തെമ്മാടിക്കുഴി കിട്ടുവോ..?
**********************
**********************
ഒരുപാടുപേർ സംസാരിച്ചിട്ടുള്ള വിഷയമാണിത്, മതം! എന്നാൽ എത്ര പറഞ്ഞാലും മനുഷ്യന് മനസ്സിലാവാത്തതും. കുറച്ചുനാളായി എഴുതണമെന്ന് കരുതുന്നു. ഇതിപ്പോൾ ഞാൻ പറയാൻ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം ഒരു ഫാദർ ലോഹയിട്ട് ഡാൻസ് കളിക്കുന്നത് കണ്ടു. സത്യം പറയാലോ പുള്ളി പൊളിച്ചു. ഒരു രക്ഷയുമില്ലാത്ത എനർജി. ഒരുപാട് പേർ അതിന് നല്ല അഭിപ്രായങ്ങൾ പറയുന്നത് കണ്ടു. അതോടൊപ്പം എപ്പോഴത്തെയും പോലെ ചില മതഭ്രാന്തന്മാർ അതിനെ എതിർക്കുകയും ചെയ്തു (കൂടുതലും ക്രിസ്ത്യാനികൾ തന്നെ). അദ്ദേഹം ചെയ്തതിൽ തെറ്റെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആ വിശുദ്ധവസ്ത്രം ധരിച്ചുകൊണ്ട് ആരെയെങ്കിലും പീഡിപ്പിക്കുക, കൊല്ലുക എന്ന കർമ്മങ്ങളല്ല അദ്ദേഹം ചെയ്തതെന്ന് നമുക്കെല്ലാർക്കുമറിയാം. ആർക്കും ദ്രോഹമില്ലാത്ത ഒരു കാര്യം ചെയ്തതിന് ആ മനുഷ്യനെയെന്തിന് ക്രൂശിക്കണം? തിരുവസ്ത്രം ധരിച്ചുകൊണ്ട് നൃത്തം ചെയ്യരുതെന്ന് ബൈബിളിലോ പത്ത് കല്പനകളിലോ പറഞ്ഞിട്ടുണ്ടോ? (വേദോപദേശം ക്ലാസ്സിൽ കുറച്ചു വീക്ക് ആയതോണ്ട് ഞാൻ പഠിച്ചിട്ടില്ല).
മനുഷ്യനുള്ള കാലത്തോളം ഈ വേർതിരിവുകൾ മാറില്ലെന്നറിയാം. ജാതിയും മതവും ഓരോരുത്തരുടെയും ജീനുകളിൽ ഉള്ളതാണല്ലോ. ഒരു കുട്ടി ജനിക്കുമ്പോഴേ അച്ഛന്റെയും അമ്മയുടെയും ഛായയും കഴിവുകളും മാത്രമല്ല, ഒരു ജാതിസ്റ്റാമ്പും കൊടുക്കുന്നുണ്ടല്ലോ. മുലപ്പാലിന്റെ കൂടെവരെ ജാതിസ്പിരിറ്റ് പകർന്നുകൊടുക്കുമ്പോൾ ഒരാളെങ്ങനെ വർഗ്ഗീയവാദി ആകാതിരിക്കും? ഒരിക്കൽ ഗുരു പറഞ്ഞു, "മനുഷ്യര്‍ക്ക് ജാതി ഒന്നെന്നുള്ളതിന് തെളിവൊന്നും വേണ്ട. ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാല്‍ അതിന്റെ സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങള്‍ക്കും ഈ വകതിരിവുണ്ട്. അവയെല്ലാം അതനുസരിച്ച് ജീവിക്കുന്നുമുണ്ട്. മനുഷ്യന് മാത്രം സംശയം. സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല, മൃഗങ്ങളെക്കാള്‍ മോശം". മനുഷ്യൻ പലപ്പോഴും മൃഗങ്ങളേക്കാൾ മോശം തന്നെയാണ്. ഒന്ന് പറഞ്ഞോട്ടെ, നിങ്ങൾ ചെറുപ്പംമുതൽ കലക്കികുടിച്ച തത്വങ്ങൾ നിങ്ങൾ പാലിച്ചോളു, മറ്റുള്ളവരും അതനുസരിക്കണമെന്ന് പറയുന്നത് കുറച്ച് അത്യാഗ്രഹമല്ലേ? ഒരാൾ ഹിന്ദുവോ മുസ്ലിമോ കൃസ്ത്യാനിയോ ആയ മാതാപിതാക്കൾക്ക് ജനിച്ചു എന്നതുകൊണ്ട് അങ്ങനെ തന്നെ ജീവിക്കണമെന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല. എങ്കിൽ ടീച്ചറുടെ മക്കൾ ടീച്ചറും, കൂലിപ്പണിക്കാരന്റെ മകൻ കൂലിപ്പണിക്കാരനും , വേശ്യയുടെ മകൾ വേശ്യയുമാകണമെന്ന് നിങ്ങൾ പറയും. എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും മറികടന്ന് സ്വപ്‌നങ്ങൾ കീഴടക്കുന്ന തലമുറയിൽ എന്തിന് ഇങ്ങനൊരു മതിൽ..?
ബൈബിളും ഖുർആനും ഗീതയുമൊക്കെ പറയുന്നത് നമ്മുടെ ജാതിയിൽപെട്ടവരെമാത്രം സ്നേഹിക്കണമെന്നും മറ്റുള്ളവരെ ശത്രുക്കളായി കാണണമെന്നുമാണോ? അതുമല്ല, കാരണവന്മാരായി എഴുതിവച്ച ചില നിയമങ്ങൾ (കേട്ടാൽ ചിലപ്പോൾ ക്രിസ്തുവും നബിയും കൃഷ്ണനുമൊക്കെ പകച്ചുപോകും) അനുസരിക്കാത്തവരെ ഒറ്റപെടുത്തണമെന്നും ക്രൂശിക്കണമെന്നുമാണോ? കുറച്ചുനാൾ മുമ്പ് "കൊല്ലപ്പെട്ട" വിനായകനും ഈ ജാതി-മത ഭ്രാന്തിന്റെ ഇരയല്ലെന്ന് പറയാനാകുമോ? നല്ലതിനായി ചിലർ എഴുതിവച്ചവയും കാലങ്ങളായി പലരും വ്യാഖ്യാനിക്കുന്നതുമായ ചില കാര്യങ്ങളുണ്ട്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നപോലെ അതുകൊണ്ട് കുറെപേരെ കൊല്ലാനും വർഗ്ഗീയകലാപമുണ്ടാക്കാനും ഉപകരിച്ചു. നല്ല മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും പുസ്തകങ്ങൾക്കും കഴിയുന്നതിൽ കൂടുതലായി ഒരു മതത്തിനും പഠിപ്പിക്കാൻ കഴിയുമെന്നെനിക്ക് തോന്നുന്നില്ല.
ജാതിയെയും മതത്തെയും കുറിച്ച് സംസാരിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ലെന്നറിയാം. ശ്രീനാരായണഗുരുവിന്റേയും മതർ തെരേസയുടെയുംവരെ വാക്കുകളെയും പ്രവൃത്തികളെയും മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ച സമൂഹം എന്നെ തീർച്ചയായും നിരീശ്വരവാദിയെന്നും ദൈവഭയമില്ലാത്തവളെന്നും സ്വർഗത്തിൽ പോകാൻ ആഗ്രഹമില്ലാത്തവളെന്നും വിളിച്ചേക്കാം. ഇതൊരു കുറ്റമായി എനിക്ക് തോന്നുന്നില്ല. സ്വർഗ്ഗവും നരകവും ഒരു വ്യക്തിയുടെ ഉള്ളിൽത്തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതെന്റെ കാഴ്ച്ചപ്പാടാണ്. അഭിപ്രായസ്വാതന്ത്ര്യം എല്ലാർക്കുമുണ്ടല്ലോ. ജാതി-മത-വർണ്ണ-സ്ത്രീ-പുരുഷ വിവേചനമില്ലാത്തൊരു കാലം വരട്ടെ.
ഇനി ഇതെല്ലാം പറഞ്ഞതിന് നാളെ സഭയെന്നെ പുറത്താക്കോ!! ആക്കിയേക്കാം.. ഒരുപക്ഷേ ഈ വക പേടികൾ തന്നെയാകണം ഓരോരുത്തരേയും ഇങ്ങനെയുള്ള വിശ്വാസങ്ങളിൽ കഴിയാൻ നിർബന്ധിതരാക്കുന്നതും.
NB : ഞാനൊരു നിരീശ്വരവാദിയല്ല, എന്നാൽ വർഗ്ഗീയവാദിയുമല്ല. ഇതിൽ ഒരു മതത്തെ മാത്രമായി ഞാൻ കുറ്റപെടുത്തിയിട്ടില്ല. എല്ലാ മതത്തെയും ഒരുപോലെയാണ് പറഞ്ഞത്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് വന്ന് പൊങ്കാലയിടുക. ആ ഒരു കാര്യത്തിലെങ്കിലും ഒരുമിക്കട്ടെ..!!
Minu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക