാണ് . ഇന്ന് തൊട്ട് ഹെൽമറ്റ് വച്ചില്ലെങ്കിൽ 1000 രൂപ ഫൈനാണ്.
അതിപ്പോൾ അവർ പറഞ്ഞപ്പോൾ മനസ്സിലായി, അതാണ് ആദ്യമേ പറഞ്ഞത് കോളടിച്ചത് അച്ചായനാണെന്ന് . അച്ഛായന്റെ ആയിരം രൂപയല്ലേ ദാ എന്ന് പറയുന്നതിനു മുമ്പ് പറന്നു പോയത്.
അപ്പോൾ ഇന്നും ഹെൽമറ്റ് വച്ചില്ലായിരുന്നല്ലേ .
അച്ചായന്റെ പറച്ചിൽ കേട്ടാൽ തോന്നും ഇതിനു മുമ്പ് എന്നും വയ്ക്കാറുണ്ടായിരുന്നു എന്ന്. ഇവിടെ പോലീസ് ഒന്നും വരാറില്ല അഥവാ വന്നാൽ തന്നെ ആരെങ്കിലും വിളിച്ചു പറയുമായിരുന്നു. ഇതിപ്പോൾ ഇന്നലെ മുതൽ ഔട്ട് പോസ്റ്റ് എല്ലാം തുടങ്ങിയത് ആര് ഓർത്തു. ഏതായാലും ഇനി മുതൽ മറക്കാതെ ഹെൽമറ്റ് വച്ചോളാം.
അപ്പോൾ എന്റെ ആയിരം രൂപ രാവിലെ പോയിക്കിട്ടിയല്ലേ , എങ്ങിനെ നോക്കിയാലും നഷ്ടം തന്നേ.
എന്നാൽ നഷ്ടം മാറ്റാൻ ഞാൻ രാവിലെ ഒരു വഴി പറഞ്ഞു തരാം. എന്റെ മനസ്സിലും ചില പ്ലാനും പദ്ധതികളും എല്ലാം ഉരുത്തിരിഞ്ഞ് വരുന്നുണ്ട്.
ശ്രീനിവാസന്റെ ഡയലോഗ് പറയാതെ കാര്യം പറ, ഇനി
അതെന്താണാവോ എന്നെ അടുത്ത കുഴിയിൽ ചാടിക്കാനുള്ള വഴി കണ്ടുപിടിച്ചിരിക്കുന്നത് എന്റെ ഈശോമറിയംഔസേപ്പേ .
ഇത് അച്ചായന് ഇഷ്ടപ്പെട്ട വഴിയാണ് ഉള്ള നേരം കളയാതെ സാധാരണ പോലെ എന്റെ മണ്ടത്തരമെല്ലാം ചേർത്ത് നല്ലൊരു കഥ എഴുതി മൂന്നാലു ഗ്രൂപ്പിൽ പോസ്റ്റിക്കോ എല്ലാം കൂടെ ഒരു പത്തായിരം ലൈക്ക് കിട്ടിയാൽ അച്ചായന്റെ സങ്കടം തീരില്ലേ . എങ്ങിനെയുണ്ട് എന്റെ ബുദ്ധി. ഇനി ഞാൻ പോകട്ടെ
അനുവിനെ ജെട്ടിയിൽ കൊണ്ടാക്കണം.
തിരിച്ച് വന്നിട്ട് വിളിക്കാം.
സമ്മതിച്ചു എന്റെ സോഫീ , സോഫീ നീയൊന്നാം നമ്പർ.
ടിവിയിൽ അപ്പോഴും ആ പാട്ട് തീർന്നിട്ടില്ലായിരുന്നു. സോളമൻ ഫോൺ ഓഫ് ചെയ്തിട്ട് പാട്ട് ഇത്തിരിയും കൂടെ വോളിയത്തിൽ വച്ചു.

BY PS ANilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo