നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുതുപ്പെണ്ണും... ആ ചാരങ്ങളും.

Image may contain: 1 person, smiling
**************************************
ആദ്യരാത്രിയുടെ ആലസ്യം വിട്ടു മാറും മുൻപെ അവൾ മെല്ലെ കൺ തുറന്നു നോക്കിയപ്പോൾ......
"ഈശ്വരാ..... നേരം ഒരു പാട് വൈകി..... ആദ്യ ദിവസം തന്നെ എഴുന്നേൽക്കാൻ വൈകി നേരത്തെ എഴുന്നേൽക്കണമെന്നു വിചാരിച്ചതാ..... ഇതിപ്പോൾ ഏഴു മണി കഴിഞ്ഞിരിക്കണു...... "
ബെഡിൽ നിന്നും തിടുക്കത്തിൽ എഴുന്നേറ്റ് തന്റെ അഴിഞ്ഞുകിടന്ന സാരി അലസമായി ദേഹത്തച്ചുറ്റി മുടി മാടി ഒതുക്കി ക്കെട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങിയതിനിടയിൽ ഹേമ മെല്ലെ തിരിഞ്ഞൊന്നു നോക്കി ചതഞ്ഞ മുല്ലപ്പൂക്കളുടെ മേൽ ഒരു പാവം കൊച്ചു കുട്ടിയെപ്പോൽ കമിഴ്ന്ന് കിടന്നുറങ്ങുന്ന സുധി ... അവൾക്ക് ചെറിയൊരു കുസൃതി തോന്നി ചെന്ന് ആ കവിളിലൊരു കടി കൊടുക്കണമെന്ന് ..... അടുത്തു ചെന്നപ്പോൾ ഓർത്തു
" വേണ്ട .....പാവം ഉറങ്ങിക്കോട്ടെ..... "
കതകു തുറന്ന് മെല്ലെ തല പുറത്തേക്കിട്ട് ചുറ്റുപാടുമൊന്നു നോക്കി.....
"ഭാഗ്യം ... ആരെയും കാണുന്നില്ല......" അവൾ മെല്ലെ അടുക്കള ലക്ഷ്യമാക്കി നീങ്ങി.....
" നിൽക്ക്.........."
പെട്ടെന്ന് സൗദാമിനിയമ്മയുടെ ഘനത്ത ശബ്ദം അവൾ സഡൺ ബ്രേക്കിട്ട പോൽ നിന്ന് തിരിഞ്ഞു നോക്കി.....
"ഉം.... എങ്ങോട്ടാ....."
" അ... അടുക്കളയിലോട്ട്.. ... എഴുന്നേറ്റപ്പോൾ അല്പം.... വൈകിപ്പോയി. ...." അവൾ പരിഭ്രമത്തോടെ പറഞ്ഞു.....
" അടുക്കളയിലോട്ടോ..... ' ഛെ.. ' പോയി അടിച്ചു നനച്ച് കുളിച്ചിട്ടു വരു..... പട്ടണത്തിലെ പരിഷ്കാരമൊന്നും ഇവിടെ വേണ്ട.... "
അവൾ തല കുനിച്ച് മെല്ലെ തിരിഞ്ഞു നടന്നു.... പട്ടണത്തിൽ വളർന്ന അവൾക്ക് നാട്ടിൻ പുറത്തെ രീതികൾ ഒന്നും അറിയില്ലായിരുന്നു.... -
" പിന്നെ ഒരു കാര്യം... ഇവിടെ ചില ചിട്ട വട്ടങ്ങളൊക്കെയുണ്ട് ..... അതൊക്കെ പാലിച്ചിരിക്കണം.... രാവിലെ കിടപ്പറയിൽ നിന്നിറങ്ങുന്ന പെണ്ണ് അശുദ്ധയാണ് .. ... അതു കൊണ്ട് എന്നും അധിരാവിലെ എഴുന്നേറ്റ് അടിച്ചു നനച്ച് കുളിച്ചതിനു ശേഷം മാത്രമേ അടുക്കളയിൽ കയറാവൂ..... ഇവിടെ ശുദ്ധിയും വൃത്തിയുമൊക്കെ പ്രധാനമാണ്.......മേലിൽ ഇതാവർത്തിക്കരുത്......" സൗദാമിനിയമ്മയുടെ ശബ്ദത്തിന് അല്പം ഘനമുണ്ടായിരുന്നു.....
അവൾ തിരികെ ബെഡ് റൂമിൽ കയറി കതകടച്ചു....
ഒരു നിമിഷം കതകിൽ ചാരി നിന്ന് അവൾ മനസ്സുകൊണ്ട് പിറുപിറുത്തു.....
"ഓ.... ഒരശുദ്ധി...... ഇവരൊക്കെ ഇതേതു നൂറ്റാണ്ടിലാണോ ജീവിക്കുന്നത്......"
വീണ്ടും കട്ടിലിലോട്ട് നോക്കിയപ്പോൾ ഇതൊന്നുമറിയാതെ സുഖമായി ഉറങ്ങുന്ന സുധിയെ കണ്ട് അവൾക്ക് ദേഷ്യം വന്നു.. .
ആദ്യ ദിവസം തന്നെ എല്ലാ മൂടും പോയി......
ബാത്ത് റൂമിൽ കയറി ഷവവർ തുറന്നു വിട്ട് അവൾ ഓർത്തു..... " അമ്മായിയമ്മ പ്പോര് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.... ഓ.... ഇനിയങ്ങോട്ട് എങ്ങനയാകുമോ ആവോ...... "
കുളിച്ച് ഈറൻ മാറി ഉണങ്ങിയ തുകർത്തുകൊണ്ട് മുടി ഒതുക്കിക്കെട്ടി തിര്യേ അവൾ അടുക്കളയിലേക്ക് ചെന്നു....
"ഈശ്വരാ.... ഇനി എന്തായിരിക്കുമോ ...... ആ തള്ളയുടെ അടുത്ത ചിട്ടയും ... ശീലവും.... " അവളുടെ മനസ്സു മന്ത്രിച്ചു.......
" ആ..... മിടുക്കി.. .ഇനി എന്നും ഇങ്ങനെയായിരിക്കണം.... " വാത്സല്യത്തോടെ ചിരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞ സൗദാമിനിയമ്മയുടെ മുഖം പെട്ടെന്നു മങ്ങി....
അവർ അവളുടെ കൈ പിടിച്ച് അവളെ തന്റെ മുറിക്കുള്ളിലേക്ക് കൊണ്ട് പോയി .....
ഒരു ചെപ്പ് നിറയെ സിന്ദൂരമെടുത്ത് അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.....
" എന്നും രാവിലെ കുളികഴിഞ്ഞാൽ സുമംഗലികൾ ആദ്യം തിരുനെറ്റിയിൽ സിന്ദൂരം ചാർത്തണം .. .."
" ഉം ..... ശരിയമ്മേ ....."
കിടപ്പുമുറിക്കുള്ളിലെ കണ്ണാടിയിൽ നോക്കി അവൾ തന്റെ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി .....തെല്ലുനേരം കണ്ണാടിയിൽ നോക്കിനി നിന്ന് തന്റെ സൗന്ദര്യം കണ്ട് സ്വയം ഒന്നാസ്വദിച്ചു...... സുധി അപ്പോഴും നല്ല ഉറക്കമായിരുന്നു .....
തിര്യേ അടുക്കളയിൽ ചെന്നപ്പോൾ ഒരു കപ്പ് ചായയെടുത്ത് കയ്യിൽ കൊടുത്തിട്ട് അവർ പറഞ്ഞു...
" ഇത് അവനെ ഉണർത്തി അവനു കൊണ്ടക്കൊടുക്കു..... "
******************************************
" ഉം... പോത്തുപോലെ കിടന്നുറങ്ങുന്നതു കണ്ടില്ലേ.... കുറുമ്പൻ..... ബാക്കിയുള്ളവർ ഈ തണുപ്പാങ്കാലത്തു പോയി കുളിച്ചു തണുത്തു വിറച്ചു വന്നു നിൽക്കുന്നു...... "
അവൾ ചായക്കപ്പ് ടേബിളിൽ വച്ചശേഷം മെല്ലെ ചെന്ന് അവനെ തട്ടി വിളിച്ചു......
" സുധിയേട്ടാ..... എണീറ്റെ... .. എന്തൊരുറക്കാ ഇത്..... "
നല്ല ഉറക്കം നടിച്ചു കിടന്ന അവൻ പൊടുന്നനെ അവളെ വട്ടം പിടിച്ച് തന്റെ മാറിൽ അടക്കിപ്പിടിച്ചു ....
"ഏയ്... സുധിയേട്ടാ..... എന്താ...ഇത് ... വിടൂന്നേ......" അവൾ അവന്റെ കരവലയത്തെ ഭേദിച്ചു ചാടിയെഴുന്നേറ്റു...
"എടീ..... ഹേമാ.... പ്ലീസ് ..... കുറച്ചുനേരം...."
അവൻ അവളോട് കെഞ്ചി......
"അയ്യs ... അങ്ങനിപ്പം വേണ്ട..... ചെക്കന്റെ കൊഞ്ചൽ.....ഉം... .ഇങ്ങെഴുന്നേറ്റെ... .ഈ ചായ കുടിച്ചേ...... " ചായയും കയ്യിൽ പിടിപ്പിച്ച് അവൾ അടുക്കളയിലേക്ക് പോയി...
*******************************************
സാമ്പാറിനുള്ള കക്ഷണങ്ങൾ അരിയുന്നതിനിയിൽ ഇടക്കൂടെ ഒരു കൈ അരിഞ്ഞുവച്ച ക്യാരറ്റുകക്ഷണമെടുത്തപ്പോൾ ഹേമ ഞെട്ടി തിരിഞ്ഞു... നോക്കി.....
അവളെ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഒരു കുസൃതിച്ചിരിയും ചിരിച്ചു കൊണ്ട്..... സുധി...
" ഇയാൾക്ക് ഈ അശുദ്ധിയൊന്നും ബാധകമല്ലേ.... കുളിക്കാതെ അടുക്കളയിൽ .. .അമ്മ ഇങ്ങേരോടൊന്നും പറയുന്നില്ലല്ലോ ...... അതോ സ്ത്രീകൾക്കു മാത്രമേ ഈ അശുദ്ധി ബാധകമുള്ളോ....." അവൾ മനസ്സിലോർത്തു .....
ദോശ ചുട്ടുകൊണ്ടു നിന്ന സൗദാമിനിയമ്മ തിരിഞ്ഞു നോക്കിയപ്പോൾ അവൻ കുസൃതിയോടെ അവരുടെ അടുത്തു ചെന്നു ചുട്ടു വച്ചിരുന്ന ദോശയിൽ നിന്നും ഒരു കക്ഷണം കീറി വായിലിട്ടു കൊണ്ട് പോകുന്ന വഴിക്ക് ഹേമക്കിട്ടൊരു തട്ടും കൊടുത്തുകൊണ്ട് അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി.. ...
*****************************************
അങ്ങനെ ദിവസങ്ങൾ ഓരോന്നു കൊഴിഞ്ഞുപോയി.... ഹേമ അമ്മായിയമ്മയുടെ പ്രീയപ്പെട്ട മരുമോളുമായി ......
അങ്ങനെ ആദിവസം ഇങ്ങെത്തി..... പതിവു സമയം കഴിഞ്ഞിട്ടും ഹേമ എഴുന്നേറ്റില്ല.....
കതകു തുറന്നു പുറത്തേക്ക് വന്ന സുധിയോട് സൗദാമിനിയമ്മ ചോദിച്ചു......
" മോനെ .... ഹേമയെന്തേ .... അവൾക്കെന്തു പറ്റി..... "
" അവൾക്ക് വയ്യമ്മേ.... വല്ലാത്ത വയറുവേദന ..... അവൾ....."
പറഞ്ഞത് അവൻ പൂർത്തിയാക്കിയില്ലെങ്കിലും അവർക്കും കാര്യം പിടികിട്ടി...
അവർ വാതിലിനടുത്തു ചെന്നുനിന്നു പറഞ്ഞു....
"ഹേമേ.... എഴുന്നേറ്റെ .... അവിടെ കിടന്നു കൂടാ... വേഗം എഴുന്നേറ്റു വാ.... നീ കിടന്ന ആ ഷീറ്റുകൂടി എടുത്തോ..... "
"ഹേമക്കൊന്നും മനസ്സിലായില്ല.... വയ്യാത്തപ്പോൾ മുറിയിലല്ലാതെ മറ്റെവിടെയാ കിടക്കുക... " അവൾ മനസ്സിലോർത്തു...
അവൾ പതുക്കെ ബഡ് ഷീറ്റുമെടുത്ത് വയറിൽ അള്ളിപ്പിടിച്ചു കൊണ്ട് അവർക്കു പിന്നാലെ പോയി .....
അടുക്കളയുടെ പിന്നിലായുള്ള ഒറ്റപ്പെട്ട ഒരു മുറി കാട്ടി അവർ പറഞ്ഞു.....
" ഇനി ഈ നാലു ദിവസം ഇനി ഇതിൽ കഴിഞ്ഞാൽ മതി പുറത്തിറങ്ങണ്ട ..... കുളിമുറിയും മറ്റു സൗകര്യങ്ങളും അതിനുള്ളിലുണ്ട് ....നാലാം ദിവസം അടിച്ചു നനച്ചു കുളിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയാൽ മതി..... "
ഹേമക്കൊന്നും മനസ്സിലായില്ല അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കി വേദന സഹിക്കാൻ പറ്റാത്തതുകൊണ്ട് ആ മുറിക്കുള്ളിലെ കട്ടിലിൽ പോയി കമിഴ്ന്നു കിടന്നു.......
അല്പ സമയം കഴിഞ്ഞ് അവൾക്കുപയോഗിക്കാനുള്ള വസ്ത്രങ്ങളും മറ്റും വാതിലിനു പുറത്തു നിന്ന് സൗദാമിനിയമ്മ അകത്തേക്കിട്ടു കൊടുത്ത് കതകും ചാരിയിട്ട് അവർ പോയി.....
അല്പനേരം കഴിഞ്ഞ് വേദനക്ക് ഒരു ശമനം തോന്നിയപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു.... തിണ്ണയിൽ കിടന്ന തനിക്ക് മാറാനുള്ള വസ്ത്രങ്ങളും മറ്റും പെറുക്കിയെടുത്തു ....
" ഈശ്വരാ എന്തൊക്കെ അചാരങ്ങളാ...."
ആ മുറിക്കിള്ളിൽ ഒറ്റക്ക് അവൾക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി ..... അവൾ ഇടക്കിടെ കതകിനടുത്തോട്ട് നോക്കി.....
" സുധിയേട്ടൻ ഒന്നു വന്നിരുന്നെങ്കിൽ ...." അവൾ ഓർത്തു.....
കുറച്ചു കഴിഞ്ഞ് കടിക്കുന്ന പട്ടിക്ക് അകന്നു നിന്നു ഭക്ഷണം കൊടുക്കുന്ന മാതിരി സൗദാമിനിയമ്മ അവൾക്ക് കഴിക്കാനുള്ള ഭക്ഷണം വാതിലിനു പുറത്തു നിന്ന് അകത്തേക്ക് തള്ളി വച്ചു കൊടുത്തു....
അത് കണ്ട് അവളുടെ ഉള്ളൊന്നു വിങ്ങി..... കാരണം തന്റെ വീട്ടിൽ ഇങ്ങനൊന്നുമില്ല.....
"അമ്മേ .... സുധിയേട്ടൻ......"
" അവൻ കഴിച്ചിട്ട് ജോലിക്കു പോയി..... നീ കഴിക്ക്... "
ഇതും പറഞ്ഞു കൊണ്ട് അവർ തിരികെ പ്പോയി ....
നിലത്തു വച്ചിരിക്കുന്ന ഭക്ഷണത്തിലോട്ട് നോക്കി..... അവളുടെ കണ്ണുകൾ നിറഞ്ഞു പോയി. .... പുരുഷൻമാർക്ക് ആ മുറിക്കുള്ളിലോട്ട് പ്രവേശനമില്ലായിരുന്നു....
നാഴികകൾ കടന്നു പോയി..... രാത്രി ആ മുറിയിൽ ഒറ്റക്ക് അവൾക്ക് വല്ലാത്ത ഭയം അനുഭവപ്പെട്ടു... ...
അവൾ ഓർത്തു..... " ഇത് സ്ത്രീത്വത്തിന്റെ ഭാഗമല്ലെ .... പിന്നെന്തിനാ .... ഇങ്ങനെ കുറേ ആളുകൾ ഇത്തരത്തിലുള്ള ഈ ആചാരങ്ങൾ വെച്ചു പുലർത്തുന്നത്..."
" അശുദ്ധി പോലും ....." അവൾ മനസ്സിൽ പിറുപിറുത്ത് ഭയത്തെക്കൂട്ടുപിടിച്ച് ആ മുറിക്കുള്ളിൽ ഒറ്റക്ക് മയങ്ങി......
(ജിസ്സാ ജോയ് .....)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot