Slider

പതിനൊന്നാം വലയം:പുല്ലു ചെത്തുന്ന പെണ്‍കുട്ടിയുടെ കഥ

0
Image may contain: one or more people, eyeglasses and closeup
**************
പത്താം ക്ലാസ് വരെ ഞാന്‍ പഠിച്ചത് മലബാറിലെ ഒരു കുഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു.എല്ലാ വിഷയത്തിലും എ പ്ലസോടുകൂടി ഞാന്‍ പാസായി.”അവന്‍ നന്നായി പഠിക്കും.എന്ട്രന്‍സ് പാസായാല്‍ പഠിച്ചു ഡോക്ടറാകും.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കിട്ടിയാല്‍ അധികം പൈസാ ആവത്തില്ല”.അമ്മ അപ്പനെ ഒരുപാട് നിര്‍ബന്ധിച്ചു.അങ്ങിനെയാണ് എന്നെ വളരെ ദൂരെയുള്ള കോട്ടയത്തെ ഈ സി.ബി.എസ്.ഇ സ്കൂളില്‍ ചേര്‍ത്തത്.
ഞാന്‍ ചേര്‍ന്ന പ്ലസ് വണ്‍ ബാച്ചില്‍ ഏറ്റവും അകലെനിന്ന് വരുന്നത് ഞാനായിരുന്നു.സര്‍ക്കാര്‍ സ്കൂളില്‍നിന്ന് വരുന്നതും ഞാന്‍ മാത്രമേയുള്ളൂ.ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിനു നല്ല ചിലവ് വരും.നാട്ടിലെ ഇടവകവികാരിയച്ചന്‍ ഇവിടുത്തെ സ്കൂള്‍ മാനേജരച്ചനെ വിളിച്ചു സ്കൂളിനു പുറത്തു ഒറ്റക്ക് താമസിക്കാന്‍ അനുവാദം വാങ്ങി.സ്കൂളില്‍നിന്ന് ഒന്നരകിലോമീറ്റര്‍ നടക്കണം എന്റെ മുറിയിലേക്ക്.റബ്ബര്‍തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു മണ്‍റോഡ്‌.മലബാറില്‍ കുന്നുകള്‍ക്കിടയില്‍ ,മഴയത്തും വെയിലത്തും ഓടിക്കളിച്ചുകൊണ്ടിരുന്ന എനിക്ക് ആ നടത്തം ഒരു പ്രശ്നമുണ്ടായിരുന്നില്ല.അപ്പന് ഈ സി.ബി.എസ്.ഇ പഠനം മൂലം നല്ല ബാദ്ധ്യത വരുമെന്ന് എനിക്കറിയാമായിരുന്നു.കുറച്ചു നടന്നാലും അപ്പന്റെ ഭാരം അത്രയും കുറയുമല്ലോ .
അത്രയും നാള്‍ സര്‍ക്കാര്‍ സ്കൂളില്‍പഠിച്ചു വന്നിട്ട് സി.ബി.എസ്.ഇ സിലബസ് പഠിക്കാന്‍ തുടങ്ങിയ എനിക്ക് പഠിപ്പിക്കുന്നത്‌ ഒരു ചുക്കും മനസ്സിലായില്ല.സ്കൂളിലും ക്ലാസിലും ഇംഗ്ലിഷ് മാത്രമേ സംസാരിക്കാവൂ എന്ന കര്‍ശനനിയമം. എന്റെ ക്ലാസിലെ കുട്ടികള്‍ ചറപറ ഇംഗ്ലിഷില്‍ സംസാരിക്കുന്നത് ഞാന്‍ അമ്പരപ്പോടെ നോക്കിയിരുന്നു.അവര്‍ മിക്കവാറും ആ സ്കൂളില്‍ത്തന്നെ പത്താം ക്ലാസ് വരെ പഠിച്ചതാണ്.എനിക്ക് ഏറ്റവും ഇഷ്ടം കണക്കാണ്.അധ്യാപകര്‍ ചില ചോദ്യങ്ങള്‍ ഒക്കെ ചോദിക്കുമ്പോള്‍ ഉത്തരം അറിയാമെങ്കിലും ,തല കുനിച്ചിരിക്കാനെ കഴിഞ്ഞുള്ളൂ.അധികം സംസാരിക്കാതെ ഞാന്‍ ഏറ്റവും പിറകിലെ ബഞ്ചിനു തൊട്ടുമുന്‍പിലുള്ള ബഞ്ചില്‍ നിശബ്ദനായി കഴിഞ്ഞുകൂടി.ബോര്‍ഡ് പരീക്ഷക്ക് പുറമേ എല്ലാ ദിവസവും എന്ട്രന്‍സ് കോച്ചിങ്ങും ഉണ്ടാകും.ഓരോ ദിവസവും രാവിലെ ഒരു വിഷയത്തില്‍ എന്ട്രന്‍സ് മോഡല്‍ പരീക്ഷ നടത്തും.എല്ലാ ദിവസവും വൈകുന്നേരം അതിന്റെ റിസള്‍ട്ട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.നാല്പതു പേരുള്ള ക്ലാസില്‍ എന്റെ സ്ഥാനം മുപ്പത് കഴിഞ്ഞാണ്.അപ്പന്റെ കാശ് പോയി.ഇത് എന്നെക്കൊണ്ട് സാധിക്കുകയില്ല.ഇടക്ക് വീട്ടില്‍നിന്ന് അപ്പനും അമ്മയും വിളിക്കുമ്പോള്‍, അവരുടെ പ്രതീക്ഷനിറഞ്ഞ സ്വരം കേൾക്കുമ്പോൾ ഒന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല.തനിച്ചുള്ളതാമസവും കൂടിയായപ്പോള്‍ വല്ലാത്തൊരു വിഷാദം മുഖത്ത് ഞാനറിയാതെ കൂട്കൂട്ടി.
ക്ലാസ്സില്‍ ഒന്നാം റാങ്ക് ടെസ്സി എന്ന കുട്ടിക്കാണ്..നല്ല പൊക്കമുള്ള മെലിഞ്ഞു വെളുത്ത ഒരു പെണ്‍കുട്ടി.രണ്ടാം സ്ഥാനം ടോണി ജെയിംസ് മാത്യു എന്ന ആണ്‍കുട്ടിക്കാണ്.രണ്ടുപേരും ഡോക്ടര്‍മാരുടെ മക്കളാണ്.അവര്‍ വളരെയടുത്ത കൂട്ടുകാരുമാണ്.ടോണി ഇടക്ക് കാണുമ്പോള്‍ ഒന്ന് ചിരിക്കും.എനിക്ക് ടെസ്സിയുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയായിരുന്നു.”ഈഫ് യൂ ഹാവ് എനി ഡൌട്ട്സ് പ്ലീസ് ആസ്ക് ടോണി ഓര്‍ ടെസ്സി.”ഒരിക്കല്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ഉപദേശിക്കുന്നതിനിടെ ക്ലാസ് ടീച്ചര്‍ പറഞ്ഞു.
ഞാന്‍ താമസിക്കുന്ന കെട്ടിടത്തിനല്‍പ്പമകലെ മാന്‍തൂക്കില്‍ ത്രേസ്യാമ്മയുടെ തോട്ടമാണ്.വലിയ മതില്‍കെട്ടി വേര്‍തിരിച്ചിരിക്കുന്ന തോട്ടത്തില്‍ ചാമ്പ ,പ്ലാവ് ,തെങ്ങ് ,കമുക്,കാപ്പി മാങ്കോസ്റ്റിന്‍,മാവ് തുടങ്ങി ധാരാളം ഫലവൃക്ഷങ്ങള്‍ തിങ്ങിനില്‍ക്കുന്നു.ത്രേസ്യാമ്മ ചേടത്തി മുയലിനെയും ആടിനെയും കോഴിയെയും പശുവിനെയും ഒക്കെ വളര്‍ത്തുന്നുണ്ട്.ഇത് കൂടാതെ തോട്ടത്തില്‍ അവിടവിടെ തേനിച്ചപ്പെട്ടികളും വച്ചിട്ടുണ്ട്.ചേടത്തി തോട്ടത്തിനു നടുവിലെ വലിയ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്.ചേടത്തിക്ക് പൊന്നു പോലെ പരിപാലിക്കുന്ന തോട്ടത്തില്‍ ആരും കടക്കുന്നത്‌ ഇഷ്ടമില്ല.എങ്കിലും അവധിദിവസങ്ങളില്‍ ആരും കാണാതെ പുസ്തകങ്ങളുമായി ഞാനാ തോട്ടത്തില്‍ കടന്നു.തോട്ടത്തിന്റെ അതിരിനോട് ചേര്‍ന്നുള്ള ഭാഗത്ത്‌ ഒരു കറുത്ത ഉരുളന്‍പാറയുണ്ട്.അവിടിരുന്നാല്‍ ആരും കാണില്ല.അതിനോട് ചേര്‍ന്ന് ഒരു നാരകം വളര്‍ന്നുനില്പുണ്ട്.ആ പാറയില്‍ ചാരിയിരുന്നു ,നാരകയിലകളുടെ ഗന്ധമുള്ള കുളിര്‍മ്മയുള്ള കാറ്റ്കൊണ്ട് ഞാന്‍ പഠിക്കാന്‍ ശ്രമിക്കും.ചുറ്റും മരങ്ങള്‍ മാത്രം.പിന്നെ ഉണങ്ങിയയിലകല്‍ക്കിടയില്‍ ചിക്കി ചിക്കി നടക്കുന്ന കോഴിക്കൂട്ടത്തിന്റെ ശബ്ദം.ഇടക്ക് ഒരു ആട് കരയുന്നതു കേള്‍ക്കാം.പിന്നെ പലതരം പക്ഷികളുടെ കലപില.സ്കൂളിന്റെ പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍നിന്നും വളരെയകലെ എന്നിലേക്ക് തന്നെ തിരിഞ്ഞു നടക്കാന്‍ ഇതിലും പറ്റിയ ഒരു സ്ഥലം എനിക്ക് വേറെയില്ലായിരുന്നു.
അന്ന് ഞാന്‍ പഠിച്ചുകൊണ്ടിരുന്നത് ബയോളജിയായിരുന്നു.വൃക്ഷങ്ങളില്‍ രൂപപ്പെടുന്ന വാര്‍ഷികവലയങ്ങള്‍.ഗ്രോത്ത് റിംഗ്സ്.തങ്ങളുടെ ആയുസ്സിലെ ഓരോ വര്‍ഷവും പിന്നിടുമ്പോഴും വൃക്ഷത്തിന്റെ തടിയില്‍ വലയങ്ങള്‍ രൂപപ്പെടും.ആ വലയങ്ങള്‍ എണ്ണിനോക്കിയാല്‍ അവയുടെ ആയുസ്സ് അറിയാം.
ഞാന്‍ ചുറ്റും നോക്കി.ഒരുപാട് മരങ്ങള്‍ തണല്‍പടര്‍ത്തിനില്‍ക്കുന്ന തോട്ടം.കാറ്റില്‍ ഇലകള്‍ അനങ്ങുമ്പോള്‍ അവ പരസ്പരം സംസാരിക്കുന്നത് പോലെ എനിക്ക് തോന്നി.അവര്‍ സംസാരിക്കുന്നത് എന്നെക്കുറിച്ചാണോ?
ഞാന്‍ ചാരിയിരുന്ന ഉരുളന്‍ പാറയുടെ അരികില്‍ ഒരു പ്ലാവും മാവും നില്‍പ്പുണ്ടായിരുന്നു.ഞാന്‍ പ്ലാവിന്റെ അരികില്‍ചെന്ന് അതിന്റെ ഉണങ്ങിയ തൊലി അടര്‍ത്തിനോക്കി.വിരല്‍തൊടാന്‍ കാത്തിരുന്നത് പോലെ അതിന്റെ തൊലി അടര്‍ന്നുപോന്നു.അകത്തു മഞ്ഞനിറമുള്ള വെള്ളം പറ്റിപ്പിടിച്ച തൊലി.തടി മുറിച്ചുനോക്കിയാലെ വാര്‍ഷികവലയങ്ങള്‍ കാണാന്‍ കഴിയൂ."നിനക്കിപ്പോ എത്ര വയസ്സ് കാണും ? "ഞാന്‍ പ്ലാവിനോട് ചോദിച്ചു.ആ തോട്ടത്തില്‍ വേറെ ആരുമില്ലാത്തതിനാല്‍ ഞാന്‍ ഒരല്പം ഉറക്കെയാണ് ചോദിച്ചത്.
“എന്റെയുള്ളില്‍ പതിനൊന്നു വാര്‍ഷികവലയങ്ങളുണ്ട്. “
ആരോ പറയുന്നത് പോലെ തോന്നി.അടുത്തെങ്ങും ആരുമില്ല.പക്ഷേ എന്റെ ചോദ്യത്തിന് പ്ലാവ് മറുപടി തന്നിരിക്കുന്നു.ഞാന്‍ മുകളിലേക്ക് നോക്കി.തടിയന്‍ പ്ലാവിനെ കണ്ടപ്പോള്‍ ക്ലാസിലെ ടോണിയുടെ നില്‍പ്പ് എനിക്ക് ഓര്‍മ്മ വന്നു.എനിക്ക് ലഭിച്ച ആ മറുപടി ശബ്ദം എന്റെ ഉള്ളില്‍നിന്ന് തന്നെയാണ് വന്നത്.ഞാന്‍ കേട്ട മറുപടി ക്ലാസില്‍ ടീച്ചര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്സാഹത്തോടെ ഉത്തരം പറയുന്ന ടോണിയുടെ സ്വരം പോലെയായിരുന്നു.
“ എനിക്കും പതിനൊന്നു വയസ്സായി.പ്ലാവും ഞാനും ഒരേ പ്രായക്കാരാണ്..” ടെസ്സിയുടെ ശബ്ദത്തില്‍ മാവ് എന്നോട് പറഞ്ഞു.
ഒന്ന് ഞെട്ടിയെങ്കിലും എനിക്കത് ഒരു രസമായിത്തോന്നി.ആ പ്ലാവിനും മാവിനും ഞാന്‍ ടോണിയെന്നും ടെസ്സിയെന്നും പേരിട്ടു അന്നുമുതൽ അവരോട് സംസാരിക്കാൻ തുടങ്ങി.ഞാന്‍ എന്റെ പാഠഭാഗങ്ങള്‍ അവരെ വായിച്ചുകേള്‍പ്പിക്കും.ക്ലാസില്‍ മറ്റാരുമായി തുറന്നു സംസാരിക്കാൻ കഴിയാതിരുന്നതിന്റെ വിഷമം മെല്ലെ മാറാന്‍ തുടങ്ങി.
ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി തരും.ആദ്യമൊക്കെ അവരുടെ മറുപടികള്‍ എന്റെ ഉള്ളില്‍ ഞാന്‍ തന്നെ ഉണ്ടാക്കുന്ന ചിന്തകള്‍തന്നെയാണ് എന്നാണു ഞാന്‍ വിചാരിച്ചുകൊണ്ടിരുന്നത്.എങ്കിലും പോകെ പോകെ ,എന്റെ മനസ്സില്‍ എനിക്ക് മുന്‍പ് അറിഞ്ഞുകൂടാത്ത കാര്യങ്ങളും അവര്‍ എന്നോട് പങ്കുവയ്ക്കാന്‍ തുടങ്ങി.
ഇംഗ്ലിഷില്‍ സംസാരിക്കാന്‍ കഴിയാത്തതായിരുന്നു എന്റെ ഏറ്റവും വലിയ വിഷമം.
“എന്റെ ദേഹത്തു പടരുന്ന ഇത്തിള്‍ക്കണ്ണി നീ കണ്ടോ?എന്റെ ശരീരത്തിലുള്ള പോഷകങ്ങള്‍ അതിനാവശ്യമുണ്ട്.നാണക്കേട്‌ വിചാരിച്ചിരുന്നാല്‍ അത് ഉണങ്ങി പോവുകയേയുള്ളൂ.”ടോണി പറഞ്ഞു.
എനിക്ക് മനസ്സിലായില്ല.
“നിനക്ക് സംസാരിക്കാനുള്ള ബുദ്ധിമുട്ട് നിന്റെ ക്ലാസ് ടീച്ചറോട് തുറന്നു പറയു എന്നാണ് ടോണി പറഞ്ഞത്.” ടെസ്സി പറഞ്ഞു.
മടിച്ചു മടിച്ചു ഞാന്‍ ക്ലാസ് ടീച്ചറെ പിറ്റേന്ന് പോയി കണ്ടു.അവര്‍ക്ക് നേരത്തെ തന്നെ എനിക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ടെന്നു തോന്നിയിരുന്നു.ക്ലാസ് തുടങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞിരുന്നു.ടീച്ചര്‍ എന്നെ സ്കൂളിലെ ലാങ്ഗ്വേജ് ക്ലബില്‍ ചേര്‍ത്തു.മെല്ലെ മെല്ലെ എനിക്ക് സംസാരിക്കാന്‍ ആത്മവിശ്വാസം വന്നു തുടങ്ങി.എന്നെ ഒരു പാല്‍കുപ്പിയായി കരുതിയിരുന്ന ബാക്ക് ബഞ്ചിലെ രണ്ടു മൂന്നു കുട്ടികളുമായി ഞാന്‍ കൂട്ട് കൂടാന്‍ തുടങ്ങി.മുഖത്ത് ഒരു ചിരി വളര്‍ന്നു.
പക്ഷേ ഞാന്‍ തോട്ടത്തിലെ ടെസ്സിയോടും ടോണിയോടും സംസാരിക്കുന്നത് നിര്‍ത്തിയില്ല.അവരോട് സംസാരിക്കുമ്പോള്‍ എനിക്ക് നല്ല ആശ്വാസം തോന്നും.
ഒരു പക്ഷേ തീരെ തനിച്ചായിപോകുമ്പോള്‍ സ്വയം രക്ഷിക്കാനുള്ള മനസ്സിന്റെ ജാലവിദ്യയാകാം ഇതെല്ലാം എന്ന് ഞാന്‍ ഇടയ്ക്കിടെ വിചാരിച്ചു.എന്തെങ്കിലും കാരണവശാല്‍ മനസ്സു വിഷമിച്ചു ഒറ്റക്കിരിക്കുമ്പോള്‍ ആ മരങ്ങളുടെ കറുത്ത തണല്‍ എന്റെ ചുറ്റും വലയം ചെയ്യുന്നത് പോലെ തോന്നും.ഇടയ്ക്കിടെ തോട്ടത്തില്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ എന്തെങ്കിലും പഴങ്ങള്‍ ഞാനിരിക്കുന്ന പാറയുടെ അടുത്തു പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.ചിലപ്പോള്‍ പേരക്ക ,ചിലപ്പോള്‍ ഒരു കുല പഴുത്ത ലോലോലിക്ക അല്ലാത്തപ്പോള്‍ തുടുത്തു പഴുത്ത മാമ്പഴം ..ചിലപ്പോള്‍ ആ തോട്ടത്തില്‍ പണിയാന്‍ വരുന്നവര്‍ പറിച്ചതിനു ശേഷം മറന്നു വച്ചിട്ടു പോന്നതാവാം.ഞാന്‍ അവ എടുക്കാന്‍ മടിച്ചു.
അപ്പോള്‍ മരങ്ങള്‍ എന്നെ വഴക്ക് പറഞ്ഞു.”അത് നിന്റെതാണ്.നീ ഇപ്പോള്‍ ഞങ്ങളുടെയും കൂട്ടുകാരനാണ്.വലയങ്ങള്‍ കൊണ്ട് ശരീരത്തില്‍ പ്രായം രേഖപെടുത്തുന്ന ഞങ്ങള്‍ക്ക് നിനക്ക് ഒരു കുല ലോലോലിക്ക തരാന്‍ കഴിവില്ലേ ?“”
അങ്ങിനെയിരിക്കെയാണ് ഞാന്‍ പുല്ലു ചെത്താന്‍ വരുന്ന ആ പെണ്‍കുട്ടിയെ കണ്ടത്.
ഞാന്‍ പഠിച്ചുകൊണ്ടിരുന്ന തോട്ടത്തിന്റെ തൊട്ടു താഴെ മറ്റൊരു തൈ റബ്ബര്‍ തോട്ടമുണ്ട്.നിറയെ ഓലപ്പുല്ലും തിങ്ങിനില്‍കുന്ന പയറും.തട്ട് തട്ടായി മടക്കിയിട്ടിരിക്കുന്ന ഒരു പച്ചതൂവാല പോലെ ആ തോട്ടം തോന്നിച്ചിരുന്നു.കുഞ്ഞു റബ്ബര്‍ തൈകള്‍ അല്ലാതെ കാര്യമായി തണലൊന്നുമില്ല.എങ്കിലും അതിന്റെ നടുക്ക് ഒരു ചെറുപാറയും സമീപത്തായി ഒരു തേക്ക് മരവും നില്‍പ്പുണ്ടായിരുന്നു.ഒരു മഞ്ഞ പെന്‍സില്‍ പോലെ നേരെനില്‍ക്കുന്ന മെലിഞ്ഞ ഒറ്റമരം.
അവളെ ആദ്യം കാണുമ്പോള്‍ ഞാന്‍ തോട്ടത്തിലിരുന്നു പഠിക്കുകയായിരുന്നു.എന്റെ പ്രായം വരുന്ന പെണ്‍കുട്ടി.നീല നിറമുള്ള പാവാടയും പുള്ളികളുള്ള വെള്ള ബ്ലൗസും. അവൾ ഒറ്റയ്ക്കാണ് മുള്ളുവേലി ചാടിക്കടന്ന് വന്നത്.പാവാട പൊക്കി മുള്ള് വേലി ചാടിക്കടന്നപ്പോഴാണ് അല്പം മുകളിലായി അടുത്ത തോട്ടത്തില്‍ പാറയുടെ ചുവട്ടിലിരിക്കുന്ന എന്നെയവള്‍ കണ്ടത്.ആ വിജനമായ സ്ഥലത്ത് മറ്റൊരാളെ അവള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.അത്ഭുതവും നാണവും കൊണ്ട് ഒരു നിമിഷം അവളുടെ മുഖം ചുവന്നെങ്കിലും എന്റെ ഭാഗത്തേക്ക് നൊക്കാതെ അവള്‍ പറമ്പിനു നടുവിലെ പാറയുടെ അടുത്തേക്ക് പോയി.തേക്കിന്റെ ചുവട്ടില്‍ അവള്‍ കയ്യിലിരുന്ന കയ്യിലിരുന്ന തോർത്തും കയറും വെച്ചു..പിന്ന പാവാട എടുത്തു എളിയിലേക്ക് കേറ്റിക്കുത്തി.പുല്ലു ചെത്തുമ്പോള്‍ അവള്‍ ഒരു കൈ പുറകിലേക്ക് മടക്കിയിരുന്നു.ഇടയ്ക്കിടെ തലയുയര്‍ത്തി മുഖത്തെ വിയര്‍പ്പ് ഒപ്പും. അത് വരെ ചെത്തിയ പുല്ലു തേക്കിന്റെ ചുവട്ടില്‍ കൊണ്ടിടും.പിന്നെയും അടുത്ത റൗണ്ട് പോയി പുല്ലു ചെത്തും.മെല്ലെ മെല്ലെ തേക്കിന്റെ ചുവട്ടില്‍ പുല്ലിന്റെ ഒരു കുന്നു രൂപം കൊള്ളുന്നത്‌ ഞാന്‍ കണ്ടു.അതിനിടയില്‍ ഒരുപ്രാവശ്യം പോലും അവള്‍ എന്റെ നേരെനോക്കിയില്ല.ഞാന്‍ അവിടെയിരുപ്പുണ്ടെന്നു കാര്യം തന്നെ അവള്‍ മറന്നു പോയി.
“ഇന്ന് നീ ഒന്നും പഠിക്കുന്നില്ലേ ?” ടെസ്സി ചോദിച്ചു.
“എത്ര ഉത്സാഹത്തോടെയാണ് ആ കുട്ടി പുല്ലു ചെത്തുന്നത് ?” ടോണി പറഞ്ഞു.
“അവളെ കാണാന്‍ നല്ല ഭംഗിയുണ്ട്.എന്റെ ക്ലാസിലെ ഒറ്റ പെണ്‍കുട്ടിക്ക് പോലും അവളുടെയത്ര ഭംഗിയില്ല.” ഞാന്‍ മരങ്ങളോടു തുറന്നു പറഞ്ഞു.
ഒരു ചെറുകാറ്റ്‌ വീശി.ശിഖരങ്ങലുളലച്ചു മരങ്ങള്‍ പൊട്ടിച്ചിരിച്ചു.എനിക്ക് ആ ചിരി അത്ര ഇഷ്ടപെട്ടില്ല.
“നിങ്ങള്‍ക്ക് എല്ലാം അറിയാമല്ലോ.ആ കുട്ടിയെക്കുറിച്ച് എന്തെങ്കിലും അറിയാമോ ?” ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു.
“അവളുടെ പേര്‍ ഞങ്ങള്‍ക്ക് അറിയില്ല.ഞങ്ങള്‍ക്ക് പേരുകളില്‍ താത്പര്യമില്ല.ഞങ്ങള്‍ ജീവിക്കുന്ന ഈ സ്ഥലത്തിന്റെ ഉടമസ്ഥനു കുറച്ചു അകലെ വേറെയും സ്ഥലമുണ്ടായിരുന്നു.അത് മുറിച്ചു വിറ്റപ്പോള്‍ അവിടെ ഒരു കോളനിയുണ്ടായി.ഈ കുട്ടി അവിടെനിന്നാണ് വരുന്നത്.” ടോണി പറഞ്ഞു.
“ആ പാറയുടെ അടുത്തുനില്‍ക്കുന്ന തേക്കിന് അവളെ ഇഷ്ടമാണ്.ആ തേക്കിനും പതിനൊന്നു വയസ്സുണ്ട്.ഞങ്ങള്‍ ഒരുമിച്ചു വളര്‍ന്നതാണ്.പക്ഷേ തേക്ക് ആരോടും സംസാരിക്കാറില്ല.”ടോണി കൂട്ടിച്ചേര്‍ത്തു.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.പച്ച തൂവാല പോലെ പരന്നുകിടക്കുന്ന ആ തോട്ടത്തില്‍ വിടര്‍ന്ന നീലപ്പൂവ് പോലെയുള്ള പെണ്‍കുട്ടിയെ ഞാന്‍ നോക്കിയിരിക്കുകയായിരുന്നു.ടോണി പറഞ്ഞത് എനിക്കത്ര വിശ്വാസം വന്നില്ലെന്ന് ടെസ്സിക്ക് തോന്നി.
“ ആ കുട്ടി പുല്ലു ചെത്തി തീരാറാകുമ്പോള്‍ അവളുടെ അനിയന്‍ വരും.നോക്കിയിരുന്നോ.അപ്പോള്‍ നിനക്ക് ഞങ്ങള്‍ പറഞ്ഞത് വിശ്വാസമാകും.പോരെ.” ടെസ്സി പറഞ്ഞു.
അല്പം കഴിഞ്ഞു കറുത്ത നിക്കറിട്ട ഷര്‍ട്ട്‌ ധരിക്കാത്ത ഒരു പയ്യന്‍ ഒരു സൈക്കിള്‍ ടയറുമുരുട്ടി കമ്പിവേലി ചാടിക്കടന്നു ആ തോട്ടത്തില്‍ പ്രവേശിച്ചു.എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല.ആ മരങ്ങള്‍ ഹൃദയത്തില്‍ പറയുന്നത് പലതും സത്യമായി എനിക്ക് അനുഭവപെടുന്നുണ്ടായിരുന്നു.പരീക്ഷക്ക് ചോദ്യങ്ങള്‍ കൂടുതല്‍ വരുന്ന പാഠഭാഗങ്ങള്‍,മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങള്‍ എളുപ്പം മ്നസ്സിലാക്കാനുള്ള ആശയങ്ങള്‍ തുടങ്ങിയവ അവ എനിക്ക് പറഞ്ഞുതന്നിരുന്നു.
അനിയന്‍ വന്നപ്പോഴേക്കും അവള്‍ പുല്ലു ചെത്തി കഴിഞ്ഞിരുന്നു.റബ്ബര്‍ തടങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന മഞ്ഞ ശലഭങ്ങള്‍ക്ക് പിറകെ ചെക്കന്‍ പായുന്നത് കണ്ടു.ഒരു ശലഭത്തിനെ തൊടാന്‍ ശ്രമിച്ചതും അത് പറന്നുപോകുന്നതും കണ്ടു.ചേച്ചി അനിയനെ നോക്കി ചിരിക്കുന്നത് കണ്ടു.പക്ഷേ അവര്‍ തമ്മില്‍ ഒന്നും സംസാരിക്കുന്നതായി എനിക്ക് തോന്നിയില്ല.
അവള്‍ തേക്ക് മരത്തിന്റെ ചുവട്ടിലെ പാറയില്‍ കയറുകള്‍ നിവര്‍ത്തിട്ട് പുല്ലു കെട്ടി.പിന്നെ കൊണ്ടുവന്ന തോര്‍ത്ത്‌ മടക്കി ചുമ്മാട് കെട്ടി അവള്‍ തലയില്‍ വച്ചു.ചെക്കന്‍ മെല്ലെ പുല്ലുകെട്ടി താങ്ങി അവളുടെ തലയില്‍ വച്ചു.അതിനു ശേഷം രണ്ടു പേരും തോട്ടത്തില്‍ നിന്ന് മടങ്ങി.അവര്‍ പോയപ്പോള്‍ എനിക്ക് ചെറിയ നിരാശതോന്നി.ഒറ്റക്കായത് പോലെ.അടുത്ത അവധിദിവസം വരാന്‍ ഞാന്‍ കൊതിച്ചു.
ഇതിനിടയില്‍ ക്ലാസിലെ ബാക്ക് ബഞ്ചിലുള്ള രണ്ടു പേരുമായി ഞാന്‍ അത്യാവശ്യം അടുപ്പമായി കഴിഞ്ഞിരുന്നു.അവര്‍ എന്റെ റൂമില്‍ ഒരു രാത്രി തങ്ങി അടിച്ചുപൊളിക്കണം എന്ന് നിര്‍ബന്ധം പിടിച്ചു.വെള്ളിയാഴ്ച രാത്രിയില്‍ കൂടാമെന്ന് ഒടുവില്‍ ഞാന്‍ സമ്മതിച്ചു.അവരിലൊരാള്‍ മദ്യവും സിഗരറ്റുമായാണ് വന്നത്.അടിച്ചുപൊളി എന്നതിന്റെ അര്‍ത്ഥം എനിക്കപ്പോഴാണ് മനസ്സിലായത്.തനിയെ താമസിക്കുന്നതിന്റെ സ്വാതന്ത്ര്യം എന്റെ കൂട്ടുകാര്‍ ശരിക്കും ആസ്വദിച്ചു.ഞാന്‍ ആദ്യമായാണ് മദ്യം കഴിക്കുന്നത്‌.പിറ്റേന്ന് കാലത്ത് തലക്ക് വലിയ ഭാരം തോന്നി.അവര്‍ രണ്ടുപേരും അതിരാവിലെ തന്നെ വീടുകളിലേക്ക് മടങ്ങി.എനിക്ക് മുറിയില്‍നിന്ന് പുറത്തുപോകാന്‍ തോന്നിയില്ല.മുറിയിലെ കട്ടിലില്‍ ഞാന്‍ പാതിമയക്കത്തില്‍ കിടന്നു.പുതിയ സ്കൂളില്‍ ,അതുവരെ വലിയ ബന്ധമൊന്നും ഉണ്ടാവാത്ത ക്ലാസില്‍ ഒരു സുഹൃത്ബന്ധമുണ്ടായതില്‍ സന്തോഷം തോന്നിയെങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു.തോട്ടത്തില്‍ ആ മരങ്ങളുടെ അടുത്ത് പോയിരുന്നെകില്‍ അല്പം സമാധാനം തോന്നിയേനെ.കഴിഞ്ഞ ദിവസം കണ്ട ആ പെണ്‍കുട്ടി പുല്ലു ചെത്തി മടങ്ങിയിട്ടുണ്ടാകും എന്ന് ഞാന്‍ നിരാശയോടെ വിചാരിച്ചു.
എനിക്ക് പഠിക്കാന്‍ തോന്നിയില്ല.സ്കൂള്‍ ലൈബ്രറിയില്‍നിന്നെടുത്ത “സിന്‍ട്രല്ല എന്ന രാജകുമാരി” എന്ന കഥാപുസ്തകവുമായി ഞാന്‍ തോട്ടത്തിലെ പാറയുടെ ചുവട്ടില്‍ചെന്നിരുന്നു.മരങ്ങള്‍ എന്നോട് സംസാരിക്കാന്‍ മടിക്കുന്നത് പോലെ തോന്നി.കാറ്റ് പോലും വീശുന്നില്ല.ഇലകള്‍ പൊഴിയുന്നതിന്റെയോ ശിഖരങ്ങള്‍ ചലിക്കുന്നതിന്റെയോ ശബ്ദം പോലുമില്ല.ആ തോട്ടം എന്നോട് പിണങ്ങിയത് പോലെ.ഞാന്‍ പുസ്തകം തുറന്നു സിന്‍ദ്രല്ല എന്ന സുന്ദരിയായ കുമാരി രണ്ടാനമ്മയുടെ പീഡനങ്ങള്‍ സഹിച്ചു കഴിയുന്ന കഥ വായിക്കുവാന്‍ തുടങ്ങി.എങ്കിലും എന്റെ മനസ്സ് കഥയില്‍ കുരുങ്ങിയില്ല.വെയില്‍തട്ടി തിളങ്ങുന്ന തൈറബര്‍ തോട്ടത്തിലേക്ക് ഞാന്‍ വെറുതെ നോക്കിയിരുന്നു.കൊടുംചൂട് തുടങ്ങിയിരിക്കുന്നു.പച്ചയിലകള്‍ ദു:ഖപൂര്‍വ്വം ചൂട് സഹിക്കാന്‍ കഴിയാതെ നിലത്തേക്ക് കൂമ്പിനില്‍ക്കുന്നു.ഇല്ല.ഈ ഉച്ചചൂടില്‍ ആ പെണ്‍കുട്ടി പുല്ലു ചെത്താന്‍ വരില്ല.അവള്‍ വീട്ടില്‍ ഉച്ചയുറക്കത്തിലായിരിക്കും.അല്ലെങ്കില്‍ എന്തെങ്കിലും വായിക്കുകയാവും.ചിലപ്പോള്‍ ആ അനിയന് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയാവും.
“അവള്‍ വരുമോ ?” ഞാന്‍ മരങ്ങളോട് ചോദിച്ചു.നിശബ്ദതയായിരുന്നു മറുപടി.
“ഞാന്‍ ഇനി ഒരിക്കലും അത്തരം കൂട്ട്കെട്ട് തുടരില്ല.”തല കുനിച്ചു ഞാന്‍ പറഞ്ഞു.
അപ്പോള്‍ ഒരു ചെറുകാറ്റ്‌ വീശി.മരങ്ങള്‍ സന്തോഷംകൊണ്ട് ചിരിക്കുന്നത് ഞാന്‍ അറിഞ്ഞു.കാറ്റില്‍ ഇലകള്‍ പൊഴിയുന്നതും കിളികള്‍ പാടുന്നതും കേട്ടു.ഇതാ,തോട്ടത്തിനു ജീവന്‍ വച്ചിരിക്കുന്നു.എന്റെ സന്തോഷം ഇരട്ടിപ്പിച്ചുകൊണ്ട് തോട്ടത്തില്‍ ഒരു നീലപ്പൂവ് വിടര്‍ന്നുനില്‍ക്കുന്നത് പോലെ അവള്‍ നില്‍ക്കുന്നത് കണ്ടു.അവള്‍ പാറയുടെ മറവില്‍നിന്ന് മെല്ലെ കയറിവന്നു.പറിച്ചുകൂട്ടിയ പുല്ലു തേക്ക് മരത്തിന്റെ ചുവട്ടിലിട്ടു അവള്‍ കെട്ടാക്കുന്നത് കണ്ടു.ഇടയ്ക്കിടെ അവള്‍ തിരിഞ്ഞുനോക്കുന്നുണ്ട്.അവളുടെ അനിയൻ വരുന്നുണ്ടോയെന്ന് നോക്കുന്നതാണ് എന്നെനിക്ക് മനസ്സിലായി.പുല്ലു കെട്ടിയതിനു ശേഷം അവള്‍ പാറയിലിരിന്നു.മുടിയില്‍ പറ്റിപ്പിടിച്ച പുല്ലിന്റെ അവശിഷ്ടങ്ങളും വൃത്തിയാക്കി മുടി മാടിക്കെട്ടുന്നതിനിടയില്‍ അവള്‍ എന്റെ നേരെ നോക്കി.കാന്തം കൊണ്ട് തൊടുന്നത് പോലെ ഞങ്ങളുടെ കണ്ണുകളിടഞ്ഞു.അവള്‍ ഉടനെതന്നെ നോട്ടം മാറ്റി.അവള്‍ എഴുന്നേറ്റു നിന്ന് അനിയന്‍ വരാൻ കാത്തുനില്‍ക്കുകയാണ്.വെയില്‍ വല്ലാതെ കൂടിയിരിക്കുന്നു.ഇപ്പോള്‍ അവള്‍ ആ തേക്ക് മരത്തില്‍നിന്നുണ്ടായ ഒരു നീല ചെടി ആണെന്നെ തോന്നൂ.ഇടക്ക് അവള്‍ എന്റെ നേരെ വീണ്ടും നോക്കുന്നത് കണ്ടു.
ഞാന്‍ മെല്ലെ എഴുന്നേറ്റു കയ്യാല ചാടി ആ തോട്ടത്തില്‍ കടന്നു.അത്ര ഭംഗിയുള്ള ഒരു പെണ്‍കുട്ടിയെ ഞാനതു വരെ കണ്ടിട്ടില്ലായിരുന്നു.ഞാന്‍ അടുത്തേക്ക് വരുന്നത് കണ്ടു അവള്‍ മുഖം കുനിച്ചു.
“പുല്ലുകെട്ടു ഞാന്‍ പിടിച്ചു തരാം.” വിറയാര്‍ന്ന സ്വരത്തില്‍ ഞാന്‍ പറഞ്ഞു.
അവള്‍ തലയാട്ടി.അവള്‍ എന്തെങ്കിലും പറയുമെന്ന് ഞാന്‍ വിചാരിച്ചു.പക്ഷെ അവള്‍ ഒന്നും മിണ്ടിയില്ല.ഞാന്‍ കുനിഞ്ഞു പുല്ലുകെട്ട് അനായാസം അവളുടെ തലയില്‍ താങ്ങി വച്ച് കൊടുത്തു.അവള്‍ മെല്ലെ നടന്നു ..ശിരസ്സിന്റെ ഇരുവശത്തും തൂങ്ങിക്കിടക്കുന്ന പയറിന്റെ വള്ളികള്‍‍ കാരണം അവളുടെ മുഖം എനിക്ക് അവ്യക്തമായിരുന്നു.
ഞാന്‍ തിരികെ എന്റെ മരങ്ങളുടെ അരികിലേക്ക് ചെന്നു.വീണ്ടും സിന്‍ദ്രല്ലയുടെ കഥ തുറന്നു.അവള്‍ എന്ത് കൊണ്ടായിരിക്കും ഒന്നും മിണ്ടാഞ്ഞത് ?ഞാന്‍ ചെന്നത് അവള്‍ക്ക് ഇഷ്ടമായി കാണില്ലായിരിക്കും ?ഞാന്‍ അവളെക്കുറിച്ച് ആലോചിക്കവേ ടോണിയുടെ സ്വരം കേട്ടു.
“നീ വായിക്കുന്ന പുസ്തകത്തിലെ പെണ്‍കുട്ടിയുടെപോലെയാണ് അവളുടെ ജീവിതം.അവള്‍ക്ക് അമ്മയില്ല.ആ അനിയന്‍ അവളുടെ രണ്ടാനമ്മയുടെയാണ്.ആ രണ്ടാനമ്മ ഒരു ചീത്ത സ്ത്രീയാണ്.പിന്നെ ഒരു വ്യതാസം മാത്രമേ സിന്‍ഡ്രല്ലയുമായി ഈ കുട്ടിക്ക് ഉള്ളു."
ഞാന്‍ ആകാംക്ഷയോടെ പ്ലാവിനെ നോക്കി.
“ഈ പെണ്‍കുട്ടി ഊമയാണ്.”
അത് കേട്ട് ഞാന്‍ ഞെട്ടി.വെറുതെയല്ല അവള്‍ ഒന്നും സംസാരിക്കാഞ്ഞത്.ഞാന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കിവച്ചു.പുസ്തകത്തിന്റെ കവര്‍ പേജില്‍ നീല വസ്ത്രങ്ങള്‍ അണിഞ്ഞ സ്വര്‍ണ്ണ തലമുടിയുള്ള സുന്ദരിയായ രാജകുമാരിയുടെ മുഖത്ത് ഞാന്‍ തടവി.അത് അവള്‍ തന്നെയാണെന്ന് ഞാന്‍ കരുതി.കരിക്കിന്‍നീര് പോലെ മധുരമുള്ള എന്തോ ഒന്ന് എന്റെ മനസ്സില്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു അവള്‍ പുല്ലു പറിക്കുന്നതിനിടയില്‍ അനിയന്‍ വന്നു വിളിച്ചപ്പോള്‍ അരിവാള്‍ തേക്കിന്റെ ചുവട്ടിലിട്ടിട്ട് പോകുന്നത് കണ്ടു.അവള്‍ പോയി കഴിഞ്ഞു ഞാന്‍ അവിടെച്ചെന്നു ആ അരിവാള്‍ എടുത്തു നോക്കി.നല്ല മൂര്‍ച്ചയുള്ള തിളങ്ങുന്ന അരിവാള്‍ ...നാട്ടില്‍,പശുവിനു പുല്ലു ചെത്താന്‍ അമ്മയുടെ കൂടെ ഞാനും എത്രയോ തവണ കൂടിയിരിക്കുന്നു.നല്ല പോലെ പുല്ലു വളര്‍ന്നു നില്‍ക്കുന്ന ഒരു റബ്ബര്‍തടത്തില്‍ ഇറങ്ങി ഞാന്‍ അരിവാള്‍ വീശി.പുല്‍ചാടികള്‍ പറക്കുന്ന ശബ്ദം.പുല്ലിന്റെ പച്ചപ്പിന്റെ ഗന്ധം.അത് അവളുടെ ഗന്ധമാണ്.ഞാനോര്‍ത്തു.കുറച്ചു നേരം പുല്ലു ചെത്തിയതിനു ശേഷം അവള്‍ കൂട്ടിയിട്ടതിന്റെ പുറത്തു ഞാന്‍ പറിച്ചതും കൂടി കൂട്ടിയിട്ടു.ഇപ്പോള്‍ ആ പുല്‍ക്കൂന വലുതായിരിക്കുന്നു.നെഞ്ചില്‍ വീണ്ടും ഒരു മധുരം കനച്ചു വരുന്നത് ഞാന്‍ അറിഞ്ഞു.ഞാന്‍ തിരികെ തോട്ടത്തില്‍ പോയി പാറയില്‍ ചാരിയിരുന്നു.ദേഹം നന്നായി വിയര്‍ത്തിരിക്കുന്നു.പക്ഷേ ഒരു സുഖം ആത്മാവിലും ശരീരത്തിലും പടരുന്നു.അവള്‍ തിരികെയെത്തി.മറ്റാരോ പുല്ലു പറിച്ചു കൂട്ടിയിട്ടിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചു.എന്റെ നേരെ മുഖംതിരിച്ചപ്പോള്‍ ഞാന്‍ പുസ്തകത്തിലേക്ക് മുഖം താഴ്ത്തി.
പിന്നെ അവളെകണ്ടത് എന്റെ വാര്‍ഷികപരീക്ഷ അവസാനിക്കുന്നതിന്റെ തലേന്നായിരുന്നു..അന്നെങ്കിലും അവളോട്‌ എന്തെങ്കിലും സംസാരിക്കണം എന്ന് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു.അന്ന് പുല്ലു ചെത്തുന്നതിനിടയില്‍ അവളുടെ അനിയന്‍ ഓടിവന്നു.അവന്റെ മുഖം ഭയവിഹ്വലമായിരുന്നു.അവള്‍ അവനൊപ്പം ഓടിപോകുന്നത് ഞാന്‍ കണ്ടു.എനിക്കും ഉള്ളില്‍ ഭയം തോന്നി.എന്തോ കണ്ടു ഭയന്നതുപോലെ മരങ്ങള്‍ നിശബ്ദരായിരിക്കുന്നു.ഞാന്‍ മെല്ലെ ആ തേക്കിന്റെ ചുവട്ടിലേക്ക്ചെന്നു.അനാഥമായി കിടക്കുന്ന അരിവാള്‍ വളരെ വിലപ്പെട്ട ആഭരണമെടുക്കുന്നത് പോലെ ഞാന്‍ എടുത്തു.അതെവിടെയെങ്കിലും ഒളിച്ചു വയ്ക്കാന്‍ ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ എനിക്ക് തോന്നി.തേക്കിന്റെ ചുവട്ടില്‍ പാറയുടെ ചുവട്ടിലായി ഒരു ദ്വാരം ഞാന്‍ കണ്ടു .ഞാന്‍ ആ അരിവാള്‍ ദ്വാരത്തിനുള്ളിലേക്ക് ഇറക്കിവച്ച് ചെറിയ കല്ലുകള്‍കൊണ്ട് അടച്ചു .അവള്‍ വരും.അത് തിരയും.അപ്പോള്‍ ഞാന്‍ അവളുടെയടുത്തുക്ക് ചെല്ലും.ആ അരിവാള്‍ കണ്ടെടുത്തുകൊടുക്കുമ്പോള്‍ അവള്‍ എന്നെനോക്കി ചിരിക്കും.ഞാന്‍ അവള്‍ക്ക് വേണ്ടി കാത്തിരുന്നു.പക്ഷേ അവള്‍ വന്നില്ല.പിന്നീടൊരിക്കലും ഞാന്‍ അവളെ കണ്ടില്ല.
വാര്‍ഷികപരീക്ഷ തീര്‍ന്നതിന്റെ പിറ്റേന്ന് ഞാന്‍ മലബാറിലേക്ക് വണ്ടി കയറി.നാട്ടില്‍വന്നപ്പോള്‍ പത്രങ്ങളില്‍ ആ പെണ്‍കുട്ടിയുടെ മുഖം ഞാന്‍ വീണ്ടും കണ്ടു.അവളുടെ അനിയന്‍ തലക്കടിയേറ്റു കൊല്ലപെട്ടിരിക്കുന്നു.അവളെ കാണാതായിരിക്കുന്നു.അനിയനെ അവള്‍ അപായപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് രണ്ടാനമ്മ പോലീസിനോട് പറഞ്ഞത്.അവള്‍ക്ക് എന്ത് സംഭവിച്ചുവെന്നു ആര്‍ക്കുമറിയില്ല.പോലീസ് ഊര്‍ജിതമായി തിരഞ്ഞു.ഒരു തുമ്പും കിട്ടിയില്ല. ഞാന്‍ അവളെക്കുറിച്ച് മരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തു.
പരീക്ഷാറിസല്‍ട്ട് വന്നപ്പോള്‍ ഞാന്‍ തിരികെവന്നു.തിരക്ക് കാരണം പഴയതോട്ടത്തില്‍ പോകാന്‍ എനിക്ക് കഴിഞ്ഞില്ല.ടി.സി വാങ്ങി ഞാന്‍ വീണ്ടും തിരികെ നാട്ടിലേക്ക് പോയി.വീട്ടിലെ ചില പ്രത്യേകസാഹചര്യങ്ങള്‍ കാരണം തുടര്‍ന്ന് ഞാന്‍ നാട്ടിലാണ് പ്ലസ്ടൂ എഴുതിയത്.അമ്മയുടെ ആഗ്രഹം പോലെ ഞാന്‍ എന്ട്രന്‍സ് പാസായി.മെഡിസിന്‍ പഠിച്ചു. ഇടയ്ക്കിടെ ആ പെണ്‍കുട്ടിയുടെ മുഖം എന്റെ മനസ്സില്‍ തെളിയും എങ്കിലും പിന്നെ അതിന്റെ തെളിച്ചം കുറഞ്ഞു.ജീവിതത്തിരക്കില്‍ എനിക്ക് മറ്റൊരു കഴിവും കൂടി നഷ്ടമായി.മരങ്ങളുമായി സംസാരിക്കുവാനുള്ള സിദ്ധി.ചിലപ്പോഴോക്കെ അതെല്ലാം ഒരു തോന്നല്‍ മാത്രമാണു എന്ന് ഞാന്‍ സമാധാനിക്കും.
പത്തു വര്‍ഷത്തിനുശേഷം ഇന്ന് വീണ്ടും ഞാന്‍ ആ പഴയ സ്ഥലത്തെത്തി.
സര്‍ക്കാര്‍ അവിടെ ഒരു പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്യുന്നു.അതിനു പറ്റിയ ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ ഞാനും അംഗമാണ്.പണ്ട് താമസിച്ചിരുന്ന ആ കെട്ടിടം ഇന്നില്ല.അവിടെയെല്ലാം റിയല്‍ എസ്റ്റെറ്റ് വളര്‍ന്നിരിക്കുന്നു.എല്ലായിടത്തും വില്ലകള്‍.റോഡുകള്‍.ഞാന്‍ പഠിക്കാന്‍ പോയിക്കൊണ്ടിരുന്ന മാന്‍തൂക്കില്‍ ത്രേസ്യാമ്മയുടെ ഫലവൃക്ഷങ്ങള്‍ തിങ്ങിനിന്ന ആ തോട്ടം വെട്ടിനിരത്തി പൈനാപ്പിള്‍ നട്ടിരിക്കുന്നു.ഞാന്‍ ആ തോട്ടത്തില്‍ കടന്നു.ആ പഴയ പാറയുടെ ചുവട്ടില്‍ ഞാന്‍ അല്‍പ്പനേരമിരുന്നു.ആ മാവിന്റെയും പ്ലാവിന്റെയും കുറ്റികള്‍ ദു:ഖസ്മാരകങ്ങള്‍ പോലെ കന്നാരയുടെ കൂര്‍ത്ത ഇതളുകള്‍ക്കിടയിലൂടെ ഞാന്‍ കണ്ടു.അറിയാതെ എന്റെ കണ്ണ്നിറഞ്ഞു.ഒരിക്കല്‍കൂടി ആ മരങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
മാറ്റം .ഒരിക്കലും നിര്‍ത്താതെ അനന്തയിലേക്ക് ഒഴുകുന്ന പ്രകൃതിയുടെ സമയം.അത് മാത്രമാണ് സത്യം.അവ എന്നോട് പറയുന്നത് പോലെ തോന്നി.
ഞാന്‍ മെല്ലെ ആ കുറ്റികളുടെയടുത്തെക്ക് ചെന്നു.അതിന്റെ മുകളില്‍ കിടന്ന ഇലകളും മറ്റും തുടച്ചു നീക്കി ഞാന്‍ അവയുടെ വാര്‍ഷികവലയങ്ങള്‍ എണ്ണി.പതിനെട്ടു വലയങ്ങള്‍ വരെ ഞാന്‍ എണ്ണി.ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് ആ മരങ്ങള്‍ വെട്ടിനീക്കിയിരിക്കുന്നു.
അവിടെനിന്ന് കൊണ്ട് ഞാന്‍ ആ പെണ്‍കുട്ടി പുല്ലു ചെത്താന്‍ വരുന്ന തോട്ടത്തിലേക്ക് നോക്കി.അതിപ്പോള്‍ വലിയ റബ്ബര്‍ മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന തോട്ടമായി മാറിയിരിക്കുന്നു.ആ തേക്കും ആരോ മുറിച്ചു കളഞ്ഞിരിക്കുന്നു..ഞാന്‍ മെല്ലെ ആ തോട്ടത്തില്‍ കടന്നു.പണ്ട് ആ പെണ്‍കുട്ടിയുടെ അരിവാള്‍ ഒളിച്ചുവച്ചത് ഞാന്‍ ഓര്‍മ്മിച്ചു.ഞാന്‍ ആ പഴയ സ്ഥലത്ത് തിരഞ്ഞു.പാറയുടെ ദ്വാരത്തില്‍ മണ്ണും കല്ലും മൂടിയിരിക്കുന്നു.അവ മെല്ലെ മെല്ലെ നീക്കിയപ്പോള്‍ ഞാന്‍ ആ ദ്വാരം കണ്ടു.പതുക്കെ കയ്യിട്ടു ഞാന്‍ തിരഞ്ഞു.എന്തോ ഒന്ന് എന്റെ കയ്യില്‍ തടഞ്ഞു.തുരുമ്പിച്ച ആ അരിവാള്‍ വലിച്ചെടുക്കുന്നതിനിടയില്‍ മറ്റെന്തോകൂടി എന്റെ വിരലില്‍ തടഞ്ഞു.അതൊരു പൊട്ടിയ വളയായിരുന്നു.
“അതവളുടെ വളയാണ്.ഈ പാറയുടെ അരികില്‍ ,എന്റെ ചുവട്ടിലാണ് അവളെ അവര്‍ കുഴിച്ചിട്ടത്.”
അതൊരു പെണ്‍കുട്ടിയുടെ സ്വരമായിരുന്നു.ഞാന്‍ ചുറ്റും നോക്കി.ആരുമില്ല.ആ ശബ്ദം ,അതെന്റെ ഉള്ളില്‍നിന്നാണു വരുന്നത്.ഒരു കാറ്റ് വീശി.ഉണങ്ങിയിലകള്‍ കാറ്റില്‍ പറന്നു.
ഞാന്‍ ആ തുരുമ്പിച്ച അരിവാള്‍കൊണ്ട് തേക്കിന്റെ കുറ്റിയില്‍ മൂടിക്കിടന്ന ഇലകള്‍ വൃത്തിയാക്കി.ഒരു കടംകഥയുടെ ചുരുള്‍ നിവരുന്നത്‌ പോലെ അതിന്റെ വാര്‍ഷികവലയങ്ങള്‍ തെളിഞ്ഞു.ഞാനത് എണ്ണി.
അത് പതിനൊന്നെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആ തടിയുടെ കുറ്റി പരിശോധിച്ചപ്പോള്‍ അതിനു നല്ല വണ്ണം വച്ചിരുന്നതായി എനിക്ക് മനസ്സിലായി.മുകളിലെ പറമ്പിലെ പ്ലാവിനും മാവിനും ഒപ്പം അടുത്തിടെയാണ് ഈ തേക്കും മുറിച്ചിരിക്കുന്നത്.പക്ഷേ ഇതില്‍ പതിനൊന്നു വാര്‍ഷികവലയങ്ങള്‍ മാത്രം.എട്ടുവര്‍ഷം മുന്‍പ് ഇതിന്റെ ജീവന്‍ നിലച്ചു പോയോ ?
“ആ പെണ്‍കുട്ടിയെ എനിക്ക് ജീവനായിരുന്നു.ഉണങ്ങിനിന്നിരുന്ന എന്റെ അരികില്‍ വന്നു എന്നോട് സംസാരിച്ചുതുടങ്ങിയ ആ പെണ്‍കുട്ടിയാണ് എന്നില്‍ ജീവന്‍ തിരികെ നല്‍കിയത്.നിങ്ങള്‍ ആ മാവിനോടും പ്ലാവിനോടും സംസാരിച്ചത് പോലെ.അവളുടെ രണ്ടാനമ്മ അവളെ വഴിപിഴപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ആ പെണ്‍കുട്ടിയുടെ രണ്ടാനമ്മ ഒരു ദിവസം മറ്റൊരാള്‍ക്കൊപ്പം ശയിക്കുന്നത്‌ അനുജന്‍ കണ്ടു.അപ്പനോട് ഈ വിവരം പറയുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അവനെ ഇരുമ്പ് വടി കൊണ്ട് തല്ലി.അവന്‍ മരിച്ചു.ഓടിരക്ഷപെടാന്‍ തുടങ്ങിയ അവളെയും അവര്‍ കൊന്നു.അതിനുശേഷം ഈ തോട്ടത്തില്‍ കൊണ്ട് വന്നു എന്റെ ചുവട്ടില്‍ അവളെ കുഴിച്ചിട്ടു.അവളുടെ ശരീരവും രക്തവും കലര്‍ന്ന മണ്ണിന്റെ പോഷകങ്ങള്‍ കുടിച്ചു എന്റെ തടി വളര്‍ന്നു.പക്ഷേ അതിന്റെ ജീവന്‍ അന്ന് മുതല്‍ നിലച്ചു.പിന്നീട് എന്റെയുള്ളില്‍ വലയങ്ങള്‍ രൂപം കൊണ്ടില്ല.അവള്‍ മരിച്ചപ്പോള്‍ ഞാനും മരിച്ചു.”
ഞാന്‍ ട്രെയിനില്‍ തിരികെ മടങ്ങുകയാണ്.ആ മരത്തിന്റെ ചുവട്ടില്‍ അവര്‍ ഒളിപ്പിച്ച രഹസ്യം എനിക്കിപ്പോ അറിയാം.ചിലപ്പോള്‍ ഞാന്‍ ഇനിയും മടങ്ങി വരും. ആ ദുഷ്ടമനുഷ്യരെ നിയമത്തിന്റെ മുന്‍പില്‍കൊണ്ടുവരാന്‍.
അകലെ മഞ്ഞനിറമുള്ള പാടങ്ങള്‍ മായുന്നു.നീലനിറമുള്ള പാവാട അണിഞ്ഞ ഒരു പെണ്‍കുട്ടി ഒരു പാടം മുറിച്ചു നടന്നുപോകുന്നത് ഞാന്‍ മിന്നായംപോലെ കണ്ടു.കാരണമില്ലാതെ എന്റെ ഉള്ളു വീണ്ടും തുടിച്ചു.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo