Showing posts with label MinuVarghese. Show all posts
Showing posts with label MinuVarghese. Show all posts

ഒരു രാത്രിയുടെ ഓർമ്മ

Image may contain: 1 person, smiling

ഞാൻ ഉറങ്ങുകയായിരുന്നു. പതിവില്ലാത്തപോലെ ആഴത്തിലുള്ള ഉറക്കം. എവിടെയാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ചെറിയ ഓർമ്മ വരുമ്പോൾ അടിവയറ്റിലും കാലുകൾക്കിടയിലും അസഹ്യമായ വേദന. ഒന്നുറക്കെ കരയണമെന്ന് തോന്നി. ശബ്ദം പുറത്തേക്ക് വരുന്നില്ല. കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. ആരോ എന്റെ കണ്ണുകൾക്കു മുകളിൽ ഭാരം കയറ്റിവച്ചിരിക്കുന്നു. തീരെ തുറക്കാൻ കഴിയാത്തവിധം എന്റെ കൺപോളകൾ തമ്മിൽ ആഴത്തിൽ ചുംബിക്കുന്നു. ചുറ്റും ആരൊക്കെയോ സംസാരിക്കുന്നത് കേൾക്കാം. എവിടെയാണ് ഞാൻ? ആരെവിളിച്ചാണ് ഒന്നുറക്കെ കരയുക? ആരൊയൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചു. ആരുടേയും മുഖം ഓർമ്മയില്ല. കുറെയധികം മുഖങ്ങൾ മനസ്സിൽ തെളിയുന്നു. ഒന്നും വ്യക്തമല്ല.
ആരോ എന്റെ നെറ്റിയിൽ തലോടുന്നുണ്ട്. ആരാണത്? ഏതാണ് ആ സ്ത്രീ? അമ്മയാകുമോ? അതിന് എനിക്ക്‌ അമ്മയുണ്ടോ? ആരാണ് എന്റെ അമ്മ? അതെ, അമ്മയുടെ നേർത്ത വിതുമ്പലാണത്. പക്ഷേ എത്ര ശ്രമിച്ചിട്ടും ആ മുഖം മനസ്സിലേക്ക് വരുന്നില്ല. എനിക്ക്‌ എന്നോടുതന്നെ വെറുപ്പ് തോന്നി. സ്വന്തം അമ്മയെ ഓർത്തെടുക്കാൻപോലും കഴിയാത്തവിധം എനിക്ക്‌ എന്താണ് സംഭവിച്ചത്? അമ്മ... ശരി ഓർക്കണ്ട! ഞാൻ ആരാണ്? എനിക്ക്‌ പേരുണ്ടോ? എങ്കിലെന്റെ അച്ഛൻ? എനിക്ക്‌ സഹോദരങ്ങളുണ്ടാകുമോ? അറിയില്ല.. പക്ഷേ, ഒരു കരച്ചിൽ മാത്രം വീണ്ടും വീണ്ടും കാതുകളിൽ അലയടിക്കുന്നു. അമ്മ തന്നെയാകണം. ഇത്രമേൽ ഒരു വ്യക്തിക്കുവേണ്ടി വേദനിക്കാൻ അമ്മയ്‌ക്ക് മാത്രമേ കഴിയൂ.
അമ്മയിങ്ങനെ കരയാൻ എനിക്കെന്താണ് സംഭവിച്ചത്? കണ്ണുകൾ തുറക്കാതെ തന്നെ ഞാനെന്റെ ശരീരത്തെയൊന്ന് ശ്രദ്ധിച്ചു. ദേഹമാകെ തളർന്നിരിക്കുന്നു. കൈകൾ ഉയർത്താൻ നോക്കി, സാധിക്കുന്നില്ല. ദേഹമാസകലം വേദനിക്കുന്നുണ്ട്. അടിവയറ്റിലാണ് അസഹ്യമായ വേദന. കണ്ണുകളിൽനിന്ന് ഒഴുകുന്ന കണ്ണുനീരിനെപോലും നിയന്ത്രിക്കാൻ കഴിയുന്നില്ല. മനസ്സ്‌ എന്റെയും ശരീരം മറ്റാരുടെയുമാണെന്ന് തോന്നിപോകുന്നു. അല്ലെങ്കിലെന്താണ് എന്റെ ചിന്തകളെ ശരീരം അനുസരിക്കാത്തത്‌? അമ്മേയെന്ന് വിളിക്കണമെന്നുണ്ട്, കഴിയില്ല. കഴിഞ്ഞാലും അമ്മ കേൾക്കണമെന്നില്ല. പെട്ടെന്നാണ് ഒരു തോന്നൽ വന്നത്! ഞാൻ മരിച്ചുവോ..? മരിച്ചവരെ ജീവിച്ചിരിക്കുന്നവർക്ക് കാണുവാനും കേൾക്കുവാനും കഴിയില്ലെന്നറിയാം. അതുകൊണ്ടാകുമോ അമ്മയിങ്ങനെ കരയുന്നത്‌? എങ്കിൽ ഞാൻ എങ്ങനെയാകും മരിച്ചത്? അതോടൊപ്പം എന്റെ ഓർമ്മകളും നശിച്ചിരിക്കുന്നു. ഒന്നുകൂടി ചിന്തിച്ചപ്പോൾ മരിച്ചിട്ടില്ലെന്ന് മനസ്സിലായി. മരിച്ചവരുടെ ഹൃദയം നിലയ്‌ക്കും. എനിക്കെന്റെ ഹൃദയമിടിപ്പ് കേൾക്കാം, ശ്വാസം അറിയാം. മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി, ഞാൻ മരിച്ചിട്ടില്ല.
പെട്ടെന്നാണ് ചുറ്റും ആരുടെയൊക്കെയോ സംസാരം കേട്ടത്. ആ ദിവസം.. ഒരു മാസം മുൻപ്‌... കോളേജ്... രാത്രി... വഴി.... ഉയരമുള്ള ഒരാൾ...... പെട്ടെന്ന് എന്തൊക്കെയോ തലയിൽകൂടി മിന്നൽപോലെ പോയി. ഞാൻ എന്തൊക്കെയാണ് ഇപ്പോൾ കേട്ടത്? ഒന്നും ഓർമ്മയിൽ തെളിയുന്നില്ല. ആരൊക്കെയാണ് എനിക്ക് ചുറ്റും? വല്ലാതെ ഭയം തോന്നുന്നു. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ അവർ പറയുന്നത് എനിക്ക്‌ കേൾക്കാമായിരുന്നു. ഒരു സ്ത്രീയും പുരുഷനും സംസാരിക്കുന്നു.
"കോളേജ് കഴിഞ്ഞ് വരായിരുന്നു കുട്ടി. പെട്ടെന്നുള്ള സമരമായതുകൊണ്ടാകും അത്രയും വൈകിയത്‌. 9 മണി കഴിഞ്ഞിട്ടും കാണാതായപ്പോൾ ഞങ്ങൾ പേടിച്ചു. വടക്കേലെ ഉണ്ണിയെ കവലവരെ വിട്ടിരുന്നു, കുട്ടി വരുമ്പോൾ വീടുവരെ കൂട്ടുവരാൻ. 10 മണി കഴിഞ്ഞപ്പോൾ അവൻ കയറിവന്നിട്ട് പറഞ്ഞു ഇത്രനേരം നിന്നിട്ടും അമ്മുചേച്ചി വന്നില്ലാന്ന്. പിന്നെ എന്താ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. എല്ലാവരും അന്വേഷണം തുടങ്ങി. കവല കഴിഞ്ഞുള്ള 'ഭാർഗ്ഗവിനിലയം'വരെ അമ്മൂനെ കണ്ടവരുണ്ട്. പിറ്റേന്ന് രാവിലെയാ പത്രക്കാരൻ തോടിന്റെ കരയിൽ ന്റെ കുട്ടിയെ കാണണത്. ന്റെ കുട്ടിയെ ഏതോ ദ്രോഹി...." വാക്കുകൾ മുഴുവനാക്കാതെ അവർ വിതുമ്പി..
അമ്മയും കൂടെ കരയുന്നുണ്ട്. ഇപ്പോൾ കാര്യങ്ങൾ ഒരുവിധം മനസ്സിലായി. ഞാൻ അമ്മു? കണ്ണുകൾ തുറക്കണമെന്നും സംസാരിക്കണമെന്നും അമ്മയെ ആശ്വസിപ്പിക്കണമെന്നുമുണ്ട്. ഒന്നിനും കഴിയുന്നില്ല. "അമ്മൂ..." ആരോ എന്നെ വിളിക്കുന്നു. എങ്ങനെ വിളികേൾക്കും ഞാൻ? അതൊരു ആണിന്റെ ശബ്ദമാണ്. നേരത്തെ ഞാൻ കേട്ട അതേ ശബ്ദം. ഡോക്ടറാണെന്ന് തോന്നുന്നു. "അമ്മൂ..." രണ്ടാമത്തെ വിളിയിൽ ഞാൻ കണ്ണുതുറക്കാൻ ശ്രമിച്ചപ്പോഴേക്കും ആരോ വിളികേൾക്കുന്നു. ആരാണത്? എന്നെയല്ലേ വിളിച്ചത്? "ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു കേൾക്കണം..." ഡോകട്ർ പറയുന്നതെല്ലാം മൂളികേൾക്കുന്ന ആ സ്ത്രീ.... അമ്മയുടെ ശബ്ദമാണല്ലോ... എനിക്കൊന്നും മനസ്സിലാകുന്നില്ല. സത്യം അറിഞ്ഞേ മതിയാകൂ. സർവ്വശക്തിയുമെടുത്ത് കണ്ണുകൾ തുറന്നു. ചുറ്റും ഇരുട്ട്‌. ആരാണ് എന്നെയീ ഇരുട്ടുമുറിയിൽ ഉപേക്ഷിച്ചത്? ഇരുട്ട്‌ എനിക്ക്‌ ഭയമാണ്. ഉച്ചത്തിൽ കരയാൻ തോന്നി. പെട്ടെന്നാണ് ആ വാചകം ശ്രദ്ധിച്ചത്. "അമ്മൂ, നീ ഗർഭിണിയാണ്..." അമ്മ നിർത്താതെ കരയുന്നു. ഒന്നു ചിന്തിച്ചപ്പോൾ മനസ്സിലായി ഞാൻ എവിടെയാണ്. അതെ, അമ്മുവിന്റെ ഗർഭപാത്രത്തിൽ..
എത്ര ദിവസമായി ഞാനിവിടെ വന്നിട്ടെന്ന് അറിയില്ല. ഒന്ന് മാത്രം മനസ്സിലായി. ഒരു ഒറ്റപ്പെട്ട രാത്രിയിൽ പെണ്ണായി ജനിച്ചതുകൊണ്ടുമാത്രം ആരോ അമ്മയ്‌ക്ക് കൊടുത്ത ശിക്ഷയാണ് ഞാനെന്ന്. ഓർത്തപ്പോൾ എന്നോടുതന്നെ വെറുപ്പ് തോന്നി. ജനിക്കാൻ അർഹതയില്ലാത്തവളെന്ന് സ്വയം ശപിച്ചു. അസമയത്ത് എന്നെ അയച്ചതോർത്ത്‌ ദൈവത്തോട് വെറുപ്പ് തോന്നി. അമ്മയുടെ വേദനകളാണ് ഞാൻ ഇത്രയുംനേരം അനുഭവിച്ചതെന്ന് ഓർത്തപ്പോൾ ആ കൈകളിൽ മുത്തം കൊടുത്ത്‌ ആശ്വസിപ്പിക്കാൻ തോന്നി. അച്ഛനില്ലാത്ത കുട്ടിയെ വളർത്തേണ്ടിവരുന്ന അമ്മയുടെ ദുരിതമോർത്തപ്പോൾ, ഞാനും ഒരു പെണ്ണാണെന്നോർത്തപ്പോൾ ജനിക്കാൻ ഭയം തോന്നി. പെട്ടെന്നാണ് ആ വാചകം കേട്ടത്, "അമ്മൂ, ഒട്ടും വൈകിയിട്ടില്ല. അബോർഷൻ എന്നൊരു ഓപ്ഷനുണ്ട്‌. അത്‌ തന്നെയാണ് നല്ലത്. അമ്മു എന്ത്‌ പറയുന്നു?" അധികം വൈകാതെ എന്നെ കൊല്ലുമെന്നറിഞ്ഞപ്പോൾ പേടി തോന്നിയെങ്കിലും ജനിക്കുന്നതിലും നല്ലത്‌ അതാണെന്ന് തോന്നി. എന്നെ കൊന്നുകളഞ്ഞേക്കൂ അമ്മേ എന്ന് ഉച്ചത്തിൽ അലറാൻ തോന്നി. അപ്പോഴാണ് ആ മറുപടി കേട്ടത്. "വേണ്ട, എന്റെ കുട്ടിയെ ഞാൻ പ്രസവിക്കും. ഞാൻ ഒറ്റയ്‌ക്ക് വളർത്തും". അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരുപക്ഷേ മരിക്കാൻ കഴിയാത്തതിൽ വേദനിക്കുന്നവർ എന്നെപോലെ ഇനിയുമുണ്ടാകും എന്ന് ആശ്വസിച്ച് അമ്മയുടെ ചൂടിൽ അങ്ങനെ കിടന്നു....

By Minu Varghese

തെമ്മാടിക്കുഴി കിട്ടുവോ..?

തെമ്മാടിക്കുഴി കിട്ടുവോ..?
**********************
ഒരുപാടുപേർ സംസാരിച്ചിട്ടുള്ള വിഷയമാണിത്, മതം! എന്നാൽ എത്ര പറഞ്ഞാലും മനുഷ്യന് മനസ്സിലാവാത്തതും. കുറച്ചുനാളായി എഴുതണമെന്ന് കരുതുന്നു. ഇതിപ്പോൾ ഞാൻ പറയാൻ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം ഒരു ഫാദർ ലോഹയിട്ട്‌ ഡാൻസ് കളിക്കുന്നത് കണ്ടു. സത്യം പറയാലോ പുള്ളി പൊളിച്ചു. ഒരു രക്ഷയുമില്ലാത്ത എനർജി. ഒരുപാട് പേർ അതിന് നല്ല അഭിപ്രായങ്ങൾ പറയുന്നത്‌ കണ്ടു. അതോടൊപ്പം എപ്പോഴത്തെയും പോലെ ചില മതഭ്രാന്തന്മാർ അതിനെ എതിർക്കുകയും ചെയ്തു (കൂടുതലും ക്രിസ്ത്യാനികൾ തന്നെ). അദ്ദേഹം ചെയ്തതിൽ തെറ്റെന്താണെന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല. ആ വിശുദ്ധവസ്ത്രം ധരിച്ചുകൊണ്ട് ആരെയെങ്കിലും പീഡിപ്പിക്കുക, കൊല്ലുക എന്ന കർമ്മങ്ങളല്ല അദ്ദേഹം ചെയ്തതെന്ന് നമുക്കെല്ലാർക്കുമറിയാം. ആർക്കും ദ്രോഹമില്ലാത്ത ഒരു കാര്യം ചെയ്തതിന് ആ മനുഷ്യനെയെന്തിന് ക്രൂശിക്കണം? തിരുവസ്ത്രം ധരിച്ചുകൊണ്ട് നൃത്തം ചെയ്യരുതെന്ന് ബൈബിളിലോ പത്ത് കല്പനകളിലോ പറഞ്ഞിട്ടുണ്ടോ? (വേദോപദേശം ക്ലാസ്സിൽ കുറച്ചു വീക്ക് ആയതോണ്ട് ഞാൻ പഠിച്ചിട്ടില്ല).
മനുഷ്യനുള്ള കാലത്തോളം ഈ വേർതിരിവുകൾ മാറില്ലെന്നറിയാം. ജാതിയും മതവും ഓരോരുത്തരുടെയും ജീനുകളിൽ ഉള്ളതാണല്ലോ. ഒരു കുട്ടി ജനിക്കുമ്പോഴേ അച്ഛന്റെയും അമ്മയുടെയും ഛായയും കഴിവുകളും മാത്രമല്ല, ഒരു ജാതിസ്റ്റാമ്പും കൊടുക്കുന്നുണ്ടല്ലോ. മുലപ്പാലിന്റെ കൂടെവരെ ജാതിസ്പിരിറ്റ്‌ പകർന്നുകൊടുക്കുമ്പോൾ ഒരാളെങ്ങനെ വർഗ്ഗീയവാദി ആകാതിരിക്കും? ഒരിക്കൽ ഗുരു പറഞ്ഞു, "മനുഷ്യര്‍ക്ക്‌ ജാതി ഒന്നെന്നുള്ളതിന് തെളിവൊന്നും വേണ്ട. ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാല്‍ അതിന്റെ സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങള്‍ക്കും ഈ വകതിരിവുണ്ട്. അവയെല്ലാം അതനുസരിച്ച് ജീവിക്കുന്നുമുണ്ട്. മനുഷ്യന് മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല, മൃഗങ്ങളെക്കാള്‍ മോശം". മനുഷ്യൻ പലപ്പോഴും മൃഗങ്ങളേക്കാൾ മോശം തന്നെയാണ്. ഒന്ന് പറഞ്ഞോട്ടെ, നിങ്ങൾ ചെറുപ്പംമുതൽ കലക്കികുടിച്ച തത്വങ്ങൾ നിങ്ങൾ പാലിച്ചോളു, മറ്റുള്ളവരും അതനുസരിക്കണമെന്ന് പറയുന്നത് കുറച്ച് അത്യാഗ്രഹമല്ലേ? ഒരാൾ ഹിന്ദുവോ മുസ്ലിമോ കൃസ്ത്യാനിയോ ആയ മാതാപിതാക്കൾക്ക് ജനിച്ചു എന്നതുകൊണ്ട് അങ്ങനെ തന്നെ ജീവിക്കണമെന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല. എങ്കിൽ ടീച്ചറുടെ മക്കൾ ടീച്ചറും, കൂലിപ്പണിക്കാരന്റെ മകൻ കൂലിപ്പണിക്കാരനും , വേശ്യയുടെ മകൾ വേശ്യയുമാകണമെന്ന് നിങ്ങൾ പറയും. എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും മറികടന്ന് സ്വപ്‌നങ്ങൾ കീഴടക്കുന്ന തലമുറയിൽ എന്തിന് ഇങ്ങനൊരു മതിൽ..?
ബൈബിളും ഖുർആനും ഗീതയുമൊക്കെ പറയുന്നത് നമ്മുടെ ജാതിയിൽപെട്ടവരെമാത്രം സ്നേഹിക്കണമെന്നും മറ്റുള്ളവരെ ശത്രുക്കളായി കാണണമെന്നുമാണോ? അതുമല്ല, കാരണവന്മാരായി എഴുതിവച്ച ചില നിയമങ്ങൾ (കേട്ടാൽ ചിലപ്പോൾ ക്രിസ്തുവും നബിയും കൃഷ്ണനുമൊക്കെ പകച്ചുപോകും) അനുസരിക്കാത്തവരെ ഒറ്റപെടുത്തണമെന്നും ക്രൂശിക്കണമെന്നുമാണോ? കുറച്ചുനാൾ മുമ്പ്‌ "കൊല്ലപ്പെട്ട" വിനായകനും ഈ ജാതി-മത ഭ്രാന്തിന്റെ ഇരയല്ലെന്ന് പറയാനാകുമോ? നല്ലതിനായി ചിലർ എഴുതിവച്ചവയും കാലങ്ങളായി പലരും വ്യാഖ്യാനിക്കുന്നതുമായ ചില കാര്യങ്ങളുണ്ട്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നപോലെ അതുകൊണ്ട് കുറെപേരെ കൊല്ലാനും വർഗ്ഗീയകലാപമുണ്ടാക്കാനും ഉപകരിച്ചു. നല്ല മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും പുസ്തകങ്ങൾക്കും കഴിയുന്നതിൽ കൂടുതലായി ഒരു മതത്തിനും പഠിപ്പിക്കാൻ കഴിയുമെന്നെനിക്ക്‌ തോന്നുന്നില്ല.
ജാതിയെയും മതത്തെയും കുറിച്ച്‌ സംസാരിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ലെന്നറിയാം. ശ്രീനാരായണഗുരുവിന്റേയും മതർ തെരേസയുടെയുംവരെ വാക്കുകളെയും പ്രവൃത്തികളെയും മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ച സമൂഹം എന്നെ തീർച്ചയായും നിരീശ്വരവാദിയെന്നും ദൈവഭയമില്ലാത്തവളെന്നും സ്വർഗത്തിൽ പോകാൻ ആഗ്രഹമില്ലാത്തവളെന്നും വിളിച്ചേക്കാം. ഇതൊരു കുറ്റമായി എനിക്ക്‌ തോന്നുന്നില്ല. സ്വർഗ്ഗവും നരകവും ഒരു വ്യക്തിയുടെ ഉള്ളിൽത്തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതെന്റെ കാഴ്ച്ചപ്പാടാണ്. അഭിപ്രായസ്വാതന്ത്ര്യം എല്ലാർക്കുമുണ്ടല്ലോ. ജാതി-മത-വർണ്ണ-സ്ത്രീ-പുരുഷ വിവേചനമില്ലാത്തൊരു കാലം വരട്ടെ.
ഇനി ഇതെല്ലാം പറഞ്ഞതിന് നാളെ സഭയെന്നെ പുറത്താക്കോ!! ആക്കിയേക്കാം.. ഒരുപക്ഷേ ഈ വക പേടികൾ തന്നെയാകണം ഓരോരുത്തരേയും ഇങ്ങനെയുള്ള വിശ്വാസങ്ങളിൽ കഴിയാൻ നിർബന്ധിതരാക്കുന്നതും.
NB : ഞാനൊരു നിരീശ്വരവാദിയല്ല, എന്നാൽ വർഗ്ഗീയവാദിയുമല്ല. ഇതിൽ ഒരു മതത്തെ മാത്രമായി ഞാൻ കുറ്റപെടുത്തിയിട്ടില്ല. എല്ലാ മതത്തെയും ഒരുപോലെയാണ് പറഞ്ഞത്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് വന്ന് പൊങ്കാലയിടുക. ആ ഒരു കാര്യത്തിലെങ്കിലും ഒരുമിക്കട്ടെ..!!

Minu

എനിയ്‌ക്കെ അവിടെ നല്ല ഫ്രീഡാ..

Image may contain: 1 person, smiling, standing and outdoor

ആണായി ജനിച്ചിരുന്നെങ്കിലെന്ന് ഒരു തവണയെങ്കിലും ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല. പക്ഷേ ഒരു പെണ്ണായി ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാർ അധികമുണ്ടാകാൻ സാധ്യതയില്ല. ഇത്രയും മതിയല്ലോ കാര്യം മനസ്സിലാക്കാൻ. എന്തിനു പറയുന്നു, മറ്റെല്ലാ സ്ത്രീകളെയുംപോലെ ഞാനും ആഗ്രഹിച്ചിട്ടുണ്ട് ഒരു ആണായി ജനിച്ചിരുന്നെങ്കിലെന്ന്. ഒന്നല്ല, ഒരായിരം തവണ. "അവൻ ആൺകുട്ടിയാ.. അവനു എന്തും ആവാം" എന്നും "നീ പെൺകുട്ടിയാ, അത്‌ മറക്കണ്ട" എന്നും കേട്ടുതുടങ്ങിയ കാലം മുതൽ തുടങ്ങിയതാണ് ആണെന്ന വർഗ്ഗത്തിനോടുള്ള കുശുമ്പ്. "അവർക്ക്‌ ഇരുട്ടിയാലും കളിക്കാം, പെൺകുട്ടികൾ ഇരുട്ടുംമുൻപ്‌ വീട്ടിൽ കേറിക്കോളണം". "അവൻ ആൺകുട്ടിയല്ലേ, അവനു സിനിമയ്‌ക്കൊക്കെ പോകാം, നീ അങ്ങനെയാണോ?". "അവർക്ക്‌ ട്രിപ്പ് പോകാം, നീയെങ്ങനെ പോകാനാ.. അതൊന്നും ശരിയാവില്ല". "അയ്യേ.. പെൺപിള്ളേർ ബൈക്കൊടിക്കോ.. അതൊക്കെ‌ ആൺപിള്ളേർക്ക് ഉള്ളതല്ലേ.."
ഒടുവിൽ ഞാനും വിചാരിച്ചു, ശരിയാവും! അവർക്ക്‌ എങ്ങനെ നടന്നാലും എന്താ കുഴപ്പം. നമ്മൾ അങ്ങനെയാണോ? പെൺകുട്ടികൾ അടങ്ങി ഒതുങ്ങി ജീവിക്കണം. "ആണായി ജനിച്ചവർ ഭാഗ്യവാന്മാർ, എന്തെന്നാൽ ഇന്ത്യാ മഹാരാജ്യം അവർക്കുള്ളതാണ്" എന്നുവരെ കരുതി പാവം ഞാൻ. അവരുടെ ശരികൾക്കും എന്റെ തെറ്റുകൾക്കുമിടയിൽ അന്തംവിട്ടു നിൽക്കാനേ എനിക്കായുള്ളു. അതല്ലെങ്കിലും ഒരാളുടെ ശരികളെന്നും മറ്റൊരാളുടെ തെറ്റുകളാകുമല്ലോ. എന്തൊക്കെ ആയാലും 18 തികയുമ്പോൾ പെൺകുട്ടിയാണെന്നും പറഞ്ഞ്‌ വല്ലവനേം കെട്ടി കുടുംബം നോക്കാനുള്ള മഹാമനസ്കതയൊന്നും എനിക്കില്ലെന്നുള്ള കാര്യം അന്നേ ഞാൻ ഉറപ്പിച്ചതാ. അതുകൊണ്ടുതന്നെ പഠിച്ചു സ്വന്തം കാലിൽ നിൽക്കണമെന്നുള്ള വാശിയുണ്ടായിരുന്നു (എന്നുകരുതി കുത്തിയിരുന്ന് പഠിച്ചിട്ടില്ലെന്നുള്ളത് മറ്റൊരു സത്യം). ആ വാശിപ്പുറത്താണ് ഒരു അവസരം കിട്ടിയപ്പോൾ കാനഡയ്‌ക്ക് വണ്ടി കയറിയത്. ഇവിടെയെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോൾ തോന്നി ഇതിലും നല്ലത്‌ കെട്ടിപോണതാർന്നൂന്ന്. എന്നാലും അങ്ങനെ തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ.
ഒരിക്കൽ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിനിടയിൽ അറിയാതെ പറഞ്ഞുപോയി, "അടുത്ത ജന്മമെങ്കിലും ആണായി ജനിച്ചമാതിയായിരുന്നു" എന്ന്.
അവൻ തിരിച്ചുചോദിച്ചു, "ആണായി ജനിച്ചാലെന്താ വിശേഷം?".
"അല്ല, നിങ്ങൾക്ക്‌ തോന്നുമ്പോ തോന്നണപോലെ ചെയ്യാലോ.. കറങ്ങാൻ പോവാം, സെക്കന്റ്‌ ഷോ ക്ക്‌ പോകാം.. എന്തൊക്കെ കാര്യങ്ങളാ..".
"അതെന്താ നിങ്ങടെ കൈയും കാലും കെട്ടിയിട്ടേക്കാണോ..?"
"അങ്ങനെയല്ല, പെൺകുട്ടികൾക്ക് അങ്ങനൊക്കെ പറ്റോ..!"
"അതെന്താ പറ്റാത്തെ? എന്റെ കൊച്ചേ, ആകെ ഒരു ലൈഫ് ഒള്ളൂ. പറ്റണപോലെ ഹാപ്പി ആയി ജീവിക്കാൻ നോക്ക്. ആണല്ല, പെണ്ണാണ്, അടുത്ത ജന്മം എന്നൊക്കെ പറഞ്ഞോണ്ടിരുന്നാ അവിടിരിക്കൊള്ളു!".
ആഹാ.. സംഭവം ശരിയാണല്ലോ. കാര്യം ബോധമില്ലാത്ത കുട്ടിയാണേലും ഇപ്പൊ പറഞ്ഞത് സത്യാണ്. ബ്രോ, ഈ ഉപദേശം കുറച്ചു മുൻപ്‌ ആകാമായിരുന്നു. ആകെയുള്ള ജീവിതം നാട്ടുകാർക്കുവേണ്ടി ജീവിച്ചിട്ട്‌ എന്തിനാ.. എന്തായാലും മരിക്കുമ്പോൾ നന്നായി അടങ്ങി ഒതുങ്ങി തന്നെയാ പെട്ടിയിൽ പോകാ. അതുവരെ പറക്കാമെന്നേ. ആരും ആരേയും കെട്ടിയിട്ടിട്ടില്ല. സമൂഹം കൽപ്പിക്കുന്ന കുറേ 'അരുത്‌'കളുണ്ട്. അതിൽനിന്ന് നമ്മുടെ ശരികളെ തിരഞ്ഞെടുക്കുക. ഉള്ള നാളത്രയും സന്തോഷമായിരിക്കുക. അപ്പോൾ പറഞ്ഞുവന്നത്.. ഡിയർ ലേഡീസ്‌, ഇനിയുള്ള ജീവിതമെങ്കിലും ജീവിക്കാൻ നോക്കെന്നേ..
"Die with memories, not with dreams" എന്നാണല്ലോ അതിന്റെ ഒരിത്‌!
NB: ചെറിയൊരു ഫെമിനിസ്റ്റ്‌ ഉള്ളിലെവിടെയോ ഇല്ലാതില്ല.

by: Minu Varghese

എന്റെ അനിയത്തികുട്ടി

എന്റെ അനിയത്തികുട്ടി
********************
എനിക്ക്‌ ആറു വയസ്സുള്ളപ്പോഴാണ് ആ മഹതിയുടെ ജനനം. കുഞ്ഞുവാവ വരാൻ പോകുന്നു എന്നറിഞ്ഞപ്പോൽ മുതൽ വല്ലാത്ത ആഹ്ലാദമാണ്. എങ്കിലും അമ്മയുടെ വയറു വലുതാകുന്നവരെ ഒരു സംശയമായിരുന്നു. ഇനി എന്നെ അനുസരിപ്പിക്കാൻ വേണ്ടി വാവയെ തരാമെന്ന് പറഞ്ഞ്‌ പറ്റിക്കുന്നതാകുമോ എന്നുവരെ സംശയിച്ചു. ഒടുവിൽ അമ്മയുടെ വയറു വളർന്നുതുടങ്ങിയപ്പോൾ സമാധാനമായി. ഇടയ്‌ക്ക് വാവ ചവിട്ടുന്നതും തൊഴിക്കുന്നതും കാണുമ്പോൾ വല്ലാത്തൊരു ആശ്വാസം.
അങ്ങനെയിരിക്കയാണ് ഒരു ദിവസമെനിക്ക്‌ അമ്മയെയൊന്ന് സ്നേഹിക്കാൻ തോന്നിയത്‌. ഓടിചെന്ന് പുറകിൽനിന്ന് കെട്ടിപിടിച്ചപ്പോഴുണ്ട്‌ അമ്മയുടെ പുറകിലെ നൈറ്റി ഉള്ളിലേക്ക്‌ കയറിപോകുന്നു! ഇപ്പ്പോഴല്ലേ കാര്യം മനസ്സിലായത്‌! ഗർഭിണിയാണെന്ന വ്യാജേന അമ്മ ഇത്രനാൾ വളഞ്ഞു നിൽക്കായിരുന്നു. എനിക്കെല്ലാം മനസ്സിലായി, എല്ലാരുംകൂടെ എന്നെ പറ്റിക്കായിരുന്നു. കരച്ചിൽ തുടങ്ങി. അമ്മ പറഞ്ഞു മനസ്സിലാക്കാൻ പരമാവധി നോക്കി, "മോളെ, വാവ വലുതാകുമ്പൊ വാവേടെ വെയിറ്റ്‌ താങ്ങാൻ പറ്റാതെ അമ്മ വളഞ്ഞുപോയതാ.. ദേ തൊട്ടുനോക്കിയേ, വാവ അനങ്ങണു.." അങ്ങനെ എന്തോക്കെയോ പറഞ്ഞ്‌ ഒടുവിൽ മനസ്സില്ലാമനസ്സോടെ ഞാൻ സമ്മതിച്ചു, വാവ എന്നെങ്കിലും പുറത്തു വരുമല്ലോ അന്ന് ഞാൻ കണ്ടോളാം എന്ന മട്ടിൽ.
അങ്ങനെ ഒരു ദിവസം പപ്പ പറഞ്ഞു ഇന്ന് വാവ വരും, വേഗം കുളിച്ചൊരുങ്ങിയാൽ ആശുപത്രിയിൽ പോകാമെന്ന്. അത്‌ കേൾക്കേണ്ടതാമസം, ഓടിപോയി റെഡിയായി. ആശുപത്രിയിൽ എത്തിയപ്പോഴുണ്ട്‌ വല്ല്യമ്മയുടെ പുത്രൻ എന്നേക്കാൾ മുൻപ്‌ ഹാജരായിട്ടുണ്ട്‌. മൂന്ന് മക്കളിൽ ഇളയവൻ, കുട്ടൻ. ഒരേയൊരു ആൺതരി. അതിന്റെ എല്ലാവക കുറുമ്പും ചെക്കനുണ്ട്‌. എന്റെ അതേ പ്രായമാണ്. എന്നോട് വല്ല്യ സ്നേഹമൊക്കെ തന്നെയാ. പക്ഷേ ഇപ്പോൾ അവൻ എന്റെ ശത്രുവാണ്. കാരണം വേറൊന്നുമല്ല, അവനു എന്റെ വാവയിൽ ചെറിയൊരു കണ്ണുണ്ട്‌! വാവ വന്നാൽ എനിക്ക്‌ വാവയുടെ കൂടെ കളിക്കാലോ എന്ന് അവൻ എപ്പോഴും പറയും. അങ്ങനിപ്പൊ എന്റെ വാവയെ ഞാൻ നിനക്ക്‌ തരൂല്ലാടാ കാലമാടാ എന്ന മട്ടിൽ ഞാനൊന്ന് മൂളും!
അങ്ങനെ ഞാനും അവനും പപ്പയും വല്ല്യമ്മയും അമ്മൂമ്മയുമൊക്കെ വാവയുടെ വരവും കാത്ത്‌ ഓപ്പറേഷൻ തിയറ്ററിന്റെ മുൻപിലാണ്. ഞാനാണെങ്കിൽ വെള്ള ഉടുപ്പിട്ട മാലാഖ വാവയെ കൊണ്ടുവരുന്നതും എന്റെ കൈയിലേക്ക്‌ വച്ചുതരുന്നതുമൊക്കെ സ്വപ്നം കണ്ടങ്ങനെ നിൽക്കാ.. പെട്ടെന്ന് നോക്കിയപ്പോഴുണ്ട്‌ ദാ വരുന്നു എന്റെ വാവ! ഇപ്പൊ എന്റെ കൈയിൽ തരുമെന്ന് വിചാരിച്ച്‌ നിൽക്കുമ്പോൾ ആ നഴ്സ്‌ വാവയെ നേരെ വല്ല്യമ്മയുടെ കൈയിലേക്കങ്ങു വച്ചുകൊടുത്തു! കഴിഞ്ഞു..!! എന്റെ സ്വപ്‌നങ്ങൾ...!! ഇനി അവർക്ക്‌ ആളു മാറിയതാകുമോ..? അതോ കൊച്ചിന്റെ അവകാശി ഇവിടെ പനപോലെ നിൽക്കുന്നത്‌ അവർ കണ്ടില്ലേ..! പെട്ടെന്ന് അവരുടെ വെള്ളച്ചിറകുകൾ മാഞ്ഞ്‌ കൊമ്പുകൾ വരുന്നതുപോലെ എനിക്ക്‌ തോന്നി. എന്തൊക്കെയായാലും എല്ലാം കൈയിന്ന് പോയി എന്നാലോചിച്ച്‌ നോക്കുമ്പൊഴുണ്ട്‌ ലോട്ടറി അടിച്ചപോലെ ഇളിച്ചുകൊണ്ടു നിൽക്കുന്നു ഒരു മഹാൻ! 'എന്താ ഇതിനുമാത്രം ചിരിക്കാൻ, ഒരു സെക്കന്റിന്റെ വ്യത്യാസത്തിലല്ലേ എനിക്ക്‌ മിസ്സ്‌ ആയത്‌' എന്ന് ആലോചിച്ചുകൊണ്ട്‌ നിൽക്കുമ്പൊഴാണ് അടുത്തുവന്ന് അവന്റെയൊരു ഡയലോഗ്‌ "എന്റെ മമ്മീടെ കൈയിലാ കൊടുത്തത്‌, അപ്പോ എന്റെ വാവയാ..!". എന്റെ ചങ്കു തകർന്നുപോയി. "എടാ ദ്രോഹീ, പത്ത്‌ മാസമല്ല, ആറു വർഷമാടാ ഞാൻ കാത്തിരുന്നത്‌..". ആരോട് പറയാൻ! ഹൃദയം പൊടിയുന്ന വേദന കടിച്ചമർത്തി ഞാനാ വരാന്തയിലങ്ങനെ നിന്നു..
ആശുപത്രിയിൽ നിന്ന് തിരിച്ച്‌ വീട്ടിലെത്തുന്നതുവരെ മനസ്സിലൊരു കല്ലെടുത്ത്‌ വച്ചപോലെയായിരുന്നു. വിജയശ്രീലാളിതനായ അവനെ കാണുമ്പോഴാണ് അത്‌ കൂടുക! പിന്നീട് അവൻ വീട്ടിൽ വരുമ്പോഴായാലും എന്റെ രണ്ടു കണ്ണും ഞാൻ മുഴുവനായി അവനു ഡെഡിക്കേറ്റ്‌ ചെയ്യുമായിരുന്നു. ഇനി ഞാൻ കാണാതെയെങ്ങാനും എന്റെ വാവയെ എടുത്തുകൊണ്ട്‌ പോയാലോ! കുറേയേറെ ദിവസങ്ങൽക്ക്‌ ശേഷമാണ് ഇനിയാരും കൊണ്ടുപോകില്ലെന്ന് ഞാൻ ഉറപ്പുവരുത്തിയത്‌. വലുതായശേഷം തല്ലുകൂടുമ്പോഴൊക്കെ ഞാൻ പറയും "ശ്ശോ, അന്ന് ഈ സാധനത്തിനെ അവനു കൊടുത്താമത്യാർന്നു" എന്ന്..!!
മിനു വർഗ്ഗീസ്‌

ആ ഓട്ടപാച്ചിൽ

ആ ഓട്ടപാച്ചിൽ
*************
ഞാൻ സ്‌കൂളിൽ പഠിക്കുന്ന പ്രായം. അനിയത്തി ആറ് വയസ്സിന് ഇളയതായതുകൊണ്ട് അവളെ ഞാൻ കൂട്ടത്തിൽ കൂട്ടാറില്ല. അല്ലെങ്കിലും കുഞ്ഞിപിള്ളേരെ ഒരു ദൂരത്തിൽ നിർത്തണം, എന്നാലേ ഒരു ബഹുമാനമൊക്കെ ഉണ്ടാകുള്ളൂ എന്നായിരുന്നു അന്നത്തെ ചേച്ചിയായ എന്റെ ന്യായം. അതുകൊണ്ടുതന്നെ എനിക്ക്‌ കൂട്ട്‌ അപ്പുറത്തെ വീട്ടിലെ പാറു ചേച്ചിയും കൃഷ്ണൻ ചേട്ടനും ലക്ഷ്മി ചേച്ചിയുമൊക്കെയായിരുന്നു. പാറു ചേച്ചി എന്നെക്കാൾ നാല് വയസ്സ്‌ മൂത്തതാണ്. കൃഷ്ണൻ ചേട്ടൻ ആറും. ലക്ഷ്മി ചേച്ചി ഞങ്ങളെക്കാളൊക്കെ മുതിർന്നതാണെങ്കിലും ചെറിയ കുട്ടികളുടെ സ്വഭാവമായിരുന്നു. ഒഴിവ്‌ സമയങ്ങളിൽ ഞങ്ങളിൽ ഒരേയൊരു ആൺതരിയായ കൃഷ്ണൻ ചേട്ടനെ പെൺവേഷം കെട്ടിക്കലാണ് പ്രധാന ഹോബി. മുടി കെട്ടി കണ്ണെഴുതി പൊട്ട്‌ തൊട്ട്‌ കൃഷ്ണൻ ചേട്ടനെ ഞങ്ങൾ 'കൃഷ്ണേടത്തി'യാക്കും. വേറെ ഒരു വഴിയുമില്ലാത്തതുകൊണ്ട്‌ ചേട്ടൻ അതിനെല്ലാം നിന്നുതരും.
അങ്ങനെ ഞങ്ങൾ മേക്കപ്പിൽ പി.എച്ച്‌.ഡി എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് ചേട്ടനു അച്ഛനൊരു സൈക്കിൾ വാങ്ങികൊടുത്തത്. പിന്നെ കസർത്ത് അതിന്മേലായി. ചേട്ടൻ ഓടിക്കുന്നു, ചേച്ചി ഓടിക്കുന്നു, എന്നെ മുന്പിലിരുത്തുന്നു, പിന്നെ പിന്നിലിരുത്തുന്നു.. അങ്ങനെയങ്ങനെ മൊത്തത്തിൽ സൈക്കിൾയജ്ഞമായി. അവസാനഘട്ടമാണ് ട്രിപ്പിൾ വെക്കാമെന്ന തീരുമാനത്തിലെത്തിയത്. അങ്ങനെ എന്നെ മുൻപിലും പാറുചേച്ചിയെ പുറകിലുമിരുത്തിയുള്ള അവസാന റൗണ്ടാണ്. കുതിരപ്പുറത്ത്‌ പോകുന്ന പടനായകനെപോലെയാണ് ചേട്ടന്റെ ഭാവം. ഞാനാണെങ്കിൽ മുൻസീറ്റിലങ്ങനെ ഞെളിഞ്ഞിരിപ്പാണ്. പെട്ടെന്നാണ് പടനായകന്റെ ആവേശം കൂടിയതും സൈക്കിളിന്റെ പിടി വിട്ടതും.
ഡ്‌ഡും.!! ദാ കിടക്കണു മൂന്നുംകൂടി നിലത്ത്‌.
ഞാനന്നൊരു കടുകുമണിയുടെ അത്രയേ വലുപ്പമുള്ളൂ. അതുകൊണ്ടുതന്നെ വീണപാടെ ചാടിയെഴുന്നേറ്റു. കൃഷ്ണൻ ചേട്ടൻ ഓടിവന്ന് എന്നെ അടിമുടിയൊന്ന് നോക്കി. ''ഭാഗ്യം, ഈ മുതലിന് കാര്യമായ പരിക്കുകളൊന്നുമില്ല". ഉവ്വാ, വീഴുന്ന സമയത്ത്‌ ചേട്ടൻ കൃത്യമായി ചാടിയിറങ്ങിയതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. ഇല്ലെങ്കിൽ പാണ്ടിലോറി കയറിയപോലെ ആയേനെ ഞാൻ! ഏതോ ജന്മത്തിൽ ചെയ്ത സുകൃതം! കൈയിലെയും കാലിലെയും പൊടിയൊക്കെ തട്ടിക്കളയുന്ന സമയത്താണ് പെട്ടെന്നൊരു കാര്യമോർത്തത്. പാറു ചേച്ചി..! ഞാനും ചേട്ടനും ഇടിമിന്നലേറ്റപോലെ തിരിഞ്ഞുനോക്കി. ദാ കിടക്കണു നടുറോഡിൽ ചക്ക വെട്ടിയിട്ടപോലെ!
ഞങ്ങൾ ഓടിച്ചെന്നു. അനക്കമൊന്നുമില്ല. ചേട്ടൻ തട്ടിവിളിക്കാൻ തുടങ്ങി, "പാറൂ, എണീക്ക്.." ആരു കേൾക്കാൻ! ജീവനുള്ളതായി തോന്നുന്നില്ല. ചേട്ടൻ വീണ്ടും വീണ്ടും തട്ടിവിളിക്കുന്നു. അനങ്ങുന്നില്ല. കൃഷ്ണൻ ചേട്ടന്റെ കൈയും കാലും വിറയ്‌ക്കാൻ തുടങ്ങി, ശബ്ദമിടറി. എത്ര വിളിച്ചിട്ടും അനങ്ങാതായപ്പോൾ ചേട്ടൻ ആ വിറയ്ക്കുന്ന കൈ പതുക്കെ ചേച്ചിയുടെ മൂക്കിനോട് അടുപ്പിച്ചു. "ഈശ്വരാ.. ശ്വാസമില്ല!". കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്ന ചേട്ടനോട് എരിതീയിൽ എണ്ണയെന്നോണം എന്റെയൊരു ചോദ്യം, "പാറു ചേച്ചി മരിച്ചുപോയോ ചേട്ടാ..?" ചേട്ടനെന്നെ തുറിപ്പിച്ചൊന്ന് നോക്കി, ആ നോട്ടത്തിൽ ഞാൻ ദഹിച്ചുപോയി. ശ്വാസമില്ലെങ്കിൽ മരിച്ചുപോവൂന്ന് ഞാൻ ഇന്നാളുംകൂടെ സിനിമയിൽ കണ്ടുള്ളു! പക്ഷേ അത്‌ പറയാൻ പോയാൽ ചിലപ്പോൾ എനിക്ക്‌ അടികിട്ടും. മിണ്ടണ്ട, ചേട്ടന്റെ വിശ്വാസം ചേട്ടനെ രക്ഷിക്കട്ടെ!
ആ വഴിയെങ്ങും ആരെയും കാണുന്നില്ല. ചേട്ടനാണെങ്കിൽ നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി. ആരേലും മരിച്ചാൽ കരയണ്ടേ.. ഞാനും വിട്ടുകൊടുത്തില്ല, കൂടെകരഞ്ഞു! അങ്ങനെ ഞങ്ങൾ മത്സരിച്ചു കരയുമ്പോഴാണ് പെട്ടെന്നൊരു ശബ്ദം! ദൈവമേ.. പാറു ചേച്ചിയുടെ പ്രേതമാവോ..! പേടി ഉള്ളിലൊതുക്കി കഷ്ടപ്പെട്ട് കണ്ണുതുറന്ന് നോക്കിയപ്പോഴുണ്ട് സപ്രമഞ്ചകട്ടിലിൽ കിടക്കുന്നപോലെ നടുറോട്ടിൽ വട്ടം കിടന്നിട്ട്‌ കുലുങ്ങി കുലുങ്ങി ചിരിക്കുന്നു ഒരാൾ! എന്നിട്ട്‌ ഒരു ചോദ്യവും, "അയ്യേ, സൈക്കിളീന്ന് വീണാ ആരേലും ചാവോ.." അപ്പോഴാണ് ഞങ്ങളും അത്‌ ആലോചിക്കുന്നത്, സൈക്കിളിൽനിന്ന് വീണാൽ മരിക്കുവോ. "എന്നാലും ഇനിയിപ്പോ തലയിടിച്ച് കൈയും കാലുമൊടിഞ്ഞ് മരിച്ചാലോ.." ചേട്ടന്റെ വക ന്യായം! അതോടെ കൂട്ടക്കരച്ചിൽ പൊട്ടിച്ചിരിയായി.
എന്തോക്കെയായാലും അതിനുശേഷം ആശാൻ ഇമ്മാതിരി കസർത്ത്‌ കാണിക്കാൻ പോയിട്ടില്ല. വീട്ടിൽ പറയാതിരുന്നാൽ മേക്കപ്പ് ചെയ്യാൻ ഇരുന്നുതരാമെന്ന കരാറിൽ ഞങ്ങൾ ഈ കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടുമില്ല..!!
മിനു വർഗ്ഗീസ്‌

വേണി, അവൾ മഴയാണ്.


വേണി, അവൾ മഴയാണ്.
*********************
ഞാനെന്റെ മുറിയിൽ ജനലിനോട് ചേർന്നുള്ള കസേരയിലിരുന്ന് എതോ പുസ്തകത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. നാലു മണി കഴിഞ്ഞാൽ വടക്കേ തൊടിയിലെ കുളത്തിലേക്കൊരു പോക്കാണ്. അലക്കും കുളിയും കഴിഞ്ഞ്‌ കൽപടവുകളോടും മന്ദാരത്തിനോടും ചെമ്പകത്തിനോടുമൊക്കെ കൊഞ്ചി വീട്ടിലെത്തുമ്പോൾ സന്ധ്യ തുടങ്ങിയിട്ടുണ്ടാകും. ഇരുട്ടാകും മുൻപ്‌ എത്തിയില്ലെങ്കിൽ മുത്തശ്ശി ഭയന്നുള്ള കാത്തിരിപ്പാണ്. എന്നിട്ട്‌ ഒരു ചോദ്യമുണ്ട്, ''കുളിക്കാനും അലക്കാനൊക്കെ വടക്കേതൊടി വരെ പോണോ ന്റെ കുട്ട്യേ.. ഇല്ല്യാച്ചാ നിനക്കാ ഭാനൂനെ കൂടെ വിളിച്ചൂടെ..'' ഉവ്വ്‌, മുത്തശ്ശിക്കറിയില്ലാലോ എന്നെക്കാത്ത്‌ അവരൊക്കെ അവിടെ നിൽക്കുന്ന കാര്യം. ഇനി എങ്ങാനും പറഞ്ഞാലോ അപ്പോൾ ചോദിക്കും, ''വിഡ്ഢിത്തം പറയാതെ കുട്ട്യേ, ഈ മരങ്ങൾക്കും പൂക്കൾക്കുമൊക്കെ നിന്റെ ഭാഷ എങ്ങനെ മനസ്സിലാവാനാ, അവർ കാറ്റിനോട് മാത്രല്ലേ മിണ്ടുള്ളൂ..''
''ന്റെ മുത്തശ്ശി, ആ കാറ്റ്‌ ഞാനല്ലേ, ഞാനിങ്ങനെ പാറിനടക്കല്ലേ.. ഈ എനിക്കറിയാത്ത ഭാഷയുണ്ടോ അവറ്റകൾക്ക്..'' എന്നും പറഞ്ഞ് ആ കവിളത്തൊരു കുസൃതിമുത്തവും കൊടുത്ത് ഞാൻ മുറിയിലേക്കോടും. പടികൾ കയറുമ്പോൾ ''ന്തു പറഞ്ഞാലും കുട്ടിക്ക്‌ കുസൃതിയാ'' എന്ന് പുറകിൽനിന്ന് മുത്തശ്ശി പിറുപിറുക്കുന്നുണ്ടാകും. അത്‌ കേൾക്കാത്ത ഭാവത്തിൽ ഞാൻ മരപ്പടികളുടെ ഈണത്തിനു കാതോർത്തു മുറിയിലേക്കോടും.
ഇനിയങ്ങോട്ട് എന്റെ മാത്രം ലോകമാണ്. ഞാനും പുസ്തകങ്ങളും.. വല്ലപ്പോഴും ഇടനാഴിയിലുള്ള ഗ്രാമഫോൺ കൂടെ പാടും. വായനയിലേക്കിറങ്ങിയാൽ പിന്നെ ഞാൻ ഒന്നുകിൽ കഥാപാത്രമായി സ്വയം അറിയും, അല്ലെങ്കിൽ അവരോടൊക്കെ സംസാരിക്കും. ഏതെങ്കിലും വരി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ പിന്നെ എന്റെ കണ്ണുകൾ മേശയിലെ പുസ്തകത്തിൽനിന്ന് ജനലിലൂടെ വിജനതയിലേക്ക്‌ പായും. കഥാപാത്രങ്ങളെയും കഥാകാരനെയും ഹൃദയത്തിലേക്ക് ആവാഹിക്കും. ഓർത്തോർത്തങ്ങനെ എന്റെ പൂട്ടിയിട്ട ചിന്തകളെ ചങ്ങലക്കുള്ളിൽനിന്ന് തുറന്നുവിടും. അവ ഭ്രാന്തമായങ്ങനെ അലയും. ഒടുവിൽ തിരിച്ചെത്തുമ്പോൾ വായിക്കാൻ കഴിയാത്തവിധം മുറിയിൽ ഇരുട്ട്‌ പരന്നിരിക്കും. അങ്ങനൊരു ഭ്രാന്തൻ ചിന്തക്കിടയിലാണ് ഒരു മഴത്തുള്ളി എന്റെ കൺപീലികളിൽ വന്നു മുത്തമിട്ടത്. ആ പ്രേമസമ്മാനത്തിൽ ഞാൻ തിരിച്ചെത്തിയപ്പോൾ സന്ധ്യയായിരുന്നു. മുറ്റത്ത്‌ മഴ ചാറുന്നു. പുതുമണ്ണിന്റെ മോഹിപ്പിക്കുന്ന ഗന്ധം. ഒരു കാറ്റ്‌ വന്നെന്നെ പൊതിഞ്ഞു. അവനൊരു കള്ളനാണ്. വല്ലാതെ കുളിരേകി ഒരു മായാലോകം സൃഷ്‌ടിച്ച്‌ പെട്ടെന്നൊരു മാത്രയിൽ കടന്നുകളയുന്നവൻ. എങ്കിലും ഞാൻ വീണ്ടും വീണ്ടും പ്രണയിച്ചുപോകും, മഴയെയെന്നപോലെ..
മഴ, അവളെന്നെ വല്ലാതെ മോഹിപ്പിക്കുന്നു. തന്നിലേക്ക് മാടിവിളിക്കുന്നു. അവളുടെ സ്നേഹത്തിലലിയാൻ കൊതിതോന്നുന്നു. പതുക്കെയെഴുന്നെറ്റ്‌ പടികളിറങ്ങി. അകത്തെ മുറിയിലിൽനിന്ന് നാമജപം. ശബ്ദമുണ്ടാക്കാതെ മുത്തശ്ശിയുടെ വാതിൽ കടന്നു. ഉമ്മറത്തെ പാതിവാതിൽ തുറന്നിട്ടിരിക്കുന്നു. അതിലൂടെ ആ കാറ്റെന്നെ പിന്നെയും വിളിക്കുന്നു. പതിയെ വാതിൽ തുറന്നു. മഴത്തുള്ളികളോരോന്നും ഉമ്മറത്തിണ്ണയിൽ വന്നുറങ്ങുന്നു. തുളസിത്തറയിൽ കത്തിച്ചുവെച്ച വിളക്ക് മഴയുടെ പ്രണയത്തിൽ ശ്വാസം മുട്ടുകയാണ്. കാറ്റ്‌ വന്ന് തഴുകിയ എന്റെ ഈറൻമുടി ഞാൻ മെല്ലെയൊതുക്കി, കഴിഞ്ഞ പിറന്നാളിന് വാങ്ങിയ പച്ച പട്ടുപാവാട അൽപമൊന്നു പൊക്കിപ്പിടിച്ച് ഞാൻ മുറ്റത്തേക്കിറങ്ങി. കൊലുസ്സിട്ട പാദങ്ങൾ ഈറൻമണ്ണിനെ തൊട്ടപ്പോൾ അവയെന്നെ ഇക്കിളിയാക്കുംപോലെ തോന്നി. മഴയുടെ താളത്തിനൊപ്പം അവയും പാടി. നീർത്തുള്ളികൾ എന്നെ ചുമ്പനങ്ങളിൽ മൂടി. അവയുടെ പെയ്‌ത്തിൽ കോരിത്തരിച്ചങ്ങനെ ഞാൻ നിന്നു. പെട്ടെന്നാണ് പുറകിൽ നിന്ന് മുത്തശ്ശിയുടെ വിളി വന്നത്‌. ''വേണി....!''
ഞെട്ടിയുള്ള തിരിഞ്ഞു നോട്ടത്തിൽ ഞാൻ കിടക്കയിൽനിന്ന് ചാടിയെഴുന്നേറ്റു. കണ്ണൊന്നു തിരുമ്മി നോക്കിയപ്പോൾ മണി 8 കഴിഞ്ഞു. ''മോളേ.. എണീക്ക്. കോളജിൽ പോകാൻ ലേറ്റ് ആയി'' അമ്മ അടുക്കളയിലെ തിരക്കിട്ട പണിക്കിടയിൽ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. അപ്പോൾ അമ്മയാണോ എന്നെ വിളിച്ചത്..? എങ്കിൽ ഞാൻ കണ്ട കുളവും, ഇല്ലവും, മുറിയും, പുസ്തകങ്ങളും, മഴയും, കാറ്റുമെല്ലാം വെറും സ്വപ്നമായിരുന്നോ..! വേണ്ട, ഉണരേണ്ടായിരുന്നു. ആ മഴയിൽ ലയിച്ചങ്ങനെ നിൽക്കായിരുന്നു. പക്ഷേ, ആരാണ് വേണി..? ഞാൻ ആദ്യമായി കേൾക്കുന്ന പേര്! ഇനിയത്‌ ഞാൻ തന്നെയോ..? ആരായാലും അവളും ആ മഴയെപോലെയാണ്. കുറച്ചുനേരത്തേക്കെങ്കിലും വല്ലാത്തൊരു കുളിരാൽ എന്നെ മൂടിയവൾ.. വേണി, അവൾ മഴയാണ്..

Minu

അപ്പുക്കുരു!


അപ്പുക്കുരു!
**********
എന്റെ അനിയത്തികുട്ടി ശല്ല്യം ചെയ്യാൻ വരുന്നതിനു മുൻപുള്ള എകാന്തവാസം വളരെ ദുരിതം നിറഞ്ഞ ഒന്നായിരുന്നു! എനിക്കു അമ്മയും അമ്മയ്‌ക്ക് ഞാനും. സ്‌കൂളിൽ ചേർക്കുന്നതിന് മുൻപുള്ള എന്റെ ശല്ല്യത്തിൽ നിന്ന് രക്ഷപ്പെടാൻ അമ്മ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വല്ല്യമ്മയുടെ വീട്ടിലേക്കുള്ള യാത്ര! അവിടെയാണേൽ രണ്ടു ചേച്ചിമാരും എന്റെ പാകത്തിനൊരു മുതലുമുണ്ട് (പ്രായത്തിനു എന്നെക്കാൾ ഇളയതാണെങ്കിലും ചേട്ടനാണെന്നാണ് മൂപ്പർടെ വിചാരം!). അതുകൊണ്ട് തന്നെയാവണം എനിക്ക്‌ അവിടെ പോകാൻ വല്ല്യ ഇഷ്ടായിരുന്നു. അങ്ങനെ അമ്മ എന്നെയും പിടിച്ച്‌ ഒരു പോക്കങ്ങു പോകും. ബസ്സിറങ്ങിയുള്ള നടത്തത്തിൽ എന്റെ സ്ഥിരം നംബരായ കാലുവേദനയെ ഓടിക്കാൻ അമ്മ ഇറക്കുന്ന വേറെയൊരു നംബരുണ്ട്‌, വഴിയിലെ ഒരു ഭ്രാന്തൻ.
കീറിയ വസ്ത്രം ധരിച്ചു മുടി നീട്ടി വളർത്തി അലക്കേം കുളിക്കേം ചെയ്യാത്ത ഒരു ഓർഡിനറി ഭ്രാന്തൻ! ആൾക്ക് ബോണസ് ആയി ഒരു കാലിൽ കുറച്ചു മന്തും ഉണ്ടായിരുന്നു. നടന്നില്ലേൽ കാലു അതുപോലെയാകും എന്ന് പറഞ്ഞാണ് അമ്മയുടെ ഭീഷണി. അങ്ങനെ അങ്ങേരു എന്റെ സ്ഥിരം ഇരയായി. ഭീഷണിപ്പെടുത്തി നടത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് അമ്മ അദ്ദേഹത്തെ കാണിച്ചുതന്നതെങ്കിലും ഞാൻ ശ്രദ്ധിച്ചത് അയാൾ പാടുന്ന പാട്ടുകളാണ്. കേൾക്കാൻ നല്ല രസമുണ്ടെങ്കിലും അത്‌ എന്താ സംഭവമെന്ന് മനസ്സിലാകാത്ത ഞാൻ എന്നും അമ്മയോട് ചോദിക്കും, ''അമ്മേ അത്‌ എത്‌ സിൽമേലെ പാട്ടാ?''. പിന്നെയാണ് മനസ്സിലായത് അത്‌ 'സിൽമാപാട്ടല്ല' കവിതയാണെന്ന്! എന്തായാലും സംഗതി എനിക്കിഷ്ടായി, മൂപ്പരേം! അതാകും, പുള്ളിക്ക് ഒരു പേരിടലും നടത്തി, ''അപ്പുക്കുരു!''.
പിന്നെ പിന്നെ ഞാൻ അപ്പുക്കുരുന്റെ ഫാൻ ആകാൻ തുടങ്ങി. കവിതകൾ കേട്ട് കേട്ട് കവിതകളെ പ്രണയിക്കാൻ തുടങ്ങി. അപ്പുക്കുരുവിനെ ഗുരു ആയി പ്രതിഷ്‌ഠിച്ചു. ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട് അയാൾക്ക് സാഹിത്യം തലയ്‌ക്ക് പിടിച്ചു വട്ടായതാണെന്ന്. അപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട് അങ്ങനൊക്കെ മനുഷ്യന്മാർക്ക്‌ വട്ട്‌ വരോന്ന്! ഓരോരോ കാരണങ്ങളെ! അങ്ങനെ കവിതയും സിനിമാപാട്ടും തിരിച്ചറിയുന്ന പ്രായമായപ്പോഴേക്കും ഗുരു പടമായി. വർഷം കുറേ കഴിഞ്ഞെങ്കിലും ആ വഴി പോകുമ്പോൾ ഞാൻ ഇപ്പോഴും ഓർക്കാറുണ്ട് സാഹിത്യം തലയ്‌ക്ക് പിടിച്ചു വട്ടായ ആ മനുഷ്യനെ!
ആ ഗുരുകടാക്ഷം കൊണ്ടാകണം, ചെറുതായി വല്ലതുമൊക്കെ എഴുതി വെറുപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും ആളുകൾ ചോദിച്ചുതുടങ്ങി വട്ടാണോന്ന്. ഈ എഴുതേം വായിക്കേം ചെയ്യണോരൊക്കെ വട്ടന്മാരാണോടോ ബ്ലഡി ഫൂൾസ്! ചാർളി സിനിമയിൽ പറയുന്നപോലെ ''വട്ടൻ അപ്പന്റെ മോൻ വട്ടനല്ലാതെ പിന്നെ ആരാവാനാ''. ഞാനും എന്രെ ഗുരുപാത പിന്തുടരുന്നു. ഭ്രാന്തിയെന്ന് വിളിച്ചോളൂ. കേൾക്കാൻ വല്ലാത്തൊരു സുഖാണ്! ഭ്രാന്തന്മാർക്ക്‌ എന്തും ആവാലോ, അല്ലേ !!

Minu Varghese

എന്റെ കള്ളക്കണ്ണൻ

Image may contain: 1 person, closeup

ഒരു ഓണക്കാലത്താണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. “ൻറെ പുതിയ ‘ബ്രോ’ ആണ്”. ഹും..! അവളു പരിചയപ്പെടുത്തുന്നത് കണ്ടാൽ തോന്നും ജന്മാന്തരങ്ങളുടെ ബന്ധമാണെന്ന്. ഇന്നലെ കിട്ടിയ മുതലല്ലേ.. ന്താ ഇപ്പോ ഇത്ര പറയാന്‍..! മനസ്സിൽ ചിറകടിച്ചുയർന്ന അസൂയ പരുന്തുകളെ കൂട്ടിലടച്ചുകൊണ്ട് ആദ്യമായി അമ്പിളിമാമനെ കണ്ട കുട്ടിയുടെ കൌതുകത്തോടെ ഞാൻ അവനെ നോക്കി തെല്ലൊന്ന് പുഞ്ചിരിച്ചു. ആദ്യമായ പരിചയപ്പെടലിൽ പാലിക്കേണ്ട ‘പെർഫക്ട് മാൻ ലുക്ക്’ ഒട്ടുംതന്നെ കൈവിട്ടുപോകാതെ അവനും പുഞ്ചിരിച്ചു.
ആഹാ.. എന്തു മനോഹരമായ പരിചയപ്പെടൽ...!!
“ഈ ഒരെണ്ണത്തിൽ തീർന്നോ ആവോ.. അതോ ഇനീം ഉണ്ടോ...???” അസൂയയിൽ കുതിർന്ന ആ ചോദ്യത്തെ ഒരു കോമഡി ഗോ ൾ അടിക്കാനുള്ള ശ്രമമായി അവളുടെ മുൻപിലേക്കിട്ടു. എവിടുന്ന്..ഈ മണ്ടിക്കു അതു വല്ലതുമുണ്ടോ മനസ്സിലാകുന്നൂ...!! അനിയനെക്കുറിച്ച് വല്ലാതെ പുകഴ്ത്തുന്നു.. എനിക്കത് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും എല്ലാം തലയാട്ടി സമ്മതിച്ചു. ഇന്നലെ വന്ന അവൻ അവളുടെ മനസ്സിലെ എൻറെ പ്ലാസ്റ്റിക്ക് കസേരയെ തട്ടിമറിച്ചിട്ടു അതിലും നല്ല ചാരുകസേരയിൽ ഇരുന്ന് എന്നെനോക്കി പുഛിക്കുന്നതായി തോന്നി..!!
“ന്തേലുമാകട്ടെ..അധികനാൾ ഒന്നും ഉണ്ടാവില്ലാലോ..” ഞാൻ എൻറെ മനസ്സിനെ ആശ്വസിപ്പിച്ചു.
പിന്നീട് കലൺടർ ഓരോ ദിനപ്പൂക്കൾ പൊഴിക്കുന്തോറും ആ തലവേദനയെ ഞാൻ സ്നേഹിക്കാൻ തുടങ്ങി. ആ നിഷ്കളങ്കമായ പുഞ്ചിരി എന്നിലെ മാതൃവികാരത്തെ ഉണർത്തി.. “ഉവ്വ്..കുട്ടിയാണത്രെ.. കണ്ടാലും മതി..!” പുഛങ്ങൾ ഏറ്റുവാങ്ങുന്നത് ഓട്ടമത്സരത്തിൽ ഒന്നാംസ്ഥാനം വാങ്ങുന്നതിനേക്കാൾ മഹത്കർമ്മമായി കരുതുന്നതുകൊണ്ട് അതൊക്കെ കാറ്റിൽ പറന്നുനടക്കുന്ന തൂവൽപോലെ എനിക്ക് തോന്നി.. തെളിച്ച് പറഞ്ഞാൽ എനിക്ക് പുല്ലാണെന്ന്..!!
ദിനങ്ങൾ കഴിയുന്തോറും അവൻ എൻറെ ജീവിതത്തിൻറെ ഭാഗമാകാൻ തുടങ്ങി. ‘എന്നിലെ ശ്വാസം..ഹൃദയമിടിപ്പിൻറെ താളം..’ എന്നൊക്കെ വേണമെങ്കിൽ പറയാം. പക്ഷേ അത് സാഹചര്യത്തിനു യോചിക്കാത്ത കോമഡി ആയതുകൊണ്ടും പണ്ടാരോ എഴുതിയ പൈങ്കിളി നോവലിലെ ഡയലോഗ് ആയതുകൊണ്ടും ഇവിടെ പറയുന്നില്ല..!! സത്യത്തിൽ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവൻ എനിക്ക് ആരാണെന്ന്. ക്ഷണിക്കാതെ വന്ന് എന്നിലെ അസൂയ വൃക്ഷത്തെ ഒരു ‘സെക്വയ’ മരമാക്കിയ മഹാൻ.
ആരാണെന്ന് ചോദിച്ചാൽ ജനിക്കാതെപോയ മകനെന്നോ, എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ പ്രായവും സന്ദർഭവും നോക്കാതെ പൊട്ടിമുളച്ചുണ്ടായ പുത്രനെന്നോ ഒക്കെ പറയാം..!! എന്തൊക്കെ പറഞ്ഞാലും ഇന്നവൻ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എൻറെ പ്രാണനേക്കാളേറെ ഞാൻ സ്നേഹിക്കുന്ന എൻറെ പ്രാണൻ തന്നെയായ ഒരാൾ.. കാലവും രക്തബന്ധവുമൊക്കെ അർത്ഥമില്ലാത്ത വെറും വാക്കുകൾ മാത്രമാണെന്ന് എന്നെ പഠിപ്പിച്ച വിദ്വാൻ.. കപടസൌഹൃദങ്ങളെ ആത്മാർത്ഥതയുടെ ആഴക്കടലിൽ മുക്കിക്കൊന്ന വീരൻ..
ഈ കരയുടേയും ഇടിനാദം മുഴക്കി മനുഷ്യനെ പേടിപ്പിക്കുകയും ചെയ്യുന്ന ആകാശത്തിനും ചുമ്മാ തീരത്ത് തട്ടികളിക്കുന്ന കടലിനും മീതെ കൃഷ്ണനെന്നും ക്രിസ്തുവെന്നും നബിയെന്നും മനുഷ്യൻ വിശേഷിപ്പിക്കുന്ന ഒരാളുണ്ടേൽ ഒരൊറ്റ പ്രാർത്ഥനയേയുള്ളൂ.. അടുത്ത ജന്മത്തിലെങ്കിലും ‘ജനിക്കാതെപോയ പുത്രൻ’ എന്ന ചീത്തപ്പേരു കേൾപ്പിക്കാതെ ആ കള്ളക്കണനെ ൻറെ ഉദരത്തിൽ തന്നെ നിക്ഷേപിക്കണേ...!!

എന്റെ മരണക്കുറിപ്പ്

Image may contain: 1 person, closeup

ഒരുപാട് ആലോചിച്ചശേഷം ഒടുവിൽ ഞാൻ തീരുമാനിച്ചു, മരിക്കാം. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണ്. ശരിയാ, മരിക്കാം. എങ്ങനെ മരിക്കണം? പുഴയിൽ ചാടിയാലോ..? വേണ്ട, വെള്ളം കുടിച്ചു മരിക്കണം. അതും പോരാതെ മീനൊക്കെ കൊത്തിപറിച്ചു എന്റെ ശരീരം വൃത്തികേടാക്കും. എന്നാൽപിന്നെ കൈ മുറിച്ചാലോ.. അതാകുമ്പോ രൂപത്തിനു വലിയ മാറ്റം ഉണ്ടാവില്ല. പക്ഷേ അവിടെയും ഒരു പ്രശ്‍നമുണ്ട്‌. കൈ മുറിച്ചാൽ പെട്ടെന്നു മരിക്കില്ല. ആ നേരത്തിനുള്ളിൽ ഒരു വീണ്ടുവിചാരം ഉണ്ടായാൽ തീർന്നു! അത്‌ മാത്രമല്ല, ചോര കണ്ടു തലകറങ്ങിയാലോ.. നാണക്കേടാണ്, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
ഒരുപാട് ആലോചിക്കേണ്ടി വന്നില്ല. കുറെപേർ മാതൃക കാണിച്ചിട്ടുള്ള ഏരിയ ആയതുകൊണ്ട്‌ കാര്യം കുറച്ചു എളുപ്പമായി, തൂങ്ങിമരിക്കാം!! തൂങ്ങിമരണത്തിൽ ഒരു ഗുണമുണ്ട്. വേണ്ടായിരുന്നു എന്ന് തോന്നുമ്പോഴേക്കും കാര്യം കഴിഞ്ഞിട്ടുണ്ടാകും! എന്നാൽപിന്നെ ഇനി ഒന്നും ആലോചിക്കാനില്ല, അത്‌ തന്നെ. പക്ഷേ എവിടെ തൂങ്ങും? മുറിയിൽ വേണ്ട, വീട്ടുകാർക്ക്‌ ഇനിയും ഈ വീട്ടിൽ ജീവിക്കണമല്ലോ. എങ്കിൽപിന്നെ മുറ്റത്തെ മാവിൽ തൂങ്ങിയാലോ..? വേണ്ട, അതിൽ ഒരുപാട് ഊഞ്ഞാലാടിയിട്ടുള്ളതാ.. പ്ലാൻ എ-യും പ്ലാൻ ബി-യും നടക്കാത്ത സ്ഥിതിക്ക്‌ കുറച്ചു ദൂരെ എവിടേക്കെങ്കിലും പോകാം.
രാത്രി മൂന്ന് മണി കഴിഞ്ഞിട്ടുണ്ടാകണം. എല്ലാവരും നല്ല ഉറക്കമാണ്. ശബ്ദം ഉണ്ടാക്കാതെ പതുക്കെ വാതിൽ തുറന്ന് പുറത്തു കടന്നു. അച്ഛ്ന്റേയും അമ്മയുടെയും അനുഗ്രഹം വേണമായിരുന്നോ..? ഏയ് എന്തിന്! അനുഗ്രഹമൊക്കെ വാങ്ങി സുഖമായി ജീവിക്കാൻ ഒന്നുമല്ലലോ പോകുന്നത്‌..! അങ്ങനെ ഞാൻ പതുക്കെ നടന്നു തുടങ്ങി. കുന്നിൻപുറത്ത് ആരും നടാതെ തന്നെ മുളച്ച ആ മൂവാണ്ടന്മാവിന്റെ തുഞ്ചത്തെ ചില്ല തന്നെയാണ് ഉദ്ദേശം. എനിക്കിഷ്ടമാണ് അവിടെ ഒറ്റയ്ക്കിരിക്കാൻ. അവിടേക്കുള്ള തണൽ നിറഞ്ഞ വഴിയും. പക്ഷേ സൂര്യനസ്തമിച്ചാൽ ആ വഴി ഇത്ര ഭയാനകമാണെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌.
ഇരുട്ട്‌ എനിക്ക് പേടിയാണ്. ഇരുട്ടിൽ ഞാൻ ഒറ്റയ്ക്ക്കായപോലെയും ആരെങ്കിലും എന്നെ ഉപദ്രവിക്കാൻ വരുന്ന പൊലെയും ഒക്കെ തോന്നും. ചെറിയ കാറ്റ്. വാഴയിലയൊക്കെ അനങ്ങുന്നുണ്ട്. മനസ്സിൽ ചെറിയൊരു ഭയം തോന്നുന്നുണ്ടോ? ഏയ്.. മരിക്കാൻ പോകുന്ന ആൾക്കാണോ പേടി! ച്ചെ.. എനിക്ക് പേടിയൊന്നും തോന്നുന്നില്ല.
നിലാവുണ്ട്, ഒരു തണുത്ത കാറ്റും. പ്രകൃതിയുടെ ഈ 'കോമ്പിനേഷൻ' ഞാൻ ഇതുവരെ ആസ്വദിച്ചിട്ടില്ല. അതെങ്ങനെയാ.. ഈ നേരത്തൊക്കെ പെൺപിള്ളേർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റ്വൊ.. അതൊക്കെ ആൺകുട്ട്യോൾടെ ഭാഗ്യാണ്. എന്തായാലും മരിക്കാൻ പോവണല്ലോ.. അടുത്ത ജന്മത്തിലെങ്കിലും ആൺകുട്ടിയായി ജനിച്ചാമതിയായിരുന്നു.
നിലാവെട്ടത്തിൽ നോക്കി നടന്നപ്പോൾ പള്ളിയും സെമിത്തേരിയും 'ഭാർഗ്ഗവിനിലയവും' പിന്നെ ചെക്കന്മാരുടെ സ്ഥിരം കഞ്ചാവ്‌ കേന്ദ്രവും ഒക്കെ കഴിഞ്ഞത്‌ അറിഞ്ഞില്ല. മാവിൻചോട്ടിലെത്തി. നിലാവെട്ടത്തിൽ സുന്ദരിയായിട്ടുണ്ട്‌ അവൾ. ഒരുപാട് അഹങ്കരിക്കണ്ട, വൈകാതെ വല്ല പാറമടക്കാർ തീരുമാനം ആക്കിക്കോളും. ഇനിയിപ്പോ ഇതിന്റെ മുകളിൽ കയറുന്നത് എങ്ങനെയാ!! ഞാൻ വളരെ സത്ഗുണസമ്പന്നയായിരുന്നതിനാലും സ്ത്രീമൂർത്തീഭാവം ആവാഹിച്ചിരുന്നതിനാലും ചെറുപ്പത്തിൽ പോലും ഒരു മാവിൻകൊമ്പിൽ കയറിയിട്ടില്ല. ഹാ.. ഇനിയിപ്പോ എന്തു നോക്കാനാ.. ആരു കാണാനാ.. എന്തായാലും മരിക്കാൻ തീരുമാനിച്ചല്ലോ. കുന്നിൻമുകളിൽ ആയതുകൊണ്ട് വീണാലും നേരെ താഴെ പൊയ്ക്കോളും.
അങ്ങനെ കഷ്ടപ്പെട്ട്‌ എങ്ങനെയൊക്കെയോ മാവിന്റെ കൊമ്പിൽ വലിഞ്ഞു കയറി. തുഞ്ചത്തെത്തി താഴേക്ക് നോക്കി. ചെറുതായി തല കറങ്ങുന്നുണ്ടോ.. ഏയ്, അങ്ങനെയൊന്നും പറയരുത്‌, ചാടാനുള്ളതാണ്! സൂര്യനുദിച്ചുതുടങ്ങി. ഇപ്പോൾ എത്ര ഉയരത്തിലാണ് ഞാൻ! കുന്നിന്റെ മുകളിൽ മരത്തിന്റെ തുഞ്ചത്ത്‌!! ഇവിടെനിന്നു നോക്കിയാൽ എല്ലാം കാണാം എനിക്ക്. ആ കാണുന്ന കൊച്ചുവെട്ടങ്ങളിൽ ഒന്ന് എന്റെ വീടായിരിക്കും! എല്ലാവരും ഉറക്കമാകും.
ഞാൻ വന്ന വഴിയല്ലേ അത്‌..? സെമിത്തേരി കടന്നല്ലേ ഞാൻ വന്നത്‌.. ഇത്തവണ അവിടെ എത്തിയപ്പോൾ ഞാൻ അറിഞ്ഞില്ലാലോ. പേടിയും തോന്നിയില്ല. അല്ലെങ്കിൽ പകൽ പൊലും അതിലേ ഒറ്റയ്ക്ക് പോകാൻ പേടിയാണ്. സന്ധ്യ കഴിഞ്ഞാൽ മുറ്റത്തിറങ്ങാൻ പേടിയുള്ള ഞാനാണ്. വല്ല ഇഴജന്തുക്കൾ കടിച്ചാലോ.. പക്ഷേ ഇപ്പോഴെന്തേ ഞാൻ അതൊന്നും ഓർത്തില്ല..? ഒട്ടും പേടിയും തോന്നിയില്ല..! അപ്പോൾ പ്രേതം ഒന്നും ഉണ്ടാകില്ലേ? എല്ലാം പറ്റിക്കൽ ആയിരിക്കോ? അതോ മരിക്കാൻ തീരുമാനിച്ചാൽ ഇത്ര ധൈര്യം കിട്ടുമോ..?
ശരിയാ കിട്ടും.. ഇനി ഒന്നിനെയും കുറിച്ച്‌ ആലോചിക്കണ്ടാലോ. ആരെങ്കിലും എന്തെങ്കിലും പറയുമോ എന്നു നോക്കണ്ടാലോ! ഞാൻ ഒന്നും അറിയില്ലലോ.. അപ്പോൾ എന്തായിരുന്നു ശരിക്കും എന്റെ പ്രശ്‍നം? ഇരുട്ടിനെ പേടിയുള്ള ഞാൻ, ഉയരത്തിനെ പേടിയുള്ള ഞാൻ.. എന്തിനു പറയുന്നു, എല്ലാത്തിനെയും എല്ലാവരേയും പേടിയുള്ള ഞാൻ.. ഇപ്പോൾ ഒറ്റയ്ക്കാണ്! ഇരുട്ടിലാണ്! ഉയരത്തിലാണ്! ഇത്രയും ധൈര്യം എനിക്കുണ്ടെങ്കിൽ എന്തുകൊണ്ട് എനിക്ക്‌ ജീവിച്ചുകൂടാ..?
നാം എപ്പോഴും ഒറ്റയ്ക്കാണ്, ഇരുട്ടിലാണ്! ഇരുട്ടിനെ വെളിച്ചമാക്കാൻ കഴിയുന്നതും എകാന്തതയെ സ്നേഹിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്. ഞാൻ എന്നെ സ്നേഹിക്കുന്നു. ഈ കുന്നിനെയും പുഴയെയും കാറ്റിനെയും പൂക്കളെയും സ്നേഹിക്കുന്നു. ഇനിയെന്തിനു ഞാൻ മരിക്കണം..? എനിക്കുവേണ്ടി നിലാവ്‌ നൽകിയ രാത്രിയും കുളിരായ്‌ പുണർന്ന കാറ്റും മരിക്കാനൊരിടം നൽകിയ ആർക്കും വേണ്ടാത്ത മാവിൻചില്ലയും എന്നെ സ്നേഹിക്കുന്നു.. ഞാൻ അവരെയും..! എനിക്ക് ജീവിക്കണം... ഇവയെയൊക്കെ കണ്ടും സ്നേഹിച്ചും ജീവിക്കണം!
പുലരുവോളം ഞാനീ ചില്ലയിലിരിക്കട്ടെ.. പുലർക്കാലസൂര്യൻ നീട്ടുന്ന രശ്മീവിരലുകളാൽ എന്നെ പുണരട്ടെ.. കുയിലിണകൾ എനിക്കൊപ്പം പാടട്ടെ.. വരും പുലരിക്കൊപ്പം ഞാനും പുനർജ്ജനിക്കട്ടെ, പെണ്ണായിത്തന്നെ..!!

By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo