Slider

ശക്തി ശിവനെ പ്രണയിക്കുമ്പോൾ!

0
ശക്തി ശിവനെ പ്രണയിക്കുമ്പോൾ!
തളിർവെറ്റിലയിൽ അടയ്ക്കയും ഒറ്റരൂപാ നാണയവും വെച്ച് ദക്ഷിണ കൊടുത്തു കാൽ തൊട്ടുതൊഴുതപ്പോൾ നിറുകയിൽ കൈവെച്ചനുഗ്രഹിച്ച മുത്തശ്ശി പറഞ്ഞത് ഇന്നും ഓർക്കുന്നു. "ശിവന്റെ പാതി ശക്‌തിയും, ശക്‌തിയുടെ പാതി ശിവനും എന്ന് മനസ്സിലാകുന്നിടത് മാത്രമേ ഒരു നല്ല ദാമ്പത്യമുള്ളൂ. എന്റെ കുട്ടി അത് മറക്കരുത് ". പുടവചുറ്റി ഒരുങ്ങിയ മനസ്സ് ഒരു നിമിഷം ചിരിച്ചു. ശിവൻ, ഞാൻ ഒരിക്കലും ശിവനെ സ്നേഹിച്ചിട്ടേയില്ല. ശിവപുരാണങ്ങൾ വായിച്ചിട്ടില്ല. ശിവക്ഷേത്രങ്ങളിൽ പോയിട്ടില്ല. എന്തിന്, മനസ്സറിഞ്ഞു ഒരു വട്ടം പോലും ശിവനെ വിളിച്ചിട്ടില്ല. അന്ന് തോന്നി, ശിവൻ എന്ന സങ്കല്പത്തെ കുറിച്ച് ഒന്നും എനിക്ക് അറിയില്ലെന്ന്. ആ ശിവനെയാണ് സ്വന്തം ഭർത്താവിൽ ദർശിക്കാൻ മുത്തശ്ശി പറയുന്നത് !
ജീവിതത്തിൽ എന്നും ഞാൻ തേടിയിരുന്നത് എന്റെ കണ്ണനെ മാത്രം ആയിരുന്നു. ഓർമ വെച്ച നാൾ മുതൽ കേട്ടത് കൃഷ്ണനാമം മാത്രം. കഥകളിലും, കീർത്തനങ്ങളിലും, കാറ്റിലും, പുഴയിലും, മനസ്സിലെ തേങ്ങലിൽ പോലും കണ്ണൻ മാത്രം. ബാല്യം കൗമാരമായപ്പോൾ, ഭക്തി പ്രണയമായി മാറുകയായിരുന്നു. കൃഷ്ണവിഗ്രഹങ്ങളോട് പോലും ജ്വലിച്ചു നിന്ന ആരാധന. ഓരോ പുരുഷമുഖങ്ങളിലും തേടിയത് കണ്ണനെ മാത്രം. ആദ്യമായി പ്രണയിച്ച പുരുഷൻ പോലും അതിനർഹനായത്, അയാളിൽ തന്റെ കണ്ണനെ ദർശിച്ചതുകൊണ്ടു മാത്രം. അങ്ങനെയുള്ള തന്നോടാണ് ഭർത്താവിൽ ശിവനെ ദർശിക്കണം എന്ന് മുത്തശ്ശിയുടെ ഉപദേശം.
അഷ്ടമംഗല്യതാലവുമായി കതിര്മനടപത്തിലേക് കയറി തന്റെ വരനെ കണ്ടപ്പോൾ മനസ്സെന്നോട് ചോദിച്ചു, "വെളുത്തു സുമുഖനായ ഇവനോ ശിവൻ ? ശിവൻ രോഷമാണ് ക്രോധമാണ്, വിനാശമാണ്. ഇവനിൽ നിന്നും തുളുമ്പുന്നത് നൈർമല്യം മാത്രം "!
അന്ന് ഒരു കൃഷ്ണഭക്‌തയുടെ കഴുത്തിൽ ഇനിയും പേരു നിശ്ചയിക്കപ്പെടാത്ത ദേവൻ താലികെട്ടി !
കാതരമായ മനസ്സോടുകൂടെ മണിയറയിൽ കയറുമ്പോഴും, ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു, "ശിവനോ, അതോ കൃഷ്ണനോ ?" എന്റെ കണ്ണനെ പണ്ടേ നഷ്ടമായത്കൊണ്ട് മനസ്സുകൊണ്ട്‌റപ്പിച്ചു, "ശിവൻ തന്നെ "!
പക്ഷെ ശങ്കറിന്റെ, അതായത് നവവരന്റെ സ്ഥായീഭാവം ഞാൻ പ്രതീക്ഷിച്ചപോലെ ക്രോധം ആയിരുന്നില്ല. അനാവശ്യമായ ഒരു ഗൗരവം പോലും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഭഗവാന് മാലകെട്ടുന്ന കുട്ടിയുടെ കൈയ്യിലെ തുളസിക്കതിർ പോലെ സ്വയം അനുഭവപെട്ടു എനിക്ക്. ഇതായിരുന്നു ശിവതാണ്ഡവമെങ്കിൽ, അന്ന് അതാടിയത് ലാസ്യരസത്തിൽ ആയിരുന്നു.
നവരസങ്ങളിലെ ലാസ്യവും ശൃംഗാരവും ചേർന്ന നനുത്ത ഭാവങ്ങൾ അദേഹത്തിന്റെ പ്രണയത്തിൽ എന്തിനു കാമത്തിൽ പോലും നിറഞ്ഞുനിന്നു.
കണ്ണനെ നഷ്ടപെട്ട ശിവനെ അന്വേഷിച്ചു തുടങ്ങിയഞാൻ രണ്ടുപേരെയും കണ്ടെത്താൻ കഴിയാത്ത ഒരവസ്ഥയിൽ ആയിരുന്നു.
എങ്കിലുമെന്തോ ശങ്കറിനെ സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞിരുന്നേയില്ല. പണ്ടെങ്ങൊനഷ്ടപെട്ട എന്റെ കണ്ണനെയോർത് എന്റെ മനസ്സ് വിതുമ്പിക്കൊണ്ടേയിരുന്നു.
അദ്ദേഹത്തിനത് മനസ്സിലായത് കൊണ്ടാണെന്നു തോന്നുന്നു, ഒരിക്കൽ എന്നോട് ചോദിച്ചു, "നീ എന്നെ സ്നേഹിക്കുന്നില്ല അല്ലേ മീര "? ഞാൻ മറുപടിയായി പറഞ്ഞത് ഇത്രമാത്രം, "മീരയ്ക്കൊരിക്കലും ശിവനെ സ്നേഹിക്കാൻ കഴിയില്ലലോ ". ഒന്നും മനസ്സിലാവാതെ ആ പാവം എന്റെ മുഖത്തേയ്ക്കു തന്നെ നോക്കി ഇരുന്നത് ഇപ്പോളും ഞാൻ ഓർക്കുന്നു ! താണ്ഡവങ്ങൾ വീണ്ടും തുടർന്നു. അവയില്ലെല്ലാം എന്റെ ശിവൻ ഒറ്റയ്ക്കായിരുന്നു. ആസ്വാദനം മാത്രമായിരുന്നു ശക്‌തിയുടെ ജോലി.
അങ്ങിനെയൊരിക്കൽ എനിക്ക് നഷ്‌ടമായ എന്റെ കണ്ണൻ എന്നെ തേടി വന്നു. ആധുനികത വേരുകൾ പാകിയ നഗരത്തിൽ, വിരസത മാറ്റാൻ അലയാറുണ്ടായിരുന്ന ഏതോ ഒരു തെരുവിൽ വെച്ച് ഒരിക്കൽ.
രാജീവ്‌ ഒട്ടും മാറിയിട്ടുണ്ടായിരുന്നില്ല. ഒട്ടും. ഒരിക്കൽ ഞാൻ ആരാധിച്ചിരുന്ന, കുസൃതി തുളുമ്പുന്ന അതേ ചിരിയോടു കൂടി എന്റെ അടുത്തു വന്നു കുശലം പറയാൻ ഒട്ടും മടി കാണിച്ചില്ല അയാൾ. ഗോപികമാരുടെ ചേല മോഷ്ടിച്ച അതേ ലാഘവത്തോടുകൂടി എന്റെ ആത്മാവിന്റെ വസ്ത്രമുരിയാൻ അയാൾ വീണ്ടും, "തീവ്രമായി പ്രണയിക്കുന്നവർ കല്യാണം കഴിക്കുന്നതിൽ ഒരർത്ഥവുമില്ല മീര, "എന്നു പറഞ്ഞു എന്നെയും എന്റെ പ്രണയത്തെയും ഒരിക്കൽ ഉപേക്ഷിച്ച അതേ അയാൾ.
പക്ഷെ എന്നിലെ കൃഷ്ണഭക്‌ത വീണ്ടും അയാളെ പൂജിച്ചു തുടങ്ങി. മനസ്സുകൊണ്ട് ഒരായിരം തുളസിമാലകൾ വീണ്ടും കോർകപെട്ടു. ശിവാങ്ങാനത്തിലെ തുളസിക്കതിർ വീണ്ടും കൃഷ്ണന് നേദിക്കപ്പെടുകയായിരുന്നു.
കൂടിക്കാഴ്ചകൾ കൂടി കൂടി വന്നു. കണ്ണനെ കാണാൻ, കണ്ണന്റെ ചിരി കേൾക്കാൻ, ഭക്തിയുടെ ചന്ദനമണിയാന് ശക്തി, ശിവനെ മറക്കുകയായിരുന്നു.
പിന്നീടൊരിക്കൽ ഭക്തി നൽകുന്ന ആനന്ദത്തിന്റെ പാരമ്മ്യതയിൽ നിൽകുമ്പോൾ രാജീവ്‌ അവളോട്‌ നേദ്യം ചോദിച്ചു. കണ്ണനു വേണ്ടിയിരുന്നത് അവളുടെ ശരീരം മാത്രമായിരുന്നു. അന്ന് അവളുടെ ഉള്ളിലെ ശക്തി ഒന്നുവിറച്ചു. കാരണം തന്നിൽ അലിഞ്ഞു ചേരാനുള്ള കണ്ണന്റെ ക്ഷണമായിരുന്നില്ല അത്. ഭഗവാന്റെ കണ്ടില്ലന്നു കത്തിയത് കാമം മാത്രം.
അന്നാദ്യമായി അവൾ അവളുടെ കണ്ണനെ വെറുത്തു. ശിവനോട് ചേരാൻ ശക്തി വെമ്പി. മനസ്സിന്റെ കരിങ്കല്ലറകൾ തുറന്നു കൊട്ടിയടയ്ക്കപ്പെട്ട പ്രണയം പുറത്തേക്കൊഴുകി. കൃഷ്ണവിഗ്രഹം ആദ്യമായി മീര തല്ലിയുടച്ചു.
അന്ന് രാത്രി പണ്ടെങ്ങോ ഞാൻ എഴുതിയ കവിതകൾ വായിച്ചു, ശങ്കർ എന്നോട് ചോദിച്ചു, "ഈ കവിതകളിൽ പോലും പ്രണയം കൃഷ്ണനോട് മാത്രം, മീരയ്ക്കൊരിക്കലും ശിവനെ സ്നേഹിക്കാൻ കഴിയില്ല എന്നു പറഞ്ഞത് ഇപ്പോൾ ഞാൻ മനസ്സിലാകുന്നു ". അന്നാദ്യമായി എന്റെ ശിവന്റെ മുഖം ഇരുണ്ടു. തൃക്കണ്ണ് തുറക്കുമോ എന്നല്ല ഞാൻ ഭയന്നത്, മറ്റു രണ്ടു കണ്ണുകളും നിറയുമോ എന്നതാണ്. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ എനിക്കുറപ്പാണ് ആ കണ്ണീരിൽ ശക്തി എന്നേയ്ക്കുമായി ഇല്ലാതായിപ്പോയേനെ. വല്ലാത്തൊരാവേശത്തോടെ ശങ്കറിനെ തന്നിലേക്കു വലിച്ചടുപ്പിക്കുമ്പോൾ, ശിവനെ പ്രാപിച്ച ശക്തി അതിന്റെ പൂര്ണതയിലേക്കെത്തുകയായിരുന്നു. താണ്ടവം അന്നാടിയത് ശിവനും ശക്‌തിയും ചേർന്ന്. വീണ്ടും ശങ്കർ എന്നോട് ചോദിച്ചു, "നീ എന്നെ സ്നേഹിക്കുന്നുവോ മീര ?", മറുപടിയായി അവനിൽ അലിയുമ്പോൾ ഞാൻ ഉവ്വെന്ന് പറഞ്ഞത് അവൻ കേട്ടുവോ ആവോ. അന്ന് ശിവന്റെ പാതി ശക്‌തിയുടെ, ശക്‌തിയുടെ പാതി ശിവനും ആയിച്ചേരുകയായിരുന്നു !
-സ്നേഹപൂർവ്വം മാളവിക


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo