Slider

മിഴിയിണകൾ

0

ഞങ്ങളുടെ നാലുകണ്ണുകൾ തമ്മിലൊരുമാത്രയൊന്നിടഞ്ഞത് തൊട്ടു മുമ്പ് നേർരേഖയിലൂടെയുള്ള യാത്രയുടെ ഇടയിലുള്ള ഏതോ ഒരു നിമിഷത്തിലാണ്. അവന്റെ കണ്ണുകളിൽ ഞാൻ എന്നെയും കൂടി കാണുകയായിരുന്നു. ദൈന്യത പേറുന്ന കണ്ണുകൾ. ഞാൻ ആ വളവ് തിരിഞ്ഞു വരുമ്പോഴായിരുന്നു അവൻ കൈയ്യുയർത്തി കാട്ടിയത്, ഒരു ദീർഘയാത്രക്കാരനെ കിട്ടിയെന്ന് അവന്റെ ഉള്ളകം മന്ത്രിച്ചതിന്റെ ബഹിർസ്ഫുരണം ആയിരിക്കാം ശ്രദ്ധ ക്ഷണിക്കാനുള്ള അവന്റെ കൈയ്യാംഗ്യം. പക്ഷെ അവനറിയുന്നില്ലല്ലോ ഞാനൊരു ഹ്രസ്വദൂര യാത്രക്കാരൻ പോലുമല്ലെന്ന സത്യം. ഒരു ഫർലോംഗ് ദൂരം നടന്നു പോകാനുള്ള കുഞ്ഞു യാത്രയാണെന്റേത് എന്ന് കൈയ്യാംഗ്യത്തിലൂടെ മറുപടി കൊടുത്തപ്പോൾ അവന്റെ കണ്ണുകളിൽ ആദ്യം കണ്ട പ്രതീക്ഷയുടെ നിറദീപങ്ങൾ വാടിക്കരിഞ്ഞ് നിസ്സംഗതയുടെ മൂടുപടങ്ങൾ അണിഞ്ഞ ദൈന്യതയാർന്ന അവന്റെ കണ്ണുകളിൽ ഞാൻ കണ്ടത് എന്റെ കണ്ണുകൾ തന്നേയായിരുന്നു.
പുലർകാലത്തേ ഇരതേടിയിറങ്ങുന്ന കിളികൾക്കേ പുഴുക്കളേ കിട്ടാറുള്ളൂ എന്ന സത്യത്തിന് കൂട്ടായി വരുന്ന ഒന്നാണല്ലോ ആ പുഴുക്കളും രാവിലെ അവരുടെ ഭക്ഷണം തേടിയിറങ്ങണമെന്ന സത്യം അത് തിരിച്ചറിഞ്ഞ രണ്ടു കിളികളായി ഞങ്ങൾ പരസ്പരം ഒരേയൊരു പ്രാവശ്യം ഒന്നു കണ്ണിമ നോക്കിപ്പിരിഞ്ഞു.
ഒരു പ്രവാസിയും നാട്ടുകാരനും അവരുടെ പിന്നിലോരോ കുടുംബവും. അവനും രാവിലെ ടാക്സിയെടുത്തിറങ്ങുന്ന നേരം അവന്റെ ഭാര്യയും പറഞ്ഞു കാണില്ലേ വൈകിട്ട് തിരിച്ചെത്തുമ്പോൾ വാങ്ങി കൊണ്ടുചെല്ലേണ്ട നിത്യോപയോഗസാധനങ്ങൾ, അടുത്ത മാസം സ്കൂൾ തുറക്കുന്ന നേരത്തേക്ക് എല്ലാ കുട്ടികൾക്കും വേണ്ട യൂണിഫോമും, ഷൂസും, ബാഗും,നോട്ടുപുസ്തകങ്ങളും, മറ്റെല്ലാ പഠന സാമഗ്രികളും , തീരാത്ത പ്രാരാബ്ധത്തിന്റെ കെട്ടുകൾ അവന്റെ തലയിൽ അദൃശ്യമാണെങ്കിലും ആ ഭാരങ്ങളുടെ ദൈന്യത അവന്റെ കണ്ണുകളിൽ നന്നായി പ്രതിഫലിയ്ക്കുന്നു. കൂടാതെ കാണം വിറ്റും പെരുന്നാളു കൂടിയതിന്റെ ബാക്കിയായ കടങ്ങളും.
പാവം പ്രവാസിയായ ഞാനും ഒരു നാട്ടിൽ പോക്കിനെ പറ്റി ഓർക്കുമ്പോൾ അവന്റെ തലയിൽ കണ്ട ഭാരങ്ങൾ എന്റെ തലയിലേക്ക് കൂടി കൈമാറ്റം ചെയ്യപ്പെടുന്നതായി അറിയുന്നു. അവനും ഞാനും ഒരേ തോണിയാത്രക്കാർ ആണെന്ന് തിരിച്ചറിയുന്നു.

BY : PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo